മനുഷ്യരാല്‍ അസാധ്യമായത് ഒന്നുമില്ല എന്നൊരു പറച്ചിലുണ്ട്. എത്രതന്നെ സങ്കീര്‍ണ്ണമായതും അപകടകരമായതും ദുഷ്ക്കരമായതുമായ സംഭവമായിരുന്നാലും പലപ്പോഴും അവയെ അതിജീവിക്കുവാന്‍ മനുഷ്യനു സാധ്യമായിട്ടുണ്ട്. ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേയ്ക്ക് ഇനിയൊരിക്കലും മടങ്ങിവരില്ലയെന്നു വിശ്വസിച്ചവര്‍ എത്രയോ നാളുകള്‍ക്കുശേഷം സകലരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മടങ്ങിവരുമ്പോള്‍ ലോകം അതിശയിച്ചുപോയിട്ടുണ്ട്. ദുഷ്ക്കരമായ ഇടങ്ങളില്‍ അപകടങ്ങളില്‍പ്പെട്ട് അകപ്പെട്ടുപോകുന്നവരെ അത്ഭുതകരമായി രക്ഷപ്പെടുത്തി ജീവിതത്തിലേയ്ക്കുകൊണ്ടുവന്ന എത്രയെങ്കിലും സംഭവങ്ങളുണ്ടായിട്ടുണ്ട്.ചിലതെല്ലാം ഫലവത്തായിട്ടുനില്ല. മനുഷ്യസാധ്യമായ സകലമാര്‍ഗ്ഗങ്ങളുപയോഗിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ലോകജനതമുഴുവന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായാണ് നോക്കിക്കാണുന്നത്. കഴിഞ്ഞകൊല്ലം തായ് ലണ്ടിലെ താം ലുവാങ്ങ് ഗുഹയില്‍ അകപ്പെട്ട പതിമൂന്നോളം പേരെ 17 ദിവസത്തിനുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തിയ റസ്ക്യൂമിഷന്‍ അപ്രകാരമൊന്നായിരുന്നു. ലോകരാഷ്ട്രങ്ങളുടെ സഹായസഹകരണത്തോടെ നടത്തിയ ആ രക്ഷാപ്രവര്‍ത്തനത്തില്‍ ലോകജനതമുഴുവന്‍ ഒറ്റക്കെട്ടോടെ പ്രാര്‍ത്ഥിച്ചത് ഒരു കുഴപ്പവും കൂടാതെ ഗുഹയ്ക്കുള്ളില്‍ക്കുടുങ്ങിയവര്‍ രക്ഷപ്പെട്ട് പുറത്തെത്തണേ എന്നായിരുന്നു. അതീവ ദുഷ്ക്കരമായ ആ രക്ഷാപ്രവര്‍ത്തനത്തില്‍ ഒടുവില്‍ 17 ദിവസത്തിനുശേഷം ഗുഹയ്ക്കുള്ളില്‍ക്കുടുങ്ങിയ പതിമൂന്നുപേരെയും സുരക്ഷിതമായിപുറത്തെത്തിച്ചപ്പോള്‍ ലോകം മുഴുവന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിടുകയും കൈയടിക്കുകയും ചെയ്തു. ഈ സംഭവവത്തിനു സമാനമായ രീതിയില്‍ നടത്തിയ ഒരു രക്ഷാപ്രവര്‍ത്തനത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. ചിലിയിലെ കോപ്പിയാപ്പോ എന്ന ചെമ്പുഖനിയില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന്‍ ഭൂമിക്കടിയില്‍ 2300 ഓളം അടിത്താഴ്ചയില്‍ അകപ്പെട്ടുപോയ 33 മനുഷ്യരെ 69 ദിവസങ്ങള്‍ക്കുശേഷം ജീവനോടെ പുറത്തെത്തിച്ച അത്ഭുതകരവും ദുഷ്ക്കരവുമായ രക്ഷാപ്രവര്‍ത്തനം.
നിരവധി ഖനികളുള്ള രാജ്യങ്ങളിലൊന്നാണ് ചിലി. പ്രത്യേകിച്ചും ചെമ്പുഖനനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെമ്പ് ഉത്പ്പാദിപ്പിക്കുന്ന രാജ്യംകൂടിയാണ് ചിലി. ചിലിയിലെ മിക്ക ഖനികളും യാതൊരുവിധസുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതു. ചിലിയിലെ ഏറ്റവും വലിയ മൈനിംഗ് കമ്പനികളിലൊന്നാണ് സാന്‍ ഈസ്റ്റബന്‍ മൈനിംഗ് കമ്പനി. ഈ കമ്പനിയുടെ ഉടമസ്ഥതിയിലുള്ള ഒരു ഖനിയായിരുന്നു സാന്‍ ജോസ്. നോര്‍ത്തേന്‍ ചിലി്ലെ കോപ്പിയാപ്പോ ടൌണില്‍നിന്നു ഏകദേശം 45 കിലോമീറ്റര്‍മാറി അറ്റക്കാമാ മരുഭൂമിയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ ഖനിയില്‍ ഖനനം ചെയ്തിരുന്നത് ചെമ്പും സ്വര്‍ണ്ണവുമായിരുന്നു. സാന്‍ ഈസ്റ്റബന്‍ മൈനിംഗ് കമ്പനി തങ്ങളുടെ അധീനതയിലുള്ള ഖനികളില്‍പ്പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ പലപ്പോഴും അലംഭാവം കാണിക്കുകയും ശിക്ഷാനടപടികള്‍ക്കു വിധേയമാകുകയും ചെയ്തിട്ടുള്ള ഒരു കമ്പനികൂടിയായിരുന്നു. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുകയും ചില തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ ഖനികളില്‍ ധാരാളം തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ടായിരുന്നു. അതിനുള്ള പ്രധാനകാരണം മറ്റിടങ്ങളിലെ ഖനിത്തൊഴിലാളികളെ അപേക്ഷിച്ച് തെക്കന്‍ ചിലിയിലെ ചെമ്പുഖനനത്തൊഴിലാളികള്‍ക്കു ലഭിച്ചിരുന്ന ഉയര്‍ന്ന കൂലിയായിരുന്നു.
ഖനിയുടെ ഏകകവാടത്തില്‍നിന്നു വളഞ്ഞുപുളഞ്ഞു റാമ്പുകള്‍ പോലെയുള്ള പാതയില്‍ക്കൂടി 5 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഖനിയ്ക്കുള്ളിലെത്താനാകുക. ഏകദേശം 70 മീറ്ററില്‍ക്കൂടുതല്‍(2300 അടി) താഴ്ചയിലാണ് അപ്പോള്‍ ഖനനം നടന്നുകൊണ്ടിരുന്നത്. 2010 ആഗസ്റ്റ് 5 വ്യാഴാഴ്ച പതിവുപോലെ ഖനിത്തൊഴിലാളികള്‍ ഖനിയിലേയ്ക്കുപോകുവാന്‍ തയ്യാറായി എത്തി. ഖനിയിലേയ്ക്കു കടക്കുന്നതിനുമുന്നേ സൂപ്പര്‍വൈസറായിരുന്ന ലൂയിസ് ഉര്‍സാ ഖനിയ്ക്കുള്ളിലെ സ്ഥിതി അത്ര നന്നായി തോന്നുന്നില്ലെന്നും സുരക്ഷിതത്വം കൂട്ടണമെന്നും കമ്പനി വക്താവിനോട് പറഞ്ഞെങ്കിലും അയാള്‍ അതു ചെവിക്കൊള്ളാതെ നിങ്ങളുടെ ടീം പ്രൊഡക്ഷന്‍ ഇനിയും കൂട്ടണമെന്നുപറഞ്ഞ് ലൂയിസിനെ ഖനിയിലേയ്ക്കു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 32 ചിലിയന്‍ തൊഴിലാളികളും അന്നേ ദിവസം ജോയിന്‍ ചെയ്ത ഒരു ബൊളീവിയന്‍ തൊഴിലാളിയുമായി വാഹനം ഖനിയ്ക്കുള്ളിലേയ്ക്കു യാത്രയായി. ഖനിയ്ക്കുള്ളിലെത്തി ആ തൊഴിലാളികള്‍ ജോലിതുടങ്ങാന്‍ തയ്യാറാകുന്ന സമയത്താണ് എല്ലാവരേയും ഒരേപോലെ ഭയചകിതരാക്കിക്കൊണ്ട് ആ ദുരന്തമാരംഭിച്ചത്. ഖനിയുടെ ഉള്‍ഭാഗം തകര്‍ന്നുനിലം പൊത്താനാരംഭിച്ചു. ഖനിയ്ക്കുള്ളിലേയ്ക്കു തൊഴിലാളികളുമായി പ്രവേശിച്ചുകൊണ്ടിരുന്ന ഒരു വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ആദ്യം ഖനിയില്‍ പ്രവേശിച്ച 33 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങുകയും ചെയ്തു.മണ്ണിടിഞ്ഞും പാറകള്‍ അടര്‍ന്നുവീണും ഖനിയുടെ ഗുഹാമുഖം പൂര്‍ണ്ണമായുമടഞ്ഞു.
ഖനിയ്ക്കുള്ളിക്കുടുങ്ങിയ തൊഴിലാളികള്‍ സൂപ്പര്‍വൈസറായ ലൂയിസിന്റെ നിര്‍ദ്ദേശാനുസരണം ഖനിക്കുള്ളിലുണ്ടായിരുന്ന എമര്‍ജെന്‍സി ഷെല്‍റ്ററില്‍ ഒത്തുകൂടി. വെന്റിലേഷന്‍ ഷാഫ്റ്റില്‍ക്കൂടി വായൂ സഞ്ചാരമുണ്ടായിരുന്നെങ്കിലും അതില്‍ക്കൂടി രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ഒരു എമര്‍ജന്‍സി സിറ്റുവേഷന്‍ ഉണ്ടായാല്‍ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ ഉള്ള ഒരു രക്ഷാസംവിധാനവും ഖനി അധകൃതര്‍ കൈക്കൊണ്ടിട്ടില്ലായിരുന്നു. ആ എമര്‍ജെന്‍സി ഷെല്‍റ്ററില്‍ ഫസ്റ്റ് എയിഡിനുള്ള മരുന്നുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എട്ടോപത്തോ ടിന്‍ ആഹാരം മാത്രമാണവിടെയുണ്ടായിരുന്നത്.
അപകടം മനസ്സിലാക്കിയ ഉടന്‍ ഖനി അധകൃതര്‍ സ്വന്തം നിലയ്ക്ക് ഒരു രക്ഷാപ്രവര്‍ത്തനം നടത്തിനോക്കി. എന്നാല്‍ അതുകൊണ്ടു ഒരു ഫലവുമുണ്ടായില്ല. ഖനിക്കുള്ളില്‍ക്കുടുങ്ങിയവരുടെ ബന്ധുജനങ്ങളും മറ്റും വന്ന്‍ വലിയ ഒച്ചപ്പാടും ബഹളവുമൊക്കെയായതോടെ ചിലി ഗവണമെന്റ് പ്രശ്നത്തില്‍ ഇടപെട്ടു. വിദേശപര്യടനത്തിലായിരുന്ന ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറ പര്യടനം വെട്ടിച്ചുരുക്കി ചിലിയിലേയ്ക്കു മടങ്ങി. മൈനിംഗ് മിനിസ്റ്റര്‍ ആയിരുന്ന ലോറന്‍സ് ഗോള്‍ബോര്‍ണ്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിച്ചു. ഗവണമെന്റ് ഉടമസ്ഥതയിലുണ്ടായിരുന്ന കോഡെല്‍ക്കോ മൈനിംഗ് കമനിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെസ്ക്യൂ മിഷന്‍ ഏറ്റെടുത്തു. ഖനിക്കുള്ളില്‍ കുടുങ്ങിയിട്ടുള്ള തൊഴിലാളികളെ ബന്ധപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഖനിയിലേയ്ക്കുള്ള ഏകഗുഹാമാര്‍ഗ്ഗം പൂര്‍ണ്ണമായുമടഞ്ഞതിനാല ഖനിക്കുള്ളിലേയ്ക്ക് തുരങ്കമുണ്ടാക്കിച്ചെല്ലുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. തൊഴിലാളികള്‍ ജീവനൊടെ ഉണ്ടാകുമോ എന്ന ഉറപ്പില്ലായിരുന്നെങ്കിലും ഒരുവേള അവര്‍ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ എമര്‍ജെന്‍സി ഷെല്‍ട്ടറിനുള്ളിലായിരിക്കുമവരുണ്ടാകുകയെന്നു ധരിച്ച് ഡ്രില്ലിംഗ് ജോലികള്‍ 24 മണിക്കൂറും തുടര്‍ന്നുകൊണ്ടിരുന്നു.
<
എമര്‍ജെന്‍സി ഷെള്‍ട്ടറിലുണ്ടായിരുന്ന തൊഴിലാളികളുടെ നില തുലോം പരിതാപകരമായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലായ്മയും തങ്ങളെ രക്ഷപ്പെടുത്തുവാന്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്നുമറിയാതെ അവര്‍ ആകെ നിരാശരായി. എന്നാല്‍ ലൂയിസ് അവര്‍ക്കെല്ലാം ധൈര്യം പകര്‍ന്നുനല്‍കി. ഉള്ള ഭക്ഷണവും വെള്ളം വളരെ തുച്ഛമായ രീതിയില്‍ കൃത്യമായി എല്ലാവര്‍ക്കും വീതം വച്ചു ജീവന്‍ നിലനിറുത്തുവാനുള്ള മാര്‍ഗ്ഗം നോക്കിയ ലൂയിസ് സംഘാങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടുമിരുന്നു. ഡ്രില്ലിംഗിന്റെ ചെറിയ ശബ്ദം കാതുകളിലേക്കരിച്ചെത്തിയപ്പോള്‍ അവര്‍ ആഹ്ലാദത്തിമിര്‍പ്പിലായി. തങ്ങള്‍ താമസിയാതെ രക്ഷപ്പെടുമെന്നവര്‍ ഉറപ്പിച്ചു.
മൂന്നു ഡ്രില്ലിംഗ് ടീമുകള്‍ അഹോരാത്രം ഡ്രില്‍ ചെയ്തുകൊണ്ടിരുന്നു. ചിലിയന്‍ ഗവണ്മെന്റും അമേരിക്കന്‍ സ്പെസ് ഏജന്‍സിയായ നാസയും മറ്റു നിരവധി കോര്‍പ്പറേറ്റുകളും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ലോകജനതമുഴുവന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി കാത്തിരുന്നു. അപകടമുണ്ടായി കൃത്യം 17 ആം ദിവസം അതായത് ആഗസ്റ്റ് 22 നു ഡ്രില്ല് ചെയ്ത് എമര്‍ജന്‍സി ഷെല്‍റ്ററിലെത്തി. ഷെല്‍റ്ററിലുണ്ടായിരുന്ന തൊഴിലാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ അവശരായിരുന്നെങ്കിലും പ്രത്യാശയുടെ പുതുവെളിച്ചം കിട്ടിയ സന്തോഷത്തില്‍ ആര്‍ത്തുവിളിച്ചു. ഒരു പെയിന്റു ബോട്ടിലിലുണ്ടായിരുന്ന പെയിന്റ്കൊണ്ട് ഡ്രില്‍ ബിറ്റില്‍ പെയിന്റടിക്കുകയും ഒരു പേപ്പറില്‍ തങ്ങള്‍ മുപ്പത്തിമൂന്നുപേരും ജീവനോടെ കുഴപ്പമൊന്നുമില്ലാതെ ഇവിടെയുണ്ട് എന്ന കുറിപ്പെഴുതി വളരെ ഭദ്രമായി കെട്ടിവയ്ക്കുകയും ചെയ്തു. ഈ കുറിപ്പ് കിട്ടിയ റെസ്ക്യൂമിഷന്‍ തങ്ങളുടെ പ്രയത്നത്തിനു ഫലമുണ്ടായല്ലോ എന്ന സന്തോഷം കൊണ്ട് ആര്‍ത്തുവിളിച്ചു. പ്രസിഡന്റ് നേരിട്ട് ആ കുറിപ്പ് തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് മുന്നില്‍ ഉറക്കെ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ എല്ലാവരും സന്തോഷത്താല്‍ തുള്ളിച്ചാടി. ബോര്‍ഹോളിലൂടെ ഇറക്കിയ വീഡിയോ ക്യാമറയിലൂടെ ഷെല്‍ട്ടറിനകത്തുള്ള തൊഴിലാളികളുമായി കോണ്ടാക്ട് ചെയ്യാനും സ്ഥിതിഗതികള്‍ മനസ്സിലാക്കാനും സുരക്ഷാടീമിനായി.
ഭൂമിക്കടിയില്‍ 2800 ഓളം അടിതാഴ്ചയില്‍ക്കുടുങ്ങിക്കിടക്കുന്ന ഈ തൊഴിലാളികളെ എങ്ങനെ ഇനി പുറത്തെത്തിക്കും എന്നതായി അടുത്ത ശ്രമം. ബോര്‍ഹോളുകളുടെ വലിപ്പം കൂട്ടി അതില്‍ക്കൂടിമാത്രമേ തൊഴിലാളികളെ പുറത്തെത്തിക്കാനാകൂ എന്നു മനസ്സിലാക്കിയ അവര്‍ അതിനായി കൂടുതല്‍ ശക്തിയോടെ ഡ്രില്ലിംഗ് ആരംഭിച്ചു. അമേരിക്ക കാനഡ ഓസ്ട്രേലിയ ഫ്രാന്‍സ് തുടങ്ങി ലോകരാജ്യങ്ങളില്‍ പലരും രക്ഷാദൌത്യത്തില്‍ പങ്കാളികളായി. നൂതനമായ ടെക്നൊളജികളും ശക്തിയേറിയ ഡ്രില്ലിംഗ് മെഷീനുകളുമുപയോഗിച്ച് വലിപ്പമുള്ള ബോര്‍ഹോള്‍ നിര്‍മ്മാണം അനസ്യൂതം തുടര്‍ന്നു. നാസ പ്രത്യേകം ഡവലപ്പ് ചെയ്തെടുത്ത ക്യാപ്സൂള്‍ രൂപത്തിലുള്ള ഭക്ഷണം ബോര്‍ഹോളുകളിലൂടെ തൊഴിലാളികള്‍ക്കെത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. വസ്ത്രങ്ങളും മരുന്നുകളും എല്ലാം ലഭ്യമാക്കി. ഖനിക്കടിയിലെ ഉയര്‍ന്ന താപനിലയില്‍ പലര്‍ക്കും അലര്‍ജിയും ത്വക് രോഗങ്ങളും പിന്നെ ചെറിയ ചെറിയ പരുക്കുകളും ഒക്കെ ഉണ്ടായിരുന്നു.
തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കുവാന്‍ പ്രത്യേകം തയ്യാറാക്കിയ ഫീനിക്സ് എന്നു പേരിട്ട കവചിതഅറ ബോര്‍ഹോള്‍ വഴി താഴേയ്ക്കിറക്കി. ലോകരാജ്യങ്ങള്‍ മുഴുവന്‍ ഈ രക്ഷാപ്രവര്‍ത്തനത്തിലേയ്ക്കു കണ്ണുനട്ടു. ലോകമാകമാനമായി ഏകദേശം ഒരു ബില്യണോളം ആളുകളാണ് ഈ രക്ഷാപ്രവര്‍ത്തനം ടെലിവിഷനിലൂടെ നോക്കിക്കണ്ടുകൊണ്ടിരുന്നത്. 2010 ഒക്ടോബര്‍ 10 നു ചിലിയിലെ സമയം അര്‍ദ്ധരാത്രി 12.11 നു 2300 ഓളം അടിത്താഴ്ചയില്‍നിന്നു 69 ദിവസങ്ങള്‍ക്കുശേഷം ഫ്ലോറന്‍സ് അന്റോണിയോ സില്‍വ എന്ന തൊഴിലാളിയുമായി ഫീനിക്സ് ഉയര്‍ന്നുവന്നു സുരക്ഷിതമായി ഭൂമിതൊട്ടപ്പോള്‍ ചിലിയന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ബന്ധുജനങ്ങള്‍ക്കും ചിലിയന്‍ ജനതയ്ക്കുമൊപ്പം ലോകം മുഴുവന്‍ കൈയടിക്കുകയായിരുന്നു. ഖനിക്കുള്ളില്‍ക്കുടുങ്ങിയ ഓരോ തൊഴിലാളിയേയും സുരക്ഷിതമായി പുറത്തെത്തിച്ചുകൊണ്ടിരുന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത് അടുത്ത ദിവസം രാത്രി 9.55 ആയതോടെയായിരുന്നു. 33 ആമനായി പുറത്തെത്തിയത് സൂപ്പര്‍വൈസര്‍ ആയിരുന്ന ലൂയിസ് ഉര്‍സ ആയിരുന്നു. പുറത്തെത്തിയ 33 പേര്‍ക്കും പറയത്തക്ക ശാരീരിക അസ്വസ്ഥതകള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. അങ്ങനെ 69 ദിവസങ്ങള്‍ക്കുശേഷം ഖനിയ്ക്കുള്ളിക്കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളും സുരക്ഷിതരായി പുറംലോകത്തെത്തി. 20 മില്യണില്‍ക്കൂടുതല്‍ യു എസ് ഡോളര്‍ ചിലവു വന്ന ഈ രക്ഷാപ്രവര്‍ത്തനം ലോകത്തിലെ ഏറ്റവും അത്ഭുതകരമായ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നായാണ് വാഴ്ത്തപ്പെടുന്നത്
അതിശയകരമായ ഈ രക്ഷപ്പെടലിന്റെ വിവരണങ്ങള്‍ അടങ്ങിയ നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഡീപ് ഡൌണ്‍ ഡാര്‍ക്ക്, മിറക്കില്‍ ഇന്‍ ദ മൈന്‍ എന്നിവ അവയില്‍ച്ചിലതാണ്. പട്രീഷ്യ റിഗ്ഗെന്‍ സംവിധാനം ചെയ്ത് 2015 ആഗസ്റ്റില്‍ റിലീസ് ചെയ്ത് ദ തേര്‍ട്ടീ ത്രീ എന്ന ചിത്രം ഈ സംഭവത്തിന്റെ യഥാര്‍ത്ഥകാഴ്ച സമ്മാനിക്കുനന്‍ ഒന്നാണ്. ഖനിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മാന്‍സികസംഘര്‍ഷങ്ങള്‍, ദയനീയത, രക്ഷപ്പെടാന്‍ പോകുന്നുവെന്നറിയുമ്പോഴുള്ള സന്തോഷം, ബന്ധുജനങ്ങളുടെ ആകുലതകള്‍, ഒക്കെയും അതിശയകരമാംവിധം അടയാളപ്പെടുത്തുന്നുണ്ട് ഈ ചിത്രം.
ശ്രീ
മനുഷ്യരാല്‍ അസാധ്യമായത് ഒന്നുമില്ല എന്നൊരു പറച്ചിലുണ്ട്. എത്രതന്നെ സങ്കീര്‍ണ്ണമായതും അപകടകരമായതും ദുഷ്ക്കരമായതുമായ സംഭവമായിരുന്നാലും പലപ്പോഴും അവയെ അതിജീവിക്കുവാന്‍ മനുഷ്യനു സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം ..!
ReplyDeleteThis is my blog. Click here.
ReplyDeleteสูตรคาสิโนออนไลน์
This is my blog. Click here.
ReplyDeleteสูตรสล็อตออนไลน์ สายรอโบนัส