Sunday, April 7, 2013

രാത്രിഞ്ചരന്‍

മതിലുവഴി താഴേക്കൂര്‍ന്നിറങ്ങിയ അവന്‍ ഒരല്‍പ്പസമയം അനങ്ങാതെ അവിടെതന്നെയിരുന്നിട്ട് അങ്ങേയറ്റം ശ്രദ്ധാപൂര്‍വ്വം നാലുപാടും സൂക്ഷിച്ചുനോക്കി. എല്ലാം ശാന്തം. സമയം അര്‍ദ്ധരാത്രികഴിഞ്ഞിരിക്കുന്നു. വിളറിയ ചന്ദ്രന്‍ ചെറുപ്രകാശം പൊഴിച്ചുക്കുന്നുള്ളതുകൊണ്ട് കാഴ്ചയ്ക്ക് വലിയ കുഴപ്പമില്ല. എന്തായാലും സാഹചര്യം അനുകൂലമാണ്. ആകെയുള്ള ഭയം ആ തടിയന്‍ പട്ടിയെ ഓര്‍ത്തായിരുന്നു. പക്ഷേ അതിന്റെ അനക്കമൊന്നും കേള്‍ക്കാനില്ല. ചിലപ്പോള്‍ തീറ്റിയൊക്കെക്കഴിഞ്ഞു നല്ല ഉറക്കത്തിലായിരിക്കും. അതു തനിക്കു ഭാഗ്യമായി. കൈയിലുണ്ടായിരുന്ന തോര്‍ത്തുകൊണ്ട്‍ മുഖമൊന്നു മൂടിക്കെട്ടി  ഒച്ചയൊട്ടുമുമുണ്ടാക്കാതെ മെല്ലെ അടിവച്ചടിവച്ച് അവന്‍ അടുക്കളവാതിലിന്റെ ഭാഗത്തെത്തിച്ചേര്‍ന്നു. തോല്‍സഞ്ചിയില്‍നിന്നു ഒരു സ്ക്രൂഡ്രൈവറും ഒപ്പമൊരു പേനാക്കത്തിയുമെടുത്ത അവന്‍ അല്‍പ്പസമയത്തെ പരിശ്രമം കൊണ്ട് ആ അടുക്കളവാതില്‍തുറന്നു. നാലുപാടും ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കിയിട്ട് കുഴപ്പമൊന്നുമില്ലെന്നുറപ്പുവരുത്തി മെല്ലെ അകത്തുകടന്നു‍ വാതില്‍ ഒച്ചയുണ്ടാക്കാതെ ചേര്‍ത്തുചാരി.

ഭാഗ്യത്തിനു അടുക്കളയില്‍നിന്ന്‍ ഹാളിലേയ്ക്കുള്ള വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. ശ്രദ്ധാപൂര്‍വ്വം ഓരോ അടിയും മുന്നോട്ടുവച്ച് അവന്‍‍ ഹാളിലേയ്ക്കു പ്രവേശിച്ചു. ഷോക്കേയ്സിനടുത്തായി ഒരു ചെറിയ ബല്‍ബ് കത്തിക്കിടപ്പുണ്ട്. അതിന്റെ അരണ്ടപ്രകാശത്തില്‍ അതിനകത്തെ കാഴ്ചകള്‍ വ്യക്തമായിരുന്നു. എല്ലാം നല്ല വിലകൂടിയ വിദേശനിര്‍മ്മിതസാധനങ്ങള്‍. ഷോകേയ്സിനടുത്തിരിക്കുന്ന ഒരു പ്രതിമ അവനെ വല്ലാതെയാകര്‍ഷിച്ചു. ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പ്രതിമയില്‍ ബല്‍ബില്‍ നിന്നുള്ള ചെറുപ്രകാശം പതിക്കുന്നതുമൂലം അത് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്നതുപോലെ. എന്തായാലും തിരിച്ചുപോകുമ്പോള്‍ ഈ പ്രതിമ കൂടിയെടുക്കുകതന്നെ. ആദ്യം മറ്റുവല്ല വിലപിടിപ്പുള്ളതും തടയുമോന്നു നോക്കട്ടേ. എന്തായാലും തന്റെ പ്രയത്നം പാഴാവില്ല. താന്‍ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു അവര്‍ ശരീരം നിറയെ സ്വര്‍ണ്ണവുമണിഞ്ഞ് പോകുന്നത്. അവരുടെ കൂടെയുള്ള പെണ്‍കുട്ടി വലുതായൊന്നും അണിഞ്ഞുകാണാറില്ല. ആ സ്വര്‍ണ്ണമെല്ലാം ഇവിടെതന്നെ കാണാതിരിക്കില്ലല്ലോ. അല്ലേലും ഇവരെപ്പോലുള്ളവരില്ലെങ്കില്‍ തന്നെപ്പോലുള്ളവരെങ്ങിനെ ജീവിക്കും. ചിന്തകള്‍ക്കു വിരാമമിട്ട് അവന്‍ ആദ്യം കണ്ട മുറിയുടെ നേരെ മെല്ലെ നടന്നുചെന്നു.

വാതിലിനടുത്തെത്തിയ അയാള്‍ ഒന്നുകൂടി തിരിഞ്ഞുംപിരിഞ്ഞും നോക്കിയിട്ട് ഡോറിന്റെ പിടിയില്‍ കൈവച്ചു. ഭാഗ്യം അതും തുറന്നുതന്നെയായിരുന്നു. തനിയ്ക്കിന്നു അധികം ബുദ്ധിമുട്ടേണ്ടിവരുന്നില്ലല്ലോ എന്നോര്‍ത്ത് അവന്‍ വളരെയധികം സന്തോഷിച്ചു. പതിയെ തല അകത്തേയ്ക്കിട്ട് അയാള്‍ ഒന്നു ശ്രദ്ധിച്ചു. മുറിയിലാരുമുള്ള ലക്ഷണമില്ല. തള്ളയും മോളും ചിലപ്പോള്‍ മുകളിലത്തെ മുറിയിലായിരിക്കും. ആദ്യം ഈ മുറിയില്‍ത്തിരയാം. എന്തെങ്കിലും കിട്ടാതിരിക്കില്ല. പുറത്തെ ചന്ദ്രികയുടെ ചെറുപ്രകാശം ജനല്‍ഗ്ലാസ്സുകളില്‍ക്കൂടി അരിച്ചുകയറുന്നതിനാല്‍ മങ്ങിയതെങ്കിലും കാഴ്ച സാധ്യമായിരുന്നു. മുറിയിലുണ്ടായിരുന്ന മേശയുടെ വലിപ്പ് ഒച്ചയുണ്ടാക്കാതെ തുറന്ന്‍ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുറിയില്‍ അലമാരയോ പെട്ടിയോ ഒന്നുമില്ലാതിരുന്നതിനാല്‍ തിരച്ചില്‍ നിറു‍ത്തി അയാള്‍ പുറത്തേയ്ക്കിറങ്ങി രണ്ടാമത്തെ മുറിയുടെ നേരെ അടിവച്ചടിവച്ചു ചെന്നു.

പൂര്‍ണ്ണമായും അടയാത്ത വാതിലിന്റെ വിടവിനിടയിലൂടെ ചെറുപ്രകാശരശ്മികള്‍ അരിച്ചുപുറത്തേയ്ക്ക് വരുന്നുണ്ട്.വാതിലിനടുത്തുചെന്ന്‍ അല്‍പ്പസമയം ചെവിയോര്‍ത്തുനിന്ന അയാള്‍ കുഴപ്പമൊന്നുമില്ല എന്നുറപ്പായതുപോലെ അതീവശ്രദ്ധയോടെ വാതില്‍ മെല്ലെ തുറന്നു. തുറന്ന വാതിലില്‍ കൂടി തലയല്‍പ്പം അകത്തേയ്ക്കിട്ടയാള്‍ റൂമിനകം നിരീക്ഷിച്ചു. ആ മുറിയിലും ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ടേബില്‍ ലാമ്പ് പ്രകാശം പൊഴിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ആരുമില്ലാത്ത മുറിയില്‍ ലൈറ്റിട്ടിരി‍ക്കുന്നതെന്തിനായിരിക്കും?. മുറിയിലേയ്ക്ക് കടന്ന അയാളുടെ നാസാരന്ദ്രങ്ങളിലേയ്ക്ക് ചിരപരിചിതമായ മദ്യത്തിന്റേയും സിഗററ്റിന്റെ പുകയുടേയും മണം അലയടിച്ചെത്തി. ഒരു ശബ്ദം പെട്ടന്ന്‍ കേട്ടതുപോലെ തോന്നിയ അയാള്‍ ചെവിയൊന്നുകൂര്‍പ്പിച്ചു കാതോര്‍ത്തു. ഇല്ല. എങ്ങും നിശ്ശബ്ദത തന്നെ. തനിക്ക് തോന്നിയതായിരിക്കും. മുറിയില്‍ കണ്ണോടിച്ച അയാള്‍ ടെബിളിനുമുകളിലിരിക്കുന്ന വാച്ചു കണ്ടു. നല്ല വിലകൂടിയ വാച്ചാണെന്നു തോന്നുന്നു. സ്വര്‍ണ്ണനിറവും. അയാള്‍ അല്‍പ്പം ചിന്താകുഴപ്പത്തിലായി.  തന്റെ അറിവില്‍ ഇവിടെ ആണുങ്ങളൊന്നുമില്ല. വിശ്വനാഥന്‍ പിള്ള ടൂറിലാണു. പിന്നെയാരായിരിക്കും?. ഇനി വല്ല ബന്ധുക്കളാരെങ്കിലുമായിരിക്കുമോ?. ആരെങ്കിലുമാവട്ടെ. ചിന്തിക്കുവാന്‍ സമയമില്ല. തന്റെ ജോലി തീര്‍ത്ത് എത്രയും പെട്ടന്ന്‍ സ്ഥലം കാലിയാക്കണം.

ആ വാച്ചെടുത്ത് കീശയില്‍ നിക്ഷേപിച്ചിട്ടവന്‍ മേശവലിപ്പുതുറന്ന്‍ പരിശോധനയാരംഭിച്ചു. കാര്യമായിട്ടൊന്നുമില്ല. പത്തുരണ്ടായിരം രൂപ അതിനുള്ളില്‍നിന്നു കിട്ടി. ഇനിയപ്പോള്‍ സ്വര്‍ണ്ണമെല്ലാമിരിക്കുന്നത് അലമാരയ്ക്കുള്ളിലായിരിക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടപ്പെട്ടിരുന്ന അലമാര നാണത്തോടെ അയാള്‍ക്കുമുമ്പില്‍ തുറക്കപ്പെട്ടു. ഇതിനേക്കാല്‍‍ ഗംഭീരപൂട്ടുകള്‍ നിഷ്പ്രയാസം തുറന്നിട്ടുള്ള അവന് ആ അലമാര തുറക്കാന്‍ രണ്ടു നിമിഷം പോലും വേണ്ടിവന്നില്ല. ശ്രദ്ധാപൂര്‍വ്വം അതിനകം പരിശോധിച്ച അവന്‍‍ അലമാരയ്ക്കുള്ളിലുണ്ടായിരുന്ന ചെറിയഅറ തുറന്ന്‍ അതിനുള്ളിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവുമെല്ലാമെടുത്ത് സഞ്ചിയില്‍ നിക്ഷേപിച്ചു. രണ്ടുമൂന്നു പെര്‍ഫ്യൂം ബോട്ടിലുകള്‍ കൂടി അയാളെടുത്തു. ഇരിയ്ക്കട്ടെ. സാവധാനം ഒച്ച കേള്‍പ്പിക്കാതെ അലമാരയടച്ചിട്ട് അയാള്‍ മുറിയില്‍നിന്നു പുറത്തിറങ്ങി വാതില്‍ ചാരി. എന്തായാലും ഇന്നത്തെ കോളു കലക്കന്‍ തന്നെ. ആവശ്യമുള്ളത്ര കിട്ടി. മുകളില്‍ക്കൂടി ഒന്നു കയറണോ എന്ന്‍ ആലോചിച്ചെങ്കിലും പിന്നീടതു വേണ്ടന്നു വച്ചു. കള്ളനാണെങ്കിലും അത്രയ്ക്ക് ആര്‍ത്തി പാടില്ല.

ആദ്യം കണ്ടുവച്ച ഗ്ലാസ് പ്രതിമയുമെടുത്തുകൊണ്ട് അടുക്കളഭാഗത്തേയ്ക്കു നടന്ന അവന്‍‍ ഒരുനിമിഷം അറച്ചുനിന്നു. വീണ്ടുമാ ശബ്ദം കേട്ടതുപോലെ. ഒരു അമര്‍ത്തിയ നിലവിളിയായിരുന്നുവോ അത്. അയാള്‍ ഒരു നിമിഷം കാതുകൂര്‍പ്പിച്ചുശ്രദ്ധിച്ചു. ഒന്നുമില്ല. ഹേയ് തനിയ്ക്കു തോന്നിയതാവണം. തലവെട്ടിച്ചുകൊണ്ട് മുന്നോട്ടുനടന്ന അയാള്‍ ഇത്തവണ ആ ശബ്ദം കൂടുതല്‍ വ്യക്തതയോടെ കേട്ടു. തീര്‍ച്ചയായും ആരോ കരയുന്നുണ്ട്. മുകളിലത്തെ നിലയില്‍ നിന്നാണെന്നു തോന്നുന്നു. ഒന്നു നോക്കണോ അതോ കിട്ടിയതും കൊണ്ട് രക്ഷപ്പെടണോ? മനസ്സിനുള്ളിലൊരു ചാഞ്ചാട്ടം. എന്തായാലും ഒന്നു നോക്കാമെന്നുറപ്പിച്ച് അയാള്‍ മെല്ലെ കോണിപ്പടി കയറാന്‍ തുടങ്ങി. മുകളിലാദ്യം കാണുന്ന മുറിക്കുള്ളില്‍ നിന്നാണു ഒച്ച വരുന്നതെന്നു തോന്നുന്നു. ചെറുതായി തുറന്നുകിടക്കുന്ന വാതിലില്‍ക്കൂടി പ്രകാശം പുറത്തേയ്ക്കു വരുന്നുണ്ട്. ആ മുറിയുടെ ഒരു വശത്തായിക്കാണുന്ന  ജനാലയില്‍ക്കൂടി മുറിയ്ക്കുള്ളിലേയ്ക്കു തലയെത്തിച്ചുനോക്കിയ അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കട്ടിലില്‍ക്കിടന്നു പിടയുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്കമരാന്‍ വെമ്പുന്ന ആളിനെ അവള്‍ ദുര്‍ബലമായി കാലുയര്‍ത്തിയും മറ്റും പ്രതിരോധിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിപ്പിടിക്കുവാനും അവളുടെ വായില്‍ പൊത്തിപ്പിടിക്കുവാനും പാടുപെട്ടുകൊണ്ടിരിക്കുന്ന സ്ത്രീയെ അവിശ്വസനീയതയോടെ അയാള്‍ നോക്കിനിന്നു. ദൈവമേ ആ കുട്ടിയുടെ അമ്മയല്ലേയത്. പെണ്‍കുട്ടിയുടെ എതിര്‍പ്പുകള്‍ക്ക് ശക്തികുറയുകയും അവളുടെ വസ്ത്രങ്ങള്‍ കീറിപ്പറിയുന്നതും നോക്കിനില്‍ക്കാനാവാതെന്നവണ്ണം അയാള്‍ മുഖം തിരിച്ചു.

എന്തു ചെയ്യണമെന്നറിയാതെ അയാളാകെ ചിന്താകുഴപ്പത്തിലായി. താനെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ തനിയ്ക്കുമാപത്തായിതീരുമല്ലോ. പക്ഷേ ആ കുട്ടിയുടെ നിസ്സഹായമായ നിലവിളി അയാളുടെ കാതിനെ പൊള്ളിച്ചു. താന്‍ കള്ളനാണെന്നും മോഷ്ടിക്കാന്‍ വന്നയിടത്തുനിന്നു സാധനങ്ങളുമായി എത്രയും പെട്ടന്ന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ താന്‍ കുടുങ്ങും എന്നൊക്കെയുള്ള കാര്യങ്ങളെല്ലാം മറന്ന്‍ വാതില്‍ തള്ളിത്തുറന്ന്‍ അകത്തേയ്ക്കു പാഞ്ഞുകയറിയ അയാള്‍ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നയാളെ കട്ടിലില്‍നിന്നു ചവിട്ടിമറിച്ചു താഴേക്ക് തള്ളിയിട്ടു. അന്തംവിട്ടു തലയുയര്‍ത്തിയ സ്ത്രീയുടെ മുഖമടച്ച് ഒരടിയും കൊടുത്തു. ബോധരഹിതയായിക്കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ അയാളൊരു തുണി വലിച്ചിട്ടു. ആദ്യത്തെ ഞെട്ടലില്‍ നിന്നുമുണര്‍ന്ന മറ്റേ യുവാവ് തറയില്‍നിന്നു ഉരുണ്ട് പിരണ്ടെഴുന്നേറ്റ് അയാളെ ആക്രമിക്കാനടുത്തു. രണ്ടുപേരും തമ്മില്‍ നല്ലരീതിയില്‍ പിടിവലിയായി. അവന്റെ തോളിലെ സഞ്ചിയില്‍നിന്നു ആഭരണങ്ങളും പണവും മുറിയിലാകെ ചിതറിവീണു. അടിയേറ്റ കവിളും പൊത്തി മരവിച്ചകണക്കേയിരുന്ന സ്ത്രീ പിടഞ്ഞെഴുന്നേറ്റ് മേശപ്പുറത്തിരുന്ന കറുത്ത വലിയ ടോര്‍ച്ചെടുത്ത് കള്ളന്റെ തലയില്‍ ആഞ്ഞടിച്ചു. കണ്ണുകളിലിരുട്ട് കയറുന്നതായിട്ടനുഭവപ്പെട്ട അയാള്‍ തലയുടെ പിന്‍ഭാഗത്ത് പൊത്തിപ്പിടിച്ചുകൊണ്ട് വീഴുവാന്‍ പോകുന്നതുപോലെ ആടിയാടിക്കൊണ്ടുനിന്നു. പൊത്തിപ്പിടിച്ചിരുന്ന വിരലുകള്‍ക്കിടയിലൂടെ ചുവപ്പിന്റെയൊരരുവി പൊട്ടിയൊഴുകുവാന്‍ തുടങ്ങിയിരുന്നു. ഈ സമയം അയാളെ മറ്റേ യുവാവ് തള്ളി താഴെയിട്ടു. തലയിലൂടെ പൊട്ടിയൊഴുകിയരക്തം അയാളുടെ മുഖത്ത് ചാലുകള്‍ സൃഷ്ടിച്ചുകൊണ്ട് തറയില്‍ പരക്കാന്‍ തുടങ്ങി. കനപ്പെട്ട കണ്ണുകള്‍ അടഞ്ഞുതുടങ്ങി. അയാളുടെ ബോധം നശിക്കാനാരംഭിച്ചു.

"ഈശ്വരാ ആകെ കുഴപ്പമായല്ലോ. ഇനിയിപ്പം എന്തോചെയ്യും"

"എടീ ഈ കള്ളന്‍ വന്നത് നന്നായീന്നാ എനിക്കു തോന്നുന്നത്"

കട്ടിലിലേയ്ക്കിരുന്നുകൊണ്ട് യുവാവ് പറഞ്ഞു.

"എനിയ്ക്കെന്തോ പേടി തോന്നുന്നു"

അയാളുടെ അടുത്തിരുന്നുകൊണ്ട് സ്ത്രീ തറയില്‍ക്കിടക്കുന്നയാളിനെ സൂക്ഷിച്ചുനോക്കി.

"നമ്മുടെ ബന്ധം പെണ്ണറിഞ്ഞെന്നും അവളത് അച്ഛനെവിളിച്ചറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും, അവളെ ഒരു പാഠം പഠിപ്പിക്കണമെന്നും നീയല്ലേ പറഞ്ഞത്. മുമ്പേ എനിക്കവളിലൊരു നോട്ടമുണ്ടായിരുന്നു.  എന്തായാലും നിന്റെ മോളൊന്നുമല്ലല്ലോ. പിന്നെന്താ. ഇവളെ ശരിക്കൊന്നുപയോഗിച്ച് അതിന്റെ വീഡിയോ എടുത്തു സൂക്ഷിച്ചു അതുവച്ച് ഇവളെ വരുതിക്കുനിറുത്താമെന്ന്‍ പ്ലാന്‍ ചെയ്തതും നീ തന്നെയാണല്ലോ. പക്ഷേ ഇപ്പോ എനിക്കു തോന്നുന്നു ഇവളു ചാകുന്നതാ നല്ലതെന്നു. അങ്ങിനെ വരുമ്പോ മുഴുവന്‍ സ്വത്തുക്കളും നിന്റെ മാത്രം അധീനതയിലാവും.  കുറച്ചു നാളുകള്‍ക്കുള്ളില്‍ അങ്ങേരേം നമുക്കങ്ങ് യാത്രയാക്കാം. ഒറ്റമൊളുപോയ വിഷമത്തില്‍ അങ്ങേരു ആത്മഹത്യചെയ്തതാണെന്ന്‍ നാട്ടുകാരു കരുതിക്കൊള്ളും. അതുകഴിഞ്ഞാ കോടിക്കണക്കിനുവരുന്ന ഈ സ്വത്തുമായി നമുക്ക് സുഖിച്ചൂടേ. എന്തായാലും ഇവളുടെ ചാവ് ഈ കിടക്കുന്നവന്റെ തലയില്‍ത്തന്നെ. മോട്ടിക്കാന്‍ കേറിയ ഇവന്‍ പെങ്കൊച്ചിനെക്കണ്ട് അവളെ നശിപ്പിച്ചു. പിടിവലിക്കിടയില്‍ തലയടിച്ചുതറയില്‍ വീണ അവന്റെ ബോധം പോയി. താന്‍ നശിച്ച വിഷമത്തില്‍ പെണ്ണു തൂങ്ങീം ചത്തു. എങ്ങിനെയുണ്ട് എന്റെ പ്ലാന്‍.  നീ നന്നായി നിന്റെ ഭാഗം നോക്കിക്കൊണ്ടാല്‍ മതി. ബാക്കിയൊക്കെ ശരിയാകും. ഭാഗ്യം നമ്മുടെ കൂടെയാടീ. അല്ലെങ്കില്‍ ഈ കള്ളനു ഇന്നുതന്നെ ഇവിടെ മോഷ്ടിക്കാന്‍ കയറണമായിരുന്നോ. ആദ്യം നീ താഴെപ്പോയി ഒരു കുപ്പി വെള്ളമെടുത്തോണ്ടുവാ. ദാഹിക്കുന്നു. ഇച്ചിരിപ്പതിയേ വന്നാല്‍ മതി. ഞാനെന്റെ ജോലി പൂര്‍ത്തിയാക്കട്ടെ. ചാവുന്നതിനുമുമ്പ് അവളും സുഖമെന്താണെന്നൊന്നറിയട്ടെ"

കട്ടിലില്‍ ആലോചനാപൂര്‍വ്വമിരുന്ന സ്ത്രീയെ തള്ളിയുന്തി താഴേയ്ക്കു വിട്ടിട്ട് യുവാവ് ഒരു വിടലച്ചിരിയോടെ കട്ടിലിനുനേരെ നടന്നടുക്കുന്നത് അടഞ്ഞടഞ്ഞുപോകുന്ന കണ്ണുകളിലൂടെ വേദനയോടെ അയാള്‍ കണ്ടു. അമര്‍ത്തിയ കരച്ചില്‍ അയാളുടെ കാതിലേയ്ക്കൊഴുകിയെത്തി. ത്നറ്റെ മുന്നില്‍നടക്കുന്ന കൊടുമ്പാതകത്തിനെതിരേ ഒന്നും ചെയ്യാനാവാതെ അയാള്‍ അതിനെല്ലാം മൂകസാക്ഷിയായിക്കൊണ്ട് ആ തറയില്‍ മരവിച്ചു കിടന്നു.


ശ്രീ..

15 comments:

  1. കള്ളന്റെ കാര്യം ധര്‍മ്മസങ്കടത്തിലായല്ലോ...

    ReplyDelete
  2. കള്ളന്റെ കഥ ഞാനുമൊരെണ്ണം എഴുതിയിരുന്നു..കള്ളന്മാർക്കൊക്കെ കഷ്ടകാലമാ അല്ലേ ശ്രീ..

    ReplyDelete
  3. ഫുള്‍ ട്വിസ്റ്റ്‌ ആണല്ലോ കുട്ടേട്ടാ...

    ReplyDelete
  4. നിങ്ങൾ കഥാ എഴുത്തുകാർ കള്ളന്മാരെ ഇപ്പൊ ഫുൾ മൂഡ് ഓഫ് ആക്കുകായാണല്ലൊ :)

    ReplyDelete
  5. നല്ല കഥ.
    നവാസിന്റെയും പ്രദീപ്‌ മാഷിന്റെയും കള്ളന്‍ കഥകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു. അവരുടെ കള്ളന്മാര്‍ സ്കൂട്ടാകുന്നതില്‍ വിദഗ്ദ്ധന്മാരായിരുന്നെങ്കില്‍ പരിതാപകരമായ ഒരന്ത്യത്തോടെ പുളുസുവിന്‍റെ കള്ളന്റെ കഥ കഴിഞ്ഞു. ട്വിസ്റ്റില്‍ സംവിധായകന്‍ ലാലിന്റെ അച്ഛന്റെ അച്ചനായിട്ടു വരും ശ്രീക്കുട്ടന്‍.:)

    ReplyDelete
  6. നന്ദി പ്രീയപ്പെട്ടവരേ..വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും..

    ReplyDelete
  7. കള്ളന്‍ രഷകന്‍ ആകും എന്ന് കരുതി പക്ഷെ അത് വെറും തോന്നലായി.

    അപഥസഞ്ചാരം ചിലപ്പോള്‍ അത് കാണുന്നവരെ അല്ലെങ്കില്‍ മനസ്സിലാക്കുന്നവരെ അപകടത്തില്‍ എത്തിക്കും എന്ന വാര്‍ത്തകള്‍ പലയിടത്തും വായിച്ചിട്ടുണ്ട്. ഇവിടെ ആ പെണ്‍കുട്ടിയും അത്തരം ഒരു അനുഭവമായി...

    ReplyDelete
  8. ഒരു ട്വിസ്റ്റ്‌ കൊണ്ടുവന്ന് ശുഭം എന്നെഴുതിക്കാണിക്കും എന്ന് പ്രതീക്ഷിച്ചു ... പറ്റിച്ചു

    ReplyDelete
  9. മനുഷ്യത്വം നഷ്ടപ്പെടാത്ത,എന്നാല്‍ ജീവിത സാഹചര്യം കൊണ്ട് കള്ളനായ ഒരാള്‍ .... കഥ നന്നായി ശ്രീ.

    ReplyDelete
  10. പാവം കള്ളൻ!
    രാത്രിയും വീടിന്റെ വർണ്ണനയുമൊക്കെ നന്നായി.
    നല്ല പുളൂസ് കഥ!

    ReplyDelete
  11. തുടക്കം മുതല്‍ ആകാംക്ഷ നില നിര്‍ത്തിയ കഥ ,അധികം പരത്തി പറയാതെ നേരിട്ട് കഥ പറയുന്ന ശൈലിയാണ് കൂടുതല്‍ ഇഷ്ടമായത് ,

    ReplyDelete
  12. ഇതാ പറയുന്നത്, അവനവന്റെ പണിയും നോക്കി നടക്കണമെന്ന്.!
    സംഗതി ശ്രീയുടെ കഥ വായിക്കാൻ ഒരു സുഖമുണ്ട്, ഒരു പാവം മനുഷ്യനെ കേള്ക്കുന്ന സുഖം.

    ReplyDelete
  13. 'തല മറന്ന് എണ്ണ തേച്ചാലുള്ള ഫലം'

    കഥ ഉഷാറായി

    ReplyDelete
  14. ഇവിടെ കള്ളന്‍റെ മനസാക്ഷിയും കള്ളന്‍ എങ്കിലും അവന്‍റെ ധാര്‍മികതയും സമൂഹത്തോടുള്ള ഉത്തരവാദിത്തവും കള്ളന്‍ എന്ന സാധാരണ മനുഷ്യനും കപട മുഖം മൂടിയില്‍ മാന്യതയുടെ കുപ്പായ മണിഞ്ഞ ഉന്നതരുടെ മനസാക്ഷിയും രണ്ടു പാത്രത്തില്‍ ആക്കി വെച്ചിരിക്കുന്നു .ഒപ്പം ഇതില്‍ വന്ന ചില കമെന്റുകളെ കൂടി വിമര്‍ശിക്കണം സ്വന്തം കാര്യം നോക്കാന്‍മറന്ന കള്ളനെ പഴി ചാരുന്ന സ്വഭാവത്തിലെ ധാര്‍മികതയും ചോദ്യം ചെയ്യപെടെണ്ടതുണ്ട്

    ReplyDelete
  15. പാവം കള്ളന്‍

    ReplyDelete