എന്തെഴുതുക എന്ന ചോദ്യം എന്നെ വല്ലാതെ വേട്ടയാടുന്നു. എന്തെഴുതിയാലും ആവര്‍ത്തനങ്ങള്‍ വന്നതിനെ കൊന്നു കുഴിച്ചുമൂടുന്നു. ഇപ്പോളീ കോറിയിട്ടിരിക്കുന്നത് പലപ്പോഴായി ചിതറിത്തെറിച്ചുപോയ ചില ചിന്തകളുടെ ബാക്കിപത്രമാണ്. അല്ലാതെ പുതുതായൊന്നു സൃഷ്ടിക്കുവാന്‍ മാത്രം നിറഞ്ഞുതുളുമ്പുന്നതല്ലയെന്റെ പേന....
1. പ്രണയത്തിന്റെ അവസാനത്തെ അറ്റമാണ് കുഞ്ഞുങ്ങള്‍. പ്രണയമവസാനിക്കുന്നതിന്റെ അടയാളങ്ങളും..
2. ആത്മാക്കള്‍ക്ക് വായുണ്ടായിരുന്നുവെങ്കില്‍ പല മക്കളുടേയും മുഖം തുപ്പല്‍ നിറഞ്ഞ കോളാമ്പിപ്പാത്രങ്ങളായേനേ.
3. ആരെയെങ്കിലും അപമാനിക്കണമെന്ന്‍ ആത്മാര്‍ത്ഥമായുമാഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ മരണശേഷം ഒരു പ്രതിമയുണ്ടാക്കി വഴിയരുകില്‍ എവിടെയെങ്കിലും സ്ഥാപിച്ചാല്‍ മതി.
4. ഒരു കഴുതയെ പിടിച്ചു കെട്ടിയിട്ട് തല്ലിച്ചതച്ച് അതിനെക്കൊണ്ട് താനൊരു കുതിരയാണെന്ന്‍ സമ്മതിപ്പിക്കുന്നതാണ് ചിലരോട് തര്‍ക്കിക്കുവാന്‍ നില്‍ക്കുന്നതിനേക്കാളും ഭേദം..
5. എഴുത്തിന്റെ ഭാഷയുടെ മനോഹാരിത മൂലം എഴുതിവച്ചിരിക്കുന്നത് ഹൃദയം കൊണ്ട് വായിക്കപ്പെടും.
6. ലഹരി സിരകളില്‍ ഒഴുകുമ്പോഴാണു പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാതായി മാറുന്നത്.
7. ചില കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും ഒക്കെ ഒരുപാടൊരുപാട് താമസിച്ചുപോയി എന്ന തോന്നലുണ്ടാക്കിപ്പിക്കാറുണ്ട്. കുറച്ചെങ്കിലും നേരത്തേയായിരുന്നെങ്കില്‍ എന്ന്‍ അറിയാതെ കൊതിച്ചുപോകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന്‍ പറയുന്നത് ഒരു കണക്കിനു നോക്കിയാല്‍ നിരാശയില്‍ നിന്നുമുദിച്ച വാചകമായി മാത്രം കാണാനാകുന്നതാണ്..
8. വേദന മറ്റുള്ളവര്‍ക്കൊപ്പം പങ്കുവയ്ക്കുന്നവര്‍ സത്യത്തില്‍ സാഡിസ്റ്റുകളാണ്. തന്റെ ദുഃഖം മറ്റൊരാള്‍ കൂടി അനുഭവിക്കുന്നതുകണ്ട് അകമേ സന്തോഷിച്ച് ചിരിച്ച് പുറമേ കരച്ചില്‍ നടിക്കുന്ന ക്രൂരര്‍..
9. ഓര്‍മ്മകളെ കുരുതികൊടുത്ത് ഭൂതകാലം സൌകര്യപൂര്‍വ്വം മറക്കുന്നവനാണ് മനുഷ്യന്‍
10.നോവെപ്പോഴും ഒറ്റയ്ക്കനുഭവിച്ചു തീര്‍ക്കുന്നതാണു നല്ലത്. നോവിന്റെ കാഠിന്യം കുറവായിരിക്കുമപ്പോള്‍. നമ്മുടെ സങ്കടം മറ്റൊരാളോട് കൂടി പങ്കുവയ്ക്കാമെന്ന്‍ കരുതുമ്പോള്‍ നോവിന്റെ കാഠിന്യമിരട്ടിക്കും.
11.സത്യത്തില്‍ എല്ലാവരും "എന്റെ" എന്ന ഒറ്റവാക്കിനെ പ്രണയിക്കുന്നവരാണ്. നാം മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നു എന്നു പറയുന്നത് തീര്‍ച്ചയായും ഒരു ഭംഗി പറച്ചില്‍ മാത്രമാണ്. മറ്റൊരാള്‍ക്ക് വേണ്ടി ആര്‍ക്കും ജീവിക്കാനാവില്ല.
12.പ്രണയവും കടലും ഒരേപോലെയാണു. രണ്ടിലും നിറയെ ചുഴികളും മലരുകളും വേലിയേറ്റവും വേലിയിറക്കവും തിരയിളക്കങ്ങളും.ഉപ്പുരസത്തിനും കുറവൊട്ടുമില്ലതന്നെ. മുങ്ങിമരിക്കുവാനും അത്യുത്തമം..
13.ജീവിതം ഒരു വിഡ്ഡിക്കളിയാണ്. സ്വയം കോമാളികളാകുന്ന വിഡ്ഡിക്കളി. നമ്മളൊക്കെ അതിലെ പ്രാധാന്യമില്ലാത്ത വിഡ്ഡിവേഷങ്ങള്‍.
14.ഒരാള്‍ മാനിക്കപ്പെടുന്നതും അവമതിക്കപ്പെടുന്നതും അവന്റെ പ്രവര്‍ത്തികള്‍ കൊണ്ടാണെന്ന്‍ പറയുന്നത് നൂറുശതമാനം സത്യമായ കാര്യം തന്നെയാണു.
15.കുടുംബമെന്നത് ഒരുമയുടെ ചുമരുകളാല്‍ നിര്‍മ്മിക്കപ്പെടേണ്ട ഒന്നാണ്.
16.പൊതുവേ നാം എപ്പോഴും തൊട്ടടുത്തവീട്ടിലെ താമസക്കാരുടെ ജീവിതനിലവാരത്തിനോട് മാത്രം മത്സരിക്കുവാന്‍ വ്യഗ്രതയുള്ളവരാണ്. നമുക്കെന്തുണ്ട് എന്നതിലല്ല നമ്മുടെ ഉത്ക്കണ്ഠ മറിച്ച് അയല്‍പക്കക്കാരനെന്താണില്ലാത്തതെന്ന്‍ ഓര്‍ത്താണ് നമ്മുടെ ബേജാര്‍. പുവര്‍ ഗയ്സ്
17.ചോദ്യങ്ങള്‍ നേരിടുകയും അവയ്ക്ക് ഉത്തരങ്ങള്‍ തേടിയലയുകയുമാണ് ഓരോ മനുഷ്യ ജന്മത്തിന്റേയും നിയോഗം. പലരും ചോദ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നത് ഉത്തരം കണ്ടെത്താനോ നല്‍കാനോ ഉള്ള പ്രയാസം കൊണ്ട് കൂടിയാണ്.
18.ഒരുവന്‍ സുഹൃത്തായതുകൊണ്ട് അല്ലെങ്കില്‍ അവനെന്ത് കരുതുമെന്ന്‍ വിചാരിച്ച് അവന്‍ പറയുന്ന ഒരു ശരികേടിനെ തട്ടിക്കേള്‍ക്കാതിരിക്കുന്ന്ത് നിങ്ങള്‍ നിങ്ങളോട് തന്നെ വഞ്ചന ചെയ്യുന്നതിനു തുല്യമാണ്. വീണ്ടും വീണ്ടും ശരികേടുകള്‍ ചെയ്യുവാന്‍ അത്തരക്കാരെ പ്രേരിപ്പിക്കുന്നതും നമ്മുടെ ഇത്തരം കുറ്റകരമായ മൌനങ്ങളാണ്.
19.ചിത്രങ്ങളായി ചുമരുകളില്‍ തൂങ്ങാനും ശിലകളായി അടച്ചുമൂടിയ മുറികള്‍ക്കുള്ളിലുമിരിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് ദൈവങ്ങള്‍
20.മറ്റുള്ളവരൊരിക്കലുമറിയാന്‍ പാടില്ലാത്ത രഹസ്യങ്ങളുടെ കാവള്‍ക്കാരനാകുവാനുള്ള ഏറ്റവും എളുപ്പവഴിയാകുന്നു മരണം.
21.സൌന്ദര്യമെന്നത് നോക്കിക്കാണുന്ന കണ്ണുകളുടെ തെളിമയ്ക്കുള്ളില്‍ കെട്ടിയിടപ്പെട്ടുപോയ ശാപം പേറുന്നൊരു വാക്കു മാത്രമാണ്.
22.എത്ര തന്നെ ഒഴിവാക്കിയെന്ന്‍ മേനിപറഞ്ഞാലും ശരി ഒരുവന്‍ പിന്തുടര്‍ന്ന്‍ ശീലങ്ങള്‍ ആയുസ്സൊടുങ്ങുന്നതുവരെ അവനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കും.
23.എല്ലാവരും ഏകമായി ചിന്തിക്കുകയാണെങ്കില്‍ ഈ ലോകത്തൊരു ചുക്കും സംഭവിക്കുകയില്ല. വിഭിന്നരീതിയില്‍ ആള്‍ക്കാര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ലോകം നിരന്തരം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നത്.
24.നമ്മുടെ ചില തീരുമാനങ്ങളെങ്കിലും തെറ്റായിരുന്നുവെന്ന്‍ മനസ്സിലാക്കുവാന്‍ നാം എത്രമാത്രം സമയക്കൂടുതലെടുക്കുന്നുവോ അത്രമാത്രം സങ്കീര്‍ണ്ണമായിരിക്കും ആ പ്രശ്നത്തിനുള്ള പരിഹാരമാര്‍ഗ്ഗം.
25.നഷ്ടപ്പെട്ടതിനെക്കുറിച്ചുമാത്രമോര്‍ത്ത് വിലപിച്ചു ജീവിതം തീര്‍ക്കുന്നവരെപ്പോലെ വിഡ്ഡികള്‍ ലോകത്തിലില്ല തന്നെ. നഷ്ടപ്പെടലുകളും അതിജീവനങ്ങളും നിറഞ്ഞതാണു ജീവിതമെന്ന സത്യം മനസ്സിലാക്കുക.
ശ്രീക്കുട്ടന്‍
കളര്‍ഫുള്‍ നുറുങ്ങുകളാണല്ലോ
ReplyDeleteചില തൊക്കെ മുഖപുസ്തകത്തില്‍ വായിച്ച ഓര്‍മ.എല്ലാം കൂടി ഒരുമിച്ചു വായിക്കുമ്പോള്‍ നല്ലൊരു ഇതുണ്ട് :)
ReplyDeleteചില കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും ഒക്കെ ഒരുപാടൊരുപാട് താമസിച്ചുപോയി എന്ന തോന്നലുണ്ടാക്കിപ്പിക്കാറുണ്ട്. ........നമ്മളുടെ കൂടിക്കാഴ്ച പോലെ....
ReplyDeleteകലക്കി,,,,3 മനസിലായില്ല,,,,
ReplyDelete25 മൊഴികള്‍
ReplyDeleteഒന്നാമത്തെ കാര്യം തന്നെ തെറ്റി ശ്രീ എനിക്ക് മക്കള്‍ മൂന്നായിട്ടും ഒളോടുള്ള പ്രണയത്തിനു ഒരു കുറവും വന്നിട്ടില്ല ബാക്കി ഒക്കെ കുഴപ്പമില്ല
ReplyDeleteഅക്കാര്യത്തിൽ ഞാനും കൊമ്പന്റെ കൂടെയാ..:)
Deleteചിന്തിച്ചാലൊരന്തോല്ലാ....!!
ReplyDeleteഇതു കലക്കിയല്ലൊ പൊന്നേ ......
ReplyDeleteആദ്യായിട്ടാ ഇവിടെ , കൂടെ ചേര്‍ന്നെട്ടൊ ..
ഇതിലേ പല വരികളും ,ശ്രീയുടെ സ്റ്റാറ്റസുകളായി
മുഖപുസ്തകത്തില്‍ വായിച്ചിട്ടുണ്ട് ..
അര്‍ത്ഥഗര്‍ഭം പേറുന്നുന്റ് പല വരികളും
നേരുകളില്‍ ചെന്ന് മുട്ടുന്നവ തന്നെ ..
നല്ല പോസ്റ്റ് ..
ReplyDeleteഎല്ലാ നുറുങ്ങുകളോടും യോജിക്കാനാവില്ല......
ReplyDeleteഇരുപത്തഞ്ചിൽ 25 മാർക്ക് തരുന്നു കേട്ടൊ ശ്രീക്കുട്ടാ
ReplyDeleteചിലതൊക്കെ വെറും ചുമ്മാ ! ന്നാലും കൊള്ളാം !
ReplyDeleteഎല്ലാം വലിയ ചിന്തകൾ !
ReplyDeleteആശംസകൾ !
സന്തോഷം പ്രീയരേ...വായനയ്ക്കും ഒപ്പം അഭിപ്രായങ്ങള്‍ക്കും...
ReplyDeleteകുറെയൊക്കെ ശരിയാണ്.. കുറച്ചു തെറ്റും.. ഓരോരോ കാഴ്ചപ്പാടുകള്‍..
ReplyDeleteചിലതൊക്കെ സമ്മതിക്കുന്നു പക്ഷെ ചിലതിനോട് യോചിപ്പില്ലട്ടോ ..വ്യത്യസ്തമായ കാഴ്ചപാടുകൾ ഉണ്ടാവുക സാധാരണം .
ReplyDeleteപല വലിയ ആശയങ്ങള്‍ . എല്ലാറ്റിനോടും യോജിപ്പില്ല കേട്ടോ :)
ReplyDeleteഎല്ലാറ്റിനോടും യോജിപ്പില്ല. പക്ഷെ കൂടുതലും യോജിക്കാവുന്നവ തന്നെ
ReplyDeleteഎഴുത്തിന്റെ ഭാഷയുടെ മനോഹാരിത മൂലം എഴുതിവച്ചിരിക്കുന്നത് ഹൃദയം കൊണ്ട് വായിക്കപ്പെടും. => കൊള്ളാം :)
ReplyDeleteലഹരി സിരകളില്‍ ഒഴുകുമ്പോഴാണു പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാതായി മാറുന്നത്. => "മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും" എന്ന് പറയുന്നത് പോലെ...
മിക്കവാറും എല്ലാം ശരി തന്നെ!
ReplyDeleteസംഭവങ്ങൾ എല്ലാം കൊള്ളാം.. കലക്കൻ.. പക്ഷെ ഒന്നുകൂടി ആറ്റികുറുക്കി നല്ല 10 എണ്ണം ആക്കിയിരുന്നേൽ നന്നായിരിക്കും എന്ന് തോന്നി..
ReplyDeleteഇനിയും ഉണ്ടാകട്ടെ കനപ്പെട്ട ചിന്തകൾ
ReplyDeleteഇങ്ങിനെയൊക്കെ ചിന്തിക്കാൻ സാധിക്കുന്നത് തന്നെ ഈ കാലത്തെ നല്ലൊരു കാര്യമാണ് . പക്ഷെ ..പ്രാക്ടിക്കല്‍ ആക്കണം എന്ന് മാത്രം .,
ReplyDeleteവളരെ നല്ല ഒരു പോസ്റ്റ് ശ്രീക്കുട്ടാ
ReplyDeleteനഷ്ടപ്പെട്ടതിനെക്കുറിച്ചുമാത്രമോര്‍ത്ത് വിലപിച്ചു ജീവിതം തീര്‍ക്കുന്നവരെപ്പോലെ വിഡ്ഡികള്‍ ലോകത്തിലില്ല തന്നെ. നഷ്ടപ്പെടലുകളും അതിജീവനങ്ങളും നിറഞ്ഞതാണു ജീവിതമെന്ന സത്യം മനസ്സിലാക്കുക.
ReplyDeleteമൊഴിമുത്തുകള്‍...
ReplyDeleteഎല്ലാ പ്രീയ അഭിപ്രായങ്ങളേയും സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളില്‍ ചിലതിനോട് യോജിക്കാനാവുന്നില്ല എന്നു പറഞ്ഞതും അംഗീകരിക്കുന്നു. അവ എന്തുകൊണ്ടാണ് എന്നൊരു ചെറു കുറിപ്പുകൂടി വന്നിരുന്നുവെങ്കില്‍ നന്നായിരുന്നേനേ..
ReplyDeleteചില കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും ഒക്കെ ഒരുപാടൊരുപാട് താമസിച്ചുപോയി എന്ന തോന്നലുണ്ടാക്കിപ്പിക്കാറുണ്ട്. കുറച്ചെങ്കിലും നേരത്തേയായിരുന്നെങ്കില്‍ എന്ന്‍ അറിയാതെ കൊതിച്ചുപോകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന്‍ പറയുന്നത് ഒരു കണക്കിനു നോക്കിയാല്‍ നിരാശയില്‍ നിന്നുമുദിച്ച വാചകമായി മാത്രം കാണാനാകുന്നതാണ്..
ReplyDeleteഇതെനിക്കിഷ്ടമായി
പലനിറത്തില്‍ എഴുതിയ വമ്പന്‍ ലിസ്റ്റ് .. എല്ലാം പോയിന്റ്!!!
ReplyDeleteനുറുങ്ങുകള്‍ രസായി. ചിലതിനോടൊക്കെ വിയോജിപ്പ് ഉണ്ട് എന്ന് കൂടി അറിയിക്കട്ടെ
ReplyDeleteകൊള്ളാം
ReplyDeleteമഹത് പ്രവൃത്തി തന്നെ
ReplyDelete