Tuesday, October 8, 2013

കൊടിയ പാപി

വീഴാതിരിക്കാനായി ഹര്‍ഷന്‍ മണ്‍ഭിത്തിയില്‍ തന്റെശരീരം താങ്ങിനിറു‍ത്തിയിട്ട് അഴിഞ്ഞുതുടങ്ങിയ ലുങ്കി ഉടുക്കുവാന്‍ ശ്രമിച്ചു. പലപ്രാവശ്യവും അതിനായി ശ്രമിച്ചു പരാജയപ്പെട്ട അവന്‍ ലുങ്കി തന്റെ കൈകൊണ്ട് വാരിപ്പിടിച്ചുകൊണ്ട് ആടിയാടി ഇടവഴിയിലൂടെ നടന്നു വീട്ടിന്റെ മുറ്റത്തേയ്ക്ക് കയറി. ഒരുപ്രാവശ്യം വീഴുവാനായി മുന്നോട്ടാഞ്ഞ അവന്‍ ശ്രമപ്പെട്ട് മുറ്റത്തുനിന്ന നെല്ലിമരത്തില്‍ പിടിച്ചപ്പോള്‍ ലുങ്കി പൂര്‍ണ്ണമായും അഴിഞ്ഞു തറയില്‍വീണു. കുറച്ചേറെനേരത്തെ ശ്രമഫലമായി ആ ലുങ്കി തപ്പിയെടുത്തു വീണ്ടുമരയില്‍ ചുറ്റിക്കൊണ്ടവന്‍ ഇറയത്തേയ്ക്കു കയറി. കത്തിയെരിയുന്ന ഉച്ചവെയിലും സിരകളെ ആവാഹിച്ചിരിക്കുന്ന ലഹരിയും ഒക്കെക്കൂടിയായപ്പോള്‍ പരിസരബോധം നഷ്ടപ്പെട്ടതുപോലെ അവന്‍ കണ്ണുകള്‍ മിഴിച്ച് എല്ലായിടവും ഒന്നു സൂക്ഷിച്ചുനോക്കി. കാഴ്ചകള്‍ കൃത്യമായി തെളിയുന്നില്ല. പുറത്തെങ്ങും ആരെയും കാണാഞ്ഞപ്പോള്‍ അവനു ചെറിയ സന്തോഷം തോന്നി. നാശം പിടിച്ച തള്ളയുടെ ചീത്തവിളി കേള്‍ക്കണ്ടല്ലോ. കാഴ്ചകള്‍ ആകെ മങ്ങിപ്പോകുന്നതുപോലെ. ബദ്ധപ്പെട്ട് കണ്‍പോളകള്‍ തുറന്നുപിടിച്ചവന്‍ വേച്ചുവേച്ച് തന്റെ മുറിയിലേക്കു കയറി. വിയര്‍ത്തു നാറിയ ഷര്‍ട്ടൂരി അയയില്‍ എറിഞ്ഞിട്ട് കട്ടിലിലേയ്ക്ക് മറിയാന്‍ ആഞ്ഞ അവന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു. നേരെനില്‍ക്കാത്ത ശരീരത്തിന്റെ ഭാരം കട്ടിളപ്പടിയില്‍ ചാരിക്കൊണ്ടവന്‍ തന്റെ കട്ടിലിലേയ്ക്ക് തുറിച്ചുനോക്കി.

ലഹരി നുരഞ്ഞൊഴുകിക്കൊണ്ടിരുന്ന ഹര്‍ഷന് ആ കാഴ്ച വിശ്വസിക്കാനായില്ല. തന്റെ കിടക്കയില്‍ ആരോ ഒരു സ്ത്രീ കിടക്കുന്നുണ്ട്. ഒരു വശംചരിഞ്ഞ് മുഖം തലയിണയിലേക്ക് പൂഴ്ത്തിയുറങ്ങുകയാണ്. ഉടുത്തിരുന്ന വസ്ത്രം സ്ഥാനംമാറിക്കിടക്കുന്നതുമൂലം കാലുകളുടെ പകുതിയോളം പുറമേ കാണാമായിരുന്നു. ആ വെളുത്തുകൊഴുത്ത കാലുകളിലേക്കു നോക്കിയപ്പോള്‍ ശരീരത്തില്‍ മറ്റൊരു ലഹരികൂടി വ്യാപിക്കുന്നതായനുഭവപ്പെട്ട അവന്‍ നിയന്ത്രണം നഷ്ടപ്പെട്ട മനസ്സിനെ കയറൂരിവിട്ടുകൊണ്ട് പുറത്തേയ്ക്കൊന്നു ദൃഷ്ടി പായിച്ചു. ശേഷം ‍ ഉമിനീരിറക്കിക്കൊണ്ട് ആ രൂപത്തെ ഒന്നുകൂടി നോക്കി. തലയിണയില്‍ പൂഴ്ത്തിയിരിക്കുന്ന മുഖത്തിന്റെ ബാക്കി മറഞ്ഞുകിടക്കുന്ന ദാവണി അവനു മാറ്റുവാന്‍ തോന്നിയില്ല. നിയന്ത്രണം നഷ്ടപ്പെട്ട ചിന്തകള്‍ക്കും ബോധത്തിനും ആ രൂപത്തെ മനസ്സിലാക്കുവാന്‍ കഴിയുന്നുമില്ല. അല്ലെങ്കിലും അവന്റെ കണ്ണുകള്‍ ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലല്ലോ. പക്ഷേ അവന്റെ ശരീരത്തിനു ആ രൂപം എളുപ്പം മനസ്സിലായി. ശരീരമുഴുപ്പുകള്‍ വെളിപ്പെടുത്തിക്കൊണ്ടുകിടക്കുന്ന ആ രൂപമവനെ ഭ്രാന്തു പിടിപ്പിച്ചു. അവന്‍ ആ രൂപത്തിനു മീതേ തന്റെ ശരീരമമര്‍ത്തി. പിടഞ്ഞെഴുന്നേറ്റ് തന്നോട് എതിരിടാനൊരുങ്ങുന്ന കൈകളെ അവന്‍ തന്റെ ബലിഷ്ടമായ കൈകളാലമര്‍‍ത്തിപ്പിടിച്ചുകൊണ്ട് ദാവണിയാല്‍ മൂടിയ അവളുടെ മുഖത്തിനുനേരെ തന്റെ മുഖം പൂഴ്ത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ എതിര്‍പ്പുകളെല്ലാം തണുക്കുന്നതും രണ്ടുജോഡി കൈകള് തന്നെ വലയം ചെയ്യുന്നതും അവന്‍ അവ്യക്താമയൊരാനന്ദാനുഭൂതിയില്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി അറിഞ്ഞ ഒരു അനുഭവത്തിന്റെ തീഷ്ണതയില്‍ മറ്റെല്ലാം മറന്നവന്‍ ആടിത്തിമര്‍ത്തു.

"എഴുന്നേറ്റുകുളിയ്ക്കെടാ നാറീ. കണ്ട കള്ളും ചാരായോം മോന്തീട്ടു വന്നു കെടന്നൊറങ്ങണ്. വീട്ടെച്ചെലവിനു വല്ലോം തരണോന്നൊണ്ടാന്ന്‍ നോക്കിയേ. കുടിച്ചു മുണ്ടും കോണാനുമില്ലാതെ കെടന്നൊറങ്ങാന്‍ തക്ക പ്രായം തന്നെ. അതെങ്ങനെ ആ തന്തേടയല്ലേ മോന്‍.എങ്ങിനെ നന്നാവാനാ?"‍

തള്ളയുടെ ഉച്ചത്തിലുള്ള വര്‍ത്തമാനവും ചീത്ത വിളികളും കേട്ടാണ് ഹര്‍ഷന്‍ കണ്ണുതുറന്നത്. ആ കിടപ്പില്‍ത്തന്നെ കുറച്ചുനേരംകൂടി അവന്‍ കിടന്നു. സമയം സന്ധ്യകഴിഞ്ഞിരിക്കണം. അഴിഞ്ഞുപോയ കൈലി ശരീരത്തില്‍ മൂടിയിട്ടിരിക്കുകയാണ്. തള്ളയുടെ വേലയായിരിക്കും. കട്ടിലില്‍നിന്നെഴുന്നേറ്റ അവന്‍ കൈലിയെടുത്ത് അരയില്‍ ചുറ്റിയിട്ട് തലയിണയെടുത്ത് ചുമരില്‍ ചാരിവച്ച് അതിലേക്ക് ശരീരം ചേര്‍ത്തു. മേശപ്പുറത്തുനിന്നൊരു ബീഡിയെടുത്ത് ജന്നലിലിരുന്ന തീപ്പെട്ടി കൈയെത്തിയെടുത്ത് ബീഡികത്തിച്ചു പുകയുള്ളിലേക്കു വലിച്ചെടുത്തു. തലയ്ക്ക് കടുത്തഭാരംപോലെ. തലയുയര്‍ത്താനാകുന്നില്ല. പുകയൂതിപ്പറത്തിക്കൊണ്ടിരിക്കവേ പെട്ടന്നവന്റെയള്ളില്‍ ഉച്ചക്ക് സംഭവിച്ച കാര്യങ്ങള്‍ ചെറുതായി തെളിഞ്ഞുവന്നു. സംഭവിച്ചതെന്താണെന്ന് വ്യക്തമായോര്‍മ്മിച്ചെടുക്കുവാന്‍ കഴിയാതെ അവന്റെ ഉള്ളം കുഴങ്ങി. ആരായിരുന്നത്? കട്ടിലില്‍ നിന്നെഴുന്നേറ്റ അവന്‍ നെറ്റിയില്‍ ശക്തിയായി അമര്‍ത്തിപ്പിടിച്ചു. തലയാകെ പൊട്ടിപ്പിളരുന്നതുപോലെ. ഒന്നു കുളിച്ചാല്‍ ശരിയാവുമെന്ന്‍ ചിന്തിച്ച ഹര്‍ഷന്‍ തോര്‍ത്തുമെടുത്തു കിണറ്റിന്‍കരയിലേയ്ക്കു നടന്നു. തലവഴി തണുത്തവെള്ളം പലവട്ടം കോരിയൊഴിക്കുമ്പോഴും പകലത്തെ കാര്യമോര്‍ത്ത് അവന്റെ ഉള്ളം ചൂടുപിടിച്ചുകൊണ്ടിരുന്നു. ഒരു സ്വപ്നംപോലെ അവനെല്ലാം തോന്നി. ഈ നശിച്ച കള്ളുകുടിമൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇനിമുതല്‍ ഇതിനൊരു നിയന്ത്രണം വരുത്തിയേ മതിയാവൂ. തല തുവര്‍ത്തി വന്ന അവന്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന്‍ ചീര്‍പ്പെടുത്ത് തലകോതി.

"ഡാ നിനക്ക് കട്ടന്‍ ചായവേണോ?"

അടുക്കളവാതിലില്‍നിന്നു തല പുറത്തേയ്ക്കിട്ടുകൊണ്ട് വിജയ ഹര്‍ഷനോട് വിളിച്ചു ചോദിച്ചു.

"വേണ്ട ചേച്ചീ"

കണ്ണാടിയില്‍നിന്നു മുഖംമാറ്റാതെ ഹര്‍ഷന്‍ മറുപടി പറഞ്ഞു.

"ഹൊ..കട്ടന്‍ചായ കുടിക്കണ പൊന്നുമോന്‍. ഇച്ചിരി ചാരായം ഒണ്ടെങ്കില്‍ ഒഴിച്ചുകൊടടി. അവനതല്ലേ കുടിക്കൂ"

അവജ്ഞയോടെ പറയുന്ന അമ്മയെ ഒന്നു തറപ്പിച്ചുനോക്കിയിട്ട് അവന്‍ ഷര്‍ട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി.

"കഴ്വേറീടമോന്‍ വീണ്ടും പോവേണ്. സമയം സന്ധ്യകഴിഞ്ഞു. പകലു മോന്തിയതു പോരായിരിക്കും. കുടിച്ചു കുന്തം മറിഞ്ഞിങ്ങു വന്നേക്ക് നീ. നെനക്കു ഞാന്‍ ചോറു കൊഴച്ചു വച്ചേക്കാം. നീയൊന്നും ഒരു കാലത്തും കൊണം പിടിയ്ക്കുകേലടാ"

തന്റെ പുറകില്‍ കേള്‍ക്കുന്ന ശാപവചനങ്ങള്‍ ശ്രദ്ധിക്കാതെ അവന്‍ കവലയിലേയ്ക്കു നടന്നു.

ആ നടത്തത്തിനിടയിലും അവനെ ചൂഴ്ന്നുനിന്നത് പകല്‍നടന്ന കാര്യങ്ങളായിരുന്നു. അമ്മയോ വല്യേച്ചിയോ ഒന്നുമറിയാതിരുന്നതെത്ര നന്നായി. ആരായിരിക്കുമവള്‍? സുമതിവല്യമ്മേടെ മോളായിരിക്കുമോ?. അവളല്ലേലും ഇടയ്ക്ക് ചില കണ്ണും കലാശവുമൊക്കെ കാട്ടാറുണ്ട്. എന്നാലും പകല്‍ അവളെന്തിനായിരിക്കും തന്റെ മുറിയില്‍ വന്നുകിടന്നിട്ടുണ്ടാവുക?. ഇനി നാണിചേച്ചിയായിരിക്കുമോ?. അവര്‍ ഇടക്ക് വീട്ടില്‍ വരാറുണ്ടെങ്കിലും തന്റെ മുറിയില്‍ക്കയറി കട്ടിലില്‍ കിടന്നുറങ്ങുമോ?. ആലോചിച്ചു ഭ്രാന്തെടുത്ത അവന്‍ മെല്ലെ കുട്ടപ്പന്റെ ഷാപ്പിലേയ്ക്കു നടന്നു. ഒരു കുപ്പി നാടനടിച്ചിട്ടും അവന്റെ വെപ്രാളമവസാനിച്ചില്ല. കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി കായല്‍ക്കരയിലേയ്ക്കു നടന്നു കുറേയേറെസമയം അവിടെ ആകാശവും നോക്കിക്കിടന്ന അവന്‍ പാതിരാവാവാറായപ്പോഴാണ് വീട്ടിലേയ്ക്കു തിരിച്ചു നടന്നത്. ഇരുള്‍മൂടിക്കിടക്കുന്ന വീട്ടിലെത്തിയപ്പോള്‍ ലൈറ്റിടാതെ അവന്‍ തീക്കൊള്ളിയുരച്ചുകൊണ്ട് തന്റെ മുറിയിലേക്കു കയറി. ഭാഗ്യം തള്ളയും ചേച്ചിയുമൊക്കെ നല്ല ഉറക്കമാണ്. ഒച്ചയുണ്ടാക്കാതെ അവന്‍ ഷര്‍ട്ടൂരി അയയിലിട്ടിട്ട് കതകുചാരിയശേഷം മെല്ലെ കട്ടിലില്‍ക്കിടന്നു. പകല്‍ കുറേയേറെ ഉറങ്ങിയതുകൊണ്ട് ഉറക്കം വരാതെ അവന്‍ തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥതപ്പെട്ടുകൊണ്ടിരുന്നു.  കണ്ണുമടച്ച് ഉറങ്ങാനുള്ള ശ്രമം പലവട്ടം നടത്തിയെങ്കിലും എന്തോ ഒന്നവന്റെ മനസ്സിനെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു. ഉറക്കത്തിന്റെ കരങ്ങള്‍ ഏതോ ഒരു സമയത്തവനെ അനുഗ്രഹിച്ചപ്പോള്‍ അവന്‍ പെട്ടന്നൊന്നു ഞെട്ടി. തന്റെ ശരീരത്തില്‍ ഒരു കൈ ഇഴയുന്നതുപോലെ. ശബ്ദം പുറത്തുവരാനാവാത്തവിധം അവന്‍ പരിഭ്രമിച്ചുപോയിരുന്നു. ആ കൈകള്‍ അവന്റെ മാറിലാകെ പരതിനടക്കുകയും അവന്റെ മുഖത്ത് തടവുകയും ചെയ്തുകൊണ്ടിരുന്നു. ശരീരമാകെ തളരുന്നതുപോലെ തോന്നിയ ഹര്‍ഷന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. തന്റെ മുഖത്തിനടുത്ത് ചൂടു നിശ്വാസം പതിയ്ക്കുന്നതറിഞ്ഞ അവനു ശ്വാസം മുട്ടുന്നതുപോലെ തോന്നി.

"ഉച്ചയ്ക്കത്തെ ആ ആവേശമൊക്കെ ഇപ്പോളെവിടെപ്പോയി?"

തന്റെ ചെവിക്കരുകില്‍ പതിച്ച ആ ശബ്ദം ഒരു ഗുഹാമുഖത്തുനിന്നു വരുന്നപോലെ അവനുതോന്നി.

ആ ശബ്ദം .....ചിരപരിചിതമായ..ആ ശബ്ദം..!!

ഒരു ഞെട്ടലോടെ അവന്‍ ആ കൈകള്‍ തട്ടിമാറ്റിയിട്ട് തീപ്പെട്ടിക്കോലുരച്ചു. മുറിയില്‍പ്പരന്ന ചെറുപ്രകാശത്തില്‍ തന്റെ കട്ടിലില്‍ തന്റെയടുത്ത് കിടക്കുന്ന അളിനെക്കണ്ടവന്റെ ശ്വാസം നിലച്ചതുപോലെ തോന്നി. മദ്യത്തിന്റെ സകല ലഹരികളും ഒരു നിമിഷം കൊണ്ടാവിയായിപ്പോയതുപോലെ. കട്ടിലില്‍ മലര്‍ന്നുകിടക്കുന്ന രൂപത്തെ അവിശ്വസനീയതയോടെ ഒരു നിമിഷം നോക്കിയിരുന്നിട്ട് ഒരലര്‍ച്ചയോടെയവന്‍ തന്റെ മുഖം പൊത്തിക്കൊണ്ട് മുറിയില്‍നിന്നു പുറത്തേയ്ക്കിറങ്ങിയോടി. പിറ്റേന്ന് കായലരുകത്തുള്ള ചീലാന്തി മരത്തിന്റെ ഒരു ശാഖയില്‍ തൂങ്ങിയാടിക്കൊണ്ടിരുന്ന തണുത്തുതുടങ്ങിയ ആ ശരീരത്തിന്റെ മുഖത്ത് താനൊരു കൊടിയ പാപിയാണെന്നെഴുതിവച്ചിരുന്നു.

ശ്രീ

Tuesday, October 1, 2013

കുട്ടപ്പനും സാറാമ്മച്ചിയും

"എടാ കുട്ടപ്പായിയേ"....

തണുത്ത പുലരിയില്‍ കരിമ്പടത്തിനുള്ളില്‍ മനോഹരമായൊരു സ്വപ്നവും കണ്ട് ചുരുണ്ടുകൂടിയുറങ്ങുകയായിരുന്ന കുട്ടപ്പന്‍ ആ വിളിയൊച്ച കേട്ടു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. കണ്ണുതിരുമ്മിക്കൊണ്ട് അവന്‍ തന്റെ ടൈമ്പീസെടുത്തുനോക്കി. ഇല്ല സമയം അഞ്ചാകാന്‍ പോകുന്നതേയുള്ളു. ഈ തള്ളയെക്കൊണ്ട് വല്യ ശല്യമായല്ലോ. നേരാംവണ്ണമൊന്നുറങ്ങാന്‍ പോലും സമ്മതിക്കുകേലെന്നു വച്ചാ എന്തു ചെയ്യും. ഒരു ദിവസം താന്‍ തള്ളയുടെ കഥ കഴിക്കും.

"എടാ കുട്ടപ്പായിയേ. നീ അവിടെ എന്തെടുക്കുവാടാ ശവമേ. എത്ര നേരമായി വിളിക്കുന്നു".

"ദേ വരുന്നമ്മച്ചീ".

ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് കുട്ടപ്പന്‍ പായും പുതപ്പുമെല്ലാം ചുരുട്ടിവച്ച് സാറാമ്മച്ചിയുടെ റൂമിലേയ്ക്കോടി.

"എന്നതാ അമ്മച്ചി വേണ്ടത്".

"എടാ സമയമെത്രയായീന്ന്‍ വല്ല വിചാരോണ്ടോ നിനക്ക്. ഞാനിന്നലെ പറഞ്ഞിരുന്നതല്യോ നേരത്തെ എഴുന്നേക്കണമെന്നു. ആദ്യം ചെന്നാലല്ലേ നല്ല സാധനം കിട്ടൂ. സമയം കഴിയുന്തോറും ഈച്ച തിന്നതിന്റെ ബാക്കിയേ കിട്ടത്തൊള്ളൂ"

"ഇന്നലെ റൂമെല്ലാം വൃത്തിയാക്കി എല്ലാം അടുക്കിപ്പെറുക്കി വച്ചിട്ട് കെടന്നപ്പോ നേരമൊരുപാടായീ. അതാ താമസിച്ചേ"

"കൊണവതിയാരോം പറഞ്ഞോണ്ടു നിക്കാതെ ഒന്നു ചെല്ലടാ. ഉച്ചയാവുമ്പളേയ്ക്കും എല്ലാം റെഡിയാക്കണം"

തലകുലുക്കിക്കൊണ്ട് ഒരു തോര്‍ത്തെടുത്ത് തലവഴിമൂടിയിട്ട് കുട്ടപ്പന്‍ പുറത്തേയ്ക്കിറങ്ങി.

"വരുമ്പം ഒരു രണ്ടുകിലോ കപ്പകൂടി മേടിക്കാന്‍ മറക്കണ്ട. ആ കറിയേടേന്നു മേടിയ്ക്കണ്ട. അവനെപ്പോലെ തന്നെ അകം കറുത്തതാ അവന്റെ കപ്പേം".

"ശരിയമ്മച്ചി"

ചന്തയിലേയ്ക്കു നടക്കുമ്പോള്‍ കുട്ടപ്പന് അരിശം വരുന്നുണ്ടായിരുന്നു. ഈ കൊച്ചുവെളുപ്പാന്‍ കാലത്തേ തന്നെയിങ്ങിനെയോടിക്കേണ്ട വല്ല കാര്യവുമുണ്ടോ. തള്ളയുടെ പ്രാന്ത് എന്നല്ലാതെന്തു പറയാന്‍. മറ്റെങ്ങും പോകാനിടമില്ലാത്തതുകൊണ്ടും ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടും എന്തുമാകാമല്ലോ അവര്‍ക്കൊക്കെ. ചുമ്മാതാണോ മക്കളു തിരിഞ്ഞു നോക്കാത്തേ. ഒരു ദെവസി താന്‍ ശരിയാക്കുന്നൊണ്ട്. തണുപ്പുമൂലം പെരുത്തുകയറുന്ന കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ ആ തണുത്ത പ്രഭാതത്തില്‍ ഒരു മൂളിപ്പാട്ടും പാടി വേഗം നടന്നു. താമസിച്ചാലിനിയതു മതി കെളവിയുടെ സ്വഭാവം മാറുവാന്‍.

"അല്ല ആരിത് കുട്ടപ്പനോ. എവിടേയ്ക്കാടാ ഇത്ര രാവിലെതന്നെ".

കപ്പക്കച്ചവടക്കാരന്‍ കറിയയാണ്.

"ഓ കൊറച്ച് നല്ല ആട്ടെറച്ചി  മേടിക്കാനായി ചന്തവരെയൊന്നു പോണ്".

ഉദാസീ​നനായവന്‍ മറുപടി നല്‍കി.

"എന്തൂട്ടിന്നാടാ ആട്.  അവിടെ നല്ല മുറ്റ് താറാവും കോഴീമൊക്കെയുണ്ടല്ലോ. എന്താ വല്ല വിശേഷോണ്ടോ. അമ്മച്ചീടെ മോനും മോളും അവരുടെ മക്കളുമൊക്കെ വരുന്നുണ്ടോ ഇന്നു. കൊറേ വര്‍ഷമായല്ലോ അവരു വന്നിട്ട്."

"അതൊന്നുമെനിക്കറിയാമ്മേല. എന്നോടു എറച്ചി മേടിയ്ക്കാന്‍ പറഞ്ഞു. ഞാന്‍ പോന്നു. അത്ര തന്നെ"

"നീ മുഷിയാതെടാ കുട്ടപ്പാ. ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളു. നിന്റെ സമയം തന്നെ. ഇത്രേം വല്യ വീട്ടില് നീയും ആ തള്ളയും മാത്രം. നീ വല്ലോം അടിച്ചുമാറ്റാറുണ്ടോടാ"

"ദേ കറിയാച്ചാ വേണ്ടാതീനം പറഞ്ഞാലൊണ്ടല്ലോ. ഞാനങ്ങിനെ കക്കാനും മോട്ടിയ്ക്കാനുമൊന്നും നടക്കുന്നോനല്ല"

"അല്ല അതെനിക്കറിയാം. നീ ഒരു മണ്ടന്‍കൊണാപ്പി. എടാ ആ തള്ളേടെ കയ്യിമ്മേ പൂത്തകാശൊണ്ട്. മക്കളുവിളിച്ചാലൊന്നും അവരുടെ കൂടെ പോയി നിക്കാതെ ഈ സ്വത്തൊക്കെ കെട്ടിപ്പിടിച്ചോണ്ടിരിയ്ക്കുന്നതെന്നാത്തിനാ. അവരുടെകൂടെ പോയി നിന്നാ പിന്നെ ഇതേപോലെ നടക്കാന്‍ പറ്റോ. അല്ലെങ്കില്‍ ഈ എഴുപത്തഞ്ചാം വയസ്സിലും ഇങ്ങിനെ കയ്യേലും കഴുത്തേലുമെല്ലാം സ്വര്‍ണ്ണോമിട്ടോണ്ട് അണിഞ്ഞൊരുങ്ങി നടക്ക്വൊ തള്ളച്ചി. നീ ഒരു തഞ്ചത്തിലും തരത്തിലുമൊക്കെ നിന്നു കിട്ടുന്നതൊപ്പിച്ചോ. അതാ നെനക്കു നല്ലത്. ഞാമ്പറയാനുള്ളത് പറഞ്ഞു. ഇനി നിന്റെയിഷ്ടം"

കറിയാ അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു.

"ആരും നോക്കാനില്ലാതെ വിശന്നുകരഞ്ഞ് റോഡിമ്മെ നിന്ന എന്നെ വിളിച്ചുകൊണ്ട്പോയി വയറുനെറച്ച് ആഹാരോം തന്ന്‍ കെടക്കാനൊരെടോം തന്ന്‍ ഇത്രേമാക്കിയത് ആ അമ്മച്ചിയാ. അവരെ ദ്രോഹിക്കാന്‍ എനിക്ക് പറ്റൂല്ല. അച്ചായന്‍ വേറെ വല്ലോമൊണ്ടെങ്കിപ്പറ"

കറിയ ഒന്നും മിണ്ടാതെ നടന്നു. കുട്ടപ്പനും. ചന്തയില്‍ നിന്നും നല്ല ഫ്രെഷ് ആട്ടിറച്ചിയും മേടിച്ച് തിരിച്ച് വരുമ്പോള്‍ കുട്ടപ്പായി അമ്മിണിയേട്ടത്തിയുടെ വീട്ടില്‍കയറി. അവിടെ നിന്നും അപ്പോള്‍ പറമ്പില്‍ നിന്നും പറിച്ച് രണ്ടുകിലോ കപ്പയും മേടിച്ചു ഒരു മൂളിപ്പാട്ടും പാടി അവന്‍ വേഗം നടന്നു. നേരം നന്നായി വെളുത്തു കഴിഞ്ഞിരുന്നു.

"അമ്മച്ചിയേ ദേ പറഞ്ഞ സാധനം മുഴുവനും ഒണ്ട്. ഇനിയെന്നാ വേണം".

കുട്ടപ്പന്റെ വിളികേട്ട് സാറാമ്മച്ചി പുറത്തേയ്ക്കു വന്നു.

"അതുകൊണ്ട് അടുക്കളേ വയ്ക്കെടാ പിശാശേ. എന്നിട്ടുപോയി ആ നാണിയെ പെട്ടന്ന്‍ വരാന്‍ പറ. പന്ത്രണ്ടടിക്കുന്നതിനു മുന്നേ എല്ലാം തയ്യാറാക്കണം"

"അമ്മച്ചി. സത്യത്തീ എന്നതാ ഇന്നു വിശേഷം. ഞാനുംകൂടിയൊന്നറിയട്ടമ്മച്ചീ"

കുട്ടപ്പന്‍ തലേം ചൊറിഞ്ഞവിടെ നിന്നു.


"നീയെന്റെ കയ്യീന്ന്‍ മേടിയ്ക്കും. പോയേച്ചുവാടാ. അപ്പോഴേയ്ക്കും ഞാനൊന്നു പള്ളി വരെ പോയേച്ചും വരാം"

ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അമ്മച്ചി അകത്തേയ്ക്കുപോയി.

നാണിയും കുട്ടപ്പനും കൂടി ഉച്ചയാകുന്നതിനു മുമ്പേ തന്നെ അപ്പവും മട്ടന്‍ കറിയും മട്ടനൊലത്തിയതും കപ്പ പുഴുങ്ങിയതും എല്ലാം യുദ്ധകലാടിസ്ഥാനത്തില്‍ തയ്യാറാക്കി അമ്മച്ചിയെ കാത്തിരുന്നു.

"എന്നതാടാ കുട്ടപ്പാ ഇന്ന്‍ വിശേഷം".

"എനിക്കൊന്നുമറിയാമ്മേല നാണിയേച്ച്യേ. അമ്മച്ചിയുടെ ആരാണ്ട് വരണൊണ്ടെന്നാ തോന്നുന്നേ".

"ദേ അമ്മച്ചി വരുന്നെടാ".

തിടുക്കപ്പെട്ട് പറഞ്ഞിട്ട് നാണി എഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു.

"നീ പോയി കുളിച്ച് ഈ ഡ്രെസ്സിട്ടോണ്ടു പെട്ടന്ന്‍ വന്നേ".

വന്നപാടേ കയ്യിലിരുന്ന കവര്‍ കുട്ടപ്പനു നീരെ നീട്ടിയിട്ട് അമ്മച്ചി പറഞ്ഞു. ഒന്നും മനസ്സിലാകാതെ അവന്‍ ആ കവര്‍ മേടിച്ചോണ്ട് അകത്തേയ്ക്കു നടന്നു. കുളികഴിഞ്ഞു വന്ന കുട്ടപ്പന്‍ കണ്ടത് അമ്മച്ചിയും നാണിയും കൂടി മേശവിരിപ്പെല്ലാം നേരെയാക്കി ആഹാരസാധനമെല്ലാം ഒരുക്കിവച്ചിരിയ്ക്കുന്നതാണ്. അവന്‍ അത്ഭുതപ്പെട്ടത് മേശയുടെ മധ്യത്തിലായിരിക്കുന്ന വലിയ ഒരു കേക്കു കണ്ടിട്ടാണ്. അടുത്ത് തന്നെ ഒരുകൂട് മെഴുകുതിരിയും. ഇതെപ്പോഴാണു മേടിച്ചത്. താനറിഞ്ഞില്ലല്ലോ. ഇനി അമ്മച്ചിയുടെ പെറന്നാളായിരിക്കുമോ ഇന്ന്‍. ഇതേവരെ അമ്മച്ചി പെറന്നാള് കൂടുന്നത് താന്‍ കണ്ടിട്ടില്ലല്ലോ. ആകെ ചിന്താകുലനായി നിന്നെ അവനെ ചേര്‍ത്തുപിടിച്ചിട്ട് അമ്മച്ചി ആ മെഴുകുതിരിയില്‍ നിന്നുമൊരെണ്ണമെടുത്ത് കേക്കില്‍ കുത്തിനിര്‍ത്തിയിട്ട് അത് കത്തിക്കാനായി കുട്ടപ്പനോടു പറഞ്ഞു. ഒന്നും മനസ്സിലാകാതെ അവന്‍ ആ മെഴുകുതിരി കത്തിച്ചപ്പോള്‍ അമ്മച്ചി കൈകള്‍ നെഞ്ചോടുചേര്‍ത്ത് പിടിച്ചുകൊണ്ട് ഒരു നിമിഷം കണ്ണടച്ചുനിന്നു.

"ഹാപ്പി ബെര്‍ത്ത്ഡേ റ്റൂ യൂ...."

അമ്മച്ചി പറഞ്ഞത് കേട്ട് നാണിയും അതേറ്റു പറഞ്ഞു. ആ കേക്കില്‍ നിന്നും ഒരു കഷണം മുറിച്ച് മിഴിച്ചു നിന്ന കുട്ടപ്പനുനേരെ സ്നേഹവായ്പ്പോടെ അമ്മച്ചി നീട്ടി. ആ കേക്കു കഷണവും കയ്യില്‍ പിടിച്ച് കുട്ടപ്പന്‍ ഒരു നിമിഷം നിന്നു. നിറഞ്ഞ മിഴികള്‍ തുടച്ചുകൊണ്ട് അമ്മച്ചി നാണിയോടായി പറഞ്ഞു.

"നെനക്കറിയോ നാണീ. ഇന്ന്‍ എനിയ്ക്ക് ഇവന്‍ മാത്രമേയൊള്ളൂ. മോനും മോളുമൊക്കെയില്ലേന്നു ചോദിച്ചാ ഒണ്ട്. പക്ഷേ എന്തു ഫലം. എന്റെ മക്കള്‍ എന്നെ ഒന്നു വന്ന്‍ കണ്ടിട്ട് പതിനൊന്നു വര്‍ഷമായിരിയ്ക്കുന്നു. വല്ലപ്പോഴും ചെലപ്പോ വിളിച്ചാലായി. ഞാന്‍ ചത്തുമണ്ണടിഞ്ഞെങ്കില്‍ ആ മെനക്കെടുത്തുകൂടി ഒഴിവാകുമല്ലൊ എന്ന ചിന്ത മാത്രമാണവര്‍ക്ക്. അങ്ങര് ബുദ്ധിപൂര്‍വ്വം ആദ്യമേയങ്ങു പൊയ്ക്കളഞ്ഞു. കള്ളന്‍. പെറ്റുവളര്‍ത്തി വലുതാക്കിയ സ്വന്തം മക്കള്‍ക്ക് എന്നെ വേണ്ട. ഇവന്‍ എന്റെ കയ്യിലെത്തിയിട്ട് ഇന്നു കൃത്യം പത്തുകൊല്ലമായി. ഇന്നെവരെ എനിയ്ക്കു ഇങ്ങിനെ തോന്നിയില്ല. ഇപ്പോ കര്‍ത്താവ് തോന്നിപ്പിച്ചു. എനിയ്ക്കു അന്ത്യനേരത്ത് ഒരിറ്റുവെള്ളം തരാന്‍ ഇവനേയുണ്ടാവൂ".

തന്റെ കയ്യിലിരുന്ന കേക്ക് കഷണം കുട്ടപ്പന്‍ അമ്മച്ചിയുടെ വായിലേയ്ക്കു വച്ചുകൊടുത്തു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ അവന്റെ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

"എടാ ചെക്കാ എനിക്കു പഞ്ചാരേം മറ്റുമൊക്കൊയുള്ളതാ. നീ എന്നെ ഒടനെ തന്നെ പെട്ടീലാക്കുവോ".

പരിഭവത്തോടെ പറഞ്ഞു ചിരിച്ചുകൊണ്ട് അമ്മച്ചി ആ കേക്ക് കഷണം തിന്നിറക്കി. അവരുടെ കണ്ണുകളില്‍ നനവൂറിനിറഞ്ഞിരുന്നു.

"എന്റെ മക്കള് തിന്ന്‍"

കുട്ടപ്പനെ ചേര്‍ത്തുപിടിച്ച് അവനെ കസേരയിലിരുത്തി വിഭവങ്ങള്‍ ഒന്നൊന്നായി അമ്മച്ചി അവന്റെ പാത്രത്തിലേയ്ക്കു വിളമ്പി. നാണിയും അമ്മച്ചിയെ സഹായിച്ചു. കുട്ടപ്പന്റെ കണ്ണുകളില്‍ നിറഞ്ഞ നീര്‍മണികള്‍ അവന്റെ കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു. അന്നെവരെ അമ്മച്ചിയോടു തോന്നിയ ദേക്ഷ്യവും വെറുപ്പുമെല്ലാം ഒരു കുന്നോളം സ്നേഹമായി മാറുന്നതവനുള്ളിലറിയുന്നുണ്ടായിരുന്നു.


ശ്രീക്കുട്ടന്‍