Monday, January 29, 2018

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ


പെറുവിലെ തിക്രാപ്പോയില്‍ താമസിച്ചിരുന്ന ആഭരണനിര്‍മ്മാണത്തൊഴിലാളിയായിരുന്ന തിബുറെലോ മെദീനയുടേയും അദ്ദേഹത്തിന്റെ ഭാര്യയായ വിക്റ്റോറിയ ലൂസിയയുടേയും മകളായി 1933 സെപ്തംബര്‍ 23 ആം തീയതിയാണ് കുഞ്ഞു ലിന ജനിച്ചത്. പൊതുവേ ദാരിദ്ര്യം നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നു ലിന വളര്‍ന്നത്. അവള്‍ക്ക് ഏകദേശം അഞ്ചുവയസ്സുകഴിഞ്ഞപ്പോള്‍ എന്നും വയറുവേദന എന്നു പറഞ്ഞു കരയുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ ഗ്രാമത്തില്‍ തന്നെയുള്ള ചില നാട്ടുവൈദ്യന്മാരേയും പിന്നെ ചില മന്ത്രവാദികളേയുമൊക്കെ സമീപിച്ചു ചികിത്സ തേടി എന്നാല്‍ അവരുടെ ആരുടേയും ചികിത്സ കൊണ്ട് കുഞ്ഞു ലിനയുടെ വയറുവേദനയ്ക്ക് ഒരു കുറവുമുണ്ടായില്ല. മാത്രമല്ല ദിവസങ്ങള്‍ കഴിയുന്തോറും വയര്‍ വീര്‍ത്തുവന്നുകൊണ്ടിരുന്നു. വയറിനുള്ളില്‍ വല്ല മുഴയോ മറ്റോ വളരുന്നുവെന്ന ആധിയൊടെ ലിനയുടെ അച്ഛന്‍ അവളെ എന്തായാലും പിസ്കോ പട്ടണത്തിലുള്ള ഒരു ആശുപത്രിയില്‍ കാണിച്ചു. കുഞ്ഞു ലിനയെ പരിശോധിച്ച ജെറാര്‍ഡോ ലുസാദ എന്ന ഡോക്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടുപോകുകതന്നെ ചെയ്തു. ലിന ഗര്‍ഭിണിയാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന അയാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്കായി തലസ്ഥാനമായ ലിമയിലെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് ലിനയെ റെഫര്‍ ചെയ്തു. അവിടത്തെ പരിശോധനയിലേയും ഫലം വ്യത്യസ്തമായിരുന്നില്ല. അഞ്ചുവയസ്സുകാരിയായ ലിമ ഏകദേശം അഞ്ചുമാസത്തോളം ഗര്‍ഭിണിയാണ് എന്നു സ്ഥിരീകരിക്കപ്പെട്ടു.

ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലിന 1939 മേയ് പതിനാലിനു ആറുപൌണ്ട് തൂക്കമുള്ള തികച്ചും ആരോഗ്യവാനായ ഒരു കുഞ്ഞിനു സിസേറിയനിലൂടെ ജന്മം നല്‍കി. അപ്പോള്‍ ലിനയുടെ പ്രായം അഞ്ചുവയസ്സും ഏഴു മാസവും 21 ദിവസവും മാത്രമായിരുന്നു. അങ്ങിനെ ചരിത്രത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന ബഹുമതി ലിന മെദീനയ്ക്ക് സ്വന്തമായി.ഏറ്റവും വലിയ ആക്സ്മികത എന്തായിരുന്നു എന്നുവച്ചാല്‍ അക്കൊല്ലത്തെ മദേര്‍സ് ഡേ ആ ദിവസമായിരുന്നു എന്നതാണ്. കുഞ്ഞുലിനയുടെ ഗര്‍ഭത്തിനുത്തരവാദി അവളുടെ അച്ഛനാണെന്ന സംശയത്താല്‍ പോലീസ് അയാളെ അറസ്റ്റു ചെയ്യുകയും ജയിലടയ്ക്കുകയും ചെയ്തു. എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലും ഒപ്പം തെളിവുകളുടെ അഭാവത്താലും പിന്നീട് തിബുറെലോയെ പോലീസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു. ലിനയുടെ കുഞ്ഞിന്റെ അച്ഛനാരാണെന്നത് തെളിയിക്കുവാന്‍ അന്വോഷണസംഘത്തിനു സാധിച്ചതേയില്ല.

ലിനയുടെ ഗര്‍ഭധാരണവും പ്രസവവും മെഡിക്കല്‍ചരിത്രത്തിലെ തന്നെ അപൂര്‍വ്വതകളിലൊന്നായിരുന്നു. ലിനയെ വിശദമായി പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞത് ലിനക്ക് ഏകദേശം മൂന്നരവയസ്സുള്ള സമയത്തുതന്നെ കൃത്യമായി പീരിയേഡ്സ് സംഭവിക്കാറുണ്ടായിരുന്നുവെന്നാണ്. ഇടുപ്പെല്ലും ഗര്‍ഭാശയമുഖവും ഗര്‍ഭപാത്രവുമെല്ലാം പൂര്‍ണ്ണശാരീരികവളര്‍ച്ചയെത്തിയ ഒരു സ്ത്രീയുടേതിനു സമാനമായിരുന്നു. മാത്രമല്ല മാറിടങ്ങള്‍ക്കും വളര്‍ച്ചയും വികാസവും ഉണ്ടായിരുന്നു. ലിനയെ പല വിദഗ്ദസംഘങ്ങളും പരിശോധിച്ചെങ്കിലും ഇത്രയും ചെറുപ്രായത്തിലെ പ്രസവധാരണത്തിനും പ്രസവത്തിനും യുക്തിസഹമായ ഒരു കാരണം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്നതാണു സത്യം. അസാധാരണമായ ഏതോ ഹോര്‍മോണ്‍ വ്യതിയാനമാകാം ഈ സംഭവത്തിനു കാരണമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്.

ലിനയുടെ മകനായ ജെറാര്‍ഡോയും ലിനയും ഒരുമിച്ചു കളിച്ചുവളര്‍ന്നു എന്നു പറയുന്നതാവും ഉചിതം. ഒരു പത്തുവയസ്സുവരെയെങ്കിലും ജെറാര്‍ഡോ വിചാരിച്ചിരുന്നത് ലിന തന്റെ മൂത്ത ചേച്ചിയാണ് എന്നായിരുന്നു. മുതിര്‍ന്നപ്പോള്‍ ഒരു ആശുപത്രിയില്‍ സെക്രട്ടറിയായി ജോലിനോക്കിയ ലിന ആ വരുമാനം കൊണ്ട് തന്റെ മകനെ പഠിപ്പിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ലിന റൌള്‍ ജുരാഡോയെ വിവാഹം കഴിച്ചു. ലിനക്ക് രണ്ടാമതൊരു കുഞ്ഞുണ്ടാകുന്നത് 1972 ലായിരുന്നു. അതായത് മൂത്തമകനായ ജെറാര്‍ഡോയുമായി 33 വയസ്സിന്റെ വ്യത്യാസം. ജെറാര്‍ഡോ തന്റെ നാല്‍പ്പതാമത്തെ വയസ്സില്‍ രോഗബാധിതനായി മരണമടഞ്ഞു. ലിനയും ഭര്‍ത്താവും ഇപ്പോഴും ലിമയിലെ ഒരു ഗ്രാമത്തില്‍ ജീവിച്ചിരിപ്പുണ്ട്

വിക്കീപീഡിയ, ചില സൈറ്റുകള്‍ എന്നിവ ആധാരമാക്കി എഴുതിയത്

ശ്രീ

3 comments: