Sunday, October 10, 2010

സിനിമാനടി

തോറ്റുപോകുന്നവര്‍

നെടുനീളന്‍ ഡയലോഗ് പറഞ്ഞുകൊണ്ട് അരങ്ങത്ത് തകര്‍ത്തഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും‍ രമണിയുടെ മനസ്സ് തികച്ചുമശാന്തമായിരുന്നു. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ഡയലോഗ് പറയുന്നതില്‍ കല്ലുകടികളുണ്ടായിക്കൊണ്ടിരുന്നു. അഭിനയത്തിനിടയ്ക്ക് ഒന്നുരണ്ടുവട്ടം വിശ്വനാഥന്‍ തന്നെ രൂക്ഷമായി നോക്കുന്നതവള്‍ ശ്രദ്ധിച്ചു. നാടകം നടക്കുമ്പോള്‍‍ ഒരു ചെറിയതെറ്റു വരുത്തിയാല്പ്പോലും മടക്കയാത്രയില്‍ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്നയാളാണ് വിശ്വന്‍. അത് എത്ര ലിയ നടനായാലും നടിയായാലും ശരിതന്നെ. അതുകൊണ്ടുതന്നെ പരമാവധി എല്ലാപേരും ശ്രദ്ധിച്ചാണഭിനയിക്കുന്നത്. രമണിയുടെ പ്രകടനത്തില്‍ പലപ്പോഴും ഇടര്‍ച്ചയുണ്ടായത് മറ്റു നടീനടന്മാരും ശ്രദ്ധിച്ചിരുന്നു. നാടകംകഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ വിശ്വനാഥന്റെ പൊട്ടിത്തെറി എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ പതിവിനു വിപരീതമായി വിശ്വനാഥന്‍ അന്ന്‍ മൌനിയായിരുന്നു. എല്ലാപേര്‍ക്കും തികച്ചും പുതുമയുള്ള ഒരു കാര്യമായിരുന്നത്.രാത്രി രണ്ടരമണികഴിഞ്ഞിരിക്കുന്നു. ബസ്സിനുള്ളിലെ ഒട്ടുമിക്കപേരും ഉറക്കത്തിലേയ്ക്കു വഴുതിവീണുകഴിഞ്ഞു. നാരായണേട്ടന്‍ സൈഡ്സീറ്റില്‍ ചാരിയിരുന്ന്‍ കൂര്‍ക്കംവലിയ്ക്കുകയാണ്. വിശ്വന്‍ തലതിരിച്ച് രമണി ഇരിക്കുന്ന ഭാഗത്തേയ്ക്കൊന്നു പാളിനോക്കി. അവളുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നതായി വിശ്വനു തോന്നി. കരയുകയായിരുന്നോ അവള്‍. അതിനു താനൊന്നും പറഞ്ഞില്ലല്ലോ. നാടകത്തിനിടയ്ക്ക് തെറ്റുവരുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയില്ല. നാടകത്തില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് വേണ്ടത്. എന്നാല്‍ മാത്രമേ കാണികള്‍ക്ക് നാടകം അനുഭവവേദ്യമാകൂ. കൃത്രിമമായ അഭിനയംകൊണ്ട് നാടകം വിജയിപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് തന്റെ ട്രൂപ്പില്‍ സഹകരിക്കുന്നവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കുവാന്‍ താന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇത്തവണത്തെ നാടകം നല്ല വിജയമാണ്. മിക്കദിവസവും ഒന്നുംരണ്ടും കളികളുണ്ട്. ബാധ്യതകളെല്ലാം ഇക്കൊല്ലം ഒന്നൊതുക്കാമെന്നു കരുതുകയാണ്.

വിശ്വനാഥന്‍ ഒരിയ്ക്കല്‍ക്കൂടി തലതിരിച്ച് രമണിയെനോക്കിയപ്പോള്‍ സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടയ്ക്കുന്നതാണയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്‍. എന്തോ കുഴപ്പമുണ്ട്. സാധാരണയായി ഒരു പിഴവുപോലും വരുത്തുന്നവളല്ല രമണി. അസാധ്യമായ അഭിനയസിദ്ധിയുള്ള കലാകാരിയുമാണ്. അതുകൊണ്ടുമാത്രമാണ് താന്‍ ക്ഷമിച്ചത്. മാത്രമല്ല തന്റെ മനസ്സിനുള്ളിലെവിടെയോ അവളോടൊരു നനുത്ത സ്നേഹവും ഉറങ്ങിക്കിടക്കുന്നുണ്ട്. പക്ഷേ ഇന്നേവരെ അതൊന്നു പ്രകടിപ്പിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ല. പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ് അവളോട് തന്റെ ഇഷ്ടം അറിയിക്കണമെന്ന്‍.നാടകവും കലയും മറ്റുമെന്നൊക്കെപ്പറഞ്ഞ് താന്‍ തന്റെ നല്ല പ്രായം തൊലച്ചുകളഞ്ഞു. കലയോടുള്ള ഭ്രാന്ത്മൂലം ജീവിതത്തിലെ പലസുഖങ്ങളും നഷ്ടപ്പെടുത്തിക്കളഞ്ഞു. ഒരു കൂട്ട് വേണമെന്ന്‍ ഇപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു. തന്റെ ട്രൂപ്പില്‍ നാലുവര്‍ഷം മുമ്പാണു രമണി ചേര്‍ന്നത്. അറിഞ്ഞിടത്തോളം പത്താം ക്ലാസ്സിലോ മറ്റോ പഠിയ്ക്കുന്ന ഒരു മകള്‍ മാത്രമെ രമണിയ്ക്കുള്ളു. ഭര്‍ത്താവിനെക്കുറിച്ചൊന്നും ആര്‍ക്കുമറിയില്ല. അതേക്കുറിച്ചാരെങ്കിലും ചോദിച്ചാല്‍ ഉടനനേയവള്‍ വിഷയം മാറ്റിക്കളയും. അതെന്തോ ആയിക്കൊള്ളട്ടെ. അവള്‍ക്കു സമ്മതമാണെങ്കില്‍ അവളെ വിവാഹം ചെയ്യാന്‍ താനൊരുക്കമാണ്. എന്തായാലും അധികം താമസിയാതെതന്നെ അവളോട് തന്റെ ഇഷ്ടമറിയിക്കണം. സൈഡ് ഗ്ലാസ്സ് അല്‍പ്പം താഴ്ത്തിവച്ച് അയാളൊരു സിഗറെറ്റെടുത്തുകൊളുത്തി.

പുറത്തുനിന്നടിയ്ക്കുന്ന തണുത്ത കാറ്റില്‍നിന്നും രക്ഷപ്പെടാനെന്നവണ്ണം രമണി തന്റെ സാരിത്തലപ്പുകൊണ്ട് തലമൂടി. അവള്‍ ബസ്സിനുള്ളിലേയ്ക്കൊന്നു പാളിനോക്കി. എല്ലാപേരും നല്ല ഉറക്കമാണ്. വിശ്വന്‍ സാര്‍ മാത്രം ഉറങ്ങിയിട്ടില്ല. പുകച്ചുരുളുകള്‍ പുറത്തേയ്ക്ക് പറത്തിവിട്ടുകൊണ്ട് സീറ്റില്‍ ചാരിയിരിക്കുകയാണ് സാര്‍. ഇടയ്ക്ക് തന്നെ നോക്കുന്നത് താന്‍ കണ്ടതാണ്. ഇന്നു നാടകത്തിനിടയ്ക്ക് ചിലയിടത്തൊക്കെ പതറിപ്പോയതിന് കണക്കിനു കേള്‍ക്കുമെന്നു കരുതിയതാണ്. ഭാഗ്യം ഒന്നും പറഞ്ഞില്ല. എങ്ങിനെ പതറാതിരിയ്ക്കും. മനസ്സു ശരിയാണെങ്കില്‍ മാത്രമല്ലേ അഭിനയവും ശരിയാകൂ. തന്റെ മകള്‍ മുതിര്‍ന്ന കുട്ടിയായിരിക്കുന്നു. അവള്‍ക്ക് സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയായിരിക്കുന്നു. പക്ഷേ താനെങ്ങിനെയവളെ അവളുടെ ഇഷ്ടത്തിനു വിടും. തനിക്കു സംഭവിച്ചതാവര്‍ത്തിക്കുവാന്‍ അവളെ താനനുവദിക്കത്തില്ല. ബസ്സ് നിന്നതറിഞ്ഞ് അവള്‍ മിഴികള്‍തുറന്നു. തനിയ്ക്കിറങ്ങേണ്ടയിടമായിരിക്കുന്നു. ബാഗുമായി അവള്‍ പുറത്തേയ്ക്കിറങ്ങി. വീട്ടിലേയ്ക്കു കുറച്ചുദൂരമുണ്ട്. നല്ല കട്ടപിടിച്ച ഇരുട്ട്.

"നടന്നുകൊള്ളൂ. നല്ല ഇരുട്ടല്ലേ. ഒറ്റയ്ക്കു പോകണ്ട. ഞാന്‍ കൊണ്ടാക്കിത്തരാം"

വണ്ടിയില്‍നിന്നിറങ്ങിയിട്ട് ഒരു സിഗററ്റെടുത്ത് കത്തിച്ചുപുകവിട്ടുകൊണ്ട് വിശ്വനാഥന്‍ രമണിയോടു പറഞ്ഞു.

ഇരുട്ട് കട്ടപിടിച്ച വഴിയില്‍ക്കൂടി നടക്കുമ്പോള്‍ രണ്ടുപേരും നിശബ്ധരായിരുന്നു. തന്റെ മനസ്സുപിടയുന്നത് വിശ്വനറിയുന്നുണ്ടായിരുന്നു. കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറയുന്ന അയാള്‍ അപ്പോള്‍ അവളോട് സംസാരിക്കുവാന്‍ വാക്കുകള്‍ കിട്ടാതെ കുഴങ്ങി. എരിയുന്ന സിഗററ്റിന്റെ വെളിച്ചത്തില്‍ രമണിയുടെ മുഖത്തേയ്ക്കയാളൊന്ന്‍ പാളിനോക്കി. അവള്‍ തലകുനിച്ച് നടക്കുകയാണു.

"സാര്‍ പൊയ്ക്കൊള്ളൂ. ഇനി ഞാന്‍ പൊയ്ക്കോളാം"

വീടിന്റെ അടുത്തെത്തിയപ്പോള്‍ രമണി വിശ്വനാഥനോടായി പറഞ്ഞു.

തല മെല്ലെയൊന്നാട്ടിയ അയാള്‍ രമണി അവളുടെ പുരയിടത്തിലേയ്ക്കു കയറുന്നതു നോക്കിനിന്നു. അല്‍പ്പസമയം കൂടി ആ നില്‍പ്പു നിന്ന വിശ്വനാഥന്‍ തിരിഞ്ഞുനടന്നു.

---------------------
തന്റെ വീട്ടിലേയ്ക്ക് കയറിവരുന്ന രമണിയെക്കണ്ട് വിശ്വനാഥന്‍ ആദ്യമൊന്നമ്പരന്നു. അവളുടെ മുഖമാകെ കരഞ്ഞുകലങ്ങിയിരിക്കുകയായിരുന്നു.

"സാറെന്നെയൊന്നു സഹായിക്കണം. എനിക്കു മറ്റാരുമില്ല സഹായം ചോദിക്കുവാനായി. എന്റെ അശ്വതി മോളെ ഇന്നലെമുതല്‍ കാണാനില്ല. സാറൊന്നു തിരക്കണം.പോലീസിലൊക്കെ അറിയിച്ചാപ്പിന്നെ അവളുടെ ഭാവി."

കരച്ചിലോടെതലയില്‍ കൈവച്ചുകൊണ്ടവള്‍ വീടിന്റെ തിണ്ണയിലേയ്ക്കിരുന്നു.

വലിച്ചുകൊണ്ടിരുന്ന സിഗററ്റ് കളഞ്ഞിട്ട് അയാള്‍ കസേരയില്‍നിന്നു പിടഞ്ഞെഴുന്നേറ്റു.

"എന്താ രമണീ നീയീപ്പറയുന്നത്. മോളെ കാണ്മാനില്ലെന്നോ. അവളിതെവിടെപ്പോകാനാ. വല്ല കൂട്ടുകാരികളുടേയും വീട്ടില്‍ പോയതായിരിക്കും. നീയൊന്നു സമാധാനിക്ക്.ഞാനൊന്നു തിരക്കിനോക്കട്ടെ.അവളുടെ കൂട്ടുകാരികളുടെ വിലാസമോ മറ്റൊ കൈയിലുണ്ടോ."

"എതോ സിനിമയിലേയ്ക്കവളെ സെലക്ട് ചെയ്തിട്ടുണ്ടെന്നും അതിനു പോകണമെന്നുമൊക്കെപ്പറഞ്ഞ് കുറേദിവസായി വല്യ ബഹളമായിരുന്നു. എന്നാല്‍ ഞാനതിനു സമ്മതിച്ചില്ല. മുന്‍പ് എനിക്കുണ്ടായ ദുരന്തം അവള്‍‍ക്കുണ്ടാവരുതെന്ന്‍ ഞാനാഗ്രഹിച്ചതൊരു തെറ്റാണോ. സിനിമ എന്ന മായയ്ക്കുവേണ്ടി ഒരിക്കല്‍ വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയ ഒരു പെണ്ണാണു ഞാന്‍. എല്ലാം നഷ്ടമായതുതന്നെ മിച്ചം. വയറിനുള്ളില്‍ ഒരു ജീവന്‍ മാത്രം നേടാനായി. ആരുടേതാണെന്നുപോലും ശരിയ്ക്കും നിശ്ചയമില്ലാത്തൊരു ജീവന്‍. അവിടെനിന്നു എന്നെ തിരിച്ചറിയാത്ത ഒരിടത്തെത്തി പ്രസവിച്ച് അവളെ ശരിക്കും കഷ്ടപ്പെട്ട് പത്തുപതിനേഴ് വയസ്സുവരെ വളര്‍ത്തി. ഇപ്പോള്‍ അവളും ഞാന്‍ പോയ അതേവഴിയെതന്നെ പോകുമ്പോള്‍ എനിക്കു പേടിയാകുന്നു. എന്നെ ഷായിക്കാന്‍ മറ്റാരുമില്ല"

കൈകൂപ്പിക്കരഞ്ഞുകൊണ്ടിരിക്കുന്ന രമണിയെ സ്തബ്ധനായി വിശ്വനാഥന്‍ നോക്കിനിന്നു. തന്റെയുള്ളിലുണ്ടായിരുന്ന ഒരു സൌധം ഇടിഞ്ഞുപൊളിഞ്ഞു തരിപ്പണമായതയാളറിയുന്നുണ്ടായിരുന്നു.

"രമണി പേടിയ്ക്കേണ്ട. എവിടെയുണ്ടെങ്കിലും അശ്വതിയുമായി ഞാന്‍ വരും. സിനിമയിലഭിനയിക്കാനെന്നും പറഞ്ഞല്ലേ നിന്നോടവള്‍ വഴക്കിട്ട് പോയത്. അടുത്ത പട്ടണത്തില്‍ ഒരു സിനിമാഷൂട്ടിംഗ് നടക്കുന്നുണ്ട്.ഞാനൊന്നു തിരക്കിയിട്ടുവരാം. അവള്‍ അവിടെയുണ്ടാകും.പേടിക്കണ്ട"

അവളെ സമാധാനിപ്പിച്ചു പറഞ്ഞയിച്ചിട്ട് പെട്ടന്നുതന്നെ ഡ്രെസ്സൊക്കെ മാറ്റി അയാള്‍ പുറത്തേയ്ക്കു നടന്നു.

ആ വലിയപട്ടണത്തില്‍ ആ സിനിമയുടെ ലൊക്കേഷന്‍ കണ്ടുപിടിയ്ക്കുവാന്‍ വിശ്വനാഥന് വലുതായി ബുദ്ധിമുട്ടേണ്ടിവന്നില്ല.ഷൂട്ടിംഗ്സ്ഥലത്ത് നിറച്ചും ആള്‍ക്കാരായിരുന്നു.ആ തിരക്കില്‍ അയാള്‍ അവിടെയെല്ലാം ചുറ്റിനടന്നു സെറ്റിലുള്ളവര്‍ക്ക് ഭക്ഷണം വച്ചുകൊടുക്കുന്ന ഒരു മധ്യവയ്സ്ക്കനുമായി പതിയെ ചങ്ങാത്തംകൂടി. വൈകിട്ട് ചായകുടിസമയത്ത് അല്‍പ്പം ഇടവേളകിട്ടിയപ്പോള്‍ പതിയെ അയാളുമായി സംസാരിക്കുവാനാരംഭിച്ചു.എങ്ങിനേയും അശ്വതിയെക്കുറിച്ചുള്ള എന്തേലും വിവരം കിട്ടുമോന്നു നോക്കണമല്ലോ.

"എന്റെ ഒരു പരിചയത്തിലുള്ള നല്ല ഒരു പെണ്ണൊണ്ട്.നല്ല വല്ല ചാന്‍സുമൊപ്പിക്കുവാന്‍ പറ്റുമോ അണ്ണാ."

"എന്റെ പൊന്നമോനേ ഞാനീ ചോറാ തിന്നുന്നത്. പറയാന്‍ പാടില്ലാത്തതാ.എന്നാലും പറഞ്ഞുപോവാ.എന്തേലും നിവര്‍ത്തിയൊണ്ടേ ഇപ്പണിയ്ക്ക് പെങ്കുട്ട്യോളെ വിടരുത്. ഓരോ ദിവസവും അഭിനയിക്കണോന്നും പറഞ്ഞ് എത്രയെത്ര പിള്ളാരാ വന്നുചേരുന്നതെന്നറിയാവോ. ആയിരത്തില്‍ ഒന്നിനോ രണ്ടിനോ വല്ലതും ആകാന്‍ പറ്റും ബാക്കിയൊക്കെ പറയാതിരിക്കുന്നതാ ഭേദം. ഇന്നലയോ മെനിഞ്ഞാന്നോ മറ്റൊ അഭിനയിക്കാനെന്നും പറഞ്ഞ് ഒരെണ്ണം വന്നിട്ടൊണ്ടായിരുന്നു. ആ ബ്രോക്കര്‍ ചെക്കന്‍ കൊണ്ടുവന്നതാ. എന്തു ചെയ്താലും കൊഴപ്പമില്ല തനിക്കു ഒരുപാടുപേരറിയുന്ന സിനിമാ നടിയായാമതീന്നാ ആ പെണ്ണ് പറയുന്നതത്രേ. പ്രശസ്തീം പണോം ഒക്കെ കിട്ട്യാമതി. എന്തെങ്കിലും കൊച്ചുവേഷം ചെലപ്പോള്‍ കൊടുക്കും. പക്ഷേ അതിനുപകരമായി. ഒന്നു നീട്ടിത്തുപ്പിയിട്ട് അയാള്‍ ഗ്ലാസ്സുമായെഴുന്നേറ്റു.

ഹൃദയത്തില്‍ മുള്ളുവേലികൊണ്ട് വരഞ്ഞതുപോലുള്ള നോവുമായി വിശ്വനാഥന്‍ തറയില്‍നിന്നു പിടഞ്ഞെഴുന്നേറ്റു.

"ചേട്ടാ ആ പെണ്ണിന്റെ പേരെന്താണ്"

"രേവതീന്നോ അശ്വതീന്നൊ മറ്റോ ആ ലൈറ്റ്ബോയ് ചെക്കന്‍ പറേണകേട്ടു".

പിറുപിറുത്തുകൊണ്ടയാള്‍ അടുക്കളയിലേയ്ക്കുനടന്നു. തളര്‍ന്ന ശരീരവും മനസ്സുമായി വിശ്വനാഥന്‍ ആ പരിസരത്തുതന്നെ കറങ്ങിചുറ്റി. സന്ധ്യയാകാറായിട്ടും അയാള്‍ക്ക് അശ്വതിയെ ഒന്നു കാണാന്‍ സാധിച്ചില്ല. ഒരുവേള അവള്‍ അവിടെ നിന്നു മറ്റെവിടെയെങ്കിലും പോയോ ആവോ. എന്തായാലും തിരക്കുകതന്നെ. ഇരുട്ട് കനക്കുംമുന്നേ അയാള്‍ തന്റെ സ്ഥലത്തേയ്ക്കുള്ള ബസ്സില്‍ക്കയറി. തിരികെയുള്ള യാത്രയില്‍ വിശ്വനാഥന്‍ ആകെ അസ്വസ്ഥനായിരുന്നു. തന്റെ മകളേയും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിയ്ക്കുന്ന രണ്ട് കണ്ണുകളോട് എന്തു കള്ളം പറയുമെന്നോര്‍ത്ത് അയാളുടെയുള്ളം പിടഞ്ഞുകൊണ്ടിരുന്നു.

ശ്രീ...‍

8 comments:

  1. തീം പഴയതാണെങ്കിലും നന്നായി അവതരിപ്പിച്ചു
    ആശംസകള്‍.

    ReplyDelete
  2. വിശ്വനാഥനും രമണിയും മനസ്സിൽ ഏതോ കോണിൽ ഉടക്കി പോയതുപോലെ.ഒരു സിനിമ കണ്ടപ്പോലെ മനസ്സിൽ പതിഞ്ഞൂ.നന്നായി

    ReplyDelete
  3. റിയാസ്, അനൂപ് കോതനല്ലൂര്‍

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  4. പ്രമേയം അല്പം കൂടി ശക്തമായിക്കൊട്ടെ. എഴുത്ത്‌ പഴയതിനെക്കാളൊക്കെ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. അവതരണത്തില്‍ ഒരു ആകാംക്ഷ ജനിപ്പിക്കാന്‍ കഴിയുന്നു. നാടകത്തിന്റെ പശ്ചാത്തലം നന്നായി. ഒരു നാടകം കഴിഞ്ഞ യാത്രയില്‍ കഥ നിലനിര്‍ത്തിയത്‌ നന്നാക്കി.
    ആശംസകള്‍.

    ReplyDelete
  5. റാംജി സാബ്,

    ആദ്യമേ തന്നെ നല്ല അഭിപ്രായത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.നല്ല പ്രമേയങ്ങള്‍ സ്വീകരിക്കുവാന്‍ പരമാവധി ശ്രമിക്കാം.

    ReplyDelete
  6. നാടകം ഒരു പശ്ചാത്തലം ആക്കിയത് ഒരു വ്യത്യസ്തത നല്‍കി. നന്നായി.

    ReplyDelete
  7. നന്നായി ....ഒരു മെസ്സേജും ഉണ്ട് ..പുതിയ കാലഘട്ടത്തിലെ വാണിഭ സംസ്കാരത്തെ പറ്റി

    ReplyDelete
  8. മനസില്‍ ദുഖം ഉണ്ടാക്കി

    ReplyDelete