Tuesday, October 1, 2013

കുട്ടപ്പനും സാറാമ്മച്ചിയും

"എടാ കുട്ടപ്പായിയേ"....

തണുത്ത പുലരിയില്‍ കരിമ്പടത്തിനുള്ളില്‍ മനോഹരമായൊരു സ്വപ്നവും കണ്ട് ചുരുണ്ടുകൂടിയുറങ്ങുകയായിരുന്ന കുട്ടപ്പന്‍ ആ വിളിയൊച്ച കേട്ടു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. കണ്ണുതിരുമ്മിക്കൊണ്ട് അവന്‍ തന്റെ ടൈമ്പീസെടുത്തുനോക്കി. ഇല്ല സമയം അഞ്ചാകാന്‍ പോകുന്നതേയുള്ളു. ഈ തള്ളയെക്കൊണ്ട് വല്യ ശല്യമായല്ലോ. നേരാംവണ്ണമൊന്നുറങ്ങാന്‍ പോലും സമ്മതിക്കുകേലെന്നു വച്ചാ എന്തു ചെയ്യും. ഒരു ദിവസം താന്‍ തള്ളയുടെ കഥ കഴിക്കും.

"എടാ കുട്ടപ്പായിയേ. നീ അവിടെ എന്തെടുക്കുവാടാ ശവമേ. എത്ര നേരമായി വിളിക്കുന്നു".

"ദേ വരുന്നമ്മച്ചീ".

ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് കുട്ടപ്പന്‍ പായും പുതപ്പുമെല്ലാം ചുരുട്ടിവച്ച് സാറാമ്മച്ചിയുടെ റൂമിലേയ്ക്കോടി.

"എന്നതാ അമ്മച്ചി വേണ്ടത്".

"എടാ സമയമെത്രയായീന്ന്‍ വല്ല വിചാരോണ്ടോ നിനക്ക്. ഞാനിന്നലെ പറഞ്ഞിരുന്നതല്യോ നേരത്തെ എഴുന്നേക്കണമെന്നു. ആദ്യം ചെന്നാലല്ലേ നല്ല സാധനം കിട്ടൂ. സമയം കഴിയുന്തോറും ഈച്ച തിന്നതിന്റെ ബാക്കിയേ കിട്ടത്തൊള്ളൂ"

"ഇന്നലെ റൂമെല്ലാം വൃത്തിയാക്കി എല്ലാം അടുക്കിപ്പെറുക്കി വച്ചിട്ട് കെടന്നപ്പോ നേരമൊരുപാടായീ. അതാ താമസിച്ചേ"

"കൊണവതിയാരോം പറഞ്ഞോണ്ടു നിക്കാതെ ഒന്നു ചെല്ലടാ. ഉച്ചയാവുമ്പളേയ്ക്കും എല്ലാം റെഡിയാക്കണം"

തലകുലുക്കിക്കൊണ്ട് ഒരു തോര്‍ത്തെടുത്ത് തലവഴിമൂടിയിട്ട് കുട്ടപ്പന്‍ പുറത്തേയ്ക്കിറങ്ങി.

"വരുമ്പം ഒരു രണ്ടുകിലോ കപ്പകൂടി മേടിക്കാന്‍ മറക്കണ്ട. ആ കറിയേടേന്നു മേടിയ്ക്കണ്ട. അവനെപ്പോലെ തന്നെ അകം കറുത്തതാ അവന്റെ കപ്പേം".

"ശരിയമ്മച്ചി"

ചന്തയിലേയ്ക്കു നടക്കുമ്പോള്‍ കുട്ടപ്പന് അരിശം വരുന്നുണ്ടായിരുന്നു. ഈ കൊച്ചുവെളുപ്പാന്‍ കാലത്തേ തന്നെയിങ്ങിനെയോടിക്കേണ്ട വല്ല കാര്യവുമുണ്ടോ. തള്ളയുടെ പ്രാന്ത് എന്നല്ലാതെന്തു പറയാന്‍. മറ്റെങ്ങും പോകാനിടമില്ലാത്തതുകൊണ്ടും ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടും എന്തുമാകാമല്ലോ അവര്‍ക്കൊക്കെ. ചുമ്മാതാണോ മക്കളു തിരിഞ്ഞു നോക്കാത്തേ. ഒരു ദെവസി താന്‍ ശരിയാക്കുന്നൊണ്ട്. തണുപ്പുമൂലം പെരുത്തുകയറുന്ന കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ ആ തണുത്ത പ്രഭാതത്തില്‍ ഒരു മൂളിപ്പാട്ടും പാടി വേഗം നടന്നു. താമസിച്ചാലിനിയതു മതി കെളവിയുടെ സ്വഭാവം മാറുവാന്‍.

"അല്ല ആരിത് കുട്ടപ്പനോ. എവിടേയ്ക്കാടാ ഇത്ര രാവിലെതന്നെ".

കപ്പക്കച്ചവടക്കാരന്‍ കറിയയാണ്.

"ഓ കൊറച്ച് നല്ല ആട്ടെറച്ചി  മേടിക്കാനായി ചന്തവരെയൊന്നു പോണ്".

ഉദാസീ​നനായവന്‍ മറുപടി നല്‍കി.

"എന്തൂട്ടിന്നാടാ ആട്.  അവിടെ നല്ല മുറ്റ് താറാവും കോഴീമൊക്കെയുണ്ടല്ലോ. എന്താ വല്ല വിശേഷോണ്ടോ. അമ്മച്ചീടെ മോനും മോളും അവരുടെ മക്കളുമൊക്കെ വരുന്നുണ്ടോ ഇന്നു. കൊറേ വര്‍ഷമായല്ലോ അവരു വന്നിട്ട്."

"അതൊന്നുമെനിക്കറിയാമ്മേല. എന്നോടു എറച്ചി മേടിയ്ക്കാന്‍ പറഞ്ഞു. ഞാന്‍ പോന്നു. അത്ര തന്നെ"

"നീ മുഷിയാതെടാ കുട്ടപ്പാ. ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളു. നിന്റെ സമയം തന്നെ. ഇത്രേം വല്യ വീട്ടില് നീയും ആ തള്ളയും മാത്രം. നീ വല്ലോം അടിച്ചുമാറ്റാറുണ്ടോടാ"

"ദേ കറിയാച്ചാ വേണ്ടാതീനം പറഞ്ഞാലൊണ്ടല്ലോ. ഞാനങ്ങിനെ കക്കാനും മോട്ടിയ്ക്കാനുമൊന്നും നടക്കുന്നോനല്ല"

"അല്ല അതെനിക്കറിയാം. നീ ഒരു മണ്ടന്‍കൊണാപ്പി. എടാ ആ തള്ളേടെ കയ്യിമ്മേ പൂത്തകാശൊണ്ട്. മക്കളുവിളിച്ചാലൊന്നും അവരുടെ കൂടെ പോയി നിക്കാതെ ഈ സ്വത്തൊക്കെ കെട്ടിപ്പിടിച്ചോണ്ടിരിയ്ക്കുന്നതെന്നാത്തിനാ. അവരുടെകൂടെ പോയി നിന്നാ പിന്നെ ഇതേപോലെ നടക്കാന്‍ പറ്റോ. അല്ലെങ്കില്‍ ഈ എഴുപത്തഞ്ചാം വയസ്സിലും ഇങ്ങിനെ കയ്യേലും കഴുത്തേലുമെല്ലാം സ്വര്‍ണ്ണോമിട്ടോണ്ട് അണിഞ്ഞൊരുങ്ങി നടക്ക്വൊ തള്ളച്ചി. നീ ഒരു തഞ്ചത്തിലും തരത്തിലുമൊക്കെ നിന്നു കിട്ടുന്നതൊപ്പിച്ചോ. അതാ നെനക്കു നല്ലത്. ഞാമ്പറയാനുള്ളത് പറഞ്ഞു. ഇനി നിന്റെയിഷ്ടം"

കറിയാ അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു.

"ആരും നോക്കാനില്ലാതെ വിശന്നുകരഞ്ഞ് റോഡിമ്മെ നിന്ന എന്നെ വിളിച്ചുകൊണ്ട്പോയി വയറുനെറച്ച് ആഹാരോം തന്ന്‍ കെടക്കാനൊരെടോം തന്ന്‍ ഇത്രേമാക്കിയത് ആ അമ്മച്ചിയാ. അവരെ ദ്രോഹിക്കാന്‍ എനിക്ക് പറ്റൂല്ല. അച്ചായന്‍ വേറെ വല്ലോമൊണ്ടെങ്കിപ്പറ"

കറിയ ഒന്നും മിണ്ടാതെ നടന്നു. കുട്ടപ്പനും. ചന്തയില്‍ നിന്നും നല്ല ഫ്രെഷ് ആട്ടിറച്ചിയും മേടിച്ച് തിരിച്ച് വരുമ്പോള്‍ കുട്ടപ്പായി അമ്മിണിയേട്ടത്തിയുടെ വീട്ടില്‍കയറി. അവിടെ നിന്നും അപ്പോള്‍ പറമ്പില്‍ നിന്നും പറിച്ച് രണ്ടുകിലോ കപ്പയും മേടിച്ചു ഒരു മൂളിപ്പാട്ടും പാടി അവന്‍ വേഗം നടന്നു. നേരം നന്നായി വെളുത്തു കഴിഞ്ഞിരുന്നു.

"അമ്മച്ചിയേ ദേ പറഞ്ഞ സാധനം മുഴുവനും ഒണ്ട്. ഇനിയെന്നാ വേണം".

കുട്ടപ്പന്റെ വിളികേട്ട് സാറാമ്മച്ചി പുറത്തേയ്ക്കു വന്നു.

"അതുകൊണ്ട് അടുക്കളേ വയ്ക്കെടാ പിശാശേ. എന്നിട്ടുപോയി ആ നാണിയെ പെട്ടന്ന്‍ വരാന്‍ പറ. പന്ത്രണ്ടടിക്കുന്നതിനു മുന്നേ എല്ലാം തയ്യാറാക്കണം"

"അമ്മച്ചി. സത്യത്തീ എന്നതാ ഇന്നു വിശേഷം. ഞാനുംകൂടിയൊന്നറിയട്ടമ്മച്ചീ"

കുട്ടപ്പന്‍ തലേം ചൊറിഞ്ഞവിടെ നിന്നു.


"നീയെന്റെ കയ്യീന്ന്‍ മേടിയ്ക്കും. പോയേച്ചുവാടാ. അപ്പോഴേയ്ക്കും ഞാനൊന്നു പള്ളി വരെ പോയേച്ചും വരാം"

ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അമ്മച്ചി അകത്തേയ്ക്കുപോയി.

നാണിയും കുട്ടപ്പനും കൂടി ഉച്ചയാകുന്നതിനു മുമ്പേ തന്നെ അപ്പവും മട്ടന്‍ കറിയും മട്ടനൊലത്തിയതും കപ്പ പുഴുങ്ങിയതും എല്ലാം യുദ്ധകലാടിസ്ഥാനത്തില്‍ തയ്യാറാക്കി അമ്മച്ചിയെ കാത്തിരുന്നു.

"എന്നതാടാ കുട്ടപ്പാ ഇന്ന്‍ വിശേഷം".

"എനിക്കൊന്നുമറിയാമ്മേല നാണിയേച്ച്യേ. അമ്മച്ചിയുടെ ആരാണ്ട് വരണൊണ്ടെന്നാ തോന്നുന്നേ".

"ദേ അമ്മച്ചി വരുന്നെടാ".

തിടുക്കപ്പെട്ട് പറഞ്ഞിട്ട് നാണി എഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു.

"നീ പോയി കുളിച്ച് ഈ ഡ്രെസ്സിട്ടോണ്ടു പെട്ടന്ന്‍ വന്നേ".

വന്നപാടേ കയ്യിലിരുന്ന കവര്‍ കുട്ടപ്പനു നീരെ നീട്ടിയിട്ട് അമ്മച്ചി പറഞ്ഞു. ഒന്നും മനസ്സിലാകാതെ അവന്‍ ആ കവര്‍ മേടിച്ചോണ്ട് അകത്തേയ്ക്കു നടന്നു. കുളികഴിഞ്ഞു വന്ന കുട്ടപ്പന്‍ കണ്ടത് അമ്മച്ചിയും നാണിയും കൂടി മേശവിരിപ്പെല്ലാം നേരെയാക്കി ആഹാരസാധനമെല്ലാം ഒരുക്കിവച്ചിരിയ്ക്കുന്നതാണ്. അവന്‍ അത്ഭുതപ്പെട്ടത് മേശയുടെ മധ്യത്തിലായിരിക്കുന്ന വലിയ ഒരു കേക്കു കണ്ടിട്ടാണ്. അടുത്ത് തന്നെ ഒരുകൂട് മെഴുകുതിരിയും. ഇതെപ്പോഴാണു മേടിച്ചത്. താനറിഞ്ഞില്ലല്ലോ. ഇനി അമ്മച്ചിയുടെ പെറന്നാളായിരിക്കുമോ ഇന്ന്‍. ഇതേവരെ അമ്മച്ചി പെറന്നാള് കൂടുന്നത് താന്‍ കണ്ടിട്ടില്ലല്ലോ. ആകെ ചിന്താകുലനായി നിന്നെ അവനെ ചേര്‍ത്തുപിടിച്ചിട്ട് അമ്മച്ചി ആ മെഴുകുതിരിയില്‍ നിന്നുമൊരെണ്ണമെടുത്ത് കേക്കില്‍ കുത്തിനിര്‍ത്തിയിട്ട് അത് കത്തിക്കാനായി കുട്ടപ്പനോടു പറഞ്ഞു. ഒന്നും മനസ്സിലാകാതെ അവന്‍ ആ മെഴുകുതിരി കത്തിച്ചപ്പോള്‍ അമ്മച്ചി കൈകള്‍ നെഞ്ചോടുചേര്‍ത്ത് പിടിച്ചുകൊണ്ട് ഒരു നിമിഷം കണ്ണടച്ചുനിന്നു.

"ഹാപ്പി ബെര്‍ത്ത്ഡേ റ്റൂ യൂ...."

അമ്മച്ചി പറഞ്ഞത് കേട്ട് നാണിയും അതേറ്റു പറഞ്ഞു. ആ കേക്കില്‍ നിന്നും ഒരു കഷണം മുറിച്ച് മിഴിച്ചു നിന്ന കുട്ടപ്പനുനേരെ സ്നേഹവായ്പ്പോടെ അമ്മച്ചി നീട്ടി. ആ കേക്കു കഷണവും കയ്യില്‍ പിടിച്ച് കുട്ടപ്പന്‍ ഒരു നിമിഷം നിന്നു. നിറഞ്ഞ മിഴികള്‍ തുടച്ചുകൊണ്ട് അമ്മച്ചി നാണിയോടായി പറഞ്ഞു.

"നെനക്കറിയോ നാണീ. ഇന്ന്‍ എനിയ്ക്ക് ഇവന്‍ മാത്രമേയൊള്ളൂ. മോനും മോളുമൊക്കെയില്ലേന്നു ചോദിച്ചാ ഒണ്ട്. പക്ഷേ എന്തു ഫലം. എന്റെ മക്കള്‍ എന്നെ ഒന്നു വന്ന്‍ കണ്ടിട്ട് പതിനൊന്നു വര്‍ഷമായിരിയ്ക്കുന്നു. വല്ലപ്പോഴും ചെലപ്പോ വിളിച്ചാലായി. ഞാന്‍ ചത്തുമണ്ണടിഞ്ഞെങ്കില്‍ ആ മെനക്കെടുത്തുകൂടി ഒഴിവാകുമല്ലൊ എന്ന ചിന്ത മാത്രമാണവര്‍ക്ക്. അങ്ങര് ബുദ്ധിപൂര്‍വ്വം ആദ്യമേയങ്ങു പൊയ്ക്കളഞ്ഞു. കള്ളന്‍. പെറ്റുവളര്‍ത്തി വലുതാക്കിയ സ്വന്തം മക്കള്‍ക്ക് എന്നെ വേണ്ട. ഇവന്‍ എന്റെ കയ്യിലെത്തിയിട്ട് ഇന്നു കൃത്യം പത്തുകൊല്ലമായി. ഇന്നെവരെ എനിയ്ക്കു ഇങ്ങിനെ തോന്നിയില്ല. ഇപ്പോ കര്‍ത്താവ് തോന്നിപ്പിച്ചു. എനിയ്ക്കു അന്ത്യനേരത്ത് ഒരിറ്റുവെള്ളം തരാന്‍ ഇവനേയുണ്ടാവൂ".

തന്റെ കയ്യിലിരുന്ന കേക്ക് കഷണം കുട്ടപ്പന്‍ അമ്മച്ചിയുടെ വായിലേയ്ക്കു വച്ചുകൊടുത്തു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ അവന്റെ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

"എടാ ചെക്കാ എനിക്കു പഞ്ചാരേം മറ്റുമൊക്കൊയുള്ളതാ. നീ എന്നെ ഒടനെ തന്നെ പെട്ടീലാക്കുവോ".

പരിഭവത്തോടെ പറഞ്ഞു ചിരിച്ചുകൊണ്ട് അമ്മച്ചി ആ കേക്ക് കഷണം തിന്നിറക്കി. അവരുടെ കണ്ണുകളില്‍ നനവൂറിനിറഞ്ഞിരുന്നു.

"എന്റെ മക്കള് തിന്ന്‍"

കുട്ടപ്പനെ ചേര്‍ത്തുപിടിച്ച് അവനെ കസേരയിലിരുത്തി വിഭവങ്ങള്‍ ഒന്നൊന്നായി അമ്മച്ചി അവന്റെ പാത്രത്തിലേയ്ക്കു വിളമ്പി. നാണിയും അമ്മച്ചിയെ സഹായിച്ചു. കുട്ടപ്പന്റെ കണ്ണുകളില്‍ നിറഞ്ഞ നീര്‍മണികള്‍ അവന്റെ കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു. അന്നെവരെ അമ്മച്ചിയോടു തോന്നിയ ദേക്ഷ്യവും വെറുപ്പുമെല്ലാം ഒരു കുന്നോളം സ്നേഹമായി മാറുന്നതവനുള്ളിലറിയുന്നുണ്ടായിരുന്നു.


ശ്രീക്കുട്ടന്‍

Saturday, August 24, 2013

നെയ്യലുവയും കുഞ്ഞുപെങ്ങളും

ശിവന്‍ തന്റെ വാച്ചില്‍ സമയമെത്രയായി എന്നു നോക്കി. 2.40 കഴിഞ്ഞിരിക്കുന്നു. ഇനിയും ഒരര മണിക്കൂറെങ്കിലുമെടുക്കും കടയ്ക്കാവൂരെത്താന്‍. അവിടെ നിന്നും വീട്ടിലേയ്ക്കുള്ള യാത്രയാണ് ബുദ്ധിമുട്ട്. ഇത്ര വെളുപ്പാന്‍ കാലത്തേ ഏതു വണ്ടി കിട്ടാനാണ്. ഏതെങ്കിലും ഓട്ടോറിക്ഷയോ മറ്റോ കിട്ടണമെങ്കില്‍ നേരം വെളുക്കണം. അല്ലെങ്കില്‍ പിന്നെ നടത്തം തന്നെ ശരണം. ഏകദേശം നാലു കിലോമീറ്ററോളമുണ്ട് വീട്ടിലേയ്ക്കു. ഒരു കണക്കിനു നടക്കുന്നതു തന്നെയാണ് നല്ലത്. ശരീരത്തിനൊരു വ്യായാമവുമാകുമല്ലോ. മാത്രമല്ല പുലരിയുടെ നനുത്ത തണുപ്പുമേറ്റ് ഒരു സിഗററ്റും പുകച്ച് ഒറ്റയ്ക്കങ്ങനെ നടക്കുന്നത് എന്തു സുഖമുള്ള കാര്യമാണ്. വഴിയിലൊന്നും നശിച്ച പട്ടികള്‍ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു.
അവന്‍ കമ്പാര്‍ട്ട്മെന്റിലാകെയൊന്നു കണ്ണോടിച്ചു. കുറച്ചുപേരേയുള്ളു. മിക്കപേരും നല്ല ഉറക്കം. തൃശൂരില്‍ നിന്നും താന്‍ കയറുമ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. എറണാകുളമെത്തിയപ്പോഴാണ് ഒരിരിപ്പിടമൊത്തതു തന്നെ. അതുവരെ കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കള്‍ പുറകിലേയ്ക്കോടി മറയുന്ന ദൃശ്യങ്ങളും കണ്ടങ്ങനെ നിന്നു. ഒക്ടോബറില്‍ ഇത്രയ്ക്കു തണുപ്പോ. എത്ര സിഗററ്റുകള്‍ പുകച്ചു തള്ളിയെന്ന്‍ ഒരു നിശ്ചയവുമില്ല.

ഇടയ്ക്കെപ്പോഴോ ചെറുമഴത്തുള്ളികള്‍ മുഖത്തുപതിച്ചപ്പോഴാണ് അകത്തേയ്ക്കു വലിഞ്ഞത്. അമ്മയുടെ അസുഖം കുറവുണ്ടോ ആവോ. വീട്ടില്‍ വന്നുപോയിട്ട് മാസം ഒന്നുകഴിഞ്ഞു. അനുജത്തിയെ വിളിച്ചപ്പോള്‍ അമ്മയുടെ അസുഖത്തിന്റെ കാര്യം പറഞ്ഞതായിരുന്നു. ഒരാഴ്ചയായി നല്ല കൂടുതലാണത്രേ. താന്‍ വന്നിട്ടു വേണം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍. പക്ഷേ ചെയ്തുകൊണ്ടിരിക്കുന്ന ജോലി വളരെയേറെ അര്‍ജന്റായതുകൊണ്ട് പെട്ടന്നൊന്നു അവധിയെടുത്ത് വരുവാനും കഴിഞ്ഞില്ല. അഡ്വാന്‍സായി കുറച്ചു കാശ്കൂടിചോദിച്ചപ്പോള്‍ സൂപ്പര്‍വൈസറുടെ മുഖം കടന്നല്‍ കുത്തേറ്റതുപോലെ ഇരുളുന്നത് കണ്ട വിജയനാണ് 1000 രൂപ ആരില്‍നിന്നോ മേടിച്ചു തന്നത്. സൂപ്പര്‍വൈസറേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു രണ്ടുമാസം കൂടി പണിയെടുത്താലും തീരാത്തത്ര കടം ഇപ്പോള്‍ തന്നെ കൈപ്പറ്റിയിട്ടൊണ്ട്. തന്റെ അമ്മയുടെ ദീനത്തെപ്പറ്റിയും അനിയത്തിയുടെ പഠിപ്പിനെപ്പറ്റിയുമെല്ലാം അയാളറിയുന്നതെന്തിനു. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 വരെ അടിമകളെപ്പോലെ പണിയെടുക്കുവാന്‍ വിധിക്കപ്പെട്ട കൂലിപ്പണിക്കാരനെ അയാള്‍ സഹായിക്കുന്നതെന്തിനു. എന്നിട്ടും തന്റെ കരച്ചിലും മറ്റും കണ്ട് ഇത്രയെങ്കിലും ചെയ്തില്ലേ. അതു തന്നെ വലിയ കാര്യം.

"ചേട്ടാ ഒന്നു തീ തരുമോ"

തോളിലാരോ ചുരണ്ടിവിളിച്ചപ്പോഴാണ് ശിവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. ഒരു ചെറുപ്പക്കാരനാണ്. പത്തിരുപത് വയസ്സുവരും. കണ്ടിട്ട് വിദ്യാര്‍ത്ഥിയാണെന്നു തോന്നുന്നു. പോക്കറ്റില്‍ നിന്നും ലൈറ്ററെടുത്ത് അവനു നേരേ നീട്ടിയിട്ട് എരിഞ്ഞുതീരാറായ സിഗററ്റ് ശിവന്‍ ഒന്നുകൂടി ചുണ്ടോടു ചേര്‍ത്തു.

"ചേട്ടനെവിടേയ്ക്കാ"

ലൈറ്റര്‍ തിരികെ തന്നുകൊണ്ടവന്‍ ചോദിച്ചു.

"കടയ്ക്കാവൂര്‍"

ഉദാസീനനായി ശിവന്‍ മറുപടി പറഞ്ഞു.

"ഞാന്‍ തിരുവനന്തപുരത്തേയ്ക്കാ. ഇത്ര രാവിലെയാകുമ്പോള്‍ തിരക്കൊട്ടും കാണില്ല. അതുകൊണ്ടാ ഇതു പിടിച്ചത്. ചേട്ടനെവിടെനിന്നാ വരുന്നത്. ജോലിസ്ഥലത്തുനിന്നാണോ".

ശിവന്റെ നേരെ നോക്കി അവന്‍ വീണ്ടും ചോദിച്ചു.

"അതെ"

പറഞ്ഞിട്ടവന്‍ വാതിലിന്റെ ഓരത്തേയ്ക്കു കൂടുതല്‍ ചേര്‍ന്നു നിന്നു. വര്‍ക്കല സ്റ്റേഷനെത്താറായപ്പോള്‍ ട്രെയിനിന്റെ വേഗത കുറഞ്ഞു. വല്ലാത്ത കരച്ചിലോടെ വണ്ടി ഇഴഞ്ഞിഴഞ്ഞ് സ്റ്റേഷനോടടുത്തുകൊണ്ടിരുന്നു. ഈ സമയം നാലഞ്ചു ചെറുപ്പക്കാര്‍ അവര്‍ നിന്ന വാതിലിനെതിര്‍വശത്തുകൂടി പുറത്തേയ്ക്കു ചാടിയിറങ്ങി മറഞ്ഞു.

"ടിക്കറ്റെടുക്കാതെ വന്നവമ്മാരാ. ഇവനൊന്നും നാണമില്ലേ ഇങ്ങിനെ കള്ളവണ്ടി കേറാന്‍. ഒരു ദിവസം ടി.ടി.ആറിന്റെ കയ്യീപ്പെടുമ്പം മതിയായിക്കൊള്ളും ഈ സൂക്കേട്"

ചെറുപ്പക്കാരന്‍ അവജ്ഞയോടെ പറഞ്ഞുകൊണ്ട് സിഗററ്റ് ആഞ്ഞുവലിച്ചു. എന്തോ ശിവന് ആ ചെറുപ്പക്കാരനോടു ഒരിഷ്ടം തോന്നി.
ചൂളം വിളിച്ചുകൊണ്ട് ട്രെയിന്‍ തന്റെ സഞ്ചാരമാരംഭിച്ചപ്പോള്‍ ശിവന്‍ തന്റെ ഭാഗും മറ്റുമെടുത്ത് കയ്യില്‍ പിടിച്ച് വാതിലിനടുത്തേയ്ക്കു നീങ്ങിനിന്നു. അടുത്ത സ്റ്റേഷനില്‍ തനിക്കിറങ്ങണ്ടതാണ്.

"ചേട്ടനിറങ്ങണ്ട സ്ഥലമെത്താറായല്ലേ. പിന്നെ ഞാനൊരു കാര്യം ചോദിച്ചോട്ടെ".

തലയൊന്നു ചൊറിഞ്ഞുകൊണ്ട് ആ ചെറുപ്പക്കാരന്‍ ശിവന്റെ അടുത്തേയ്ക്കു നീങ്ങിനിന്നു.

"എന്തായാലും ചേട്ടന്‍ കടയ്ക്കാവൂരെറങ്ങും. ഈ വെളുപ്പാന്‍ കാലത്ത് അവിടെയാരുമുണ്ടാവില്ല. ചേട്ടന്റെ കയ്യിലുള്ള ടിക്കറ്റ് എനിക്കു തരുമോ. ഞാന്‍ തിരുവനന്തപുരത്തെത്തുമ്പൊ നേരം വെളുക്കും. ടിക്കറ്റെടുക്കാനൊത്തില്ല. ഒന്നും വിചാരിക്കരുത്"

തന്നോട് ഒച്ചതാഴ്ത്തി ചോദിക്കുന്ന ആ യുവാവിനെ ശിവന്‍ അവിശ്വസനീയതയോടെ ഒന്നു നോക്കി. ഒരു നിമിഷം എന്തോ ചിന്തിച്ചശേഷം പോക്കറ്റിലുണ്ടായിരുന്ന ടിക്കറ്റെടുത്ത് അവനുനേരെ നീട്ടുമ്പോള്‍ ശിവന്റെ ചുണ്ടിലൊരു പുഞ്ചിരി കളിയാടുന്നുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അവന്‍ ആ ടിക്കറ്റ് മേടിച്ചു തന്റെ പഴ്സില്‍ വച്ചശേഷം ഒരുസീറ്റില്‍ പോയിരുന്നു.

ട്രയിന്‍ ഒരു ഇരമ്പലോടെ സ്റ്റേഷനില്‍ നിന്നു. തന്റെ ബാഗുമായി പുറത്തിറങ്ങിയ ശിവന്‍ ചുറ്റുമൊന്നു നോക്കി. സ്റ്റേഷനില്‍ ഒരു കുഞ്ഞുപോലുമില്ല. ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ശിവന്‍ ഒരു മൂളിപ്പാട്ടും പാടി സ്റ്റേഷനു പുറത്തേയ്ക്കു നടന്നു. ആരോ തന്നെ വിളിച്ചതായി തോന്നിയപ്പോള്‍ ശിവന്‍ മെല്ലെ തിരിഞ്ഞുനോക്കി. തന്റെ നീരെ വരുന്ന കറുത്ത കോട്ടിട്ട രൂപത്തെ കണ്ട ശിവന്‍ ശരിക്കും ഞെട്ടി. ടി.ടി.ആര്‍.
തന്റെ മുമ്പില്‍ വന്നു നിന്നു ടിക്കറ്റ് ചോദിക്കുന്ന ടി.ടി.ആറിനെ ഒരു ഭീകരനെപ്പോലെ ശിവന്‍ സൂക്ഷിച്ചുനോക്കി. അകന്നകന്നു പോകുന്ന ട്രെയിനിന്റെ ഒച്ച. തലകുനിച്ച് ഒന്നും മിണ്ടാതെ നിന്ന അവനുനേരെ ഒരേസമയം നിരവധി ചോദ്യങ്ങള്‍ ചോദിച്ചു ടി.ടി.ആര്‍. താനെടുത്ത ടിക്കറ്റും കൊണ്ട് ഒരുവന്‍ പോയി എന്നു പറയുന്നതെങ്ങിനെ.

"ദിവസോം ഇതേപോലെ എത്രയെണ്ണത്തിനെ പിടിക്കുന്നതാണെന്നറിയാമോ. വെളുപ്പാന്‍ കാലത്തായതുകൊണ്ട് പിടിക്കില്ലെന്നു കരുതിയോ. ടിക്കറ്റെടുക്കാതെ പോവാന്‍ ഇതെന്താ സൌജന്യവണ്ടിയാണോ. മര്യാദക്കു ഫൈനടച്ചോ".

ടി.ടി.ആറിന്റെ ഓരോ വാക്കുകളും ഒരശരീരിപോലെ തോന്നി ശിവനു.
ടി.ടി.ആര്‍ എഴുതി നല്‍കിയ ഫൈനിന്റെ പേപ്പര്‍ മേടിച്ചു അതിലെഴുതിയിരുന്ന തുക ബാഹു തുറന്നു തുണികള്‍ക്കിടയില്‍ സൂക്ഷിച്ചുവച്ചിരുന്ന പഴ്സില്‍ നിന്നുമെടുത്ത് കൊടുക്കുമ്പോള്‍ ശിവന് തലയുയര്‍ത്തി അയാളെ നോക്കാന്‍ തന്നെ നാണം തോന്നി. മനസ്സില്‍ സ്വയം ശപിച്ചുകൊണ്ട് അവന്‍ ഇരുട്ടിലാണ്ടുകിടക്കുന്ന വിജനമായ റോഡിലൂടെ വീടു ലക്ഷ്യമാക്കി നടന്നു. നല്ല തണുപ്പ് തോന്നിയ ശിവന്‍ പോക്കറ്റില്‍ നിന്നും ഒരു സിഗറെറ്റെടുത്തു കൊളുത്തി. ഈ ദുശ്ശീലം നിര്‍ത്തണമെന്ന്‍ എത്ര നാളായി വിചാരിക്കുന്നു. പറ്റുന്നില്ല. പുകയൂതിപ്പറത്തിക്കൊണ്ട് തനിക്കേറ്റവും ഇഷ്ടമായ മൂളിപ്പാട്ടും പാടി ശിവന്‍ തന്റെ നടത്തത്തിന്റെ വേഗത കൂട്ടി. ഉണര്‍ന്നെണീക്കുന്ന ശാലു തന്നെക്കണ്ട് അത്ഭുതപ്പെടണം. അവള്‍ക്കേറ്റവുമിഷ്ടമുള്ള നെയ്യലുവ മറക്കാതെ താന്‍ വാങ്ങിയിട്ടുണ്ട്. കൊതിച്ചിപ്പാറു. ഒരു ചെറുചിരി തത്തിക്കളിക്കുന്ന ചുണ്ടുമായി ശിവന്‍ കാലുകള്‍ നീട്ടിവലിച്ചു നടന്നു.

എതോ ഒരു വണ്ടിയുടെ വെളിച്ചം ശരീരത്തിലടിച്ചപ്പോള്‍ ശിവന്‍ റോഡിന്റെ ഓരത്തായി ഒന്നൊതുങ്ങിനിന്നു. തന്റെ മുമ്പില്‍ ചവിട്ടിനിര്‍ത്തിയ വാഹനം ഒരു പോലീസ് ജീപ്പാണെന്നു കണ്ട അവന്‍ ഒന്നു ഞെട്ടി

"ആരാടാ നീ. എവിടുന്നാടാ ഈ സമയത്ത്".

ജീപ്പില്‍ നിന്നും ചാടിയിറങ്ങിയ പോലീസുകാരിലൊരാള്‍ അവനോടു ചോദിച്ചു.

"സാര്‍.. ഞാന്‍ ജോലി സ്ഥലത്തു നിന്നും വരുന്ന വഴിയാണു സാര്‍. അമ്മയ്ക്ക് നല്ല സുഖമില്ല‍. റെയില്‍ വേസ്റ്റേഷനില്‍ നിന്നും വണ്ടിയൊന്നും കിട്ടാത്തതുകൊണ്ട് നടക്കുവായിരുന്നു"

ആവുന്നത്ര ഭവ്യതയോടെ ശിവന്‍ പറഞ്ഞു. ഈ സമയം ഒരു പോലീസുകാരന്‍ അവന്റെ ബാഗില്‍ ലാത്തികൊണ്ടൊന്നു തട്ടിയിട്ട് അത് താഴെ വയ്ക്കാനായി ആംഗ്യം കാട്ടി.

"എന്താടാ ഇതില്. വല്ലതും മോട്ടിച്ചോണ്ടു വന്നതാണോ"

"അതിലിന്റെ ജോലിഡ്രെസ്സും മറ്റുമൊക്കെയാണു സാര്‍"

"തൊറക്കെടാ"

ശിവന്‍ പതിയെ തന്റെ ബാഗ് തുറന്ന്‍ പോലീസുകാരെ കാണിച്ചു.
പോലീസുകാരന്‍ ലാത്തിവച്ച് തുണികളും മറ്റുമെല്ലാം ചികഞ്ഞുനോക്കി.

"എന്താടാ ഈ പൊതി.കഞ്ചാവോ മറ്റോ ആണോ".

അനുജത്തിക്കുവേണ്ടി വേടിച്ച അലുവാപ്പൊതിയില്‍ ലാത്തികൊണ്ട് കുത്തിയിട്ട് പോലീസുകാരന്‍ അവനെ നോക്കി പൊതി തുറന്നുകാണിക്കാനാവശ്യപ്പെട്ടു. പൊതിതുറന്നപ്പോള്‍ അതിനുള്ളില്‍ അലുവ കണ്ട അയാള്‍ ആ പൊതി അതേപോലെയെടുത്ത് ജീപ്പിനുള്ളില്‍ വച്ചു. എവിടെപ്പോവേണ്ടതാണെന്നും മറ്റും ചോദിച്ചിട്ട് പോലീസുകാരന്‍ അവനോടു ജീപ്പില്‍ കയറാന്‍ പറഞ്ഞു. ഒന്നും മിണ്ടാതെ ഭയന്നുവിറച്ച് ബാഗുമായി ശിവന്‍ പുറകിലെ സീറ്റില്‍ കയറിയിരുന്നു.

"ജോലിയൊക്കെ കഴിഞ്ഞുവരുവല്ലേ.കയ്യിലു നല്ല കാശൊണ്ടായിരിക്കുമല്ലോടാ".

പുറകിലേയ്ക്കു നോക്കി പോലീസുകാരന്‍ ഒരു വിടലച്ചിരി ചിരിച്ചുകൊണ്ട് അവനോടു ചോദിച്ചു. ശിവന്‍ തന്റെ കൈകൊണ്ട് ഷര്‍ട്ടിന്റെ പോക്കറ്റിനെയൊന്നു മുറുകെ ഭദ്രമായി കൂട്ടിപ്പിടിച്ചു. വണ്ടി നിന്നപ്പോള്‍ അവന്‍ പുറത്തേയ്ക്കു നോക്കി. മണനാക്കെത്തിയിരിക്കുന്നു.

"വാടാ. എന്തായാലും ഒരു ചായ കുടിയ്ക്കാം"

പുറത്തിറങ്ങിയ പൊലീസുകാരന്‍ ശിവനെ വിളിച്ചു. ആ തണുപ്പില്‍ ചൂടു ചായ ഉള്ളിലേയ്ക്കു ചെന്നപ്പോള്‍ ശിവനു അല്‍പ്പം സുഖം തോന്നി. ചായയെല്ലാം കുടിച്ചു പൊലീസുകാര്‍ ഒരു പായ്ക്കറ്റ് വില്‍സ് സിഗററ്റ് മേടിച്ചു പൊട്ടിച്ച് ഓരോന്നു കൊളുത്തിയശേഷം പെട്ടന്നു വീട്ടീ പൊയ്ക്കോയെന്നു പറഞ്ഞിട്ട് ജീപ്പെടുത്തുപാഞ്ഞുപോയപ്പോള്‍ ശിവന്‍ ഒന്നും മിണ്ടിയില്ല. കടയിലെ കാശുമുഴുവന്‍ കൊടുത്ത് ശിവന്‍ വീട്ടിലേയ്ക്കു വേഗം നടന്നു.
മഞ്ഞുപുതഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ നടന്ന്‍ വീട്ടിലെത്തിയ ശിവന്‍ ദാരിദ്ര്യത്തിന്റെ പ്രതീകം പോലെ ഇരുളുപൂണ്ടുകിടക്കുന്ന തന്റെ വീട്ടിന്റെ ഇറയത്ത് ഒരു നിമിഷം നിന്നു.അമ്മയും അനുജത്തിയും ഉണര്‍ന്നിട്ടില്ല. അവന്‍ വാതിക്കല്‍ മെല്ലെ മൂന്നാലവര്‍ത്തിമുട്ടി.

"അമ്മേ..അമ്മേ..മോളേ ശാലൂ"

"ആരാ അത്. മോനാണോടാ"

ഒരു കടുത്ത ചുമയോടെ കേട്ട ശബ്ദം തന്റെ അമ്മയുടേതാണെന്നു തിരിച്ചറിഞ്ഞ ശിവന്‍ ഞാനാണമ്മേ ശിവന്‍ എന്നു ഉറക്കെ മറുപടി പറഞ്ഞു. അല്‍പ്പസമയത്തിനകം അകത്ത് ചിമ്മിനിവിളക്കിന്റെ വെട്ടം കാണുകയും ശാലു വന്നു വാതില്‍ തുറക്കുകയും ചെയ്തു. മുന്നില്‍ നില്‍ക്കുന്ന ചേട്ടനെക്കണ്ടപ്പോള്‍ ഉറക്കച്ചടവാര്‍ന്ന അവളുടെ മുഖം സന്തോഷം നിറഞ്നു വികസിച്ചു. തന്റെ അനുജത്തിയുടെ ശിരസ്സില്‍ അരുമയായി തലോടിയിട്ട് ശിവന്‍ ബാഗുമായി അകത്തെയ്ക്കു കയറി മൂടിപ്പുതച്ചുകിടക്കുന്ന തന്റെ അമ്മയുടെ അടുത്തേയ്ക്കു ചെന്നു അവരുടെ നെറ്റിയില്‍ കൈവച്ചുനോക്കി. നല്ല ചൂടുണ്ട്. പനി മാറിയിട്ടില്ലാനു തോന്നുന്നു. അസുഖം അമ്മയെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. നേരം വെളുത്തയുടനേ ആശുപത്രിയില്‍ കൊണ്ടു പോകണം. തന്റെ ബാഗു തുറന്ന്‍ അതിനുള്ളില്‍ പരതിനോക്കിയിട്ട് ഒന്നും മിണ്ടാതെ നിരാശ നിറഞ്ഞ മുഖത്തോടെ ചായപ്പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പില്‍ വച്ച് കത്തിയ്ക്കുന്ന തന്റെ അനുജത്തിയെ നോക്കിയപ്പോള്‍ ശിവനു കടുത്ത സങ്കടം തോന്നി. അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ട് വരുമ്പോള്‍ അവള്‍ക്ക് കൊതിതീരെതിന്നുവാന്‍ നെയ്യലുവ മേടിച്ചുകൊണ്ടു വരണമെന്നു മനസ്സിലുറപ്പിച്ചു ശിവന്‍ തന്റെ ഷര്‍ട്ടൂരി അയയില്‍ തൂക്കി.

ശ്രീ​ക്കുട്ടന്‍