Sunday, June 26, 2016

ആര്‍ട്ടിസ്റ്റിക് ക്രൈം ഓഫ് ദ സെഞ്ചുറി

1949 ആഗസ്റ്റ് 13 ന് ഫ്രാന്‍സിലെ ന്യൂമെറസില്‍ ഒരു ആര്‍മി പൈലറ്റിന്റെ മകനായായിരുന്നു ഫിലിപ്പെ പെറ്റിറ്റ് ജനിച്ചത്. വളരെ കുട്ടിക്കാലത്തെ തന്നെ മാജിക്കിന്റെ ലോകത്ത് ഫിലിപ്പെ ആകൃഷ്ടനായി മാജിക്കിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. താന്‍ പഠിച്ച മാജിക്കുകള്‍ തെരുവുകളില്‍ അവതരിപ്പിച്ച് ഫിലിപ്പെ കാഴ്ചക്കാരെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുകയും വരുമാനമുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. പതിനാറുവയസ്സായ കാലത്തൊരിക്കലാണ് ഫിലിപ്പെ വയര്‍ വാ‍ക്കിംഗ് മേഖലയില്‍ ശ്രദ്ധിക്കാനിടയായത്. അതൊടെ വയര്‍ വാക്കിംഗ് അവന്റെ സ്വപ്ന മേഖലയായിമാറുകയും ചെയ്തു. എന്നാല്‍ ഫിലിപ്പെയുടെ ഈ ഭ്രാന്തന്‍ സ്വപ്നങ്ങള്‍ക്ക് വീട്ടില്‍ നിന്നും യാതൊരു വിധ പിന്തുണയും കിട്ടിയില്ലെന്ന്‍ മാത്രമല്ല വീട്ടില്‍ നിന്നും പുറത്താകുവാനിടയാകുകയും ചെയ്തു. വയര്‍ വാക്കിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഫിലിപ്പേ തന്റെ പൂര്‍ണ ശ്രദ്ധയും ഹൈ വയര്‍ വാക്കിംഗിലേക്ക് തിരിച്ചു. ആദ്യമൊക്കെ ഫിലിപ്പേ കാണികളുടെ മുന്നില്‍ അവതരിപ്പിച്ച പരിപാടികള്‍ വലിയ വിജയം കാണുകയുണ്ടായില്ല. എന്നാല്‍ അതിലൊന്നും നിരാശനാകാതെ ഫിലിപ്പെ തന്റെ പരിശീലനപരിപാടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

പല്ലുവേദനയുമായി ഒരു ദന്താശുപത്രിയില്‍ എത്തിയ ദിവസം അവിടെ ക്കിടന്ന ഒരു മാഗസിനില്‍ കണ്ട ഒരു ഫീച്ചര്‍ ഫിലിപ്പെയെ വളരെയധികം ആകര്‍ഷിച്ചു. ന്യൂയൊര്‍ക്കില്‍ നിര്‍മ്മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ട്വിന്‍ ടവേര്‍സിന്റെ  കണ്‍സ്ട്ര‍ക്ഷനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നത്. അംബരചുംബികളായ ആ ബിള്‍ഡിംഗുകള്‍ ഫിലിപ്പേയെ അങ്ങേയറ്റം മോഹിപ്പിച്ചു. ആ ബില്‍ഡിംഗുകളുടെ മുകളിലൂടെ താന്‍ വയര്‍ വാക്കിംഗ് നടത്തുന്നതായി സങ്കല്‍പ്പിച്ച ഫിലിപ്പേ തന്റെ മുഴുവന്‍ ശ്രദ്ധയും ആ ഇരട്ട ബില്‍ഡിംഗുകളിലേക്ക് തിരിച്ചൂ. ആ ബിള്‍ഡിംഗുകള്‍ കീഴടക്കിയാല്‍ താന്‍ അഖിലലോകപ്രശസ്തനാകുമെന്നും തന്റെ സ്വപ്നസാക്ഷാത്ക്കാരമായിരിക്കുമതെന്ന്‍ തിരിച്ചറിഞ്ഞ ഫിലിപ്പെയുടെ പിന്നീടുള്ള നാളുകള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ബില്‍ഡിംഗിന്റെ നിര്‍മ്മാണവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കലുമായി തീര്‍ന്നു. ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്നതിനു മുന്നേ ഫിലിപ്പേ നിരവധി പ്രകടനങ്ങള്‍ നടത്തി സ്വയം ആത്മവിശ്വാസം കൂട്ടുകയുണ്ടായി. 1971 ല്‍ പാരീസിലെ നോത്രദാം കത്രീഡലിലെ ഇരട്ട ടവറുകളില്‍ റോപ്പ് കെട്ടി ഫിലിപ്പേ വിജയകരമായി അതിലൂടെ നടക്കുകയുണ്ടായി. 1973 ല്‍ ഓസ്ട്രേലിയയിലെ സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജിലും ഫിലിപ്പെ വയര്‍ വാക്കിംഗ് പ്രകടനം നടത്തി വിസ്മയം സൃഷ്ടിച്ചിരുന്നു. ഫിലിപ്പെയുടെ ചില സുഹൃത്തുക്കള്‍ ഇക്കാര്യങ്ങളില്‍ അവനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.

1973 ല്‍ ന്യൂയോര്‍ക്കിലെത്തിയ ഫിലിപ്പെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബില്‍ഡിംഗുകളുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയും പിന്നീടുള്ള മുഴുവന്‍ സമയവും ആ ബിള്‍ഡിംഗിന്റെ മുഴുവന്‍ പരിസരപഠനത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഏകദേശം ഒരു വര്‍ഷത്തോളം ഒരു കണ്‍സ്ട്രക്ഷന്‍ വര്‍ക്കറായും , ഫോട്ടോ ഗ്രാഫറായും മറ്റുമൊക്കെ വേഷം കെട്ടിയ ഫിലിപ്പെ കൃത്യമായും ആ ഇരട്ട ബില്‍ഡിംഗുകളെക്കുറിച്ചുള്ള പഠനം തുടര്‍ന്നു. ബില്‍ഡിംഗുകള്‍ തമ്മിലുള്ള അകലം ഒക്കെ മനസ്സിലാക്കി. 1370 അടിയോളം ഉയരമുള്ള ആ കെട്ടിടങ്ങളിലൂടെ മുകളിലൂടെ നടക്കുവാനായി ഫിലിപ്പെ തിരഞ്ഞെടുത്ത ദിവസം 1974 ആഗസ്റ്റ് 6 നായിരുന്നു. വാക്കിംഗ് നടത്താനുള്ള ഉപകരണങ്ങള്‍ പലപ്പോഴായി സമര്‍ത്ഥമായി ബില്‍ഡിംഗിലെത്തിച്ച് സന്നാഹങ്ങളൊരുക്കിയ ഫിലിപ്പേയും ചങ്ങാതിമാരും രണ്ട് സംഘങ്ങളായിപ്പിരിഞ്ഞ് നോര്‍ത്തും സൌത്തുമുള്ള ബിള്‍ഡിംഗുകളില്‍ കയറിപ്പറ്റി. തുടര്‍ന്ന്‍ 61 മീറ്ററിലധികം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഇരട്ട ടവറുകള്‍ക്കു മുകളിലൂടെ അവര്‍ കനത്ത ഇരുമ്പുവടം വലിച്ചുകെട്ടി. ഇടയ്ക്കുണ്ടായ ചില ചെറിയ തടസ്സങ്ങള്‍ മൂലം പിറ്റേന്ന്‍ പുലര്‍ച്ചെയാണ് വയര്‍ കറക്ടായി ഇരു ബിള്‍ഡിംഗുകളിലും ഉറപ്പിക്കാനായത്.




ആഗസ്റ്റ് 7 നു രാവിലെ ഫിലിപ്പെ അങ്ങിനെ ജനതയെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് 1370 ഒളം അടി ഉയരത്തില്‍ 61 മീറ്റര്‍ അകലത്തില്‍ നില്‍ക്കുന്ന അംബരചുംബികളായ ആ ബില്‍ഡിംഗുകള്‍ക്ക് മുകളിലൂടെ വലിച്ചുകെട്ടിയ വടത്തില്‍ കൂടി നടക്കുവാനാരംഭിച്ചു. ഈ പ്രകടനം താഴെ നിന്നു കണ്ട ന്യൂയോര്‍ക്ക് ജനത അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാകുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ പോലീസിനെക്കൊണ്ട് നിറഞ്ഞു. നോര്‍ത്ത് സൌത്ത് ബില്‍ഡിംഗുകളുടെ മുകളിലെത്തിയ പോലീസ് നിസ്സഹായരായി നിന്നു. വയറിലൂടെ നടന്ന്‍ നോര്‍ത്ത് ബില്‍ഡിംഗിലെത്തിയ ഫിലിപ്പേ പെട്ടന്ന്‍ തിരിച്ചു നടക്കാനാരംഭിച്ചു. മൊത്തം 8 പ്രാവശ്യമാണ് ഇപ്രകാരം ഫിലിപ്പേ നടന്നത്. 45 മിനിട്ടോളം നീണ്ടുനിന്ന ആ പ്രകടനത്തിനു ശേഷം ബില്‍ഡിംഗിലേക്ക് കയറിയ ഫിലിപ്പേയെ പോലീസ് അറസ്റ്റു ചെയ്തു.



ഇതിനിടയില്‍ ഫിലിപ്പെയുടെ സുഹൃത്തുക്കള്‍ ഈ വിസ്മയപ്രകടനത്തിന്റെ നിരവധി ചിത്രങ്ങളെടുത്തിരുന്നു. അതിലൂടെ ഫിലിപ്പെയെ അഖിലലോകപ്രശസ്തനാക്കിയ ഈ സംഭവം ദ ആര്‍ട്ടിസ്റ്റിക് ക്രൈം ഓഫ് ദ സെഞ്ചുറി എന്നാണറിയപ്പെടുന്നത്. ഈ സംഭവത്തെ ആധാരമാക്കി 2008 ല്‍ ഒരു ദോക്യുമെന്ററി പുറത്തിറങ്ങുകയുണ്ടായി.  നിരവധി പുരസ്ക്കാരങ്ങളാണ് അതു നേടിയത്. 2015ല്‍ ദ വാക്ക് എന്ന പേരില്‍ ഒരു സിനിമയും ഇതിനെക്കുറിച്ചിറങ്ങി. അങ്ങിനെ ലോകത്തെ വിസ്മയിപ്പിച്ച ഈ മഹാസൌധങ്ങള്‍ പിന്നീടൊരിക്കല്‍ കൂടി ലോകത്തെ ഞെട്ടിപ്പിച്ചു. 2001 സെപ്തംബര്‍ 11 ല്‍ ഭീകരര്‍ വിമാനമിടിച്ചിറക്കി തകര്‍ത്തുകളഞ്ഞതും അമേരിക്കയുടെ അഭിമാനസ്തംഭമായിരുന്ന ഈ അംബരചുംബികളെത്തന്നെയായിരുന്നു



വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്. ഗൂഗില്‍, വിക്കീപീഡിയ

ശ്രീക്കുട്ടന്‍

3 comments:

  1. വയർ വോക്കിങ്ങിലെ ഒരു അത്ഭുത
    മാന്ത്രികൻ തന്നെയായിരുന്നു ഫിലിപ്പെ പെറ്റിറ്റ്
    അസ്സലായി ഈ അത്ഭുത പ്രതിഭയെ പരിചയപ്പെടുത്തിയിരിക്കുന്നു

    ReplyDelete