Tuesday, August 23, 2011

ഒരിന്ത്യന്‍ ഇംഗ്ലീഷ് വീരഗാഥ

അങ്ങിനെ ആ ചടങ്ങങ്ങട്ട് കഴിഞ്ഞു.കോടിക്കണക്കിനാരാധാകരുടെ പ്രാര്‍ഥനകളും നെടുവീര്‍പ്പുകളും പാഴായില്ല.നാലാം ടെസ്റ്റിലും ഇന്ത്യക്കാര്‍ ഇംഗ്ലണ്ടുകാരെ ഒരു പാഠം പഠിപ്പിച്ചു.ക്രിക്കറ്റ് ദൈവം തന്റെ നൂറാം സെഞ്ചുറിയെങ്ങാനുമടിച്ചിരുന്നെങ്കില്‍ പത്രക്കാരായ പത്രക്കാരും മറ്റുള്ളവരുമെല്ലാം കൂടി അതു മാത്രം പൊക്കിപ്പിടിച്ച് ഇന്ത്യന്‍ ടീമിന്റെ കഠിനപ്രയത്നം കണ്ടില്ലെന്നു നടിക്കുമായിരുന്നു.സത്യത്തില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റ്സ്മ്മാമ്മാരെ വെള്ളം കുടിപ്പിക്കുകയാണു ചെയ്തത്. എല്ലാ ബോളുകളും ബാറ്റ്സ്മാമ്മാരുടെ ബാറ്റിലേയ്ക്ക് തന്നെ കൃത്യമായി എറിഞ്ഞെത്തിച്ചുകൊടുത്തതുമൂലം ഒരൊറ്റ ഇംഗ്ലീഷ് ബാറ്റ്സ്മാമ്മാര്‍ക്കും വിശ്രമമെന്തെന്നറിയാന്‍ പറ്റിയില്ല.അതുവഴി അവരെ ശാരീരികമായി തളര്‍ത്തുകയായിരുന്നു ഇന്ത്യന്‍ ലക്ഷ്യം.അക്കാര്യത്തില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ നൂറുശതമാനം വിജയിച്ചു എന്നുവേണം പറയാന്‍.

ആദ്യ രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിനെ രണ്ടാമിന്നിംഗ്സ് ബാറ്റു ചെയ്യാനനുവദിച്ച ഇന്ത്യ അടുത്ത രണ്ടു ടെസ്റ്റുകളില്‍ അവര്‍ക്കാ അവസരം നിഷേധിച്ചു.അങ്ങിനെ മിടുക്കമ്മാരാകണ്ട എന്ന്‍ ധോണിയും കൂട്ടരും കരുതിയതില്‍ ഒരു തെറ്റുമില്ല.രണ്ടാമിന്നിംഗ്സില്‍ കൂടി ബാറ്റു ചെയ്ത് കൊറച്ചുകൂടി റണ്‍സ് എടുക്കാമെന്നു കരുതിയ ബെല്ലും പീറ്റേര്‍സണുമൊക്കെ സത്യത്തില്‍ നാണം കെട്ടു പോകുകയായിരുന്നു.നമ്മളാരാ പുള്ളികള്‍.മൂന്നുനാലുശതകത്തോളം നമ്മളെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന വെള്ളക്കാരോടുള്ള എല്ലാ വാശിയും പ്രകടമാക്കുന്നതരത്തിലുള്ളതായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാമ്മാരുടെ പ്രകടനവും.ഇംഗ്ലീഷ് ബൌളര്‍മാരുടെ പന്തുകളെ ലവലേശം ഭയപ്പെടാതെ ആദ്യ പന്തുകളില്‍ തന്നെ ഔട്ടാവാന്‍ ഓരോരുത്തരും പരസ്പ്പരം മത്സരിക്കുകയായിരുന്നു.തങ്ങള്‍ക്ക്നേരെ കൂടുതല്‍ പന്തുകളെറിഞ്ഞ് കാണികളുടെ കയ്യടികള്‍ നേടാതെ ബൌളര്‍മാരെ തടയുക എന്ന കര്‍ത്തവ്യം ധോണിയും കൂട്ടരും ഭംഗിയായി നിര്‍വ്വഹിച്ചു.

നാലു ടെസ്റ്റ് മത്സരങ്ങളും തോറ്റമ്പി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്കെത്തി.ഒന്നാണോ വലുത് മൂന്നാണോ വലുതെന്ന്‍ ബുദ്ധിയുള്ളവര്‍ ആലോചിച്ചു കണ്ടെത്തുക.ഇന്ത്യന്‍ ബാറ്റ്സമ്മാമ്മാരും ബൌളര്‍മാരുമെല്ലാം വളരെയേറെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാല്‍പ്പതാമതും അന്‍പതാമതുമൊക്കെയെത്തി.ഇംഗ്ലീഷ് പര്യടനം ഒട്ടും തന്നെ കടുപ്പമുള്ളതായിരുന്നില്ലെന്ന്‍ നമ്മുടെ ഗോപുക്കുട്ടന്‍ പറഞ്ഞത് ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം.പത്തുനാല്‍പ്പതുകൊല്ലത്തിനുശേഷം ഒരു സമ്പൂര്‍ണ്ണതോല് വി നേടാനായതില്‍ ധോണിയ്ക്കും കൂട്ടര്‍ക്കും അഭിമാനിക്കാം.ആ ടീമിലുണ്ടായിരുന്ന എല്ലാ അംഗങ്ങള്‍ക്കും എത്രയും പെട്ടന്ന്‍ ഭാരതരത്ന കൊടുപ്പിക്കാനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ശ്രമം തുടങ്ങേണ്ടതാണു.മാത്രമല്ല ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിവരുന്ന ടീമംഗങ്ങളെ ഒരു വീരോചിതമായി താലപ്പൊലിയും ബാന്റുമേളവുമൊക്കെയായി സ്വീകരിച്ച് ഒരു നഗരപ്രദക്ഷിണം നടത്തിക്കുവാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാവണം...

സത്യത്തില്‍ ഈ മത്സരങ്ങളില്‍ ഇന്ത്യ തോറ്റു എന്നത് ചുമ്മാ പറയുന്നതാണ്.ഇന്ത്യന്‍ ബാറ്റ്സ്മ്മമ്മാരും ഇംഗ്ലീഷ് ബൌളര്‍മാരും തമ്മിലുള്ള അന്തര്‍ധാര സജീവമല്ലാതായിരുന്നതുമൂലം റാഡിക്കലായുള്ള ഒരു മാറ്റം മാത്രമാണുണ്ടായത്.കണക്കുകളില്‍ തോറ്റെങ്കിലും സാങ്കേതികമായി ഇന്ത്യ ജയിച്ചു എന്നുവേണം പറയാന്‍.ഇനി ഏകദിനപരമ്പര കൂടിയുണ്ട്.അതില്‍ കാണിച്ചുകൊടുക്കാം.....

സംഭവബഹുലമായ നാലുമത്സരങ്ങളുടെ വിവരങ്ങള്‍

ലോര്‍ഡ്സില്‍ വച്ച് ജൂലായ് 21 നാരംഭിച്ച ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 474 ഉം രണ്ടാമിന്നിംഗ്സില്‍ 269 ഉം റണ്‍സാണെടുത്തത്.ഇന്ത്യയാവട്ടെ ആദ്യ ഇന്നിംഗ്സില്‍ 286 ഉം രണ്ടാമിന്നിംഗ്സില്‍ 261 ഉം റണ്‍സെടുത്തു.മത്സരത്തില്‍ ഇംഗ്ലണ്ട് 196 റണ്‍സിനു വിജയിച്ചു.

നോട്ടിംഹാമില്‍ ജൂലായ് 29നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് യഥാക്രമം 221 ഉം 541 ഉം റണ്‍സെടുത്തു. ഇന്ത്യക്കാവട്ടെ 288 ഉം 158 ഉം റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.ഫലമോ ഇന്ത്യടെ തോല്‍വി 319 റണ്‍സിനു.

ബര്‍മ്മിംഹാമില്‍ ആഗസ്റ്റ് 10 നാരംഭിച്ച മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 210 റണ്‍സിനു എല്ലാപേരും പുറത്തായി.മറുപടി ബാറ്റിംഗാരംഭിച്ച ഇംഗ്ലണ്ട് 710 റണ്‍സിന്റെ ഒരു മല തന്നെയാണിന്ത്യക്കു മുമ്പില്‍ വച്ചത്.തോല്‍വി ടെസ്റ്റ്ക്രിക്കറ്റിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തുമെന്ന്‍ അറിയാമായിരുന്നിട്ടും അതിനു പുല്ലുവിലപോലും കൊടുക്കാതെ ഇന്ത്യന്‍ ബാറ്റ്സ്മാമ്മാര്‍ വരിവരിയായി പവലിയനിലേയ്ക്ക് മടങ്ങുവാന്‍ മത്സരിച്ചു.244 റണ്‍സിനു ആള്‍ ഔട്ടായ ഇന്ത്യ ഒരിന്നിംഗ്സിനും 242 റണ്‍സിന്റേയും കനത്ത തോല്‍വി ഇരന്നുവാങ്ങി തങ്ങളുടെ ഒന്നാം സ്ഥാനമെന്ന കിരീടം ഇംഗ്ലീഷുകാരുടെ തലയില്‍ ചാര്‍ത്തിക്കൊടുത്തു.

ഓവലില്‍ ആഗസ്റ്റ് 18 നാരംഭിച്ച നാലാം ടെസ്റ്റില്‍ എങ്ങിനെയെങ്കിലും ജയിച്ചു പരാജയഭാരം കുറയ്ക്കുമെന്ന്‍ കരുതിയ അരാധക കോടികളെ അമ്പേ നിരാശരാക്കിക്കൊണ്ട് ഇന്ത്യ ഇന്നിംഗ്സിനും 8 റണ്‍സിനും ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങി സമ്പൂര്‍ണ്ണ പരാജയം രുചിച്ചു.ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 591 റണ്‍സിനെതിരെ പൊരുതിയ ഇന്ത്യ രണ്ടിന്നിംഗ്സിലും കൂടി 583 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.അങ്ങിനെ പവനായി ശവമായി.തങ്ങള്‍ക്കു കിട്ടിയ ഒന്നാം സ്ഥാനം രാജകീയപ്രൌഡിയോടെതന്നെ ഇംഗ്ലീഷുകാര്‍ ആഘോഷിക്കുകയും ചെയ്തു.

ഈ സമ്പൂര്‍ണ്ണ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും കളിക്കാരുടേയും കണ്ണു തുറപ്പിക്കണം.പണത്തിനുവേണ്ടി മാത്രമല്ല രാജ്യത്തിനുവേണ്ടിക്കൂടിയാവണം കളിക്കേണ്ടതെന്ന്‍ നമ്മുടെ താരങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഇതിലും വമ്പന്‍ അടികള്‍ ഇനിയുമുണ്ടാകും.എത്രയും പെട്ടന്ന്‍ നമുക്ക് നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാനിടയാവട്ടെയെന്നു പ്രാര്‍ഥിച്ചുകൊണ്ട്

ശ്രീക്കുട്ടന്‍




13 comments:

  1. ജയവും തോല്‍വിയുമൊക്കെ കളിയില്‍ പതിവല്ലേ... നന്നായി കളിച്ചാലും ചിലപ്പോള്‍ ജയിച്ചെന്ന് വരില്ല. ഒരുനാള്‍ നമ്മള്‍ തിരിച്ചുപിടിക്കും

    ReplyDelete
  2. ആകെപ്പാടെ ബാറ്റിങ്ങ്, ബൗളിങ്ങ്, ഫീൽഡിങ്ങ് എന്നീ മൂന്നു മേഖലകളിലേ ഇന്ത്യ മോശമായുള്ളൂ, ബാക്കിയെല്ലാം നന്നായില്ലേ? കുറ്റം പറയാൻ ഓരോരുത്തര് വന്നിരിക്കുന്നൂ.... ഛെ....
    ധോണി എന്ന ലക്കി ചാം വെടി തീർന്നോ? ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും ഒരു പ്രത്യേകവ്യക്തി കളിച്ചില്ലെങ്കിൽ... എന്ന അവസ്ഥയിൽ നിന്നും നമുക്കിനിയും പുറത്തുവരാറായിട്ടില്ലെന്നു തോന്നുന്നു. ബൗളിങ്ങിൽ സഹീർഖാൻ തന്നെ വേണം, വിക്കറ്റെടുത്തില്ലെങ്കിലും അത്യാവശ്യത്തിന് പ്രഷർ ഉണ്ടാക്കാൻ. Without him, the bowling looked pedestrian.

    ReplyDelete
  3. ഇതിപ്പോ ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ....
    നമ്മളിതെത്ര കണ്ടതാ..... :)

    ReplyDelete
  4. തിരച്ചു വരും കുട്ടാ... വരും. നീ അടങ്ങ്. നമ്മള്‍ ക്രിക്കറ്റിനെ വൈകാരികമായി സമീപിക്കുന്നതിലെ പ്രശ്നമാണ് ഇത്. ശരിയാവും. കാവിലെ പാട്ട് മല്‍സരത്തിനു നമ്മള്‍ തകര്‍ത്ത് വാരി ഇംഗ്ലണ്ടിന്‍റെ മുണ്ട് ഊരി തലയില്‍ കെട്ടുമെടാ.......!

    ReplyDelete
  5. മാഷെ ഒരു പരമ്പര തോറ്റപ്പോള്‍ വാളെടുക്കണോ? ഒരു ചാന്‍സ് കൂടി കൊടുത്തൂടെ? തോല്‍വി വിജയത്തിന്റെ ചവിട്ടുപടിയാണന്നല്ലേ ആരോ പറഞ്ഞത് !

    ReplyDelete
  6. ഒരൊറ്റ കളിയെങ്കിലും ജയിച്ചാല്‍ കുഴപ്പമില്ലായിരുന്നു.. എല്ലാത്തിനും തോറ്റിട്ട് വ്ന്നിരിക്കുന്നു...
    ഇപ്പം ദേ മൂക്കും കുത്തി മൂന്നാം സ്ഥാനത്താ ഒന്നില്‍ നിന്നും.. പലതിനും തോറ്റത് ഇന്നിംഗ്സ് തോല്‍വി.... അല്പമെങ്കിലും ആത്മാര്ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നൊ ?

    ReplyDelete
  7. ആദ്യം ടെസ്റ്റ്‌ ക്രിക്കറ്റ്‌ നിര്‍ത്തലാക്കണം പിന്നെ വഴിയെ ഏകദിനവും നിറുത്തണം.നമുക്ക് ഐ.പി എല്‍ മാത്രം മതി അതോകുമ്പോ കൈ നിറയെ കാശും കിട്ടും അല്‍പ്പം ഭാഗ്യം ഉണ്ടേല്‍ കളിയും ജയിക്കും.ട്വന്റി ട്വന്റി മാത്രം കളിയ്ക്കാന്‍ അറിയാവുന്നവര്‍ ടെസ്റ്റ്‌ കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. നാലു ടെസ്റ്റ്‌ പരമ്പര കളിയ്ക്കാന്‍ ടീമിനെ വിട്ട ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആണ് മണ്ടന്മാര്‍.

    ReplyDelete
  8. ഇന്ത്യൻ ക്രിക്കറ്റിന്റെ പഴയ പ്രതാപകാലം തിരിച്ചു വന്നിരിക്കുന്നു
    !! ഇംഗ്ലണ്ട് ജയിച്ചു എന്നു പറയുന്നതിലും നല്ലത്, ഇന്ത്യ അവരെ തോൽക്കാൻ സമ്മതിച്ചില്ല എന്നു പറയുന്നതാണ്. ഇതാണ് ഞാൻ പറഞ്ഞത്, ദൈവങ്ങൾ കോപിച്ചിരിക്ക്ണൂ,ആ വയസ്സനോട് എന്തെങ്കിലും കഴിച്ച് സമര നിർത്താൻ പറ

    ReplyDelete
  9. വീരമൃത്യു വരിച്ചു എന്നതാകും നല്ലത് അല്ലെ.. :)

    ReplyDelete
  10. തോറ്റത്തില്‍ അല്ല കാര്യം തോറ്റ രീതിയാണ്........ ഈ ഐ പി എല്‍ വര്‍ഷത്തില്‍ കുറഞ്ഞത് ഒരു രണ്ടു തവണയെങ്കിലും നടത്തിക്കൂടെ?

    ReplyDelete
  11. അനുശോചനം രേഖപ്പെടുത്താനെത്തിയ എല്ലാ നല്ലവരായ ആരാധകര്‍ക്കും നന്ദി.

    ReplyDelete
  12. ക്രിക്കെറ്റ് കിറുക്കന്‍ കളി ആയത് കൊണ്ട് എനിക്ക് താല്പര്യമില്ല

    ReplyDelete