Saturday, March 13, 2010

വെറുക്കപ്പെടേണ്ടൊരച്ഛന്‍

"എടാ രാജീവാ നീയറിഞ്ഞാ നമ്മുടെ സുനിലിന്റെ അച്ഛന്‍ മരിച്ചു".

ഉറക്കത്തില്‍നിന്നുമുണര്‍ന്ന രാജീവന്‍ എന്തോ വിശ്വസിക്കാനാവാത്തതുകേട്ടതുപോലെ വിജയനെ നോക്കി.

"സത്യമാടാ.അവനിപ്പോള്‍ ഫോണ്‍ വന്നതേയുള്ളു.എന്നോടു എന്റച്ഛന്‍ മരിച്ചുപോയിയെന്നു‍പറഞ്ഞിട്ടവന്‍ പുറത്തേയ്ക്കുപോയി.കുറച്ചുനേരമായി.നീ ഒന്നെണീറ്റേ.നമുക്കൊന്നുപോയിനോക്കാം".

പെട്ടന്നുതന്നെ രാജീവന്‍ മുഖമൊന്നു കഴുകിയശേഷം വിജയനൊപ്പം പുറത്തേയ്ക്കിറങ്ങി.

ആ മുറിയില്‍ ഇപ്പോള്‍ അവര്‍ മൂന്നുപേര്‍ മാത്രമേയുള്ളു.മുമ്പുണ്ടായിരുന്ന മൂന്നുപേര്‍ കഷ്ടപ്പാടുതാങ്ങാനാവാതെ മറ്റുജോലിയന്യോഷിച്ചുപോയി.ഇപ്പോള്‍ എവിടെയാണെന്നുപോലുമറിയില്ല.രാജീവനും സുനിലും വിജയനും എന്തുകൊണ്ടോ ആ കാലാവസ്ഥയുമായിപൊരുത്തപ്പെട്ടുപോയി.ഉള്ളതുകൊണ്ടവര്‍ തൃപ്തിപ്പെടുന്നു.അടുത്ത കൂട്ടുകാരാണെങ്കിലും മൂവര്‍ക്കും പരസ്പരം കൂടുതലായൊന്നുമറിയില്ല.മരുഭൂമിയിലെ ദുരിതം നിറഞ്ഞ ജീവിതത്തില്‍ സ്വന്തം പ്രയാസങ്ങള്‍ അറിയിച്ചു എന്തിനു ഒരാളെക്കൂടി വിഷമിപ്പിക്കണം എന്നു കരുതിക്കാണുമവര്‍.എന്നിരുന്നാലും അവര്‍ പുറമേ എന്നും സന്തോഷം നിറഞ്ഞ മുഖത്തോടെയാണു ജീവിച്ചിരുന്നതു.

പതിവായി തങ്ങള്‍ പോവാറുള്ള എല്ലാ സ്ഥലങ്ങളിലും അവര്‍ സുനിലിനെ തിരഞ്ഞു നടന്നു.

"ഇവനിതെവിടെപോയി.ഫോണാണെങ്കില്‍ സ്വിച്ചോഫും.ഒരുവേള അവന്‍ ബഷീറിക്കായുടെ അടുത്തുകാണുമോ.എന്തായാലും നീ വാ നമുക്കവിടെയൊന്നു നോക്കാം".നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ വടിച്ചുകളഞ്ഞുകൊണ്ട് വിജയന്‍ രാജീവനോടായി പറഞ്ഞു.

എന്നാല്‍ ബഷീറിക്കായുടെ അടുത്തും സുനില്‍ എത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ അവരെ ബാധിക്കുവാന്‍ തുടങ്ങി.സമയം കടന്നുപോകുന്തോറും അതു കൂടിക്കൂടിവന്നു.

പെട്ടന്ന്‍ വിജയന്റെ ഫോണടിയ്ക്കുവാ​ന്‍ തുടങ്ങി.

"ദേ സുനിലാടാ രാജീവാ.ഹലോ നീയിതെവിടെയാ ങ്ഹേ റൂമിലുണ്ടെന്നൊ.ച്ഛേയ് നീയിതെന്തുപണിയാ കാട്ടിയതു.ഞങ്ങളിനി നിന്നെ തിരക്കാന്‍ സ്ഥലം ബാക്കിയില്ല.ഞങ്ങളിതാ വരുന്നു".

പെട്ടന്നു തന്നെ രാജീവനും വിജയനും റൂമിലേയ്ക്കു തിരിച്ചു.


റൂമിന്റെ വാതിക്കല്‍ തന്നെ സുനില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

"നിങ്ങളെന്തിനാ എന്നെ തിരഞ്ഞുപോയതു.ഞാന്‍ സാധനം വാങ്ങാന്‍ പോയതല്ലായിരുന്നൊ.അവിടെയാണെങ്കി മൊബൈലിനു റെയിഞ്ചില്ല.അതുകൊണ്ടാ വിളിക്കാന്‍ പറ്റാതിരുന്നതു.
ശരി വന്നേ വന്നേ പെട്ടന്നാവട്ടേ.ഇന്നു ആഘോഷത്തിന്റെ ദിവസമാണെനിയ്ക്കു.നമുക്കിന്നടിച്ചുപൊളിയ്ക്കണം".നിറഞ്ഞ സന്തോഷത്തോടെ തങ്ങളോടു സംസാരിക്കുന്ന സുനിലിനെ ഒരത്ഭുതവസ്തുവിനെ കാണുന്നതുപോലെ അവര്‍ മിഴിച്ചുനോക്കി.

മുറിയ്ക്കകത്തേയ്ക്കു കയറിയ അവര്‍ ആകെ അന്തംവിട്ടുപോയി.രണ്ടു ഫുല്‍ബോട്ടില്‍ മദ്യവും ഒരു കെയ്സ് ബിയറും പിന്നെ കുറെ ആഹാര സാധന‍ങ്ങളും.

ഒന്നുമൊന്നും മനസ്സിലാകാതെ വിജയനും സുനിലും പരസ്സ്പരം നോക്കിനിന്നു.

സ്വന്തം അച്ഛന്‍ മരിച്ചുവെന്നിവന്‍ പറഞ്ഞതു കള്ളമാണോ.

മൂന്നു ഗ്ലാസ്സുകളിലായി മദ്യമൊഴിച്ച് ഓരോന്നെടുത്തവര്‍ക്കു നല്‍കിയ ശേഷം തന്റെ ഗ്ലാസ്സ് ഒറ്റവലിയ്ക്കു കലിയാക്കിവച്ച സുനിലിനെ അവര്‍ ഒരിക്കല്‍കൂടിനോക്കിയശേഷം തങ്ങളുടെ ഗ്ലാസ്സുകള്‍ ചുണ്ടോടു ചേര്‍ത്തു.

ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു.

"രാജീവാ.നീയറിഞ്ഞോ എന്റെ അച്ഛന്‍ മരിച്ചു.ഇന്നു രാവിലെ.ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണിന്നു.എനിയ്ക്കിന്നാഘോഷിക്കണം".നിറഞ്ഞ ഗ്ലാസ്സെടുത്തുയര്‍ത്തിക്കൊണ്ട്.സുനില്‍ പറഞ്ഞു.

"എന്താടാ സുനിലേയിത്.നിന്റച്ഛനല്ലേ.അങ്ങിനെയൊന്നും പറയാന്‍ പാടില്ല.നീ നാട്ടില്‍ പോകുന്നുണ്ടോ.നമുക്കു മാനേജരുമായി ഒന്നു സംസാരിക്കാം".ഗ്ലാസ്സു താഴെവച്ചുകൊണ്ട് വിജയന്‍ പറഞ്ഞു.

"നാട്ടിലോ ഞാനോ എന്തിനു. അതിന്റെയൊന്നുമാവശ്യമില്ല.ഒരു മകനെന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍. അതു കിട്ടാതെ ആ ആത്മാവ് അലഞ്ഞു തിരിഞ്ഞു ഗതിപിടിയ്ക്കാതെ നടക്കണം.ഹും അച്ഛന്‍.ആ വാക്കിനോടുപോലും വെറുപ്പാണെനിയ്ക്കു.രണ്ടു മക്കളെയുണ്ടാക്കിയതുകൊണ്ടുമാത്രം ഒരാളെ അച്ഛനെന്നു വിളിക്കാമോ.എന്റെ അച്ഛന്‍ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിയ്ക്കുന്നതും ഉമ്മവയ്ക്കുന്നതുമെല്ലാം ഞാന്‍ കൊതിച്ചുപോയിട്ടുള്ളതാടാ.എന്റെ പാവം അമ്മയും പെങ്ങളും.ആ ദുഷ്ടനെ അങ്ങു കൊന്നുകളഞ്ഞാലോ എന്നു നിരവധിപ്രാവശ്യം ചിന്തിച്ചിട്ടൊള്ളതാ ഞാന്‍.നിങ്ങളോടൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ലെന്റെ സ്വകാര്യദുഃഖങ്ങള്‍.ആ മരണം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്റെ പാവം അമ്മയെയായിരിക്കും.ഒരു മനുഷ്യായുസ്സുമുഴുവനനുഭവിയ്ക്കേണ്ടതെന്റെയമ്മ ഈ പ്രായത്തിനുള്ളില്‍ അനുഭവിച്ചുകഴിഞ്ഞു.ജീവിതത്തില്‍ ഇന്നേവരെ സമാധാനവും സന്തോഷവുമവരെന്താണെന്നറിഞ്ഞിട്ടില്ല".

നിറഞ്ഞ കണ്ണുകള്‍ ഒന്നു തുടച്ചുകൊണ്ട് ഒന്നും മനസ്സിലാവാതെ മുഖത്തോടുമുഖം നോക്കിയിരിയ്ക്കുന്ന തന്റെ കൂട്ടുകാരെ നോക്കി സുനില്‍ തുടര്‍ന്നു.

"എനിയ്ക്കു ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നുവരെ എന്റെ അമ്മയുടെ കണ്ണുകള്‍ തോര്‍ന്നതു ഞാന്‍ കണ്ടിട്ടില്ല.എന്നും മദ്യപിച്ചുവന്നു അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന എന്നെയും എന്റെ കുഞ്ഞുപെങ്ങളേയും നികൃഷ്ടമായികാണുന്ന ഒരാളെ ഞാന്‍ എങ്ങിനെ അച്ഛന്‍ എന്നു വിളിച്ചു ബഹുമാനിയ്ക്കും.മുതിര്‍ന്നപ്പോള്‍ പലപ്പോഴും എതിര്‍ക്കണമെന്നു തോന്നിയിട്ടുണ്ട്.പക്ഷേ എന്റമ്മ.ഒരിയ്ക്കല്‍ അമ്മയെ അടിയ്ക്കുന്നതിനു തടസ്സം പിടിയ്ക്കാന്‍ ചെന്ന എന്റെ പെങ്ങളെ ആ മനുഷ്യന്‍ തൊഴിച്ചെറിഞ്ഞതുമൂലം ഇന്നും അവള്‍ ഒരേ കിടപ്പിലാണു.അത്രയ്ക്കു ക്രൂരനായ ആ മനുഷ്യന്റെ മരണം ഞാനാഗ്രഹിച്ചിരുന്നു.പലവട്ടം.ഇനിയെന്റെ അമ്മയുടെ കണ്ണുകള്‍ ഒരിയ്ക്കലും നിറയാന്‍ ഞാനനുവദിയ്ക്കില്ല.ഞാന്‍ ഇപ്പോള്‍ ഈ ലോകത്തിലേറ്റവും സന്തോഷിക്കുന്ന വ്യക്തിയാണെടാ...".നിറഞ്ഞ ഗ്ലാസ്സെടുത്തുകൊണ്ട് സുനില്‍ ആടിയാടി പുറത്തേയ്ക്കു നടന്നു.

ഇത്രയും കാലം ഇത്രയേറെ സങ്കടങ്ങളുള്ളിലൊതുക്കിക്കൊണ്ടാണു തങ്ങളോടൊപ്പം സുനില്‍ കഴിഞ്ഞിരുന്നതെന്നവര്‍ മനസ്സിലാക്കിയിരുന്നില്ല.ആ പോക്ക് നോക്കിയിരിയ്ക്കുമ്പോള്‍ സ്വന്തം അച്ഛനാരാണെന്നു ഉറപ്പിച്ചുപറയുവാന്‍ കഴിയാത്ത ഒരമ്മയുടെ മകനായിജനിച്ചുപോയ ദുഃഖമൊരുനിമിഷം വിജയന്‍ മറന്നു.

താന്‍‍ വീടുവിട്ടുവരുമ്പോള്‍ എത്രയും പെട്ടന്നുമടങ്ങിവരണമെന്നു പറഞ്ഞുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു കണ്ണീര്‍വാര്‍ത്ത തന്റെ സ്നേഹനിധിയായ അച്ഛനെ മനസ്സിലോര്‍ത്തുകൊണ്ട് രാജീവന്‍ തറയിലേയ്ക്കു മലര്‍ന്നുകിടന്നു തന്റെ കണ്ണുകളടച്ചു.‍

9 comments:

  1. സ്നേഹനിധിയായൊരച്ഛന്‍. അതെല്ലാം വെറുമൊരു സങ്കല്‍പ്പം മാത്രമാണു.

    ReplyDelete
  2. ഹാഷിമിനെല്ലാം കൂതറ തന്നെയുള്ളോ...ശ്രീകുട്ടാ...വത്യസ്തങ്ങളായ അച്ഛന്മാർ പല വീക്ഷണ കോണുകളിൽ... കൊള്ളാം

    ReplyDelete
  3. കൊള്ളാം നല്ല കഥ.മൂന്നു തരം അച്ഛന്മാര്‍. ഇത്തരം അച്ഛന്മാര്‍ എല്ലാക്കാലവും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അമ്മമാരും തഥൈവ. അമ്മമാഹാത്മ്യവും വെറും കെട്ടുകഥയായി മാറുകയാണ്.

    ReplyDelete
  4. അത് കൊള്ളാം. ഒരു കഥ, മൂന്ന് മക്കള്‍, 3 തരം അച്ഛന്മാരും

    ReplyDelete
  5. സുഹൃത്തേ,
    എന്നെ സംബന്ധിച്ച് അച്ഛനെ ആരാധനയോടെയേ കണ്ടിട്ടുള്ളൂ.. പിന്നെ, താങ്കൾ പറഞ്ഞപോലുള്ള അച്ഛന്മാരും ഉണ്ട്.. അല്പം സത്യവും കുറച്ച് ഭാവനയും ചേർത്ത് ഒരിക്കൽ ഞാൻ അത് എഴുതിയിരുന്നു.. ഈ വഴി പോയാൽ വായിക്കാം..

    ReplyDelete
  6. ഹാഷിം,എറക്കാടന്‍,മൈത്രേയി,ശ്രീ എല്ലാപേര്‍ക്കും നന്ദി

    മനോരാജ്,

    ആരാധനയും ബഹുമാനവും അര്‍ഹിക്കുന്ന അച്ഛന്‍.അതു പൊളിയല്ലെങ്കില്‍ ഞാന്‍ നിങ്ങളെയോര്‍ത്ത് അസൂയപ്പെടുന്നു. സത്യം.

    ReplyDelete
  7. മൂന്ന് പേര്‍ക്ക് മൂന്ന് തരം അച്ഛന്മാര്‍.
    ബഹുജനം പലവിധം
    അല്ലതെന്തു പറയാന്‍.

    ReplyDelete