Monday, January 13, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

ലോകത്തെ സര്‍വ്വം ഗ്രസിച്ച രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള വിവരണത്തിന്റെ ആദ്യഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കി വായിക്കാവുന്നതാണു.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

ലെനിന്‍ ഗ്രാഡ് യുദ്ധം

കഴിഞ്ഞ ഭാഗത്തില്‍ സ്റ്റാലിന്‍ ഗ്രാഡില്‍ നടന്ന യുദ്ധത്തെക്കുറിച്ചാണല്ലോ പറഞ്ഞു നിര്‍ത്തിയത്. അതുപോലെ തന്നെ ഭീകരമായ മറ്റൊരു യുദ്ധമായിരുന്നു ലെനിന്‍ ഗ്രാഡില്‍ നടന്നത്. റഷ്യയുടെ വടക്ക് മാറി കടലിനോടു ചേര്‍ന്ന്‍ കിടന്നിരുന്ന ഒരു വ്യാവസായിക നഗരമായിരുന്നു ലെനിന്‍ ഗ്രാഡ് എന്ന ഇന്നത്തെ സെന്റ്‌ പീറ്റേര്‍സ് ബെര്‍ഗ്. റഷ്യയുടെ വ്യാവസായിക ഉത്പാദനത്തിന്റെ പതിനൊന്നു ശതമാനം ഈ നഗരത്തിന്റെ സംഭാവന ആയിരുന്നു. ഇതില്‍ യുദ്ധ ഉപകരണങ്ങളും പെടും. യുദ്ധം തുടങ്ങി ഏതാനും നാളുകള്‍ കൊണ്ട് തന്നെ നാസികള്‍ ലെനിന്‍ ഗ്രാഡിന്റെ അടുത്തെത്തി. മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ നഗരത്തില്‍ അധിനിവേശം നടത്താതെ ഉപരോധം ഏര്‍പ്പെടുത്തുവാന്‍ നാസികള്‍ തീരുമാനിച്ചു. നഗരം വളഞ്ഞ നാസിപട്ടാളം ഉപരോധമാരംഭിച്ചതോടെ മുപ്പതു ലക്ഷത്തോളം വരുന്ന ജനങ്ങള്‍ മുഴുവന്‍ നഗരത്തിനുള്ളില്‍ തന്നെ കുടുങ്ങിപ്പോയി. 1941 സെപ്തംബര്‍ മാസത്തിലായിരുന്നു കുപ്രസിദ്ധമായ ഈ ഉപരോധം ആരംഭിച്ചത്. നഗരത്തിനു സമീപത്തു ഉണ്ടായിരുന്ന ഒരു തടാകം വഴി മാത്രമായിരുന്നു നഗരത്തിലേക്ക് എന്തെങ്കിലും ഗതാഗതം സാധ്യമായിരുന്നത്‌. ഇതാവട്ടെ പലപ്പോഴും ജര്‍മ്മന്‍‍ വിമാനങ്ങള്‍ ആക്രമിച്ചു കൊണ്ടിരുന്നു. ഉപരോധം തുടര്‍ന്നുകൊണ്ടിരുന്നതോടെ നഗരത്തിലെ ജനജീവിതം ദുസ്സഹമായി മാറി. ഭക്ഷണമോ വെള്ളമോ മരുന്നുകളോ കിട്ടാനില്ലാതെ ജനങ്ങള്‍ വലഞ്ഞു. പട്ടിണി കിടന്നു മറ്റും മരിച്ചത് പതിനായിരങ്ങളായിരുന്നു. ഒടുവില്‍ കനത്ത പോരാട്ടങ്ങള്‍ക്ക്  ശേഷം 1944 ആരംഭത്തോടെ നഗരം ചെമ്പട മോചിപ്പിച്ചു. അതിനോടകം ഏതാണ്ട് പത്തു ലക്ഷം മനുഷ്യര്‍ പട്ടിണി കിടന്നു മരിച്ചിരുന്നു. അത്രയുമെണ്ണം സൈനികര്‍ ഇവിടുത്തെ യുദ്ധങ്ങളിലും കൊല്ലപ്പെട്ടിരുന്നു. നഗരത്തിലെ ജന സംഖ്യാ അഞ്ചില്‍ ഒന്നായി ചുരുങ്ങി. സോവിയറ്റ് യുണിയന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു യുദ്ധങ്ങളാണ് സ്റ്റാലിന് ഗ്രാഡിലും ലെനിന് ഗ്രാഡിലും നടന്നത്. സ്റ്റാലിന്‍ ഗ്രാഡ് ധൈര്യത്തിന്റെ പ്രതീകം ആണെങ്കില്‍ ലെനിന്‍ ഗ്രാഡ് സഹനത്തിന്റെ പ്രതീകമാണ്. ഈ രണ്ടു നഗരങ്ങളിലുമായി മരിച്ചു വീണ മനുഷ്യരാണ് പില്ക്കാലത്ത് റഷ്യക്ക് ലോകത്തിനു മുമ്പില്‍ ഒരു ധീര പരിവേഷം നല്കിയത്.

                                             ശവങ്ങള്‍ നിറഞ്ഞ തെരുവുകള്‍

ലെനിന്‍ ഗ്രാഡ് ഇന്നറിയപ്പെടുന്നത് സെന്റ് പീറ്റേര്‍സ് ബര്‍ഗ് എന്നാണു. അതിമനോഹരമായ ഈ നഗരം റഷ്യയുടെ രണ്ടാം തലസ്ഥാനമെന്നറിയപ്പെടുന്നു.


കുര്‍സ്ക്ക് യുദ്ധം

സ്റ്റാലിന്‍ ഗ്രാഡിലെ ജര്‍മ്മനിയുടെ പരാജയത്തിനു ശേഷം നടന്ന നിര്‍ണ്ണായകവും ഐതിഹാസികവുമായ മറ്റൊരു യുദ്ധമായിരുന്നു ബാറ്റില്‍ ഓഫ് കുര്‍സ്ക്ക്. മോസ്ക്കോയില്‍ നിന്നും ഏകദേശം 280 മൈല്‍ അകലെയുള്ള ഒരു റഷ്യന്‍ പ്രദേശമായിരുന്നു കുര്‍സ്ക്ക്. സ്റ്റാലിന്‍ ഗ്രാഡില്‍ നിന്നും പിന്‍വാങ്ങിയ ജര്‍മ്മന്‍ സേന കുര്‍സ്ക്കില്‍ വച്ച് അവരെ പിന്തുടര്‍ന്ന റഷ്യന്‍ സൈന്യവുമായി ഏറ്റുമുട്ടി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടാങ്ക് യുദ്ധം എന്ന് വിശേഷിപ്പിക്കുന്ന ഈ യുദ്ധം നാസികള്‍ മുന്‍കൈ എടുത്തു നടത്തിയ അവസാനത്തെ ആക്രമണം ആയിരുന്നു. ഏകദേശം 30 ലക്ഷം ആളുകളും 8000 ത്തോളം ടാങ്കുകളും ഇരു വശത്തുമായി പങ്കെടുത്തു എന്ന് പറയുമ്പോള്‍ ആണ് ഇതിന്റെ യഥാര്‍ത്ഥ ചിത്രം മനസിലാകുക.

സ്റ്റാലിന്‍ ഗ്രാഡില്‍ ഏറ്റ പരാജയത്തിനു ശേഷം ജര്‍മ്മന്‍ സൈന്യം പിന്‍വാങ്ങി ഉക്രൈനില്‍ നിലയുറപ്പിച്ചു. തങ്ങളെ തോല്‍പ്പിച്ച റഷ്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഹിറ്റ്ലര്‍ തയ്യാറാക്കിയമൊരു യുദ്ധതന്ത്രമായിരുന്നു ഓപ്പറേഷന്‍ സിറ്റാഡെല്‍. എന്നാല്‍ നാസികളുടെ ഇടയില്‍ നിന്നുതന്നെയുള്ള ഒരു ചാരനാല്‍ ഈ ഓപ്പറേഷനെക്കുറിച്ച് മുന്‍ കൂട്ടിയറിഞ്ഞ റഷ്യ അവശ്യം വേണ്ട തയ്യാറെടുപ്പുകള്‍‍ നടത്തി.  അങ്ങനെ 1943 ജൂലൈ മാസത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടാങ്ക് യുദ്ധത്തിനു കുര്‍സ്ക്കും അതിനുചുറ്റുമുള്ള പ്രദേശങ്ങളും സാക്ഷിയായി.കുര്‍സ്ക്കിനു സമീപത്തെ ഒരു പാടത്തു വച്ചാണ് ഏറ്റവും വലിയ ഏറ്റു മുട്ടല്‍ നടന്നത്. എണ്ണത്തില്‍ കുറവ് ആയിരുന്നെങ്കിലും ജര്‍മ്മന്‍‍ ടാങ്കുകള്‍ സാങ്കേതികമായി മികച്ചവ ആയിരുന്നു. ഭീകരമായ യുദ്ധത്തില്‍ പക്ഷെ ഈ സാങ്കേതിക തികവ് ജര്‍മ്മനിയെ തുണച്ചില്ല. ഇരു ഭാഗത്തും വലിയ നാശം ഉണ്ടാക്കിയ യുദ്ധത്തില്‍ ആത്യന്തികമായി ജര്‍മ്മനി പരാജയപെടുകയാണുണ്ടായത്. ഉക്രൈനിന്റെ പല ഭാഗങ്ങളും ഈ യുദ്ധവിജയത്തെത്തുടര്‍ന്ന്‍ റഷ്യ മോചിപ്പിച്ചെടുത്തു. നാസികളുടെ കിഴക്കന്‍ മേഖലയിലെ സകല മുന്‍ തൂക്കവും ഈ യുദ്ധത്തോടെ ഇല്ലാതായിമാറി.


കുര്‍സ്ക് ചിത്രകാരന്റെ ഭാവനയില്‍

ചരിത്രകാരന്മാര്‍ പലരും സ്റ്റാലിന്‍ ഗ്രാഡിനെക്കാളും പ്രാധാന്യം കുര്‍സ്ക്കിലെ യുദ്ധത്തിനു കൊടുക്കാറുണ്ട്. യുദ്ധശേഷം കുര്‍സ്ക്ക് സന്ദര്‍ശിച്ച ഒരു പത്രലേഖകന്‍ ഇങ്ങനെ എഴുതി.

"പല യുദ്ധ ഭൂമികളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊന്ന് ആദ്യമാണ്. ഇവിടെ മനുഷ്യ ശരീരങ്ങളേക്കാളധികം ടാങ്കുകളുടെ മൃത ദേഹങ്ങള്‍ ആണ്. അവയില്‍ നിന്നും ഉരുകി ഒലിച്ച ഇരുമ്പും മനുഷ്യ രക്തവും പലപ്പോഴും ഒരു പോലെ തോന്നിച്ചു."

മിഡ് വെ എന്ന അമേരിക്കന്‍ കെണി 

നാസികള്‍ പരാജയത്തിലേക്ക് കൂപ്പുകുത്തവേ കിഴക്ക്ഭാഗത്ത് അമേരിക്ക ജപ്പാന്റെ ഹുങ്കിനും മൂക്ക് കയര്‍ ഇട്ടിരുന്നു. കടലില്‍ അവരുടെ മേധാവിത്വം അവസാനിപ്പിക്കാന്‍ അമേരിക്കക്ക് സാധിച്ചത് ശക്തിയേക്കാള് ഉപരി ബുദ്ധി കൊണ്ട് ആയിരുന്നു. പേള്‍ ഹാര്‍ബറിനു തിരിച്ചടിയെന്നൊണം അമേരിക്കാ ടോക്യോ നഗരത്തില്‍ ബോംബാക്രമണം നടത്തി. ഏഷ്യ പിടിച്ചടക്കുന്നത് തല്ക്കാലം നിര്‍ത്തിയിട്ട് ഇതേപോലുള്ള ബോംബാക്രമണങ്ങള്‍ ചെറുക്കുവാനായി എന്താണ് ചെയ്യേണ്ടത് എന്ന് ജപ്പാനിലെ മിലിട്ടറി നേതൃത്വം കൂടിയാലോചിച്ചു ശാന്ത സമുദ്രത്തില്‍ ഒരു വലയം തീര്‍ക്കുകയാണ് വേണ്ടതെന്ന നിഗമനത്തില്‍ എത്തി.  ആ ശ്രമം മുന്നില്‍ കണ്ടിറങ്ങിയ ഇറങ്ങിയ ജപ്പാനെ അമേരിക്ക കോറല്‍ സമുദ്രത്തില്‍ വച്ച് തടഞ്ഞു.  കപ്പലുകള്‍ തമ്മില്‍ പരസ്പ്പരം വെടിവച്ച് ആക്രമിക്കുന്ന പതിവ് കടല്‍ യുദ്ധങ്ങളില്‍ നിന്നും മാറി ഇരുവിഭാഗത്തിന്റേയും വിമാനങ്ങള്‍ തമ്മില്‍ പോരാടി. ഇരുകൂട്ടര്‍ക്കും തുല്യരീതിയിലാണു നാശനഷ്ടം നേരിട്ടത്. അമേരിക്കയുടെ ശല്യം ശാന്തസമുദ്രത്തില്‍ അവസാനിപ്പിക്കുവാനായി അവരുടെ മിഡ് വേ ബേസ് ആക്രമിക്കുവാനുല്ല ജപ്പാന്റെ തീരുമാനം അവരുടെ തന്നെ വിധിയെഴുത്തായ് മാറുകയാണുണ്ടായത്
മിഡ് വെ ദ്വീപും അതിനടുത്തുള്ള അമേരിക്കന്‍ വ്യോമ താവളവും

ശാന്ത സമുദ്രത്തിലെ ജപ്പാന്റെ വിമാനവാഹിനി വ്യൂഹത്തെ ഭയപ്പെട്ടിരുന്ന അമേരിക്ക ജപ്പാന്റെ കോഡ് ഭാഷ കണ്ടു പിടിക്കാന്‍ ഉള്ള ശ്രമം തകൃതിയായി തുടരുന്നുണ്ടായിരുന്നു. വളരെ നാളത്തെ കഠിനപരിശ്രമത്തെതുടര്‍ന്ന്‍ അമേരിക്കന്‍ ചാരന്മാര്‍ അതില്‍ വിജയം കണ്ടെത്തി. തന്ത്ര പ്രധാനമായ ജപ്പാന്റെ രഹസ്യ ഭാഷ അവര്‍ മനസ്സിലാക്കിയെടുത്തു. അമേരിക്കയുടെ കൈവശമുള്ള മിഡ് വേ ദെവ്വ്പും സൈനികത്താവളവുമാക്രമിക്കാനുള്ള ജാപ്പനീസ് രഹസ്യപദ്ധതി അമേരിക്ക ചോര്‍ത്തിയെടുത്തു. അതിനനുസരിച്ച സര്‍വ്വ സന്നാഹങ്ങളോടെയും കാത്തിരുന്ന അമേരിക്കന്‍ പടയുടെ വായിലേക്ക് ജപ്പാന്റെ കപ്പല്‍ വ്യൂഹം വന്നുചേര്‍ന്നു.

അമേരിക്കന്‍ ആക്രമണത്തില്‍ മുങ്ങുന്ന ജാപ്പനീസ് വിമാനവാഹിനിക്കപ്പല്‍

ആക്രമണം തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ ജപ്പാന്റെ ദ്വീപ്‌ ആക്രമിക്കാന്‍ ഉള്ള ശ്രമം കനത്ത പ്രധിരോധം മൂലം പാളി. മാത്രമല്ല അപ്രതീക്ഷിതമായി വന്ന അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ ജപ്പാന്റെ 3 വിമാന വാഹിനി കപ്പലുകള്‍ കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് പസഫിക്കില്‍ മുക്കി. അവിടെ നിന്ന് രക്ഷപ്പെട്ട നാലാമത്തെ കപ്പല്‍ അന്ന് വൈകീട്ടു അമേരിക്കന്‍ പട മുക്കിയതോടെ ജപ്പാന്റെ കടലിലെ യുദ്ധം ഏതാണ്ട് അവസാനിച്ചു. പസഫിക്കില്‍ തങ്ങളുടെ പേടി സ്വപ്നമായിരുന്ന ജാപ്പനീസ് കപ്പല്‍ വ്യൂഹത്തെ അങ്ങനെ അമേരിക്ക തന്ത്രപൂര്‍വ്വം കെണിയില്‍ വീഴ്ത്തി മുക്കി കൊന്നു.

കടലില്‍ നിരായുധരായ ജപ്പാന്‍ കരയുദ്ധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ തുടങ്ങി. എന്നാല്‍ സഖ്യകക്ഷികളുടെ ശക്തമായ പ്രതിരോധത്താലും കാലവാസ്ഥയുടെ തിരിച്ചടികളാലും ജപ്പാന്‍ സൈനികര്‍ക്ക് അവിടെയും രക്ഷയുണ്ടായില്ല. രാജ്യത്തെ സമ്രക്ഷിക്കുന്നതിനായ് ഒരു വലയമെന്നോണം ഒരു എയര്‍ ബേസ് സൃഷ്ടിക്കാന്‍ തുടങ്ങിയെങ്കിലും അമേരിക്കയുടെ ആക്രമണത്തില്‍ പകുതി പൂര്‍ത്തിയായ ആ എയര്‍ ബേസ് നഷ്ടമാകുകയുണ്ടായി. യുദ്ധത്തിന്റെ ഗതി എങ്ങോട്ടേയ്ക്കാണെന്ന്‍ ജപ്പാനു പിടികിട്ടിത്തുടങ്ങി.

ജര്‍മ്മനിയുടെ പിന്മാറ്റം

കുര്‍സ്ക്കിലെ പരാജയത്തോടെ ജര്‍മ്മനി പതിയെ യുദ്ധമുഖത്തുനിന്നും പിന്തിരിയാന്‍ തുടങ്ങിയിരുന്നു. അതോടൊപ്പം തന്നെ റഷ്യന്‍ പട മുന്നേറാനും. മെഡിറ്ററേനിയന്‍ കടലില്‍ ഇറ്റാലിയന്‍ സേന തകര്‍ന്നപ്പോള്‍ കടലിലെ ആധിപത്യം ബ്രിട്ടന്റെ കയ്യിലാവുകയുണ്ടായി. ആഫ്രിക്കയില്‍ പിടിച്ചുനില്‍ക്കാന്‍ നാസിപ്പട ശരിക്കും ബുദ്ധിമുട്ടി. അമേരിക്കകൂടി യുദ്ധരംഗത്തു വന്നതോടെ ശരിക്കും കുടുങ്ങിയ ജര്‍മ്മന്‍ ഇറ്റാലിയന്‍ സൈന്യം ഒടുവില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങുകയുണ്ടായി. മാത്രമല്ല കരുത്ത് വീണ്ടെടുത്ത ബ്രിട്ടീഷ് സൈന്യം ജര്‍മ്മന്‍ നഗരങ്ങള്‍ ബോംബിട്ട് തകര്‍ക്കുവാനാരംഭിച്ചു. ബ്രിട്ടന്‍ കണ്ടെത്തിയ ചില പുതിയ യുദ്ധവിമാനങ്ങള്‍ വച്ചുള്ള ആക്രമണം പ്രതിരോധിക്കുവാന്‍ ജര്‍മ്മന്‍ ഫൈറ്ററുകള്‍ ശരിക്കും ബുദ്ധിമുട്ടി. ജര്‍മ്മനിയുടെ മുങ്ങിക്കപ്പലുകള്‍ പലപ്പോഴും ബ്രിട്ടീഷ് കപ്പല്‍ വ്യൂഹങ്ങള്‍ക്ക് കനത്ത നാശനഷ്ടം സംഭവിപ്പിച്ചിരുന്നുവെങ്കിലും അമേരിക്ക രംഗത്തെത്തിയതൊടെ അവിടെയും ജര്‍മ്മനിയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു.

ഇതിനോടകം തന്നെ ജര്‍മ്മന്‍ വ്യോമ സേന ഏകദേശം തകര്‍ന്നുകഴിഞ്ഞിരുന്നു. ജര്‍മ്മനിക്ക് വ്യോമസേന തങ്ങളെ കാക്കുമെന്ന വിശ്വാസം തകര്‍ന്നിരുന്നു. റഷ്യയുടെ വിമാനങ്ങളാവട്ടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പിന്‍ വലിയുന്ന ജര്‍മ്മന്‍ സേനക്കു മേല്‍ ബോംബു വര്‍ഷിച്ചുകൊണ്ടിരുന്നു. ജര്‍മ്മനിയുടെ വിധിയും ഏകദേശം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

മുസ്സോളിനിയുടെ അന്ത്യം 

ആഫ്രിക്കയില്‍ നിന്നും പിന്‍വാങ്ങിയ ജര്‍മ്മന്‍ സൈന്യത്തെ ഇറ്റലിയിലും പിടിച്ചു നില്‍ക്കാന്‍ സഖ്യ കക്ഷികളനുവദിച്ചില്ല. അവിടെ നിന്നും അവരെ തുരത്തി ഇറ്റലിയെ മോചിപ്പിച്ചു. ഇറ്റലിയിലെ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ ഒരുമിച്ചുകൂടുകയും മുസ്സോളിനിയെ പുറത്താക്കുകയും ചെയ്തു. അറസ്റ്റിലായ മുസ്സൊളിനിയെ ജര്‍മ്മന്‍ സൈനികര്‍ സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും അ1945 ഏപ്രിലില്‍ മുസ്സോളിനിയേയും കാമുകിയേയും നാട്ടുകാര്‍ പിടികൂടുകയുണ്ടായി. ശേഷം ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന്‍ ക്രൂരമായി കൊന്ന്‍ പരസ്യമായി കെട്ടിത്തൂക്കിയിട്ടശേഷം ആ ശവശരീരങ്ങളുടെ നേര്‍ക്ക് കല്ലെറിയുകയുണ്ടായി.  അതി ബ് ഹീകരമായ ഒരു യുദ്ധത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുകയും രാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കാന്‍ ഇടയാക്കുകയും ചെയ്ത ഏകാധിപതിയോടുള്ള ജനങ്ങളുടെ രോഷപ്രകടനാമായിരുന്നു അവിടെ കണ്ടത്.  ഇത്രയും മൃഗീയമായ വധിക്കപ്പെട്ട ഒരു നേതാവും ലോകചരിത്രത്തില്‍ വേറെ ഇല്ല എന്നു തന്നെ പറയാം. 

മുസ്സോളിനിയും കാമുകിയെയും കൊന്നു കെട്ടി തൂക്കിയിരിക്കുന്നു. അടുത്ത ചിത്രത്തില്‍ ജനങ്ങള്‍ കല്ലെറിയുന്നു.

(തുടരും...)

ശ്രീക്കുട്ടന്‍

8 comments:

  1. പിന്‍തിരിഞ്ഞു നോക്കുമ്പോള്‍....
    നന്നായി ഈ വിവരണം
    ആശംസകള്‍

    ReplyDelete
  2. പുളൂസ് ..എന്നും പറഞ്ഞ് ഇതൊക്കെ സീരിയസ് ആണല്ലോ ശ്രീ ...ആശംസകൾ കേട്ടോ

    ReplyDelete
  3. കാത്തിരിക്കുന്നു. മുസ്സോളിനിയെ വധിച്ചത് കമ്മ്യൂണിസ്റ്റ് ഗറില്ലകളാണെന്നാണല്ലൊ മലയാളം വിക്കി പറയുന്നത്.

    http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%A8%E0%B4%BF

    ReplyDelete
  4. അനിവാര്യമായ പതനങ്ങള്‍
    എങ്കിലും അവയിലേയ്ക്ക് എത്താന്‍ എത്ര നാശങ്ങള്‍

    മനുഷ്യര്‍ എന്നിട്ടും അനുഭവങ്ങളാല്‍ പഠിയ്ക്കാത്തതെന്തുകൊണ്ട്!!

    ReplyDelete
  5. "പല യുദ്ധ ഭൂമികളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊന്ന്
    ആദ്യമാണ്. ഇവിടെ മനുഷ്യ ശരീരങ്ങളേക്കാളധികം ടാങ്കുകളുടെ മൃത
    ദേഹങ്ങള്‍ ആണ്. അവയില്‍ നിന്നും ഉരുകി ഒലിച്ച ഇരുമ്പും മനുഷ്യ രക്തവും
    പലപ്പോഴും ഒരു പോലെ തോന്നിച്ചു."

    പലതും അറിയാത്ത ചരിത്രങ്ങൾ തന്നെ...

    ReplyDelete
  6. ചരിത്രാന്വേഷണം തുടരുക

    ReplyDelete
  7. ചരിത്രം നമ്മള്‍ പഠിച്ചില്ല, പല പേരുകളില്‍ പല നാടുകളില്‍ ഇന്നും യുദ്ധങ്ങള്‍ തുടര്‍ക്കഥയാകുന്നു..

    ReplyDelete
  8. ചരിത്രങ്ങള്‍ തുടരുമ്പോഴും ചോദ്യങ്ങള്‍ അവശേഷിക്കുന്നു.എന്തിനായിരുന്നു ഈ യുദ്ധങ്ങളും,അധിനിവേശങ്ങളും.പട്ടിണിയുടേയും, ചോരയുടേയും, വേദനകളുടേയും കണക്ക് തീര്‍ക്കാന്‍ ആര്‍ക്ക് കഴിയും?

    ReplyDelete