Saturday, November 13, 2010

രാത്രിവണ്ടി

ബസ്സിനുള്ളിലെ മങ്ങിയ വെളിച്ചത്തില്‍ അയാള്‍ മാത്രം ഉറങ്ങാതെ സീറ്റിലേയ്ക്കു ചാരിയിരുന്നു.സമയം പതിനൊന്നായതേയുള്ളു.പുറപ്പെട്ടിട്ടിപ്പോള്‍ രണ്ടുമൂന്നു മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു.അതുകൊണ്ടാവാം യാത്രക്കാര്‍ പലരും ഉറക്കത്തിലേയ്ക്കു വഴുതി വീണിരിക്കുന്നത്.പുറത്തു നിന്നടിക്കുന്ന തണുത്ത കാറ്റ് അയാള്‍ ആസ്വദിക്കുകയായിരുന്നോ.രണ്ടുമൂന്നുപ്രാവശ്യം പുറകുസീറ്റിലിരിക്കുന്നയാള്‍ വിന്‍ഡൊ കര്‍ട്ടന്‍ താഴ്ത്തിയിടാന്‍ പറഞ്ഞതാണ്.ആര് കേള്‍ക്കാന്‍.അല്ലെങ്കിലും മറ്റുള്ളവരുടെ വാക്കുകള്‍ ഒരിക്കലും അയാള്‍ ചെവിക്കൊണ്ടിരുന്നില്ലല്ലോ.ഒരു സിഗററ്റ് വലിക്കണമെന്നു അയാള്‍ക്കുണ്ടായിരുന്നു.പക്ഷേ എന്തുകൊണ്ടോ ആ അഗ്രഹം അയാളടക്കി.

കുറച്ചുസമയത്തിനുള്ളില്‍ ബസ്സ് ഒരു ഡിപ്പോയില്‍ നിര്‍ത്തി. അയാള്‍ പുറത്തെ കാഴ്ചകളിലേയ്ക്ക് ഒന്നു ഊളിയിട്ടു നോക്കി.വലിയ തിരക്കൊന്നുമില്ല.രാത്രിവണ്ടിക്കു പോകാനുള്ള കുറച്ചുപേര്‍ വെയിറ്റിങ് ഷെഡ്ഡിലിരിക്കുന്നുണ്ട്.തങ്ങളുടെ യാത്രക്കാരേയും പ്രതീക്ഷിച്ച് ടാക്സിക്കാര്‍ ബസ്റ്റാന്‍ഡിലേയ്ക്കു കണ്ണും നട്ട് അവരവരുടെ വാഹനങ്ങളില്‍ ചാരിനില്‍ക്കുന്നു.കപ്പലണ്ടിയോ മറ്റോ വില്‍ക്കുന്ന ഒരുവന്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.അടക്കിനിര്‍ത്തിയിരുന്ന മൂത്രശങ്ക ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അയാള്‍ പുറത്തേയ്ക്കിറങ്ങുവാന്‍ തീരുമാനിച്ചു.ഒരു രൂപ കൊടുത്ത് മൂത്രപ്പുരയ്ക്കുള്ളില്‍ കയറിയ അയാള്‍ അവിടത്തെ വൃത്തികണ്ട് മൂക്കും പൊത്തി പുറത്തേയ്ക്ക് തിരിച്ചിറങ്ങി.കാശുവാങ്ങിക്കാനിരിക്കുന്ന ചെക്കന്‍ അയാളെ നോക്കി അളിഞ്ഞ ഒരു ചിരി ചിരിച്ചു.മനസ്സില്‍ ഉദിച്ചുയര്‍ന്ന തെറിവാക്ക് വിഴുങ്ങിക്കൊണ്ട് അയാള്‍ ബസ്സ്റ്റാന്‍ഡിനു പുറകുവശത്തെ കാടുപിടിച്ച ഭാഗത്തേയ്ക്കു നടന്നു.അസഹ്യമായ മണം അവിടേയുമുണ്ടായിരുന്നു.ദൂരെ ഇരുട്ടിലായി ആരുടേയോ നിഴലുകള്‍ അനങ്ങുന്നത് അയാള്‍ക്കു കാണാമായിരുന്നു.അടക്കിപ്പിടിച്ച ചില ശബ്ദങ്ങളും.ഇരുട്ടിന്റെ സദാചാരക്കാരെക്കുറിച്ച് മനസ്സിലോര്‍ത്തപ്പോള്‍ അയാളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു.

തിരികെ വന്നു പെട്ടിക്കടയില്‍ നിന്നും ഒരു സിഗററ്റ് വാങ്ങിക്കൊളുത്തിയിട്ട് അയാള്‍ അത് ആസ്വദിച്ചുവലിച്ചു.തണുപ്പിന് ഒരു ചെറിയ ശമനം കിട്ടുന്നുണ്ട്.കാന്റീനില്‍ നിന്നും ചായകുടിയും മറ്റും കഴിഞ്ഞ് ഡ്രൈവറും കണ്ടക്ടറും നടന്നുവരുന്നത് കണ്ട് അയാള്‍ ഒരിക്കല്‍ക്കൂടി സിഗററ്റ്പുക ഉള്ളിലേയ്ക്ക് വലിച്ചെടുത്തിട്ട് അത് വലിച്ചെറിഞ്ഞുകൊണ്ട് ബസ്സിലേയ്ക്കു കയറി.തന്റെ സീറ്റില്‍ ചാരിയിരിക്കുന്ന സ്ത്രീയെ അയാള്‍ തുറിച്ചുനോക്കി.

"ഇതെന്റെ സീറ്റാണ്"

മുഷിച്ചിലോടെ അയാള്‍ പരുഷമായി പറഞ്ഞതുകേട്ട് ആ സ്ത്രീ ക്ഷമാപണം ചെയ്തിട്ട് സൈഡ് സീറ്റില്‍ നിന്നും എഴുന്നേറ്റു.തന്റെ സീറ്റിലേക്കയാളിരുന്നപ്പോള്‍ അടുത്തുതന്നെ അവരുമിരുന്നു.

തന്റെ തൊട്ടടുത്തിരിക്കുന്ന ആ സ്ത്രീ ഒരു അധികപ്പറ്റായി അയാള്‍ക്കു തോന്നി.ആരായിരിക്കുമിവര്‍.എന്തു നാശമ്പിടിക്കാനാണ് ഈ പാതിരാത്രി ഇവര്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്.തന്റെ ഏകാന്തത നശിപ്പിക്കുവാന്‍ വന്ന അവരെ അയാള്‍ കഠിനമായി വെറുത്തു.

"ആ ജനാലയൊന്നട്യ്ക്കാമോ"

ആകെ മുഷിച്ചിലോടെ കണ്ണുമടച്ചിരുന്ന അയാള്‍‍ ആ വാക്കുകള്‍ കേട്ട് കണ്ണുതുറന്നവരെ നോക്കി.തണുപ്പേറ്റ് അവരാകെ വല്ലാതായതുപോലെ അയാള്‍‍ക്കു തോന്നി.വണ്ടി ചുരം കയറുകയാണ് ഇഷ്ടമില്ലാതിരുന്നിട്ടും അയാള്‍ ജനാലക്കര്‍ട്ടന്‍ താഴ്ത്തിയിട്ടു.തന്റെ തൊട്ടടുത്തിരിയ്ക്കുന്ന ആ സ്ത്രീയെ അയാള്‍ ഒന്നു സൂക്ഷിച്ചുനോക്കി.പത്തമ്പതു വയസ്സുകാണും.തലയില്‍ ഒന്നുരണ്ടിടത്ത് വെള്ളികമ്പി കെട്ടിയതുപോലെ നരവീണിട്ടുണ്ട്.ഒരു കുലീനത്വമുള്ള മുഖം.അവര്‍ എന്തൊ വലിയ വിഷമമനുഭവിക്കുന്നതുപോലെ അയാള്‍ക്കു തോന്നി.കയ്യിലുള്ള പ്ലാസ്റ്റിക് പൊതി അവര്‍ ഭദ്രമായി പിടിച്ചിട്ടുണ്ട്.

"നിങ്ങളെവിടേയ്ക്കാ"

മൌനം ഭഞ്ജിച്ചുകൊണ്ട് അയാള്‍ അവരോടു ചോദിച്ചു.

അവര്‍ പറഞ്ഞ പേര് അയാള്‍ മുമ്പുകേട്ടിട്ടുണ്ടായിരുന്നില്ല.ഏതോ ഉള്‍നാടന്‍ ഗ്രാമമാണ്.ആദ്യം അവരോടു തോന്നിയ വെറുപ്പ് കുറഞ്ഞതുപോലെ അയാള്‍ക്കുതോന്നി.അവരോട് അയാള്‍ എന്തെല്ലാമൊ ചോദിച്ചുകൊണ്ടിരുന്നു.അവര്‍ പലപ്പോഴും മറുപടികള്‍ മൂളലിലൊതുക്കി.അങ്ങ് പട്ടണത്തില്‍ വലിയൊരു വ്യവസായിയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്നവരാണവരെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് അത്ഭുതം തോന്നി.ഇവര്‍ക്കു മക്കളൊന്നുമുണ്ടായിരിക്കില്ലേ.അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഇങ്ങിനെ വീട്ടുവേല ചെയ്യേണ്ട കാര്യമുണ്ടോ.

"ഈ രാത്രിയെന്താണ് ഇത്രയും ദൂരേയ്ക്കു അതും തനിച്ചുപോകുവാന്‍ നിങ്ങള്‍ തീരുമാനിച്ചത്"

അവര്‍ ക്ഷീണിതമായ തന്റെ മുഖമൊന്നുയര്‍ത്തി അയാളെ നോക്കി.ആ നോട്ടത്തില്‍ ഒരു കുന്നു നൊമ്പരങ്ങള്‍ തന്റെ നെരെ ചൊരിഞ്ഞതായി അയാള്‍ക്കു തോന്നി.ഒരു വിഷാദം കലര്‍ന്ന പുഞ്ചിരി ആ ചുണ്ടുകളില്‍ വിരിഞ്ഞുവോ.

"അമ്മയ്ക്കു നല്ല സുഖമില്ല.ഞാനറിഞ്ഞപ്പോള്‍ താമസിച്ചുപോയി.അതാ"

"എന്താണസുഖം"

"പ്രായത്തിന്റേതു തന്നെ.കിടപ്പിലാണു.ഞാന്‍ ഇപ്പോള്‍ അവിടുന്നു വന്നിട്ട് ഒരു മാസം കഴിഞ്ഞു.പട്ടണത്തിലാണെങ്കിലും എനിക്കവരെക്കളയാന്‍ പറ്റുമോ.എന്നെ കഷ്ടപ്പെട്ട് പ്രസവിച്ചു വളര്‍ത്തിവലുതാക്കിയതവരല്ലേ.ആരും ആര്‍ക്കും ഒരു ഭാരമല്ല.ആണെന്നു തോന്നിയാല്‍ അതേ.ജനിപ്പിച്ചവരെ ഒരല്‍പ്പമെങ്കിലും വേദനപ്പിച്ചാല്‍ ഇഹത്തിലും പരത്തിലും ഗതി പിടിയ്ക്കത്തില്ല.എന്റെ മകനതെന്നറിയുമോ ആവോ"

പറഞ്ഞുതീര്‍ത്തിട്ടവര്‍ സാരിത്തലപ്പുകൊണ്ട് കഴുത്തൊക്കെയൊന്നുതുടച്ചുകൊണ്ട് സംസാരമവസാനിപ്പിച്ചമട്ടില്‍ സീറ്റിലേയ്ക്കു ചാരിക്കിടന്നു കണ്ണുകളടച്ചു.

അവരുടെ വാക്കുകള്‍ ചാട്ടുളികള്‍ പോലെ അയാളുടെ ഉള്ളില്‍ കുത്തിക്കയറിക്കൊണ്ടിരുന്നു.താന്‍ വരുന്നതും കാത്ത് ചോറും വിളമ്പിക്കാത്തിരിക്കുന്ന ഒരു വൃദ്ധരൂപം അയാളുടെ മനോമുകുരത്തില്‍ ശക്തിയായി മിന്നിത്തിളങ്ങി.എന്നെങ്കിലും താനവരെ സ്നേഹിച്ചിട്ടുണ്ടോ.എങ്ങിനെ കഴിയുന്നുവെന്ന് തിരക്കിയിട്ടുണ്ടോ.ഇപ്പോള്‍ ഒന്ന് കണ്ടിട്ടുതന്നെ മാസങ്ങളായി.ആദ്യമായി അയാള്‍ക്കു തന്നോടുതന്നെ പുശ്ചംതോന്നി. തന്റെ വയ്യാണ്ട്കിടക്കുന്ന മാതാവിനൊന്നും വരുത്തരുതേയെന്നു പ്രാര്‍ഥിച്ചുകൊണ്ട് കണ്ണുമടച്ച് സീറ്റില്‍ ചാരിയിരിക്കുന്ന ആ സ്ത്രീയെ ഒന്നു തൊഴണമെന്ന് അയാള്‍ക്കു തോന്നി.

അടുത്ത ബസ്സ്റ്റാന്‍ഡില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ അയാള്‍ തന്റെ തോള്‍സഞ്ചിയും ചുമലിലിട്ട് പെട്ടന്ന് പുറത്തേയ്ക്കിറങ്ങി.തന്റെ ഗ്രാമത്തില്‍ക്കൂടിക്കടന്നുപോകുന്ന വണ്ടിക്കുവേണ്ടി സിമന്റ്ബഞ്ചില്‍ അയാള്‍ കാത്തിരിപ്പാരംഭിച്ചു.

ശ്രീക്കുട്ടന്‍

9 comments:

 1. ഈ കഥ വായിക്കുന്ന മിക്കവരും രാത്രി വണ്ടി കാത്തിരിക്കും...നന്നായി എഴുതി

  ReplyDelete
 2. "അയാള്‍ തന്റെ തോള്‍സഞ്ചിയും ചുമലിലിട്ട് പെട്ടന്ന് പുറത്തേയ്ക്കിറങ്ങി.തന്റെ ഗ്രാമത്തില്‍ക്കൂടിക്കടന്നുപോകുന്ന വണ്ടിക്കുവേണ്ടി സിമന്റ്ബഞ്ചില്‍ അയാള്‍ കാത്തിരിപ്പാരംഭിച്ചു."

  എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍...

  ReplyDelete
 3. കൊള്ളാം. നന്നായി എഴുതി.

  ReplyDelete
 4. ബസും ബസ്റാന്റും യാത്രയും അവിടത്തെ ചെറിയ സംഭവങ്ങള്‍ വരെയും ഒരു ചിതം വര പോലെ കണ്ണില്‍ കണ്ടു.
  ആശംസകള്‍.

  ReplyDelete
 5. "ജസ്മിക്കുട്ടിക്കും ഒഴാക്കനും കുമാരേട്ടനും പിന്നെ റാംജിസാബിനും",

  വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

  ReplyDelete
 6. ശ്രീക്കുട്ടെട്ടാ, കൊട് കൈ. വളരെ നന്നായി.
  പുതുമയുള്ള subject ഒന്നുമല്ല, എങ്കിലും ഈ കഥ പറഞ്ഞ രീതി.
  വളരെ കുറച്ചു വരികളില്‍ എല്ലാം ഒതുക്കി. വളരെ ഇഷ്ടായി.
  മാത്രമല്ല ഒഴാക്കന്റെയും ജസീമ്ക്കുട്ടിയുടെം കമന്റുകളും വളരെ ഇഷ്ടായി

  ReplyDelete
 7. കഥയിലെ വിവരണം അസ്സലായിട്ടുണ്ട്..... ആ ബസ്സില്‍ യാത്ര ചെയ്തത് പോലെ തന്നെ തോന്നി.

  നല്ല ഒരു സന്ദേശം കഥയില്‍ കൊണ്ട് വരാന്‍ ശ്രീകുട്ടനു കഴിഞ്ഞു.. അഭിനന്ദനങ്ങള്‍ :)

  ReplyDelete
 8. പോസ്റ്റ്‌ ഇഷ്ടായി...നന്നായി എഴുതി..! അഭിനന്ദനങ്ങള്‍ :)

  ReplyDelete
 9. ഒരു കൊച്ചു ഉള്‍വിളി. അയാള്‍ തിരിക മാതാവിനെ കാണാന്‍ ആഗ്രഹിച്ചു.
  ഈ ഉള്‍വിളികള്‍ ഇന്ന് പലരിലും ഉണ്ടാവുന്നില്ല എന്നതാണ് ദുഖകരമായ സത്യം.
  ഒരു ചായകട നടത്തി കഷ്ട്ടപെട്ടു പഠിപ്പിച്ചു എന്നെ ജീവിക്കാന്‍ പ്രാപ്തനാക്കിയതിനു ശേഷം എന്നില്‍ നിന്ന് ഒന്നും തിരിച്ചു വാങ്ങാതെ യാത്രയായ ഒരമ്മയുടെ മകനാണ് ഞാന്‍. ഇത്തരം പോസ്റ്റുകള്‍ എന്റെ നെഞ്ചു നീറ്റുന്നു.

  ആശംസകള്‍

  ReplyDelete