Sunday, July 12, 2015

എന്റെ മഞ്ചാടിക്കുരുക്കള്‍

ജീവിതത്തിന്റെ ഏറ്റവും മധുരമൂറുന്ന കാലഘട്ടങ്ങളിലൊന്നായ കോളേജു കാലഘട്ടം. പ്രസിദ്ധമായ ശിവഗിരിക്കുന്നുകളില്‍ സ്ഥിതിചെയ്യുന്ന ശ്രീനാരായണ കോളേജിലായിരുന്നു പ്രീഡിഗ്രിക്ക് ഞാന്‍ ചേര്‍ന്നത്. തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ വളരെ നല്ല സ്ഥലസൌകര്യങ്ങളോടു കൂടി സ്ഥിതി ചെയ്യുന്ന കോളേജാണിത്. 1993-95 കാലഘട്ടം. ആറ്റിങ്ങള്‍ ഗവണ്മെന്റ് കോളേജ് ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ ഞാന്‍ ശിവഗിരിക്കോളേജിലാണ് ചേര്‍ന്നത്. കോളേജില്‍ ജോയിന്‍ ചെയ്ത ആദ്യ ദിവസം ഇന്നും മിഴിവാര്‍ന്ന്‍ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. രാവിലെ കൃത്യസമയത്ത് തന്നെ കോളേജിലെത്തി. അന്നേവരെ പരിചയിച്ച സ്കൂളിന്റേതായ ഒരു അന്തരീക്ഷത്തില്‍ നിന്നും തികച്ചും വിഭിന്നമായ മറ്റൊരന്തരീക്ഷമാണ് കോളേജുകളിലുള്ളതെന്ന ഒരു ധാരണ മനസിലുണ്ടായിരുന്നു. എന്റെ ഗ്രാമത്തില്‍ തന്നെയുള്ള എന്നെക്കാളും ഒരു കൊല്ലം സീനിയറായ ശ്രീമാന്‍ സജീവ് കോളേജിനെ കുറിച്ചും അവിടത്തെ ദിനചര്യകളെക്കുറിച്ചുമെല്ലാം അതിഗംഭീരന്‍ ദൃക്സാക്ഷി വിവരണങ്ങള്‍ നല്‍കുന്നത് ഞാനുള്‍പ്പെടെ നല്ലൊരു കൂട്ടം ശ്രോതാക്കള്‍ തോടിനുകുറുകേയുള്ള സിമന്റ് സ്ലാബിലിരുന്ന്‍ എത്രയോ ആവര്‍ത്തി സാകൂതം കേട്ടിരിക്കുന്നു. പലതും പട്ടാളക്കാരുടെ വീരയുദ്ധവിവരണങ്ങള്‍ പോലെ വന്‍ ബഡായികള്‍ ആണെന്നുള്ളത് പിന്നെ കാലം ബോധ്യപ്പെടുത്തിത്തന്നു എന്നത് വേറൊരുകാര്യം. അതൊക്കെ പോട്ടേ നമുക്ക് കാര്യത്തിലേയ്ക്ക് വരാം.

ആറ്റിങ്ങള്‍ കൊല്ലമ്പുഴ മണനാക്ക് കവലയൂര്‍ വഴി കോളേജിന്റെ മുന്നിലൂടെ പോകുന്ന ഹിഷാം ബസ്സിലാണ് കോളേജിന്റെ പടിവാതിക്കല്‍ ആദ്യമിറങ്ങിയത്. ഈ ഭാഗങ്ങളിലൊക്കെയുള്ള എല്ലാ സ്റ്റുഡന്റ്സും അതില്‍ തന്നെയാണ് കോളേജില്‍ പോകുന്നത്. കോളേജിനുമുന്നിലിറങ്ങുമ്പോള്‍ ആവിയില്‍ പകുതി പുഴുങ്ങിയെടുത്ത ഏത്തപ്പഴം പോലെയാകും എന്നത് മറ്റൊരു കാര്യം. അത്ര തിരക്കാണ് ബസ്സില്‍. ഹിഷാമിലെ കണ്ടക്ടര്‍ ഒരു സംഭവമാണ്. പുള്ളിക്കാരന്റെ മൂക്ക് ഒരല്‍പ്പം ചരിഞ്ഞാനിരിക്കുന്നത്. അതുകൊണ്ട് തന്നെ സീനിയര്‍ പിള്ളാര്‍ ആശാനു ഒരു ഔദ്യോഗിക വട്ടപ്പേരങ്ങ് പതിച്ചു നല്‍കി."ചാപ്പാണി". തിരക്കു പിടിച്ച ബസ്സില്‍ ആരെങ്കിലും ആള്‍ക്കൂട്ടത്തില്‍ തല പൂഴ്ത്തി ചാപ്പാണിയെന്നൊന്നു നീട്ടിവിളിയ്ക്കും. പിന്നെ പറയണ്ട. കണ്ടക്ടര്‍ അണ്ണന്‍ നല്ല ഏ സര്‍ട്ടിഫിക്കറ്റ് സുഭാഷിതം അങ്ങാരംഭിക്കും. ആണും പെണ്ണും നില്‍ക്കുന്നെന്നൊന്നും ആശാന്‍ നോക്കില്ല. ഈ പൊത്തബസ്സില്‍ പോകുന്നതിനേക്കാളും നടന്നുപോകുന്നതാണ് നല്ലതെന്ന്‍ രണ്ട് സഹൃദയര്‍ അല്‍പ്പം ഉച്ചത്തില്‍ ആത്മഗതം ചെയ്തതിനു അവന്മാരെ നിര്‍ബന്ധിച്ച് ബസ്സില്‍ നിന്നും ഇറക്കിവിട്ട പാരമ്പര്യവും അങ്ങേര്‍ക്കുണ്ട്. അയാളുടെ വീരവാദങ്ങള്‍ പറഞ്ഞോണ്ടിരുന്നാല്‍ നമ്മള്‍ വിഷയത്തില്‍ നിന്നുമകന്നുപോകും. നമുക്ക് നമ്മുടെ ട്രാക്കിലേയ്ക്ക് വരാം.


എന്റര്‍ ദ റെഡ്ഫോര്‍ട്ട് ഓഫ് എസ് എഫ് ഐ എന്ന്‍ വലിയ അക്ഷരത്തില്‍ ഗേറ്റിനുമുകളിലായി വലിച്ചുകെട്ടിയ ബാനറിനുമുന്നില്‍ ഒരു നിമിഷം ഞാന്‍ നിന്നു. കോളേജ് ഭരിക്കുന്നത് കാലങ്ങളായി എസ് എഫ് ഐ ആണെന്ന സത്യം മുമ്പ് സജീവിന്റെ വിവരണങ്ങളില്‍ നിന്നും കിട്ടിയത് മനസ്സിലുണ്ടായിരുന്നു. മിടിക്കുന്ന ഹൃദയത്തൊടെ ഞാന്‍ വലതുകാല്‍ വച്ച് കാമ്പസ്സിനകത്തേയ്ക്ക് കയറി. ഗേറ്റ്  കടന്നാല്‍ വലതുവശത്തായി ഒരു പ്ലാവ് മുത്തശ്ശി തണല്‍ വിരിച്ച് നില്‍പ്പുണ്ട്. ഇടതുവശത്തായി ഉള്ളവഴി കാന്റീനിലേക്ക് കൂടി ഉപയോഗിക്കാം. പലപല വര്‍ണ്ണങ്ങളില്‍ ഡ്രസ്സുകള്‍ അണിഞ്ഞ് മെല്ലെ ഒഴുകുന്ന ലലനാമണികള്‍ക്കും പൊടിമീശക്കാര്‍ക്കുമൊപ്പം ഞാനും അത്ഭുതപരതന്ത്രനെപ്പോലെ മെല്ലെ നടന്നു. കരിങ്കല്‍ കെട്ടി പാര്‍ക്ക് പോലെ തിരിച്ചിരിക്കുന്നയിടത്ത് പല അണ്ണന്മാരും നിരന്നിരിപ്പുണ്ട്. പലരും നവാഗത സുന്ദരിമാരെ എക്സ്റേ സ്കാനിംഗ് നടത്തിക്കൊണ്ടിരിപ്പാണ്. പെട്ടന്ന്‍ കരിങ്കല്‍ക്കെട്ടിലിരുന്ന ഒരു സീനിയര്‍ അണ്ണന്‍ കുതിച്ചെഴുന്നേറ്റ് വരുന്നതുകണ്ട് ഞാന്‍ തറഞ്ഞു നിന്നു. എന്റെ ഒരു അഞ്ചാറുവാര മുന്നിലായ് പെട്ടന്ന്‍ ഒരു ദ്വന്ദയുദ്ധമാരംഭിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്ന്‍ കാണുന്ന ഫസ്റ്റ് ലൈവ് അടി. വിറച്ചുതുള്ളിക്കൊണ്ടാണ് ക്ലാസ്സില്‍ ചെന്നിരുന്നത്. ക്ലാസ്സ് തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്നെ സീനിയര്‍ അണ്ണന്മാര്‍ ക്ലാസ്സിലേക്ക് വന്നു. പിന്നെ പരിചയപ്പെടല്‍. അതൊക്കെ കഴിഞ്ഞു ക്ലാസ്സു വിട്ടു. സമരമോ മറ്റോ ആണ്.
ക്ലാസ്സില്‍ നിന്നും ഇറങ്ങി പുറത്തേയ്ക്ക് നടക്കവേ വീണ്ടും രണ്ടിടത്ത് കൂടി അടി നടക്കുന്നത് കാണാനിടയായി. എങ്ങിനെയെങ്കിലും വീടെത്തിയാല്‍ മതിയെന്നായി. ഗേറ്റു കടന്ന്‍ ബസ്റ്റോപ്പിനു മുന്നില്‍ നില്‍ക്കവേ ആകെ പരവേശനായിരുന്നു. ഈ സമയം ക്യാന്റീനു മുന്നില്‍ കൊടികെട്ടിക്കൊണ്ടു നിന്ന അണ്ണനെ അഞ്ചെട്ടു പയ്യന്മാര്‍ ചേര്‍ന്ന്‍ പൊതിരെ അടിക്കുന്നതു കണ്ടു. പിന്നെ ഒരുനിമിഷം കളഞ്ഞില്ല. ശരവേഗത്തില്‍ റോഡേ നടക്കാനാരംഭിച്ചു. പാലച്ചിറവന്ന്‍ ആദ്യം കിട്ടിയ ബസ്സില്‍ കയറി ആറ്റിങ്ങലില്‍ ഇറങ്ങി അവിടെ നിന്നും വീട്ടിലേയ്ക്ക്. പിന്നെ നേരേ കട്ടിലിലേയ്ക്ക്. ഒരു ചെറിയ തുള്ളല്‍പ്പനിയോട് കൂടി.

പകച്ചുപോയി എന്റെ ബാല്യം..

വാല്‍: നാലു ദിവസം കഴിഞ്ഞാണ് പിന്നെ കോളേജില്‍ പോയത്. മിക്ക ദിവസവും നല്ല അടിയും സമരവും ഒക്കെയുണ്ടാകും. എസ് എഫ് ഐ സ്വാശ്രയകോളേജ്, വിസി പ്രശ്നം ഇതിലൊക്കെ വന്‍ സമരങ്ങളുമായി നടക്കുന്ന കാലമായിരുന്നു അത്. പിന്നെ പിന്നെ കോളേജില്‍ പോകുന്നതു തന്നെ അടി ഇന്നൊരു കലക്കന്‍ അടി കാണിച്ചുതരണേ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു. കോളേജ് ഇലക്ഷന്‍ നടന്ന്‍ റിസള്‍ട്ട് പ്രഖ്യാപിച്ച സമയം കോളേജ്ജിനകത്ത് വന്‍ യുദ്ധമായിരുന്നു. ബോംബേറുവരെ നടന്നു. പ്രിന്‍സിപ്പാളിന്റെ മുറിയൊക്കെ തല്ലിത്തകര്‍ത്തു. നിരവധി ഫര്‍ണിച്ചറുകള്‍ അകാലചരമമടഞ്ഞു. നിരവധി പേര്‍ക്ക് കാര്യമായ പരിക്കുകളും പറ്റി. കോളേജ് ഒരുമാസത്തില്‍ കൂടുതല്‍ പൂട്ടിയിട്ടു. അന്ന്‍ പോലീസിന്റെ കയ്യില്‍ നിന്നും തല്ലുകിട്ടാതെ രക്ഷപ്പെട്ടത് പൂര്‍വ്വജന്മസുകൃതം എന്നു മാത്രമേ പറയാനാവൂ. കോളേജിനടുത്തുതന്നെയുള്ള ശിവഗിരി മഠത്തില്‍ വച്ച് മിക്കവാറും ദിവസങ്ങളില്‍ വിവാഹങ്ങള്‍ നടക്കാറുണ്ട്. മൂന്നോ നാലോ കല്യാണസദ്യാലയങ്ങളും ഉണ്ടവിടെ. വര്‍ക്കല കോളേജില്‍ പഠിച്ച രണ്ടുകൊല്ലക്കാലത്തിനിടയില്‍ ശിവഗിരിയില്‍ വച്ചുനടന്ന പേരും ഊരുമൊന്നുമറിയാത്ത എത്രയെങ്കിലും സഹോദരിമാരുടെ വിവാഹമംഗളകര്‍മ്മത്തില്‍ പങ്കുകൊണ്ട് സദ്യയുണ്ണുവാന്‍ കഴിഞ്ഞു എന്നത് ഇത്തരുണത്തില്‍ ചാരിതാര്‍ത്ഥ്യത്തൊടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. കോളേജില്‍ പഠിക്കുന്ന ധാരാളം സഹോദരന്മാര്‍ സദ്യയുണ്ണുവാന്‍ കാണുമെന്നും അതുകൊണ്ട് ഒരു പത്തിരുന്നൂറുപേര്‍ക്കുള്ള സദ്യ അധികമായി കരുതണമെന്നും പെണ്ണുവീട്ടുകാരോട് ഉണര്‍ത്തിക്കുന്ന ദീര്‍ഘദര്‍ശികളായ സദ്യാലയം നടത്തിപ്പുകാരെ വിസ്മരിക്കുന്നതെങ്ങിനെ.

കോളേജ് കാലഘട്ടം എത്ര മധുരതരമായിരുന്നു. സമരം, അടിപിടി, സുന്ദരിമാര്‍, കല്യാണസദ്യ, സിനിമകാണല്‍, മരം ചുറ്റിപ്രേമം, ക്ലാസ്സ് കട്ടു ചെയ്ത് സിനിമകാണല്‍...

പത്തുകൊല്ലം കഴിഞ്ഞ് ഞാന്‍ എഴുതുവാനിരിക്കുന്ന "എന്റെ മഞ്ചാടിക്കുരുക്കള്‍" എന്ന ആത്മകഥയിലെ പേജ് നമ്പര്‍ 23 ല്‍ നിന്നും ഒരു ഭാഗം.



ഇനി ഈ ഞാന്‍ ആരെന്നത്??

ഈ ലോകജീവിതത്തിന്റെ സമസ്തസുഖസങ്കടങ്ങളുമനുഭവിക്കുവാന്‍ വേണ്ടി തൊള്ളായിരത്തിയെഴുപത്തിയെട്ട് മെയ് മാസം മുപ്പതാം തീയതി ഭൂജാതനായ ഒരു നിസ്സാരന്‍.തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങള്‍ പട്ടണത്തില്‍ നിന്നും ഒരു നാലുകിലോമീറ്റര്‍ പടിഞ്ഞാറുമാറി ഏലാപ്പുറം എന്ന ശാന്തസുന്ദരമായ കൊച്ഛുഗ്രാമത്തിലായിരുന്നു ഈ തിരുവവതാരം. കുറച്ച് വൃത്തികെട്ട ഈഗോ ഭരിക്കുന്ന, പാരമ്പര്യവാദങ്ങളെ പുച്ഛത്തോടെ നോക്കിക്കാണുന്ന, അന്ധവിശ്വാസിയല്ലാത്ത വിശ്വാസിയായ, പലരും അഹങ്കാരി എന്നു ധരിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥജീവിതത്തില്‍ പഞ്ചപാവമായ ഒരു ലോലഹൃദയന്‍. ഇഷ്ടമില്ലാതിരുന്നിട്ടും കഴിഞ്ഞ പത്തുവര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നു. ദുബായില്‍ ആണ് കുറ്റിയടിച്ചിരിക്കുന്നത്. ഒരു കമ്പനിയില്‍ എച്ച് ആര്‍ സെക്ഷനില്‍ കുത്തിമറിയുന്നു. പാട്ടും പുസ്തകങ്ങളും വളരെ പ്രീയങ്കരമാണ്. അല്‍പ്പം ചില എഴുത്തുകുത്തുകള്‍ ഒക്കെയുണ്ട്. ഹരീന്ദ്രം എന്ന പേരില്‍ ഒരു ബ്ലോഗുമെഴുതുന്നുണ്ട്. പിന്നെ ജീവിതത്തിന്റെ സുഖദുഃഖങ്ങളില്‍ പങ്കാളിയാകുവാനും ഒപ്പം ചേര്‍ത്തു നടത്തുവാനുമായി‍ ഏഴുവര്‍ഷം മുന്നേ ഒരു സുന്ദരിയെ ജീവിതത്തിനോട് ചേര്‍ത്തുപിടിച്ചു. ഇടയ്ക്ക് ചിലപ്പോള്‍ മേഘാവൃതമായി മൂടിക്കെട്ടിയും ഇടയ്ക്ക് പെയ്തൊഴിഞ്ഞു തെളിഞ്ഞും ഏഴുവര്‍ഷമായി ഒഴുകുന്ന ദാമ്പത്യവല്ലരിയില്‍ നാലുകൊല്ലം മുന്നേ ഒരു മകന്‍ കൂട്ടായെത്തി. സമസ്തജീവിതദുഃഖങ്ങളില്‍ നിന്നും എന്നെ ത്രാണനം ചെയ്ത് സംരക്ഷിക്കുവാനായി  എന്റെ ജീവനില്‍ നിന്നും ഞാനുരുവാക്കിയ ശ്രീഹരി.

ശ്രീക്കുട്ടന്‍

Thursday, May 7, 2015

വിരലടയാളമെന്ന അത്ഭുതം

വിരലടയാളങ്ങള്‍

കോടാനുകോടി ആളുകള്‍ക്കിടയില്‍നിന്നു ഒരാളെ തിരിച്ചറിയുവാനായി പ്രകൃതിതന്നെ അവന്റെ വിരല്‍ത്തുമ്പുകളില്‍ ഒരുക്കിവച്ച വിസ്മയമാണ് വിരലടയാളങ്ങള്‍. തൊടുന്നിടത്തെല്ലാം അവന്‍പോലുമറിയാതെ പതിഞ്ഞുവീഴുന്ന അത്ഭുതമുദ്ര. എത്രതന്നെ മാറ്റിമറിക്കാന്‍ ശ്രമിച്ചാലും മാറ്റമേതുമില്ലാതെ തുടരുന്ന ഒന്നുകൂടിയാണിത്. ഈ ഭൂമിയിലുള്ള സകലമനുഷ്യരുടേയും വിരലടയാളങ്ങള്‍ അതിശയകരമാംവണ്ണം വ്യത്യസ്തങ്ങളാണ്. അതുകൊണ്ടുതന്നെ വിരലടയാളംവച്ച് മില്യണ്‍കണക്കിനു മനുഷ്യരുടെ ഇടയില്‍നിന്നുമൊരാളെ കണ്ടെത്തുകയെന്നത് ആയാസകരമായ വസ്തുതയേ ആകുന്നില്ല. മനുഷ്യന്റെ ഏറ്റവും വലിയ ഐഡന്റിറ്റി കൂടിയാണ് അവന്റെ വിരലടയാളങ്ങള്‍.

പ്രാചീനകാലംമുതല്‍തനെ മനുഷ്യന്‍ തങ്ങളുടെ കൈപ്പത്തിയും വിരലുകളുടെ അറ്റത്തുള്ള അടയാളങ്ങളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരുന്നു. പഴയകാലത്ത് ഹസ്തരേഖാശാസ്ത്രവും വിരല്‍ത്തുമ്പിലെ അടയാളങ്ങള്‍നോക്കി ഭൂതഭാവിപ്രവചനങ്ങളും മറ്റുമൊക്കെ നടത്തുന്നത് സാധാരണമായിരുന്നു. ആദിമമനുഷ്യര്‍ തങ്ങളുടെ വാസസ്ഥാനങ്ങളായ ഗുഹകളുടെ ഭിത്തികളിലും കളിമണ്‍ ഫലകങ്ങളിലുമൊക്കെ തങ്ങളുടെ കൈപ്പത്തി പതിപ്പിച്ചു അടയാളം സൂക്ഷിച്ചിരുന്നു. തങ്ങളുടെ അസ്തിത്വത്തിന്റെ അടയാളങ്ങളായി അവര്‍ കൈപ്പത്തിയടയാളങ്ങളേയും വിരല്‍പ്പാടുകളേയും കരുതിയിരിക്കണം. കാലംകടന്നുപോകവേ ഉറപ്പിന്റേയും വിശ്വാസ്യതയുടേയും അടയാളങ്ങളായി വിരല്‍പ്പാടുകള്‍ പ്രമാണങ്ങളിലും മുദ്രപത്രങ്ങളിലുമൊക്കെ ഉപയോഗിച്ചുതുടങ്ങി. ബാബിലോണിയന്‍ ജനതയാണ് ആദ്യമായി വിരലടയാളങ്ങള്‍ പതിപ്പിച്ചുതുടങ്ങിയത്. കുറ്റപത്രങ്ങളില്‍ കുറ്റവാളികളുടെ വിരല്‍പ്പാട് പതിക്കുകയെന്നത് പുരാതന ഈജിപ്തിലെ കീഴ്വഴക്കമായിരുന്നു. ചൈനയില്‍ ടാംഗ് വംശജരുടെ കാലത്തു വിരലടയാളങ്ങള്‍ ശേഖരിച്ചിരുന്നതായി പറയപ്പെടുന്നു. ഒരുകാര്യമുറപ്പായിരുന്നു. ആദിമമനുഷ്യര്‍ തങ്ങളുടെ വിരല്‍ത്തുമ്പുകളിലുറങ്ങുന്ന അത്ഭുതത്തെ തിരിച്ചറിഞ്ഞിരുന്നവരായിരുന്നു.

പതിനേഴാംനൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും വിരലടയാളങ്ങളെകുറിച്ച് ഗൌരവതരമായ പഠനങ്ങളാരംഭിച്ചുതുടങ്ങിയിരുന്നു. മാര്‍ക് ട്വൈന്‍ തന്റെ ഒരുനോവലില്‍ കഥാനായകന്‍ തന്റെ ഭാര്യയുടെ കൊലപാതകിയെ കണ്ടെത്തിയത് വിരലടയാളം നോക്കിയാണെന്നും മനുഷ്യരില്‍ ഒരിക്കലും മാറ്റമില്ലാത്ത ഒന്നാണതെന്നും ഒരാളിന്റെതില്‍നിന്നുംവ്യത്യസ്തമായിരിക്കും മറ്റൊരാളിന്റെ വിരല്‍പ്പാടും എന്നുമെഴുതിവച്ചു. അതുപോലെതന്നെ ഷെര്‍ലക്ഹോംസ്കഥകളില്‍ വിരലടയാളത്തിലൂടെ കുറ്റവാളിയെ തിരിച്ചറിയാമെന്ന്‍ ഹോംസിനെക്കൊണ്ട് കോനന്‍ ഡോയലും പ്രവചിച്ചു. എന്നിട്ടും ഒരുപാടുകാലം കഴിഞ്ഞാണ് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന ആ മഹാത്ഭുതം പൂര്‍ണ്ണാര്‍ത്ഥത്തില്‍ വികാസം പ്രാപിച്ചത്.

വിരലടയാളങ്ങളില്‍നിന്നു അതിന്റെ ഉടമയെ കണ്ടെത്താമെന്ന്‍ ആദ്യം കണ്ടെത്തിയത് ബ്രിട്ടീഷ്ഇന്ത്യയിലെ ബംഗാള്‍പ്രവിശ്യയിലെ സബ്കളക്ടറായി ജോലിനോക്കിയിരുന്ന വില്യം ഹെര്‍ഷല്‍ എന്ന യൂറോപ്യനായിരുന്നു. ഗ്രാമീണരുടെ വിരല്‍പ്പാടുകള്‍ മേശമേല്‍ പതിഞ്ഞതു ശ്രദ്ധിച്ച് അതില്‍ ഹരംകയറിയ ഹെര്‍ഷല്‍ വിരല്‍പ്പാടുകളെകുറിച്ചുള്ള പഠനമാരംഭിച്ചു. ഗ്രാമീണരുടെ വിരലടയാളങ്ങള്‍ പതിപ്പിച്ചെടുത്ത് അവയെക്കുറിച്ച് പഠിച്ചപ്പോള്‍ ആ വിരലടയാളങ്ങള്‍ എല്ലാം തികച്ചും വ്യത്യസ്തമാണെന്ന്‍ ഹെര്‍ഷല്‍ കണ്ടെത്തി. അതോടെ ഹെര്‍ഷല്‍ തന്റെ കൂടുതല്‍ ശ്രദ്ധ വിരലടയാളങ്ങളെക്കുറിച്ചുള്ള പഠനത്തിനായി നീക്കിവച്ചു. വിരലടയാളങ്ങളില്‍നിന്നു കൃത്യമായി ആള്‍‍ക്കാരെ മനസ്സിലാക്കാമെന്നും അതുവഴി കുറ്റവാളികളെ കണ്ടെത്താമെന്നു മനസ്സിലാക്കിയ ഹെര്‍ഷല്‍ നാലഞ്ചുമാസം കഴിഞ്ഞ് അതിനെകുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി തന്റെ മേലധികാരിക്ക് സമര്‍പ്പിച്ചു. എന്നാല്‍ ആ പ്രബന്ധം ചവറ്റുകുട്ടയിലെറിയപ്പെട്ടു. തന്റെ മഹത്തായ കണ്ടുപിടുത്തം ലോകമറിയാതെ പോയതോടെ നിരാശനായ ഹെര്‍ഷല്‍ ജോലിരാജിവച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങി.

കുറച്ച് കാലങ്ങള്‍ക്കുശേഷം ഹെന്‍ട്രി ഫാള്‍ഡ് എന്ന ഒരു ഡോക്ടര്‍ വിരലടയാളങ്ങളെക്കുറിച്ച് ആകൃഷ്ടനായി അതിനെക്കുറിച്ചുള്ള പഠനമാരംഭിച്ചു. തന്റെ വീട്ടുജോലിക്കാരുടേയും അയല്‍‍ക്കാരുടേയും സുഹൃത്തുക്കളുടേയും ആശുപത്രിയില്‍വരുന്ന രോഗികളുടേയുമൊക്കെ വിരല്‍പ്പാടുകള്‍ ശേഖരിച്ച് അവ പഠനവിഷയമാക്കി. ആ വിരലടയാളങ്ങള്‍ വച്ച് ഒരിക്കല്‍ ഒരു മോഷ്ടാവിനെ ഫാള്‍ഡ് കുടുക്കുകയും ചെയ്തു. തുടര്‍പഠനങ്ങളില്‍നിന്നു അഴുക്കും മറ്റും പുരണ്ട വിരലുകളാല്‍മാത്രമല്ല കൈവിരല്‍ തൊടുന്നിടത്തെല്ലാം വിരലടയാളം പതിയുമെന്ന്‍ അയാള്‍ കണ്ടെത്തി. തന്റെ കണ്ടെത്തലുകള്‍ ഒരു ലേഖനമാക്കി ഫാള്‍ഡ് നേച്ചര്‍ മാസികയ്ക് അയച്ചുകൊടുക്കുകയും അവരത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലേഖനം കണ്ട ഹെര്‍ഷല്‍ താന്‍ ആദ്യംതന്നെ ഇതുകണ്ടെത്തിയതാണെന്നും അന്ന്‍ എഴുതിവച്ചിരുന്ന വിവരങ്ങളുടെ ഡീറ്റൈല്‍സും മറ്റും വച്ച് നേച്ചര്‍ മാസികയ്ക് മറ്റൊരു കത്തെഴുതി. അങ്ങിനെ വിരലടയാളങ്ങളുടേ കണ്ടുപിടുത്തത്തിന്റെ പേരില്‍ ഒരു വലിയ അവകാശത്തര്‍ക്കം ഉടലെടുത്തു.

ലണ്ടനില്‍ ഹെര്‍ഷലും ഫാള്‍ഡും തമ്മിലുള്ള അവകാശത്തര്‍ക്കം നടക്കുമ്പോള്‍ ഫ്രാന്‍സിക് ഗാള്‍ട്ടന്‍ എന്ന ജീവശാസ്ത്രജ്ഞന്‍ വിരലടയാളപഠനമാരംഭിച്ചിരുന്നു. ലക്ഷക്കണക്കിനു വിരലടയാളങ്ങളെ വര്‍ഗ്ഗീകരിച്ച് വേര്‍തിരിക്കുവാന്‍ എങ്ങിനെ കഴിയുമെന്നറിയാതെ അയാള്‍ കുഴങ്ങി. അതിനായി ഒരു വര്‍ഗ്ഗീകരണ ഫോര്‍മുല കണ്ടെത്താന്‍ ഗാള്‍ട്ടന്‍ കഠിന പരിശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ എല്ലാ വിരലടയാളങ്ങളും അടിസ്ഥാനപരമായി നാലു തരത്തിലുള്ളവയാണെന്നും ബാക്കിയൊക്കെ അവയുടെ ഉപവിഭാഗങ്ങളാണെന്നും ഗാള്‍ട്ടന്‍ തിരിച്ചറിഞ്ഞു. നാലു അടിസ്ഥാനമാതൃകകളെ അടിസ്ഥാനമാക്കി ഒരു ഫോര്‍മുല കണ്ടെത്താനുള്ള ശ്രമം ഗാള്‍ട്ടന്‍ തുടര്‍ന്നു. ഈ സമയം അര്‍ജന്റീനിയന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ യൂസെറ്റിച്ചിസ് എന്ന ഉദ്യോഗസ്ഥനും വിരലടയാളപഠനമാരംഭിച്ചിരുന്നു. താമസിയാതെ യൂസെറ്റിച്ചിസ് ഒരു ഗണിതസൂത്രം കണ്ടെത്തി. ഈ ഗണിതസൂത്രമുപയോഗിച്ച് ലക്ഷക്കണക്കിനു വിരലടയാളങ്ങളെ വര്‍ഗ്ഗീകരിച്ച് വേര്‍തിരിക്കാനാകുമായിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും വിരലടയാളമെടുത്ത് സൂക്ഷിക്കുകയും അതുവഴി കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടുന്നുകിട്ടുന്ന വിരലടയാളങ്ങളുപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താമെന്നുമുള്ള യുസെറ്റിച്ചിസിന്റെ അവകാശവാദം അംഗീകരിച്ച ഗവണ്മെന്റ് എല്ലാ ജനങ്ങളും തങ്ങളുടെ വിരലടയാളം നല്‍കണമെന്ന നിയമം കൊണ്ടുവന്നു. എന്നാല്‍ ഇതില്‍ സംശയാലുക്കളായ ജനങ്ങള്‍ കലാപം തുടങ്ങുകയും പ്രസ്തുതനിയമം ഗവണ്മെന്റിനു പിന്‍വലിക്കേണ്ടിവരുകയും ചെയ്തു. യൂസെറ്റിച്ചിസ് കണ്ടെത്തിയ വര്‍ഗ്ഗീകരണസൂത്രവും മറ്റും അര്‍ജന്റീനയുടെ നാലതിരുകള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ടു. പില്‍ക്കാലത്ത് താന്‍ കണ്ടെത്തിയ കണ്ടുപിടുത്തം മറ്റൊരാള്‍ കണ്ടെത്തി പ്രശത്സനാകുന്നത് വേദനയോടേ നോക്കിനില്‍ക്കാനേ യൂസെറ്റിച്ചിസിനു കഴിഞ്ഞുള്ളൂ.

വിരലടയാളവര്‍ഗ്ഗീകരണവും അതുപയോഗിച്ച് ആള്‍ക്കാരെ തിരിച്ചറിയുവാനുമൊക്കെയുള്ള ഫോര്‍മുല എഡ്വാര്‍ഡ് ഹെന്‍ട്രി എന്ന യുവാവ് കണ്ടെത്തി. അതുപയോഗിച്ച് അയാള്‍ ചില പ്രമാദമായ കേസുകള്‍ തെളിയിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ യൂസെറ്റിച്ചിസ് കണ്ടെത്തിയ അതേ രീതിയിലുള്ള ഫോര്‍മുല തന്നെയായിരുന്നു ഹെന്‍ട്രിയും കണ്ടെത്തിയത്. വിരലടയാളങ്ങള്‍ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെടുത്തുമെന്നും ഏതൊരാളിനേയും തിരിച്ചറിയുവാന്‍ സഹായകകരമാകുമെന്നും പതിയെ ലോകം അംഗീകരിച്ചുതുടങ്ങി. അമേരിക്കയുള്‍പ്പെടെ ഒട്ടുമിക്കരാജ്യങ്ങളും വിരലടയാളമേഖലയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയും ആള്‍ക്കാരുടെ എല്ലാം വിരലടയാളങ്ങളെടുത്തു സൂക്ഷിക്കുവാനാരംഭിക്കുകയും ചെയ്തു. പല കുപ്രസിദ്ധരായ കുറ്റവാളികളും ഇപ്രകാരം വലയിലാക്കപ്പെട്ടു. അതോടെ വിരല്‍ത്തുമ്പിലെ ഈ വിസ്മയകരമായ രേഖകള്‍ ഇല്ലാതാക്കാനുള്ള ശ്രമവും കുറ്റവാളികളാരംഭിച്ചു. പലരും വിരല്‍ത്തുമ്പിലെ  തൊലി പൂര്‍ണ്ണമായും ഓപ്പറേഷന്‍ ചെയ്തും മറ്റുമൊകെ മാറ്റി. എന്നാല്‍ പ്രകൃതി സ്വയമൊരുക്കി വച്ചിരിക്കുന്ന ആ അത്ഭുതത്തെ ഇല്ലാതാക്കാന്‍ ആരാലും സാധ്യമല്ലായിരുന്നു. എത്രതന്നെശ്രമിച്ചാലും കുറച്ചു ദിവസങ്ങള്‍കൊണ്ട് വിരല്‍ത്തുമ്പിലെ പാടുകള്‍ യഥാസ്ഥിതിയിലായി മാറുകതന്നെചെയ്യും. ഇന്ന്‍ ലോകത്തെ എല്ലാ പോലീസ് സേനകളും കുറ്റവാളികളെ തിരിച്ചറിയുവാന്‍ കുറ്റകൃത്യങ്ങള്‍ക്ക് തുമ്പുണ്ടാക്കുവാന്‍ വിരലടയാളങ്ങളെ പ്രഥമമായി ഉപയോഗിക്കുന്നു.

വിരലടയാളങ്ങള്‍ പ്രകൃതിതന്നെ ഒരുക്കിവച്ച ഒരു വിസ്മയമാണ്. ഇവ ജനിച്ചനാള്‍മുതല്‍ മരണംവരെ യാതൊരു മാറ്റവുംകൂടാതെ നിലകൊള്ളുന്നു. കൈപ്പത്തികളെ പൊതിഞ്ഞിരികുന്ന ബാഹ്യചര്‍മ്മത്തില്‍ കാണുന്ന വലയങ്ങള്‍പോലെയും ചുഴികള്‍പോലെയും നെടുവരമ്പ്പോലെയുമൊക്കെയുള്ള രേഖകളാണ് വിരലടയാളങ്ങള്‍. സ്പര്‍ശിക്കുന്ന സ്ഥലത്തൊകെ അവയുടെതന്നെ അടയാളങ്ങള്‍ പതിപ്പിച്ചിടുന്നു.ഉള്ളം കൈയിലുള്ള സ്വേദഗ്രന്ഥികളില്‍ നിന്നുമുണ്ടാകുന്ന ശ്രവങ്ങളാണ് വിരല്‍പ്പാടുകള്‍ പതിയാനിടയാക്കുന്നത്. നാലുതരം വിരലടയാളങ്ങളാണ് പ്രധാനമായുമുള്ളത്.

1. വലയം (loop)
2. ചുഴി(Whorl)
3. കമാനം(Arch)
4. സമ്മിശ്രം(Composite)

വിരലടയാളങ്ങള്‍ വര്‍ഗ്ഗീകരിച്ച് തരംതിരിക്കുന്ന പഠനപദ്ധതിയാണ് റിഡ്ജിയോളജി. ഒരു കുറ്റകൃത്യം നടന്നസ്ഥലത്തുനിന്നു വിരലടയാളങ്ങളെ കണ്ടെത്തുവാന്‍ ഇന്നു അനേകം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. നേര്‍മ്മയേറിയ ബ്രഷ്കൊണ്ട് ഗ്രാഫൈറ്റ്, ആന്റിമണി, അലുമിനിയം തുടങ്ങിയ പൊടികള്‍ സംശയിക്കപ്പെടുന്ന സ്ഥലങ്ങളില്‍ വിതറും. അവിടെ വിരല്‍പ്പാടുകള്‍ ഏതെങ്കിലും പതിഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായും പാടുകള്‍ തെളിഞ്ഞുവരും. ഫ്ലൂറസെന്റ്പൊടികളും ഇവയ്ക്കായി ഉപയോഗിക്കുന്നു. നവകാലഘട്ടത്തില്‍ ലേസര്‍രശ്മികള്‍ ഉപയോഗിച്ചും അടയാളങ്ങളെ വീണ്ടെടുക്കുന്നുണ്ട്. ഇന്ന്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളും വിരലടയാളങ്ങളുടെ ഒരു വന്‍ശേഖരം കാത്തുസൂക്ഷിക്കുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരേ അവര്‍ തന്നെ കരുതിവയ്ക്കുന്ന തെളിവാണ് വിരലടയാളങ്ങള്‍. ആരുവിചാരിച്ചാലും മായ്ക്കാനാവാത്ത പ്രകൃതിയുടെ മുദ്ര.

(ഡോക്ടര്‍ മുരളീകൃഷ്ണയുടെ കുറ്റാന്വോഷണം നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകം വായിച്ച ഹരത്തില്‍ അതില്‍നിന്നു കടംകൊണ്ടെഴുതിയത്)

ശ്രീ