Monday, September 13, 2010

ഒരു പൈങ്കിളിക്കഥ

"പ്രീയപ്പെട്ട ശ്യാം,

ഞാന്‍ ഹരിയാണ്. നീയെന്നെ മറന്നുകാണില്ല എന്നു കരുതട്ടെ.എനിക്കിപ്പോള്‍ നിന്നെയൊന്നു കാണണമെന്നൊരാഗ്രഹം. ഈ വരുന്ന ഞായറാഴ്ച നിന്നെക്കാണാനായി ഞാന്‍ വരുന്നുണ്ട്"

സ്വന്തം ഹരി

ആ കത്തും കൈയില്‍പ്പിടിച്ച്‍ പിടിച്ച് ശ്യാം കുറേനേരമതേയിരിപ്പിരുന്നു. അന്നു പിരിഞ്ഞതില്പ്പിന്നെ ഹരിയെ കണ്ടിട്ടേയില്ല. എവിടെയാണെന്നൊരു രൂപവുമില്ലായിരുന്നു.ആദ്യമൊക്കെ അവനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നു. എന്നാല്‍ ഒരുവിവരവും കിട്ടിയില്ല. അവനെവിടെപ്പോയെന്ന്‍ ആര്‍ക്കുമറിയില്ലായിരുന്നു.അവന്റെ വീട്ടുകാര്‍ക്കാണെങ്കില്‍ ഒരു ശല്യമൊഴിഞ്ഞ ആശ്വാസം പോലെയായിരുന്നു. പിന്നെ പതിയെ താനുമവനെ അന്വേഷിക്കുന്ന പരിപാടി നിറുത്തി. സത്യത്തില്‍ അവനെക്കുറിച്ചു തിരക്കാന്‍ പിന്നീട് തനിക്കു സമയംകിട്ടിയില്ല എന്നതാണുനേര്. തന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍തന്നെ തനിക്കിതേവരെ സമയം തികഞ്ഞിട്ടില്ല.എതെവിടെനിന്നായിരിക്കും അവനയച്ചിട്ടുണ്ടാവുക? ഇപ്പോള്‍ തമ്മില്പ്പിരിഞ്ഞിട്ട് നീണ്ട പതിനൊന്നു വര്‍ഷം കഴിയുന്നു.ഇ ത്രയും കാലത്തിനിടയ്ക്കൊരിക്കല്‍പ്പോലും താനുമായി ബന്ധപ്പെടാന്‍ അവന്‍ ശ്രമിച്ചിട്ടില്ല.അതിനുതക്ക എന്തു പിണക്കമാണ് തങ്ങള്‍ തമ്മിലുണ്ടായത്?.

"ആരുടെ എഴുത്താ മോനേ?"

ചായയുമായി പൂമുഖത്തേയ്ക്കുവന്ന മാധവിയമ്മ അവനോടു ചോദിച്ചു.

"അമ്മയ്ക്കോര്‍മ്മയില്ലേ നമ്മുടെ ഹരിയെ.അവനയച്ച കത്താണ്.ഈ ആഴ്ച അവന്‍ ഇങ്ങോട്ട് വരുന്നുണ്ടത്രേ"

"ഉവ്വോ.എത്ര നാളായി ആ കുട്ടിയെ ഒന്നുകാണണമെന്നു കരുതീട്ട്.ഇത്രേം നാളതെവിടേര്‍ന്നു അവന്‍?"

"അറിയില്ലമ്മേ.അവനിങ്ങോട്ടുതന്നെയല്ലേ വരണത്.അപ്പോള്‍ ചോദിക്കാം. അമ്മ ദേവൂനു ചായകൊടുത്തോ?"

"കൊടുക്കാം.അവളുറങ്ങുവാണെന്നാ തോന്നണേ. എണീക്കുമ്പം കൊടുക്കാം"

ഒഴിഞ്ഞ ഗ്ലാസ്സുമെടുത്ത് മാധവിയമ്മ അടുക്കളയിലേയ്ക്കു നടന്നു.

-------
ബസ്റ്റാന്റിലെ ഒഴിഞ്ഞകോണിലെ സിമന്റ് ബെഞ്ചിലിരിക്കുമ്പോഴും ശ്യാം നാലുപാടും നോക്കുന്നുണ്ടായിരുന്നു.എത്രനേരമായി താന്‍ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട്.ഏതു ബസ്സിലാണു അവന്‍ വരുന്നതെന്ന്‍ ഒരൂഹവുമില്ലല്ലോ.ഓരോ ബസ്സ് വരുമ്പോഴും അവന്‍ ആകാംഷാഭരിതനായി ഇറങ്ങുന്നവരെ നോക്കിക്കൊണ്ടിരുന്നു. ഇരുന്നു മുഷിഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന കടയില്‍നിന്നു അവനൊരു സിഗററ്റ് വാങ്ങിക്കൊളുത്തി അതിന്റെ പുക ആസ്വദിച്ചു വലിച്ചുകൊണ്ട് ബെഞ്ചിലേയ്ക്കിരുന്നു.

ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു ഹരി.ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍.തന്റെ വീട്ടില്‍നിന്നു കുറച്ചു നടന്നാല്‍മതി അവന്റെ വീട്ടിലേയ്ക്ക്.തന്റെ കുടുംബവും ഹരിയുടെ കുടുംബവുമായി ഒരകന്ന ബന്ധവുമുണ്ട്. ചെറുപ്പത്തിലേ അമ്മ മരിച്ചുപോയതിനാല്‍ ഹരിയ്ക്ക് തന്റെ അമ്മയെ വല്യ ഇഷ്ടമായിരുന്നു. അമ്മയ്ക്കുമതേ. ഹരിയുടെ അമ്മ മരിച്ചു രണ്ടുകൊല്ലത്തിനുള്ളില്‍ അവന്റെ അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു.അതോടെ തികച്ചും ഒറ്റപ്പെട്ട അവന്‍ മിക്കസമയവും ചിലവഴിച്ചിരുന്നത് തന്റെ വീട്ടിലായിരുന്നു.തന്നെക്കാളും നന്നായി പഠിക്കുമായിരുന്നതിനാല്‍ അച്ഛനും അവനെ വല്യ കാര്യമായിരുന്നു.പലപ്പോഴും നീ ഹരിയെ കണ്ട് പഠിക്കെടാ എന്നു പറഞ്ഞ് അച്ഛന്റെ കൈയില്‍നിന്നു തനിക്കു നല്ലത് കിട്ടിയിട്ടുമുണ്ട്. ഹരി ആരോടും പെട്ടന്ന്‍ അടുക്കുന്ന പ്രകൃതക്കാരനായിരുന്നു. പൊതുവേ ശാന്തസ്വഭാവിയായ അവന്‍ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാറില്ലായിരുന്നു.എന്തിനും ഏതിനും തന്നോട് അഭിപ്രായം ചോദിക്കുന്ന അവന്‍ തന്നില്‍നിന്ന്‍ എന്തോ മറച്ചുപിടിയ്ക്കുന്നതായി എപ്പോഴാണ് തനിക്കു തോന്നിയത്.ഡിഗ്രീ അവസാന വര്‍ഷമാണെന്നു തോന്നുന്നു.

ശ്..ശ്സ്...

വല്ലാത്തൊരൊച്ചയുണ്ടാക്കിക്കൊണ്ട് ശ്യാം പിടഞ്ഞെഴുന്നേറ്റു.കൈയിലിരുന്ന സിഗററ്റ് കത്തിതീര്‍ന്ന്‍ ചൂട് വിരലിലടിച്ചതാണ്.ഭാഗ്യത്തിനു പൊള്ളിയില്ല.അവന്‍ കൈ നന്നായൊന്നു കുടഞ്ഞുകൊണ്ട് ചുറ്റും നോക്കി.ബസ്റ്റാന്‍ഡില്‍ വല്യ തിരക്കൊന്നുമില്ല. അല്‍പ്പസമയംകൂടി കഴിയുമ്പോള്‍ ഒരു ബാംഗ്ലൂര്‍ ബസ്സ് വരും.അതില്‍ കൂടി നോക്കിയിട്ട് തിരിച്ചുപോകാം.അതിനുശേഷമാണവന്‍ വരുന്നതെങ്കില്‍ നേരെ വീട്ടിലേയ്ക്കു വരട്ടെ.കടയില്‍നിന്നു ഒരു ചായ മേടിച്ചുകൊണ്ട് അവന്‍ അല്‍പ്പം ഒതുങ്ങി നിന്നു.ചായ കുടിച്ചുകഴിഞ്ഞശേഷം അവന്‍ ഒരു സിഗററ്റ്കൂടി കൊളുത്തി. മുമ്പ് താന്‍ സിഗററ്റ് വലിയ്ക്കുന്നതിനെ ഹരി ശക്തിയായി എതിര്‍ത്തിരുന്നു.അവന് ആ ജാതി ഒരു ദുശ്ശീലവുമുണ്ടായിരുന്നില്ല.തന്റെ സിഗററ്റ് വലി നിര്‍ത്തിക്കാന്‍ അവന്‍ എന്തെല്ലാം ചെയ്തിരിക്കുന്നു.തോളില്‍ ഒരു കരമമര്‍ന്നതറിഞ്ഞ് ശ്യാം പെട്ടന്ന്‍ ഞെട്ടിതിരിഞ്ഞുനോക്കി.തന്റെ മുമ്പില്‍ നില്‍ക്കുന്ന അപരിചിതനെ ഒന്നു സൂക്ഷിച്ചുനോക്കിയ ശ്യാം ഞെട്ടി.ഹരിയല്ലേയിത്.അതെ ഹരി തന്നെ.പെട്ടന്ന്‍ മുന്‍പ് കാട്ടുന്നതുപോലെ ഹരി കാണാത്തരീതിയില്‍ അവന്‍ ഇടതുകൈയാല്‍ സിഗററ്റ് പുറകിലേയ്ക്കു മറച്ചുപിടിച്ചു.

"എന്താടാ എന്നെ മനസ്സിലായില്ലെന്നുണ്ടോ?"

നല്ല മുഴക്കമുള്ള ശബ്ദത്തില്‍ ഹരി അവനോടു ചോദിച്ചു.

"ഇത്രനാള്‍ എവിടെപ്പോയി ഒളിച്ചിരിക്കുവായിരുന്നെടാ നീ?".

പറച്ചിലും ഹരിയുടെ കവിളില്‍ ഒരടിയും ഒരുമിച്ചായിരുന്നു.

"എനിക്കു നൊന്തു".

കവില്‍ത്തടം മെല്ലെത്തടവിക്കൊണ്ട് ഹരി പറഞ്ഞു.

വീട്ടിലേയ്ക്കുള്ള വഴിയേ നടക്കുമ്പോള്‍ രണ്ടുപേരും നിശ്ശബ്ദരായിരുന്നു.എന്തെല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു ശ്യാമിന്.പക്ഷേ വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ കുടുങ്ങിക്കിടക്കുകയാണ്. ഇടവഴിയില്‍നിന്നു വീട്ടിലേയ്ക്കുള്ള പടവുകയറുമ്പോള്‍ ശ്യാം ഒരു നിമിഷം ഹരിയെ പാളിനോക്കി.അവന്റെ മിഴികളില്‍ നനവു പടര്‍ന്നിട്ടുണ്ടോ?.മുറ്റത്ത് ഹരി അല്‍പ്പസമയം തറഞ്ഞുനിന്നു.

"അമ്മേ.ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ"?

അകത്തേയ്ക്കുനോക്കി ഉറക്കെ വിളിച്ചുപറഞ്ഞിട്ട് ശ്യാം ഇറയ്ത്തേയ്ക്കു കയറി അവിടെക്കിടന്ന കസേരയിലമര്‍ന്നിരുന്നു.ഹരിയും ഇറയത്തേയ്ക്കുകയറി ഒരു കസേരയിലിരുന്നു. പുറത്തേയ്ക്കു വന്ന മാധവിയമ്മ അല്‍പ്പസമയം ഹരിയെത്തന്നെ നോക്കിനിന്നു.

"എന്നിരുന്നാലും നീ ഞങ്ങളെയൊക്കെ അത്രയ്ക്കങ്ങ് മറന്നുകളഞ്ഞല്ലോ കുഞ്ഞേ"?

ഗദ്ഗദത്തോടെ പറഞ്ഞുകൊണ്ടവര്‍ മാറത്തുകിടന്ന തോര്‍ത്തുകൊണ്ട്  മുഖമൊന്നു തുടച്ചു.

കസേരയില്‍നിന്നെഴുന്നേറ്റ ഹരി മാധവിയമ്മയുടെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു.അവന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.

'മോനിരിയ്ക്ക്.ഞാന്‍ കുടിയ്ക്കാനെന്തെങ്കിലുമെടുക്കാം".

തന്റെ കൈപിടിച്ചു തന്നെതന്നെനോക്കി നിര്‍ന്നിമേഷനായി നില്‍ക്കുന്ന ഹരിയോടായി പറഞ്ഞിട്ട് അവര്‍ അടുക്കളയിലേയ്ക്കു കയറിപ്പോയി.

മുറ്റത്തേയ്ക്കിറങ്ങിയ ഹരിക്കൊപ്പം ശ്യാമും കൂടി.

"നീ ഇത്ര നാള്‍ എവിടെയായിരുന്നു ഹരീ?".

പറമ്പിലൂടെ നടക്കുമ്പോള്‍ ശ്യാം അവനോട് ചോദിച്ചു.

"അതെല്ലാം ഒരു വലിയ ചരിത്രമാണ്.സൌകര്യമായി ഞാന്‍ പിന്നീട് പറയാം. നീ വിവാഹം കഴിച്ചായിരുന്നോ?"

"ഉവ്വ്.ശ്രീമതി ഇപ്പോള്‍ അവളുടെ വീട്ടിലാണ്.ഒരു മാസം കൂടി കഴിയുമ്പോള്‍ ഒരച്ഛനാവും ഞാന്‍. നിന്റെവിവാഹം കഴിഞ്ഞോ?"

"അച്ഛനാകാന്‍ പോകുന്നതിനു എന്റെ അഭിനന്ദനങ്ങള്‍".

കൈപിടിച്ചുകുലുക്കിക്കൊണ്ട് ഹരി നടത്തം നിറുത്തി.

"നീ പറഞ്ഞില്ല".

കൈവിടാതെ അവന്‍ ഹരിയുടെ മുഖത്തേയ്ക്കു നോക്കി. അവിടെ ഒരു വേദന നിറയുന്നതായി അവനു തോന്നി.

"ഇല്ല.പറ്റിയ ഒരാളെ കണ്ടുപിടിയ്ക്കുവാന്‍ കഴിഞ്ഞില്ല എന്നതാണു നേര്.പിന്നെ മനസ്സില്‍ അല്‍പ്പവും സ്നേഹം അവശേഷിച്ചിട്ടുമുണ്ടായിരുന്നില്ല.നിര്‍വ്വികാരമായ മനസ്സോടെ ഒരു പാവം പെണ്ണിനെ എന്തിനു സങ്കടപ്പെടുത്തണമെന്നു ഞാന്‍ ചിന്തിച്ചു.അപ്പോള്‍ കല്യാണം കഴിക്കാന്‍ തോന്നിയില്ല.പിന്നെ ഒരു കൂട്ട് വേണമെന്നെപ്പോഴെങ്കിലും തോന്നിയാല്‍ അപ്പോള്‍ നോക്കാം. കെട്ടുപാടുകളൊന്നുമില്ലാതിരിക്കുന്നതാണൊരുകണക്കിനു നല്ലത്".

പറഞ്ഞുനിര്‍ത്തിയിട്ട് ഹരി പാന്റിന്റെ പോക്കറ്റില്‍നിന്നൊരു സിഗററ്റെടുത്ത് ചുണ്ടില്‍വച്ചു കൊളുത്തി.തന്റെ നേരെനീട്ടിയ സിഗററ്റ് പായ്ക്കറ്റില്‍നിന്നൊരെണ്ണം എടുത്തുകൊണ്ട് ശ്യാം അത്ഭുതത്തോടെ ഹരിയെനോക്കി.ആസ്വദിച്ചു സിഗററ്റ് വലിയ്ക്കുകയാണവന്‍.

"ഇതെപ്പോള്‍ തുടങ്ങി?"

"വല്ലാത്ത മുഷിവുതോന്നുന്ന സമയങ്ങളില്‍ എന്റെ കൂട്ടുകാരനായി കൂടിയവനാണിവന്‍.ഇപ്പോള്‍ എപ്പോഴും കൂടെതന്നെയുണ്ട്.പിന്നെ മറ്റു വിശേഷങ്ങളെന്തൊക്കെയാണ്?"

"അച്ഛനുമമ്മയ്ക്കുമെനിക്കുമെല്ലാം പരമസുഖം. ദേവുവിന്റെ കാര്യം. അതുമാത്രമാണ് ഒരു സങ്കടം"

നടന്നുകൊണ്ടിരുന്ന ഹരി പെട്ടന്നുനിന്നു.അവന്‍ ശ്യാമിന്റെ മുഖത്തേയ്ക്കു ചോദ്യഭാവത്തില്‍ നോക്കി.

"നിനക്കോര്‍മ്മയില്ലേ രാജീവന്റെ ആലോചന വന്നതും  പിന്നീടുണ്ടായതും.നിശ്ചയത്തിന്റന്നു അവളെന്തൊക്കെ പുകിലുകളാണുണ്ടാക്കിയത്.എല്ലാപേരുടേയും മുമ്പില്‍ ഞങ്ങളാകെ നാണം കെട്ടു.ഞാനവളെ അന്നു ശരിക്കും തല്ലി.അതിനുശേഷം രണ്ടുമൂന്നുദിവസം അവള്‍ മുറിയില്‍നിന്നു പുറത്തിറങ്ങിയതേയില്ല. ഒരാഴ്ചകഴിഞ്ഞൊരുദിവസം രാവിലെ വായില്‍നിന്നുംനുരയും പതയും ചാടി ബോധമില്ലാതെ പറമ്പില്‍ ആ പേരമരത്തിനുതാഴെ കിടന്ന ദേവുവിനെ കറവക്കാരനാണു കണ്ടത്. കീടനാശിനി കഴിച്ചതാ.ആശുപത്രിയില്‍ പെട്ടന്നെത്തിച്ചതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി.പക്ഷേ.."

നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് ശ്യാം അകലേയ്ക്കു നോക്കിനിന്നു.

"എന്നിട്ട്?"

അവന്റെ ഇരുചുമലുകളിലും കുലുക്കിക്കൊണ്ട് അസ്വസ്ഥതയോടെ ഹരി ചോദിച്ചു.

"എന്നിട്ടെന്താവാന്‍.മാരകകീടനാശിനിമൂലം അവള്‍ ജീവിതകാലം മുഴുവന്‍ കട്ടിലില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവളായി.എന്തിനും എതിനും ഒരാളിന്റെ സഹായമില്ലാതെ കഴിഞ്ഞ പത്തുപതിനൊന്നുവര്‍ഷമായി ഒരേ കിടപ്പുകിടക്കുന്ന അവളെയോര്‍ത്തു മാത്രമാണ് ഞങ്ങളുടെ ദുഃഖം.അതിനി ഒരിക്കലും തീരില്ല.ഇത്രയും നാളത്തെ ചികിത്സയുടെ ഫലമായി ഇപ്പോള്‍ വലിയ മാറ്റം കാണുന്നുണ്ട്.ദൈവം കരുണയുള്ളവനല്ലേ.പാവം അമ്മയുള്ളതുകൊണ്ട് ഒന്നുമറിയുന്നില്ല.എന്നാലും എന്തിനായിട്ടാനവളിത് ചെയ്തതെന്നുമാത്രമറിയില്ലെടാ.അവളുടെ ഒരാഗ്രഹവും ഞങ്ങള്‍ സാധിച്ചുകൊടുക്കാതിരുന്നിട്ടില്ലല്ലോ".

പറഞ്ഞുനിര്‍ത്തിയിട്ടവന്‍ അല്‍പ്പനേരം മിണ്ടാതെനിന്നു.പിന്നീട് തലയുയര്‍ത്തിനോക്കിയപ്പോള്‍ ഒരു കൊടുങ്കാറ്റുപോലെ വീട്ടിലേയ്ക്കു പാഞ്ഞുപോകുന്ന ഹരിയെയാണവന്‍ കണ്ടത്.ഒന്നും മനസ്സിലാകാതെ അല്‍പ്പനേരം നിന്നിട്ട് ശ്യാമും വീട്ടിലേയ്ക്കു നടന്നു.

--------------------

കട്ടിലില്‍കിടക്കുന്ന രൂപത്തെ നിര്‍ന്നിമേഷനായി ഹരി നോക്കിനിന്നു. മറ്റാരും കാണാതെ തന്നെ നോക്കിച്ചിരിയ്ക്കുന്ന ഒരു സുന്ദരമുഖം അവന്റെ മനസ്സില്‍ മിന്നിമറഞ്ഞു.എപ്പോഴാണു താന്‍ ദേവുവിന്റെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്?. താനീ വീട്ടില്‍ ശ്യാമിനോടൊപ്പം വരുമ്പോള്‍ ദേവുവിന്റെ മുഖം വിടരുന്നത്,മറ്റാരും കാണാതെ തന്നെ തട്ടാനും മുട്ടാനും വരുന്നത്,ആഹാരം വിളമ്പുമ്പോള്‍ തന്റെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കുന്നത് എല്ലാം തനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു.ആദ്യമൊക്കെ വെറും തമാശയെന്നാണ് താന്‍ കരുതിയത്.പക്ഷേ പോകെപ്പോകെ ദേവുവിന്റെ രീതികള്‍ തന്നെ മാറ്റിചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു.അവളുടെ മനസ്സിലെ ചീത്തവിചാരം മാറ്റിയെടുക്കാന്‍ താനാവത് ശ്രമിച്ചു.

രാജീവന്റെ ആലോചന വന്നപ്പോള്‍ താനും സന്തോഷിച്ചു.പക്ഷേ നിശ്ചയദിവസം അവള്‍ തനിക്കീ കല്യാണത്തിനു ഒട്ടുമിഷ്ടമില്ലെന്നുറക്കെ പറഞ്ഞപ്പോള്‍ തന്റെ മനസ്സിലെ ഭയം വളരുകയായിരുന്നു.തന്നെയാണവളിഷ്ടപ്പെടുന്നതെന്നെങ്ങാനും പറഞ്ഞാല്‍ ശ്യാമിന്റേയും അമ്മയുടേയും അച്ഛന്റേയുമൊക്കെ മുഖത്തെങ്ങിനെ നോക്കുമെന്നോര്‍ത്ത് താനാകെയുരുകുകയായിരുന്നു.ഒടുവില്‍ തന്നോടെന്തോ സംസാരിക്കാനുണ്ടെന്നും രാത്രി വരണമെന്നും താന്‍ കാത്തിരിക്കുമെന്നും പറഞ്ഞൊരു കത്ത് മറ്റാരും കാണാതെ അവള്‍ തനിക്കു തന്നപ്പോള്‍ താനുറപ്പിച്ചു.അവളുടെ  ഈ ഭ്രാന്ത് മാറണമെങ്കില്‍ താനീ നാട്ടില്‍നിന്നു പോകണമെന്നു.അന്നുതന്നെ ആരോടും പറയാതെ എവിടേക്കെന്നില്ലാതെ യാത്രതുടങ്ങിയതാണ്.ഇത്രയും കാലത്തിനിടയ്ക്കു അലയാത്ത സ്ഥലങ്ങളില്ല.കുറച്ചുനാള്‍ മുമ്പാണ് തനിക്ക് ശ്യാമിനെക്കാണണമെന്നും എല്ലാമവനോടു തുറന്നുപറയണമെന്നും തോന്നിയത്.ഈ പൊട്ടിപ്പെണ്ണിതേപോലെ എന്തേലും ചെയ്യുമെന്ന്‍ താനൊരിക്കലും കരുതിയിരുന്നില്ലല്ലോ.എല്ലാം മറന്ന്‍ കല്യാണമൊക്കെക്കഴിഞ്ഞ് കുഞ്ഞുങ്ങളും കുടുംബവുമായി അവള്‍ സന്തോഷത്തോടെ കഴിയുന്നെന്നല്ലേ താന്‍ കരുതിയത്.പക്ഷേ...

"ആരാ?"

ആ ചോദ്യമാണ് ഹരിയെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്.അപരിചിതഭാവത്തോടെ തന്നെനോക്കുന്ന ദേവുവിനെ ഹരി സൂക്ഷിച്ചുനോക്കി. അവളുടെ മുഖത്ത് പതിയെപതിയെ ഭാവമാറ്റമുണ്ടാകുന്നത് ഹരികണ്ടു.പെട്ടന്ന്‍ ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.നിറഞ്ഞൊഴുകുന്ന മിഴികള്‍ തുടയ്ക്കണമെന്ന്‍ അവനു തോന്നി.ഒന്നു ശങ്കിച്ചശേഷം അവന്‍ ആ മിഴിനീര്‍ തന്റെ കൈകൊണ്ടു തുടച്ചു.അവളുടെ നെറ്റിയില്‍ അരുമയായിതലോടി.അല്‍പ്പസമയം കഴിഞ്ഞ് കണ്ണുകള്‍ തുറന്ന ദേവുവിന്റെ കവിളില്‍ ചെറുതായി ഒന്നു തല്ലിയിട്ടവന്‍ അവളെ തന്റെ കൈകളാല്‍ കോരിയെടുത്തു തനിക്കുനേരെ ചാരിയിരുത്തി.

"എന്തിനാടീ നീയീ കടുംകൈ ചെയ്തത്?".

ദേവുവാകട്ടെ ഒന്നുംപറയാതെ അവനെ നോക്കിനിര്‍ന്നിമേഷയായിരുന്നു, ഹരി അവളുടെ ഇരു കവിളിലും തന്റെ കൈകള്‍കൊണ്ടുതലോടി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാഇരുന്നു.

"ഇനിയീകണ്ണുകള്‍ നിറയാന്‍ ‍ഞാനൊരിക്കലും സമ്മതിക്കില്ല. എനിക്കു വേണം നിന്നെ"

അവന്‍ അരുമയായി അവളെത്തലോടി. ആ മുഖത്ത് നിലാവുദിക്കുന്നതവന്‍ കാണുന്നുണ്ടായിരുന്നു. പുറത്ത് വാതിലിനരുകില്‍ നിന്ന ഒരു ജോഡി കണ്ണുകളും സന്തോഷത്താല്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ശുഭം

ശ്രീ.....

8 comments:

  1. അതെ ശരിക്കുമൊരു പൈങ്കിളിക്കഥ തന്നെ.വേറെ ജോലി വല്ലതും വേണ്ടേ

    ReplyDelete
  2. വീണ്ടുമെഴുതുക

    ReplyDelete
  3. പൈങ്കിളിക്കഥ ആണെങ്കിലും കൊള്ളാം

    ReplyDelete
  4. പൈങ്കിളി കഥ തന്നെ ശ്രീക്കുട്ടാ. കുറെ കേട്ട്‌ കഴിഞ്ഞ പ്രമേയമായതിനാല്‍ വലിയ പുതുമ അവകാശപ്പെടാനില്ല. ഹരിയുടെയും ശ്യാമിന്റെയും കണ്ടുമുട്ടല്‍ കുറച്ച് നീണ്ടു പോയത്‌ പോലെ തോന്നി. വായിച്ചു പോകാന്‍ തോന്നാവുന്ന വിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ വിഷമങ്ങള്‍ ഉണ്ടാകും എന്ന് കരുതി നാട് വിടുന്നത് സ്നേഹത്തിന്റെ കാഠിന്യം ചെറുതാക്കി.
    ആശംസകള്‍.

    ReplyDelete
  5. കലാവല്ലഭന്‍,മിഴിനീര്‍ത്തുള്ളി, രഞ്ജിത്ത്

    എന്റെ പൈങ്കിളിക്കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    റാംജി സാബ്,

    മറ്റുള്ളവരുടെ സ്നേഹം നഷ്ടപ്പെട്ടുപോകരുതെന്നുകരുതി ഒരാളിന്റെ സ്നേഹം തട്ടിത്തെറിപ്പിച്ചു പോയൊരാളാണ് ഹരി.പിന്നീട് അത് സ്വീകരിക്കുന്നുമുണ്ട്. ശ്യാമിന്റേയും ഹരിയുടേയും കണ്ടുമുട്ടല്‍ നീണ്ടുപോയോ. എനിക്കിനി കത്രിക വയ്ക്കാന്‍ മേല.അഭിപ്രായമറിയിച്ചതിനു നന്ദി.

    ReplyDelete
  6. കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഹരിയുടെ ഫ്ളാഷ്ബാക്ക് എന്താവും എന്നൊരു ആകാംഷയുണ്ടായിരുന്നു. പറഞ്ഞു തീര്‍ന്നപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്ന വിഷയം തന്നെ എന്നു തോന്നി. എഴുത്തില്‍ നല്ല ഒഴുക്കുണ്ടായിരുന്നു അൽപ്പം നീണ്ടു പോയി എങ്കിലും .
    അഭിനന്ദനങ്ങള്‍ .. ശ്രീകുട്ടാ.

    ReplyDelete
  7. അമ്പട പുളുസൂ.. കൊള്ളാം...

    ReplyDelete