Saturday, October 29, 2016

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍


മലയാള സിനിമ കൈകാര്യം ചെയ്ത അനവധിയനവധി കഥകളില്‍ വിഷയങ്ങളില്‍ വൈവിധ്യമാര്‍ന്ന പല പല ഏടുകളുമുണ്ടായിരുന്നെങ്കിലും നൂറില്‍ തൊണ്ണൂറ്റൊമ്പതിലും പ്രകടമായി നിലനിന്നിരുന്ന ഒരു വസ്തുതയുണ്ടായിരുന്നു. അത് നായികാവേഷങ്ങള്‍ കയ്യാളിയിരുന്നവര്‍ക്ക് നിര്‍ബന്ധിതമായി പതിച്ചുനല്‍കിയിരുന്ന കന്യകാത്വസര്‍ട്ടിഫിക്കറ്റായിരുന്നു. നായകന്‍ എത്രതന്നെ അസാന്മാര്‍ഗ്ഗിയും താന്തോന്നിയും കള്ളനും കൊള്ളക്കാരനും കൂട്ടിക്കൊടുപ്പുകാരനും ഒക്കെയുമായിരുന്നാലും അവനു നായികയായി വരുന്നവള്‍ 916 പരിശുദ്ധിയുള്ളവളായിരിക്കണമെന്നമൊരു സിദ്ധാന്തം വച്ചുപുലര്‍ത്തിയിരുന്ന ഭൂമികയായിരുന്നു മലയാല സിനിമാമേഖല. സത്യത്തില്‍ ആ ഒരു ചിന്താഗതി അന്നും ഇന്നും നമ്മുടെ സമൂഹത്തിനുമുന്നില്‍ കീറാമുട്ടിയായ് നില്‍ക്കുന്ന ഒരു അടിസ്ഥാനവസ്തുത തന്നെയാണ്. പെണ്ണു പിഴച്ചുപോയാല്‍ പിന്നെ..എന്നുള്ള ഒരു ചൊല്ലുപോലും അര്‍ത്ഥമാക്കുന്നത് അതുതന്നെയാണ്. ആ ഒരൊറ്റ കാര്യത്തിന്റെ പുറത്ത് നടക്കുന്ന വാദപ്രതിവാദങ്ങളും കോലാഹലങ്ങളും അക്രമങ്ങളും സമരങ്ങളും പരിഷ്കൃതരെന്ന്‍ മേനി നടിയ്ക്കുന്ന ഒരു ജനതയെ പലപ്പോഴും പകലിന്റെ വെളിച്ചത്തില്‍ അപഹാസ്യരാക്കി  നിര്‍ത്തുന്നു എന്നത് സത്യമായ ഒരു കാര്യമാണ്. ബഹുഭൂരിപക്ഷവും ഇപ്പോഴും സ്ത്രീയുടെ വിശുദ്ധി ര്‍ന്നതു കന്യകാത്വമാണെന്നും ആ കന്യകാത്വം സംരക്ഷിച്ചുനിര്‍ത്തി അവളെ പരിശുദ്ധയായ് തന്നെ ഏറ്റുകൊള്ളാനും വെമ്പല്‍ കൊള്ളുന്നു. സ്ത്രീകള്‍ക്ക് നല്‍കാവുന്ന ഏറ്റവും കൊടിയ ശിക്ഷ ബലാത്സംഘമാണെന്ന്‍ ബഹുഭൂരിപക്ഷം ക്രിമിനലുകളും ചിന്തിക്കുന്നതും സമൂഹത്തിന്റെ സ്ത്രീയുടെ കന്യകാത്വബോധവേവലാതിപ്പെടലുകളുടെ ചുവടുപിടിച്ചുതന്നെയാണ്.

ഒരു തൊണ്ണൂറുകാലഘട്ടം വരെയൊക്കെ ഇത്തരം ഒരു വിഷയത്തില്‍ കടുത്ത യാഥാസ്ഥിതിക ബോധം വച്ചുപുലര്‍ത്തിയിരുന്ന മലയാളിമനസ്സുകളുടെ മുന്നിലേക്ക് പാരമ്പര്യകന്യകാത്വ വാദത്തിന്റെ മുഖത്ത് ഒന്നു കാറിത്തുപ്പിക്കൊണ്ട് ഒരു പൊളിച്ചെഴുത്തുനടത്തി സാക്ഷാല്‍ പദ്മരാജന്‍ ആണൊരുവനെ അവതരിപ്പിച്ചു. സിനിമ എന്നത് വളരെ വലിയ സ്വാധീനം മനുഷ്യമനസ്സുകളില്‍ സൃഷ്ടിക്കുന്ന ഒരു മാധ്യമമെന്ന നിലയ്ക്ക് പദ്മരാജന്‍ സൃഷ്ടിച്ച സോളമന്‍ എന്ന കഥാപാത്രം ശരിക്കും വിസ്മയിപ്പിക്കുന്ന ഒന്നുതന്നെയാണ്. നായകനുള്ള പെണ്ണ്‍ എപ്പോഴും പരിശുദ്ധയായിരിക്കണമെന്ന കന്യകാവാദത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് രണ്ടാനച്ഛനാല്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ട നായികയെ സ്വന്തം ജീവിതത്തിലേക്ക് സോളമന്‍ കൈ പിടിച്ചു കയറ്റിയത്.

പാരമ്പര്യസ്വത്തായിക്കിട്ടിയ മുന്തിരിത്തോട്ടത്തില്‍ കൃഷിയും മറ്റുമൊക്കെയായി കഴിയുന്ന സോളമന്‍ ഇടയ്ക്കിടയ്ക്ക് മാത്രമാണ് അമ്മയായ റീത്തയുടെ അടുത്തേയ്ക്ക് വരുന്നത്. സോളമന്റെ അമ്മയ്ക്കൊപ്പം കസിനായ ആന്റണിയും താമസിക്കുന്നുണ്ട്. ഒരു രാത്രി ടാങ്കര്‍ ലോറിയോടിച്ച് വീട്ടിലേയ്ക്ക് വരുന്ന സോളമന്‍ പിറ്റേന്ന്‍ അവിചാരിതമായി സോഫിയെ കാണുന്നു. സോളമന്റെ വീട്ട്ന്റെ തൊട്ടടുത്ത് താമസിക്കാന്‍ വന്ന റെയില്‍വേ ജീവനക്കാരനായ പോള്‍ പൈലോക്കാരന്റെ മകളായിരുന്നു സോഫി. ആദ്യകാഴ്ചയില്‍ തന്നെ സോളമന്‍ സോഫിയില്‍ അനുരക്തനാകുന്നു. സാധാരണഗതിയില്‍ വന്ന്‍ തൊട്ടടുത്ത ദിവസം തന്നെ മടങ്ങുന്ന സോളമന്‍ ഇക്കുറി ആ പതിവ് തെറ്റിക്കുന്നു. അവന്റെ ശ്രദ്ധ സോഫിയില്‍ കൂടുതല്‍ പതിയാനാരംഭിച്ചു. മദ്യപാനിയും വഴക്കാളിയുമായ പൈലോക്കാരന്റെ രീതികള്‍ സോളമനിലും അസഹ്യത സൃഷ്ടിക്കുന്നു. താന്‍ പൈലോക്കാരന്റെ യഥാര്‍ത്ഥ മകളല്ലെന്നും തന്റെ അമ്മയെ രണ്ടാമതു വിവാഹം കഴിച്ചതാണയാളെന്നും അതിലുള്ളതാണ് അനുജത്തിയായ എലിസബത്തെന്നും സോഫി സോളമനെ അറിയിക്കുന്നു. പൈലോക്കാരന് സോഫിയോടുള്ള പെരുമാറ്റവും രീതിയും ഒരു മകളോടെന്നതുപോലെയല്ല എന്ന് വസ്തുത സോളമനു പിടികിട്ടുന്നു.


തനിക്ക് സോഫിയെ ഇഷ്ടമാണെന്നും അവളെ വിവാഹം കഴിക്കണമെന്നും സോളമന്‍ അമ്മയോടാവശ്യപ്പെട്ടപ്പോള്‍  ആദ്യമവര്‍ അതിനെ എതിര്‍ക്കുകയും പിന്നീട് സമ്മതിക്കുകയും ചെയ്തു. ഈ വാര്‍ത്ത സോഫിയേയും അവളുടേ അമ്മയേയും സന്തോഷിപ്പിച്ചെങ്കിലും പൈലോക്കാരന്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. അയാളുടെ ആഗ്രഹം മറ്റൊന്നായിരുന്നു. തന്റെ സമ്മതമില്ലാതെ സോഫിയെ സോളമനു കൊടുക്കും എന്നു മനസ്സിലാക്കിയ പൈലോക്കാരന്‍ വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കി സോഫിയെ മാനഭംഗപ്പെടുത്തുന്നു. പള്ളിയില്‍ പോയി കെട്ടൊക്കെയുറപ്പിച്ചുവന്ന സോളമന്റെ അമ്മയും മറ്റും കാണുന്നത് കളങ്കിതയായ സോഫിയെയാണ്. കളങ്കിതയായ ഒരു പെണ്ണിനെ തന്റെ മകനെക്കൊണ്ട് കല്യാണം കഴിപ്പിക്കുവാന്‍ സോളമന്റെ അമ്മ തയ്യാറായില്ല. അവിടെനിന്നും പോയ സോളമന്‍ രാത്രി തന്റെ ടാങ്കര്‍ ലോറിയുമായി വരികയും പൈലോക്കാരനെ ശരിക്കുമൊന്ന്‍ പെരുമാറിയിട്ട് സോഫിയേയും കൂട്ടി വണ്ടിയോടിച്ചു പോകുകയും ചെയ്യുന്നതോടെ സിനിമയവസാനിക്കുന്നു.

എപ്പോഴും സാധാരണക്കാരായ ആളുകളുടെ ജീവിതം അതിമനോഹരമായ് വരച്ചുവയ്ക്കുവാന്‍ പത്മരാജന്‍ എന്ന സംവിധായകന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും അത്തരം മനോഹരമായ ജീവിതങ്ങളുടെ വര്‍ണ്ണക്കൂട്ടുകള്‍ നിറഞ്ഞതു തന്നെയായിരുന്നു. സോളമനും സോഫിയും പ്രേക്ഷകഹൃദയങ്ങളിലേക്ക് നടന്നുകയറുക തന്നെയായിരുന്നു. കൃസ്ത്യന്‍ പശ്ചാത്തലവും ഉത്തമഗീതങ്ങളിലെ അതിസുന്ദരമായ പ്രണയഭാഷണങ്ങളും കൊതിപ്പിക്കുന്ന പാട്ടുകളും ഒക്കെയും ഈ ചിത്രത്തിന്റെ മുഖമുദ്രകളായിരുന്നു. അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ് നമുക്ക് മുന്തിരിപ്പാടങ്ങളിലേയ്ക്ക് പോകാം എന്നു തുടങ്ങുന്ന സോളമന്റെ ഉത്തമഗീതങ്ങളിലെ വാചകം എത്രയോ പേരാണ് നെഞ്ചേറ്റിയത്.

സ്നേഹിച്ചിരുന്ന പെണ്ണിനെ മറ്റൊരുവന്‍ കെട്ടിക്കൊണ്ട് പോയി പത്തിരുപത് കൊല്ലം കഴിഞ്ഞാലും ആ നായിക കന്യകയായി നിലകൊള്ളുകയും ശേഷം നായകന്‍ വന്ന്‍ അവളെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന ഇന്ദ്രജാലം ( മലയാളസിനിമയിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ പുരുഷകഥാപാത്രങ്ങള്‍ ഇപ്രകാരമുള്ള നായികമാരെ വിവാഹം കഴിക്കുന്ന കഥാപാത്രങ്ങളാണ്. ഒന്നുകില്‍ താലികെട്ട് കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുമ്പോള്‍ ആരെങ്കിലും തല്ലിക്കൊല്ലാറാക്കുകയോ ശരീരം തളര്‍ത്തുകയോ ചെയ്യും, അലെങ്കില്‍ വല്ല വാഹനാപകടത്തിലും ആശാനെ അങ്ങ് കിടപ്പിലാക്കും അതുമല്ലെങ്കില്‍ ആദ്യാരാത്രി തുടങ്ങുന്നതിനു സെക്കന്‍ഡുകള്‍ക്ക് മുന്നേ പോലീസ് വന്ന്‍ പൊക്കിക്കൊണ്ടുപോകും. സ്വാഭാവികമായും നായിക സര്‍വ്വ വിശുദ്ധിയോടും കൂടി കാത്തുകെട്ടി നില്‍ക്കും) നിലനിന്നിരുന്ന, മാറ്റമൊന്നുമില്ലാതെ ഇപ്പോഴും തുടരുന്ന മലയാളസിനിമയില്‍ മാനഭംഗത്തിനിരയായ നായികയെ പുല്ലുപോലെ വിളിച്ചിറക്കിക്കൊണ്ട് പോയി ഒരു പുതു ജീവിതം തുടങ്ങാനാരംഭിക്കുന്ന സോളമനെ ഇഷ്ടപ്പെടാതിരിക്കുവാന്‍ ആര്‍ക്കാണു കഴിയുക. മലയാള സിനിമകണ്ട ഏറ്റവും പുരുഷത്വമുള്ള കഥാപാത്രങ്ങളിലൊന്നാണ് സോളമന്‍. അന്നേവരെയുണ്ടായിരുന്ന നായകാസങ്കല്‍പ്പങ്ങളെ ആകെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രം. ഇത്തരം ഒരു വിസ്മയ പാത്രസൃഷ്ടി നടത്തിയ പത്മരാജനെന്ന ആ പ്രതിഭയെ ആര്‍ക്കാണ് ഒന്നു നമിക്കാതിരിക്കാനാവുക.

എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം തിലകന്‍ അനശ്വരമാക്കിയ പോള്‍ പൈലോക്കാരന്‍ എന്ന രണ്ടാനച്ഛന്‍ തന്നെയാണ്. തന്റെ രക്തത്തില്‍ പിറന്നവളല്ലാത്തതുകൊണ്ട് തന്നെ മകളായി കാണേണ്ടവളെ സ്ത്രീയായി കാണുകയും തന്റെ കാമപൂരണത്തിനായി അവളെ ഉപയോഗിക്കുകയും ചെയ്യുന്നത് ആല്‍ക്കാരില്‍ ഉണ്ടാക്കിയ വെറുപ്പ് വളരെ വലുതായിരുന്നു. കഥാപാത്രത്തെ ആള്‍ക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുകയും ഏറ്റവും വെറുക്കുകയും ചെയ്യുന്നത് ആ കഥാപാത്രം ആവിധം ഭംഗിയായ് പ്രേക്ഷകരിലെത്തിക്കുവാന്‍ ആ വേഷം കയ്യാളിയ അഭിനേതാവിനു കഴിയുമ്പോഴാണ്. ഈ ചിത്രം കണ്ടുകഴിയുമ്പോള്‍ സോളമനോട് ആരാധനയും പൈലോക്കാരനോട് വെറുപ്പും തോന്നുക സ്വാഭാവികം മാത്രം.

കെ കെ സുധാകരന്‍ രചിച്ച നമുക്ക് നഗരങ്ങളില്‍ ചെന്ന്‍ രാപ്പാര്‍ക്കാം എന്ന നോവലിനെ അധികരിച്ച് ശ്രീ പത്മരാജന്‍  തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ ചിത്രം 1986 ലാണ് റിലീസായത്. ഇതിലെ ഗാനങ്ങള്‍ രചിച്ചത് ഓ എന്‍ വി കുറുപ്പും സംഗീതം നല്‍കിയത് ജോണ്‍സണ്‍ മാഷുമായിരുന്നു. പവിഴം പോല്‍ പവിഴാധരം പോള്‍, ആകാശമാകെ കണിമലര്‍ എന്നീ ഗാനങ്ങള്‍ വളരെ ശ്രദ്ധനേടിയവയാണ്. മാത്രമല്ല ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും അതിസുന്ദരമായിരുന്നു.

മലയാള നായകസങ്കല്‍പ്പങ്ങളുടെ മുഖഭാവം തന്നെ മാറ്റിയ സോളമനും അതിന്റെ സൃഷ്ടാവായ പത്മരാജനും കാലാതിവര്‍ത്തികളായ് നിലകൊള്ളും

ഈ ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് താഴെ ചേര്‍ക്കുന്നുന്നു..

https://www.youtube.com/watch?v=GG7yDRnVc3c

ശ്രീക്കുട്ടന്‍


3 comments:

  1. നല്ലൊരു സിനിമ ആയിരുന്നു അത്.
    ആ പാട്ടുകളും back ground score ഉം ഒക്കെ ഇപ്പോഴും fresh ആണ്.
    പദ്മരാജൻ സിനിമകളിൽ പ്രിയപ്പെട്ടവയിലൊന്ന്.

    ReplyDelete
  2. കടുത്ത യാഥാസ്ഥിതിക ബോധം
    വച്ചുപുലര്‍ത്തിയിരുന്ന മലയാളിമനസ്സുകളുടെ
    മുന്നിലേക്ക് പാരമ്പര്യ കന്യകാത്വവാദത്തിന്റെ
    മുഖത്ത് ഒന്നു കാറിത്തുപ്പിക്കൊണ്ട് ഒരു പൊളിച്ചെഴുത്തുനടത്തി
    സാക്ഷാല്‍ പദ്മരാജന്‍ ആണൊരുവനെ അവതരിപ്പിച്ച, മലയാള നായകസങ്കല്‍പ്പങ്ങളുടെ
    മുഖഭാവം തന്നെ മാറ്റിയ സോളമനും അതിന്റെ സൃഷ്ടാവായ പത്മരാജനും കാലാതിവര്‍ത്തികളായ്
    നിലകൊള്ളും....

    ReplyDelete