Sunday, June 30, 2019

ആവര്‍ത്തനങ്ങള്‍.

ആവര്‍ത്തനങ്ങള്‍...

കാറിന്റെ ഡോര്‍തുറന്ന്‍ വൃദ്ധനെ സാവധാനം പുറത്തിറക്കുന്ന യുവാവിനെ നോക്കിയിരിക്കവേ അയാളുടെ ഉള്ളിലൊരാളലുണ്ടായി. യുവാവിനെ സഹായിക്കുന്ന പെണ്‍കുട്ടി അവന്റെ ഭാര്യയായിരിക്കണം. വൃദ്ധന്‍ ആ ചെറുപ്പക്കാരന്റെ അച്ഛനായിരിക്കാനേ വഴിയുള്ളൂ. വൃദ്ധനേയുംകൂട്ടി അമ്പലത്തിനകത്തേയ്ക്ക് കയറിപ്പോകുന്ന യുവാവിനേയും യുവതിയേയും ഒരിക്കല്‍ക്കൂടി പാളിനോക്കിയിട്ട് അയാള്‍ തൂണിലേക്ക് തന്റെ ശരീരംചാരി.

ചുറ്റുമുള്ള കാഴ്ചകള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നതു എത്ര വലിയ വേദനയാണ് സമ്മാനിക്കുന്നത്. കാഴ്ചകള്‍ ഇരുതലമൂര്‍ച്ചയുള്ള കഠാരകള്‍ പോലെയാണ്. ഹൃദയത്തെ കുത്തിമുറിവേല്‍പ്പിക്കുന്ന കഠാര. അതുപോലെതന്നെയാണ് ഇന്നലെകളുടെ ഓര്‍മ്മകളും. ഒറ്റമകന്‍ മാത്രമാക്കാതെ ഒരു കുട്ടികൂടിയാവാമെന്ന്‍ പലരും പറഞ്ഞതാണ്. പല മക്കള്‍ക്കായി പങ്കുവച്ച് പകുത്തുപോകാനുള്ളല്ല തങ്ങളുടെ സ്നേഹമെന്നുറപ്പിച്ചതുകൊണ്ടാണ് അവനൊരു എതിരാളിവേണ്ട എന്ന തീരുമാനമെടുത്തത്. അവന്റെ വളര്‍ച്ചയില്‍ അഹങ്കരിക്കുകയായിരുന്നു. അനുഭവിച്ച മുഴുവന്‍ പ്രാരാബ്ദങ്ങളോടും പ്രതികാരം ചെയ്യുവാനെന്ന‍പോലെ മകനെ ലാളിച്ചു. അവനാഗ്രഹിക്കുന്നതെല്ലാം നല്‍കി. പും എന്ന നരകത്തില്‍നിന്നു തന്നെ ത്രാണനം ചെയ്യുകയും ഒടുവിലൊരുനാള്‍ നിശ്ചലം നീണ്ട് നിവര്‍ന്ന്‍ തെക്കോട്ട് തലവച്ച് കിടക്കവേ തലയ്ക്കലായിരുന്ന്‍ കരയുന്നവള്‍ക്ക് താങ്ങും തണലുമാകുകയും അഗ്നിയാല്‍ ദേഹശുദ്ധിവരുത്തി തന്റെ ശരീരത്തിന്റെ അവശേഷിപ്പിനെ സമുദ്രത്തിലൊഴുക്കി തനിക്ക് ശാശ്വത മോക്ഷം നല്‍കുമെന്നും കരുതി സ്വന്തം ജീവനില്‍ നിന്നുരുവായവനെയോര്‍ത്ത് ഒരുപാടഹങ്കരിച്ചു. എന്നിട്ടോ? അല്ലെങ്കിലും ആഗ്രഹങ്ങള്‍ എന്നത് അഹങ്കാരങ്ങള്‍ കൂടിയാണ്. വിധാതാവ് തനിക്കായ് കരുതിവച്ചിരിക്കുന്നത് കാത്തിരിക്കാതെ സ്വന്തമായി പലതും സ്വപ്നം കാണുകയും കൊതിക്കുകയും ചെയ്യുന്നവന്റെ അഹങ്കാരം.

തലയ്ക്കലായിരുന്ന്‍ കരയുമെന്ന്‍ കരുതിയവള്‍ തനിക്കുംമുന്നേ കടന്നുപോയപ്പോള്‍ ഒരു മരവിപ്പായിരുന്നു. വലിയവീട്ടില്‍ ഒറ്റപ്പെട്ടവനായുള്ളത് താന്‍ മാത്രമാണെന്ന്‍ പതിയെപ്പതിയെ ബോധ്യം വരികയായിരുന്നു. പ്രായമായവര്‍ക്ക് ഏറ്റവും പറ്റിയയിടം വൃദ്ധസദനമാണെന്ന സത്യം തിരിച്ചറിഞ്ഞ മകന്‍ തന്നെ ആ സൌധത്തില്‍ എത്തിക്കുവാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നുംതന്നെ തോന്നിയില്ല. അമിതമായി പലതും ആഗ്രഹിച്ചത് സ്വന്തം തെറ്റുമാത്രമാണെന്ന തിരിച്ചറിവ് മാത്രമുണ്ടായി. വളരെ വൈകിവന്ന ബോധോധയം. അച്ഛന്‍ ഉപയോഗിക്കേണ്ട വസ്ത്രങ്ങളും മറ്റുമൊക്കെ അടുക്കിപ്പെറുക്കിവച്ചിട്ട് സമാധാനമില്ലാത്തവനെപ്പോലെ കിടന്നുറങ്ങുന്ന മകനെ നോക്കിനില്‍ക്കുമ്പോള്‍ മനസ്സിനുള്ളിലെന്തായിരുന്നു?. അമ്മയുടെ മടിയില്‍ തലയുംവച്ച് തന്റെ മടിയില്‍കാലുംവച്ച് സോഫായില്‍ കിടന്നുകൊണ്ട് ഞാന്‍ വലുതാകുമ്പോള്‍ വല്യ കാറുമേടിച്ച് അച്ഛനേയും അമ്മയേയും കാറിക്കേറ്റിക്കൊണ്ട് ദൂരെ പോകാം എന്നവന്‍ കൊഞ്ചിപ്പറഞ്ഞത് ചെവിയ്ക്കുചുറ്റും നൃത്തം ചെയ്യുന്നതുപോലെ. തോല്‍സഞ്ചി ഒന്നുകൂടി ഒതുക്കിപ്പിടിച്ചുകൊണ്ട് ഗേറ്റുതുറന്ന്‍ പുറത്തിറങ്ങി നീട്ടിനടക്കവേ കാലുകള്‍ക്ക് ശക്തി കൂടുകയായിരുന്നു. ഒടുവില്‍ പലയിടങ്ങളിലേയും അലച്ചിലുകള്‍ക്കൊടുവിലാണീ അമ്പലനടയിലെത്തിയത്. തന്നെപ്പോലെ നിര്‍വധി മുഖങ്ങള്‍ കണ്ടതോടെ ഇനി യാത്രമതിയാക്കാമെന്നുറപ്പിച്ചു . ഇപ്പോള്‍ ഒറ്റയ്ക്കായിപ്പോയി എന്ന ചിന്ത അലട്ടുന്നതേയില്ല.

"അമ്മാവാ. അച്ഛനെ ഒന്നു നോക്കിക്കൊള്ളണേ. അപ്പുറത്ത് പോയി വഴിപാട് കഴിച്ചുവരട്ടേ"

മുന്നേകണ്ട യുവാവും യുവതിയും ചേര്‍ന്ന്‍ ആ വൃദ്ധനെ അടുത്തായി ഇരുത്തിയിട്ട് ചോദിച്ചപ്പോള്‍ ആണ് അയാള്‍ ചിന്താലോകത്തുനിന്നു മടങ്ങിവന്നത്. ആയിക്കോട്ടേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുമ്പോള്‍ അയാളുടെ മുഖത്ത് ഒരു വേദന വന്നുനിറഞ്ഞു.

"എന്റെ മരുമോനും മോളുമാ. എന്നോട് വല്യസ്നേഹാ. പണ്ടെപ്പോഴോ ഇവിടെ നേര്‍ച്ച നേര്‍ന്നിരുന്നു. അടുത്തകാലത്താ മോളത് ഓര്‍മ്മിച്ചേ. പിന്നെ വച്ചുതാമസിക്കാതെ ഇങ്ങുപോന്നു. ഒറ്റ മോളാണേ"

മറുവശത്തേയ്ക്ക് നടന്നുമറയുന്ന യുവാവിനേയും യുവതിയേയും നോക്കി ആ വൃദ്ധന്‍ സ്നേഹാതുരനായി പറയുന്നതുകേട്ടപ്പോള്‍ അയാള്‍ക്ക് മനസ്സില്‍ സങ്കടമാണ് തോന്നിയത്. വൃദ്ധജനങ്ങള്‍ എത്രമാത്രം നിഷ്ക്കളങ്കരാണ്. ഇനി ഒരിക്കലും മടങ്ങിവരാനിടയില്ലാത്ത മകളേയും മരുമകനേയും കുറിച്ച് വാതോരാതെ വൃദ്ധന്‍‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നപ്പോള്‍ കുറച്ചു കഴിഞ്ഞ് ആ വയസ്സന്റെ സങ്കടമെങ്ങിനെ മാറ്റിയെടുക്കാനാവുമെന്ന്‍ ചിന്തിച്ച് അയാള്‍ മനസ്സുകൊണ്ടൊന്നു തയ്യാറെടുക്കുകയായിരുന്നു.

സംഭവിക്കുന്നതെല്ലാം ആവര്‍ത്തനങ്ങള്‍ മാത്രമാണ്. മുമ്പ് നടന്നതിന്റെ ആവര്‍ത്തനങ്ങള്‍..................

ശ്രീക്കുട്ടന്‍

5 comments: