Wednesday, February 9, 2011

മകന്‍..? ഭര്‍ത്താവ്..? പെണ്‍ കോന്തന്‍...?

മകന്‍ / ഭര്‍ത്താവ്

നിവര്‍ത്തിയിട്ടിരിക്കുന്ന സാരിയിലേക്കു ഒരിക്കല്‍ക്കൂടി ദേവന്‍ നോക്കി. നല്ല ഒന്നാന്തരം കളര്‍. രാജിക്ക് ഇത് നന്നായിച്ചേരും. പക്ഷേ വിലയാണു പ്രശ്നം. കൈയിലുള്ള കാശുകൊണ്ട് അതുവാങ്ങിയാല്‍പ്പിന്നെ ബാക്കികാര്യങ്ങള്‍ക്കെന്തു ചെയ്യും/.രാജിയ്ക്കു മേടിക്കുമ്പോള്‍ ദിവ്യയ്ക്ക് ഒരു ചുരിദാറിന്റെ തുണിയെങ്കിലും വാങ്ങിയില്ലെങ്കില്‍ പിന്നെ അതുമതി സ്വൈര്യം നഷ്ടപ്പെടാന്‍. ഒന്നാമതേ പെണ്ണുകെട്ടിയതോടെ പെങ്ങളും അമ്മയുമൊന്നും വേണ്ടാതായി എന്നാണു അമ്മയുടെ കുറ്റപ്പെടുത്തല്‍. രാജിയാണെങ്കില്‍ അമ്മയോടെ തറുതലമാത്രമേ പറയത്തൊള്ളു. അമ്മ ഒന്നു പറഞ്ഞാല്‍ അവള്‍ രണ്‍റ്റുപറയും. പിന്നെ അത് ലോകമഹായുദ്ധമാകും. അമ്മയ്ക്കാണേല്‍ പ്രായമായി അതുകൊണ്ട് എന്തേലും പറഞ്ഞാല്‍ നീയതു കാര്യമായെടുക്കണ്ട എന്നു എത്ര പ്രാവശ്യം താന്‍ രാജിയോട് പറഞ്ഞിരിക്കുന്നു. ഒരുപയോഗവുമില്ലെന്നുമാത്രം. താനെപ്പോഴും അമ്മേടേം പെങ്ങടേം സൈഡിലെ നില്‍ക്കൂ അവളെ സ്നേഹിക്കുവാന്‍ ആരുമില്ലെന്നാണവളുടെ അവളുടെ പരാതി. എന്തു ചെയ്യാനാണ്. കല്യാണം കഴിഞ്ഞെന്നുവച്ച് അമ്മയേം പെങ്ങളേം അകറ്റിനിറുത്താന്‍ പറ്റുവോ? അമ്മയ്ക്കും പെങ്ങള്‍ക്കും താന്‍ മാത്രമല്ലേയുള്ളു. ആകെയുള്ള പെങ്ങള്‍ക്ക് താനല്ലാതെ ആരാണു ഡ്രസ്സും മറ്റുമൊക്കെ മേടിച്ചുകൊടുക്കുക. ഭാഗ്യത്തിനു അവള്‍ സാരിയുടുക്കണ പ്രായമായിട്ടില്ല.

"നല്ല സാരിയാണുസാര്‍.എടുക്കട്ടെ?"

സെയില്‍സ്ഗേളിന്റെ ശബ്ദമാണു ദേവനെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.മുഖംനിറയെ ചിരിയുമായി നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ നോക്കിയപ്പോള്‍ ദേവന്‍ ഒന്നും മിണ്ടാതെ തലയാട്ടി.അവള്‍ എടുത്തുവച്ച തുണികളെല്ലാം ദേവന്‍ ഒരിക്കല്‍ക്കൂടി എടുത്തുനോക്കി. അമ്മയ്ക്കു മുണ്ടും നേര്യതും ദിവ്യയ്ക്കു ചുരിദാറിന്റെ തുണിയും രാജിയ്ക്ക് സാരിയും.ധാരാളം.

"ഇതിന്റെ ബില്ലെടുക്കു"

ദേവന്‍ പറഞ്ഞതുകേട്ട് സെയില്‍സ് ഗേള്‍ അതെല്ലാമെടുത്തുകൊണ്ട് കാഷ്യറുടെ അടുത്തേക്കുപോയി.ചിന്താഭാരത്തോടെ പോക്കറ്റില്‍ ഒന്നു തടവിക്കൊണ്ട് ദേവനും അങ്ങോട്ടുനടന്നു.ഒന്നാം തീയതിതന്നെ ശമ്പളം കിട്ടുമെന്നു പറഞ്ഞിട്ടെന്തുകാര്യം.രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുവാന്‍ താന്‍ കിടന്നു പെടാപ്പാടുപെടുന്നത് ആരറിയുന്നു. വീട്ടുചിലവും ദിവ്യയുടെ ഫീസും കറണ്ടുബില്ലും ബാങ്കിലെ കടവും ഇതൊക്കെപോരാഞ്ഞിട്ട് ചിട്ടികളും. ഹൊ ദൈവമേ ആലോചിച്ചാല്‍ തന്നെ ഭ്രാന്തെടുക്കുന്നു. എത്രനാളായി രാജിയോടു പറയുന്നു അവള്‍ക്കൊരു സാരി വാങ്ങിക്കൊടുക്കാമെന്നു. ഇപ്രാവശ്യം എന്തായാലും അതങ്ങ് നടത്താന്തന്നെ തീരുമാനിച്ചു.പിന്നെ വാങ്ങുമ്പോള്‍ അവള്‍ക്കുമാത്രം പറ്റില്ലല്ലോ.രാജീവന്‍ കുറച്ചു കാശുതന്നു സഹായിച്ചതുകൊണ്ട് കാര്യം നടന്നു.കാഷ്യര്‍ നീട്ടിയ ബില്ല് വാങ്ങിനോക്കിയിട്ട് ദേവന്‍ പഴ്സില്‍നിന്നു കാശെടുത്തുകൊടുത്തു. പ്ലാസ്റ്റിക കവറുകളിലാക്കിയ തുണിയുമായി അവന്‍ പുറത്തേയ്ക്കിറങ്ങി. എന്തായാലും ഇന്നു എല്ലാ പ്രശ്നങ്ങള്‍ക്കും അവധി നല്‍കുകതന്നെ. പതിവില്ലാതെ അവന്റെ മുഖത്തൊരു മന്ദഹാസം പൊട്ടിവിടര്‍ന്നു. ചുണ്ടിലൊരു മൂളിപാട്ടും.നേരേ തൊട്ടടുത്തുള്ള മാര്‍ക്കറ്റില്‍ കയറിയ അവന്‍ നല്ല കുറച്ചു മീന്‍ വാങ്ങി. അടുത്തുതന്നെയുള്ള കടയില്‍നിന്നു വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വാങ്ങി ഒരോട്ടോ പിടിച്ചു വീട്ടിലേയ്ക്കു തിരിച്ചു.

റോഡിലെ കുഴികളിലും മറ്റും വീണ് ആടിയുലഞ്ഞ് യാത്രചെയ്യവേ ദേവന്‍ എന്തെല്ലാമോ മനസ്സില്‍ കണക്കുകൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എത്ര തന്നെ ചിന്തിക്കേണ്ടെന്നു കരുതിയിട്ടും ചിലവുകളുടെ കണക്കുകള്‍ അവന്റെയുള്ളില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. കണ്മുന്നില്‍ പാലുകാരനും പത്രക്കാരനും സ്റ്റേഷനറിക്കടക്കാരനും ഇന്‍സ്റ്റാല്‍മെന്റുകാരനും എല്ലാം കൈനീട്ടിനില്‍ക്കുന്നു.എല്ലാപേരും ക്ഷമിയ്ക്കുക.ഈ മാസം പകുതിവീതമേ തരാനുള്ളു.അടുത്ത മാസം ബാക്കികൂടി ചേര്‍ത്തുനല്‍‍കാം.പണത്തിനു പണം തന്നെ വേണ്ടേ.ചുമ്മാതാണോ ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലിക്കാരായിപോകുന്നത്.

വീട്ടിനുമുമ്പില്‍ ഇറങ്ങി റിക്ഷാക്കാരനു കാശെടുത്തുകൊടുത്തിട്ട് പഴ്സില്‍ അവശേഷിച്ചിരിക്കുന്ന രൂപ വെറുതേയവന്‍ എണ്ണി നോക്കി. രണ്ടായിരം തികച്ചില്ല.ഒരു മാസത്തെ വീട്ടു ചിലവുകള്‍ക്ക് എവിടെ തികയാനാണിത്. വരുന്നതുപോലെ വരട്ടെ.കവറുകളെടുത്ത് പിടിച്ചുകൊണ്ട് അവന്‍ വീട്ടിലേയ്ക്കുള്ള ഒതുക്കുകല്ലുകള്‍ കയറി. ഒരൊച്ചയുമനക്കവുമൊന്നും കേള്‍ക്കുന്നില്ല.എന്തുപറ്റി.തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറിയപ്പോള്‍ ദേവന് എന്തോ വല്ലായ്മ അനുഭവപ്പെട്ടുതുടങ്ങി.ഒരു മൂലയിലായി കസേരയില്‍ മുഖവും വീര്‍പ്പിച്ചിരിക്കുന്ന അമ്മ. ചുമരില്‍ ചാരിയിരുന്ന്‍ ദിവ്യ എന്തോ വായിക്കുന്നു. മുറിയിലേക്കു പാളി നോക്കിയ അവന്‍ കണ്ടത് കമിഴ്ന്ന് കട്ടിലില്‍ കിടക്കുന്ന രാജിയെയാണു. നശിച്ചു.ഇന്നത്തെ ദിവസവും തകര്‍ന്നു.അമ്മയും അവളും കൂടി ഉരസിക്കാണും.അതിന്റെ ബാക്കി പത്രമാണിതെല്ലാം.

"എടീ ദിവ്യേ.ഈ മീന്‍ നന്നായിട്ടൊന്നു വച്ചേ നീ. പിന്നെ ഈ ഡ്രെസ്സ് നിനക്കുള്ളതാ.കൊള്ളാമെന്നു നോക്ക്".

ചുറിദാറിന്റെ കവറും മീനും എടുത്ത് ദേവന്‍ പെങ്ങളുടെ കൈയില്‍ക്കൊടുത്തു. ഡ്രസ്സ് കവര്‍ തുറന്നുനോക്കിയ ദിവ്യയുടെ മുഖത്തൊരു സന്തോഷം വിടര്‍ന്നു. ഒന്നുരണ്ടുനിമിഷം അതില്‍ത്തലോടിനിന്നിട്ടവള്‍ ആ കവര്‍ കസേരയില്‍ വച്ചിട്ട് മീന്‍ കവറുമായി അടുക്കളയിലേയ്ക്കു പോയി.

"അമ്മേ. ഇതുകൊള്ളാവോന്ന്‍ നോക്കിയേ"

മുഖത്ത് പ്രസന്നതവരുത്തിക്കൊണ്ട് ദേവന്‍ അമ്മയുടെ നേരേ തുണിക്കവര്‍ നീട്ടി.രൂക്ഷമായ ഒരു നോട്ടമായിരുന്നു അതിന്റെ മറുപടി. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ആ പൊതി മേശപ്പുറത്ത് വച്ചിട്ട് അവന്‍ തന്റെ മുറിയിലേയ്ക്കു കയറി. കൈയിലിരുന്ന സാരിയുടെ പൊതി കട്ടിലിലേക്കിട്ടിട്ട് ഷര്‍ട്ടൂരി അയയില്‍ തൂക്കിയശേഷം ഒന്നുരണ്ടുനിമിഷം എന്തോ ചിന്തിച്ചെന്നവണ്ണം നിന്നു.  എന്നിട്ട് നടന്നുചെന്ന്‍ വാതില്‍ അടച്ചശേഷം തിരിയെവന്നു കട്ടിലിലേയ്ക്കിരുന്നു.കമിഴ്ന്നുകിടക്കുന്ന ഭാര്യയെ ബലം പ്രയോഗിച്ചവന്‍ മലര്‍ത്തിക്കിടത്തി.കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് എന്തോ പറയാനായി ശ്രമിച്ച അവളുടെ വായ കൈകൊണ്ട് പൊത്തിയിട്ടവന്‍ കുനിഞ്ഞവളുടെ നെറ്റിയില്‍ ഒരുമ്മ നല്‍കി.


"എവിടെയോകിടന്നതും വാങ്ങിച്ചോണ്ടുവന്നിരിക്കുന്നു അവന്‍.ആരുടേങ്കിലും വെട്ടത്തുടുക്കുവാന്‍ കൊള്ളാവുന്ന ഒന്നാണോയിത്. അതെങ്ങിനെ കാശുകൊടുത്താലല്ലേ നല്ല സാധനം കിട്ടൂ. വെലകൂടിയതെല്ലാം അവക്ക് മേടിച്ചു കൊടുത്താമതി. ഇങ്ങിനെയൊരുപെണ്‍കോന്തന്‍. അതെങ്ങിനെ മന്ത്രം പറഞ്ഞ് മയക്കിയെടുത്തിരിക്കുകയല്ലേ. എന്റെ ഈശ്വരമ്മാരെ ഇങ്ങിനെയൊരു പെണ്‍കോന്തനായിപ്പോയല്ലോ എന്റെ ആണ്‍തരി. എനിക്കും പെണ്ണിനും ആരാണുള്ളത്"

ചാരിയിട്ടിരിയ്ക്കുന്ന വാതിലില്‍ക്കൂടി കടന്നുവരുന്ന പതമ്പറച്ചിലുകളും പ്രാക്കും കരച്ചിലുമൊന്നും ശ്രദ്ധിക്കാതെ ദേവന്‍ തന്റെ ഭാര്യയുടേ കണ്ണീരണിഞ്ഞ കവിളില്‍ അമര്‍ത്തി ചുംബിച്ചു. ഉപ്പുരസം അവന്റെ നാവില്‍ പടര്‍ന്നു.എന്തെല്ലാമോ പറയുവാനായി വെമ്പല്‍കൊണ്ട അവളെ അവന്‍ തന്റെ ഇരുകരങ്ങള്‍കൊണ്ടും മുറുക്കെഒപ്പുണര്‍ന്നു ശരീരത്തോടമര്‍ത്തിക്കിടന്നു. അവളുടെ കൈകളും അവനെച്ചുറ്റിവരിഞ്ഞു.

കുറച്ചുസമയങ്ങള്‍ക്കുശേഷം രാജി സാരിയെടുത്തശേഷം ദിവ്യയെക്കാണിക്കാനായി നടുത്തളത്തിലേക്കു ചെന്നു. കട്ടിലില്‍ക്കമിഴ്ന്നുകിടന്ന ദേവന്റെ ചെവിയിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ ബോംബ്പൊട്ടലും വെടിയൊച്ചകളും മുഴങ്ങിക്കേട്ടു. കുറച്ചുസമയം ആ കിടപ്പുകിടന്നിട്ട് അവന്‍ സിഗററ്റുപായ്ക്കറ്റും തീപ്പെട്ടിയുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി ഒതുക്കുകല്ലിലിരുന്നു സാവധാനം സിഗററ്റൊന്നു കത്തിച്ചുവലിക്കാനാരംഭിച്ചു.  അമ്മായിയമ്മ മരുമകള്‍ യുദ്ധത്തില്‍ നിക്ഷ്പക്ഷതപാലിച്ചുകൊണ്ട് നാത്തൂന്‍ ദിവ്യ റ്റീവിയുടേ വോളിയം കൂട്ടിവച്ച് തുടര്‍സീരിയലിന്റെ എപ്പിസോഡില്‍മുഴുകി.

അന്ന്‍ ആ വീട്ടില്‍ അത്താഴം ലാവിഷായിക്കഴിച്ചത് കണ്ടന്‍പൂച്ച മാത്രമായിരുന്നു.അവനു തിന്നാന്‍ നല്ല ഒന്നാന്തരം മീന്‍ അടുക്കളയിലുണ്ടായിരുന്നു.

ശ്രീ....

9 comments:

  1. ഈ തല്ലിപ്പൊളി കഥ നടക്കുന്നത് 1998-99 കാലഘട്ടത്തിലാണ്.ഇന്നത്തെ കാലത്ത് ഇങ്ങിനെയെവിടെയെങ്കിലും നടക്കുമോ..?

    ReplyDelete
  2. ഹും....ഇത് തന്നെ നടക്കുന്ന കാര്യങ്ങള്‍....താങ്കള്‍ക്കു ഇതൊരു തിരക്കഥ സ്റ്റൈലില്‍ കൂടി എഴുതാമായിരുന്നു...
    http://malayalamresources.blogspot.com/
    http://entemalayalam.ning.com/

    ReplyDelete
  3. ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കും..നടക്കാതിരിക്കാൻ പ്രത്യേക കാരണങ്ങളൊന്നും ഞാൻ കാണുന്നില്ല..
    നന്നായി അവതരിപ്പിച്ചിരിക്കുന്നു...
    അഭിനന്ദനങ്ങൾ

    ReplyDelete
  4. നന്നായിട്ടുണ്ട്.....

    ReplyDelete
  5. തരക്കേടില്ല .....സസ്നേഹം

    ReplyDelete
  6. വായിയ്ക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി

    ReplyDelete
  7. ആ അവസാനത്തെ ഏച്ചുകെട്ട് ഇഷ്ട്ടായില്ലാ...

    ReplyDelete
  8. ആശംസകളോടെ..
    ഇനിയും തുടരുക..

    ReplyDelete