Wednesday, January 31, 2018

ഇഷ്ടപ്പെട്ട മൂന്നു ടെലിവിഷന്‍ സീരീസുകള്‍

1. ബ്രേക്കിംഗ് ബാഡ്

2008 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെ അഞ്ചു സീസണുകളിലായി അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു ക്രൈം-ഡ്രാമാ സീരീസാണ് ബ്രേക്കിംഗ് ബാഡ്. ഒരു നല്ല മനുഷ്യന്‍ എത്രമാത്രം ചെയിഞ്ചുകള്‍ക്ക് വിധേയനാകും എന്നതിന്റെ ഒരു ക്ലാസ്സിക് വെര്‍ഷനാണ് ഈ സീരീസ്. വാള്‍ട്ടര്‍ വൈറ്റ് എന്ന ഹൈസ്കൂള്‍ കെമിസ്ട്രി ടീച്ചര്‍ ശ്വാസകോശകാന്‍സര്‍ ബാധിതനാണ്. മെത്തഫെറ്റമൈന്‍ ക്രിസ്റ്റല്‍ രൂപത്തില്‍  മാറ്റിയെടുത്താല്‍ അത് ഇന്നേവരെ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ഡ്രഗ്സ് ആകുമെന്ന്‍ വാള്‍ട്ടര്‍ വൈറ്റ് കണ്ടെത്തുന്നു. തന്റെ ഒരു പൂര്‍വ്വകാല വിദ്യാര്‍ത്ഥിയായിരുന്ന ജെസീ പിങ്ക്മാനുമായി ചേര്‍ന്ന്‍ വാള്‍ട്ടര്‍ ആ മയക്കുമരുന്ന്‍ ധാരാളമുണ്ടാക്കി വില്‍പ്പന നടത്തുവാന്‍ തീരുമാനിക്കുന്നു. താന്‍ മരണപ്പെടുമ്പോള്‍ തന്റെ കുടുംബം സുരക്ഷിതമാക്കപ്പെടണം എന്ന ലക്ഷ്യമായിരുന്നു വാള്‍ട്ടര്‍ വൈറ്റിന്റേത്.

ഇതേവരെ ഇറങ്ങിയ ടെലിവിഷന്‍ സീരീസുകളില്‍ ആള്‍ ടൈം ബെസ്റ്റുകളിലൊന്നായാണ് വിന്‍സ് ഗിലിഗന്‍ ക്രിയേറ്റ് ചെയ്ത ഈ സീരീസ് കരുതപ്പെടുന്നത്. ഒരു മനുഷ്യന്‍ പണമുണ്ടാക്കാനായി ഏതു ലവല്‍ വരെ പോകുമെന്നതിന്റെ മകുടോദാഹരണമാണീ സീരീസ്. ബ്രേക്കിംഗ് ബാഡിന്റെ അവസാന എപ്പിസോഡ് എയര്‍ ചെയ്യപ്പെട്ടപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ഒരു എപ്പിസോഡായി അതു മാറി. അമേരിക്കന്‍ കേബില്‍ ശൃംഖലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ടെലിവിഷന്‍ സീരീസും ഇതുതന്നെയാണ്. ഈ ടെലിവിഷന്‍ സീരീസ് കരസ്ഥമാക്കിയിട്ടുള്ള അവാര്‍ഡുകള്‍ക്കും പുരസ്ക്കാരങ്ങള്‍ക്കും കണക്കില്ല.

അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് അക്കാഡമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് നല്‍കുന്ന 16 പ്രൈം ടൈം എമ്മി അവാര്‍ഡ്സ് ഈ സീരീസ് കരസ്ഥമാക്കുകയുണ്ടായി. രണ്ട് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍, മറ്റ് നിരവധി പുരസ്ക്കാരങ്ങള്‍. എക്കാലത്തേയും കൂടിയ റേറ്റിംഗ് കിട്ടിയ ടെലിവിഷന്‍ ഷോയ്ക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ലഭിച്ചത് ഈ സീരീസിനാണ്.

റേറ്റിംഗ് - 9.5/10

ഏ മസ്റ്റ് വാച്ച് സീരീസ്

2. ഗയിം ഓഫ് ത്രോണ്‍സ്

ഇപ്പോള്‍ എയര്‍ ചെയ്യപ്പെടുന്ന സീരീസുകളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആകാംഷാപൂര്‍വ്വം കാണുന്ന  ടെലിവിഷന്‍ സീരീസാണ് ഗയിം ഓഫ് ത്രോണ്‍സ്. ഫാന്റസിയുടെ ലോകത്തെ ആവിഷ്ക്കരിക്കുന്ന വിസ്മയ കഥ എന്നു നിസ്സംശയം പറയാവുന്ന ഒരു ടെലിവിഷന്‍ സീരീസാണിത്.  ജോര്‍ജ്ജ് ആര്‍ മാര്‍ട്ടിന്റെ ഏ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന ഫാന്റസി നോവല്‍ സീരീസിന്റെ ദൃശ്യാവിഷക്കാരമാണിത്. നോര്‍തേണ്‍ അയര്‍ലാന്‍ഡ്, ക്രൊയേഷ്യാ, ഐസ് ലാന്‍ഡ്, മൊറോക്കോ,സ്പെയിന്‍, സ്കോട്ട്ലാന്‍ഡ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയ വിവിധരാജ്യങ്ങള്‍ ലോക്കേഷനായ ഈ ഇതിഹാസ സീരീസിന്റെ സംവിധായകര്‍  ഡേവിഡ് ബെനിയോഫ്, ഡാനിയേല്‍ ബ്രെറ്റ് വെയ്സ് എന്നിവരാണ്. നോവലിന്റെ ആദ്യഭാഗത്തിന്റെ പേര് ഗയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു. ആ പേരു തന്നെ ടെലിവിഷന്‍ സീരിസിനായി സ്വീകരിക്കുകയായിരുന്നു. ടൈം വാര്‍ണര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹോം ബോക്സ് ഓഫീസ് (എച് ബി ഓ) സാറ്റലൈറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് 2011 ഏപ്രില്‍ 7 നാണ് ആദ്യ ഗെയിം ഓഫ് ത്രോണ്‍സ് എപ്പിസോഡ് എയര്‍ ചെയ്തത്. ഓരോ സീസണിലും പത്ത് എപ്പിസോഡുകള്‍ വീതം ഏഴു സീസണുകള്‍ ഇതേ വരെ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു. സീസണ്‍ ആറായപ്പോഴേക്കും ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കാണുന്ന ടെലിവിഷന്‍ സീരീസായി ഇത് മാറിക്കഴിഞ്ഞു. ഇതിന്റെ ഏഴാം സീസണ്‍ ആരാധകരെ ഉദ്വോഗത്തിന്റെ കൊടുമുടിയില്‍ നിറുത്തിക്കൊണ്ടാണവസാനിപ്പിച്ചിരിക്കുന്നത്. 2019 ല്‍ ആയിരിക്കും ഈ സീരീസിന്റെ അവസാന സീസണ്‍ സംപ്രേക്ഷണം ചെയ്യപ്പെടുക. ഏഴാം സീസണിലെ ചില എപ്പിസോഡുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും ഒറിജിനല്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിനുമുന്നേ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.ലോകവ്യാപകമായി പൈറേറ്റുകള്‍ക്കെതിരേ ഇതിന്റെ പേരില്‍ നടപടിയുണ്ടാവുകയും ചിലരെല്ലാം പിടിയിലാകുകയും ചെയ്തു. വ്യാജ ഡൌണ്‍ലോഡിംഗ്ലിങ്കുകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടു. ഈ സീരീസിന്റെ ഫിഫ്ത് സീസണിലെ ഒരു എപ്പിസോഡിനായി തുര്‍ക്കിയിലെ ഒരു ചെറുപട്ടണം മുഴുവന്‍ മൂന്നുദിവസത്തേയ്ക്ക് ഒഴിപ്പിച്ച് പട്ടണവാസികളെ മുഴുവന്‍ ഒരു സുഖവാസകേന്ദ്രത്തില്‍ താമസിപ്പിക്കുകയും അവിടെയുണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെല്ലാം മൂന്നുദിവസത്തെ വില്‍പ്പനനഷ്ടത്തിനു നഷ്ടപരിഹാരം നല്‍കി ഒരു എപ്പിസോഡിന്റെ അവസാനഭാഗം മാത്രം ചിത്രീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. അതും അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ആ രംഗം ചിത്രീകരിച്ചതും അതു എയര്‍ ചെയ്തതും.

ഈ ടെലിവിഷന്‍ സീരീസ് കരസ്ഥമാക്കിയ അവാര്‍ഡുകള്‍ അത്രയ്ക്കധികമാണ്. ഗോള്‍ഡ്ന്‍ ഗ്ലോബിന്റെ 6 അവാര്‍ഡുകള്‍. റൈറ്റെര്‍സ് ഗിള്‍ഡ് ഓഫ് അമേരിക്കയുടെ 9 അവാര്‍ഡുകള്‍, സയന്‍സ് ഫിക്ഷന്‍, ഫാന്റസി, ഹൊറര്‍ എന്നീ മേഖലയില്‍ നല്‍കുന്ന സാറ്റേര്‍ണ്‍ അവാര്‍ഡുകള്‍ 18 എണ്ണം, 38 എമ്മി അവാര്‍ഡുകള്‍.പിനെന്‍ ഇതിലെ അഭിനേതാക്കള്‍ക്ക് നിരവധി വട്ടം ലഭിച്ച പല പല അവാര്‍ഡുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം വ്യാജ ഡൌണ്‍ലോഡിംഗ് ചെയ്യപ്പെട്ട ഒരു ടി വി പ്രോഗ്രാം എന്ന ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡും ഈ ടെലിവിഷന്‍ സീരീസിനു സ്വന്തം.

പൂര്‍ണ്ണതയ്ക്കായി എത്ര കാശും മുടക്കുന്നതുകൊണ്ട് തന്നെ ഈ ടെലിവിഷന്‍ സീരീസ് ക്വാളിറ്റിയില്‍ അത്രമാത്രം മികവു പുലര്‍ത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേമികള്‍ ഈ സീരീസിന്റെ അവസാനഭാഗത്തിനായി കാത്തിരിക്കുകയാണ്.

മസ്റ്റ് വാച്ച് സീരീസ് തന്നെയാണിതും.

റേറ്റിംഗ് - 9.4/10

3. ദ വാ‍ക്കിംഗ് ഡെഡ്

റോബര്‍ട്ട് കിര്‍ക്ക്മാന്‍ എഴുതിയ ദ വാ‍ക്കിംഗ് ഡെഡ് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി ഫ്രാങ്ക് ദരാബോണ്ട് അണിയിച്ചൊരുക്കിയ ഹൊറര്‍ ഡ്രാമാസീരീസാണ് ദ വാ‍ക്കിംഗ് ഡെഡ്. 2010 ഒക്റ്റോബര്‍ 31 നാണ് ഈ സീരീസിന്റെ ആദ്യ എപ്പിസോഡ് ഏ എം സി നെറ്റ്വര്‍ക്ക് എയര്‍  ചെയ്തത്.

അറ്റ്ലാന്റയിലെ ഒരു ആശുപത്രിയില്‍  കോമാസ്റ്റേജില്‍ കിടന്ന റിക്ക് ഗ്രിംസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ റിക്കവര്‍ ആയി ഉണര്‍ന്നെഴുന്നേള്‍ക്കുമ്പോള്‍ ഒട്ടുമിക്ക മനുഷ്യരും സോംബികളായി(ഹൊറര്‍,ഫാന്റസി മേഖലകളില്‍ സുലഭമായ ഒരു വിഭാഗമാണ് സോംബികള്‍. മനുഷ്യര്‍ വൃകൃതമായ രൂപത്തിലാവുകയും എന്തൊക്കെ സംഭവിച്ചാലും മരണമില്ലാതെ അവസ്ഥയിലായി മറ്റു മനുഷ്യരെ ഭക്ഷിക്കുവാനും മറ്റും ശ്രമിക്കുന്ന പ്രേതരൂപികളുമായ വ്ഈകൃതമനുഷ്യരാണ് സോംബികള്‍ എന്ന വിഭാഗത്തില്‍പെടുന്നത്. ഇതൊരു മിത്തിക്കല്‍ സൃഷ്ടിയാണ്) മാറി ലോകം ഭീകരമായ ഒരു അവസ്ഥാവിശേഷത്തിലായിരിക്കുകയാണെന്ന്‍ മനസ്സിലാക്കുന്നു. ആ ശുപത്രിയിലും സോംബികള്‍ കടന്നു എന്നുമനസ്സിലാക്കുന്ന റിക്ക് അവിടെ നിന്നും രക്ഷപ്പെടാനുഌഅ ശ്രമം നടത്തുന്നു. അറ്റ്ലാന്റയില്‍ നിന്നും രക്ഷപ്പെട്ടൊടവേ സോംബികളില്‍ നിന്നും രക്ഷപ്പെട്ട ഒരു ഗ്രൂപ്പാള്‍ക്കാരെ റിക്ക് കണ്ടുമുട്ടുന്നു. അക്കൂട്ടത്തില്‍ റിക്കിന്റെ ഭാര്യയായ ലോറിയും മകന്‍ കാര്‍ളുമുണ്ടായിരുന്നു. സോംബികളില്‍ നിന്നും എല്ലാവരുടേയും ജീവന്‍ രക്ഷപ്പെടുത്തി സുരക്ഷിതമായ ഒരിടത്ത് എത്തിക്കുക എന്ന അങ്ങേയറ്റം വൈഷമ്യം പിടിച്ച ദൌത്യം റിക്ക് ഏറ്റെടുക്കുന്നു.

ഏഴു സീസണുകള്‍ പൂര്‍ത്തിയാക്കിയ ഈ സീരീസിനു ഓരോ എപ്പിസോഡിനും ഏകദേശം 13-14 മില്യന്‍ കാഴ്ചക്കാരുണ്ട്. ഏഴാം സീസണ്‍ എയര്‍ ചെയ്തുകഴിഞ്ഞപ്പോള്‍ കുറച്ചധികം വലിച്ചുനീട്ടലുകള്‍ അനുഭവ്പ്പെട്ടതുകൊണ്ടുതന്നെ സമ്മിശ്രമായ റിവ്യൂകളാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ എട്ടാം സീസണ്‍ കുറച്ചുകൂടി ചടുലവും ഉദ്വോഗജനകവുമായി അവതരിപ്പിച്ചിട്ടുണ്ട്. എട്ടാം സീസന്റെ എട്ടു എപ്പിസോഡുകള്‍ ഇതേവരെ എയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. ഇനി രണ്ട് എപ്പിസോഡുകള്‍ കൂടി ബാക്കിയുണ്ട്. നിരവധി പുരസ്ക്കാരങ്ങള്‍ ഈ ടെലിവിഷന്‍ സീരീസും കരസ്ഥമാക്കിയിട്ടുണ്ട്.

റേറ്റിംഗ് - 9/10

ശ്രീ



2 comments: