Wednesday, January 31, 2018

മനുഷ്യമൃഗശാലകൾ - സാര്‍ട്‍ജി ബാര്‍ട്ട്മാന്‍

ചരിത്രം നേരാംവണ്ണം പരിശോധിച്ചാല്‍ ചിലപ്പോള്‍ നാം മനുഷ്യരാണ് എന്നുപറയുവാന്‍ ലജ്ജ തോന്നിപ്പോകുന്നത്ര നിഷ്ഠൂരതകള്‍ ചെയ്തുകൂട്ടിയവരാണ് നമ്മുടെ പൂര്‍വ്വികരായ മനുഷ്യര്‍. അവര്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ ഒട്ടുമിക്കതും അവരുടെതന്നെ പകര്‍പ്പുകളായ മറ്റു മനുഷ്യരിലായിരുന്നു എന്നതായിരുന്നു ഏറ്റവും സങ്കടകരമായ വസ്തുത. 16 മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ആ ഭീകരതയുടെ അടയാളങ്ങള്‍ ഭയപ്പെടുത്തും വിധം വടുകെട്ടിനില്‍ക്കുന്നതു കാണാനാവും. ഇക്കാലയളവിലെ ചരിത്രങ്ങളുടെ കൂടുതല്‍ ശക്തവും വ്യക്തവുമായി അടയാളപ്പെടുത്തപ്പെട്ടത് എന്നതുകൊണ്ടാണത് മനസ്സിലാക്കാനാകുക. സൃഷ്ടികളില്‍ ഏറ്റവും ഭീകരരും ക്രൂരരും മനുഷ്യര്‍ മാത്രമാണ്. മനുഷ്യസൃഷ്ടി നടത്തിയതെന്ന് പറയുന്ന ദൈവങ്ങള്‍പോലും മനുഷ്യന്റെ ക്രൂരചെയ്തികള്‍ തടയാന്‍ ശ്രമിക്കാത്തതെന്തുകൊണ്ടായിരിക്കാം എന്നു ചിന്തിച്ചുനോക്കിയാല്‍ ഏറ്റവും സിമ്പിളായികിട്ടുന്ന ഒരുത്തരമുണ്ട്. താന്‍ സൃഷ്ടിച്ചതില്‍ ഏറ്റവും അപകടകാരിയായ ഒന്നിന്റെ മുന്നില്‍ ചെന്നുപെടാന്‍ ആ ദൈവംപോലും വല്ലാതെ ഭയക്കുന്നുണ്ട്. തൊട്ടടുത്ത നിമിഷം അവന്‍ എന്തു ചെയ്തുകൂട്ടുമെന്ന് ദൈവത്തിനു പോലും പ്രവചിക്കാന്‍ കഴിയാത്തവിധം ഭീകരരാണ് ഓരോ മനുഷ്യനും.

വിനോദത്തിനായി പുതുപുതുമാര്‍ഗ്ഗങ്ങള്‍ അന്വോഷിച്ചുപോയ മനുഷ്യന്റെ മുന്നില്‍ത്തെളിഞ്ഞ പുതുമയുള്ളൊരു ആശയമായിരുന്നു മൃഗശാലകൾ എന്ന ആശയം. ഘോരവനങ്ങളില്‍ വിഹരിക്കുന്ന വന്യമൃഗങ്ങളെ പിടികൂടിക്കൊണ്ടുവന്ന്‍ കൂടുകളിലടച്ചു പ്രദര്‍ശനം നടത്തുക. വന്യമൃഗങ്ങളെ തൊട്ടടുത്തുനിന്നു കണ്ടാസ്വദിക്കുവാന്‍ കിട്ടുന്ന ഈ അവസരം ആളുകള്‍ മുതലാക്കുമെന്നും അതു നല്ലൊരു ധനസമ്പാദനമാര്‍ഗ്ഗമായിരിക്കുമെന്നും എന്നു മനസ്സിലാക്കിയ മനുഷ്യന്‍ ഇപ്രകാരം ലോകത്തിന്റെ പല ഭാഗങ്ങളിലും മൃഗശാലകള്‍ സ്ഥാപിച്ചു. ആളുകള്‍ക്ക് ഇത് ഒരു വന്‍ വിനോദോപാദിയായിമാറി. പരിപാടി വന്‍വിജയമായതോടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാനും അതുവഴി വരുമാനമാര്‍ഗ്ഗം വര്‍ദ്ധിപ്പിക്കുവാനും എന്താണ് മാര്‍ഗ്ഗമെന്ന്‍ കുടിലചിന്താഗതിക്കാരായ മനുഷ്യന്‍ തലപുകയ്ക്കുവാന്‍ തുടങ്ങി. ആ മാനുഷിക ചിന്തയുടെ ഉപോത്പന്നമായി വിരിഞ്ഞതായിരുന്നു മനുഷ്യമൃഗശാലകൾ എന്ന ആശയം. കടുത്ത വര്‍ണവര്‍ഗ്ഗവ്യത്യാസം നിലനിന്നിരുന്ന പതിനെട്ടാംനൂറ്റാണ്ടിന്റെ സമയത്താണ് മനുഷ്യമൃഗശാലകൾ എന്ന അങ്ങേയറ്റം ക്രൂരമായ വിനോദരീതി വ്യാപകമായി പലയിടങ്ങളിലും ഉദയം ചെയ്തത്. ലോകത്തെ മുഴുവന്‍ കാല്‍ക്കീഴിലാക്കിയ യൂറോപ്യന്മാര്‍ തന്നെയായിരുന്നു ഈ കിരാതചെയ്തികളുടെയും അണിയറശില്‍പികള്‍. തങ്ങളേക്കാള്‍ അധമരാണ് ബാക്കിയുള്ള ജനവിഭാഗങ്ങള്‍ എന്ന് കരുതിയിരുന്ന വെള്ളക്കാര്‍ അവര്‍ കോളനികളാക്കിയ ഇടങ്ങളില്‍ നിന്നുള്ള നീഗ്രോകള്‍, പിഗ്മികള്‍, എക്സിമോകള്‍, മറ്റു ഗോത്രവിഭാഗങ്ങളിലെ ആദിമവാസികള്‍ എന്നിവരെയൊക്കെ അടിമകളാക്കിക്കൊണ്ട് യൂറോപ്പിലേക്ക് വരുകയും അവരെ മൃഗങ്ങളെയെന്നവണ്ണം കൂടുകളിലടച്ച് പ്രദര്‍ശനവസ്തുക്കളാക്കി കാശുണ്ടാക്കുകയും ചെയ്തിരുന്നു. ഇത്തരം മനുഷ്യ മൃഗശാലകൾ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ യൂറോപ്പില്‍ പലസ്ഥലത്തും നിലനിന്നിരുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. പലപ്പ്പോഴും മനുഷ്യരേയും മൃഗങ്ങളേയും ഒരേ കൂടുകളില്‍ അടച്ചാണു പ്രദര്‍ശിപ്പിച്ചിരുന്നത്. 1958 ല്‍ ആണ് ബെല്‍ജിയത്തില്‍ നിലവിലുണ്ടായിരുന്ന അവസാനത്തെ മനുഷ്യമൃഗശാല അടച്ചുപൂട്ടിയത് എന്നുകൂടിയറിയുക. വര്‍ണവെറിയുടെ ഇരകളായി പ്രദര്‍ശനവസ്തുക്കളായി കൂടുകളില്‍ മൃഗങ്ങള്‍ക്കൊപ്പം കഴിയേണ്ടിവന്ന, ഒടുങ്ങേണ്ടിവന്ന ആ ഹതഭാഗ്യരുടെ ദയനീയമുഖങ്ങള്‍ വര്‍ത്തമാനകാലയൂറോപ്യന്‍ലോകം മറക്കാനാഗ്രഹിക്കുന്ന ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിലൊന്നുകൂടിയാണ്.

പാരീസ്, ഹാംബെര്‍ഗ്, ന്യൂയോര്‍ക്ക് സിറ്റി, ബാര്‍സെലോണ തുടങ്ങിയ പല പ്രമുഖനഗരങ്ങളിലും മനുഷ്യമൃഗശാലകൾ ഉണ്ടായിരുന്നു. ആഫ്രിക്കന്‍ ആദിമവാസികളിലേയും നീഗ്രോവിഭാഗങ്ങളിലേയും വളരെ വലിയ ശാരീരികപ്രത്യേകതകളുള്ള സ്ത്രീകളെ പരിപൂര്‍ണ്ണനഗ്നരായാണ് ഇത്തരം ശാലകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. വളരെ വലിയ സ്തനങ്ങളും തടിച്ചുരുണ്ട നിതംബങ്ങളുമുള്ള ഈ സ്ത്രീകള്‍ യൂറോപ്യന്മാര്‍ക്ക് ഒരു വിസ്മയകാഴ്ച കൂടിയായിരുന്നു. മൃഗങ്ങളെ കണ്ടാസ്വദിക്കുന്നതിനേക്കാളും കൂടുതല്‍ അവര്‍ ആ നിസ്സഹായരായവരെ കണ്ടാസ്വദിച്ചു. ഇപ്രകാരം ഒരു മനുഷ്യമൃഗശാലയില്‍ പ്രദര്‍ശനവസ്തുവായിക്കിടന്ന് തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍(1815 ല്‍)തണുത്തുമരവിച്ചു മരിച്ച ആഫ്രിക്കയില്‍ നിന്നുള്ള സാര്‍ട്‍ജി ബാര്‍ട്ട്മാന്‍ എന്ന ഒരു നീഗ്രോ യുവതിയുടെ കഥ വളരെ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. അതൊന്നറിയാം.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗ്ഗമായ ഖൊയ്ഖോയ് വംശത്തിലെ ഹൊയ്സാന്‍ കുടുംബത്തിലാണ് സാര്‍ട്ജി ബാര്‍ട്ട്മാന്‍ ജനിച്ചത്. കൂടുതലായും നദീതടങ്ങളിലും കുറ്റിക്കാടുകളിലും അധിവസിക്കുകയും ജീവസന്ധാരണം നടത്തുകയും ചെയ്യുന്ന ഈ വര്‍ഗ്ഗത്തിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ അല്‍പ്പം വിചിത്രമായ ശാരീരികാവയവങ്ങളാണുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് അസാധാരണവലിപ്പമുള്ള നിതംബവും മാറിടവുമാണുണ്ടാവുക. അതുകൊണ്ടുതന്നെ ഇവര്‍ പലപ്പോഴും മറ്റുവര്‍ഗ്ഗക്കാര്‍ക്ക് മുന്നില്‍ കാഴ്ചവസ്തുക്കളെപ്പോലെയായിരുന്നു. ഇംഗ്ലീഷുകാരും ഡച്ചുകാരും മറ്റു യൂറോപ്യന്‍ കുടിയേറ്റക്കാരും കോളനികളാക്കിവച്ചിരുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഗോത്രവര്‍ഗ്ഗക്കാരെ അടിമകളായാണു കരുതിയിരുന്നത്. ഇംഗ്ലീഷുകാരും ഡച്ചുകാരും അവരെ മൃഗങ്ങളെപ്പോലെ വേട്ടയാടി രസിച്ചിരുന്നു. തടവില്‍ പിടിക്കുന്ന പുരുഷന്മാരെ അടിമകളാക്കി യൂറോപ്പുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊണ്ടുവന്ന്‍ വിറ്റു പണംസമ്പാദിച്ചു. അടിമകളാക്കപ്പെടുന്ന സ്ത്രീകള്‍ക്കും രക്ഷയുണ്ടായിരുന്നില്ല. അവരുടെ അനിതരസാധാരണമായ ശരീരഭാഗങ്ങള്‍ ഇംഗ്ലീഷ്, ഡച്ച് യജമാനന്മാര്‍ക്ക് ഭോഗിച്ചുരസിക്കുവാനുള്ള ശരീരങ്ങള്‍ മാത്രമായിരുന്നു. ഒരാള്‍ക്ക് മടുക്കുമ്പോള്‍ ആ ശരീരം നല്ല വിലയ്ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുമായിരുന്നു.

കേപ് ടൌണില്‍ താമസിച്ചിരുന്ന പീറ്റര്‍ സെസാര്‍ എന്ന ഡച്ച് ഫാര്‍മറുടെ അടിമയായി സാര്‍ട്ജി ചെറുപ്രായത്തില്‍ തന്നെ പിടികൂടപ്പെട്ടു. പീറ്റര്‍ സെസാറുടേ സഹോദരനായ ഹെന്‍ട്രിക് സെസാറും സുഹൃത്തായ  അലക്സാണ്ടര്‍ ഡണ്‍ലോപും പീറ്ററുടെ ഫാമില്‍വന്ന അവസരത്തില്‍ സാര്‍ട്ജിയെ കാണുകയും അവര്‍ക്ക് അവളില്‍ താല്‍പ്പര്യം ജനിക്കുകയും ചെയ്തു. ബ്രിട്ടീഷ് മിലിട്ടറി സര്‍ജനായിരുന്ന അലക്സാണ്ടര്‍ അടിമകളെ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന ആളായിരുന്നു. സാര്‍ട്ജിയുടെ രൂപം കണ്ടപ്പോള്‍ത്തന്നെ അയാള്‍ക്കുമുന്നില്‍ വലിയ ഒരു വിപണനസാധ്യത തെളിഞ്ഞുവരികയായിരുന്നു. പീറ്ററില്‍നിന്നു സാര്‍ജിയെ വിലയ്ക്കുവാങ്ങിയ അലക്സാണ്ടര്‍ കുറച്ചുനാള്‍ ആ ശരീരം ഉപയോഗിച്ചശേഷം അവളെ ലണ്ടനിലെത്തിക്കുകയും ഒരു ഇരുമ്പുകൂട്ടിലടച്ച് അത്ഭുതവസ്തുവിനെയെന്നവണ്ണം ലണ്ടന്‍ തെരുവീഥികളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വളരെവലിയ നിതംബവും ഉയര്‍ന്ന മുലകളും കറുകറുത്ത നിറവും കരുത്തുള്ള തുടകളും നീണ്ടുപരന്ന വലിപ്പമേറിയ യോനീമുഖവുമുള്ള ആ സ്ത്രീ നഗ്നയായ ഒരു പ്രദശനവസ്തുവായി കുറേക്കാലം ആ കൂട്ടില്‍ക്കിടന്നു. കുറച്ചധികം കാശു സമ്പാദിച്ചുകഴിഞ്ഞപ്പോള്‍ മടുപ്പുതോന്നിയ അലക്സാണ്ടര്‍ സാര്‍ട്ജിയെ ഒഴിവാക്കി. എന്നാല്‍ ഹെന്‍ട്രി സാര്‍ട്ജിയെ ഒരു സര്‍ക്കസ് കമ്പനിക്ക് വിറ്റു. സര്‍ക്കസിലെ പരിശീലകന്‍ കുറച്ചു പരിശീലനമൊക്കെ നല്‍കി സാര്‍ട്ജിയെ മൃഗങ്ങള്‍ക്കൊപ്പം കൂട്ടിലടച്ചും മറ്റും പ്രദര്‍ശിപ്പിച്ചു. സാര്‍ട്ജിയേയും ഒരു മൃഗമായിത്തന്നെയാണു കരുതിയിരുന്നത്. മൃഗങ്ങള്‍ക്കൊപ്പം തന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന കാഴ്ചവസ്തുവായി സാര്‍ട്ജിക്ക് കഴിയേണ്ടിവന്നു. ലണ്ടനിലെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കവേ അവിടത്തെ ഒരു സന്നദ്ധസംഘടന സാര്‍ട്ജിയുടെ വിഷയത്തില്‍ ഇടപെടുകയും അവളെ അടിമത്വത്തില്‍നിന്നു മോചിപ്പിക്കുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് സാര്‍ട്ജിയെ ഒരു ഫ്രഞ്ചുകാരനു കൈമാറ്റം ചെയ്യപ്പെട്ടു.

ഫ്രാന്‍സിലെ തെരുവീഥിയിലെത്തിയ സാര്‍ട്ജി അവിടേയും അവളുടെ ശാരീരിക പ്രത്യേകതകള്‍മൂലം അത്ഭുതക്കാഴ്ചവസ്തുവായി മാറി.  പാരീസിലെ കൊടുംതണുപ്പില്‍ തെരുവുകളില്‍ പരിപൂര്‍ണനഗ്നയായി പ്രദര്‍ശനവസ്തുവായികഴിഞ്ഞിരുന്ന സാര്‍ട്ജിക്ക് താമസിയാതെ കടുത്ത ജ്വരം പിടിപെട്ടു. യൂറോപ്പിലെ അതിശൈത്യത്തില്‍ പനിച്ചുതണുത്തുവിറച്ചൊരു ദിവസം തെരുവില്‍ കിടന്നുതന്നെ ആ ജീവനൊടുങ്ങി. മരണമടഞ്ഞ സാര്‍ട്ജിയുടെ ശരീരഭാഗങ്ങള്‍(മുലകള്‍,അരക്കെട്ട് തുടങ്ങിയവ) ച്ഛേദിച്ച് ഫോര്‍മാലിന്‍ ലായനിയിലിട്ട് സൂക്ഷിച്ചുവയ്ക്കപ്പെട്ടു. ആഫ്രിക്കന്‍ സ്ത്രീകളുടെ അനിതരസാധാരണമായ ശരീരഭാഗവളര്‍ച്ച പഠിക്കുവാനായിട്ടായിരുന്നു അങ്ങിനെ ചെയ്തത്. 1940 കള്‍ ആയപ്പോഴേയ്ക്കും സാര്‍ട്ജിയുടെ കഥ ലോകശ്രദ്ധയില്‍ ഇടം പിടിക്കപ്പെട്ടു. സാര്‍ട്ജിയെക്കുറിച്ചും അവളുടെ ദുരന്തത്തെക്കുറിച്ചും ചില കവിതകളും ലേഖനങ്ങളും മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടു. സാര്‍ട്ജിയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങളെങ്കിലും ജന്മദേശത്തേയ്ക്ക് മടക്കിക്കൊണ്ട് വരണമെന്നുള്ള മുറവിളി ദക്ഷിണാഫ്രിക്കയില്‍ ഉയരുവാന്‍ ആരംഭിച്ചു. പല പ്രസിദ്ധരായ എഴുത്തുകാരും തങ്ങളുടെ ലേഖനങ്ങള്‍ക്കും കഥകള്‍ക്കും സാര്‍ട്ജിയെ വിഷയമാക്കി.

1994 ല്‍ നടന്ന സൌത്താഫ്രിക്കന്‍ ജനറല്‍ ഇലക്ഷനില്‍ വിജയിച്ചു പ്രസിഡന്റായ നെല്‍സണ്‍ മണ്ടേല ഔദ്യോഗികമായിത്തന്നെ ഫ്രാന്‍സിനോട് സാര്‍ട്ജിയുടെ ശരീരഭാഗങ്ങള്‍ മടക്കിനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. 2002 ല്‍ ഫ്രാന്‍സ് ഈ അഭ്യര്‍ത്ഥന അംഗീകരിക്കുകയും സാര്‍ട്ജിയുടെ അവശേഷിച്ച ശരീരഭാഗങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മടക്കിനല്‍കുകയും ചെയ്തു. സാര്‍ട്ജിയുടെ ജന്മദേശത്ത് ഗംതോസ് താഴ്വരയില്‍ 2002 ഓഗസ്റ്റില്‍ അവളുടെ ഭൌതികാവശിഷ്ടങ്ങള്‍ സമ്പൂര്‍ണ്ണ ഔദ്യോഗികബഹുമതികളോടെ  അടക്കം ചെയ്തു.

ഇന്ന് സാര്‍ട്ജി ബാര്‍ട്ട്മാന്‍ എന്ന നാമം ദക്ഷിണാഫ്രിക്കയുടെ പല മേഖലകളേയും പ്രതിനിധീകരിക്കുന്ന ഒരു ബ്രാന്‍ഡ് നെയിം ആണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ക്ഷേമകേന്ദ്രങ്ങളുടേയും സെന്ററുകളുടേയും പേര് സാര്‍ട്ജിയുടെ നാമത്തിലാണ്. ദക്ഷിണാഫ്രിക്ക കടല്‍ പരിസ്ഥിതിസംരക്ഷണം ലക്ഷ്യമിട്ട് നിര്‍മ്മിച്ച് കടലിലിറക്കിയ ആദ്യത്തെ വെസ്സലിനിട്ടിരിക്കുന്ന പേരും സാര്‍ട്ജിയുടെ യഥാര്‍ത്ഥ പേരെന്ന് കരുതപ്പെടുന്ന സാറാ ബാര്‍ട്ട്മാന്‍ എന്നാണ്. ഗംതോസ് റിവര്‍ വാല്യൂവിലുള്ള സാര്‍ട്ജിയുടെ ശവകുടീരം ഗവണ്മെന്റ് ഒരു ചരിത്ര സ്മാരകമെന്നോണം ഭംഗിയായി സംരക്ഷിക്കുകയും ചെയ്തുപോരുന്നു.


ശ്രീ

ഇഷ്ടപ്പെട്ട മൂന്നു ടെലിവിഷന്‍ സീരീസുകള്‍

1. ബ്രേക്കിംഗ് ബാഡ്

2008 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെ അഞ്ചു സീസണുകളിലായി അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു ക്രൈം-ഡ്രാമാ സീരീസാണ് ബ്രേക്കിംഗ് ബാഡ്. ഒരു നല്ല മനുഷ്യന്‍ എത്രമാത്രം ചെയിഞ്ചുകള്‍ക്ക് വിധേയനാകും എന്നതിന്റെ ഒരു ക്ലാസ്സിക് വെര്‍ഷനാണ് ഈ സീരീസ്. വാള്‍ട്ടര്‍ വൈറ്റ് എന്ന ഹൈസ്കൂള്‍ കെമിസ്ട്രി ടീച്ചര്‍ ശ്വാസകോശകാന്‍സര്‍ ബാധിതനാണ്. മെത്തഫെറ്റമൈന്‍ ക്രിസ്റ്റല്‍ രൂപത്തില്‍  മാറ്റിയെടുത്താല്‍ അത് ഇന്നേവരെ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ഡ്രഗ്സ് ആകുമെന്ന്‍ വാള്‍ട്ടര്‍ വൈറ്റ് കണ്ടെത്തുന്നു. തന്റെ ഒരു പൂര്‍വ്വകാല വിദ്യാര്‍ത്ഥിയായിരുന്ന ജെസീ പിങ്ക്മാനുമായി ചേര്‍ന്ന്‍ വാള്‍ട്ടര്‍ ആ മയക്കുമരുന്ന്‍ ധാരാളമുണ്ടാക്കി വില്‍പ്പന നടത്തുവാന്‍ തീരുമാനിക്കുന്നു. താന്‍ മരണപ്പെടുമ്പോള്‍ തന്റെ കുടുംബം സുരക്ഷിതമാക്കപ്പെടണം എന്ന ലക്ഷ്യമായിരുന്നു വാള്‍ട്ടര്‍ വൈറ്റിന്റേത്.

ഇതേവരെ ഇറങ്ങിയ ടെലിവിഷന്‍ സീരീസുകളില്‍ ആള്‍ ടൈം ബെസ്റ്റുകളിലൊന്നായാണ് വിന്‍സ് ഗിലിഗന്‍ ക്രിയേറ്റ് ചെയ്ത ഈ സീരീസ് കരുതപ്പെടുന്നത്. ഒരു മനുഷ്യന്‍ പണമുണ്ടാക്കാനായി ഏതു ലവല്‍ വരെ പോകുമെന്നതിന്റെ മകുടോദാഹരണമാണീ സീരീസ്. ബ്രേക്കിംഗ് ബാഡിന്റെ അവസാന എപ്പിസോഡ് എയര്‍ ചെയ്യപ്പെട്ടപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ഒരു എപ്പിസോഡായി അതു മാറി. അമേരിക്കന്‍ കേബില്‍ ശൃംഖലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ടെലിവിഷന്‍ സീരീസും ഇതുതന്നെയാണ്. ഈ ടെലിവിഷന്‍ സീരീസ് കരസ്ഥമാക്കിയിട്ടുള്ള അവാര്‍ഡുകള്‍ക്കും പുരസ്ക്കാരങ്ങള്‍ക്കും കണക്കില്ല.

അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് അക്കാഡമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് നല്‍കുന്ന 16 പ്രൈം ടൈം എമ്മി അവാര്‍ഡ്സ് ഈ സീരീസ് കരസ്ഥമാക്കുകയുണ്ടായി. രണ്ട് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍, മറ്റ് നിരവധി പുരസ്ക്കാരങ്ങള്‍. എക്കാലത്തേയും കൂടിയ റേറ്റിംഗ് കിട്ടിയ ടെലിവിഷന്‍ ഷോയ്ക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ലഭിച്ചത് ഈ സീരീസിനാണ്.

റേറ്റിംഗ് - 9.5/10

ഏ മസ്റ്റ് വാച്ച് സീരീസ്

2. ഗയിം ഓഫ് ത്രോണ്‍സ്

ഇപ്പോള്‍ എയര്‍ ചെയ്യപ്പെടുന്ന സീരീസുകളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആകാംഷാപൂര്‍വ്വം കാണുന്ന  ടെലിവിഷന്‍ സീരീസാണ് ഗയിം ഓഫ് ത്രോണ്‍സ്. ഫാന്റസിയുടെ ലോകത്തെ ആവിഷ്ക്കരിക്കുന്ന വിസ്മയ കഥ എന്നു നിസ്സംശയം പറയാവുന്ന ഒരു ടെലിവിഷന്‍ സീരീസാണിത്.  ജോര്‍ജ്ജ് ആര്‍ മാര്‍ട്ടിന്റെ ഏ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന ഫാന്റസി നോവല്‍ സീരീസിന്റെ ദൃശ്യാവിഷക്കാരമാണിത്. നോര്‍തേണ്‍ അയര്‍ലാന്‍ഡ്, ക്രൊയേഷ്യാ, ഐസ് ലാന്‍ഡ്, മൊറോക്കോ,സ്പെയിന്‍, സ്കോട്ട്ലാന്‍ഡ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയ വിവിധരാജ്യങ്ങള്‍ ലോക്കേഷനായ ഈ ഇതിഹാസ സീരീസിന്റെ സംവിധായകര്‍  ഡേവിഡ് ബെനിയോഫ്, ഡാനിയേല്‍ ബ്രെറ്റ് വെയ്സ് എന്നിവരാണ്. നോവലിന്റെ ആദ്യഭാഗത്തിന്റെ പേര് ഗയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു. ആ പേരു തന്നെ ടെലിവിഷന്‍ സീരിസിനായി സ്വീകരിക്കുകയായിരുന്നു. ടൈം വാര്‍ണര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹോം ബോക്സ് ഓഫീസ് (എച് ബി ഓ) സാറ്റലൈറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് 2011 ഏപ്രില്‍ 7 നാണ് ആദ്യ ഗെയിം ഓഫ് ത്രോണ്‍സ് എപ്പിസോഡ് എയര്‍ ചെയ്തത്. ഓരോ സീസണിലും പത്ത് എപ്പിസോഡുകള്‍ വീതം ഏഴു സീസണുകള്‍ ഇതേ വരെ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു. സീസണ്‍ ആറായപ്പോഴേക്കും ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കാണുന്ന ടെലിവിഷന്‍ സീരീസായി ഇത് മാറിക്കഴിഞ്ഞു. ഇതിന്റെ ഏഴാം സീസണ്‍ ആരാധകരെ ഉദ്വോഗത്തിന്റെ കൊടുമുടിയില്‍ നിറുത്തിക്കൊണ്ടാണവസാനിപ്പിച്ചിരിക്കുന്നത്. 2019 ല്‍ ആയിരിക്കും ഈ സീരീസിന്റെ അവസാന സീസണ്‍ സംപ്രേക്ഷണം ചെയ്യപ്പെടുക. ഏഴാം സീസണിലെ ചില എപ്പിസോഡുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും ഒറിജിനല്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിനുമുന്നേ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.ലോകവ്യാപകമായി പൈറേറ്റുകള്‍ക്കെതിരേ ഇതിന്റെ പേരില്‍ നടപടിയുണ്ടാവുകയും ചിലരെല്ലാം പിടിയിലാകുകയും ചെയ്തു. വ്യാജ ഡൌണ്‍ലോഡിംഗ്ലിങ്കുകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടു. ഈ സീരീസിന്റെ ഫിഫ്ത് സീസണിലെ ഒരു എപ്പിസോഡിനായി തുര്‍ക്കിയിലെ ഒരു ചെറുപട്ടണം മുഴുവന്‍ മൂന്നുദിവസത്തേയ്ക്ക് ഒഴിപ്പിച്ച് പട്ടണവാസികളെ മുഴുവന്‍ ഒരു സുഖവാസകേന്ദ്രത്തില്‍ താമസിപ്പിക്കുകയും അവിടെയുണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെല്ലാം മൂന്നുദിവസത്തെ വില്‍പ്പനനഷ്ടത്തിനു നഷ്ടപരിഹാരം നല്‍കി ഒരു എപ്പിസോഡിന്റെ അവസാനഭാഗം മാത്രം ചിത്രീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. അതും അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ആ രംഗം ചിത്രീകരിച്ചതും അതു എയര്‍ ചെയ്തതും.

ഈ ടെലിവിഷന്‍ സീരീസ് കരസ്ഥമാക്കിയ അവാര്‍ഡുകള്‍ അത്രയ്ക്കധികമാണ്. ഗോള്‍ഡ്ന്‍ ഗ്ലോബിന്റെ 6 അവാര്‍ഡുകള്‍. റൈറ്റെര്‍സ് ഗിള്‍ഡ് ഓഫ് അമേരിക്കയുടെ 9 അവാര്‍ഡുകള്‍, സയന്‍സ് ഫിക്ഷന്‍, ഫാന്റസി, ഹൊറര്‍ എന്നീ മേഖലയില്‍ നല്‍കുന്ന സാറ്റേര്‍ണ്‍ അവാര്‍ഡുകള്‍ 18 എണ്ണം, 38 എമ്മി അവാര്‍ഡുകള്‍.പിനെന്‍ ഇതിലെ അഭിനേതാക്കള്‍ക്ക് നിരവധി വട്ടം ലഭിച്ച പല പല അവാര്‍ഡുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം വ്യാജ ഡൌണ്‍ലോഡിംഗ് ചെയ്യപ്പെട്ട ഒരു ടി വി പ്രോഗ്രാം എന്ന ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡും ഈ ടെലിവിഷന്‍ സീരീസിനു സ്വന്തം.

പൂര്‍ണ്ണതയ്ക്കായി എത്ര കാശും മുടക്കുന്നതുകൊണ്ട് തന്നെ ഈ ടെലിവിഷന്‍ സീരീസ് ക്വാളിറ്റിയില്‍ അത്രമാത്രം മികവു പുലര്‍ത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേമികള്‍ ഈ സീരീസിന്റെ അവസാനഭാഗത്തിനായി കാത്തിരിക്കുകയാണ്.

മസ്റ്റ് വാച്ച് സീരീസ് തന്നെയാണിതും.

റേറ്റിംഗ് - 9.4/10

3. ദ വാ‍ക്കിംഗ് ഡെഡ്

റോബര്‍ട്ട് കിര്‍ക്ക്മാന്‍ എഴുതിയ ദ വാ‍ക്കിംഗ് ഡെഡ് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി ഫ്രാങ്ക് ദരാബോണ്ട് അണിയിച്ചൊരുക്കിയ ഹൊറര്‍ ഡ്രാമാസീരീസാണ് ദ വാ‍ക്കിംഗ് ഡെഡ്. 2010 ഒക്റ്റോബര്‍ 31 നാണ് ഈ സീരീസിന്റെ ആദ്യ എപ്പിസോഡ് ഏ എം സി നെറ്റ്വര്‍ക്ക് എയര്‍  ചെയ്തത്.

അറ്റ്ലാന്റയിലെ ഒരു ആശുപത്രിയില്‍  കോമാസ്റ്റേജില്‍ കിടന്ന റിക്ക് ഗ്രിംസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ റിക്കവര്‍ ആയി ഉണര്‍ന്നെഴുന്നേള്‍ക്കുമ്പോള്‍ ഒട്ടുമിക്ക മനുഷ്യരും സോംബികളായി(ഹൊറര്‍,ഫാന്റസി മേഖലകളില്‍ സുലഭമായ ഒരു വിഭാഗമാണ് സോംബികള്‍. മനുഷ്യര്‍ വൃകൃതമായ രൂപത്തിലാവുകയും എന്തൊക്കെ സംഭവിച്ചാലും മരണമില്ലാതെ അവസ്ഥയിലായി മറ്റു മനുഷ്യരെ ഭക്ഷിക്കുവാനും മറ്റും ശ്രമിക്കുന്ന പ്രേതരൂപികളുമായ വ്ഈകൃതമനുഷ്യരാണ് സോംബികള്‍ എന്ന വിഭാഗത്തില്‍പെടുന്നത്. ഇതൊരു മിത്തിക്കല്‍ സൃഷ്ടിയാണ്) മാറി ലോകം ഭീകരമായ ഒരു അവസ്ഥാവിശേഷത്തിലായിരിക്കുകയാണെന്ന്‍ മനസ്സിലാക്കുന്നു. ആ ശുപത്രിയിലും സോംബികള്‍ കടന്നു എന്നുമനസ്സിലാക്കുന്ന റിക്ക് അവിടെ നിന്നും രക്ഷപ്പെടാനുഌഅ ശ്രമം നടത്തുന്നു. അറ്റ്ലാന്റയില്‍ നിന്നും രക്ഷപ്പെട്ടൊടവേ സോംബികളില്‍ നിന്നും രക്ഷപ്പെട്ട ഒരു ഗ്രൂപ്പാള്‍ക്കാരെ റിക്ക് കണ്ടുമുട്ടുന്നു. അക്കൂട്ടത്തില്‍ റിക്കിന്റെ ഭാര്യയായ ലോറിയും മകന്‍ കാര്‍ളുമുണ്ടായിരുന്നു. സോംബികളില്‍ നിന്നും എല്ലാവരുടേയും ജീവന്‍ രക്ഷപ്പെടുത്തി സുരക്ഷിതമായ ഒരിടത്ത് എത്തിക്കുക എന്ന അങ്ങേയറ്റം വൈഷമ്യം പിടിച്ച ദൌത്യം റിക്ക് ഏറ്റെടുക്കുന്നു.

ഏഴു സീസണുകള്‍ പൂര്‍ത്തിയാക്കിയ ഈ സീരീസിനു ഓരോ എപ്പിസോഡിനും ഏകദേശം 13-14 മില്യന്‍ കാഴ്ചക്കാരുണ്ട്. ഏഴാം സീസണ്‍ എയര്‍ ചെയ്തുകഴിഞ്ഞപ്പോള്‍ കുറച്ചധികം വലിച്ചുനീട്ടലുകള്‍ അനുഭവ്പ്പെട്ടതുകൊണ്ടുതന്നെ സമ്മിശ്രമായ റിവ്യൂകളാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ എട്ടാം സീസണ്‍ കുറച്ചുകൂടി ചടുലവും ഉദ്വോഗജനകവുമായി അവതരിപ്പിച്ചിട്ടുണ്ട്. എട്ടാം സീസന്റെ എട്ടു എപ്പിസോഡുകള്‍ ഇതേവരെ എയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. ഇനി രണ്ട് എപ്പിസോഡുകള്‍ കൂടി ബാക്കിയുണ്ട്. നിരവധി പുരസ്ക്കാരങ്ങള്‍ ഈ ടെലിവിഷന്‍ സീരീസും കരസ്ഥമാക്കിയിട്ടുണ്ട്.

റേറ്റിംഗ് - 9/10

ശ്രീ



Monday, January 29, 2018

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് റോബറി

അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന മനുഷ്യന്‍ കൂട്ടമായി താമസിക്കാനാരംഭിക്കുകയും ഒരിടത്ത് സ്ഥിരതാമസമാക്കി കൃഷിയും മറ്റുമൊക്കെ ആരംഭിക്കുകയും ചെയ്ത പ്രാചീനകാലഘട്ടത്തില്‍ത്തന്നെയാണ് മോഷണങ്ങളുടേയും ആവിര്‍ഭാവം എന്നു കരുതാം. കൃഷി ചെയ്യുന്ന വിളകള്‍, അന്യന്റെ ഇണകള്‍, ആയുധങ്ങള്‍ തുടങ്ങിയവയായിരുന്നിരിക്കണം ആദ്യകാല മോഷണങ്ങള്‍. പിന്നീട് നാഗരികത വളരാനാരംഭിക്കുകയും സുഖസൌകര്യങ്ങളുടെ രീതികള്‍ മാറാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ മോഷണങ്ങളും മോഷ്ടിക്കപ്പെടുന്ന വസ്തുക്കളും പുതുമയുള്ളതും വിലയേറിയതുമായിത്തീര്‍ന്നു. പ്രാചീനകാലം മുതല്‍ തന്നെ മോഷണത്തോട് സമൂഹം ദയയില്ലാത്ത സമീപനമാണ് കൈക്കൊണ്ടിരുന്നത്. ഭയാനകമായ പല ശിക്ഷാവിധികളും മോഷ്ടാക്കള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയെങ്കിലും മോഷ്ടാക്കള്‍ മോഷ്ടിച്ചുകൊണ്ടുതന്നെയിരുന്നു. ഇന്നുമത് അനസ്യൂതം തുടരുന്നു. ആളുകള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍(കറന്‍സികള്‍, വിലയേറിയ ആഭരണങ്ങള്‍, മൂല്യമേറിയ പെയിന്റിംഗുകള്‍, സെക്യൂരിറ്റി ബോണ്ടുകള്‍ തുടങ്ങിയവ..) സുരക്ഷിതമാക്കുവാനുദ്ദേശിച്ച് ബാങ്കുകളുടെ ലോക്കറുകളിലും മറ്റും സൂക്ഷിക്കുന്നു. ബാങ്കുകളാകട്ടേ ഈ ആധുനികകാലത്ത് മോഷണം തടയുവാനായി വളരെവലിയ സുരക്ഷാസംവിധാനങ്ങള്‍ ഒക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മോഷ്ടാക്കള്‍ക്ക് അതൊന്നും ഒരു വിഷയമേയല്ല. അവര്‍ വിചാരിച്ചാല്‍ അതു നടപ്പിലാക്കിയിരിക്കും. ലോകത്തിലെ വളരെപ്രശസ്തമായ പല ബാങ്കുകളും ഇപ്രകാരം മിടുക്കന്മാരായ കള്ളന്മാരാല്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അപ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും വലുതെന്ന്‍ പറയപ്പെടുന്ന ഗിന്നസ്സ് റിക്കോര്‍ഡില്‍ കടന്നുകയറിയ ഒരു  ബാങ്കു മോഷണത്തെപ്പറ്റി ഒന്നറിയാം.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ബ്രസീലിലെ മോഷണം

ബ്രസീലിലെ സിയറാ സ്റ്റേറ്റിലുള്ള ഫൊര്‍ത്തലേസായില്‍ സ്ഥിതിചെയ്യുന്ന ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ശാഖയില്‍ 2005 ഓഗസ്റ്റ് 7 നു നടന്ന മോഷണമാണ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ബാങ്ക് റോബറി എന്ന വിശേഷണത്തിനര്‍ഹമായിട്ടുള്ളത്.  ബ്രസീലിലെ മുഴുവന്‍ മണി സപ്ലൈയുടേയും ചാര്‍ജ് ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിനായിരുന്നു. വിതരണം ചെയ്യുവാനായി ബാങ്കിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന അഞ്ച് കണ്ടൈനര്‍ ബോക്സുകളില്‍നിന്നു 50 റിയാലിന്റെ നോട്ടുകെട്ടുകളാണ് മോഷണം പോയത്. അതായത് 164,755,150 ബ്രസീലിയന്‍ റിയാല്‍സ്. ഇത് 2005 ലെ എക്സ്ചേഞ്ച് റേറ്റു പ്രകാരം ഏകദേശം 71.6 മില്യണ്‍ യു എസ് ഡോളറിനു തുല്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഷണം പോയ നോട്ടുകളുടെ യഥാര്‍ത്ഥമൂല്യം ഇതിനേക്കാളുമധികമെന്നാണ് കരുതപ്പെടുന്നത്. ബാങ്ക് അതിനെപ്പറ്റി കൃത്യമായ ഒരു വിവരം പുറത്തുവിടുകയുണ്ടായില്ല. ഈ നോട്ടുകൂമ്പാരത്തിന്റെ വെയിറ്റ് മാത്രം 3.5 ടണ്‍ ഉണ്ടായിരുന്നു. മോഷണം നടന്നത് വീക്കെന്‍ഡിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച കാലത്ത് ബാങ്ക് ഓപ്പണ്‍ ചെയ്തപ്പോള്‍ മാത്രമാണ് ഈ മോഷണവിവരം പുറത്തറിയുന്നത്.

മോഷണം നടക്കുന്നതിനു ഏകദേശം മൂന്നുമാസം മുന്നേ എട്ടുപത്തു യുവാക്കള്‍ ചേര്‍ന്ന്‍ ഫൊര്‍ത്തലേസാ ബ്രാഞ്ചിന്റെ സമീപത്തായി ഒരു കെട്ടിടം ബിസിനസ്സ് ആവാശ്യത്തിനെന്നു പറഞ്ഞു വാടകയ്ക്കെടുത്തു. കൃത്രിമമായി നിര്‍മ്മിക്കുന്ന പുല്‍ത്തകിടികള്‍ വില്‍പ്പന നടത്തുന്ന ബിസ്സിനസ്സായിരുന്നു യുവാക്കള്‍ നടത്തിയിരുന്നത്. പുല്‍ത്തകിടി നിര്‍മ്മാണത്തിനും സൂക്ഷിപ്പിനും നിലമൊരുക്കുന്നതിനും മറ്റുമായി വെട്ടും കിളയും ഒക്കെ ഒരുപാട് നടത്തേണ്ടതുണ്ടായിരുന്നു. സ്വാഭാവികമായും അയല്‍പക്കത്തുള്ളവര്‍ക്ക് യാതൊരു സംശയവുമുണ്ടായതേയില്ല. സ്ഥാപനത്തില്‍നിന്നു ഒരുപാട് സാധങ്ങള്‍, ചാക്കുകളിലും കാര്‍ഡ്ബോര്‍ഡ് പെട്ടികളിലും മറ്റും പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും അകത്തേയ്ക്കു കൊണ്ടുപോകുന്നതും സ്ഥിരമായിരുന്നു. ലോഡ് ചെയ്ത സാധനങ്ങളുമായി വാനുകള്‍ പോകുന്നതും വരുന്നതും സ്ഥിരകാഴ്ചയായിരുന്നതുകൊണ്ടുതന്നെ ആളുകള്‍ അത് കാര്യമാക്കിയതുമില്ല. യഥാര്‍ത്ഥത്തില്‍ കൃത്രിമപുല്‍ത്തകിടി നിര്‍മ്മാണത്തിന്റെ മറവുപറ്റി യുവാക്കള്‍ ഒരു ടണല്‍ നിര്‍മ്മിക്കുകയായിരുന്നു. വീടിനുള്ളില്‍നിന്നു ഏകദേശം‍ 78 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ട് അവിടെനിന്നു ബാങ്കിന്റെ സ്ട്രോംഗ് റൂമിലേക്കു ഏകദേശം 300 അടിയോളം നീളത്തില്‍ സ്ട്രീറ്റ് ലെവലില്‍നിന്നു നാലുമീറ്ററോളം താഴ്ചയില്‍  സമാന്തരമായി അവര്‍ ടണല്‍ നിര്‍മ്മാണം നടത്തി. ടണല്‍ തടിയും പ്ലാസ്റ്റിക്കും ഒക്കെക്കൊണ്ട് സുരക്ഷിതമാക്കുകയും ഇലക്ട്രിക് ലൈറ്റുകള്‍ വലിച്ചിടുകയും എയര്‍ സര്‍ക്കുലെഷനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. കുഴിച്ചെടുക്കുന്ന മണ്ണും മറ്റും പുല്‍ത്തകിടികള്‍ കൊണ്ടുപോകുന്നെന്ന ഭാവേന അവര്‍ ഭദ്രമായി പുറത്തുകൊണ്ടുപോയി വളരെ ദൂരെ സുരക്ഷിതസ്ഥലങ്ങളില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. ഓഗസ്റ്റ് 7നു അതായത് വീക്കെന്‍ഡ് ദിവസം ടണലിലൂടെ ബാങ്കിന്റെ സ്ട്രോംഗ് റൂമിന്റെ നേരേ എത്തി ഏകദേശം 1.1 മീറ്റര്‍ കോണ്‍ക്രീറ്റ് ചുമര്‍ തുരന്ന്‍ ഭദ്രമായി ബാങ്കിനുള്ളിലെത്തി.ബാങ്കില്‍ സൂക്ഷിച്ചിരുന്ന അഞ്ചോളം കണ്ടൈനെര്‍ ബോക്സുകളിലുണ്ടായിരുന്ന പണം മുഴുവനുമെടുത്ത് കള്ളമ്മാര്‍ ടണല്‍ വഴി തങ്ങളുടെ ബിള്‍ഡിംഗിലെത്തുകയും സുരക്ഷിതരായി കടന്നുകളയുകയും ചെയ്തു. ബാങ്കില്‍ കടക്കുന്നതിനുമുന്നേ അതിനുള്ളിലെ അലാറം സംവിധാനങ്ങളും സെന്‍സറിംഗ് സംവിധാനങ്ങളും ഒക്കെയും മോഷ്ടാക്കള്‍‍ ജാമാക്കിയതിനാല്‍ മോഷണവിവരം മറ്റാരുമറിഞ്ഞില്ല, പതിവുപോലെ ബിസ്സിനസ്സിനായി തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോള്‍ മാത്രമാണ് ഈ മോഷണം പുറംലോകമറിയുന്നത്.

ഈ ബാങ്ക് റോബറി ബ്രസീലിനെ ഇളക്കിമറിച്ചു. പോലീസ് അരയും തലയും മുറുക്കി രംഗത്തുവന്നു. മോഷ്ടാക്കള്‍ തെളിവുകളൊന്നുമവശേഷിപ്പിക്കാതെ എല്ലാം കൃത്യമായാണ് പ്ലാന്‍ ചെയ്തിരുന്നത്. ഫോര്‍ത്തലേസായിലെ മോഷ്ടാക്കളേയും കാറുകള്‍ മറിച്ചുവില്‍ക്കുന്നവരേയും മറ്റും സൂക്ഷ്മമായി നിരീക്ഷിച്ച ഫെഡറല്‍ പോലീസ് ഇക്കൂട്ടര്‍ക്ക് ബാങ്ക് മോഷണവുമായി ബന്ധമുണ്ടാകുമെന്ന്‍ ഉറച്ചുവിശ്വസിച്ചു. ഫെഡറല്‍ പോലീസും മിലിട്ടറി പോലീസും സംസ്ഥാനപോലീസും ഒരുമിച്ചുനടത്തിയ അതിസൂക്ഷ്മവും കണിശവുമായ അന്വോഷണത്തിനിടയില്‍ ആഗസ്റ്റ് 10 നു രണ്ടുപേരെ അറസ്റ്റു ചെയ്യുകയുണ്ടായി. ഇവരെ വിശദമായി ചോദ്യം ചെയ്യുകയും ഏകദേശം 2.13 മില്യണ്‍ നോട്ടുകള്‍ ഇവരില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു. തുടരന്വോഷണത്തില്‍ സെപ്തംബര്‍ 28 നു അഞ്ചുപേര്‍ കൂടി പിടിയിലായി. ടണല്‍ നിര്‍മ്മാണത്തിനു സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന്‍ അവര്‍ പോലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തുകയും അവരില്‍നിന്നു 5.22 മില്യണ്‍ നോട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു. പിന്നേയും ചിലരെയൊക്കെ പിടികൂടുകയും കുറച്ചു പണം കണ്ടെടുക്കുകയും ചെയ്തു. 2005 അവസാനത്തോടെ ആകെ വീണ്ടെടുക്കാനായത് വെറും 20 മില്യണ്‍ മാത്രമായിരുന്നു. എട്ടുപേരോളം അറസ്റ്റിലാകുകയും ചെയ്തു. ഈ മോഷണത്തിലെ പ്രധാനികളേയോ ബാക്കിപ്പണത്തേയോ കണ്ടെത്തുവാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ഈ ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും അരങ്ങേറിയിട്ടുമുണ്ട്.  അവരെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈ മോഷണവുമായി ബന്ധപ്പെട്ടവരും പണം കൈപ്പറ്റിയവരുമാണെന്ന്‍ വിശ്വസിക്കപ്പെടുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ചിലരെ മോചനദ്രവ്യം നല്‍കി ബന്ധുക്കള്‍ മോചിപ്പിക്കുകയുണ്ടായി. വെടിയേറ്റും മറ്റും കൊല്ലപ്പെട്ടവരുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമെന്നറിയപ്പെടുന്ന ഈ ബാങ്ക് റോബറിയെപ്പറ്റിയുള്ള അന്വോഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല

ശ്രീ

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ


പെറുവിലെ തിക്രാപ്പോയില്‍ താമസിച്ചിരുന്ന ആഭരണനിര്‍മ്മാണത്തൊഴിലാളിയായിരുന്ന തിബുറെലോ മെദീനയുടേയും അദ്ദേഹത്തിന്റെ ഭാര്യയായ വിക്റ്റോറിയ ലൂസിയയുടേയും മകളായി 1933 സെപ്തംബര്‍ 23 ആം തീയതിയാണ് കുഞ്ഞു ലിന ജനിച്ചത്. പൊതുവേ ദാരിദ്ര്യം നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നു ലിന വളര്‍ന്നത്. അവള്‍ക്ക് ഏകദേശം അഞ്ചുവയസ്സുകഴിഞ്ഞപ്പോള്‍ എന്നും വയറുവേദന എന്നു പറഞ്ഞു കരയുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ ഗ്രാമത്തില്‍ തന്നെയുള്ള ചില നാട്ടുവൈദ്യന്മാരേയും പിന്നെ ചില മന്ത്രവാദികളേയുമൊക്കെ സമീപിച്ചു ചികിത്സ തേടി എന്നാല്‍ അവരുടെ ആരുടേയും ചികിത്സ കൊണ്ട് കുഞ്ഞു ലിനയുടെ വയറുവേദനയ്ക്ക് ഒരു കുറവുമുണ്ടായില്ല. മാത്രമല്ല ദിവസങ്ങള്‍ കഴിയുന്തോറും വയര്‍ വീര്‍ത്തുവന്നുകൊണ്ടിരുന്നു. വയറിനുള്ളില്‍ വല്ല മുഴയോ മറ്റോ വളരുന്നുവെന്ന ആധിയൊടെ ലിനയുടെ അച്ഛന്‍ അവളെ എന്തായാലും പിസ്കോ പട്ടണത്തിലുള്ള ഒരു ആശുപത്രിയില്‍ കാണിച്ചു. കുഞ്ഞു ലിനയെ പരിശോധിച്ച ജെറാര്‍ഡോ ലുസാദ എന്ന ഡോക്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടുപോകുകതന്നെ ചെയ്തു. ലിന ഗര്‍ഭിണിയാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന അയാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്കായി തലസ്ഥാനമായ ലിമയിലെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് ലിനയെ റെഫര്‍ ചെയ്തു. അവിടത്തെ പരിശോധനയിലേയും ഫലം വ്യത്യസ്തമായിരുന്നില്ല. അഞ്ചുവയസ്സുകാരിയായ ലിമ ഏകദേശം അഞ്ചുമാസത്തോളം ഗര്‍ഭിണിയാണ് എന്നു സ്ഥിരീകരിക്കപ്പെട്ടു.

ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലിന 1939 മേയ് പതിനാലിനു ആറുപൌണ്ട് തൂക്കമുള്ള തികച്ചും ആരോഗ്യവാനായ ഒരു കുഞ്ഞിനു സിസേറിയനിലൂടെ ജന്മം നല്‍കി. അപ്പോള്‍ ലിനയുടെ പ്രായം അഞ്ചുവയസ്സും ഏഴു മാസവും 21 ദിവസവും മാത്രമായിരുന്നു. അങ്ങിനെ ചരിത്രത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന ബഹുമതി ലിന മെദീനയ്ക്ക് സ്വന്തമായി.ഏറ്റവും വലിയ ആക്സ്മികത എന്തായിരുന്നു എന്നുവച്ചാല്‍ അക്കൊല്ലത്തെ മദേര്‍സ് ഡേ ആ ദിവസമായിരുന്നു എന്നതാണ്. കുഞ്ഞുലിനയുടെ ഗര്‍ഭത്തിനുത്തരവാദി അവളുടെ അച്ഛനാണെന്ന സംശയത്താല്‍ പോലീസ് അയാളെ അറസ്റ്റു ചെയ്യുകയും ജയിലടയ്ക്കുകയും ചെയ്തു. എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലും ഒപ്പം തെളിവുകളുടെ അഭാവത്താലും പിന്നീട് തിബുറെലോയെ പോലീസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു. ലിനയുടെ കുഞ്ഞിന്റെ അച്ഛനാരാണെന്നത് തെളിയിക്കുവാന്‍ അന്വോഷണസംഘത്തിനു സാധിച്ചതേയില്ല.

ലിനയുടെ ഗര്‍ഭധാരണവും പ്രസവവും മെഡിക്കല്‍ചരിത്രത്തിലെ തന്നെ അപൂര്‍വ്വതകളിലൊന്നായിരുന്നു. ലിനയെ വിശദമായി പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞത് ലിനക്ക് ഏകദേശം മൂന്നരവയസ്സുള്ള സമയത്തുതന്നെ കൃത്യമായി പീരിയേഡ്സ് സംഭവിക്കാറുണ്ടായിരുന്നുവെന്നാണ്. ഇടുപ്പെല്ലും ഗര്‍ഭാശയമുഖവും ഗര്‍ഭപാത്രവുമെല്ലാം പൂര്‍ണ്ണശാരീരികവളര്‍ച്ചയെത്തിയ ഒരു സ്ത്രീയുടേതിനു സമാനമായിരുന്നു. മാത്രമല്ല മാറിടങ്ങള്‍ക്കും വളര്‍ച്ചയും വികാസവും ഉണ്ടായിരുന്നു. ലിനയെ പല വിദഗ്ദസംഘങ്ങളും പരിശോധിച്ചെങ്കിലും ഇത്രയും ചെറുപ്രായത്തിലെ പ്രസവധാരണത്തിനും പ്രസവത്തിനും യുക്തിസഹമായ ഒരു കാരണം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്നതാണു സത്യം. അസാധാരണമായ ഏതോ ഹോര്‍മോണ്‍ വ്യതിയാനമാകാം ഈ സംഭവത്തിനു കാരണമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്.

ലിനയുടെ മകനായ ജെറാര്‍ഡോയും ലിനയും ഒരുമിച്ചു കളിച്ചുവളര്‍ന്നു എന്നു പറയുന്നതാവും ഉചിതം. ഒരു പത്തുവയസ്സുവരെയെങ്കിലും ജെറാര്‍ഡോ വിചാരിച്ചിരുന്നത് ലിന തന്റെ മൂത്ത ചേച്ചിയാണ് എന്നായിരുന്നു. മുതിര്‍ന്നപ്പോള്‍ ഒരു ആശുപത്രിയില്‍ സെക്രട്ടറിയായി ജോലിനോക്കിയ ലിന ആ വരുമാനം കൊണ്ട് തന്റെ മകനെ പഠിപ്പിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ലിന റൌള്‍ ജുരാഡോയെ വിവാഹം കഴിച്ചു. ലിനക്ക് രണ്ടാമതൊരു കുഞ്ഞുണ്ടാകുന്നത് 1972 ലായിരുന്നു. അതായത് മൂത്തമകനായ ജെറാര്‍ഡോയുമായി 33 വയസ്സിന്റെ വ്യത്യാസം. ജെറാര്‍ഡോ തന്റെ നാല്‍പ്പതാമത്തെ വയസ്സില്‍ രോഗബാധിതനായി മരണമടഞ്ഞു. ലിനയും ഭര്‍ത്താവും ഇപ്പോഴും ലിമയിലെ ഒരു ഗ്രാമത്തില്‍ ജീവിച്ചിരിപ്പുണ്ട്

വിക്കീപീഡിയ, ചില സൈറ്റുകള്‍ എന്നിവ ആധാരമാക്കി എഴുതിയത്

ശ്രീ