Thursday, January 13, 2011

നഷ്ടപ്പെട്ടുപോയത്

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും യദുവിന്റെ മനസ്സില്‍ ജിസയുടെ ചിത്രം തന്നെയായിരുന്നു.അവളെന്തിനായിരിക്കും ഇത്രയേറെ സങ്കടപ്പെടുന്നത്. അപൂര്‍വ്വമായേ അവളുടെ മുഖത്ത് ചിരി പ്രത്യക്ഷപ്പെടാറുള്ളു.എന്തോ കാര്യമായ പ്രശ്നം അവളെ അലട്ടുന്നുണ്ട്.പക്ഷേ ഒരിക്കലുമവള്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ല.ഒരേ ഓഫീസില്‍ കഴിഞ്ഞ ആറുമാസമായി വര്‍ക്കു ചെയ്തിട്ടും തനിക്ക് ജിസയെക്കുറിച്ച് എന്താണറിവുള്ളത്.ആകെ അറിയാവുന്നത് ജിസയെന്നൊരു പേരു മാത്രം.മറ്റുള്ളവര്‍ക്കുമതേ.കാര്യമായ അറിവൊന്നുമില്ല.ശ്യാമയോടു ചിലപ്പോഴൊക്കെ സംസാരിച്ചിരിക്കുന്നതു കാണാം.അവളും ഒരു ടൈപ്പ് തന്നെ.ജിസയെക്കുറിച്ച് കൂടുതലറിയണമെന്നു കരുതി അടുക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ അകലം പാലിക്കുകയാണു. കണ്ടുമുട്ടിയ ആ നിമിഷം മുതല്‍ എന്തോ ഒരു വല്ലാത്ത ഇഷ്ടം അവളോട് തോന്നിപ്പോയി.തന്റെ ജീവിതത്തിലേയ്ക്കു കൈപിടിച്ചുചേര്‍ക്കണമെന്നു ഉല്‍ക്കടമായ ആഗ്രഹവുമുണ്ട്.പക്ഷേ ജിസയെ നോക്കി ഒന്നും ചോദിയ്ക്കാനുള്ള ധൈര്യം കിട്ടുന്നില്ല.

ഒരു സിഗററ്റെടുത്ത് കത്തിച്ചുകൊണ്ട് കതകു തുറന്ന് യദുകൃഷ്ണന്‍ പുറത്തേയ്ക്കിറങ്ങി.ശരീരത്തിലാകെ ഒരു കുളിരു പടരുന്നതുപോലെ.തെളിഞ്ഞ ആകാശവും നോക്കി സിഗററ്റുപുകച്ചുനില്‍ക്കുമ്പോള്‍ വീണ്ടുമവന്റെ ചിന്ത ജിസയെക്കുറിച്ചായി.ഇന്നു രാവിലെ എന്തിനായിരിക്കും അവള്‍ കരഞ്ഞത്.വെറുതെ തിരിഞ്ഞുനോക്കിയപ്പോള്‍ തൂവാലകൊണ്ട് നിറഞ്ഞ മിഴികളൊപ്പുന്ന ജിസയെയാണു താന്‍ കണ്ടത്.എന്തുകൊണ്ടോ മനസ്സില്‍ ഒരു തീക്കനല്‍ വീണതുപോലെയാണു തനിയ്ക്കനുഭവപ്പെട്ടത്.ഒന്നും ചോദിയ്ക്കുവാന്‍ തനിക്കു തോന്നിയില്ല.അവളതു ഇഷ്ടപ്പെടുകയുമില്ല.കുറച്ചുകഴിഞ്ഞ് മുഖം കഴുകിയിട്ടു വന്നു തന്റെ ജോലി തുടരുന്ന ജിസയെ അതിശയത്തോടെയാണല്ലോ താന്‍ നോക്കിയത്.അവളെ വിവാഹം കഴിയ്ക്കുവാന്‍ തനിയ്ക്കു താല്‍പ്പര്യമുണ്ടെന്നു ശ്യാമ മുഖന്തിരം അറിയിച്ചതും അവളത് നിഷ്ക്കരുണം തള്ളിക്കളഞ്ഞതും തനിയ്ക്കെത്രമാത്രം വേദനയാണുണ്ടാക്കിയത്.തനിയ്ക്കെന്തായിരുന്നു ഒരു കുറവ്.നല്ല ജോലി,സുന്ദരന്‍,തെറ്റില്ലാത്ത സാമ്പത്തികാടിത്തറയുണ്ട് മാത്രമല്ല യാതൊരുവിധ ചീത്തശീലങ്ങളുമില്ല.വല്ലപ്പോഴും മാത്രമാണ് ഒരു സിഗററ്റ് വലിയ്ക്കുന്നത്.എന്നിട്ടും..

ഒരു സിഗററ്റ് കൂടി കൊളുത്തിക്കൊണ്ട് യദു തന്റെ ചിന്താലോകത്തിലേയ്ക്കു മടങ്ങി.നിമയെ വിവാഹം കഴിപ്പിച്ചയതിനുശേഷം അമ്മ ഉത്സാഹപൂര്‍വ്വം തനിയ്ക്കുവേണ്ടി ആലോചിച്ചുതുടങ്ങിയതാണു.എത്ര കുട്ടികളെകണ്ടിരിക്കുന്നു.പക്ഷേ ഒന്നും തനിയ്ക്കു മനസ്സിനിഷ്ടപ്പെട്ടില്ല.തന്റെ സ്വപ്നത്തില്‍ വന്നു തന്നെ കൊതിപ്പിക്കുന്ന വളരെയേറെ തലമുടിയുള്ള വെളുത്ത് കൊളുന്നനെയുള്ള ആ മുഖം ആരിലും തനിയ്ക്കു കണ്ടെത്താനായില്ലല്ലോ.ഒടുവില്‍ എപ്പോഴെങ്കിലും നിനക്കു തോന്നുന്നെങ്കില്‍ നിനക്കിഷ്ടപ്പെട്ട ആരെ വേണേലും കൊണ്ടുവന്നുകൊള്ളാന്‍ പറഞ്ഞുകൊണ്ട് അമ്മ തനിയ്ക്കു പെണ്ണന്യോഷിയ്ക്കുന്നത് നിര്‍ത്തി.ഈ ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോഴാണു തന്റെ സ്വപ്നത്തില്‍ വരാറുള്ള ആ രൂപം താന്‍ കണ്ടത്.ആദ്യ ദര്‍ശനാനുരാഗം എന്നെല്ലം വെറുതേ പറയുന്നതല്ല.താനതനുഭവിച്ചതാണ്.

ജിസയെ ആദ്യം കണ്ടപ്പോള്‍ വിവാഹിതയായിരിക്കുമോ എന്നു ഭയന്നതാണ്. കല്യാണം കഴിഞ്ഞിട്ടില്ലെന്നു പിന്നീട് ശ്യാമ പറഞ്ഞറിഞ്ഞപ്പോഴാനൊരു സമാധാനമായത്.പത്തിരുപത്തഞ്ച് വയസ്സയിട്ടും കല്യാണം കഴിയ്ക്കാത്തതെന്തായിരിക്കുമെന്നു മനസ്സിനുള്ളില്‍ ഒരു സന്ദേഹം തോന്നതിരുന്നില്ല.ഒരു പക്ഷേ ദൈവം തനിയ്ക്കായി കാത്തു വച്ചിരുന്നതാകാം.എന്തു തന്നെ വന്നാലും ഇനിയും കാത്തിരിയ്ക്കാതെ അവളോട് തന്റെ ഇഷ്ടം നേരിട്ടറിയിക്കണം.നാട്ടില്‍ നിന്നും അമ്മയെകൊണ്ടുവന്നു ജിസയെകാണിയ്ക്കണം.അമ്മയ്ക്കിഷ്ടപ്പെടാതിരിയ്ക്കില്ല.ചിലപ്പോള്‍ അമ്മ വന്നുകണ്ടു സംസാരിക്കുമ്പോള്‍ ജിസയ്ക്കു തന്നെക്കുറിച്ചുള്ള അഭിപ്രായം മാറിയാലോ.അങ്ങിനെ ചെയ്യാന്‍ ഇനി താമസിക്കരുതെന്നു കരുതിക്കൊണ്ട് യദു മുറിയിലേയ്ക്കുകയറി പുതപ്പിനടിയിലേയ്ക്കു ചുരുണ്ടുകയറി.അവന്റെ കണ്ണുകള്‍ പതിയെയടയാനാരംഭിച്ചപ്പോള്‍ ആ മനോഹരരൂപം അവന്റെ ഉള്ളത്തിലേയ്ക്കു തെളിഞ്ഞുവരാനാരംഭിച്ചു.അതിനു ജിസയുടെ മുഖഛായയായിരുന്നു.

അവധികഴിഞ്ഞ് പതിവുപോലെ ഓഫീസിലെത്തിയ യദു ജിസയുടെ ഇരിപ്പിടത്തിലേയ്ക്കു പാളി നോക്കി.വന്നിട്ടില്ല.എന്തുപറ്റിയതായിരിക്കും.സാധാരണ താനെത്തുമ്മുമ്പേ വരുന്നതാണല്ലോ.സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു.അന്നു ജിസ വന്നില്ല.ഒരു നിര്‍വ്വികാരമായ ഭാവത്തോടെ യദു ജോലികള്‍ ചെയ്തുകൊണ്ടിരുന്നു.പിറ്റേന്നും അവള്‍ വന്നിട്ടുണ്ടായിരുന്നില്ല.ഉച്ചയായപ്പോള്‍ അവന്‍ ശ്യാമയുടെ അടുത്തു ചെന്നു ജിസയെക്കുറിച്ചന്യോഷിച്ചു.എന്നാല്‍ അവള്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല.മൂന്നാം നാള്‍ ഓഫീസിലെത്തിയപ്പോള്‍ പതിവുപോലെ ആദ്യം കണ്ണുകള്‍ ചെന്നത് ജിസയുടെ ഇരിപ്പിടത്തിലേയ്ക്കായിരുന്നു.അവിടത്തെ ശൂന്യത തന്റെ മനസ്സിലും പടരുന്നത് യദു വേദനയോടെ മനസ്സിലാക്കി.സീറ്റിലിരുന്നതും ശ്യാമ വല്ലാത്ത ഭാവത്തോടെ അവന്റെ മുന്നിലെത്തി.കയ്യിലിരുന്ന പത്രം അവന്റെ നേരെ നീട്ടി.ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തുനോക്കിയ യദു പത്രം വാങ്ങി നിവര്‍ത്തിനോക്കി.മൂന്നാം പേജില്‍ മധ്യഭാഗത്തായി വലിയ തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ഒരു വാര്‍ത്തയും കൂടെകൊടുത്തിരിയ്ക്കുന്ന ചിത്രവും ശ്യാമ തൊട്ടുകാണിച്ചുതന്നു.

"രണ്ടാനച്ഛനെ യുവതി വെട്ടിക്കൊലപ്പെടുത്തി"
ഈരാറ്റുപേട്ട:തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ടാനച്ഛനെ യുവതി വെട്ടിക്കൊലപ്പെടുത്തി.വളരെനാളുകളായി രണ്ടാനന്ന്റെ ഉപദ്രവം സഹിയ്ക്കാനാവാതെ യുവതി പട്ടനത്തില്‍ ഒരു ബന്ധുവിനൊപ്പം രഹസ്യമായി താമസിക്കുകയായിരുന്നു.താന്‍ മടങ്ങിയെത്തിയില്ലെങ്കില്‍ അമ്മയെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത വാര്‍ത്തയറിഞ്ഞ് രണ്ടുദിവസം മുമ്പാണു ജിസയെന്ന യുവതി അമ്മയെകാണാനായി ജോലിസ്ഥലത്തുനിന്നും വന്നത്.മദ്യപിച്ചെത്തിയ രണ്ടാനച്ഛന്‍ രാത്രി യുവതിയെ ഉപദ്രവിയ്ക്കുകയായിരുന്നു.സഹികെട്ട യുവതി കയ്യില്‍ കിട്ടിയ വെട്ടുകത്തിഉപയോഗിച്ചു അയാളെ വെട്ടുകയായിരുന്നു.ഇയാള്‍ മുന്‍പും നിരവധി തവണ യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെട്ടിട്ടുണ്ടെന്നു എസ് ഐ പറയുകയുണ്ടായി


പത്രത്തില്‍ നിന്നും മുഖമുയര്‍ത്തി യദു ശ്യാമയെ നോക്കി.ദയനീയമായ ഒരു ഭാവം കലര്‍ന്നിരുന്നു ആ നോട്ടത്തില്‍.എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കുറച്ചുസമയമിരുന്നശേഷം ആരോടും ഒന്നും പറയാതെ അയാള്‍ പുറത്തേയ്ക്കിറങ്ങിനടന്നു.ഇത്രയേറെ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ചുവച്ചിരുന്നുവോ ജിസ.ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ട് ഒരു അപ്പുപ്പന്‍ താടി കണക്കെ യദു നടന്നുകൊണ്ടിരുന്നു. ഇരമ്പിക്കൊണ്ട് ബ്രേക്കിടുന്ന വാഹനങ്ങളുടെ അലര്‍ച്ചയൊന്നും അവന്റെ കാതില്‍ പതിച്ചില്ല.യാന്ത്രികമായി അവന്‍ നടന്നുചെന്നുകയറിയത് അരണ്ടവെളിച്ചത്തില്‍ പതഞ്ഞുനിറയുന്ന ഗ്ലാസ്സുകള്‍ക്കിടയിലേയ്ക്കായിരുന്നു.ആദ്യമായി ലഹരിയുടെ ബോധക്കേടിലേയ്ക്കവന്റെ മനസ്സാണ്ടുപോയി.എപ്പോഴാണു റൂമിലെത്തിയെതെന്നോ ആരാണെത്തിച്ചതെന്നോ ഒന്നും അവനോര്‍മ്മയുണ്ടായിരുന്നില്ല.അന്നു രാത്രി അവന്‍ സ്വപനങ്ങളൊന്നും കണ്ടില്ല.
പിന്നീടൊരിക്കലും..................................

ശ്രീക്കുട്ടന്‍

7 comments:

  1. നഷ്ടസ്വപ്നങ്ങളുടെ മൂകലോകത്ത് സ്വയം നശിച്ചുകൊണ്ടിരിയ്ക്കുന്ന യദുവിന്റെ കഥയുമായ്...

    ReplyDelete
  2. യദുവിന്റെ സ്നേഹം ആത്മാർത്ഥമായിരുന്നൊ? ആണെങ്കിൽ എങ്കിൽ സ്വപ്നം കാണാതിരിക്കുന്നതെന്തിനു? എന്നെങ്കിലുമൊരു നാൾ ജിസ വരില്ലേ പുറത്ത്? കഥ നന്നായിരുന്നു. ആസ്വദിച്ചു.

    ReplyDelete
  3. Katha ishtamaayi... Reminds us that there are people who keeps everything to themselves and doesnn't tell anyone...

    ReplyDelete
  4. വിഷയം പുതിയതല്ലങ്കിലും അവതരിപ്പിച്ച രീതി നന്നായി...

    ReplyDelete
  5. തുടക്കത്തിലേ എഴുത്തിന്റെ ഭംഗി അവസാനം വരെ നിലനിര്‍ത്താനായില്ല..
    ഇനിയും എഴുതി തെളിയാനുണ്ട്.. എഴുതുക.. ആശംസകള്‍..

    ReplyDelete
  6. ഹാപ്പി ബാച്ചീ,വാത്സ്യായനന്‍,

    അഭിപ്രായത്തിനു നന്ദി.

    മിഴിനീര്‍തുള്ളി,

    പുതുമയുള്ള വിഷയങ്ങള്‍ക്കായി ശ്രമിക്കാം കേട്ടോ

    മഹേഷ്,

    സോറി കേട്ടോ.എഴുത്തിന്റെ ഭംഗി നിലനിര്‍ത്താനാവാത്തതില്‍..ആടുത്ത തവണ ശ്രദ്ധിക്കാം.

    ReplyDelete
  7. കഥ നന്നായിട്ടുണ്ട് ശ്രീക്കുട്ടന്‍. നല്ല നിലവാരമുള്ള വിഷയങ്ങള്‍ ഇനിയും തെരഞ്ഞെടുക്കുക.

    ReplyDelete