Thursday, April 20, 2017

മുയല്‍കടക്കാ വേലി (റാബിറ്റ് പ്രൂഫ് ഫെന്‍സ്)

മുയല്‍കടക്കാ വേലി (റാബിറ്റ് പ്രൂഫ് ഫെന്‍സ്)

ലോകത്തിലെ പലരാജ്യങ്ങളിലേയും ജനങ്ങള്‍ പലപ്പോഴും ഒറ്റയ്ക്കും കൂട്ടമായും മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ക്കാറുണ്ട്. പ്രകൃത്യാലുള്ളതും ബാഹ്യവും ആഭ്യന്തരവുമായ മറ്റുപല കാരണങ്ങളാലുമാണ് ജനങ്ങള്‍ക്ക് തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടും പരിസരവുമുപേക്ഷിച്ച് അന്യരാജ്യങ്ങളിലേയ്ക്ക് ചേക്കേറേണ്ടിവരുന്നത്. ചിലപ്പോഴൊക്കെ ആ കുടിയേറ്റം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്ക് വേണ്ടിയുമാവും. പ്രകൃതിദുരന്തങ്ങള്‍, ആഭ്യന്തരയുദ്ധങ്ങള്‍, പട്ടിണി, സാമ്പത്തികാസന്തുലിതാവസ്ഥ, സ്വാതന്ത്ര്യമില്ലായ്മ, ഭരണകൂടചെയ്തികള്‍ തുടങ്ങിയ പലകാരണങ്ങളാലും പലായനങ്ങളും കുടിയേറ്റവും നടക്കുന്നുണ്ട്. പലപ്പോഴും ഇപ്രകാരമുള്ള പലായനങ്ങളില്‍ മനുഷ്യര്‍ അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി ഒരുവിധമുള്ള എല്ലാ സ്വത്തുവഹകളുമായിട്ടായിരിക്കും യാത്രചെയ്യുക. പുതിയ ഒരുസ്ഥലത്ത് ചെന്നുചേരുകയും പതിയെപ്പതിയേ ആ സ്ഥലത്തെ കാലാവസ്ഥയുമായും ജീവിതരീതികളുമായും ഇഴുകിച്ചേര്‍ന്ന്‍ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു. ചില കുടിയേറ്റങ്ങള്‍ കൈയടക്കല്‍ കൂടി ഉദ്ദേശിച്ചുള്ളതാണ്. ദുര്‍ബലനുമേല്‍ ശക്തന്‍ അധീശത്വം നേടുന്നത് അപ്രകാരമാണ്. അപ്രകാരം നടന്ന ഒരു കുടിയേറ്റത്തിന്റെ ഫലമായി ഒരു ഭൂഖണ്ഡം നേരിട്ട കൊടിയൊരു ദുരന്തത്തെക്കുറിക്കുന്നതാണീ ചെറുകുറിപ്പ്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വക്താക്കളായിരുന്ന ബ്രിട്ടീഷുകാര്‍ ലോകത്തിന്റെ മുക്കിലുംമൂലയിലും എത്തിച്ചേരുകയും പതിയെപ്പതിയെ അവിടത്തെ ഭരണം കൈയാളി ഒടുവില്‍ തങ്ങളുടെ അധീനതയിലാക്കിമാറ്റുകയും ചെയ്തിരുന്നു. കീഴടക്കുന്ന ഓരോ രാജ്യത്തേയും സമ്പത്ത്‍ കൊള്ളയടിക്കുവാനും ഏറ്റവും മികച്ച സുഖസൌകര്യങ്ങള്‍ സ്വന്തമാക്കി വച്ചനുഭവിക്കുവാനും അവര്‍ അല്പ്പവും മടികാട്ടിയിരുന്നില്ല. തങ്ങള്‍ കീഴടക്കിയ രാജ്യങ്ങളെ വെറും കോളനികളായും അവിടത്തെ ജനങ്ങളെ അടിമകളുമായാണ് ബ്രിട്ടീഷുകാര്‍ കരുതിയിരുന്നത്. അപ്രകാരം ബ്രിട്ടീഷുകാര്‍ കോളനിയാക്കിയ ഒരു ഭൂഖണ്ഡമായിരുന്നു ഓസ്ട്രേലിയ. തങ്ങളുടെ അധീനതയിലുള്ള യുദ്ധക്കുറ്റവാളികളേയും മറ്റു ക്രിമിനലുകളേയുമൊക്കെ ബ്രിട്ടണ്‍ പാര്‍പ്പിച്ചിരുന്നത് അവരുടെ തന്നെ കോളനികളിലായിരുന്നു. ആദ്യകാലങ്ങളില്‍ കുറ്റവാളികളെ കടത്തിയിരുന്നത് നോര്‍ത്ത് അമേരിക്കയിലേക്കായിരുന്നു. അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ ഫലമായി 1783 ല്‍ അമേരിക്ക ബ്രിട്ടന്റെ കോളനിവാഴ്ചകളില്‍നിന്നു മോചനം നേടുകയും പിന്നീട് ബ്രിട്ടന്റെ കുറ്റവാളികളെ നോര്‍ത്തമേരിക്കന്‍ പ്രദേശങ്ങളില്‍ പാര്‍പ്പിക്കുന്നതിനു എതിര്‍പ്പുയര്‍ത്തുകയും ചെയ്തു. അതോടെ തങ്ങളുടെ കുറ്റവാളികളെ പാര്‍പ്പിക്കാനോ നാടുകടത്താനോ മറ്റേതെങ്കിലും കോളനികള്‍ കണ്ടെത്തുക ബ്രിട്ടന്റെ ആവശ്യമായിത്തീര്‍ന്നു. അങ്ങിനെയാണ് പുതിയൊരിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 1787 മേയ് മൂന്നാം തീയതി 1500 ഓളം കുറ്റവാളികളും ഒപ്പം നാവികോദ്യോഗസ്ഥരും മറ്റുപല ആളുകളുമൊക്കെയായി ദ ഫസ്റ്റ് ഫ്ലീറ്റ് എന്ന്‍ നാമകരണം ചെയ്യപ്പെട്ട ദൌത്യസംഘം യാത്രയാരംഭിച്ചത്. 11 ഓളം കപ്പലുകള്‍ ഉള്‍പ്പെട്ട ഈ സംഘം ഏകദേശം 250 ദിവസങ്ങളില്‍ക്കൂടുതല്‍ സഞ്ചരിച്ച് 1788 ജനുവരി 20നു ഓസ്ട്രേലിയയില്‍ എത്തിച്ചേര്‍ന്നു. തദ്ദേശിയരായ ആള്‍ക്കാരെ അതിവേഗം കീഴ്പ്പെടുത്തിയ സംഘം അങ്ങിനെ ഓസ്ട്രേലിയയെ തങ്ങളുടെ കോളനിയാക്കിമാറ്റി.

അങ്ങനെ 1788 ല്‍ ഓസ്ട്രേലിയയില്‍ എത്തിയ ബ്രിട്ടീഷ് വംശജര്‍ക്കും കുറ്റവാളികള്‍ക്കുമൊപ്പം അതിഥികളായി മറ്റൊരു കൂട്ടര്‍ കൂടിയുണ്ടായിരുന്നു. യൂറോപ്പില്‍ ധാരാളമായുള്ള ഒരിനം കാട്ടുമുയലുകളായിരുന്നു അവ. കൃഷിയും ഖനനവും മറ്റു പ്രവര്‍ത്തനങ്ങളുമായി അവിടെ താമസിച്ച ബ്രിട്ടീഷുകാര്‍ ഓസ്ട്രേലിയയെ മറ്റൊരു യൂറോപ്പാക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. തദ്ദേശീയരുടെ എതിര്‍പ്പുകള്‍ക്കൊന്നും യാതൊരു വിലയുമില്ലായിരുന്നു. ബ്രിട്ടീഷുകാര്‍ അതിവേഗം ഓസ്ട്രേലിയന്‍ മണ്ണില്‍ പച്ചപിടിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം 1859 ല്‍ തെക്കന്‍ ഓസ്ട്രേലിയയില്‍ താമസമാക്കിയിരുന്ന തോമസ് ഓസ്റ്റിന്‍ എന്ന ഇംഗ്ലീഷുകാരന്‍ അല്‍പ്പം മദ്യസേവയൊക്കെക്കഴിഞ്ഞു രസിച്ചിരുന്ന സമയത്ത് മൃഗയാവിനോദം ലക്ഷ്യമാക്കി താന്‍ വളര്‍ത്തിയിരുന്ന 24 ഓളം കാട്ടുമുയലുകളെ കൂട്ടില്‍നിന്നു സ്വതന്ത്രമാക്കി പുറത്തുവിട്ടു. എന്നിട്ട് അവയെ വേട്ടയാടി രസിക്കുവാനാരംഭിച്ചു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡവും അതിലെ ജനതയും നേരിട്ട കൊടിയൊരു ദുരന്തത്തിന്റെ ആരംഭമായിരുന്നു അത്. ഓസ്റ്റിന്‍ വിചാരിച്ചതുപോലെ ആ മുയലുകളെ മുഴുവന്‍ വേട്ടയാടി രസിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അക്കൂട്ടത്തില്‍ ചിലമുയലുകള്‍ ഓസ്റ്റിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട് പുറംലോകത്തെത്തി. രക്ഷപ്പെട്ട ആ മുയലുകള്‍ താമസിയാതെ പെറ്റുപെരുകാനാരംഭിച്ചു. പെറ്റുപെരുകിയ മുയലുകള്‍ ആദ്യം പണിനല്‍കിയത് ഓസ്റ്റിനു തന്നെയായിരുന്നു. അവര്‍ ഓസ്റ്റിന്റെ കൃഷിയിടത്തിലുണ്ടായിരുന്ന മുഴുവന്‍ വിളവുകളും തിന്നുനശിപ്പിച്ചു. യാതൊരുവിധത്തിലും നിയന്ത്രിക്കുവാന്‍ കഴിയാത്തവിധം പെറ്റുപെരുകിയ മുയലുകള്‍ അ പ്രദേശങ്ങളിലുണ്ടായിരുന്ന മുഴുവന്‍ പച്ചപ്പിന്റെ തരികളും തിന്നുതീര്‍ത്തു. കൃഷിയിടങ്ങളിലെ വിളകള്‍, പുല്‍ത്തകിടികള്‍, ചെടികള്‍ എന്നുവേണ്ടാ സകലതും മുയലുകള്‍ ആഹാരമാക്കി. ആഹാരത്തിനു ക്ഷാമം നേരിട്ടതോടെ മുയലുകള്‍ പതിയെ അയല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കാനാരംഭിച്ചു. അഭൂതപൂര്‍വ്വമായ വേഗത്തിലായിരുന്നു മുയലുകളുടെ പെരുപ്പമുണ്ടായത്. എന്തിനേറെപ്പറയുന്നു ചുരുങ്ങിയ സമയം കൊണ്ട് തെക്കന്‍ ഓസ്ട്രേലിയ മുഴുവന്‍ മുയല്‍ ഭീഷണി നേരിടാനാരംഭിച്ചു.

കാട്ടുമുയലുകളെ തിന്നുവാനുള്ള ഇതരജീവികളില്ലാതിരുന്നതും മുയലുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന രോഗാണുക്കളോ രോഗങ്ങളോ ഒന്നുമില്ലാതിരുന്നതും മുയലുകളുടെ വ്യാപനം ത്വരിതഗതിയിലാക്കി. തെക്കന്‍ഓസ്ട്രേലിയയിലെ മുഴുവന്‍ പച്ചപ്പുകളും കുറ്റിച്ചെടികളും തിന്നുതീര്‍ത്ത് മുന്നേറിയ മുയലുകള്‍ക്ക് മുന്നില്‍ അന്തംവിട്ടുനില്‍ക്കാനേ ഭരണകൂടത്തിനു കഴിഞ്ഞുള്ളൂ.1887 ആയപ്പോള്‍ മുയലുകളുടെ വ്യാപനം തടയുവാന്‍ ഉചിതമായ മാര്‍ഗ്ഗം ഉണ്ടാക്കുന്നവര്‍ക്ക് ന്യൂ സൌത്ത് വെയില്‍സ് ഭരണകൂടം വന്‍തുക സമ്മാനം തന്നെ പ്രഖ്യാപിച്ചു. മാത്രമല്ല സ്ഥിതിഗതികളുടേ ഗുരുതരാവസ്ഥയെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് നല്കുവാനായി‍ 1901 ല്‍ ഒരു റോയല്‍ കമ്മീഷനെ നിയോഗിക്കുകപോലുമുണ്ടായി. പച്ചപ്പുകള്‍ മുഴുവന്‍ മുയലുകള്‍ തിന്നുതീര്‍ത്തുതുടങ്ങിയതോടെ ഓസ്ട്രേലിയയുടെ സന്തുലിതാവസ്ഥ മുഴുവന്‍ താറുമാറാകുകയായിരുന്നു. കുറ്റിച്ചെടികളും പുല്ലുകളും മുഴുവന്‍ പച്ചപ്പും മുയലുകള്‍ക്ക് തീറ്റയായതോടെ ഓരോ പ്രദേശവും ഊഷരമരുഭൂമികളായി മാറി. അതോടെ കാലിവളര്‍ത്തലും ആടുവളര്‍ത്തലും ഒക്കെയായിക്കഴിഞ്ഞിരുന്ന ഓസ്ട്രേലിയന്‍ ജനത ശരിക്കും നട്ടംതിരിയാനാരംഭിച്ചു. ഈ സമയത്ത് കൂനിന്മേല്‍ കുരു എന്നതുപോലെ 1890 കളില്‍ ഓസ്ട്രേലിയയെ ശരിക്കും പിടിച്ചുലച്ചുകൊണ്ട് കടുത്തക്ഷാമവും വരള്‍ച്ചയും കൂടിയുണ്ടായി. കന്നുകാലികള്‍ക്ക് പുല്ലോ മറ്റോ കൊടുക്കാനില്ലാതെ കൃഷിക്കാര്‍ നട്ടംതിരിഞ്ഞു. ഉള്ള പുല്ലും മറ്റും‍ കാട്ടുമുയലുകള്‍ ഭക്ഷണമാക്കിയിരുന്നു. അക്കാലയളവില്‍ ഭക്ഷണമൊന്നും തിന്നാനില്ലാതെ ദശലക്ഷക്കണക്കിനു കന്നുകാലികളാണ് ചത്തൊടുങ്ങിയത്.

തെക്കന്‍ ഓസ്ട്രേലിയയില്‍നിന്നു മുയലുകള്‍ വടക്കന്‍ ഓസ്ട്രേലിയയിലേക്കു കടന്നുകയറാനാരംഭിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. വടക്കന്‍ ഓസ്ട്രേലിയന്‍ ഭരണകൂടം മുയലുകളുടെ വ്യാപനം തടയുന്നതിനായി  ചെറുത്തുനില്‍പ്പാരംഭിച്ചു. പലവിധ പഠനങ്ങള്‍ക്കും ശേഷം തെക്കന്‍ ഓസ്ട്രേലിയയേയും വടക്കന്‍ ഓസ്ട്രേലിയയേയും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു വലിയ വേലിനിര്‍മ്മിക്കാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നു. അങ്ങനെ 1901 ല്‍ വേലി നിര്‍മ്മാണമാരംഭിച്ചു.  അരമീറ്ററില്‍ കൂടുതല്‍ ഭൂമിക്കടിയിലായും ഏകദേശം ഒരു മീറ്ററോളം ഉയരത്തില്‍ ഭൂമിക്ക് മുകളിലായുമായിരുന്നു വേലി നിര്‍മ്മാണം. സ്വകാര്യമേഖലയില്‍ നിര്‍മ്മാണമാരംഭിച്ച ഈ വേലിനിര്‍മ്മാണം 1904 ആയപ്പോഴേക്കും ഓസ്ട്രേലിയന്‍ പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. 1907ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ വേലി മുയല്‍കടക്കാ വേലി(റാബിറ്റ് പ്രൂഫ് ഫെന്‍സ്) എന്നറിയപ്പെടുന്നു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തെക്കുനിന്നു വടക്കുഭാഗം വരെ നീളുന്ന മൂന്നു ശാഖകളുള്ള ഈ വേലിക്ക് മൂവായിരത്തില്‍ കൂടുതല്‍ കിലോമീറ്ററുകള്‍ നീളമുണ്ട്. മൂന്നു ഭാഗങ്ങളായിട്ടാണ് ഈ വേലി നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഭാഗം ലോകത്തിലെതന്നെ ഏറ്റവും നീളമുള്ള തകര്‍ക്കപ്പെടാത്ത വേലിയെന വിശേഷണമുള്ളതാണ്. മാത്രമല്ല ബഹിരാകാശത്തു നിന്നുപോലും ഇത് കാണാനാകുമെന്ന്‍ പറയപ്പെടുന്നു.

എന്നാല്‍ ഈ വേലിനിര്‍മ്മാണം മുയലുകളുടെ വ്യാപനം തടയാന്‍ യഥാര്‍ത്ഥത്തില്‍ പര്യാപ്തമായിരുന്നില്ല. വേലിനിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനുമുന്നേതന്നെ മുയലുകളില്‍ കുറച്ചധികം തെക്കുനിന്നും വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് കുടിയേറിക്കഴിഞ്ഞിരുന്നു. അവിടേയും അവ പെറ്റുപെരുകുവാനും തങ്ങളുടെ വിക്രിയകള്‍ ആരംഭിക്കുവാനും തുടങ്ങി. സഹികെട്ട ഓസ്ട്രേലിയ ഗവണ്മെന്റ് കടുത്ത നടപടിതന്നെ കൈക്കൊണ്ടു. 1950 കളില്‍ അവര്‍ അമേരിക്കയില്‍നിന്നു ഇറക്കുമതി ചെയ്ത മിക്സോമാ എന്ന മാരക വൈറസ് മുയലുകള്‍ക്ക് നേരേ പ്രയോഗിച്ചു. ആ വൈറസ് ബാധയേറ്റ മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാനാരംഭിച്ചു. കുറച്ചുനാളുകള്‍കൊണ്ട് കാട്ടുമുയലുകളുടെ വ്യാപനം ഇല്ലാണ്ടായി. എകദേശം ഒരു നൂറ്റാണ്ടോളം ഓസ്ടേലിയയെ താറുമാറാക്കിയ കാട്ടുമുയലുകളില്‍ ഏകദേശം തൊണ്ണൂറ്റൊമ്പത് ശതമാനവും നശിച്ചു നാമാവശേഷമായി.

ഈ സംഭവത്തെ ആധാരമാക്കി 2002 ല്‍ റാബിറ്റ് പ്രൂഫ് ഫെന്‍സ് എന്ന ഹൃദയഹാരിയായൊരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.


ശ്രീ....

4 comments: