Thursday, March 22, 2012

എന്റെ ഗ്രാമം

എത്ര വര്‍ണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങള്‍. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങള്‍. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാന്‍ ആര്‍ക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ എന്റെ ഏലാപ്പുറത്തെക്കുറിച്ച്..

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങള്‍ പട്ടണത്തില്‍ നിന്നും ഏകദേശം നാലരകിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോകുമ്പോല്‍ വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായ സ്ഥലം.അതായിരുന്നു ഏലാപ്പുറം എന്ന കൊച്ചു ഗ്രാമം.അതെ ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലം തന്നെ.ഏകദേശം നാലഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുന്നൂറു വീടുകള്‍.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചേറു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.ഞങ്ങള്‍ നീന്തിപ്പടിച്ചതും മറ്റും ഈ തോട്ടില്‍ തന്നെ.

ഏലാപ്പുറത്തിന്റെ ഹൃദയഭാഗമായ പ്രധാനജംഗ്ഷനില്‍ ബ്രിട്ടീഷുകാരുടെ കാലത്തുപണിതതുപോലുള്ള മൂന്നുനാലുമുറിക്കടകളുണ്ട്. മണ്ണുകുഴച്ചുവച്ചുണ്ടാക്കിയതാണത്.എപ്പോഴാണതു നിലം പൊത്തുന്നതെന്നു പറയാനാകില്ല.ഒന്നാമത്‍ അശോകണ്ണന്റെ ചായക്കടയാണു.പുള്ളിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല.വെറുതെ ഒരു രസത്തിനും സമയമ്പോക്കിനുമായിട്ടാണ് നടത്തുന്നതെന്നാണ് പറച്ചില്‍.പിന്നെയുള്ളത് ബാര്‍ബര്‍ ഷോപ്പ്.നമ്മുടെ ബാലകൃഷ്ണന്റെ പറുദീസ. പണ്ടത്തെ മദാലസ നടിമാരുടെ അര്‍ദ്ധനഗ്നചിത്രങ്ങളുമായി ബാര്‍ബര്‍ഷോപ്പിനെ അലങ്കരിക്കുന്ന മാറാലപിടിച്ച ചുമരുകള്‍.ഒരു കണ്ണാടിയും പിന്നെ കുറച്ചു സാധനങ്ങളും തീര്‍ന്നു.അത്ര തന്നെ.ബാര്‍ബര്‍ ബാലനെ പോലെ കറങ്ങുന്ന ഒരു കസേരയും ആധുനികതയുമൊന്നും വേണമെന്ന്‍ ബാലകൃഷ്ണനാഗ്രഹമില്ല.ഒള്ളതുകൊണ്ടോണം പോലെ.അതണിഷ്ടന്റെ ലൈന്‍.അടുത്തകട ശശിയണ്ണന്റേതാണു.ഒരു മിനി ഫാന്‍സിസ്റ്റോര്‍ .അവിടെ മോഷണം തുടര്‍ക്കഥയായപ്പോള്‍ പുള്ളിക്കാരന്‍ കട മതിയാക്കുകയും ഇപ്പോള്‍ പുതുതായി പണിത അടച്ചുറപ്പുള്ള ഷോറൂമിലേക്കു കട മാറ്റുകയും ചെയ്തു. പിന്നെ ആകെ നല്ല കച്ചവടമുള്ളതു വിക്രമന്‍ ചേട്ടന്റെ റ്റീ സ്റ്റാളിലാണു.വീട്ടില്‍ നിന്നും രാവിലെ ചായകുടിച്ചിട്ടിറങ്ങുന്നവരും പുള്ളിക്കാരന്റെ ഒരു ചായ കുടിക്കുവാന്‍ മറക്കാറില്ല. അല്‍പ്പം മാറി ആനന്ദന മാമന്റെ മുറുക്കാന്‍ കട, സരോജിനിഅമ്മയുടെ സ്റ്റേഷനറിക്കട, ഒരു റേഷന്‍ കട, മില്‍മയുടെ ഒരു ബൂത്ത് എന്നിവയുണ്ട്.മറന്നുപോയി.പുതുതായി ഒരു സര്‍വീസ് സഹകരണ സംഘവും തുറന്നിട്ടുണ്ട്.

റോഡിനെതിര്‍വശത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍.നാലോ അഞ്ചൊ ക്ലാസ്സുകളുള്ളതില്‍ വളരെകുറച്ചു മാത്രം കുട്ടികള്‍.അടുത്തകാലം വരെ സാമൂഹ്യവിരുദ്ധരുടെ പ്രധാന താവളമായിരുന്ന ഈ സ്കൂള്‍ ഇപ്പോള്‍ വലിയ ചുറ്റുമതിലൊക്കെകെട്ടി പാച്ചുവര്‍ക്കുകളും മറ്റുമൊക്കെ ചെയ്ത് പെയിന്റടിച്ച് കുട്ടപ്പനാക്കി ഇംഗ്ലീഷ് മീഡിയം സ്കൂളാക്കിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ കുട്ടികലുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഏലാപ്പുറത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഭാഗമാണു പഞ്ചായത്തുവെയിറ്റിംഗ് ഷെഡ്.രാവിലെ മുതല്‍ സ്കൂളിലും കോളേജിലും പോകാന്‍ വരുന്ന എല്ലാ പെണ്‍കൊടിമാരേയും ഉത്തരവാദിത്വത്തൊടുകൂടി യാത്രയയപ്പിക്കുന്നതിനായി ചുള്ളന്മാരുടെ ഒരു പ്രത്യേക ടീം തന്നെയുണ്ട്.അവര്‍ വളരെ രാവിലെ തന്നെ താന്താങ്ങളുടെ ഏരിയയില്‍ നിലയുറപ്പിക്കും.എല്ലാ പെണ്മണിമാരെയും യാത്ര അയച്ചശേഷം വൈകുന്നേരത്തെ സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകും.(അവശ കാമുകന്മാരേ നിങ്ങളെന്നോടു ക്ഷമിക്കണം കേട്ടൊ.എഴുതുമ്പോള്‍ എല്ലാമെഴുതണമല്ലോ.അതുകൊണ്ടാ.ആരെങ്കിലും ഇതു വായിച്ചിട്ട് ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എനിക്കു പണി തരരുതു.പ്ലീസ്).

ജംഗ്ഷനില്‍ നിന്നും ഒരു പത്തുമിനിട്ട് നടന്നാല്‍ മാറുവീട് ശിവപാര്‍വ്വതിക്ഷേത്രത്തിലെത്താം.ഈ അമ്പലത്തിലേയ്ക്ക് വരുവാനായി എല്ലാവരുടേയും ശ്രമഫലമായി വയലില്‍കൂടി ഒരു റോഡ് നിര്‍മ്മിക്കുകയുണ്ടായി.അതുകൊണ്ട് തന്നെ വണ്ടിയിപ്പോള്‍ അമ്പലമുറ്റം വരെ എത്തും.മുന്‍പ് ശോചനീയാവസ്ഥയിലായിരുന്ന ഈ അമ്പലം ഇപ്പോള്‍ കുടുംബക്കാരെല്ലാപേരും കൂടി ചേര്‍ന്നു പുതുക്കിപ്പണിതു ഒരു വലിയ അമ്പലമാക്കി മാറ്റി.ധാരാളം ആള്‍ക്കാര്‍ ഇപ്പോള്‍ ഇവിടെയെത്തുന്നുണ്ട്.കുംഭമാസത്തിലെ പുണര്‍തം നാളിലാണിവിടത്തെ ഉത്സവം.അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് എല്ലാ ദിവസവും വിവിധങ്ങളായ പരിപാടികളുണ്ടായിരിക്കും. അഞ്ചാംദിവസം രാവിലെ സമൂഹപൊങ്കാലയും ഉച്ചക്കു സമൂഹസദ്യയുമുണ്ടായിരിക്കും. വൈകിട്ട് ഉറിയടി,ബാലികമാരുടെ താലപ്പൊലി,എഴുന്നള്ളത്ത്, തെയ്യം, ചെണ്ടമേളം എന്നിവയോടുകൂടി വിപുലമായ ഘോഷയാത്രയും,പിന്നെ രാത്രി കലാപരിപാടികളും പരിപടികളെല്ലാം നടത്തുവാനായി വിശാലമായ പാടമുണ്ടല്ലോ.

ക്ഷേത്രം പുരോഗമിച്ചതോടുകൂടി അതിനടുത്തായി ചില കടകള്‍ ഉണ്ടായിട്ടുണ്ട്.നമ്മുടെ ഡ്രൈവര്‍ ബാബുവണ്ണന്റെ ചായക്കടയാണൊന്ന്‍.പുള്ളി ഡ്രൈവറൊന്നുമല്ല. ചിലകുരുത്തംകെട്ടപിള്ളേര്‍ ഇട്ട വട്ടപ്പേരാണത്.സംഭവമെന്താണെന്നു വച്ചാല്‍ ചീട്ടുകളിക്കാരനായ ബാബുവണ്ണന്‍ വണ്ടിയുടെ സ്റ്റിയറിംഗ് പിടിക്കുന്നതുപോലെ ഒരിടത്തു നിന്നും ചീട്ടെടുത്ത് മറുവശത്ത് വച്ച് എപ്പോഴും കളിച്ചുകൊണ്ടിരിക്കും.പിന്നെ പേരു വീഴാന്‍ പറയണോ.ഇത്രയും രുചികരമായി എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്ന മറ്റാരും ഏലാപ്പുറത്തില്ല. അതുകൊണ്ട് തന്നെ പുള്ളിക്കാരനു നല്ല കച്ചവടവുമുണ്ട്.

അടുത്തത് പൊടിയണ്ണന്റെ കുഞ്ഞുസ്റ്റേഷനറിക്കടയാണു.പേരുപോലെതന്നെ ആളൊരു പൊടിയാണു.കഷ്ടിച്ചു നാലടിമാത്രമേയുള്ളു പൊക്കം.അതിന്റെ ഒരു അഹംഭാവവും ആശാനില്ല.ഏലാപ്പുറത്തെ മിനുങ്ങല്‍ ടീംസിന്റെ പ്രധാനി എന്നു വേണമെങ്കില്‍ പറയാം. ദിവസവും എത്രയെത്ര സോഡകളാന് തീരുന്നത്. പിന്നെയൊന്നുള്ളതു പ്രസാദണ്ണന്റെ ശില്‍പ്പശാല.ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളുണ്ടാക്കുന്ന കക്ഷിക്ക് എപ്പോഴും തിരക്കാണു.മാത്രമല്ല കല്യാണവീടുകളിലേയ്ക്കും മറ്റുമൊക്കെ ലൈറ്റ്സ് ആന്‍ഡ് സൌണ്ട്സ് സപ്ലൈ ചെയ്യുന്ന പരിപാടിയുമാശാനുണ്ട്.

വയലിനു കുറുകേയുള്ള തോട്ടില്‍ ഒരു കൊച്ചുപാലമുണ്ട്.അതിനിവിടെ പ്രധാനപ്പെട്ടസ്ഥാനമാണുള്ളത്.വൈകുന്നേരങ്ങളില്‍ ചെറുപ്പക്കാരുടെ ഇരിപ്പിടമാണവിടെ.അവിടെ തന്നെയിരിക്കുവാന്‍ പ്രത്യേക കാരണമുണ്ട്. അമ്പലത്തില്‍ തൊഴാനായും മറ്റും വരുന്ന ലലനാമണികള്‍ വരമ്പ് ക്രോസ്സ് ചെയ്ത് അമ്പലവഴിയിലേയ്ക്ക് കയറുന്നത് ഈ പാലത്തിലൂടെയാണു.പഞ്ചാരക്കുട്ടമ്മാരും പഞ്ചാരയടിക്കുവാന്‍ മിനക്കെടുന്നവരും പിന്നെ വേറെവിടെ പോയിരിക്കും.വകുന്നേരങ്ങളില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞ് തണുത്ത കാറ്റേറ്റങ്ങിനെയിരിക്കുവാന്‍ എന്തു രസമാണ്.ഇരു കരകളിലും നിറയെ കായ്ക്കുന്ന തെങ്ങുകള്‍.സന്ധ്യ മയങ്ങിയാല്‍ സീരിയലും ചിത്രഗീതവും കണ്ണുമിഴിച്ച് നോക്കിക്കൊണ്ടിരിക്കുന്ന വീട്ടുകാര്‍ രാവിലെ വെട്ടം വീഴുമ്പോഴാണു പണയില്‍ നിന്ന അല്ലെങ്കില്‍ മുറ്റത്തു നിന്ന തെങ്ങിലുണ്ടായിരുന്ന കരിക്കുകള്‍ മുഴുവന്‍ ഉരുപ്പടികള്‍ കൊണ്ടുപോയതറിയുക.എല്ലാം സ്വന്തക്കാരും ബന്ധക്കാരുമൊക്കെയായതിനാല്‍ കൊറച്ചു കണ്ണുപൊട്ടുന്ന ചീത്തവിളിയില്‍ കാര്യങ്ങള്‍ പര്യവസാനിക്കും.കരിക്കെത്രത്തോളമടക്കുന്നുവോ അത്രയ്ക്ക് വീണ്ടും പിടിയ്ക്കും എന്നൊരാത്മഗതവുമുണ്ടാകും.

ചില ദിവസങ്ങളില്‍ ഒരു കുപ്പിയൊക്കെ പൊട്ടും.അന്നു പിന്നെ പാട്ടും കൂത്തും ഒന്നും പറയണ്ട. രാത്രിയില്‍ ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങും. വയല്‍ക്കാറ്റേറ്റുറങ്ങാനെന്തു സുഖമാണെന്നോ.രാവിലെ പാല്‍ സൊസൈറ്റിയില്‍ പോകാന്‍ വരുന്ന ശങ്കരന്‍ മാമന്‍ എല്ലാത്തിനേം തട്ടിയെഴുന്നേല്‍പ്പിക്കും..ഈ ശങ്കരന്‍ മാമന്റെ വീട്ടിലുണ്ടായിരുന്ന നല്ല സിമ്പ്ലക്കുട്ടമ്മാരായ രണ്ടു പൂവന്‍ കോഴികളെ മോഷ്ടിച്ചുകൊണ്ട് വന്ന്‍ കറിവച്ചും ചുട്ടും തിന്നതിന്റെ ഒരു ചൊരുക്കും കാണിക്കാറില്ല ആശാന്‍.. ആരാണ് അത് ചെയ്തതെന്ന്‍ മാമനു നന്നായറിയാം.

സ്കൂളടപ്പ് സമയങ്ങളിലാണ് യഥാര്‍ത്ഥത്തില്‍ ഗ്രാമത്തിലുത്സവം. ഉണങ്ങിക്കിടക്കുന്ന വയലുകളില്‍ കുട്ടിയും കോലും കളിയും എറിപ്പന്തുകളിയും ഒരു കോര്‍ണറിലായി ചീട്ടുകളിയും മറ്റൊരിടത്ത് ക്രിക്കറ്റ് കളിയും..ഒന്നും പറയണ്ട.ബഹളങ്ങളുടെ പൂരം തന്നെ. ആറുമുതല്‍ അറുപത് വരെയുള്ളതിന്റെ കുത്തിമറിച്ചിലുകള്‍. എടാ ശ്രീയേ, രജനിയേ, കുമാറേ..വീടുകളില്‍ നിന്നും അമ്മമാരുടെ നീട്ടിയുള്ള വിളിയൊച്ചകള്‍ കാതുകളിലിപ്പോഴും മുഴങ്ങുന്നു.സന്ധ്യ മയങ്ങിയിട്ടും വീടണയാത്തതിലുള്ള കലിയാണാ നീട്ടിവിളി. പ്രവാസത്തിന്റെ ഈ നാളുകളില്‍ എത്ര രാത്രികളില്‍ ഞാനാ വിളി കേട്ടിരിക്കുന്നു. അറിയാണ്ടുണര്‍ന്നുപോയിട്ട് ആ ഓര്‍മ്മകളിലൂളിയിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിരിക്കുന്നു.കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മണലിനെ നോക്കി നില്‍ക്കുമ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ തീവ്രതയും വേദനയും ഞാനറിയുന്നു.

മൂന്നുവര്‍ഷം കഴിഞ്ഞ് ആദ്യ അവധിക്കായി നാട്ടില്‍ പോയ ഞാന്‍ നടുങ്ങിപ്പോയി..വയലേലകള്‍ നിറഞ്ഞ ഏലാപ്പുറമെവിടെ. ഇനി സ്ഥലം മാറി ഞാന്‍ മറ്റെവിടെയെങ്കിലുമാണോ ചെന്നിറങ്ങിയത്.തൊണ്ണൂറു ശതമാനം വയലുകളും നികത്തി തെങ്ങും കപ്പയും വാഴയുമൊക്കെ വച്ചിരിക്കുന്നു.വെറും രണ്ടോ മൂന്നോ വയലുകളില്‍ മാത്രം ന്നെല്‍കൃഷി ചെയ്തിരിക്കുന്നു. ബാക്കിയുള്ളവ തരിശായും കിടക്കുന്നു.മൂന്നുവര്‍ഷം കൊണ്ട് വന്ന അവിശ്വസനീയമായ മാറ്റം.കൊയ്ത്തിനാളില്ലാത്തതും വളരെയേറെ അധികരിച്ച കൃഷിച്ചിലവും എല്ലാവരെയും മാറ്റിചിന്തിപ്പിച്ചിരിക്കുന്നു.നിറയെ കവുങ്ങുകളും തെങ്ങുകളും നിന്ന പണകളില്‍ പോലും റബ്ബര്‍ തൈകള്‍ തളിരിട്ട് നില്‍ക്കുന്നു..കുലകുലയായ നെല്‍ക്കതിരുകളും തെങ്ങുകളും കവുങ്ങുകളും ചെടികളും മറ്റുമൊക്കെ നിറഞ്ഞുവിലസിയിരുന്ന എന്റെ പ്രീയപ്പെട്ട ഗ്രാമം ഓര്‍മ്മമാത്രമാവുകയാണ്.ഇനിയത്തെ അവധിക്കായി ഞാന്‍ ചെല്ലുമ്പോള്‍ ആ വയലുകളും കൂടി ചരമമടഞ്ഞിട്ടുണ്ടാവും. ഇനിയൊരു നാള്‍ ചിലപ്പോളെന്റെ മകന്‍ എന്നോട് ചോദിച്ചേക്കാം..

"ച്ഛാ ഈ വയലെന്ന്‍ വച്ചാലെന്താ"

ശ്രീക്കുട്ടന്‍

16 comments:

  1. "ച്ഛാ ഈ വയലെന്ന്‍ വച്ചാലെന്താ"

    ആരുടെ നേര്‍ക്കും വരാവുന്ന ചോദ്യം.... ആ കാലം അധികം ദൂരെയല്ല...

    ReplyDelete
  2. ഇരട്ടപ്പേരുകളും, ബാർബർഷോപ്പും, സ്കൂളടപ്പു സമയവും എല്ലാം ഒരു ഗ്രാമത്തിന്റെ നന്മയാണ്‌. ഒരു വേനലവധിക്ക് ശ്രീകുട്ടന്റെ കൂടെ നാടുകാണാൻ പോയ പ്രതീതി. അതിമനോഹരമായി തുടങ്ങി. അഭിനന്ദനങ്ങൾ..

    ReplyDelete
  3. ശാലീനസുന്ദരമായ ഗ്രാമ കാഴ്ചകള്‍ ഗൃഹാതുരത്വമുണര്‍ത്തുന്നൊരനുഭവമാണ്, ഞാന്‍ കളിച്ചുവളര്‍ന്ന വയല്‍ ഇന്ന് പകുതിയും കാണ്മാനില്ല.. !
    പാടങ്ങള്‍ മാത്രമല്ല ഗ്രാമാന്തരീക്ഷങ്ങളെല്ലാം അപ്രത്യക്ഷമാവുകയാണ്‌

    ReplyDelete
  4. ഗൃഹാതുരത്വമുണര്‍ത്തുന്നൊരു പോസ്റ്റ്‌....
    ഇഷ്ട്ടായി.... :)

    ReplyDelete
  5. പഴയ ഭംഗി ഇപ്പോള്‍ മിക്ക ഗ്രാമങ്ങള്‍ക്കും അവകാശപ്പെടാന്‍ ഇല്ലായിരിക്കാം. പക്ഷെ എല്ലാവരുടെ മനസ്സിലും നിറഞ്ഞു നില്‍ക്കുന്ന ഒരു ഗ്രാമത്തിന്റെ ചിത്രമുണ്ടാവും. അതിനോട് ചേര്‍ത്ത് വായിക്കേണ്ട കുറെ ഓര്‍മ്മകളും.
    അനിവാര്യമായ മാറ്റത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നു. വികസനം എന്ന വിളിപ്പേരില്‍ നഷ്ടപ്പെടുന്നത് ഒരു ഗ്രാമത്തിന്റെ ജീവന്‍ തന്നെയാവും. എന്ന് വെച്ചു വികസനം വേണ്ട എന്ന് പറയാനും പറ്റില്ലല്ലോ.
    പക്ഷെ മാറ്റങ്ങള്‍ കുറെ വന്നെങ്കിലും , ഓരോ അവധിക്കു ചെല്ലുമ്പോഴും നല്ല കണിയൊരുക്കാന്‍ , ആത്മാവ് നഷ്ടപ്പെടാത്ത വയുകളും തോടുകളും പുഴകളും പഴയ കളിയരങ്ങുകളും ഇപ്പോഴും ബാക്കിയുണ്ട് എന്നത് എനിക്ക് ആശ്വാസം നല്‍കുന്നു.
    പോസ്റ്റ്‌ നന്നായി ശ്രീക്കുട്ടാ. എന്തേ ചിത്രങ്ങള്‍ ഒന്ന് പോലും കൊടുത്തില്ല. മാറിയാലും മറന്നാലും നമ്മുടെ നാടിന്റെ ഒരു ചിത്രമെങ്കിലും കൊടുക്കാമായിരുന്നു.

    ReplyDelete
  6. ഈ ഗ്രാമ കാഴ്ചകള്‍ ഇഷ്ടായി ശ്രീക്കുട്ടാ...ഇതുപോലെ ഒക്കെ തന്നെയാണ് എന്റെ ഗ്രാമവും...

    ReplyDelete
  7. അങ്ങനെ നാട്ടിലെ മണൽത്തരിയടക്കം കുട്ടേട്ടന്റെ വിവരണത്തിൽ വന്നു. ഇനി അതിലെ അന്തിക്കൂട്ടങ്ങളും ആ വൈകിയാൽ ഉള്ള അമ്മമ്മാരുടെ വിളികളും ഒക്കെ ചേർത്ത് ഗംഭീരമായ പോസ്റ്റ് അടുത്തതായി പ്രതീക്ഷിക്കുന്നു. മകൻ വലുതാകുമ്പൊ ഞങ്ങൾക്ക് പറഞ്ഞ് കൊടുക്കാമല്ലൊ, മോനേ, ലിതാണ് നിന്റച്ഛന്റെ കുട്ടിക്കാല ലീലാവിലാസങ്ങൾ! ആശംസകൾ കുട്ടേട്ടാ.

    ReplyDelete
  8. പ്രീയരേ,

    ഈ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...

    മന്‍സൂറിക്കാ,

    ഫോട്ടോ കൊടുക്കാതിരുന്നത് മന‍പ്പൂര്‍വ്വമല്ല.കയ്യിലുള്ള ഒരു ചിത്രം തന്നെ സങ്കടമുണര്‍ത്തുന്നതാണ്..പഴയകാല ചിത്രമൊട്ടില്ലതാനും...

    ReplyDelete
  9. മനോഹരമായ വര്‍ണ്ണന. ഡ്രൈവര്‍ ബാബു ചിരിപ്പിച്ചു. ഒടുവില്‍ പൊള്ളിക്കുന്ന ഒരു ചോദ്യവും.
    ശ്രീക്കുട്ടാ, നല്ലൊരു സൃഷ്ടികൂടി, സാമൂഹ്യ പ്രതിബദ്ധതയുള്ള സൃഷ്ടി.

    ReplyDelete
  10. .ഈ ശങ്കരന്‍ മാമന്റെ വീട്ടിലുണ്ടായിരുന്ന നല്ല സിമ്പ്ലക്കുട്ടമ്മാരായ രണ്ടു പൂവന്‍ കോഴികളെ മോഷ്ടിച്ചുകൊണ്ട് വന്ന്‍ കറിവച്ചും ചുട്ടും തിന്നതിന്റെ ഒരു ചൊരുക്കും കാണിക്കാറില്ല ആശാന്‍.. ആരാണ് അത് ചെയ്തതെന്ന്‍ മാമനു നന്നായറിയാം

    ഹാ. ഹാ. ഹാ അമ്പട കോഴി കള്ളന്മാര്‍ ..
    ഈ തരം പോസ്റ്റ്‌ വായിക്കുമ്പോള്‍ നാട്ടില്‍ എത്താന്‍ തോന്നും... ഒരു വല്ലാത്ത ഗൃഹാതുരത്വം മനസ്സിനെ പിടി കൂടുന്നു !!!

    ആശംസകള്‍

    ReplyDelete
  11. പുളൂസ്... ചായ കുടിച്ചു ഉത്സവവും കൂടി പാടവരമ്പില്‍ കുറച്ചു നേരം ഇരുന്നു..കുട്ടിക്കാല സ്മരണ നന്നായി നര്‍മ്മം പതിവ് പോലെ അങ്ങ് ഉണ്ടായില്ല ...

    പ്രവാസി ആയതു കൊണ്ട് ..ഞാനും ഓര്‍ത്തു എന്റെ നാടിനെ ...എനിക്കിനി ഈ മാസം കൂടിയേ ഉള്ളൂ വിസ നാട്ടില്‍ വരുമ്പോള്‍ കാണാട്ടോ ...

    ReplyDelete
  12. ശ്രീക്കുട്ടാ,
    ഗ്രാമത്തിന്‍റെ ഭംഗി വളെരെ നന്നായി മനസിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന രീതിയില്‍ വിവരിച്ചിട്ടുണ്ട്.
    കുറച്ചു അനുയോജ്യമായ ഫോട്ടോകള്‍ കൂടി നല്കിയിരുന്നേല്‍ നന്നായേനെ എന്നൊരു അഭിപ്രായം എനിക്കുണ്ട്.
    നാടിന്‍റെ വികസനം മാത്രം കാണുന്നവര്‍ക്ക് വയലുകളും തോടും ഗ്രാമത്തിന്റെ ശുദ്ധവായുവും പച്ചപ്പും തെളിമയും ഒന്നും മനസ്സില്‍ പതിയില്ല. ആ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ കണ്ടു, ഓ....വാട്ട്‌ എ ലവ്‌ലി പ്ലൈസ് എന്ന് കമെന്റ്റ്‌ ഇട്ടും.

    ReplyDelete
  13. അയ്യോ ഇത് എന്റെയും നാടുതന്നെ... പേരിലൊക്കെയുള്ള ചെറിയ വ്യത്യാസത്തോടെ ശ്രീക്കുട്ടന്‍ പറഞ്ഞതൊക്കെ എന്റെ നാടിനും ബാധകമാണ്.....

    അടുത്ത തലമുറ നമുക്കൊക്കെ പരിചിതമായ ഇത്തരം ഗ്രാമീണ നന്മകളെക്കുറിച്ച് അറിവില്ലാത്തവരായേക്കാം....

    നല്ല അവതരണം.....

    ReplyDelete
  14. manoharam sreekutta, Ente makkal janichathum valarunnathum videsathanu. Avar ennodu chothikkarundu enthanu vayal? enthanu gramam. ? Nammude gramam namukkennum priyappethu thanne.

    ReplyDelete