Wednesday, June 6, 2012

പാപിയായ ഒരുവന്‍

അസ്തമയസൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്കു മെല്ലെമെല്ലെ അടുത്തുകൊണ്ടിരുന്നു. ഇളം ചുവപ്പു നിറം പടര്‍ന്ന ആകാശത്തിലേയ്ക്ക് ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അയാള്‍ കുറേനേരം നോക്കി നിന്നു. പിന്നെ തന്റെ നീണ്ട താടിയില്‍ തടവിക്കൊണ്ട് ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചുകൊണ്ട് നീണ്ടു പരന്നുകിടക്കുന്ന പാടശേഖരത്തിനു നടുവിലൂടെയുള്ള ചെറിയ പാതയില്‍ കൂടി പതിയെ നടന്നു. എത്ര വര്‍ഷങ്ങള്‍‍ക്കുശേഷമാണ് ഈ വഴിയേ നടക്കുന്നത്. നിറഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ കുത്തിമറിയുന്ന കുട്ടികളെ കണ്ടപ്പോള്‍ അയാളുടെ ഉള്ളിലെ കുസൃതിക്കാരനായ കുട്ടിയുമുണരുന്നുണ്ടായിരുന്നു.വെള്ളത്തില്‍ കിടന്നു മറിയുന്ന രണ്ടു പേരെ നോക്കി ശുണ്ഠിയെടുത്ത് ഒച്ച വയ്ക്കുകയും കയ്യിലിരിക്കുന്ന ചെറിയ കമ്പ് ഉയര്‍ത്തിക്കാണിച്ച് പേടിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖം അയാളുടെ മനോമുകുരത്തില്‍ ഒരു നിമിഷം മിന്നിത്തെളിഞ്ഞു. ആ വെള്ളത്തില്‍ അവര്‍ക്കൊപ്പം കരണം മറിയാനും നീന്തിത്തുടിയ്ക്കാനും മനസ്സാവേശം കൊണ്ടെങ്കിലും അതടക്കിക്കൊണ്ടയാള്‍ മുന്നോട്ടു നടന്നു.

"ഒന്നു തീപ്പെട്ടി തന്നേ"

ആ ചോദ്യമാണ് അയാളെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്.പശുവിനേയും പിടിച്ചുകൊണ്ട് ഒരു ബീഡിയും ചുണ്ടിലാക്കി നില്‍ക്കുന്ന ആളിനെ അയാള്‍ സൂക്ഷിച്ചുനോക്കി. ഓര്‍മ്മയുടെ കയത്തില്‍ നിന്നും ആരൂപം മനസ്സില്‍ തെളിഞ്ഞുവന്നു. നാരായണേട്ടന്‍ .പ്രായത്തിന്റെ ചില്ലറ അഴിച്ചുപണികള്‍ ശരീരത്തിലുണ്ടായിട്ടുള്ളതല്ലാതെ വലിയ മാറ്റമൊന്നും വന്നിട്ടില്ല.പോക്കറ്റില്‍ നിന്നും ലൈറ്ററെടുത്ത് നീട്ടിയിട്ട് അയാള്‍ നാരായണേട്ടനെ തന്നെ നോക്കിനിന്നു.

"അല്ല മനസ്സിലായില്ലല്ലോ.എവിടെ പോകുവാനാ"

ബീഡി കത്തിച്ചിട്ട് ലൈറ്റര്‍ തിരികെകൊടുത്തുകൊണ്ട് നാരായണേട്ടന്‍ അയാളോട് ചോദിച്ചു.

"ഞാന്‍..അത്..പിന്നെ വാക്കുകള്‍ കിട്ടാതെ ഒന്നുഴറിയ അയാള്‍ തൊണ്ടയില്‍ ഒന്നു പിടിച്ചു.

"കൊറച്ചു ദൂരേന്നാ" പറഞ്ഞിട്ടയാള്‍ നടത്തമാരംഭിച്ചു.

"ഇവിടെ ആരെ കാണാനാ. മുമ്പെങ്ങും കണ്ട ഓര്‍മ്മ വരുന്നില്ല"

പശുവിനേയും പിടിച്ച് കൂടെ നടന്നുകൊണ്ട് നാരായണേട്ടന്‍ വീണ്ടും ചോദിച്ചു.

"ഈ പാട്ട് കേള്‍‍ക്കുന്നതെവിടെ നിന്നാ". അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന ഭക്തിഗാനം കേട്ടിട്ട് വിഷയം മാറ്റാനെന്നവണ്ണം അയാള്‍ നാരായണേട്ടനോടു ചോദിച്ചു.

"അതോ.അത് ശിവന്റമ്പലത്തീന്നാ. മംഗലത്തെ ശ്രീധരന്നായര് കഴിഞ്ഞ വര്‍ഷം ഒരു മൈക്ക് സെറ്റ് അമ്പലത്തിനു സംഭാവനയായി മേടിച്ചു നല്‍കി.അതോണ്ടു ഇത്തിരി പാട്ടും ഒച്ചേം കേക്കാം.അമ്പലം പുതുക്കിപ്പണിയാമ്പോവേണ്.അതിന്നായി കമ്മറ്റിയൊക്കെ ഒണ്ടാക്കിക്കഴിഞ്ഞു".
ഉത്സാഹത്തോടെ പറഞ്ഞിട്ട് നാരായണേട്ടന്‍ പശുവിന്റെ കയറിമ്മേല്‍ പിടിച്ചു വലിച്ചുകൊണ്ട് നടന്നു.

"ഒരു കാര്യം ചോദിച്ചോട്ടെ". നടത്തം നിര്‍ത്തിയിട്ട് ചെറുപ്പക്കാരന്‍ നാരായണേട്ടന്റെ മുഖത്തേയ്ക്ക് നോക്കി.

"എന്താ ചോദിച്ചോളൂ"

"അമ്പലത്തിന്റെ അടുത്ത താമസിച്ചിരുന്ന ദേവകിയമ്മയ്ക്കിപ്പോളെങ്ങിനെയുണ്ട്".അയാള്‍ മടിച്ചുമടിച്ച് നാരായണേട്ടനോട് ചോദിച്ചു.

നടന്നുകൊണ്ടിരുന്ന നാരായണേട്ടന്‍ പെട്ടന്ന്‍ നിന്നു.ചോദ്യഭാവത്തില്‍ അയാള്‍ ചെറുപ്പക്കാരനെ ഒന്നാപാദചൂഡം നോക്കി.

"നിങ്ങളാരാ..മനസ്സിലായില്ലല്ലോ..ദേവകിയുടെ വല്ല ബന്ധുവോ മറ്റോ ആണോ"

"ഞാന്‍..അത് പിന്നെ..ഒരു അകന്നബന്ധു തന്നെയാ"

ഉമിനീരിറക്കിക്കൊണ്ട് അയാള്‍ ഒച്ചകുറച്ച് പറഞ്ഞു. ആ മുഖത്തപ്പോള്‍ ആത്മനിന്ദ നിഴലിച്ചിരുന്നു. പശുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുപോയതുകൊണ്ട് നാരായണേട്ടനത് കാണാനും കഴിഞ്ഞില്ല.

"ഒന്നും പറഞ്ഞില്ല" സിഗററ്റിനു തീപ്പിടിപ്പിച്ചുകൊണ്ട് ചെറുപ്പക്കാരന്‍ ചോദിച്ചു.

"എന്തു പറയാനാ.കഷ്ടം ആരും തിരിഞ്ഞു നോക്കാനില്ലാതെ പട്ടിണിയും രോഗോമൊക്കെയായി നരകിച്ചു നരകിച്ചു ആ പെണ്ണു മരിച്ചു.ഒന്നൊന്നരകൊല്ലായി.അത്ര തന്നെ"

ഇടിവെട്ടേറ്റവനെപ്പോലെ ആ ചെറുപ്പക്കാരന്‍ നടവരമ്പത്ത് തറച്ചുനിന്നു. കയ്യിലിരുന്ന സിഗററ്റ് ഊര്‍ന്ന്‍ താഴെയ്ക്ക് വീണു.

വെട്ടിച്ചോടാന്‍ തുടങ്ങുന്ന പശുവിനെ കയറില്‍ പിടിച്ച് അമര്‍ത്തി നിര്‍ത്തിക്കൊണ്ട് നാരായണേട്ടന്‍ തുടര്‍ന്നു

"രണ്ടു മക്കളൊണ്ടായിരുന്നെന്ന്‍ പറഞ്ഞിട്ടെന്താ കാര്യം.അനാഥപ്രേതത്തിനെപ്പോലെ കുഴിച്ചിടുകയായിരുന്നു.ഒരു ആണ്‍ചെറുക്കനൊണ്ടായിരുന്നത് പത്തുപതിനഞ്ച് കൊല്ലം മുമ്പ് നാടുവിട്ടുപോയില്ലേ.ചത്തോ ജീവിച്ചിരിക്കുന്നോ എന്നുപോലും ആര്‍ക്കുമറിയില്ല.പിന്നെയൊള്ള മോള്.അത് പറയാതിരിക്കുകയാ ഭേദം. ഒരു കണക്കിനു മക്കളില്ലാണ്ടിരിക്കുന്നത് തന്നെയാ നല്ലത്. അല്ല നിങ്ങള്‍ക്ക് അവരുടെ മകനെവിടാണെന്നോ മറ്റോ വല്ല വിവരോമുണ്ടോ..ഒന്നുമില്ലേലും അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ആത്മാവിനെങ്കിലും ശാന്തി നല്‍കാമല്ലോ"

നടവഴിയില്‍ ഒരു പ്രതിമകണക്കേ നിശ്ചലം നിന്ന അയാളുടെ തോളില്‍ പിടിച്ചു കുലുക്കിക്കൊണ്ട് നാരായണേട്ടന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു.ഉവ്വെന്നോ ഇല്ലെന്നോ അര്‍ഥമാക്കാനാവാത്തവിധം അവന്‍ വിലങ്ങനെ തലയൊന്നാട്ടി.കണ്ണുകളില്‍ ഉറഞ്ഞുകൂടിയ നീര്‍മണികള്‍ നാരായണേട്ടന്‍ കാണാതെ തുടച്ചുകൊണ്ടയാള്‍ മെല്ലെ നടത്തം തുടര്‍ന്നു.

"കാര്യം ദേവകി പെഴയൊക്കെതന്നേരുന്നു.രണ്ടു മക്കളേം ഒണ്ടാക്കിയിട്ട് കള്ളുകുടിച്ച് അടിയുമൊണ്ടാക്കിനടന്ന ദിവാരന് വീട്ടുകാര്യം നോക്കാനെങ്ങാനും സമയോണ്ടാരുന്നോ.ഒടുവില്‍ പാടത്തിട്ട് ആരൊ കുത്തിക്കൊല്ലുകാര്‍ന്നു.ആറേഴു കുത്തൊണ്ടായിരുന്നു മേത്ത്.മക്കളെ വളത്താനായി മറ്റൊരു വഴീമില്ലാണ്ടായപ്പോ ദേവകി പിഴച്ചു.അതിനവളെ കുറ്റം പറയാനൊക്കോ.പത്തു പതിനാലു വയസ്സുവരെ കഷ്ടപ്പെട്ട് വളര്‍ത്തിയപ്പോ ആ ചെക്കന്‍ ഒരു ദെവസം കേറിയെടഞ്ഞേക്കണ്. തള്ളേടെ തൊഴിലുമൂലം അവനു മാനക്കേട് സഹിക്കാന്‍ പറ്റണില്ലാത്രേ. അല്ല അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചെക്കന്‍ വലുതായപ്പോ അവനു മനസ്സിലാവൂല്ലേ എല്ലാം.ഒടുവീ ഒരീസം വീട്ടിലെ കലോം ചട്ടീമൊക്കെ വാരിവലിച്ചുപൊട്ടിച്ചിട്ട് ചെക്കനെങ്ങാണ്ടോടിപ്പോയി. പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ.അതീപ്പിന്നെ ദേവകി അപ്പണി നിര്‍ത്തി. വീടുകളിലൊക്കെപ്പോയി കൊച്ചുകൊച്ചു ജോലിയൊക്കെചെയ്ത് ആ പെങ്കൊച്ചിനെ വളര്‍ത്തി.പറഞ്ഞിട്ടെന്താ കാര്യം തള്ളേടല്ലേ മോള്. ഹെയ്..ഹെ നില്ല് പശൂ. ഇതെവിടെ ഓടേണ്".പെട്ടന്ന്‍ കയറും വലിച്ചുകൊണ്ട് വയലിലെയ്ക്കോടിയെറങ്ങിയ പശൂന്റെ പിറകേ നാരായണേട്ടന്‍ വയലിലേയ്ക്കു ചാടി.

വയല്‍വരമ്പേ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ ബലം നഷ്ടപ്പെട്ടതുപൊലെ വിറയ്ക്കുന്നുണ്ടായിരുന്നു.എവിടെയെങ്കിലും ഒന്നിരിയ്ക്കാന്‍ അയാള്‍ കൊതിച്ചു.അമ്പലത്തിനടുത്തെ കൊച്ചു ചായക്കടയിലെ ബെഞ്ചിലായി തളര്‍ന്നിരുന്ന അയാള്‍ ഒരു ചായ പറഞ്ഞശേഷം മേശമേലിരുന്ന ജഗ്ഗിലെ മുഴുവന്‍ വെള്ളവും കുടിച്ചു തീര്‍ത്തു.വിറയാര്‍ന്ന കൈകളാലൊരു സിഗററ്റെടുത്ത് ചുണ്ടില്‍ വച്ചു കൊളുത്തിയശേഷം അയാള്‍ ചുറ്റുമൊന്നു നോക്കി.കടയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ തന്നെ തന്നെ ഉറ്റു നോക്കുന്നു.കടക്കാരന്‍ നീട്ടിയ ചായമേടിച്ചുകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പശുവിനെ ഒരു തെങ്ങില്‍ കെട്ടിയിട്ട് നാരായണേട്ടനുമെത്തി.ചായ കുടിച്ചുകഴിഞ്ഞ് കാശും കൊടുത്തിട്ട് അയാള്‍ പെട്ടന്ന്‍ അവിടെ നിന്നുമെഴുന്നേറ്റ് നടക്കാനാരംഭിച്ചു.

"അല്ല നിങ്ങട പേരെന്താണെന്നു പോലും‍ പറഞ്ഞില്ലല്ലോ".

"എന്റെ പേരെല്ലാം നഷ്ടപ്പെട്ടിട്ടെത്രയോ കാലമായി നാരായണേട്ടാ. അത് മാത്രമല്ല എന്തെല്ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു"

നാരായണേട്ടനെ നോക്കിപ്പറഞ്ഞിട്ടയാള്‍ പാടവരമ്പേ തന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് നടന്നു.

"വാസ്വേ അതാരാണെന്ന്‍ നിനക്ക് മനസ്സിലായോ"

തന്റെ നേരേ നീട്ടിയ ചായഗ്ലാസ്സ് മേടിച്ചുകൊണ്ട് നാരായണേട്ടന്‍ ചായക്കടക്കാരന്‍ വാസുവിനെ നോക്കി.

"ആരാ ?

"എനിക്ക് സംശയമൊന്നുമില്ല..ഇതവന്‍ തന്നെ..ക്ഷേമമന്യോഷിച്ചു വന്നേക്കണൂ...ത്ഫൂ.."

ഒരാട്ടാട്ടിയിട്ട് അയാള്‍ ചായകുടിയാരംഭിച്ചു. ചായക്കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം വാസു ചര്‍ച്ച ആരംഭിക്കുകയും ചെയ്തു.

സന്ധ്യ മയങ്ങിത്തുടങ്ങിക്കഴിഞ്ഞിരുന്നു. വീതിയേറിയ ആ വരമ്പിന്റെ തലയ്ക്കല്‍ നിന്നുകൊണ്ട് അയാള്‍ പ്രേതഭവനം പോലെ വാഴപ്പണകള്‍ക്കിടയില്‍ നില്‍ക്കുന്ന ആ കൊച്ചുമാടത്തിലേയ്ക്കു സൂക്ഷിച്ചു നോക്കി. മെല്ലെ വരമ്പിലൂടെ നടന്നയാള്‍ ആ മുറ്റത്തെത്തി. ചിതലുകേറി ഏകദേശം നിലം പൊത്താറായിരിക്കുന്ന ആ കൂരയുടെ മുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ നിന്നു.മുറ്റം നിറയെ കാടുപിടിച്ചുകിടക്കുന്നു. ഇരുട്ടിനു കട്ടി കൂടിക്കൂടി വരുന്നു. എല്ലാം നഷ്ടപ്പെട്ടുപോയ ഒരു സ്ത്രീയുടെ ദയനീയമായ തേങ്ങല്‍ അയാളുടെ കാതില്‍ അലയടിക്കുന്നുണ്ടായിരുന്നു.പൊട്ടിപ്പൊളിഞ്ഞ ആ തിണ്ണയില്‍ സന്ധ്യയെ സാക്ഷിയാക്കി അയാളിരുന്നു.

"എടാ ശിവാ മോളു വീഴാതെ പിടിച്ചോടാ"

വളരെയകലെനിന്നെങ്ങോ കേള്‍ക്കുന്നതുപോലെയുള്ള സ്വരം കേട്ട് ഒരു കുഞ്ഞിക്കയ്യില്‍ മുറുക്കെപിടിക്കാനെന്നവണ്ണം ഇരുളിലേയ്ക്ക് അയാള്‍ കൈകള്‍ നീട്ടി.

"പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ".

മുഴക്കമുള്ള വാചകങ്ങള്‍ അവന്റെ ഉള്ളിലേയ്ക്ക് അലയടിച്ചെത്തുകയാണു. പരിക്ഷീണനായ അയാള്‍ ആ അഴുക്കു നിറഞ്ഞ തറയില്‍ മലര്‍ന്നുകിടന്നു. ആ കവിളുകളിലൂടെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകാനാരംഭിച്ചു.എന്തിനായിരുന്നിരിയ്ക്കാം താനന്ന്‍ ഓടിപ്പോയത്.അറിയില്ല.എന്നിട്ടു താനെന്തുനേടി.അതുമറിയില്ല.ഇപ്പോള്‍ ഇത്രയും കാലത്തിനുശേഷം താനെന്തിനായിട്ടാണ് തിരിച്ചു വന്നത്.തന്റെ പാവം അമ്മ പട്ടിണികിടന്ന്‍ ആരും നോക്കാനില്ലാതെ നരകിച്ചു മരിച്ചവാര്‍ത്ത കേള്‍ക്കാനോ.അതോ അമ്മയുടെ വഴി സ്വീകരിച്ച് ആരുടേയോകൂടെ പോയ പെങ്ങളെക്കുറിച്ചറിയാനോ.താനന്ന്‍ എന്തെലും കൂലിപ്പണിയ്ക്കൊക്കെപ്പോയി വീടു നോക്കിയിരുന്നെങ്കില്‍.....ഇരുട്ടിലിരുന്ന്‍ വിതുമ്പുന്ന ഒരു രൂപത്തിനുനേരെ കൈകളുയര്‍ത്തി കൂപ്പിക്കൊണ്ടയാള്‍ ഉറക്കെയുറക്കെ കരഞ്ഞു.അതിനൊട്ടും ശബ്ദമില്ലായിരുന്നു.നെഞ്ചിന്‍ കൂടിനകത്ത് അതിശക്തമായൊരു വേദന ഉടലെടുത്തുവൊ.അയാള്‍ തന്റെ കണ്ണുകള്‍ മെല്ലെപൂട്ടി.ശുഷ്കിച്ച രണ്ടു കൈത്തലങ്ങള്‍ തന്റെ കവിളില്‍ തലോടി തന്നെയാശ്വസിപ്പിക്കുന്നതായി അയാള്‍‍ക്കു തോന്നി.കണ്ണുതുറക്കാതെ ആ തലോടലിന്റെ സുഖവും പേറി അയാള്‍ തന്റെ ഉറക്കമാരംഭിച്ചു. എല്ലാ സങ്കടങ്ങളില്‍ നിന്നും മുക്തിതേടിക്കൊണ്ടുള്ള ഉറക്കം..ഒരിക്കലും ഉണരാത്ത ഉറക്കം..

ശ്രീക്കുട്ടന്‍

23 comments:

 1. കുട്ടേട്ടാ,കുട്ടേട്ടന്റെ കഥകൾ വായിക്കുമ്പഴേ ന്റെ മനസ്സില് ഒരു സിനിമാ ചിത്രീകരണമാ വരിക.! ആ നാട്ടുവിശേഷങ്ങളല്ല,കഥകൾ. സത്യം,ഒരു 85-95 കളിലെ മലയാളത്തിലെ പലതരത്തിലുള്ള സിനിമാക്കഥകൾ. ഒരു പക്ഷെ ആ സമയത്ത് നല്ലൊരു സിനിമാസ്വാദകനായിരുന്ന കുട്ടേട്ടന്റെ എഴുത്തിനെ അവയൊക്കെ സ്വാധീനിച്ചതായിരിക്കാം.! അല്ലേൽ എന്തുകൊണ്ടോ അങ്ങനെ ആയിവരുന്നതാവാം. എന്തായാലും അതുണ്ട് ന്ന് എനിക്ക് തോന്നുന്നേ. പക്ഷെ സംഗതി നല്ല രസമായ രീതിയിൽ പറയും കുട്ടേട്ടൻ. ആശംസക്അൾ.

  ReplyDelete
 2. വളരെ ഒഴുക്കുള്ള ഹൃദയ സ്പര്ശിയായ അവതരണം, കഥാ പത്രങ്ങളെ കണ്മുന്നുല്‍ കാണുന്നത് പോലെ, എല്ലാ ഭാവുകങ്ങളും

  ReplyDelete
 3. മനേഷ്, ജ്വാലാ,

  വായനയ്ക്കും അഭിപ്രായത്തിനും നിറഞ്ഞ നന്ദി...

  ReplyDelete
 4. ഒരല്‍പം കടുത്തു പോയി ശ്രീക്കുട്ടാ .ഇത്രേം ട്രജെടി ,അതും കഥാപാത്രങ്ങളെ എല്ലാം ഇങ്ങനെ ആരും കൊല ചെയ്യാന്‍ അതുങ്ങള്‍ എന്ത് പാപം ചെയ്തു ?ഏതായാലും നല്ല ഭാഷഉണ്ട് .അതുപയോഗിക്കൂ

  ReplyDelete
 5. നന്നായി എഴുതി,
  ഒരു നല്ല കഥയാണ്,
  പുതുമയൊന്നും പറയാൻ ഇല്ലെങ്കിലും നന്നായി വിവരിച്ചത് കഥ വായിക്കാൻ നല്ല രമുണ്ടാക്കുന്നു
  ആശംസകൾ

  ReplyDelete
 6. മാതാ പിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് ഒരു വിധ പരിചരണവും നല്‍കാത്ത ഒരാള്‍ അവരുടെ മരണശേഷം പശ്ചാത്തപിക്കാന്‍ പോലും അര്‍ഹരല്ല. സുഖ സമൃദ്ധിക്ക് നടുവില്‍ നില്‍ക്കുമ്പോഴും മാതാപിതാക്കളെയും കുടുംബത്തെയും തിരിഞ്ഞു നോക്കാത്തവര്‍ പിന്നീട് ഫോട്ടോ മാലയിട്ടു വെച്ച് ചന്ദനത്തിരി കത്തിച്ചും ആണ്ട് തോറും ബാലികര്മങ്ങള്‍ നടത്തിയത് കൊണ്ടും വല്ല കാര്യവുമുണ്ടോ ??

  പക്ഷെ കഥയില്‍ അവനെ കൊല്ലാതെ വിടാമായിരുന്നു !!!

  ആശംസകള്‍

  ReplyDelete
 7. സിയാഫിക്കാ,ഷാജൂ, വേണുവേട്ടാ,

  എല്ലാവര്‍ക്കും നന്ദി...ഇങ്ങിനെയുള്ളവരൊക്കെ ജീവിച്ചിരിക്കുവാന്‍ അര്‍ഹരല്ല വേണുവേട്ടാ..അതാ തട്ടിക്കളഞ്ഞത്...

  ReplyDelete
  Replies
  1. നീയാര് കൊടി സുനിയോ? തട്ടിക്കളഞ്ഞു പോലും!!

   >>എല്ലാ സങ്കടങ്ങളില്‍ നിന്നും മുക്തിതേടിക്കൊണ്ടുള്ള ഉറക്കം..ഒരിക്കലും ഉണരാത്ത ഉറക്കം..<<
   ഇതില്ലായിരുന്നെങ്കില്‍ നല്ലൊരു ഭാഷയിലുള്ള കഥയാകുമായിരുന്നു. സിയാഫിന്റെയും, വേണുവേട്ടന്റെയും അഭിപ്രായത്തോട് എനിക്കും യോജിപ്പുണ്ട്. :)

   Delete
 8. നല്ല കഥയാണു...

  ReplyDelete
 9. നന്നായി എഴുതി,
  നല്ല കഥയാണ്, നല്ല ഭാഷ

  ReplyDelete
 10. ഗ്രാമത്തിന്റെ ചിത്രം. നന്നായി പറഞ്ഞു..

  ReplyDelete
 11. വളരെ ഭംഗിയായി തികഞ്ഞ കൈയ്യടക്കത്തോടെ എഴുതി.....
  അവസാനം അയാള്‍ ആത്മഹത്യ ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് . അതില്‍ ഇടപെടുന്നില്ല. എന്നാല്‍ ആ മനുഷ്യനെ എഴുത്തുകാരന്‍ ഒന്നും ചെയ്യാതെ വായനക്കാര്‍ക്ക് കൈകാര്യം ചെയ്യാനായി വിട്ടു തരാമായിരുന്നു എന്ന് തോന്നി.

  ReplyDelete
 12. കഥ ഇഷ്ടപ്പെട്ടു...
  ആശംസകള്‍.

  ReplyDelete
 13. ഒരു വലിയ കഥ ഒതുക്കത്തിൽ പറഞ്ഞു. ഇടയ്ക്ക് ഒരിടത്തും തടയാതെ ഒഴുക്കിൽ വായിക്കുവാൻ കഴിഞ്ഞു.
  നന്നായിട്ടുണ്ട്. ആശംസകൾ...

  ReplyDelete
 14. ജീവിതത്തിന്റെ താള പിഴക്ളില്‍ വഴി പിഴച്ച അമ്മ തിരിച്ചറിവില്‍ അപമാനത്തെ ഭയന്ന് നാട് വിട്ടു മകന്‍ ആര് ആരെ കുറ്റ പെടുത്തണം എന്നറിയാത്ത നാരായണേട്ടന്‍ നല്ല ഒഴുക്കോടെ വായിച്ചു ആശംസകള്‍

  ReplyDelete
 15. സുമേഷ് വാസു, വിഷ്ണു, ജെഫു, പ്രദീപേട്ടന്‍, ഡോക്ടര്‍ സാര്‍,കൊച്ചനിയന്‍,കൊമ്പന്‍

  എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 16. ഇന്ന് ആദ്യമായിട്ടാണ് ഇവിടെ വരുന്നത് ..ഏകദേശം എല്ലാം വായിച്ചു തീര്‍ത്തു ..നന്നായിട്ടുണ്ട് ....ഇനിയും വരാം.

  ReplyDelete
 17. നീയാണ് ഞാന്‍ തിരഞ്ഞു നടന്ന പുള്സുകുട്ടന്‍!!

  ReplyDelete
 18. അത്രവലിയ പുളുക്കഥയല്ല...കാര്യമുള്ള കഥ തന്നെ..

  ReplyDelete
 19. നല്ല കഥ ശ്രീക്കുട്ടാ... കഥ പറയുമ്പോള്‍ കൂടെ വരുന്ന ഒരു പ്രതീതി ഉണ്ടായിരുന്നു . നിന്റെ കഥകളുടെ മുഖമുദ്രയായ ഗ്രാമത്തിന്റെ നൈര്‍മല്യത ഇതിലും കാണാന്‍ പറ്റി!

  ReplyDelete
 20. പെരുത്ത് നന്ദി പ്രീയരേ...

  ReplyDelete
 21. ആഹാ നല്ല കഥ നല്ല അവതരണം പുണ്യവാളനിഷ്ടമായി ഞാനും കൂടെ കൂടുവാന്നെ ......

  ReplyDelete
 22. വായനക്ക് നല്ല ഒഴുക്ക്...കടന്നു വരുന്ന കാലങ്ങള്‍ ആണ് മുനുഷ്യനെ കൂടുതല്‍ തിരിച്ചറിവുകളിലെക്ക് നയിക്കുന്നത്. അപ്പോഴേക്കും വല്ലാതെ വൈകിപ്പോകുന്നു അല്ലെ ശ്രീക്കുട്ടാ.

  ReplyDelete