Thursday, December 16, 2010

ഒരു തവളപിടുത്തത്തിന്റെ ഓര്‍മ്മയ്ക്ക്

മഴക്കാലം ആരംഭിച്ചുതുടങ്ങിയിട്ടുള്ള ഒരു ഘോരരാത്രിയിലായിരുന്നു അത് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്.ഞങ്ങളെന്നുവച്ചാല്‍ ഞാനും എന്റെ അപ്പച്ചിയുടെ മകന്‍ ദീപുവും കൂട്ടുകാര‍മ്മാരായ അജിത്തും ജലീലും ഒരുമിച്ച്.കുറച്ച് തവളകളെപ്പിടിച്ച് പൊരിച്ചു ശാപ്പിടുക.മാത്രമല്ല തൊട്ടടുത്ത പുരയിടത്തില്‍ നല്ല മരച്ചീനി വിളഞ്ഞുകിടപ്പുണ്ട്.അതും കൊറച്ചടിച്ചുമാറ്റി ഒരു രണ്ടുകുല കരിക്കുമൊക്കെ സംഘടിപ്പിച്ച് പൊരിച്ചതവളക്കാലും പിന്നെ ഓള്‍ഡ് അഡ്മിറലില്‍ന്റെ ഒരു ഫുള്ളുമൊക്കെയായി ഒരുഗ്രന്‍ സപ്പര്‍ പാര്‍ട്ടി. വൈകുന്നേരം വീട്ടിനടുത്തുള്ള കരിങ്കല്‍ക്കെട്ടില്‍ സൊറപറഞ്ഞിരുന്നപ്പോഴാണ് ഇങ്ങിനെയൊരാശയം മനസ്സിലുദിച്ചത്.പക്ഷേ മെയിന്‍ പ്രശ്നം തവളകളെ എങ്ങിനെ പിടിയ്ക്കുമെന്നുള്ളതായിരുന്നു.ഞങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യത്തില്‍ ആരും അത്ര എക്സ്പര്‍ട്ടല്ല.പിന്നെന്തു ചെയ്യും.കൂലങ്കഷമായി ചിന്തിച്ചു തലപുണ്ണാക്കിയിരുന്നപ്പോഴാണ് അജിത്ത് ശ്രീമാന്‍ മോഹന്‍ജി അവര്‍കളുടെ പേര് സജസ്റ്റ് ചെയ്തത്.ഏലാപുറത്തെ ഒരു സംഭവം തന്നെയാണ് മോഹന്‍ജി.ഒരു രണ്ടുമൂന്നു ബഡായിക്കഥയെങ്കിലും ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരുറക്കവും വരാത്തൊരു നിഷ്ക്കളങ്കന്‍.പണ്ട് രാത്രി കാട്ടില് വ്ച്ച് ഒരു നരിമടയില്‍ കഴിച്ചുകൂട്ടേണ്ടി വന്നതും രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ പുലി അടുത്തുകിടന്നുറങ്ങുന്നതു കണ്ട് ആദ്യമൊന്നു ഭയന്നെങ്കിലും പുലിയെ ഉണര്‍ത്താതെ ജീവനും കൊണ്ട് രക്ഷപെട്ടതുമായ മോഹന്‍ജീയുടെ മാസ്റ്റര്‍പീസ് കഥ ഒരു അമ്പത് പ്രാവശ്യമെങ്കിലും ഞങ്ങള്‍ കേട്ടിട്ടുണ്ട്.മീനിനേയും തവളകളേയുമൊക്കെ പിടിയ്ക്കാനുള്ള ആശാന്റെ കഴിവ് അപാരം തന്നെയാണു.

"അങ്ങേരു മതിയണ്ണാ, തവളേം പിടിക്കാം കൊറച്ചു പുളു കേള്‍ക്കേം ചെയ്യാം സമയോം പോകും"

ജലീല്‍ അടിവരയിട്ടു പറഞ്ഞതോടെ അതു ഫിക്സ് ചെയ്തു. മോഹനന്‍ ജിയുടെ സമ്മതം വാങ്ങാനായി ഞാന്‍ മെല്ലെ ചീട്ടുകളി ഗോദയിലേയ്ക്കു നടന്നു.സ്ഥലത്തെ ഏക ചായക്കടയായ ഉണ്ണീസ് തട്ടുകടയുടെ അടുത്താണാ ചീട്ടുകളിഗോദ.വയല്‍ക്കരയില്‍ പുതിതായി ഒരു ചായക്കടപൊന്തിയപ്പോള്‍ കളിക്കരെല്ലാവരും വല്യ ഹാപ്പിയായി.ചീട്ടുകളിയുടെ രസം കളഞ്ഞിട്ട് ചായകുടിയ്ക്കാനായി ജംഗ്ഷനിലുള്ള കടവരെപോകണ്ടല്ലോ.പക്ഷേ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല.ഉണ്ണിപ്പിള്ളയുടെ കര്‍ക്കശനിലപാടുകളും സമയത്ത് കടതുറക്കാതിരിക്കുന്നതുമെല്ലാം കളിക്കാര്‍ക്ക് അത്ര പിടിച്ചില്ല.ആദ്യ ദിവസങ്ങളില്‍ ബേക്കറിയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നിരുന്ന പഫ്സും സ്വീറ്റ്നയും മറ്റുമെല്ലാം കുറച്ചു സമയം കൊണ്ട് വിറ്റുപോയിരുന്നെങ്കില്‍ പിന്നെ പിന്നെ അതു ഒന്നു രണ്ടുദിവസം വീതം ഉറക്കമൊഴിയാനാരംഭിച്ചു.ആയിടയ്ക്കൊരു ദിവസം ദുഷ്ടനായ സ്ഥലം എസ് ഐയുടെ നേതൃത്വത്തില്‍ ചീട്ടുകളിക്കാരെപിടിയ്ക്കാനായി ഒരു ചിന്ന റെയ്ഡ് നടക്കുകയുണ്ടായി.ചീട്ടുകളിക്കാരെ ഒന്നും പിടിയ്ക്കുവാന്‍ പോലീസിനു കഴിഞ്ഞില്ല.പോലീസിന്റെ വെട്ടം കണ്ടപ്പോഴെ കളിക്കാരെല്ലാപേരും സ്കൂട്ടായിരുന്നു.ചിതറിക്കിടക്കുന്ന ചീട്ടുകള്‍ നോക്കിനിന്ന എസ് ഐ കലിയടക്കാനാവാതെ ഉണ്ണിപ്പിള്ളയെ ഒന്നു കുടഞ്ഞു.ഇനി കടയുടെ അടുത്ത് ഏവനെങ്കിലും കളിക്കുകയാണെങ്കി ആദ്യം പൊക്കുന്നത് നിന്നെയായിരിക്കുമെന്നുള്ള പൊലീസ് ഭീഷണിയില്‍ ഭയന്ന ഉണ്ണിപിള്ള ചീട്ടുകളിക്കാരുമായിടയുകയും കടയുടെയടുത്ത് കളിക്കാന്‍ പറ്റില്ല എന്നു തീര്‍ത്തുപറയുകയും ചെയ്തു.ഫലമോ പഫ്സും ബണ്ണുമെല്ലാം ഉറക്കമൊഴിയുന്ന ദിവസങ്ങളുടെ എണ്ണം കൂടുകയും ചീട്ടുകളി തൊട്ടടുത്ത പണയില്‍ നിര്‍ബാധം തുടരുകയും ചെയ്തു.

കയ്യിലുണ്ടായിരുന്ന കാശ് മനോഹരമായി കളിച്ചു തോറ്റു തൊപ്പിയിട്ടിട്ട് ബാക്കിയുള്ളവര്‍ക്ക് കളി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്ന മോഹന്‍ജിയെ വിളിച്ചു ഞാന്‍ മടിച്ചു മടിച്ചു കാര്യം പറഞ്ഞു.ആദ്യം ആശാന്‍ കേട്ടഭാവം നടിച്ചില്ലെങ്കിലും ഓള്‍ഡ് അഡ്മിറലിന്റെ കാര്യമവതരിപ്പിച്ചപ്പോള്‍ ആ മുഖമൊന്നു തെളിയുകയും അന്നു രാത്രിയിലേക്കു തന്നെ പ്രോഗ്രാം ഫിക്സു ചെയ്യുകയും ചെയ്തു.ഞാന്‍ സന്തോഷത്തോടെ വീട്ടിലേയ്ക്കു മടങ്ങി.

സന്ധ്യായപ്പോഴേയ്ക്കും വീണ്ടും ചെറുതായി മഴ പൊടിയാനാരംഭിച്ചു.ഞങ്ങളെല്ലാപേരും അക്ഷമരായി മോഹന്‍ജിയെ കാത്തിരിക്കുവാണു.ആദ്യമേ തന്നെ വീട്ടില്‍ നിന്നും പെര്‍മിഷന്‍ വാങ്ങിയിരുന്നു.എട്ടുമണി കഴിഞ്ഞപ്പോള്‍ ഒരു കാജാബീഡിയും കൊളുത്തി പുകയൂതി വലിച്ചു വിട്ടുകൊണ്ട് നേതാവും കൂടെ അദ്ദേഹത്തിനെ അരുമ അളിയന്‍ സുശീലനും രംഗപ്രവേശം ചെയ്തു.

"മഴയാണല്ലടേ.തണുപ്പത്ത് പോണോ" തിണ്ണയിലേയ്ക്കു കയറിക്കൊണ്ട് മോഹന്‍ജി ഒരു ചോദ്യം

എല്ലാപേരുടേയും മുഖമൊന്നു വാടി.ജലീല്‍ പതിയെ ഫുള്ളിന്റെ ബോട്ടിലെടുത്ത് കൈവരിയില്‍ വച്ചു.ഗ്ലാസ്സിലേയ്ക്ക് കുറച്ചൊഴിച്ചു മുന്നോട്ടു നീക്കി വച്ചു.അതെടുത്ത് ഒറ്റവലിയ്ക്കകത്താക്കി കിറിയുമൊന്നു തുടച്ചിട്ട് ആശാന്‍ ബീഡിവലി പുനരാരംഭിച്ചു.ഞങ്ങളും ചെറുതായി ഓരോന്നു പിടിപ്പിച്ചു.അജിത്ത് കയ്യില്‍ കരുതിയിരുന്ന ഏലക്കായ എല്ലാപേര്‍ക്കും ഓരോന്നു തന്നു.അതും ചവച്ചുകൊണ്ട് ഞങ്ങള്‍ നേതാവിനെ നോക്കി.ആശാന്‍ മൂന്നാമത്തേതും വിഴുങ്ങിയിട്ട് പെട്ടന്ന്‍ റെഡിയായി പുറത്തേയ്ക്കിറങ്ങി.സാധനമെല്ലാമെടുത്ത് ഒതുക്കി വച്ച് ഞങ്ങള്‍ തലയില്‍ ഓരോ തോര്‍ത്തുമിട്ട് വയലിലേയ്ക്കു നടന്നു.

ടോര്‍ച്ച് അടിയ്ക്കുന്നത് സുശീലനാണ്.പുതുമഴപെയ്തതുകൊണ്ടാവണം കീഴ്ഭാഗത്തുള്ള ചിറയില്‍ നിന്നും തോടുവഴി ധാരാളം മീനുകള്‍ കയറിയിട്ടൊണ്ട്.തവളകളുടെ സംഗീതാത്മകമായ കരച്ചില്‍ എല്ലായിടത്തും മുഴങ്ങുന്നു.വയലില്‍ പല ഭാഗത്തും മീന്‍പിടിയ്ക്കുന്നവരുടേയും തവളകളെപിടിയ്ക്കാന്‍ വന്നവരുടേയും കലകലപ്പും കേള്‍ക്കാം.

ആശാന്‍ നേരെ താഴെഭാഗത്തേയ്ക്കു വച്ചടിച്ചു.ധാരാളം വെള്ളം കയറി ചെളിയും മറ്റും നിറഞ്ഞുകിടക്കുന്ന വരമ്പിലൂടെ ഒരു സര്‍ക്കസ്സ് അഭ്യാസ്സികളെപ്പോലെ ഞങ്ങള്‍ നടന്നു നീങ്ങി

..പ്ധും.."

"എന്റമ്മോ"

അലര്‍ച്ച കേട്ട് എല്ലാപേരും ഞെട്ടിതിരിഞ്ഞു നോക്കി. ദീപു വയലിലെ വെള്ളത്തില്‍ കിടക്കുന്നു.പെട്ടന്ന് മോഹന്‍ജി വയലിലിറങ്ങി അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു.കാലില്‍ നീര്‍ക്കോലി തട്ടിയപ്പം പേടിച്ചു ചാടിയതാണ്. എന്തു ചെയ്യാന്‍. പിന്നെ മോഹന്‍ജിയും അളിയനും കൂടി വിദഗ്ധമായി തവളകളെ പിടിയ്ക്കുവാന്‍ തുടങ്ങി.ബുദ്ധിയില്ലാത്ത തവളകള്‍ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ കണ്ണും മിഴിച്ചു നോക്കിയിരിക്കുമ്പോള്‍ ആശാന്‍ നിഷ്പ്രയാസം അവറ്റകളെ ചാക്കിനകത്ത് പിടിച്ചിട്ടുകൊണ്ടിരുന്നു.പെട്ടന്ന് സുശീലന്‍ ടോര്‍ച്ച് അജിത്തിന്റെ കയ്യില്‍ കൊടുത്തിട്ട് കയ്യിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെള്ളത്തില്‍ ആഞ്ഞൊന്നു വെട്ടിയിട്ട് പെട്ടന്ന് ആ ഭാഗത്ത് കൈകള്‍ കൊണ്ട് പരതുവാന്‍ തുടങ്ങി.ഒന്നും മനസ്സിലാകാതെ മിഴിച്ചുനോക്കി നിന്ന ഞങ്ങള്‍ കണ്ടത് വെള്ളത്തില്‍ നിന്നും ഒരു തടിയന്‍ മീനിനെ പൊക്കിയെടുക്കുന്നതാണു.വെട്ടേറ്റു അതിന്റെ തല അറ്റു തൂങ്ങിയിരുന്നു.എന്തിനേറെ പറയുന്നു ഒന്നൊന്നര മണിക്കൂറിനുള്ളില്‍ രണ്ടു പേരും കൂടി പത്തു നാല്‍പ്പത് തവളകളേയും അഞ്ചാറു മീനുകളേയും പിടികൂടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.ചന്നം പിന്നം പെയ്യുന്ന മഴയില്‍ നനഞ്ഞു തണുപ്പടിച്ചു കുതിര്‍ന്നു നിന്ന ഞങ്ങള്‍ വീട്ടിലേയ്ക്കു തിരിച്ചു.വഴിക്കു വച്ചു മോഹന്‍ജിയും സുശീലനും ജലീലും കൂടി തവളകളുടെ കാലെല്ലാം വെട്ടിയെടുത്തു വൃത്തിയാക്കി മീനിനേയും റെഡിയാക്കി തോട്ടിലെ വെള്ളത്തില്‍ നന്നായി കഴുകിയിട്ട് ഒരു പ്ലാസ്റ്റിക് കവറിനുള്ളിലിട്ടു.അതും പിടിച്ച് നടക്കവേ ആശാന്‍ പണ്ട് ഒരു വല്യ ആറ്റുവാള മീനെപ്പിടിച്ച കഥ പൊടിപ്പും തൊങ്ങലും വച്ചു പറയാനാരംഭിച്ചിരുന്നു.കഥ പറഞ്ഞുതീരുന്നതിനുമുമ്പ് വീടെത്തിയതിനാല്‍ മുഴുവന്‍ സഹിക്കേണ്ടിവന്നില്ല.

എല്ലാപേരും ഒറക്കമായിക്കഴിഞ്ഞു.ഞങ്ങള്‍ ഒച്ചയുണ്ടാക്കാതെ ചായ്പ്പിലേയ്ക്കു കയറി.ഒളിച്ചുവച്ചിരുന്ന മരുന്നെടുത്ത് അല്‍പ്പം വീതം എല്ലാപേരും സേവിച്ചു.പിന്നെ പെട്ടന്നു തന്നെ പാചകത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു.ദീപുവും ഞാനും കൂടി ഒച്ചയുണ്ടാക്കാതെ അടുക്കളയില്‍ കയറി മൊളകും മല്ലിയും എണ്ണയും മറ്റു സാധനങ്ങളും എടുത്ത് ചായ്പ്പില്‍ വന്നു. ഞാന്‍ മസാല മിക്സു ചെയ്യാന്‍ തുടങ്ങി.എല്ലാത്തിനും മേല്‍നോട്ടം വഹിച്ചുകൊണ്ടിരുന്ന മോഹന്‍ജി ചെറുതായി ആടുന്നുണ്ടായിരുന്നു.മരച്ചീനി അടിച്ചുമാറ്റാനായി പോയിരുന്ന സുശീലനും ജലീലും അജിത്തും കൂടി ഈ സമയം ഒരു കൂട നിറയെ സാധനവുമായി വന്നു ചേര്‍ന്നു.അതു പൊളിച്ചു വൃത്തിയാക്കി അടുപ്പില്‍ വച്ചിട്ട് തവളക്കാല്‍ പൊരിക്കാനാരംഭിച്ചു.ചീനിച്ചട്ടിയില്‍ എണ്ണയൊഴിച്ചപ്പോള്‍ മോഹന്‍ജി നോക്കിയിട്ടു പറഞ്ഞു.

"എണ്ണ കൊറച്ചുകൂടി വേണം,എന്നാലേ നന്നായി മൊരിയൂ"

ഞാന്‍ ദീപുവിനെ ഒന്നു നോക്കി.അവന്‍ അടുക്കളയില്‍ പോയി നോക്കിയിട്ട് വെറും കയ്യുമായി വന്നു.എണ്ണയില്ല.അപ്പച്ചിയോടു ചോദിച്ചാള്‍ ചീത്ത ഒറപ്പാണ്.ധൈര്യം സംഭരിച്ച് ഞാന്‍ മെല്ലെ അപ്പയുടെ വാതിലില്‍ പേരുവിളിച്ചുകൊണ്ട് മുട്ടി.

"എന്തുവേണമെടാ". അകത്തുനിന്നും നീരസത്തോടെയുള്ള ശബ്ദം.

"അപ്പച്ചി എണ്ണ തീര്‍ന്നുപോയി കൊറച്ചുകിട്ടിയിരുന്നെങ്കില്‍" അടഞ്ഞ വാതിലിനു മുമ്പില്‍ ഭവ്യതയോടെ നിന്നുകൊണ്ട് ഞാന്‍ പറഞ്ഞു.

"ദേ അകത്തെ പെരയില്‍ ഭരണിയിലൊണ്ട്.പാത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിവച്ചില്ലേലൊണ്ടല്ലോ..ങ്ഹാ...ഞാന്‍ ഒന്നും പറയുന്നില്ല"

ആശ്വാസത്തോടെ ഞാന്‍ ചായ്പ്പില്‍ വന്നിട്ട് ദീപുവിനേം കൂട്ടി അകത്തെ മുറിയില്‍ എണ്ണയെടുക്കാനായി കയറി.അരണ്ടവെളിച്ചത്തില്‍ തപ്പി തപ്പി ഭരണിയില്‍ കയ്യിട്ട് കയ്യിലുണ്ടായിരുന്ന കുപ്പിയില്‍ എണ്ണ നിറച്ചും മുക്കിയെടുത്തു.തിരികെ വന്ന് ചീനിച്ചട്ടിയില്‍ തിളച്ചുമറിയുന്ന എണ്ണയില്‍ കിടന്നു പുളയുന്ന തവളക്കാലുകളേയും നോക്കി നിന്നു.

"എണ്ണ കൊറവാടാ കൊറച്ചുകൂടിയൊഴിച്ചുകൊടുക്ക്"

മോഹന്‍ജിയാണ്.ഞാന്‍ പകുതിയോളം എണ്ണ ചട്ടിയിലേയ്ക്കു ചരിച്ചു.ഒരഞ്ചുമിനിട്ടിനുള്ളില്‍ ആ എണ്ണ അപ്രത്യക്ഷമായി.കുപ്പിയിലുണ്ടായിരുന്ന എണ്ണയില്‍ കൊറച്ചുകൂടി ഒഴിച്ചിട്ട് ഞാന്‍ തീയല്‍പ്പം കൊറച്ചു.അടുത്ത പുരയിടത്തില്‍ കണ്ടുവച്ചിരുന്ന കരിക്കിടാനായി ഈ സമയം അജിത്തും സുശീലനും ജലീലും പോയിരുന്നു.അല്‍പ്പം കഴിഞ്ഞ് മോഹന്‍ജിയും എഴുന്നേറ്റു പോയി. ചട്ടിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എണ്ണ എവിടേയ്ക്കുപോകുന്നു എന്നോര്‍ത്തു വണ്ടറടിച്ചു ഞാന്‍ ഏകനായി തവളപൊരിക്കല്‍ യജ്ഞം തൊടര്‍ന്നുകൊണ്ടിരുന്നു.കുറേ സമയം കഴിഞ്ഞപ്പോള്‍ തീയെല്ലാമണച്ചു ഞാന്‍ പാത്രമെല്ലാം റെഡിയാക്കി വച്ചു.കപ്പയും തയ്യാറായിരുന്നു.സമയം ഒരു മണിയാവാന്‍ പോകുന്നു.ഒരു കുല കരിക്കുമായി തിരിച്ചു വന്നു ജലീലും അജിത്തും സാധനം താഴെവച്ചിട്ട് ചിരിയോടു ചിരി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഏന്തി വലിഞ്ഞ് മോഹന്‍ജിയും സുശീലനുമെത്തി.സംഭവമെന്താണെന്നു വച്ചാല്‍ സുശീലനടത്തിട്ട കരിക്ക് ഇരുട്ടത്ത് കൈലി നിവര്‍ത്തി പിടിയ്ക്കുന്നതിനിടയില്‍ സ്ഥാനം തെറ്റി മോഹന്‍ജിയുടെ വലതു കാലിമ്മേല്‍ വീണു.അപ്പോള്‍ തുടങ്ങിയ ചീത്തവിളിയാണ്.

കുപ്പിയില്‍ ഒരല്‍പ്പം ബാക്കിയുണ്ടായിരുന്നത് ആശാനു കൊടുത്തു.മൊളകുപൊടിയില്‍ എണ്ണയൊഴിച്ചു ഒരു ടച്ചിംഗ്സുണ്ടാക്കി തീറ്റയാരംഭിച്ചു.ദീപുവിന്റെ അനിയത്തിമാര്‍ക്കായി ഒരു നാലഞ്ച്ചു കാലു പൊരിച്ചത് ഞാനാദ്യമേ മാറ്റി വച്ചിരുന്നു.തവളക്കാലില്‍ ആദ്യം കടിച്ച ജലീല്‍ എന്നെയൊന്നു നോക്കി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ദീപുവും അജിത്തും ആ ദയനീയമായ നോട്ടം എനിക്കു നേരെ നീട്ടി.ഞാനും ഒരെണ്ണമെടുത്തു കടിച്ചു.ഹമ്മേ കൊടലുവരെ മറിഞ്ഞുപോകുന്ന തരത്തിലൊള്ള ഉപ്പ്.

"ഞാനപ്പഴേ പറഞ്ഞതാ ഇങ്ങേരെക്കൊണ്ട് ഉപ്പിടീക്കണ്ടന്ന്.എത്ര പാടുപെട്ടുണ്ടാക്കിയ സാധനമാണ്"

അരിശത്തോടെ എന്റെ നേരെ കൈചൂണ്ടിക്കൊണ്ട് അജിത്ത് ചിണുങ്ങി.

"ങ്ഹാ സാരമില്ല കരിക്കും കപ്പയും എല്ലാം കൂടിയാവുമ്പോള്‍ കൊഴപ്പമുണ്ടാവില്ല".

മോഹന്‍ജിയുടെ വാക്ക് എനിക്ക് ആശ്വാസമേകി.ഒടുവില്‍ രണ്ടരമണിയോടെ എല്ലാം അവസാനിപ്പിച്ച് പാത്രങ്ങളെല്ലാം കഴുകിപ്പെറുക്കി ഞങ്ങള്‍ നിദ്ര പൂകി.


രാവിലെ പത്തു മണിയ്ക്കുറക്കമുണര്‍ന്ന് ഞാന്‍ ഒരു ചായകുടിയ്ക്കാനായി വായും കഴുകി അടുക്കളയിലേയ്ക്കു ചെന്നു.

"നീ എന്തിനാടാ ഈ എണ്ണക്കുപ്പിയില്‍ വെള്ളമൊഴിച്ചുവച്ചത്".കണ്ണുകള്‍ രണ്ടുമുരുട്ടിക്കൊണ്ട് അപ്പച്ചി നില്‍ക്കുന്നു.

"ഹേയ് ഞാനൊഴിച്ചില്ല"

"പിന്നിതെന്താ"കുപ്പിയെടുത്ത് ഉയര്‍ത്തിക്കൊണ്ടാണടുത്ത ചോദ്യം.ശരിയാണു.എണ്ണക്കുപ്പിയില്‍ വെള്ളമുണ്ട്.കുമിളകള്‍ നില്‍ക്കുന്നു.ഇനി ഇന്നലെ രാത്രി ഭരണിയില്‍ നിന്നുമെടുത്തപ്പോഴെങ്ങാനും.പെട്ടന്നെന്റെ തലച്ചോറൊന്നു മിന്നിയണഞ്ഞു.അകത്തെ മുറിയിലേയ്ക്കു ഋതിയില്‍ കയറിയ ഞാന്‍ ലൈറ്റിട്ടു നോക്കി.എന്റെ ഊഹം ശരിതന്നെ.രണ്ടു ഭരണികള്‍.വഇറയ്ക്കുന്ന കൈകളാല്‍ രാത്രി ഞാന്‍ എണ്ണമുക്കിയെടുത്ത വലിയ ഭരണിയുടെ മൂടി പൊക്കി അതിനകത്തേയ്ക്കു നോക്കി.പണ്ടെങ്ങാണ്ടോ മറ്റോ നാട്ടുമാങ്ങയിട്ടുവച്ചിരുന്ന അതിനകത്തുണ്ടായിരുന്ന നാറ്റം എന്റെ മൂക്കില്‍ തുളഞ്ഞുകയറി.ആ ഉപ്പുവെള്ളത്തില്‍ പുഴുക്കള്‍ നുരയ്ക്കുന്നുണ്ടോ എന്നൊരു സംശയം.അടിവയറ്റില്‍ നിന്നും എന്തോ ഒന്നു മുകളിലേയ്ക്കു ഇരച്ചുവരുന്നു.വായും പൊത്തിപ്പിടിച്ചു പുറത്തേയ്ക്കോടിയ ഞാന്‍ പണ്ടു കുടിച്ച പാല്‍ക്കഞ്ഞിവരെ ശര്‍ദ്ധിച്ചുതള്ളി മക്കളെ.........

അന്നു വൈകുന്നേരം ഈ സംഭവം അറിഞ്ഞ ജലീലിനു വാളുവച്ചു സഹികെട്ട് ആശുപത്രിയില്‍ അഭയം പ്രാപിക്കേണ്ടിവന്നു.ദീപുവും അജിത്തും രണ്ടുമൂന്നുറൌണ്ട് വച്ചു സംതൃപ്തിയടഞ്ഞു.കരിക്കുവീണ് കാല്‍പ്പാദം നീരു വന്നൂതിയിരുന്നതുമൂലം രണ്ടുമൂന്നുദിവസം കഴിഞ്ഞുമാത്രം പുറത്തേയ്ക്കിറങ്ങിയ മോഹന്‍ജി എന്നെ രഹസ്യമായി മാറ്റി നിര്‍ത്തി വിളിച്ച തെറികള്‍....ഹൊ...എന്റമ്മേ......

ശ്രീക്കുട്ടന്‍

3 comments:

 1. ഇതൊരിക്കലും ഒരു പുളുവടിയല്ല. ഒരു 24 കാരറ്റ് തങ്കം പോലെ സത്യസന്ധമായ ഒരു അനുഭവക്കുറിപ്പാണ്.

  ReplyDelete
 2. ഉപ്പ് കൂടിയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത മറ്റെന്തോ ആയിരിക്കും എന്നായിരുന്നു. ഭരണി മാറി കൊരിയതാനെന്നു പിന്നീടല്ലേ അറിഞ്ഞത്. തവള പിടുത്തവും മീന്‍വെട്ടും പഴയകാലത്തെ സ്ഥിരം ഏര്‍പ്പാടുകളായിരുന്നു. അതില്‍ ഡിഗ്രി എടുത്ത ഏതെന്കിലും ഒരാള്‍ എല്ലാ നാട്ടിലും കാണും.
  സംഗതി കൊള്ളാം ശ്രീക്കുട്ടന്‍.

  ReplyDelete
 3. ഹ ഹ ഹ.
  ആ തെറികള്‍ കൂടി എഴുതിയിരുന്ണേല്‍ ത്രുപ്തിയാവുമായിരുന്നു.
  അനുഭവം നല്ലോണം രസിച്ചു. പണ്ട് രാത്രി കാട്ടില് വ്ച്ച് ഒരു നരിമടയില്‍ കഴിച്ചുകൂട്ടേണ്ടി വന്നതും രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ പുലി അടുത്തുകിടന്നുറങ്ങുന്നതു കണ്ട് ആദ്യമൊന്നു ഭയന്നെങ്കിലും പുലിയെ ഉണര്‍ത്താതെ ജീവനും കൊണ്ട് രക്ഷപെട്ടതു.. ഹോ ഭീകരം തന്നെ!!!

  ReplyDelete