Thursday, December 10, 2009

ഏന്റെ ഗ്രാമത്തിന്റെ കഥ

ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ സ്വന്തം നാടിനേയും നാട്ടുകാരേയും നിങ്ങള്‍ക്കുമുമ്പില്‍ പരിചയപ്പെടുത്തുന്നു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങള്‍ പട്ടണത്തില്‍ നിന്നും ഏകദേശം നാലരകിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോകുമ്പോല്‍ വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായ സ്ഥലം.അതാണു ഏലാപ്പുറം എന്ന കൊച്ചു ഗ്രാമം.അതെ ഞാന്‍ ജനിച്ച സ്ഥലം.സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഏലാപ്പുറംകാരുടെ പ്രധാനതൊഴില്‍ കാര്‍ഷികവൃത്തി തന്നെ.കൃഷിചെയ്യുന്നതിനുള്ള ചിലവ് അധികരിച്ചതിനാലും വിളവെടുപ്പിനാളെക്കിട്ടാത്തതിനാലും വലിയൊരു ശതമാനം വയലുകള്‍ നികത്തി കപ്പയും വാഴയുമെല്ലാം നടുവാനാരംഭിച്ചിട്ടുണ്ട്.വയലിനെ കീറിമുറിച്ചുകൊണ്ട് ഒരു ചെറുതോടൊഴുകുന്നുണ്ട്.മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.

പ്രാധനജംഗ്ഷനില്‍ ബ്രിട്ടീഷുകാരുടെ കാലത്തുപണിതതുപോലുള്ള മൂന്നുനാലുമുറിക്കടകളുണ്ട്.എപ്പോഴാണതു നിലം പൊത്തുന്നതെന്നു പറയാനാകില്ല.ഒന്നാമത്‍ അശോകണ്ണന്റെ ചായക്കടയാണു.പുള്ളിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല.വെറുതെ ഒരു രസത്തിനും സമയമ്പോക്കിനുമായിട്ടാണ് നടത്തുന്നതെന്നാണ് പുള്ളിയുടെ പറച്ചില്‍.പിന്നെയുള്ളത് ബാര്‍ബര്‍ ഷോപ്പ്.നമ്മുടെ ബാലകൃഷ്ണന്റെ പറുദീസ. പണ്ടത്തെ മദാലസ നടിമാരുടെ അര്‍ദ്ധനഗ്നചിത്രങ്ങളുമായി ബാര്‍ബര്‍ഷോപ്പിനെ അലങ്കരിക്കുന്ന മാറാലപിടിച്ച ചുമരുകള്‍.ഒരു കണ്ണാടിയും പിന്നെ കുറച്ചു സാധനങ്ങളും തീര്‍ന്നു.അത്ര തന്നെ.ബാര്‍ബര്‍ ബാലനെ പോലെ കറങ്ങുന്ന ഒരു കസേരയും ആധുനികതയുമൊന്നും വേണമെന്ന്‍ ബാലകൃഷ്ണനാഗ്രഹമില്ല.ഒള്ളതുകൊണ്ടോണം പോലെ.അതണിഷ്ടന്റെ ലൈന്‍.അടുത്തകട ശശിയണ്ണന്റേതാണു.ഒരു മിനി ഫാന്‍സിസ്റ്റോര്‍.അവിടെ മോഷണം തുടര്‍ക്കഥയായപ്പോള്‍ പുള്ളിക്കാരന്‍ കട മതിയാക്കുകയും ഇപ്പോള്‍ പുതുതായി പണിത അടച്ചുറപ്പുള്ള ഷോറൂമിലേക്കു കട മാറ്റുകയും ചെയ്തു. പിന്നെ ആകെ നല്ല കച്ചവടമുള്ളതു വിക്രമന്‍ ചേട്ടന്റെ റ്റീ സ്റ്റാളിലാണു.വീട്ടില്‍ നിന്നും രാവിലെ ചായകുടിച്ചിട്ടിറങ്ങുന്നവരും പുള്ളിക്കാരന്റെ ഒരു ചായ കുടിക്കുവാന്‍ മറക്കാറില്ല. അല്‍പ്പം മാറി ആനന്ദന മാമന്റെ മുറുക്കാന്‍ കട, സരോജിനിഅമ്മയുടെ സ്റ്റേഷനറിക്കട, ഒരു റേഷന്‍ കട, മില്‍മയുടെ ഒരു ബൂത്ത് എന്നിവയുണ്ട്.മറന്നുപോയി.പുതുതായി ഒരു സര്‍വീസ് സഹകരണ സംഘവും തുറന്നിട്ടുണ്ട്.

റോഡിനെതിര്‍വശത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍. നാലോ അഞ്ചൊ ക്ലാസ്സുകളുള്ളതില്‍ വളരെകുറച്ചു മാത്രം കുട്ടികള്‍. യാതൊരുവിധ വികസനവുമില്ലാതെ അതങ്ങുനടന്നുപോകുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഏലാപ്പുറത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണു പഞ്ചായത്തുവെയിറ്റിംഗ് ഷെഡ്.രാവിലെ മുതല്‍ സ്കൂളിലും കോളേജിലും പോകാന്‍ വരുന്ന എല്ലാ പെണ്‍കൊടിമാരേയും ഉത്തരവാദിത്വത്തൊടുകൂടി യാത്രയയപ്പിക്കുന്നതിനായി ചുള്ളന്മാരുടെ ഒരു പ്രത്യേക ടീം തന്നെയുണ്ട്.അവര്‍ വളരെ രാവിലെ തന്നെ താന്താങ്ങളുടെ ഏരിയയില്‍ നിലയുറപ്പിക്കും.എല്ലാ പെണ്മണിമാരെയും യാത്ര അയച്ചശേഷം വൈകുന്നേരത്തെ സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകും.(അവശ കാമുകന്മാരേ നിങ്ങളെന്നോടു ക്ഷമിക്കണം കേട്ടൊ.എഴുതുമ്പോള്‍ എല്ലാമെഴുതണമല്ലോ.അതുകൊണ്ടാ.ആരെങ്കിലും ഇതു വായിച്ചിട്ട് ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എനിക്കു പണി തരരുതു.പ്ലീസ്).

ജംഗ്ഷനില്‍ നിന്നും ഒരു പത്തുമിനിട്ട് നടന്നാല്‍ മാറുവീട് ശിവപാര്‍വ്വതിക്ഷേത്രത്തിലെത്താം.മുന്‍പ് ശോചനീയാവസ്ഥയിലായിരുന്ന ഈ അമ്പലം ഇപ്പോള്‍ കുടുംബക്കാരെല്ലാപേരും കൂടി ചേര്‍ന്നു പുതുക്കിപ്പണിതു ഒരു വലിയ അമ്പലമാക്കി മാറ്റി.ധാരാളം ആള്‍ക്കാര്‍ ഇപ്പോള്‍ ഇവിടെയെത്തുന്നുണ്ട്.ക്ഷേത്രത്തിലേക്കെത്തുന്നതിനായി നാട്ടുകാരുടെ ശ്രമഫലമായി വയലിന്റെ മധ്യത്തുകൂടി ഒരു റോഡുണ്ടാക്കിയിട്ടുണ്ട്.കുംഭമാസത്തിലെ പുണര്‍തം നാളിലാണിവിടത്തെ ഉത്സവം.അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് എല്ലാ ദിവസവും വിവിധങ്ങളായ പരിപാടികളുണ്ടായിരിക്കും. അഞ്ചാംദിവസം രാവിലെ സമൂഹപൊങ്കാലയും ഉച്ചക്കു സമൂഹസദ്യയുമുണ്ടായിരിക്കും. വൈകിട്ട് ഉറിയടി,ബാലികമാരുടെ താലപ്പൊലി,ആന എഴുന്നള്ളത്ത്, തെയ്യം, ചെണ്ടമേളം എന്നിവയോടുകൂടി വിപുലമായ ഘോഷയാത്രയും,പിന്നെ രാത്രി കൊടിയിറക്കവും.

ക്ഷേത്രം പുരോഗമിച്ചതോടുകൂടി അതിനടുത്തായി ചില കടകള്‍ ഉണ്ടായിട്ടുണ്ട്.നമ്മുടെ ഡ്രൈവര്‍ ബാബുവണ്ണന്റെ ചായക്കടയാണൊന്ന്‍.പുള്ളി ഡ്രൈവറൊന്നുമല്ല. ചിലകുരുത്തംകെട്ടപുള്ളേര്‍ ഇട്ട വട്ടപ്പേരാണത്.ഇത്രയും രുചികരമായി എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്ന മറ്റാരും ഏലാപ്പുറത്തില്ല. അതുകൊണ്ട് തന്നെ പുള്ളിക്കാരനു നല്ല കച്ചവടവുമുണ്ട്.

അടുത്തത് പൊടിയണ്ണന്റെ കുഞ്ഞുസ്റ്റേഷനറിക്കടയാണു.പേരുപോലെതന്നെ ആളൊരു പൊടിയാണു.കഷ്ടിച്ചു നാലടിമാത്രമേയുള്ളു പൊക്കം.അതിന്റെ ഒരു അഹംഭാവവും ആശാനില്ല.പിന്നെയൊന്നുള്ളതു പ്രസാദണ്ണന്റെ ശില്‍പ്പശാല.ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളുണ്ടാക്കുന്ന കക്ഷിക്ക് എപ്പോഴും തിരക്കാണു.

വയലിനു കുറുകേയുള്ള തോട്ടില്‍ ഒരു കൊച്ചുപാലമുണ്ട്.അതിനിവിടെ പ്രധാനപ്പെട്ടസ്ഥാനമാണുള്ളത്.വൈകുന്നേരങ്ങളില്‍ ചെറുപ്പക്കാരുടെ ഇരിപ്പിടമാണവിടെ.രാത്രിയില്‍ ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങും.വയല്‍ക്കാറ്റേറ്റുറങ്ങാനെന്തു സുഖമാണെന്നോ.ഞാനും പലപ്പോഴും ആ സുഖമനുഭവിച്ചിട്ടുണ്ട്.

ഏലാപ്പുറത്തെ ചില പ്രധാന വ്യക്തികളെ പരിചയപ്പെടേണ്ടതുണ്ട്.അവരെക്കുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല.അത് സമയം കിട്ടുന്ന മുറയ്ക്കെഴുതാം.വാല്‍ക്കഷ്ണം: കുറച്ചുഫോട്ടോകള്‍ ചേര്‍ക്കണമെന്നുണ്ടായിരുന്നു.അതിനെക്കുറിച്ച് അത്രവലിയപിടിയില്ലാത്തതുകൊണ്ട് ചെയ്തില്ല.ഞാനൊരു തുടക്കക്കാരനായതുകൊണ്ടാണ്.ആരെങ്കിലും ഒന്നു സഹായിച്ചാല്‍ വലിയ ഉപകാരമായിരിക്കും.

5 comments:

 1. ചുവന്ന അക്ഷരം ഒട്ടും വായിക്കാൻ പറ്റുന്നില്ല...
  ശ്രദ്ധിക്കുമല്ലൊ..

  ReplyDelete
 2. ഏലാപ്പുറം ഗ്രാമത്തെ പരിചയപ്പെടുത്തിയതിനു നന്ദി.

  ചിത്രങ്ങള്‍ ചേര്‍ക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ? ബുദ്ധിമുട്ടായി തോന്നുന്നുവെങ്കില്‍ ഇവിടെ പോയി നോക്കുക. :)

  ReplyDelete
 3. വീ കെ,
  തുടക്കക്കാരനായതുകൊണ്ട് ഒന്നും ഒരു പിടുത്തം കിട്ടുന്നില്ല. ചുവന്ന കളര്‍ ഒന്നു മാറ്റിയിട്ടുണ്ട്. ഇതു ശരിയാവുമായിരിക്കും.അഭിപ്രായത്തിനു നന്ദി.
  ശ്രീ ആ ലിങ്ക് എനിക്കു തുറക്കാന്‍ പറ്റുന്നില്ല. എന്തു കുഴപ്പമാണെന്നറിയില്ല.

  ReplyDelete
 4. ഗ്രാമങ്ങ‍ളെല്ലാം നശിച്ചുകൊണ്ടിരിരിക്കുന്നു. തുടരുക..
  വാക്ക് തിട്ടപ്പെടുത്തല്‍ ഒഴിവാക്കിയാല്‍ നന്ന്

  ReplyDelete
 5. http://bloghelpline.cyberjalakam.com/2008/04/11.html

  ഇത് തന്നെയാണ് ആ ലിങ്ക്. കാണാമോ എന്ന് നോക്കൂ... (അല്ലെങ്കില്‍ ഗൂഗിളില്‍ ആദ്യാക്ഷരി എന്ന് സെര്‍ച്ച് ചെയ്തു നോക്കൂ)

  ReplyDelete