Wednesday, August 4, 2010

നാട്ടിലേയ്ക്കൊരു മടക്കം

പ്രവാസം എല്ലാ രീതിയിലും നമുക്ക് നഷ്ടപ്പെടലുകള്‍ മാത്രം സമ്മാനിക്കുന്ന ഒന്നാണ്.ഈ മണലാരണ്യത്തില്‍ കടുത്ത ചൂടിലും കൊടും ശൈത്യത്തിലും വിശ്രമമെന്തെന്നറിയാതെ പണിയെടുക്കുമ്പോള്‍,എന്തേലും അസുഖം പിടിപെട്ട് ആരും നോക്കാനില്ലാതെ കിടക്കുമ്പോള്‍ ,മനസ്സിനിഷ്ടപ്പെടാത്ത അരുചികരമായ ഭക്ഷണം കഴിക്കേണ്ടി വരുമ്പോള്‍,മേലാളമ്മാരുടെ തെറികള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ ഒക്കെ ആ നഷ്ടപ്പെടലുകളുടെ ആഴവും പരപ്പും നമുക്ക് വളരെയേറെ വ്യക്തമാകും.

പച്ചവിരിച്ച പാടശേഖരങ്ങളും പുഴയും തോടും അമ്പലവും ഉത്സവങ്ങളും പ്രീയപ്പെട്ട കൂട്ടുകാരും അച്ഛനുമമ്മയും കൂടപ്പിറപ്പുകളും എല്ലാം കയ്യെത്താദൂരത്താണെന്നു മനസ്സിലാവുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സു തളര്‍ന്നു പോവുക തന്നെ ചെയ്യും.എന്നിട്ടും ആരെയൊക്കെയോ തോല്‍പ്പിക്കാനെന്നവണ്ണം അല്ലെങ്കില്‍ എന്തൊക്കെയോ വെട്ടിപ്പിടിക്കാന്‍ വേണ്ടി ഈ മണലാരണ്യത്തിന്റെ ഭാഗമായി മാറുകയാണു ഓരോ പ്രവാസിയും.തങ്ങളുടേതായ എല്ലാ സുഖങ്ങളും തല്‍ക്കാലം മാറ്റിവെച്ചിട്ട് അല്ലെങ്കില്‍ മന:പൂര്‍വ്വം മറന്നുകൊണ്ട് ആര്‍ക്കൊക്കെയോ വേണ്ടിടാ​‍ആരോടൊക്കെയോ പട പൊരുതുന്നു.നഷ്ടപ്പെടലുകളുടെ വേദനയിലും അവര്‍ സന്തോഷം കണ്ടെത്തുന്നു.ഒടുവില്‍ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം കടം മേടിച്ചും കയ്യിലുള്ളതുമെല്ലാം കൊണ്ട് പ്രീയപ്പെട്ടവര്‍ക്കു വേണ്ടതെല്ലാം മേടിച്ചുകൊണ്ട് നമ്മെ കാത്തിരിക്കുന്നവരുടെ അടുത്തേയ്ക്കു പോകുമ്പോള്‍, അവരുടെ മുഖത്ത് വിടരുന്ന സന്തോഷം നേരിട്ടു കാണുമ്പോള്‍ അനുഭവിക്കുന്ന സുഖം മാത്രമാണു അതേ വരെയുള്ള എല്ലാ കഷ്ടപ്പാടുകളും മറന്നു ഒന്നു ചിരിക്കുവാന്‍ ഒരു പ്രവാസിയ്ക്ക് സഹായകമാകുന്നത്.

അതേ. ഞാനും തിരിക്കുകയാണ്. എന്റെ സങ്കടങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമെല്ലാം താല്‍ക്കാലിക വിട നല്‍കിക്കൊണ്ട് എന്റെ പ്രീയപ്പെട്ടവരുടെ അടുത്തേയ്ക്ക്. കൃത്യം 30 ദിവസത്തേയ്ക്കു മാത്രം അനുവദിക്കപ്പെട്ട ഒരു അവധിക്കാലമാഘോഷിക്കുവാന്‍ വേണ്ടി. എന്റെ മനസ്സു കിടന്നു തുള്ളുകയാണു.

ഓര്‍മ്മ വച്ചകാലം മുതല്‍ ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താതിരുന്ന മാറൂട് ക്ഷേത്രത്തിലെ ഉത്സവവും എഴുന്നള്ളത്തും താലപ്പൊലിയുംവിളക്കും പിന്നെ കീഴാറ്റിങ്ങള്‍ മുരുകന്‍ ക്ഷേത്രത്തിലെ തൈപ്പൂയകാവടി മഹോത്സവം, മാടന്‍ നടയിലേയും ഭജനമഠത്തിലേയും ഉത്സവങ്ങള്‍, വൃശ്ചികമാസത്തില്‍ മാലയിട്ട് ഭജനവും വിളക്കുമൊക്കെ നടത്തി ശബരിമലയ്ക്കു പോകുന്നത് പിന്നെ ഓണവും വിഷുവും ദീപാവലിയും പ്രീയപ്പെട്ടവരുടെ വിവാഹങ്ങള്‍....അങ്ങിനെയെത്രയെത്ര കാര്യങ്ങളാണ് പ്രവാസത്തിന്റെ ഈ നാലരക്കൊല്ലത്തിനുള്ളില്‍ എനിക്കു നഷ്ടമായത്.ഇതെല്ലാം ഈ ചുരുങ്ങിയ ഒരു മാസം കൊണ്ട് അനുഭവിക്കാന്‍ പറ്റില്ല.എന്നിരുന്നാലും ഇത്തവണത്തെ ഓണം അതെനിക്കാഘോഷിക്കുവാന്‍ പറ്റും.(അടുത്ത ബന്ധുക്കളാരുടെയെങ്കിലും വിളക്കൂതാതിരുന്നാല്‍). വീട്ടുകാരോടൊപ്പമിരുന്ന്‍ ഓണസദ്യയുണ്ണുവാന്‍ വേണ്ടി ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു.

ബ്ലോഗിംഗിന്റെ ഈ മാസ്മരലോകത്തില്‍ നിന്നും ഒരു മാസം വിട്ടുനില്‍‍ക്കുക എന്നതു സങ്കടകരമാണെങ്കിലും ഞാന്‍ അത് സൌകര്യപൂര്‍വ്വം മറക്കുന്നു. എന്റെ എല്ലാ പ്രീയപ്പെട്ട ബൂലോകത്തെ സുഹൃത്തുക്കള്‍ക്കും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും സമ്പത്തും നിറഞ്ഞ അതി മനോഹരമായൊരു തിരുവോണം അഡ്വാന്‍സായി നേര്‍ന്നുകൊള്ളുന്നു.

അപ്പോള്‍ പിന്നെ എല്ലാപേരെയും ഒരു മാസം കഴിഞ്ഞു കാണാം.

വീണ്ടുമൊരിക്കല്‍ക്കൂടി എല്ലാപേര്‍ക്കും നന്മ നിറഞ്ഞ ഒരു പൊന്നോണം ആശംസിച്ചുകൊണ്ട്

സ്നേഹപൂര്‍വ്വം

ശ്രീക്കുട്ടന്‍

9 comments:

  1. ശ്രികുട്ടന് അഡ്വാൻസായി ഓണാംശസകൾ

    ReplyDelete
  2. ശുഭയാത്ര നേരുന്നു!

    ReplyDelete
  3. ഹ ഹ "അടുത്ത ബന്ധുക്കളാരുടെയെങ്കിലും വിളക്ക്" ഊതാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു. :)

    ReplyDelete
  4. ശ്രീക്കുട്ടാ,ആശംസകൾ!
    ഒപ്പം, സുസ്വാഗതം, മാവേലിനാട്ടിലേക്ക്!

    ReplyDelete
  5. അനൂപ്,

    നന്ദി.എന്റേയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

    അലി ഭായ്,

    നന്ദി.

    ബിനോയ് ചേട്ടാ,

    സത്യമായും ആ പേടിയുണ്ട്.ഒന്നു രണ്ട് അമ്മുമ്മമാരും അപ്പുപ്പമ്മാരും തയ്യാറായിട്ടിരിപ്പൊണ്ട്.വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍......

    ജയേട്ടാ,

    എന്റേയും ഓണാശംസകള്‍.

    ReplyDelete
  6. ഓണാശംസകള്‍!

    Have A Nice Time!

    ReplyDelete
  7. ഞാനാദ്യമായാണിവിടെ

    ആശംസകള്‍!

    ReplyDelete