Thursday, January 30, 2014

ഷെര്‍ലക് ഹോംസ്

ലോകസാഹിത്യചരിത്രത്തില്‍ അപസര്‍പ്പകസാഹിത്യം എന്നതിന് ഒരു മുഖമുണ്ടാക്കിയതും ലോകംമുഴുവന്‍ ഭ്രാന്തമായ ആരാധനയോടെ ഒരു കഥാപാത്രത്തെ നോക്കികാണുവാന്‍ ഇടയാക്കിയതും സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വിഖ്യാത സ്കോട്ടിഷ് എഴുത്തുകാരന്‍ മൂലമാണ്. കുറ്റാന്വേഷണത്തിന്റെ അവസാനവാക്കായ ഷെർലക്ഹോംസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചാണദ്ദേഹം വിശ്വവിശ്രുതനായി തീര്‍ന്നത്. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് സാഹിത്യമേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹം ഇരുപതു വയസ്സാകുന്നതിനുമുന്നേ തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ധാരാളം ചരിത്ര, ശാസ്ത്രസംബന്ധമായ രചനകളും നിര്‍വഹിച്ച അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംരംഭങ്ങളായിരുന്നു ദി വൈറ്റ് കമ്പനി,ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം തുടങ്ങിയ പുസ്തകങ്ങള്‍. നല്ലൊരു ശാസ്ത്രകാരനും ഫുട്ബോള്‍ കളിക്കാരനുമായിരുന്ന കോനന്‍ ഡോയലിനെ അഖിലലോകപ്രശസ്തനാക്കിയത് 1887 മുതല്‍ അദ്ദേഹം രചിച്ച ഷെർലക് ഹോംസ് കഥകളാണ്.

1987 ല്‍ ആണ് ഹോംസ് കഥാപാത്രമായുള്ള ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet) എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അഫ്ഘാനിസ്ഥാനില്വച്ച് സാമാന്യം നല്ലൊരു പരിക്കുപറ്റിയതുമൂലം അവിടെപ്പിന്നെ തുടരാന്‍ സാധിക്കാതെവന്നപ്പോള്‍ ഡോക്ടര്‍ വാട്സണ്‍ ലണ്ടനിലേക്കുതന്നെ മടങ്ങി. ചിലവുകുറഞ്ഞതും സുഖകരവുമായ ഒരു താമസസ്ഥലം അന്വേഷിച്ചുനടക്കവേയാണ് അവിചാരിതമായി ഒരു കൂട്ടുകാരന്‍മൂലം ഷെർലക്ഹോംസിനെ വാട്സണ്‍ കാണാനിടയാകുന്നത്. അതിനെത്തുടര്‍ന്ന്‍ ഇരുവരുംചേര്‍ന്ന്‍‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B എന്ന കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ താമസമാരംഭിക്കുന്നു. ആദ്യമൊക്കെ ഹോംസ് ഒരു വിചിത്രകഥാപാത്രമായാണ് വാട്സണനുഭവപ്പെടുന്നത്. ഹോംസിന്റെ ജോലി എന്താണെന്നുപോലും അവിടെത്താമസമായി വളരെക്കഴിഞ്ഞാണ് വാട്സണു പിടികിട്ടുന്നതിനുതന്നെ. കുറ്റാന്വേഷണകലയുടെ അതിമാനുഷനാണ് ഹോംസ് എന്നു തിരിച്ചറിയുന്നതോടെ വാട്സണും ഹോംസിനൊപ്പം ചേരുന്നു. പ്രശസ്തിയും പേരും ഒന്നും ആഗ്രഹിക്കാതിരുന്ന ഹോംസിന്റെ എല്ലാ കേസന്വേഷണവും വാട്സന്റെ കുറിപ്പുകളിലൂടെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് ലോകമറിയുന്നത്. ഹോംസ് നേരിട്ടുകഥപറയുന്നരീതിയില്‍ ആകെ ഒന്നോ രണ്ടോ ചെറുകഥകള്‍ മാത്രമാണിറങ്ങിയിട്ടുള്ളത്

ഹോസും വാട്സണും പ്രധാനകഥാപാത്രങ്ങളാക്കി നാലു നോവലുകളും 58 ഓളം ചെറുകഥകളുമടങ്ങിയ 5 കഥാസമാഹാരങ്ങളുമാണ് കോനന്‍ ഡോയല്‍ രചിച്ചത്. നാലു നോവലുകള്‍ യഥാക്രമം

1. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet) 

2. നാൽവർ ചിഹ്നം(The Sign Of Four)

3. ബാസ്കർവിൽസിലെ വേട്ടനായ(The hound of Baskervills)

4. ഭീതിയുടെ താഴ്വര(Valley Of Fear)

എന്നിവയാണ്.

1. Adventures of Sherlock Holmes

2. The memories of Sherlock Holmes

3. The return of Sherlock Holmes

4. The last bow

5. The case book of Sherlock Holmes

എന്നിങ്ങനെ 5 ചെറുകഥാസമാഹാരങ്ങളും ഹോസിന്റേതായി പുറത്തിറങ്ങി. ഇതില്‍ ആദ്യത്തെ സമാഹാരത്തില്‍ 13 ചെറുകഥകളും രണ്ടാമത്തേതില്‍ 12 എണ്ണവും മൂന്നാമത്തേതില്‍ 13 എണ്ണവും നാലാമത്തേതില്‍ 8 എണ്ണവും അവസാനസമാഹാരത്തില്‍ 12 കഥകളുമാണുള്ളത്.

ഹോംസ് എന്ന കുറ്റാന്വേഷകനിലൂടെ അന്നേവരെ ലോകമൊരിക്കലും പരിചയിച്ചിട്ടില്ലായിരുന്ന ഒരാളാണ് ജനിക്കപ്പെട്ടത്. ഹോംസിന്റെ സൂക്ഷ്മനിരീക്ഷണപാടവവും ആള്‍ക്കാരെ അതിശയിപ്പിക്കുന്ന പറച്ചിലുകളും യുക്തിസഹമായ തെളിവുനിരത്തലുകളും അതിവിചിത്രങ്ങളായ പലപല കേസുകള്‍ തെളിയിക്കലും ഒക്കെ വാട്സണ്‍ തന്റെ കുറിപ്പുകളിലൂടെ ലോകത്തെ അറിയിച്ചപ്പോള്‍ ഹോംസ് ഒരതിമാനുഷനായി ജനങ്ങള്‍ക്കിടയില്‍ വളരെവേഗം സ്ഥാനം പിടിച്ചു. പണത്തിനാവശ്യംവന്ന ഒരു ഘട്ടത്തില്‍ തന്റെ സര്‍വ്വകലാശാലയിലെ ഒരധ്യാപകനെ മാതൃകയാക്കി കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെർലക്ഹോംസ് കഥാകൃത്തിന്റെ കൈയില്‍‍ നില്‍ക്കാത്തവണ്ണം വളരാന്‍തുടങ്ങി. ലോകംമുഴുവന്‍ ഷെര്‍ലക്കിനു ആരാധകരുണ്ടായി. ഓരോ പുതിയ പുസ്തകമിറങ്ങുമ്പോഴും അവ റിക്കോര്‍ഡ് വില്‍പ്പനയാണു സൃഷ്ടിച്ചത്. ഹോംസ് ഒരു കഥാപാത്രമല്ല മറിച്ച് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളാണെന്ന്‍ ലോകം വിശ്വസിക്കാനാരംഭിച്ചു. ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B യിലേക്ക് അന്വേഷണങ്ങളും പരാതിപരിഹാരവുമാവശ്യപ്പെട്ട് കത്തുകളുടേ പ്രളയമാരംഭിച്ചു. അതോടെ കോനന്‍ ഡോയല്‍ എന്ന എഴുത്തുകാരനും അസഹ്യത അനുഭവപ്പെട്ടുതുടങ്ങി. പലപ്പോഴും കോനന്‍ ഡോയലിനു പൊതുസദസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നു. എല്ലാ സദസ്സുകളിലും ആള്‍ക്കാര്‍ക്ക് അറിയുവാന്‍ ഒറ്റകാര്യമേയുണ്ടായിരുന്നുള്ളൂ. എന്താണ് അടുത്ത ഷെര്‍ലക് ഹോംസ് കഥ?. എന്നാണതു പുറത്തിറങ്ങുക?. മാത്രമല്ല ഹോംസ് എന്ന അതിമാനുഷനുമുന്നില്‍ തന്റെ ഏറ്റവും വലിയ മറ്റുവര്‍ക്കുകള്‍ മുങ്ങിപ്പോകുകയും ചെയ്തതോടെ കോനന്‍ ഡോയല്‍ താന്‍ തന്നെ സൃഷ്ടിച്ച ആ ഇതിഹാസകഥാപാത്രത്തെ അതിവിദഗ്ദമായങ്ങ് വധിച്ചുകളഞ്ഞു. ഹോസിനൊപ്പം കിടപിടിച്ചുനില്‍ക്കുന്ന പ്രൊഫസര്‍ മൊറിയാര്‍ട്ടി എന്ന ഗണിതശാസ്ത്രജ്ഞനൊപ്പം അദ്ദേഹം ഹോംസിനെ ദ ഫൈനല്‍ പ്രോബ്ലം എന്ന കഥയില്‍ റീഷന്‍ബര്‍ഗ് വെള്ളച്ചാട്ടത്തിന്റെ അഗാധതയില്‍ അന്ത്യവിശ്രമം കൊള്ളിച്ചു.

ദ മെമ്മറീസ് ഓഫ് ഷെര്‍ലക്ക്ഹോംസ് പുറത്തിറങ്ങിയപ്പോള്‍ ഒരു ഭൂകമ്പം തന്നെയുണ്ടായ പ്രതീതിയായിരുന്നു ലോകംമുഴുവന്‍. ലോകജനത അവിശ്വസനീയതയോടെയാണ് ഹോംസിന്റെ മരണവാര്‍ത്ത വായിച്ചത്. പല ലോകരാജ്യങ്ങളും അന്നേദിവസം ഔദ്യോഗികദുഃഖാചരണം തന്നെ പ്രഖ്യാപിച്ചു. ചില രാജ്യങ്ങള്‍ ഹോംസിനോടുള്ള ആദരസൂചകമായി തങ്ങളുടെ ദേശീയപതാകപോലും താഴ്ത്തിക്കെട്ടുകയുണ്ടായി. ഹോംസ് താമസിച്ചിരുന്ന ബേക്കര്‍ സ്ട്രീറ്റിലെ 221 ബി എന്ന അഡ്രസ്സിലേക്ക് പതീനായിരക്കണക്കിനു അനുശോചനസന്ദേശങ്ങളും കമ്പികളുമാണ് എത്തിചേര്‍ന്നത്. ഹോംസിനെ പുനര്‍ജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കോനന്‍ ഡോയലിന്റെ മുന്നിലേക്ക് നിവേദനങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുണ്ടായത്. അതിനായി പല പ്രസാധകരും വന്‍ തുകകളാണ് ഡോയലിനു  ഓഫര്‍ ചെയ്തത്. ഭീഷണികളും കുറവല്ലായിരുന്നു. ഒരു അമേരിക്കന്‍ പ്രസാധകര്‍ ഓരോ പുതിയ ഹോംസ് കഥയുടെ ഓരോ വാക്കിനും ഓരോ പവന്‍ എന്ന കൊതിപ്പിക്കുന്ന ഓഫര്‍പോലും മുന്നോട്ടുവച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ കോനന്‍ ഡോയലിനു ഷെര്‍ലക്ക് ഹോംസിനെ പുനര്‍ജ്ജനിപ്പിക്കേണ്ടിവന്നു. ഒരു കഥാകൃത്തിനെ സ്വന്തം കഥാപാത്രം തന്നെ പരാജയപ്പെടുത്തിയ അപൂര്‍വ്വനിമിഷമായിരുന്നു അത്. പരേതന്റെ തിരിച്ചുവരവ് (The Return of Sherlock Holmes) എന്ന കൃതിയിലൂടേ കോനന്‍ ഡോയല്‍ അതിസമര്‍ത്ഥമായും യുക്തിസഹമായും ഹോംസിനെ പുന:സൃഷ്ടിച്ചു. തുടര്‍ന്ന്‍ വീണ്ടും നിരവധി കേസുകളില്‍ ഭാഗഭാക്കാകുകയും ഒടുവില്‍ വാര്‍ധക്യകാലത്ത് അങ്ങകലെയൊരു ഗ്രാമത്തില്‍ തന്റെ ഏറ്റവും പ്രീയപ്പെട്ട തേനീച്ച വളര്‍ത്തലുമായ് ഹോംസ് ഒതുങ്ങിക്കൂടുകയും ചെയ്തു.

അതിമാനുഷനായിരുന്ന ഹോംസ് പരാജയമടഞ്ഞത് അപൂര്‍വ്വം ചില കേസുകളില്‍ മാത്രമായിരുന്നു. മഞ്ഞമുഖം എന്ന കഥയിലും ബൊഹീമിയന്‍ അപവാദം എന്ന കഥയിലും ഹോംസ് പരാജയം രുചിച്ചു. ബോഹീമിയന്‍ അപവാദം എന്ന കഥയിലെ ഐറിന്‍ അഡ് ലര്‍ എന്ന സ്ത്രീകഥാപാത്രം ഹോംസിനെ നിക്ഷ്പ്രഭനാക്കിക്കളഞ്ഞു. ഹോംസിനെ എതിരാളികള്‍ ഒട്ടുമിക്കതും കൂര്‍മ്മബുദ്ധിയുള്ളവരും ശക്തന്മാരുമായിരുന്നു. എന്നാല്‍ ഹോംസിനൊത്ത എതിരാളിയായി കോനന്‍ ഡോയല്‍ സൃഷ്ടിച്ചത് പ്രൊഫസര്‍ മൊറിയാര്‍ട്ടിയെ ആയിരുന്നു. പല അവസരങ്ങളിലും ഹോംസ് മൊറിയാര്‍ട്ടിയെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഹോംസിനെ കൊല്ലാന്‍ തീരുമാനിച്ച കോനന്‍ ഡോയല്‍ മൊറിയാര്‍ട്ടിയെയാണു കൂട്ടുപിടിച്ചത്. ഹോംസിന്റെ സഹോദരനായിരുന്ന മൈക്രോഫ്റ്റ് ഹോംസിനും അനന്യസാധാരണമായ കഴിവുകള്‍ ഉള്ളതായാണു കോനന്‍ ഡോയല്‍ എഴുതിവച്ചിരിക്കുന്നത്. ഒരുവേള തന്നെക്കാളും ഉയര്‍ന്ന ബുദ്ധിശക്തിയാണ് തന്റെ സഹോദരനെന്ന്‍ ഹോംസ് തന്നെ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ പുറത്തേയ്ക്കിറങ്ങാതെ ഒരു ചാരുകസേരയില്‍ ചടഞ്ഞിരുന്ന്‍ വിശകലനം ചെയ്യുവാന്‍ മാത്രമേ തനിക്ക് താല്‍പ്പര്യമുള്ളുവെന്ന്‍ മൈക്രോഫ്റ്റിനെക്കൊണ്ടുതന്നെ പറയിപ്പിച്ച് കോനന്‍ ഡോയല്‍ ഹോംസിനെ മുന്‍നിരയിലേക്ക് കയറ്റി നിര്‍ത്തുന്നു.   

ലോകജനതയെ ഇത്രമാത്രം ആവേശഭരിതരാക്കുകയും ആകര്‍ഷിക്കുകയും ചെയ്ത മറ്റൊരു കഥാപാത്രം ഹോംസിനെപ്പോലെ മറ്റാരുമില്ല. ഹോംസ് എന്നത് ഒരു വെറും കഥാപാത്രമാണെന്ന്‍ വിശ്വസിക്കുവാന്‍ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോഴും ഇഷ്ടപ്പെടുന്നേയില്ല.അതിന്റെ തെളിവാണ് ഇന്നും ബേക്കര്‍ സ്ട്രീറ്റിലെ 21 ബിയിലേയ്ക്കുവരുന്ന ലെറ്ററുകള്‍. കോനന്‍ ഡോയല്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഹോംസ് കഥകള്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെയുള്ള ലോകത്തെ പല കുറ്റാന്വേഷണസേനകളും തങ്ങളുടെ ടെക്സ്റ്റ് ബുക്കുകളായി ഉപയോഗിച്ചുതുടങ്ങിയിരുന്നു.  ഇന്നും ഹോസ് അനുവര്‍ത്തിച്ചിരുന്ന പല രീതികളും അതേപടി പല രാജ്യങ്ങളുടേയും പോലീസ് സേനകള്‍ ഉപയോഗിക്കുന്നു. ഹോംസ് കഥകള്‍ എത്രയോ ആവര്‍ത്തി സിനിമകളായും സീരിയലുകളായും പുനഃസൃഷ്ടിക്കപ്പെട്ടു. ഹോംസ് കഥകളെ അനുകരിച്ച് ലോകത്തിന്റെ വിവിധ ഭാഷകളില്‍ നിരവധി കൃതികള്‍ രചിക്കപ്പെടുകയുണ്ടായി. എത്രയെങ്കിലും പുതിയ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ലോകസാഹിത്യത്തില്‍ ഷെര്‍ലക്ക് ഹോംസിനോളം പേരും പെരുമയും പ്രശസ്തിയും പിടിച്ചുപറ്റുവാന്‍ ഇന്നേവരെ മറ്റൊരു കഥാപാത്രത്തിനും കഴിഞ്ഞിട്ടില്ല. ഇന്ന്‍ ലോകത്തിന്റെ പലഭാഗത്തും ഷെര്‍ലക് ഹോംസ് ക്ലബ്ബുകളും മറ്റുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് സർക്കാർ ഒരു ചെറിയ കവല മുഴുവൻ ഹോംസിന്റെ ഓർമ്മക്കായി കഥകളിൽ പറഞ്ഞ അതേപ്രകാരം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഹോംസിന് വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു ഭാവനാ കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത്. ലോക ജനതയ്ക്കിടയില്‍ അമരനായ് ഹോംസ് ഇന്നും ജീവിക്കുന്നു.

മലയാളത്തില്‍ ഡി സി ബുക്ക്സ് സമ്പൂര്‍ണ്ണ ഷെര്‍ലക്ക്ഹോംസ് കഥകള്‍ ഒറ്റ വോളിയമായ് പുറത്തിറക്കിയിട്ടുണ്ട്.

ശ്രീക്കുട്ടന്‍


Saturday, January 25, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - അവസാനഭാഗം

ഒരു കൌതുകത്തിന്റെ പുറത്താരംഭിച്ച ഈ യാത്ര ഇതോടെ ഇവിടെ പൂര്‍ണ്ണമാകുകയാണ്.  ഇതുവരെയുള്ള മുഴുവന്‍ വിവരണങ്ങളും പലരില്‍ നിന്നായ് കടം കൊണ്ടതും ഇന്റര്‍നെറ്റില്‍ നിന്നും കോപ്പിചെയ്തെടുത്തതുമാണ്. ഇങ്ങിനെയൊരു സാഹസത്തിനു കാരണഭൂതരായ പാലാരിവട്ടം ശശിയേയും സച്ചിന്‍ കെ എസിനേയും വിസ്മരിക്കുന്നില്ല. ലോകത്തെ മുഴുവന്‍ ഗ്രസിച്ച രണ്ടാം ലോകമഹായുദ്ധത്തിനെക്കുറിച്ചുള്ള അവസാനഭാഗമാണിത്. ഈ യുദ്ധത്തെക്കുറിച്ചുള്ള ആദ്യഭാഗവിവരണങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കിയാല്‍ വായിക്കാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 6


ജപ്പാനിലെ അണുബോംബ് വര്‍ഷം

1945 ജൂലൈ 16നു മെക്സിക്കോയിലെ ഒരു മരുഭൂമിയില്‍ വച്ച് അമേരിക്ക വിജയകരമായി തങ്ങളുടെ ആദ്യത്തെ അണുപരീക്ഷണം നടത്തി. ചിന്തിക്കാവുന്നതിലും വലിയ നശീകരണശേഷിയാണതുകൊണ്ടുണ്ടാവുന്നതെന്ന്‍ മനസ്സിലാക്കിയ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിക്കാനായ് തങ്ങളുടെ നശീകരണശക്തി ജപ്പാനില്‍ പ്രയോഗിക്കുവാന്‍ തീരുമാനിച്ചു. ദുര്‍ബലമായ രീതിയില്‍ പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ജപ്പാനുമേല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്റെ നിര്‍ദ്ദേശപ്രകാരം 1945 ആഗസ്റ്റ് ആറിനു ശാന്തസമുദ്രത്തിലെ അമേരിക്കയുടെ നാവികബേസില്‍ നിന്നും ലിറ്റില്‍ ബോയ് എന്നു പേരിട്ട യുറേനിയം ആറ്റംബോംബുമായ് പറന്നുപൊങ്ങിയ എനോലഗെ എന്ന്‍ യുദ്ധവിമാനം ജപ്പാന്‍ നഗരമായ ഹിരോഷിമയുടെ മുകളില്‍ രാവിലെ 8.15 നു എത്തുകയും ആ ബോംബ് വര്‍ഷിച്ചുമടങ്ങുകയും ചെയ്തു. 11 കിലോമീറ്റര്‍ ചുറ്റളവില്‍ അതിഭീകരമായൊരഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശമാണ് അതു വരുത്തിവച്ചത്. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായി. പലരും നിന്ന നില്പ്പില്‍ ആവിയായി മാറിപ്പോയി. നഗരത്തില്‍ ഒഴുകിയിരുന്ന പുഴയും അരുവിയും തിളച്ചു മറിഞ്ഞു. അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം നഗരത്തെ മൂടി  തുടര്ന്ന്  നഗരത്തില്‍ കറുത്ത മഴ പെയ്തു. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു.

ഹിരോഷിമയും നാഗസാക്കിയും

കീഴടങ്ങുവാനുള്ള അമേരിക്കയുടെ ശാസനയെ ജപ്പാന്‍ വകവയ്ക്കാതെയായതൊടെ കൊല്ലുന്നതില്‍ ഹരം കയറിയ അമേരിക്ക ആഗസ്റ്റ് 9 നു നാഗസാക്കി നഗരത്തിലും ഫാറ്റ്മാന്‍ എന്നു പേരിട്ട പ്ലൂട്ടോണിയം ബോംബ് വര്‍ഷിച്ചു. ഹിരോഷിമയിലെന്നതുപോലെ സംഹാരതാണ്ഡവമാടിയ ആ അണുസ്ഫോടത്തിലും നിമിഷങ്ങള്‍ക്കുള്ളില്‍ മുക്കാല്‍‍ ലക്ഷത്തോളം മനുഷ്യരാണ് ചാമ്പലായി മാറിയത്. ഈ രണ്ടു ആക്രമണങ്ങളും കഴിഞ്ഞശേഷം ജപ്പാനിലെ ഓരോ നഗരത്തിലും ഇതാവര്‍ത്തിക്കുമെന്ന്‍ അമേരിക്ക ജപ്പാനു അന്ത്യശാസനം നല്‍കി. റഷ്യയും ജപ്പാനെതിരേ യുദ്ധപ്രഖ്യാപനവുമായ് വന്നതോടെ മറ്റൊരു ഗത്യന്തരവുമില്ലാതെ ജപ്പാന്‍ പരാജയം സമ്മതിച്ചതായി ഹിരോഹിതോ ചക്രവര്‍ത്തി പ്രഖ്യാപിക്കുകയും 1945 സെപ്തംബര്‍ 2 നു മിസ്സൌറി എന്ന യുദ്ധക്കപ്പലില്‍ വച്ച് ഔദ്യോഗികമായ് കീഴടങ്ങിയതായി ഒപ്പുവയ്ക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധമാരംഭിച്ച് കൃത്യം ആറുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആയിരുന്നു മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ചൊരിച്ചിലിനിടയാക്കിയ ആ മഹാ യുദ്ധത്തിനു അന്ത്യമുണ്ടായത്.



ജപ്പാന്റെ കീഴടങ്ങല്‍. 

യുദ്ധാനന്തരസംഭവങ്ങള്‍..

ജപ്പാന്റെ ഔദ്യോഗിക കീഴടങ്ങലോടേ വിരാമമായ യുദ്ധശേഷം ജപ്പാനിലെയും ജര്‍മ്മനിയിലേയും പല പട്ടാള മേധാവികളെയും രാഷ്ട്രീയ നേതാക്കളെയും പിടികൂടി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നാസി രാഷ്ട്രീയ നേതാക്കള്‍, പട്ടാള മേധാവികള്‍, ഡോക്ടര്‍മാര്‍, ജഡ്ജ്സ് എന്നിവരെയെല്ലാം വിചാരണ ചെയ്തു. ഈ വിചാരണക്കിടയില്‍ ഉരുത്തിരിഞ്ഞ പല തീരുമാനങ്ങളും പിന്നീട് സാര്‍വ്വദേശീയമായി  ലോകത്തിന്റെ പല ഇടങ്ങളിലും യുദ്ധ കുറ്റ വാളികളെ വിചാരണ ചെയ്യുമ്പോള്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ന്യൂറംബര്ഗ് കോഡ് എന്നാണ് വിളിക്കുന്നത്‌. ഇന്ന് ഒരു വിധപ്പെട്ട രാജ്യങ്ങള്‍ എല്ലാം ഈ കോഡ് ആണ് തങ്ങളുടെ റിസര്‍ച്ചുകള്‍ക്ക് മാനദണ്ഠമാക്കിയിട്ടുള്ളത്. വിചാരണകാലയളവില്‍ തന്നെ ചിലരെല്ലാം തടവില്‍ വച്ച് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരുടെ ശിക്ഷ ഏകദേശം ഒരുകൊല്ലത്തിനുള്ളില്‍ തന്നെ നടപ്പിലാക്കുകയുണ്ടായി.

കോന്‍സന്‍ട്രേഷന്‍ ക്യാമ്പിലെ വനിതാ ഗാര്‍ഡുകളെ പരസ്യമായി തൂക്കി കൊല്ലുന്നു

ടോക്യോ വിചാരണയില്‍ ജപ്പാന്റെ പ്രധാന മന്ത്രി ടോജോ അടക്കം ആറു പേര്‍ക്ക് വധ ശിക്ഷ വിധിച്ചു. ഇതിനെല്ലാം പുറമേ പല രാജ്യങ്ങളും അവരുടെതായ വിചാരണകള്‍ നടത്തുകയും ധാരാളം പേരെ വധിക്കുകയും ചെയ്തിട്ടുണ്ട്. ജൂത ക്യാമ്പുകളിലെ പിശാചിനികള്‍ ആയിരുന്ന സ്ത്രീ ഗാര്‍ഡുകളെ സോവിയറ്റ് യുനിയന്‍ പരസ്യമായി തൂക്കി കൊന്നത് എല്ലാം ഇതിനു ഉദാഹരണം ആണ്. ഇതിനു പുറമേ ഇസ്രയേല് അവരുടെ ചാരസംഘടനയായ മോസാദിനെ ഉപയോഗിച്ചു പല നാസികളെയും പിന്നീട് വേട്ടയാടി കൊന്നിട്ടുണ്ട്. എന്നാല് ഇതില് നിന്നെല്ലാം വ്യത്യസ്തനായി, കനത്ത പരാജയത്തിനു ശേഷവും കൂട്ടാളികള് എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടും ജപ്പാന്‍ ച്ക്രവര്‍ത്തിയായ ഹിരോഹിതോ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകോ ചെയ്തില്ല. ജപ്പന്‍ ജനതയുടെ ചക്രവര്‍ത്തിയോടുള്ള വൈകാരികബന്ധം മുന്‍ നിര്‍ത്തിയായിരുന്നിരിക്കണം അമേരിക്ക ഹിരോഹിതോയെ വെറുതേവിട്ടത്. ചിലപ്പൊള്‍ അനുദിനം വളര്‍ന്നു വന്നിരുന്ന സോവിയറ്റ് യുണിയനെ എതിരിടാനും കമ്മ്യൂണിസത്തെ തടുക്കാനും വേണ്ടി അമേരിക്ക സന്ധി ചെയ്തതുമായിരിക്കാം.

ഇന്ത്യയുടെ സ്വാതന്ത്ര്യം

രണ്ടാം ലോകമഹായുദ്ധം ഇന്ത്യയുടേയും ഭാഗദേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ബ്രിട്ടണൊപ്പം സഖ്യകക്ഷികളോടൊത്ത് ആഫ്രിക്കന്‍ മരുയുദ്ധത്തിലും മറ്റുമൊക്കെ ഇന്ത്യന്‍ സേനാവിഭാഗവും സ്തുത്യര്‍ഹമായ സേവനങ്ങളാണ് നടത്തിയിരുന്നത്. ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന റോമ്മലിനെ പരാജയപ്പെടുത്തിയതില്‍ മുഖ്യ ഘടകമായതും ബ്രിട്ടീഷുകാർ നയിച്ച ഇന്ത്യൻ സേന തന്നെ. ബ്രിട്ടീഷുകാർ യുദ്ധ ഫണ്ട് സംഘടിപ്പിച്ചത് ഇന്ത്യന് രാജാക്കന്മാരുടെ കൈയിൽ നിന്നായിരുന്നു. അവസാന പാദ യുദ്ധത്തിൽ ഇറ്റലിക്കു സർവ നാശം വരുത്തിയത് ഗൂർഖ രറെജിമെന്റ്റ് ആയിരുന്നു. ജപ്പാൻ മുന്നേറ്റം ആദ്യമായി തകർത്തു വിട്ടതും ഇന്ത്യൻ സേന ആണ്. ഇന്ത്യൻ സേനയുടെ വിശ്വസ്തതയിലും ധീരതയിലും ബ്രിട്ടീഷുകാർ തന്നെ അമ്പരന്നു പോയിട്ടുണ്ട്. ഇന്ത്യൻ പടയിൽ വിക്ടോറിയ ക്രോസ് നേടിയവർ നിരവധിയാണ്.

ഈ യുദ്ധ സമയത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഹിറ്റ്ലറെ നേരിൽ കണ്ടു സഹായം അഭ്യര്ത്ഥിച്ചു. ജപ്പാന്‍ സൈനികരുടെ സഹായത്തൊടൊപ്പം ഐ എന്‍ എ സംഘടിച്ചെങ്കിലും നേതാജി ഉദ്ദേശിച്ചപോലൊന്നുമായിരുന്നില്ല കാര്യങ്ങള്‍ നീങ്ങിയത്. ജാപ്പനീസ് സൈനികര്‍ക്കൊപ്പം നേതാജിയുടെ മോഹങ്ങള്‍ സഫലമായിരുന്നെങ്കില്‍ ഒരുവേള ഇന്ത്യയുടെ ഗതിതന്നെ മാറിപ്പോയേനേ.ക്രൂരമനസ്ക്കരായിരുന്ന ജപ്പാനെ എത്രമാത്രം വിശ്വാസത്തിലെടുക്കാമായിരുന്നുവെന്ന്‍ നേതാജി മനസ്സിലാക്കിയിരുന്നില്ല. യുദ്ധം കഴിഞ്ഞതൊടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി വര്‍ദ്ധികുകയും കോളനി രാഷ്ട്രങ്ങളെ നോക്ക്കിനടത്തുവാനുള്ള ത്രാണിയില്ലാത്തവിധം തകര്‍ന്നുപോയ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു. 1947 ആഗസ്റ്റ് പതിനാലാം തീയതി രാത്രി 12 മണിക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യാവകാശം ബ്രിട്ടണ്‍ അംഗീകരിച്ചു.


നേതാജിയുടെ ടീം

തെക്കേ അമേരിക്കന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും യുദ്ധത്തില്‍ കൂടുതലായും പങ്കെടുക്കാതെ ഒരു നിക്ഷപക്ഷനിലപാട് സ്വീകരിച്ചു. യൂറോപ്പില്‍ യുദ്ധം കൊടുമ്പിരമ്പിക്കൊണ്ടിരുന്നപ്പോള്‍ അതേ നിലപാട് സ്വീകരിച്ച ഒരു രാജ്യമായിരുന്നു സ്വിറ്റ്സര് ലാന്ഡ്. ജര്‍മ്മനിയുടെ ആദ്യകാല ആക്രമണങ്ങളില്‍ സ്വിറ്റ്സര്‍ലാന്‍ഡിന്റെ സമീപരാഷ്ട്രങ്ങളെല്ലാം കീഴടക്കിയെങ്കിലും താരതമ്യേന നല്ല ഒരു മീഡിയേറ്ററുടെ റോളെടുത്ത സ്വിറ്റ്സര്‍ലാന്‍ഡിനെ ജര്‍മ്മനി ആക്രമിക്കാതെ വിട്ടു. മാത്രമല്ല ആക്രമണം ശക്തമായ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള കുടിയേറ്റവും സ്വിറ്റ്സര്‍ ലാന്‍ഡിലേക്കായിരുന്നു. അവിടത്തെ പ്രസിദ്ധമായ ബാങ്കുകളിലേക്ക് വന്‍ തോതില്‍ നിക്ഷേപമൊഴുകി. ജൂതവേട്ട നടക്കുമ്പോള്‍ പലരും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ആ ബാങ്കുകളില്‍ നിക്ഷേപിച്ചു. യുദ്ധാനന്തരം അത് തിരിച്ചെടുക്കുവാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

യുറോപ്പിലെ മറ്റു രാജ്യങ്ങളായ പോര്‍ച്ചുഗലും സ്വീഡനും സ്പെയിനും ന്യൂട്രലായി നിന്നെങ്കിലും യുദ്ധത്തിന്റെ കെടുതികള് ആവോളം അനുഭവിച്ചു. പക്ഷെ സ്വിസ്സിനു അതുണ്ടായില്ല മറിച്ചു നേട്ടവും ഉണ്ടായി എന്നതാണ് വസ്തുത. സ്പയിന് അവരുടെ നാട്ടില് നടന്ന അഭ്യന്തര കലഹം കൊണ്ട് തന്നെ തകര്ന്നു അടിഞ്ഞിരുന്നു. മറ്റു രാജ്യങ്ങള്ക്ക്  ഉണ്ടായ ദുരിതവും കഷ്ട്ടതകളും നോക്കുമ്പോള് ഈ രാജ്യങ്ങള്ക്ക്  ഉണ്ടായ നാശം തുലോം തുച്ഛം ആണ്. രണ്ടാം ലോക മഹായുദ്ധം കൊണ്ട് സമ്പന്നമായ ഒരു തുറുമുഖമാണ് ന്യുസിലണ്ടിലെ ലിറ്റിൽടണ്. യുദ്ധസമയത്ത് ലോകത്തിലെ നാനാ ഭാഗത്തേക്ക് തീവില വാങ്ങി പാലുൽപ്പന്നങ്ങളും, ഇറച്ചിയും മറ്റും ഇവർ കയറ്റി അയച്ചു. അന്നും ഇന്നും ഈ രാജ്യതിന്റ്റെ പ്രധാന വ്യാവസായിക മേഖല മാംസവും, പാലും ആണ്.

രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തില്‍ ശത്രുസേനയിലായിരുന്നെങ്കിലും സഖ്യകക്ഷികള്‍ പോലും അമ്പരപ്പോടെയും അതിശയത്തോടെയും കണ്ടിരുന്ന ഒന്നുരണ്ട് വ്യക്തിത്വങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന ഇര്‍വ്വിന്‍ റോമ്മല്‍. ശത്രുക്കളുടെ പോലും ബഹുമാനം പലപ്പോഴും വാങ്ങിയിരുന്ന റോമ്മല്‍ യുദ്ധത്തില്‍ പിടിക്കപെടുന്ന സൈനീകരെ കൊല്ലണമെന്ന ഹിറ്റ്ലറുടെ നയത്തിന് എക്കാലവും എതിരായിരുന്നു. ആഫ്രിക്കയിൽ അദ്ദേഹത്തിന്റെ വിജയം അദേഹത്തെ ഒരു ദേശിയ ഹീറോ ആക്കിയിരുന്നു. ഹിറ്റലറിന്റെ വലം കയ്യായിരുന്ന ഈ ഓഫീസറെ ഹിറ്റലര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഹിറ്റലര്‍ തന്നെ കൊലപ്പെടുത്തി. സ്വയം മരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ വീട്ടുകാരെ മുഴുവന്‍ നശിപ്പിക്കുമെന്ന ഭീഷണിക്ക് വഴങ്ങി റോമ്മല്‍ ആത്മഹത്യചെയ്യുകയാനുണ്ടായത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചില്‍ പോലും റോമ്മലിനെ ക്കുറിച്ച് "ധീരനും സമര്ത്ഥനുമായ ഒരു പ്രതിയോഗി ആണ് നമുക്ക് എതിരെ ഉള്ളത്. യുദ്ധത്തിന്റെ നാശത്തിനിടയ്ക്കും ഞാൻ പറയട്ടെ,ഒരു മഹാ സേനാനിയായിരുന്നു" എന്നാണു പറഞ്ഞത്. നെപ്പോളിയനു ശേഷം ബ്രിട്ടീഷ് സേനയുടെ ബഹുമാനം പിടിച്ചുപറ്റിയ ആളായിരുന്നു റോമ്മെല്‍.
റോമ്മെലും കുടുംബവും

യുദ്ധകാലഘട്ടത്തിലെ കണ്ടുപിടുത്തങ്ങള്‍

രണ്ടാം ലോക മഹായുദ്ധം അതിക്രൂരമായ ഒന്നായിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് ശാസ്ത്ര ഗവേഷണത്തിന് നല്കിയ സംഭാവനകളെ കാണാതിരിക്കാൻ ആവില്ല. രാജ്യങ്ങൾ ശത്രുക്കളെ കവച്ചു വെക്കാൻ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക് -അതായത് സൈനിക ഗവേഷണങ്ങള്ക്ക്- മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു . എല്ലാ സൈനിക ഗവേഷങ്ങളെയും പോലെ ഇവയും അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. രണ്ടാം ലോക യുദ്ധം നടന്നിരുന്നില്ല എങ്കിൽ വ്യോമയാന രംഗത്ത് ഇന്നുള്ള രീതിയിലെ സാങ്കേതിക കൈവരിക്കാൻ ഒന്നോ രണ്ടോ ദശകം കൂടി കൂടുതൽ വേണ്ടി വന്നേനെ.

റോക്കെറ്റ്‌ അഥവാ മിസൈല്‍ ആദ്യമായി നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും നാസികളായിരുന്നു. ഫ്രാന്‍സില്‍ നിന്നും ലണ്ടന്‍ നഗരത്തിലേക്ക് ഏതാണ്ട് അയ്യായിരം റോക്കെറ്റുകളെങ്കിലും ജര്‍മ്മനി അയച്ചിരുന്നു. ഈ പുതിയ ആയുധം അന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. ഇന്ന്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടേ കൈകളിലും അതീവപ്രഹരമാരകശേഷിയുള്ള മിസൈലുകളുടെ കൂമ്പാരങ്ങള്‍ ഉണ്ട്.
ജര്‍മ്മനിയാണ് ആദ്യമായി ജെറ്റ് എഞ്ചിന് നിര്‍മ്മിക്കുന്നത്. ജെറ്റ് എഞ്ചിന് ഉപയോഗിച്ചു പറന്നിരുന്ന ജര്‍മ്മന്‍ വിമാനങ്ങള്‍ യുദ്ധ വിജയികളായ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നിരന്തര പഠനത്തിന് വിധേയമാക്കപ്പെടുകയും ഈ രാജ്യങ്ങളിലെ വ്യോമയാന മേഖലക്ക് അടിസ്ഥാനമായി മാറുകയും ചെയ്തു. അതുപോലെ തന്നെ ജീപ്പ് എന്ന വാഹനം യുദ്ധ ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണ്.  ജർമ്മനിക്കെതിരെ യുദ്ധത്തിൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാമായിരുന്ന ഈ വാഹനമാണ് ഇന്നും ലോകത്തെ ഏറ്റവും മികച്ച ഓഫ്റോഡ് വാഹന ഡിസൈൻ.


രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടുപിടിച്ച മറ്റൊരു മാരകായുധമായിരുന്നു എ കെ 47 എന്ന യന്ത്രത്തോക്ക്. സോവിയറ്റ് യൂണിയന് വേണ്ടി നാസിക്കെതിരെ പടനയിച്ച മിഖായേൽ കലോനിഷ്കോവ് എന്ന കമാണ്ടര്‍ കണ്ടുപിടിച്ചതാണ് അഖട്ടോമാറ്റിക് (ഒട്ടോമാടിക്) കലോഷ്നിക്കൊവ് എന്ന എക് 47 തോക്ക്. ഇന്ന്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളുടേയും തീവ്രവാദികളുടേയുമെല്ലാം ഏറ്റവും പ്രീയപ്പെട്ട ആയുധവും ഇതുതന്നെ. റഡാറുകളുപയോഗിച്ചുള്ള നിരീക്ഷണവും ശത്രുവിമാനങ്ങളുടെ കണ്ടുപിടിത്തവും ഒക്കെ ഈ ലോകമഹായുദ്ധത്തിന്റെ സംഭാവനകളായിരുന്നു. ലോകം ഇന്ന്‍ അങ്ങേയറ്റം ഭയപ്പാടോടെ കാണുന്ന അണുബോംബുകളും ഈ യുദ്ധത്തിന്റെ സന്തതികള്‍ തന്നെയായിരുന്നു. ഇനി ഒരു ലോകയുദ്ധം സംഭവിക്കുകയാണെങ്കില്‍ ലോകം ഒരു അണുയുദ്ധമായിരിക്കും നേരിടുക. അത് ഈ ഭൂമിയുടെ സര്‍വ്വനാശത്തിന്റെ കാരണവുമായിത്തീരും..

ഐക്യരാഷ്ട്രസഭയുടെ രൂപീകരണം

ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന്‍ രൂപവത്ക്കരിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ് പരാജയമാവുകയും രണ്ടാമത് വീണ്ടുമൊരു മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ ഇനിയൊരു യുദ്ധമൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനായ് ലോകരാജ്യങ്ങള്‍ ശ്രമിക്കുകയും അതിനായ് ഒരു ശക്തമായ സംഘടന ഉണ്ടാക്കണമെന്ന്‍ ആഗ്രഹിക്കുകയും ചെയ്തതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് ഐക്യരാഷ്ട്രസഭ. 1945 ഒക്ടോബർ 24നാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നത്. എല്ലാ വർഷവും ഒക്ടോബർ 24-ന് യു എൻ ദിനമായി ആചരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം.

ഇരുഭാഗത്തും യാതൊരുവിധ ശത്രുതയുമില്ലാത്ത ദശലക്ഷങ്ങള്‍ മരിച്ചുവീഴുന്ന മഹാഭീകരതയാണ് ഓരോ യുദ്ധവും. യുദ്ധം സമ്മാനിക്കുന്നതെപ്പോഴും ദുരിതവും തീരാത്ത കണ്ണീര്‍കാഴ്ചകളും സങ്കടങ്ങളും ഇല്ലായ്മകളും മാത്രമാണ്. പലപ്പോഴും പരസ്പ്പരം പോരടിക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന ഒരാളുപോലും തിരിച്ചറിയുന്നുണ്ടാവില്ല തങ്ങളെന്തിനുവേണ്ടിയാണു ചാകുന്നതെന്നും കൊല്ലുന്നതെന്നും. ആര്‍ത്തിയുടേയും ദുരയുടേയും പകയുടേയും ഇരകളാകുവാന്‍ എക്കാലവും വിധിക്കപ്പെടുന്നത് അതാത് രാജ്യങ്ങളിലെ നിസ്സഹായരായ ജനങ്ങള്‍ മാത്രമായിരിക്കും. കുഞ്ഞുങ്ങളും സ്ത്രീകളും സാധാരണക്കാരായ ജനങ്ങളും ഒക്കെ അനുഭവിക്കുന്ന സങ്കടങ്ങളും ദുരിതങ്ങളും ദുരമൂത്ത് യുദ്ധവെറിപൂണ്ട ഓരോ ഭരണാധികാരിയുടേയും കണ്ണ്‍ തുറപ്പിക്കേണതാണ്. പ്രീയപ്പെട്ടവര്‍ ചിന്നഭിന്നമായിക്കിടക്കുന്നതുകണ്ടലമുറയിടുന്നവരുടെ ദയനീയത മനസ്സിലാക്കേണ്ടതാണ്. യുദ്ധങ്ങള്‍ എന്നത് വെറുപ്പിന്റെ സന്തതികള്‍ മാത്രമാണ്. അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ട ഒന്ന്‍. നമ്മുടെ മുന്നില്‍ പൊട്ടിക്കരച്ചിലുകളുടേയും തകര്‍ച്ചകളുടേയും വേദനയുടേയും ശബ്ദങ്ങള്‍ നിറയാതെ പ്രതീക്ഷാനിര്‍ഭരമായി ലോകത്തിന്റെ വെളിച്ചത്തെ മാത്രം നോക്കിക്കാണുന്ന കണ്ണുകളുടേതാവട്ടെ നാളത്തെ പുലരികള്‍. തുലയട്ടെ യുദ്ധങ്ങളും യുദ്ധവെറിപൂണ്ട ഭരണാധികാരികളും...


ലോകത്തെ മുഴുവന്‍ ഗ്രസിച്ച ഈ മഹായുദ്ധത്തെക്കുറിച്ചുള്ള ചെറുവിവരണം ഇവിടെ പൂര്‍ത്തിയാകുന്നു. ഇങ്ങിനെയൊന്ന്‍ കുറിച്ചിടുവാന്‍ പ്രചോദനമായ പാലാരിവട്ടം ശശിക്കും സച്ചിന്‍ കെ എസിനും പിന്നെ ഈ കുറിപ്പുകള്‍ വായിക്കുവാന്‍ തല്‍പ്പരരായ എല്ലാവര്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹപൂര്‍വ്വം

ശ്രീക്കുട്ടന്‍