"ങ്ഹാ ഞാന്‍ മതിയാക്കി.വീട്ടീപ്പോണം.സമയ്മൊരുപാടായി.ഇനീം താമസിച്ചാ ശരിയാവുകേലാ"
കയ്യിലിരുന്ന ഗ്ലാസ്സ് കാലിയാക്കിയിട്ട് എഴുന്നേറ്റു നിന്ന് ഒരു ബീഡിയെടുത്തു കൊളുത്തി പുക വലിച്ചുവിട്ടുകൊണ്ട് കുമാരന്‍ പറഞ്ഞു.
"ങ്ഹാ..പൊയ്ക്കോ..പൊയ്ക്കോ..ഇന്നു കൊറേ കിട്ടിയല്ലോ.പെട്ടന്ന് കൊണ്ട് പൊയ്ക്കോ.നാളേം ഇങ്ങോട്ടു തന്നെ വരാനൊള്ളത് തന്നല്ല്"
വേലു മൂപ്പിലു ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകൊണ്ട് മറ്റുള്ളവരെ നോക്കിക്കൊണ്ട് പറഞ്ഞു.
"കുമാരോ എന്താടാ ഇത്ര പെട്ടന്ന് പോണത്.ഷാപ്പു പൂട്ടിപ്പോവത്തില്ലെടാ.ബാ ഒരു രണ്ട് കൈ കൂടി നോക്കാം.നെനക്കൂടെ ഇടട്ടെ"
ബാക്കിയുള്ളവര്‍ക്ക് ചീട്ട് കുത്തിയിട്ടുകൊണ്ട് സുദേവന്‍ കുമാരനോടായിപ്പറഞ്ഞു.
"വേണ്ട സുദേവാ.എനിക്കു വേറൊരു സ്ഥലം വേരെ പോവാനൊണ്ട്.നാളെയാട്ടെ"
തോര്‍ത്തെടുത്ത് ഒന്നു മുഖം തൊടച്ചുകൊണ്ട് കുമാരന്‍ ഇടവഴിയിലെയ്ക്കു കയറി മുന്നോട്ടു നടന്നു.
"അവന്‍ സുഗുണന്റെ വീട്ടീപ്പോവുവാ.നല്ല സൊയമ്പന്‍ നാടന്‍ കിട്ടുമല്ലോ അവിടെ.കൂട്ടത്തീ ദേവകീനേം കാണാം.അവളെകാണുമ്പം തന്നെ ആരും ഫിറ്റാകുമല്ലോ.ഇന്നവന്റെ കയ്യിലൊള്ളതെല്ലാം അവിടെത്തന്നെ."
ഒരു ചിരിചിരിച്ചിട്ട് തനിക്കിട്ട ചീട്ടെടുത്ത് നോക്കിക്കൊണ്ട് ബാവച്ചി പറഞ്ഞു.
"എത്രയൊക്കെ താമസിച്ചാലും മൊടങ്ങാണ്ട് അമ്മിണീടെ നടുവിനു രണ്ടിടിയിടിച്ചില്ലെങ്കി കുമാരനൊറക്കം വരത്തില്ല.അയലോക്കക്കാരൊക്കെ എത്രവട്ടം പറഞ്ഞതാ.അവരും മടുത്തു"
"എന്റെ ചെല്ലപ്പണ്ണാ നിങ്ങ കണാകുണാ പറഞ്ഞോണ്ടിരിക്കാതെ അങ്ങോട്ട് കളിച്ചാണ്.നല്ലൊരു കൈ കേറിയപ്പോഴാണ് അയാക്കടെയൊരു.."
"സുദേവാ നീ ചൂടാവാതെടാ.ദേ കളിച്ചിരിക്കുന്നൊരമ്പത്"
പൈസയെടുത്ത് തോര്‍ത്തേലിട്ടിട്ട് ചെല്ലപ്പനവര്‍കള്‍ തലയുയര്‍ത്തി സുദേവനെ നോക്കി
.....................................................................................
നടേശന്‍ മൊതലാളീടെ തടിമില്ലിലെ ജോലിക്കാരനാണ് മിസ്റ്റര്‍ കുമാരന്‍.ഭാര്യ അമ്മിണി.ഒരേയൊരു മകള്‍ മധുരപ്പതിനേഴുകാരിയായ മീനാക്ഷി എന്ന മീനു.കുമാരന്റെ വീക്ക്നെസ്സാണ് മീനാക്ഷി.എത്ര അടിച്ചു കുന്തം മറിഞ്ഞുവന്നാലും മീനാക്ഷിയ്ക്കുള്ള പലഹാരങ്ങള്‍ മേടിച്ചുകൊണ്ട് വരാന്‍ കുമാര്‍ജി മറക്കാറില്ല.പക്ഷേ വാമഭാഗത്തിനോട് അത്ര മമത പുള്ളിക്കാരനില്ല എന്നതാണു സത്യം.കിടക്കുന്നതിനുമുമ്പ് ഒരു രണ്ടിടിയെങ്കിലും അമ്മിണിയ്ക്കു കൊടുക്കേം വേണം ഒരു നാലഞ്ചു ചട്ടീം കലോം പൊട്ടിയ്ക്കേം വേണം.മേലു നന്നായിട്ടു നോവുമ്പം അമ്മിണിയും തിരിച്ച് അള്ളുകേം മാന്തുകേമൊക്കെ ചെയ്യും.നല്ല മുട്ടന്‍ തെറീം വിളിക്കും.മില്ലിലെ പണിയൊക്കെക്കഴിഞ്ഞ് നാണുപിള്ളയുടെ പണയിലെ ചീട്ടുകളിഗോദായിലും വരവുവച്ച് ബാക്കി കയ്യിലെന്തേലുമൊണ്ടെങ്കി സുഗുണന്റെ വീട്ടീന്ന് കൊറച്ചു നാടനുമടിച്ച് വീട്ടിലേയ്ക്ക് നല്ല നാടന്‍ പാട്ടുമൊക്കെപ്പാടിയുള്ള ആ വരവ് ഒന്നു കാണേണ്ടതു തന്നെയാണു.ഈ വരവില്‍ ആരെങ്കിലും കുമാരനോടെന്തേലും ചോദിച്ചുപോയാള്‍ അവരുടെ സമയം അത്ര നന്നല്ലായിരുന്നു എന്നു കരുതിക്കോണ്ടാ മതി.ഒരുവിധമെല്ലാപേര്‍ക്കും കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ട് ആരും പോയി തലവച്ചുകൊടുക്കാറില്ല.
.....................................................................................
സുഗുണന്റെ വീട്ടിലേയ്ക്കുള്ള വഴിയെത്താറായപ്പോള്‍ കുമാരന്‍ ഒന്നു നിന്നു.കാലുകള്‍ ആ ഭാഗത്തേയ്ക്കു വലിയ്ക്കുന്നു.വേണ്ട.താന്‍ കുടി നിര്‍ത്തിയെന്ന് ശപഥം ചെയ്തതതാണു.ഇനി കുടിക്കത്തില്ല.ആരോടുമിതു പറഞ്ഞിട്ടില്ല.പറഞ്ഞാലുമാരും വിശ്വസിക്കില്ല.
അമ്മിണിയ്ക്കും മീനാക്ഷിക്കും ഇന്നിതൊരു അത്ഭുതമായിരിക്കും.തലവെട്ടിച്ചുകൊണ്ട് കുമാരന്‍ തന്റെ വീട്ടിലേയ്ക്കു വേഗത്തില്‍ നടന്നു.
വീട്ടിലേയ്ക്കു നടക്കുമ്പോള്‍ കുമാരന്റെ മനസ്സില്‍ വലിയ സംഘര്‍ഷം നടക്കുകയായിരുന്നു.തലേന്നു രാത്രിയിലത്തെ സംഭവങ്ങള്‍ മനസ്സിലേയ്ക്ക് അലയടിച്ചുവന്നുകൊണ്ടിരിക്കുന്നു.പതിവുപോലെ അടിച്ചുപൂക്കുറ്റിയായി താന്‍ വീട്ടിചെന്നതും ചെന്നപാടെ അമ്മിണിയ്ക്കുള്ള പതിവുകൊടുത്തിട്ട് അടുക്കളേക്കേറി കറിച്ചട്ടി എറിഞ്ഞുപൊട്ടിച്ചതും പിന്നെ ഇളിയില്‍ കരുതിയിരുന്ന ബാലന്‍സ് ചാരായം കുടിയ്ക്കാന്‍ എടുത്തപ്പോ മീനാക്ഷി വന്ന് അതു പിടിച്ചുവാങ്ങി അവളു കൊറച്ചുകുടിച്ചതും എല്ലാം ഒരു നാടകം പോലെ കുമാരനോര്‍മ്മിച്ചു.പിന്നെ എന്തൊക്കെ പുകിലുകളായിരുന്നു.എപ്പോഴാണുറങ്ങിയതെന്നറിയില്ല.രാവിലെ എഴുന്നേറ്റ് ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ മകളുടെ മുഖത്തുനോക്കാന്‍ പോലും തനിയ്ക്കു തോന്നിയില്ല.അവളുടെ മുഖത്ത് പ്രത്യേകിച്ച് ഒന്നുമുണ്ടായ ലക്ഷണമില്ലായിരുന്നു.അപ്പോഴേ താന്‍ തീരുമാനിച്ചിരുന്നു.
തുണി കഴുകി വിരിച്ചിട്ട് തിരിഞ്ഞ അമ്മിണി ആ കാഴ്ച കണ്ട് വിശ്വസിക്കാനാവാതെ നിന്നുപോയി.എത്രയെങ്കിലും കാലത്തിനുശേഷം ആദ്യമായി തന്റെ കണവന്‍ സുബോധത്തോടെ തന്റെ മുമ്പില്‍ അതും സന്ധ്യയാവുന്നതിനുമുന്‍പേ വന്നു നില്‍ക്കുന്നു.ഒരു കയ്യില്‍ അഞ്ചെട്ട് മീനും മറ്റേ കയ്യില്‍ ഒരു വലിയ കവറും പിടിച്ചു തന്നെ തന്നെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കുമാരനെ അവള്‍ അതിശയത്തോടെ നോക്കി.
"ഇന്നാടീ അമ്മിണീ.ഇതു നല്ല പൊഴമീനാ.ആ കരുണന്റെ കയ്യീന്നു മേടിച്ചതാ.നീ നല്ല കൊടമ്പുളിയൊക്കെയിട്ട് ഒന്നു കുറുക്കി വച്ചേ.ഈ കവറിലൊള്ളത് മീനുവിനൊരു ചുരിദാറും പിന്നെ നെനക്കൊരു സാരിയുമാണ്.കൊറച്ചു കാശിന്നുകിട്ടി.ഞാനൊന്നു കുളിക്കട്ടെ.ആ എണ്ണയൊന്നിങ്ങെടുത്തേ.ഞാനൊന്നു കുളിക്കട്ടെ"
അന്തം വിട്ടു നില്‍ക്കുന്ന അമ്മിണിയുടെ കയ്യില്‍ സാധനമെല്ലാമേല്‍പ്പിച്ചശേഷം കുമാരന്‍ ഇറയത്തേയ്ക്കു കയറി.ആദ്യത്തെ അമ്പരപ്പ് ഒന്നു മാറിയ അമ്മിണി അടുക്കളയില്‍ നിന്നും എണ്ണയെടുത്തുകൊണ്ടു വന്നു ഭര്‍ത്താവിനുകൊടുത്തു.എന്നിട്ട് മീന്‍ തയ്യാറാക്കാനായി അടുക്കളയിലേയ്ക്കു മടങ്ങി.
മീനാക്ഷിയും അമ്പരപ്പില്‍ തന്നെയായിരുന്നു.ഒറ്റദിവസം കൊണ്ട് അച്ഛനുണ്ടായ മാറ്റം അവള്‍ക്കും വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല.അവസാനകയ്യെന്ന നിലയ്ക്കു തലേന്നു കാട്ടിയത് ഫലവത്തായതില്‍ അവള്‍ ആഹ്ലാദഭരിതയായിരുന്നു.വളരെ നാളുകള്‍ക്കുശേഷം അന്നാ വീട്ടില്‍ മൂവരും ഒരുമിച്ച് ആഹാരം കഴിക്കുകയും നേരത്തേ വിളക്കണച്ചുറക്കമാവുകയും ചെയ്തു.
....................................................................................
"എടീ അമ്മിണ്യേ..നിന്റെ കെട്യോന്‍ നാലഞ്ചുദെവസായീട്ട് വഴക്കും ബഹളോമൊന്നുമില്ലല്ലോടീ.കുടിയൊക്കെ നിര്‍ത്തിയെന്നുകേട്ടു.ഒള്ളതാണോടീ...നീയുന്തു മന്ത്രവാ ചെയ്തേ"
അയല്‍ വക്കത്തെ ശ്യാമളയുടെ അമ്മ സുകുമാരിചേച്ചി അമ്മിണിയെക്കണ്ടപ്പോ മാറ്റിനിര്‍ത്തി ചോദിച്ചു.
"അതേ അമ്മച്ചി.ഇപ്പം കുടീമില്ല വഴക്കുമില്ല ഒരു ബഹളോമില്ല.വൈകുന്നേരത്തിനു മുമ്പേ വീട്ടിവരും.എന്റെ പ്രാര്‍ഥന ദൈവം കേട്ടതാ"
"ഹൊ എന്തോ പറഞ്ഞാലും ആ ചീത്തവിളീം ബഹളോം കേള്‍ക്കാനൊരു സൊകമൊണ്ടായിരുന്നു.അതു ഒരു ദെവസി കേട്ടില്ലെങ്കി എനിക്കൊരു എന്തോപോലായിരുന്നു. എന്റെ ഒറക്കം പോയെന്നു പറഞ്ഞാമതീല്ലോ"
അമ്മിണി അവരെ രൂക്ഷയൊന്നു നോക്കി.അതു കാണാത്തഭാവത്തില്‍ അവര്‍ തിരിഞ്ഞു നടന്നു.
"ഇപ്പോ ഇതെത്രദെവസായി.എപ്പോഴും ഇങ്ങനെ വീട്ടിത്തന്നെയിരിക്കുന്നു.നിങ്ങളൊന്നു പൊറത്തോട്ടൊക്കെയെറങ്ങാത്തതെന്താ"
രാത്രി കെടക്കാന്‍ നേരം അമ്മിണി കുമാരനോടു ചോദിച്ചു.
"ഹേയ് ഒന്നുമില്ല.എറങ്ങ്യാപിന്നെ കൂട്ടരെയൊക്കെകാണുമ്പം ചീട്ടുകളിക്കാനും കുടിയ്ക്കാനുമൊക്കെ തോന്നും.വേണ്ട".അലസനായി കുമാരന്‍ പറഞ്ഞു.
"ഒത്തിരി വല്ലപ്പോഴും കുടിക്കുന്നതുകൊണ്ട് കൊഴപ്പമില്ല.സത്യത്തില്‍ മുമ്പ് നിങ്ങള്‍ കുടിച്ചിട്ടു വന്ന് ഇവിടെ ബഹളമൊക്കെയുണ്ടാക്കുമ്പം ഒത്തിരി രസമൊക്കെയുണ്ടായിരുന്നു.ഇപ്പം വീടൊറങ്ങിപ്പോയെന്ന് എല്ലാരും പറേണ്.നിങള്‍ ഒരല്‍പ്പം കഴിച്ചിട്ടുവരുന്നതാ എനിക്കും സന്തോഷം.കൂടുതലു കുടിക്കാതിരുന്നാ മതി"
കുമാരന്റെ മാറില്‍ വിരലോടിച്ചുകൊണ്ട് അമ്മിണി പറഞ്ഞു.
"നിന്റെയിഷ്ടമാണെന്റെയിഷ്ടം പൊന്നേ". അവളെ ദേഹത്തോടു ചേര്‍ത്തുപിടിച്ചുകൊണ്ട് കുമാരന്‍ മെല്ലെപ്പറഞ്ഞു.
.....................................................................................
എടീ പട്ടിക്കഴുവര്‍ടമോളേ...നീ ഇതെവിടെപ്പോയിക്കെടക്കുവാണെടീ...നിന്റെയമ്മേടെയൊരു കൂമ്പാര്..
പ്..ടോ....ത്ച്ഛില്ല്‍...
എന്തോ വീണൊടയുന്ന ഒച്ചയും വലിയ ബഹളവും കേട്ട് അമ്മിണി ശ്യാമളയുടെ വീട്ടില്‍ നിന്നും തന്റെ വീട്ടിലേയ്ക്കോടിവന്നു.മുറ്റത്തുചിതറിക്കിടക്കുന്ന സാമ്പാറും കലത്തിന്റെ കഷണവും കണ്ട് ഞെട്ടിയ അവള്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ ആടിയാടിനിക്കുന്ന കുമാരനെയാണു കണ്ടത്.
"എടീ ഭാര്യേ..ഇത്രയും മതിയോ..ഞാന്‍ കുടിച്ചതു കൂടിപ്പോയൊന്നുമില്ലല്ലോ..പിന്നെ കലം ഞാന്‍ ഒന്നേ പൊട്ടിച്ചിട്ടൊള്ളു.നിന്നെ ഇടിയ്ക്കാനെനിക്കു മനസ്സുവരുന്നില്ലല്ലോ എന്റമ്മിണീ...പിന്നെ പ്രധാന്‍പ്പെട്ടൊരു കാര്യം.കയ്യിലൊണ്ടായിരുന്നതു കളിച്ചു തോറ്റപ്പം ആ സുദേവന്റടുത്ത് നമ്മുടെ ആടിനെ പണയം പറഞ്ഞു പൈസമേടിച്ചു പോയതു തിരിച്ചുപിടിയ്ക്കാന്‍ ശ്രമിച്ചു.അതും പോയടീ...പൊന്നുമോളേ..അവനാടിനെ അഴിച്ചോണ്ടുപൂവാനിപ്പോ വരും. നീ തല്ലരുതവനെ...പയങ്കരക്ഷീണ്മെന്റമ്മണീ...നീയാ പായൊന്നു വിരിച്ചിട്ടേ..ഞാനൊന്നു കെടക്കട്ടെ.നാളെ പോയ കാശെങ്ങിനെയെങ്കിലും പിടിയ്ക്കണ്മല്ലോ ദൈവമേ"
പിറുപിറുത്തുകൊണ്ട് അഴിഞ്ഞുപോയ കൈലിയും കയ്യീപ്പിടിച്ച് തപ്പി തപ്പി എറയത്തേയ്ക്കു കയറുന്ന കണവനെ അമ്മിണി കണ്ണിമയ്ക്കാതെ നോക്കി നിന്നു.
ശുഭം
ശ്രീക്കുട്ടന്‍
അമ്പട പുളുസൂ..!!
ReplyDeleteഎന്നാലും ആ മീനാക്ഷിക്കുട്ടിക്കൊരു ജീവിതം കൊടുത്തില്ലല്ലോ ശ്രീക്കുട്ടാ!
നീയൊരു കണ്ണീച്ചോരയില്ലാത്തവൻ തന്നെ!
ഹി ഹി. കിട്ടേണ്ടത് കിട്ടിയാലേ ചിലര്‍ക്കുറക്കം വരൂ. ഹും..
ReplyDeleteഅവസാനം വരെ മുഷിയാതെ വായിച്ചു. ക്ലൈമാക്സ് കുറച്ചൂടെ പ്രതീക്ഷിച്ചു.
ഇനിയും കാണാം.