Thursday, April 20, 2017

മുയല്‍കടക്കാ വേലി (റാബിറ്റ് പ്രൂഫ് ഫെന്‍സ്)


ലോകത്തിലെ പലരാജ്യങ്ങളിലേയും ജനങ്ങള്‍ പലപ്പോഴും ഒറ്റയ്ക്കും കൂട്ടമായും മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ക്കാറുണ്ട്. പ്രകൃത്യാലുള്ളതും ബാഹ്യവും ആഭ്യന്തരവുമായ മറ്റുപല കാരണങ്ങലാലുമാണ് ജനങ്ങള്‍ക്ക് തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടും പരിസരവുമുപേക്ഷിച്ച് അന്യരാജ്യങ്ങളിലേയ്ക്ക് ചേക്കേറേണ്ടിവരുന്നത്. ചിലപ്പോഴൊക്കെ ആ കുടിയേറ്റം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്ക് വേണ്ടിയുമാവും. പ്രകൃതി ദുരന്തങ്ങള്‍, ആഭ്യന്തരയുദ്ധങ്ങള്‍, പട്ടിണി, സാമ്പത്തികാസന്തുലിതാവസ്ഥ, സ്വാതന്ത്ര്യമില്ലായ്മ, ഭരണകൂടചെയ്തികള്‍ തുടങ്ങിയ പലകാരണങ്ങളാലും പലായനങ്ങളും കുടിയേറ്റവും നടക്കുന്നുണ്ട്. പലപ്പോഴും ഇപ്രകാരമുള്ള പലായനങ്ങളില്‍ മനുഷ്യര്‍ അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി ഒരുവിധമുള്ള എല്ലാ സ്വത്തുവഹകളുമായിട്ടായിരിക്കും യാത്രചെയ്യുക. പുതിയ ഒരു സ്ഥലത്ത് ചെന്നുചേരുകയും പതിയെപ്പതിയേ ആ സ്ഥലത്തെ കാലാവസ്ഥയുമായും ജീവിതരീതികളുമായും ഇഴുകിച്ചേര്‍ന്ന്‍ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു. ചില കുടിയേറ്റങ്ങള്‍ കയ്യടക്കല്‍ കൂടി ഉദ്ദേശിച്ചുള്ളതാണ്. ദുര്‍ബലനുമേല്‍ ശക്തന്‍ അധീശത്വം നേടുന്നത്. അപ്രകാരം നടന്ന ഒരു കുടിയേറ്റത്തിന്റെ ഫലമായി ഒരു ഭൂഖണ്ഡം നേരിട്ട കൊടിയൊരു ദുരന്തത്തെക്കുറിക്കുന്നതാണീ ചെറുകുറിപ്പ്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വക്താക്കളായിരുന്ന ബ്രിട്ടീഷുകാര്‍ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുകയും പതിയെപ്പതിയെ അവിടത്തെ ഭരണം കയ്യാളി ഒടുവില്‍ തങ്ങളുടെ അധീനതയിലാക്കിമാറ്റുകയും ചെയ്തിരുന്നു. അപ്രകാരം കീഴടക്കുന്ന ഓരോ രാജ്യത്തേയും സമ്പത്ത്‍ കൊള്ളയടിക്കുവാനും ഏറ്റവും മികച്ച സുഖസൌകര്യങ്ങള്‍ സ്വന്തമാക്കി വച്ചനുഭവിക്കുവാനും അവര്‍ അല്പ്പവും മടികാട്ടിയിരുന്നില്ല. തങ്ങള്‍ കീഴടക്കിയ രാജ്യങ്ങളെ വെറും കോളനികളായും അവിടത്തെ ജനങ്ങളെ അടിമകളുമായാണ് ബ്രിട്ടീഷുകാര്‍ കരുതിയിരുന്നത്. അപ്രകാരം ബ്രിട്ടീഷുകാര്‍ കോളനിയാക്കിയ ഒരു ഭൂഖണ്ഡമായിരുന്നു ഓസ്ട്രേലിയ. തങ്ങളുടെ അധീനതയിലുള്ള യുദ്ധക്കുറ്റവാളികളേയും മറ്റു ക്രിമിനലുകളേയുമൊക്കെ ബ്രിട്ടണ്‍ പാര്‍പ്പിച്ചിരുന്നത് അവരുടെ തന്നെ കോളനികളിലായിരുന്നു. ആദ്യകാലങ്ങളില്‍ കുറ്റവാളികളെ കടത്തിയിരുന്നത് നോര്‍ത്ത് അമേരിക്കയിലേക്കായിരുന്നു. അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സ്വാതത്ര്യപ്പോരാട്ടങ്ങളുടെ ഫലമായി 1783 ല്‍ അമേരിക്ക ബ്രിട്ടന്റെ കോളനിവാഴ്ചകളില്‍ നിന്നും മോചനം നേടുകയും പിന്നീട് ബ്രിട്ടന്റെ കുറ്റവാളികളെ നോര്‍ത്തമേരിക്കന്‍ പ്രദേശങ്ങളില്‍ പാര്‍പ്പിക്കുന്നതിനു എതിര്‍പ്പുയര്‍ത്തുകയും ചെയ്തു. അതോടെ തങ്ങളുടെ കുറ്റവാളികളെ പാര്‍പ്പിക്കാനോ നാടുകടത്താനോ മറ്റു കോളനികള്‍ ഏതെങ്കിലും കണ്ടെത്തുക ബ്രിട്ടന്റെ ആവശ്യമായിത്തീര്‍ന്നു. അങ്ങിനെയാണ് പുതിയൊരിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 1787 മേയ് മൂന്നാം തീയതി 1500 ഓളം കുറ്റവാളികളും ഒപ്പം നാവികോദ്യോഗസ്ഥരും മറ്റുപല ആള്‍ക്കാരും ഒക്കെയായി ദ ഫസ്റ്റ് ഫ്ലീറ്റ് എന്ന്‍ നാമകരണം ചെയ്യപ്പെട്ട ദൌത്യസംഘം യാത്രയാരംഭിച്ചത്. 11 ഓളം കപ്പലുകള്‍ ഉള്‍പ്പെട്ട ഈ സംഘം ഏകദേശം 250 ദിവസങ്ങളില്‍ക്കൂടുതല്‍ സഞ്ചരിച്ച് 1788 ജാനുവരി 20നു ഓസ്ട്രേലിയയില്‍ എത്തിച്ചേര്‍ന്നു. തദ്ദേശിയരായ ആള്‍ക്കാരെ അതിവേഗം കീഴ്പ്പെടുത്തിയ സംഘം അങ്ങിനെ ഓസ്ട്രേലിയയെ തങ്ങളുടെ കോളനിയാക്കിമാറ്റി.

അങ്ങനെ 1788 ല്‍ ഓസ്ട്രേലിയയില്‍ എത്തിയ ബ്രിട്ടീഷ് വംശജര്‍ക്കും കുറ്റവാളികള്‍ക്കുമൊപ്പം അതിഥികളായി മറ്റൊരു കൂട്ടര്‍ കൂടിയുണ്ടായിരുന്നു. യൂറോപ്പില്‍ ധാരാളമായുള്ള ഒരിനം കാട്ടുമുയലുകളായിരുന്നു അവ. കൃഷിയും ഖനനവും മറ്റു പ്രവര്‍ത്തനങ്ങളുമായി അവിടെ താമസിച്ച ബ്രിട്ടീഷുകാര്‍ ഓസ്ട്രേലിയയെ മറ്റൊരു യൂറോപ്പാക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. തദ്ദേശീയരുടെ എതിര്‍പ്പുകള്‍ക്കൊന്നും യാതൊരു വിലയുമില്ലായിരുന്നുമുയല്കടക്കാ വേലി. ബ്രിട്ടീഷുകാര്‍ അതിവേഗം ഓസ്ട്രേലിയന്‍ മണ്ണില്‍ പച്ചപിടിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം  1859 ല്‍ തെക്കന്‍ ഓസ്ട്രേലിയയില്‍ താമസമാക്കിയിരുന്ന തോമസ് ഓസ്റ്റിന്‍ എന്ന ഇംഗ്ലീഷുകാരന്‍ അല്‍പ്പം മദ്യസേവയൊക്കെ കഴിഞ്ഞു രസിച്ചിരുന്ന സമയത്ത് മൃഗയാവിനോദം ലക്ഷ്യമാക്കി താന്‍ വളര്‍ത്തിയിരുന്ന 24 ഓളം കാട്ടുമുയലുകളെ കൂട്ടില്‍നിന്നു സ്വതന്ത്രമാക്കി പുറത്തുവിട്ടു. എന്നിട്ട് അവയെ വേട്ടയാടി രസിക്കുവാനാരംഭിച്ചു. ഒറ്റനൂറ്റാണ്‍റ്റുകൊണ്‍റ്റ് ഓസ്ട്രേലിയ ഭൂഖണ്ഡവും അതിലെ ജനതയും നേരിട്ട കൊടിയൊരു ദുരന്തത്തിന്റെ ആരംഭമായിരുന്നു അത്. ഓസ്റ്റിന്‍ വിചാരിച്ചതുപോലെ ആ മുയലുകളെ മുഴുവന്‍ വേട്ടയാടി രസിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അക്കൂട്ടത്തില്‍ ചിലമുയലുകള്‍ ഓസ്റ്റിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പുറംലോകത്തെത്തി. രക്ഷപ്പെട്ട ആ മുയലുകള്‍ താമസിയാതെ പെറ്റുപെരുകാനാരംഭിച്ചു. പെറ്റുപെരുകിയ മുയലുകള്‍ ആദ്യം പണിനല്‍കിയത് ഓസ്റ്റിനു തന്നെയായിരുന്നു. അവര്‍ ഓസ്റ്റിന്റെ കൃഷിയിടത്തിലുണ്ടായിരുന്ന മുഴുവന്‍ വിളവുകളും തിന്നു നശിപ്പിച്ചു. യാതൊരുവിധത്തിലും നിയന്ത്രിക്കുവാന്‍ കഴിയാത്തവിധം പെറ്റുപെരുകിയ മുയലുകള്‍ അ പ്രദേശങ്ങളിലുണ്ടായിരുന്ന മുഴുവന്‍ പച്ചപ്പിന്റെ തരികളും തിന്നുതീര്‍ത്തു. കൃഷിയിടങ്ങളിലെ വിളകള്‍, പുല്‍ത്തകിടികള്‍, ചെടികള്‍ എന്നുവേണ്ടാ സകലതും മുയലുകള്‍ ആഹാരമാക്കി. ആഹാരത്തിനു ക്ഷാമം നേരിട്ടതോടെ മുയലുകള്‍ പതിയെ അയല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കാനാരംഭിച്ചു. അഭൂതപൂര്‍വ്വമായ വേഗത്തിലായിരുന്നു മുയലുകളുടെ പെരുപ്പമുണ്ടായത്. എന്തിനേറെപ്പറയുന്നു ചുരുങ്ങിയ സമയം കൊണ്ട് തെക്കന്‍ ഓസ്ട്രേലിയ മുഴുവന്‍ മുയല്‍ ഭീഷണി നേരിടാനാരംഭിച്ചു.

കാട്ടുമുയലുകളെ തിന്നുവാനുള്ള ഇതരജീവികളില്ലാതിരുന്നതും മുയലുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന രോഗാണുക്കളോ രോഗങ്ങളോ ഒന്നുമില്ലാതിരുന്നതും മുയലുകളുടെ വ്യാപനം ത്വരിതഗതിയിലാക്കി. തെക്കന്‍ ഓസ്ട്രേലിയയിലെ മുഴുവന്‍ പച്ചപ്പുകളും കുറ്റിച്ചെടികളും തിന്നുതീര്‍ത്ത് മുന്നേറിയ മുയലുകള്‍ക്ക് മുന്നില്‍  അന്തം വിട്ടുനില്‍ക്കാനേ ഭരണകൂടത്തിനു കഴിഞ്ഞുള്ളൂ .1887 ആയപ്പോള്‍ മുയലുകളുടെ വ്യാപനം തടയുവാന്‍ ഉചിതമായ മാര്‍ഗ്ഗം ഉണ്ടാക്കുന്നവര്‍ക്ക് ന്യൂ സൌത്ത് വെയില്‍സ് ഭരണകൂടം വന്‍തുക സമ്മാനം തന്നെ പ്രഖ്യാപിച്ചു. മാത്രമല്ല സ്ഥിതിഗതികളുടേ ഗുരുതരാവസ്ഥയെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് നല്കുവാനായി‍ 1901 ല്‍ ഒരു റോയല്‍ കമ്മീഷനെ നിയോഗിക്കുകപോലുമുണ്ടായി. പച്ചപ്പുകള്‍ മുഴുവന്‍ മുയലുകള്‍ തിന്നുതീര്‍ത്തുതുടങ്ങിയതോടെ ഓസ്ട്രേലിയയുടെ സന്തുലിതാവസ്ഥ മുഴുവന്‍ താറുമാറാകുകയായിരുന്നു. കുറ്റിച്ചെടികളും പുല്ലുകളും മുഴുവന്‍ പച്ചപ്പും മുയലുകള്‍ക്ക് തീറ്റയായതോടെ ഓരോ പ്രദേശവും ഊഷരമരുഭൂമികളായി മാറി. അതോടെ കാലിവളര്‍ത്തലും ആടുവളര്‍ത്തലും ഒക്കെയായിക്കഴിഞ്ഞിരുന്ന ഓസ്ട്രേലിയന്‍ ജനത ശരിക്കും നട്ടംതിരിയാനാരംഭിച്ചു. ഈ സമയത്ത് കൂനിന്മേല്‍ കുരു എന്നതുപോലെ 1890 കളില്‍ ഓസ്ട്രേലിയയെ ശരിക്കും പിടിച്ചുലച്ചുകൊണ്ട് കടുത്തക്ഷാമവും വരള്‍ച്ചയും കൂടിയുണ്ടായി. കന്നുകാലികള്‍ക്ക് പുല്ലോ മറ്റോ കൊടുക്കാനില്ലാതെ കൃഷിക്കാര്‍ നട്ടം തിരിഞ്ഞു. ഉള്ള പുല്ലും മറ്റും‍ കാട്ടുമുയലുകള്‍ ഭക്ഷണമാക്കിയിരുന്നു. അക്കാലയളവില്‍ ഭക്ഷണമൊന്നും തിന്നാനില്ലാതെ ദശലക്ഷക്കണക്കിനു കന്നുകാലികളാണ് ചത്തൊടുങ്ങിയത്.

തെക്കന്‍ ഓസ്ട്രേലിയയില്‍നിന്നു മുയലുകള്‍ വടക്കന്‍ ഓസ്ട്രേലിയയിലേക്കു കടന്നുകയറാനാരംഭിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. വടക്കന്‍ ഓസ്ട്രേലിയന്‍ ഭരണകൂടം മുയലുകളുടെ വ്യാപനം തടയുന്നതിനായി  ചെറുത്തുനില്‍പ്പാരംഭിച്ചു. പലവിധ പഠനങ്ങള്‍ക്കുംശേഷം തെക്കന്‍ ഓസ്ട്രേലിയയേയും വടക്കന്‍ ഓസ്ട്രേലിയയേയും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു വലിയ വേലിനിര്‍മ്മിക്കാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നു. അങ്ങനെ 1901 ല്‍ വേലി നിര്‍മ്മാണമാരംഭിച്ചു.  അരമീറ്ററില്‍ കൂടുതല്‍ ഭൂമിക്കടിയിലായും ഏകദേശം ഒരു മീറ്ററോളം ഉയരത്തില്‍ ഭൂമിക്ക് മുകളിലായുമായിരുന്നു വേലി നിര്‍മ്മാണം. സ്വകാര്യമേഖലയില്‍ നിര്‍മ്മാണമാരംഭിച്ച ഈ വേലിനിര്‍മ്മാണം 1904 ആയപ്പോഴേക്കും ഓസ്ട്രേലിയന്‍ പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. 1907ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ വേലി മുയല്‍കടക്കാ വേലി(റാബിറ്റ് പ്രൂഫ് ഫെന്‍സ്) എന്നറിയപ്പെടുന്നു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തെക്കുനിന്നും വടക്കുഭാഗം വരെ നീളുന്ന മൂന്നു ശാഖകളുള്ള ഈ വേലിക്ക് മൂവായിരത്തില്‍ കൂടുതല്‍ കിലോമീറ്ററുകള്‍ നീളമുണ്ട്. മൂന്നു ഭാഗങ്ങലായിട്ടാണ് ഈ വേലി നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഭാഗം ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള തകര്‍ക്കപ്പെടാത്ത വേലിയെന വിശേഷണമുള്ളതാണ്. മാത്രമല്ല ബഹിരാകാശത്തു നിന്നുപോലും ഇത് കാണാനാകുമെന്ന്‍ പറയപെപ്ടുന്നു.

എന്നാല്‍ ഈ വേലിനിര്‍മ്മാണം മുയലുകളുടെ വ്യാപനം തടയാന്‍ യഥാര്‍ത്ഥത്തില്‍ പര്യാപ്തമായിരുന്നില്ല. വേലിനിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനുമുന്നേതന്നെ മുയലുകളില്‍ കുറച്ചധികം തെക്കുനിന്നും വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് കുടിയേറികക്ഴിഞ്ഞിരുന്നു. അവിറ്റേയും അവ പെറ്റുപെരുകുവാനും തങ്ങളുടെ വിക്രിയകള്‍ ആരംഭിക്കുവാനും തുടങ്ങി. സഹികെട്ട ഓസ്ട്രേലിയ ഗവണ്മെന്റ് കടുത്ത നടപടിതന്നെ കൈക്കൊണ്ടു. 1950 കളില്‍ അവര്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത മിക്സോമാ എന്ന മാരക വൈറസ് മുയലുകള്‍ക്ക് നേരേ പ്രയോഗിച്ചു. അതോടെ ഓസ്ടേലിയയെ താറുമാറാക്കിയ കാട്ടുമുയലുകളില്‍ ഏകദേശം തൊണ്ണൂറ്റൊമ്പത് ശതമാനവും നശിച്ചു.

ഈ സംഭവത്തെ ആധാരമാക്കി 2002 ല്‍ റാബിറ്റ് പ്രൂഫ് ഫെന്‍സ് എന്ന ഹൃദയഹാരിയായൊരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് - വിക്കീപീഡിയ, കുറിഞ്ഞി ഓണ്ലൈന്‍ ബ്ലോഗ്)

ശ്രീക്കുട്ടന്‍

Monday, December 19, 2016

ഓണ്‍ലൈന്‍ സാഹിത്യകാരനുമായൊരു അഭിമുഖം

"നമസ്ക്കാരം സര്‍, ഞങ്ങളുടെ ഗ്രൂപ്പിലെ ഈ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുവാന്‍ തയ്യാറായ താങ്കളോട് ഞങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഗ്രൂപ്പിന്റെ പേരിലും വായനക്കാരുടെ പേരിലും ആദ്യമേ നന്ദി അറിയിക്കുന്നു. ആയിരക്കണക്കിനു വരുന്ന വായനക്കാര്‍ താങ്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് അക്ഷമരായി കാത്തിരിക്കുന്നുമുണ്ട്. അവരെയാരെയും താങ്കള്‍ നിരാശരാക്കില്ല എന്ന്‍ പ്രതീക്ഷിക്കട്ടെ"

"തീര്‍ച്ചയായും. ഞാന്‍ ഒരിക്കലും ഒരഹങ്കാരിയല്ല. എല്ലാവരേയും സ്നേഹത്തോടെ കാണുവാന്‍,സംസാരിക്കുവാന്‍, അടുത്തറിയുവാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. ഒരു തുറന്ന പുസ്തകമാണ് ഞാന്‍. ഞാന്‍ വലിയവാനാണെന്ന്‍ ഒരിക്കലും കരുതുന്നില്ല. ബാക്കിയെല്ലാവരും ചെറിയവരാണെന്നും.​‍"

"താങ്കള്‍ എങ്ങിനെയാണ് എഴുത്തിന്റെ ലോകത്ത് എത്തപ്പെട്ടത്. പ്രത്യേകിച്ചും ഓണ്‍ ലൈന്‍ സാഹിത്യമേഖലയില്‍?"

"അതിനെക്കുറിച്ച് പറയുവാണെങ്കില്‍ വളരെപ്പറയാനുണ്ട്. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ പുസ്തകങ്ങളോടും കഥകളോടും എല്ലാം വളരെയേറേ താല്‍പ്പര്യപ്പെട്ടിരുന്നു. അച്ഛന്‍ എനിക്ക് മിഠായികള്‍ക്കുപകരം ബാലരമയും ബാലമംഗളവും പൂമ്പാറ്റയുമൊക്കെ വാങ്ങിക്കൊണ്ട് തരും. കുട്ടൂസനും ഡാകിനിയും ഡിങ്കനും മായാവീം. ഹൊ എന്നാ രസമായിരുന്നു അന്നൊക്കെ. ഒറ്റയിരുപ്പിനു ആ കഥകളൊക്കെ വായിച്ച് രസിച്ചിരുന്ന ഞാന്‍ അതിന്റെ അടുത്ത ലക്കത്തിനായി കാത്തിരിക്കുമായിരുന്നു. സമയത്ത് അവ കിട്ടിയില്ലെങ്കില്‍ നെഞ്ചത്തടിച്ചു നിലവിളിക്കുമായിരുന്നെന്ന്‍ അമ്മയും മറ്റും ഇപ്പോഴും പറയാറുണ്ട്. വലുതാകുമ്പോള്‍ ആള്‍ക്കാരെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതരാക്കുന്ന കഥകളും മറ്റുമൊക്കെയെഴുതണമെന്ന്‍ കുട്ടിയിലേ ഞാന്‍ തീരുമാനിച്ചിരുന്നു. വലുതായപ്പോള്‍ ഞാന്‍ എഴുതിതുടങ്ങി. നിരവധി കഥകളും ലേഖനങ്ങളും കവിതകളും ഞാനെഴുതി. അതും നൂറുകണക്കിനു. ഞാനവയെല്ലാം പല പല പത്രമാപ്പീസുകളിലയച്ച് കാത്തിരുന്നു. പക്ഷേ ഒന്നും അച്ചടിച്ചു വന്നില്ല. അല്ലെങ്കിലും മൂല്യമുള്ളത് ഒന്നും അവര്‍ക്ക് പറഞ്ഞിട്ടില്ലല്ലോ. അങ്ങിനെ ഭഗ്നാശനായിക്കഴിയവേയാണ് ഒരു സുഹൃത്ത് ഫേസ് ബുക്കിനെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചും ഒക്കെ എന്നോട് പറയുന്നത്. തപ്പിപ്പിടിച്ച് എത്തിയപ്പോള്‍ സംഗതി ശരിയാണ്. എന്നെപ്പോലെ എത്രയെത്ര എഴുത്തുകാര്‍. പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ ആയിരക്കണക്കിനാരാധകരും ദിനേന നൂറുകണക്കിനു മെയിലുകളും കമന്റുകളും ലൈക്കുകളും ഷെയറുകളും. ഹൊ നിന്നു തിരിയാന്‍ സമയമില്ല"

"ഏതുതരം എഴുത്തുകളാണു താങ്കള്‍ എഴുതുന്നത്?"

"കഥകളുടെ മേഖലയിലാണു എന്റെ സംഭാവന കൂടുതലുമുള്ളത്. പിന്നെ ഹൃദയം ദ്രവീകരിക്കപ്പെടുന്ന കവിതകളും"

"കഥകളെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണു. അതേ പോലെ തന്നെ കവിതകളും?"

"കഥകള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാവണം. വായിച്ചാല്‍ എളുപ്പം മനസ്സിലാകുന്നതാകണം. കഥാപാത്രങ്ങള്‍ നമ്മെ സങ്കടപ്പെടുത്തണം. വായനക്കാരന്‍ വായിച്ചുകഴിഞ്ഞ് കണ്ണീര്‍വാര്‍ക്കുകയോ പൊട്ടിച്ചിരിക്കുകയോ നെടുവീര്‍പ്പിടുകയോ ചെയ്യുമ്പോള്‍ മാത്രമാണ് ആ കഥ നല്ല കഥയാവുന്നതാണെന്നാണ് എന്റെ അഭിപ്രായം. ഞാനെഴുതിയ പല കഥകളും പിന്നീട് വായിച്ച് ഞാന്‍ തന്നെ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്. എത്ര രസകരമായ കഥകളാണവ. അപ്പോള്‍ ഞാന്‍ എഴുത്തുകാരനല്ല മറിച്ചൊരു വായനക്കാരനാണു. അതൊന്നും വായിച്ച് നല്ല അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ കൂപമണ്ഡൂകങ്ങള്‍ മാത്രമാണ്. അവര്‍ക്കൊന്നും ജീവിതത്തില്‍ ഒരു നല്ല കഥ ആസ്വദിക്കാനും കഴിയില്ല. കവിതകള്‍ പ്രസിവിച്ചു വീണ കുഞ്ഞുങ്ങലെപ്പോലാണ്. നോക്കി നോക്കി കൊതിയൂറണം. കവിതകള്‍ ഒറ്റവായനയില്‍ വായനക്കാരനു പിടികൊടുക്കരുത്. എന്താണു എഴുതിയിരിക്കുന്നതെന്ന്‍ ആലോചിച്ചു വായനക്കാരന്‍ നക്ഷത്രമെണ്ണണം. അപ്പോഴേ കവിത ഹിറ്റാവൂ"

"അപ്രകാരം വന്‍ ഹിറ്റായ കവിതകള്‍ ഏതെങ്കിലും"?

"കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ ഞാന്‍ ഒരു പ്രശസ്ത ഗ്രൂപ്പില്‍ ഏകപട എന്ന പേരില്‍  ഒരു കവിതയെഴുതി. അവിടെ കുത്തിട്ടിട്ടില്ല, മറ്റേടത്ത് വള്ളിയിട്ടിട്ടില്ല എന്നൊക്കെ പറഞ്ഞു വിമര്‍ശിക്കാന്‍ വരുന്ന വിമര്‍ശകന്മാരൊക്കെ ആ കവിതയ്ക്ക് കണ്ടെത്തിയ അര്‍ത്ഥങ്ങള്‍. ഗര്‍ഭഗൃഹത്തിലേയ്ക് ഊളിയിട്ട വെള്ളിപ്പാത്രമെന്നൊക്കെ ചിലര്‍ വച്ചുകീറുന്നുണ്ടായിരുന്നു. അല്‍പ്പം കള്ളടിച്ചു കിക്കായപ്പൊള്‍ ഒരു സ്റ്റീല്‍ മൊന്ത പടിക്കെട്ടില്‍ മറിഞ്ഞുവീണത് കണ്ട് എന്തോ അന്തോം കുന്തോമില്ലാതെ നാലു വരി തട്ടിക്കൂട്ടിയതായിരുന്നു അത്. ഭാഗ്യത്തിനു ആരാധകന്മാരെല്ലാം കൂടി അതങ്ങ് ഹിറ്റാക്കിത്തന്നു"

"താങ്കള്‍ പൊതുവേ മറ്റുള്ളവരെ ആക്ഷേപിച്ചു സംസാരിക്കാറുണ്ട് എന്നൊരു പറച്ചില്‍ പലയിടത്തുനിന്നും കേട്ടിട്ടുണ്ട്. എന്തെങ്കിലും വാസ്തവമുണ്ടോ അതില്‍?"

"ഏതു നാറിയാണതു പറഞ്ഞത്. എനിക്കൊരുത്തന്റേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നെ അറിയുന്ന പതിനായിരക്കണക്കിനു വായനക്കാരുണ്ട്. അവരാണെന്റെ ശക്തി"

"താങ്കളുടെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച ഗ്രൂപ്പേതാണ്. ഇന്നുള്ളതില്‍ വച്ച് ഏറ്റവും മികച്ച എഴുത്തുകാരന്‍ ആരാണ്?"

"ഇത്തരം ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എല്ലാവരും കരുതും തങ്ങളുടേതാണ് മികച്ച ഗ്രൂപ്പെന്ന്‍. എല്ലാ ഗ്രൂപ്പിലും ഒരേ ആള്‍ക്കാര്‍ തന്നെ. പരസ്പ്പരം തച്ചിനിരുന്ന്‍ സുഖിപ്പിക്കുക. അങ്ങയുടെ കരസ്പര്‍ശത്താല്‍ എന്റെ രചന ധന്യമായി, താങ്കളുടെ പാദാരവിന്ദങ്ങളില്‍ ഞാനൊന്നു ചുംബിച്ചോട്ടെ എന്നൊക്കെ വച്ചുകീറി സ്വയം തൃപ്തിയടയുന്ന ആള്‍ക്കാര്‍. എഴുത്തുകളില്‍ വല്ല ചുക്കോ ചുണ്ണാമ്പോ ഉണ്ടെങ്കിലും വേണ്ടൂല.  സത്യത്തില്‍ ഞാന്‍ ഇതെ പോലുള്ള ഒരു പോസ്റ്റുപോലും ഇന്നേവരെ മുഴുവനായിട്ടും വായിച്ചിട്ടില്ല. ചവറുകള്‍"

"പല പോസ്റ്റിലും താങ്കള്‍ അതിഗംഭീരമായിരിക്കുന്നു, മന‍സ്സിനെ പിടിച്ചുകുലുക്കി എന്നൊക്കെ കമ്ന്റിട്ടതായി കണ്ടിട്ടുണ്ട്. പോസ്റ്റ് മുഴുവന്‍ വായിച്ചു നോക്കാതെ എങ്ങിനെ...?"

"ഹ..ഹാ..ഗുഡ് ക്വസ്റ്റ്യന്‍. ഇതു പുറത്തുവിട്ടാല്‍ കഥ കഴിയും. എന്നിരുന്നാലും ചോദിച്ചതുകൊണ്ട് പറയാം. ചെലവമ്മാരെഴുതിവച്ചിരിക്കുന്നത് വായിച്ചാ പെറ്റ തള്ള സഹിക്കൂല്ല. ഇനിയത് വായിച്ചേച്ച് പൊളിയെന്നെങ്ങാനുമൊരു കമന്റെഴുതിയാപ്പിന്നെ അവനെന്റെ പോസ്റ്റിലോട്ട് തിരിഞ്ഞു നോക്കുമോ. അങ്ങോട്ട് കൊടുത്താലല്ലേ ഇങ്ങോട്ടും കിട്ടൂ. അപ്പോള്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ നടത്തിയേ മതിയാവൂ. ഇത് ചുമ്മാ നമ്മള്‍ എന്റെ മനസ്സു നിറഞ്ഞു, അതിഗംഭീരമായിരിക്കുന്നു, സൂപ്പര്‍ എന്നൊക്കെ ചില റെഡിമെയ്ഡ് സാധനങ്ങള്‍ ഒണ്ടാക്കി സേവു ചെയ്തു വച്ചിട്ടൊണ്ട്. ജസ്റ്റ് കോപ്പി പേസ്റ്റ്. അത്ര തന്നെ. പക്ഷേ ഒരു കാര്യമുള്ളതെന്താണെന്നു വച്ചാല്‍ പോസ്റ്റിന്റെ ആദ്യത്തെ ഒരു പാരയെങ്കിലും മിനിമം വായിച്ചുനോക്കണം. ചെലപ്പം വല്ല ചരമമറിയിപ്പുമാണ് പോസ്റ്റിലെങ്കില്‍ ഊ....പോകുകയേയുള്ളൂ"

"പുലികളായിട്ടുള്ളവര്‍ പുതുമുഖങ്ങളെ ഒരു വിധത്തിലും സഹായിക്കുന്നില്ല എന്നൊരാരോപണം നിലവിലുണ്ടല്ലോ. അതിനെക്കുറിച്ചെന്താണു പറയാനുള്ളത്?"

"എന്റെ പൊന്നു ചങ്ങാതീ. എന്തു പുലികള്‍. എന്തുപുതുമുഖം. പോസ്റ്റുകള്‍ എഴുതിതുടങ്ങുന്ന സമയം എല്ലാപേരും പുതുമുഖങ്ങളല്ലായിരുന്നോ. കൊറച്ചു നാളുകഴിഞ്ഞപ്പം അവരെങ്ങിനെ പുലികളായി. ഞാന്‍ എഴുതിതുടങ്ങീട്ട് മൂന്നുകൊല്ലമായി. അങ്ങിനെയാണെങ്കില്‍ ഞാന്‍ ഇപ്പോഴൊരു പുള്ളിപ്പുലിയെങ്കിലുമാവണ്ടേ. ചിലര്‍ സൂപ്പര്‍സ്റ്റാറുകളെപ്പോലെ ഫാന്‍സുകളെയുണ്ടാക്കിവച്ചിട്ടുണ്ട്. അവര് ഇന്നു ചെലപ്പം പുലീന്നും രണ്ടുദിവസം കഴിഞ്ഞ് കഴുതപ്പുലീന്നും ഒക്കെ വിളിക്കും. നമ്മളിതെത്ര കേട്ടതാ. എല്ലാവരോടും ഒരു സാ മട്ടില്‍ നിന്നാല്‍ ഇവിടെ ജീവിച്ചു പോവാം. ഇല്ലെങ്കി നാറ്റി നാമാവശേഷമാക്കിക്കളയും."

"എഴുതുവാന്‍ ഏറ്റവും എളുപ്പം എന്താണ്? കഥകളാണോ കവിതകളാണോ അതോ ലേഖനങ്ങളോ?"

"ഏതു സാധനമെഴുതണമെങ്കിലും പാട് തന്നെ. കഥയാണെങ്കില്‍ വായിച്ച് നൂറുനൂറു കുറ്റം പറയാന്‍ ആള്‍ക്കാരുണ്ടാവും. കവിതയാണെങ്കിലോ നമ്മള്‍ സ്വപ്നം പോലും കാണാത്ത അര്‍ഥവിന്യാസങ്ങളുമായി ആള്‍ക്കാരെത്തും. ലേഖനമെഴുതണമെങ്കില്‍ തലക്കകത്ത് അല്‍പ്പം ആളുതാമസവും വേണം. എല്ലാപേരേയും തൃപ്തിപ്പെടുത്തുക എന്നത് അസാധ്യമാണ്. പിന്നെയൊരു സൂത്രപ്പണിയുള്ളത് മിടുക്കമ്മാരെഴുതിവച്ചിരിക്കുന്നതിന്റെ അവിടേം ഇവിടേം നിന്നൊക്കെ ചുരണ്ടി ഒരു ആധുനികനെ സൃഷ്ടിക്കുക. വായിക്കുന്നവന്‍ വട്ടാകുന്നിടത്താണ് ഒരു രചയിതാവിന്റെ മിടുക്ക് പ്രകടമാകേണ്ടത്. ആ രചന വായിച്ച് ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കില്‍ ഉറപ്പിക്കാം അത് സൂപ്പര്‍ഹിറ്റായിരിക്കുമെന്ന്‍. വായിച്ചത് മനസ്സിലായില്ല എന്നു തുറന്നുപറയുവാന്‍ എല്ലാവരും മടിയ്ക്കും. അപ്പോള്‍ എന്തോചെയ്യും. ഘടാഘടിയന്‍ അഭിപ്രായങ്ങള്‍ നിറയും. മുമ്പേ ഗമിക്കുന്നവരുടെ പുറകേ പിമ്പേ വരുന്നവരും ഗമിക്കും എന്ന സാമാന്യതത്വമനുസരിച്ച് ഒരു ഹിറ്റ് രചനയുമുണ്ടാവും"

"നല്ല ബുദ്ധിജീവികളായ ആള്‍ക്കാര്‍ പല രചനകളിലും അഭിപ്രായങ്ങള്‍ പറയുകയും അവയില്‍ പലതും വിവാദങ്ങളാകുകയും ചെയ്യുന്നതിനെ എങ്ങിനെകാണുന്നു?"

"ഊശാന്താടിയും വളര്‍ത്തി കഴുകാത്ത കുപ്പായോമിട്ട് ഒരു നാറികീറിയ സഞ്ചിയും തൂക്കി ചുമ്മാ എവിടേം കേറി എന്തും അഭിപ്രായിക്കുന്ന കുറച്ച് സാഹിത്യവിശാരധമ്മാര്‍ എക്കാലത്തും ഉണ്ട്. അവരൊക്കെ എങ്ങിനെ ബുദ്ധിജീവികളാകുന്നെവെന്ന്‍ എനിക്കറിയില്ല. ഒരു വസ്തുവും നേരേചൊവ്വേ എഴുതാന്‍ പോയിട്ട് നല്ലൊരഭിപ്രായം പോലും പറയാനറിയാത്ത ചിലവമ്മാര്‍ ചുമ്മാ ഏതിലും കേറി എന്തേലുമൊക്കെ തട്ടിവിടും. അവമ്മാരു പറഞ്ഞതെന്താണെന്ന്‍ അവമ്മാരോട് ആരെങ്കിലും തിരിച്ചു ചോദിച്ചാല്‍ കൈ മലര്‍ത്തിക്കാട്ടും. ഏതിനേം കുറ്റം പറയും. നല്ലതെന്നു പറഞ്ഞാല്‍ കുറച്ചിലാണെന്നു വിശ്വസിക്കുന്ന, പെണ്ണുങ്ങളുടെ ഫോട്ടോയോ പേരോ മറ്റോ വച്ച് എന്തേലും പൊട്ടത്തരങ്ങള്‍ എഴുതിവിട്ടാ അത് ലോക ക്ലാസ്സിക്കെന്ന്‍ തട്ടിവിടുന്ന സിമ്പ്ലക്കുട്ടമ്മാരും തൈക്കിളവമ്മാരും. പോകാന്‍ പറ ഈ അഭിനവബുദ്ധിജീവി ജന്തുക്കളോട്"

"താങ്കളുടെ ഏറ്റവും ജനപ്രീതിനേടിയ കൃതി ഏതായിരുന്നു"

"ഞാനെഴുതിയ പത്തുനൂറ്റിനാല്‍പ്പത് കഥകളില്‍ മിക്കതും അങ്ങേയറ്റം നിരൂപകപ്രശംസ പിടിച്ചുപറ്റിയതായിരുന്നു. ചില കഥകള്‍ വായിച്ചിട്ട് എന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് ചിലരെന്നെ വിളിച്ചിട്ടുണ്ട്. ഹോ ഓര്‍ക്കുമ്പോള്‍ തന്നെ. ദേ കൈ കണ്ടോ. രോമാഞ്ചമുണ്ടാകുന്നത്. തീവ്രവാദിയുടെ വാതരോഗം എന്ന എന്റെ കഥ എത്രപേര്‍ ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.അതേപോലെതന്നെ ആലീസിന്റെ ആട്ടിന്‍‍ കുട്ടി, മലഞ്ചെരുവിലെ കൊന്നത്തെങ്ങ്. പറയുവാനാണെങ്കില്‍ ഏറെയുണ്ട്"

"താങ്കള്‍ക്ക് ഏതെങ്കിലും അവാര്‍ഡോ മറ്റോ കിട്ടിയിട്ടുണ്ടോ"

"ഏറ്റവും മികച്ച എഴുത്തുകാരനുള്ള കുഴിയില്‍ പാറുവമ്മയുടെ പേരിലുള്ള അവാര്‍ഡ് എനിക്കല്ലായിരുന്നോ. അതേപോലെ തന്നെ മാണിക്കപ്പഞ്ചായത്തു വകയായുള്ള സാംസ്ക്കാരികനായക പദവി, കേരള സാഹിത്യവിശാരദ അവാര്‍ഡ്. പറയാനാണെങ്കില്‍ ഒരുപാടുണ്ടെന്നേ. സത്യം പറഞ്ഞാല്‍ ഞാനിപ്പോള്‍ അവാര്‍ഡുകള്‍ എന്നു കേട്ടാലേ വെറുത്തുതുടങ്ങിയിരിക്കുന്നു. വീട്ടിലെ ഷോക്കേസിലാണെങ്കില്‍ സ്ഥലവും തീര്‍ന്നിരിക്കുന്നു. സത്യത്തില്‍ അവാര്‍ഡിന്റെ തിളക്കത്തിലൊന്നും ഞാന്‍ മയങ്ങാറില്ല. എന്നാല്‍ അര്‍ഹതപ്പെട്ടവനു തരുമ്പോള്‍ വാങ്ങാതിരിക്കുന്നതെങ്ങിനെയെന്നോര്‍ത്ത് മാത്രം വാങ്ങുന്നതാണവയൊക്കെ"

"താങ്കള്‍ എഴുതാനാഗ്രഹിക്കുന്ന ഒരു കഥ അല്ലെങ്കില്‍ താങ്കളുടെ മനസ്സിലുള്ള ഒരു പുരാണകഥാപാത്രം. അതിനെക്കുറിച്ചു രണ്ടു വാക്ക്"

"മഹാഭാരതം ഒന്നുടച്ചുവാര്‍ക്കണമെന്നാണെന്റെ ആഗ്രഹം. ദുശ്ശാസനനെ ഒരു പ്രത്യേക രീതിയില്‍ അവതരിപ്പിക്കുകയാണെന്റെ വല്യ ആഗ്രഹം. ഉടനേയതു നടക്കും"

"ഇത്രയും നേരം ഞങ്ങളോടൊപ്പമിരുന്ന്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ താങ്കള്‍ക്ക് നന്ദി അറിയിച്ചുകൊള്ളുന്നു. ഒപ്പം തന്നെ അവസാനമായി താങ്കള്‍ക്കെന്താണു വായനക്കാരൊടായി പറയാനുള്ളത്"

"എല്ലാപേരും സ്വന്തമായി വല്ലോമെഴുതുവാന്‍ നോക്കുക. പരസ്പരം പാരവയ്ക്കേം ചെളിവാരിയെറിയുകയും ചെയ്യാതിരിക്കുക. നല്ല നല്ല കഥകളേം കവിതകളേം പ്രോത്സാഹിപ്പിക്കുക. എന്റെ കഥകള്‍ പരമാവധി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഇത്രയൊക്കെത്തന്നെ പറയാനുള്ളത്.

എല്ലാവര്‍ക്കും എന്റെ നന്ദി നമസ്ക്കാരം..."

ശ്രീക്കുട്ടന്‍