Wednesday, December 16, 2009

നരകത്തിലേക്ക് ചില ഉരുപ്പടികള്‍

നാട്ടിലെ അറിയപ്പെടുന്ന മാന്യമ്മാരായാ മൂന്നു സുഹൃത്തുക്കള്‍.

സല്‍സ്വഭാവികള്‍.

എല്ലാ പെണ്‍കുട്ടികളും തങ്ങളുടെ സഹോദരിമാരാണെന്നു മാത്രം വിശ്വസിക്കുന്ന പച്ചപ്പാവങ്ങള്‍.

അന്യന്റെ മുതല്‍ നോക്കുകപോലും ചെയ്യാത്ത ഹരിശ്ചന്ദ്രന്മാര്‍.

ഒരപകടത്തില്‍ മൂന്നും ഒരുമിച്ചു വടിയായി.

നാട്ടിലാകെ ജനങ്ങള്‍ അത് ഉത്സവം പോലെ കൊണ്ടാടി.

ചിത്രഗുപ്തന്‍ തന്റെ കണക്കുപുസ്തകമെടുത്ത് മൂന്നിന്റേയും ഇത്രയും നാളത്തെ ലീലാവിലാസങ്ങള്‍ ആകെ ഒന്നു പരിശോധിച്ചു.

നോക്കുന്തോറും നെറ്റിയില്‍ ഊറിവരുന്ന വിയര്‍പ്പ് കണങ്ങള്‍ അദ്ദേഹം ടവ്വലുപയോഗിച്ചു തുടച്ചുകൊണ്ടിരുന്നു.

എന്താ ചെയ്യുക. മൂന്നിനേയും നരകത്തില്‍ പോലും അക്കോമ്മഡേറ്റു ചെയ്യാനൊക്കില്ല. അത്രക്കു നല്ല ഉരുപ്പടികള്‍.ഇപ്പോള്‍ തന്നെ തനിക്ക് ആവശ്യത്തില്‍കൂടുതല്‍ ടെന്‍ഷനുണ്ട്.ഇവമ്മാരെ നരകത്തിലോട്ടു വിട്ടാല്‍ അവിടെയുള്ളവമ്മരെല്ലാപേരും കൂടി തന്നെ മൈതാനമാക്കും.അല്ലെങ്കില്‍ തന്നെ ആവശ്യത്തിനു കുഴപ്പക്കാര്‍ ഇപ്പോള്‍ തന്നെ അവിടെയുണ്ട്.

ചിത്രഗുപ്തന്റെ മുഖഭാവം കണ്ടപ്പോള്‍ തന്നെ കാര്യം പന്തിയല്ലെന്നു തോന്നിയ മൂവരും വളരെയേറെ താഴ്മയോടുകൂടി തങ്ങളെ നരകത്തിലേക്കയക്കരുതേയെന്ന്‍ അഭ്യര്‍ഥിച്ചു.

അല്‍പ്പമൊന്നാലോചിച്ചിട്ട് സാക്ഷാല്‍ യമധര്‍‍മ്മമഹാരാജാവുമായി ഒരു ടെലികോണ്‍ഫറന്‍സുനടത്തിയശേഷം ചിത്രഗുപ്തന്‍ നമ്മുടെ കഥാനായകമ്മാരോടിപ്രകാരം അരുളിചെയ്തു.

"അല്ലയോ മഹാരഥമ്മാരേ, നിങ്ങളുടെ മഹത്വം ഇവിടം മുഴുവന്‍ പ്രസിദ്ധമായതിനാല്‍ മറ്റാര്‍ക്കും നല്‍കാത്ത ഒരു ആനുകൂല്യം നിങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം
സന്തോഷത്തോടികൂടി നാമറിയിക്കുന്നു.ഇവിടെ നിങ്ങള്‍ക്കായി മൂന്നു മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.ഇഷ്ടപ്പെട്ട മുറികള്‍ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു മുറിക്കകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍പിന്നെ പുറത്തിറങാന്‍ പറ്റത്തില്ല.അതുകൊണ്ട് തൃപ്തരാകുക"

ഈ വാക്കുകള്‍ കേട്ട സുഹൃത്തുക്കള്‍ വളരെയേറെ സന്തോഷിച്ചു.

ഒന്നാമത്തെ മുറിയുടെ ഉള്ളിലേക്കു തലയിട്ടു നോക്കിയ മൂവരും അന്തം വിട്ടുപോയി.

അതികഠിനമായ ജോലികള്‍ ചെയ്യുന്ന നിരവധിപേര്‍.ജോലിചെയ്യാത്തവരെ ചാട്ടകൊണ്ടടിക്കുന്ന യമകിങ്കരമ്മാര്‍.രാക്ഷ്ട്രീയത്തടവുകാരായിരിക്കണം ആ മുറിക്കകത്തു.

എന്തായാലും ഈ മുറി വേണ്ടേ വേണ്ട എന്നു പറഞ്ഞുകൊണ്ടവര്‍ രണ്ടാമത്തെ മുറിയില്‍ തലയിട്ടുനോക്കി.

ആത്മാക്കളെ എണ്ണയിലും മറ്റും പൊരിക്കുമെന്ന്‍ കേട്ടിട്ടേയുണ്ടായിരുന്നുള്ളു.നേരിട്ട് കണ്ടപ്പോള്‍ മൂവര്‍ക്കും തല ചുറ്റുന്നതുപോലെ തോന്നി.ഒരു നിമിഷം പാഴാക്കാതെ അവര്‍ മൂന്നാമത്തെ മുറിക്കുമുമ്പിലെത്തി.

ഹാ എത്ര നയനമനോഹരമായ കാഴ്ച.നിരവധിപേര്‍ കൂടിനിന്നു ചായയും പരിപ്പുവടയും കഴിക്കുന്നു.മറ്റുചിലര്‍ സിഗററ്റ് വലിച്ചുകൊണ്ട് കൊച്ചുവര്‍ത്തമാനം പറയുന്നു.

"മതി ഇതുമതി".

ആര്‍പ്പുവിളിച്ചുകൊണ്ടവര്‍ മൂന്നുപേരും മുറിക്കുള്ളിലേക്കു കയറി.ഉടന്‍ അവര്‍ക്കും അവരാവശ്യപ്പെട്ട ചായയും മറ്റെല്ലാം കിട്ടി. ഒരഞ്ച് മിനിട്ട് കഴിഞ്ഞില്ല.ഒരു വലിയ ശബ്ദത്തോടെ

സൈറണ്‍ മുഴങി.

പെട്ടന്ന്‍ അവിടെ കൂടി നിന്നവര്‍ പലവഴിക്കായി പരക്കം പാഞ്ഞുതുടങി.

ഓടുന്ന ഒരാളെ തടഞ്ഞുനിര്‍ത്തി എന്തിനാണീ സൈറണ്‍ എന്നു ചോദിച്ചപ്പോള്‍ അയാളുടെ മറുപടി ഇതായിരുന്നു.

"ഇപ്പോള്‍ ചായകുടി സമയമായിരുന്നു.അതു തീര്‍ന്നതറിയിക്കാനാണീ സൈറണ്‍.ഇനി നാളെ നേരം വെളുക്കുന്നതുവരെ ചെളിയില്‍ തലയും കുത്തിനില്‍ക്കണം"

1 comment: