ഒരു സിഗററ്റ് കൂടി കത്തിച്ച് പുകയൂതിപ്പറത്തിക്കൊണ്ട് അയാള്‍ കടലിലേയ്ക്കു നോക്കിയാപ്പാറമേലിരുന്നു.സമയം ആറു കഴിഞ്ഞിരിക്കുന്നു.അര്‍ക്കന്‍ അന്നത്തെ തന്റെ ജോലി പൂര്‍ത്തിയാക്കി സമുദ്രത്തിന്റെ മടിത്തട്ടില്‍ തലചായ്ക്കാനായി അരയും തലയും മുറുക്കുന്നു.അന്തരീക്ഷമാകെ ഒരു ചുവപ്പ് ബാധിച്ചതുപോലെ.ചെറിയ തണുപ്പ് തുടങ്ങിയിട്ടുണ്ട്.അസ്തമനത്തിന്റെ സൌന്ദര്യം നുകരുവാനെത്തിയ ചിലര്‍ അവിടവിടെ ചിതറിയതുപോലെയിരിക്കുന്നു.എന്തായാലും കുറച്ചകലെയായി ഈ പാറമേലിരിക്കുന്നതുകൊണ്ട് താനാരുടേയും ശ്രദ്ധയില്‍പ്പെടില്ല.എന്നാള്‍ തനിക്കെല്ലാപേരെയും കാണുവാനും കഴിയും.അല്ലെങ്കിലും ഇരകള്‍ക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ താന്‍ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയില്‍ പ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്.അതുകൊണ്ടുതന്നെ താനിപ്പോഴും സ്വതന്ത്രനായി നിര്‍ഭയനായി നടക്കുന്നു.അയാള്‍ക്ക് ഒന്നുറക്കെച്ചിരിക്കണമെന്നു തോന്നി.
കൈകള്‍ കൊരുത്തുപിടിച്ചു പാറക്കൂട്ടങ്ങളുടെ ഭാഗത്തേയ്ക്കു നടന്നുവരുന്ന ഒരു ചെറുപ്പക്കാരനിലും ചെറുപ്പക്കാരിയിലും അയാളുടെ കണ്ണുടക്കി.മങ്ങിത്തുടങ്ങുന്ന വെളിച്ചത്തിലും ആ പെണ്‍കുട്ടിയുടെ സൌന്ദര്യം അയാളുടെ മനസ്സില്‍ ചില ഓളങ്ങളുണ്ടാക്കി.ഒരു പാറയില്‍ ചാഞ്ഞുനിന്നുകൊണ്ട് ചെറുപ്പക്കാരന്‍ യുവതിയുടെ കവിളില്‍ അമര്‍ത്തി ചുംബിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലെവിടെയോ അമര്‍ത്തിക്കിടത്തിയിരുന്ന എന്തെല്ലാമോ പൊട്ടിയെഴുന്നേല്‍ക്കുന്നതുപോലെ.അയാള്‍ തന്റെ കൈകള്‍ പാറപ്പുറത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് ദൃഷ്ടികള്‍ മറ്റൊരിടത്തേയ്ക്കു തിരിച്ചു. കടിഞ്ഞാണ്‍ നഷ്ടപ്പെട്ടൊരു കുതിരയെപ്പോലെ അയാളുടെ മനസ്സ് പിടച്ചുകൊണ്ടിരുന്നു.ച്ഛേ..തനിയ്ക്കിന്നെന്തു പറ്റിയിരിക്കുന്നു..ഇന്നേവരെയില്ലാതിരുന്നൊരു ചാഞ്ചാട്ടം.കയ്യിലിരുന്നെരിയുന്ന സിഗററ്റിലേയ്ക്കു നോക്കിയ അയാള്‍ അതണയാറായിരിക്കുന്നുവെന്നുകണ്ട് അവസാനത്തെപ്പുക ആഞ്ഞെടുത്തു.ഒരു സിഗററ്റിന്റെ അവസാനപുക ഒരു പെണ്‍കുട്ടിയുടേ ആദ്യചുംബനം പോലെയാണെന്നു പറയുന്നതെത്ര ശരിയാണു.ഏതോ അനിര്‍വചനീയമായ ഒരു സുഖലഹരിയിലെന്നവണ്ണം അയാള്‍ മിഴികളൊന്നടച്ചു.
പാറക്കൂട്ടത്തിനടുത്തേയ്ക്കുവന്ന മിഥുനങ്ങള്‍ എന്തു ചെയ്യുകയായിരിക്കും.ജിജ്ഞാസകൊണ്ടെന്നവണ്ണം അയാള്‍ പാറമുകളില്‍ നിന്നും താഴേയ്ക്കു നോക്കി.ഇരുട്ട് എല്ലാം മറയ്ക്കുന്നു.അവിടെ ആരുമുള്ള ലക്ഷണമില്ല.ഒരു വേള പോയിരിക്കും.നന്നായി.തന്റെ ഏകാഗ്രത നഷ്ടപ്പെടുത്താന്‍ വന്ന ശവങ്ങള്‍.മുഷിച്ചിലോടെ പിറുപിറുത്തുകൊണ്ട് അയാള്‍ വാച്ചു നോക്കി.സമയം ഏഴു കഴിഞ്ഞിരിക്കുന്നു.അല്‍പ്പസമയത്തിനുള്ളില്‍ തന്റെ ഇരയെത്തും.മൂന്നാലുദിവസമായിരിക്കുന്നു നല്ലൊരു സന്തോഷമുള്ള കാര്യം ചെയ്തിട്ടു.പ്രാണവേദനയുടെ ഞരക്കവും പിടച്ചിലും കാണുവാന്‍ ശരീരവും മനസ്സും കൊതിയ്ക്കുന്നു.ചുടുചോര ചീറ്റുന്നതു കാണുവാന്‍ എന്തൊരു രസമാണു.താനെപ്പോഴാണു ചോരയുടെ മണമിഷ്ടപ്പെട്ടുതുടങ്ങിയതു.അന്നു തറയിലൊഴുകിപ്പരക്കുന്ന ചോരയില്‍ പിടഞ്ഞുകൊണ്ടിരുന്ന അമ്മയെ നോക്കി മുറിയുടെ ഒരു മൂലയില്‍ കുന്തിച്ചിരുന്ന തനിയ്ക്ക് കരയുവാന്‍ പോലും കഴിഞ്ഞില്ലായിരുന്നു.വിയര്‍ത്ത ശരീരവുമായി പകച്ചു ചുറ്റും നോക്കുന്ന അച്ഛന്‍ തന്നെ അപ്പോള്‍ കണ്ടിരുന്നെങ്കില്‍ താനും...പിന്നീട് എപ്പോഴോ എതോ സമയത്ത് പുറത്തേയ്ക്കുള്ള വാതിലില്‍ കൂടി ഇരുട്ടിലേയ്ക്കെടുത്തു ചാടി ഓടുകയല്ലായിരുന്നൊ.അതേ ശരിക്കും ഇരുട്ടിലേയ്ക്കു.എത്തിപ്പെട്ടതെവിടെയായിരുന്നു.അറിയില്ല.ഇരുട്ടിന്റെ ലോകത്തായിരുന്നുവെന്നു മാത്രമറിയാം.പിന്നീട് ഇത്രയും നാളിനുള്ളില്‍ എത്രയെത്ര രോദനങ്ങല്‍ കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു.പിടയുന്ന ശരീരങ്ങള്‍ നോക്കിക്കൊണ്ടിരിക്കുവാനും ഒഴുകിപ്പരക്കുന്ന ചോരയില്‍ കൈതൊട്ടതിന്റെ ചൂടറിയാനും എന്തുത്സാഹമായിരുന്നു തനിയ്ക്കു.ഒരു കൃത്യം ഒറ്റയ്ക്കു ചെയ്യാനാവുമെന്നുറപ്പായപ്പോള്‍ ആദ്യമായേറ്റെടുത്തത് സ്വന്തം ജോലി തന്നെയായിരുന്നു.തന്റെ കാലില്‍ പിടിച്ചു കേഴുന്ന അച്ഛന്റെ രൂപത്തോട് യാതൊരു ദാക്ഷിണ്യവും കാട്ടിയില്ല.വടിവാള്‍ പച്ചമാംസത്തില്‍ ആഴ്ന്നിറങ്ങിയപ്പോള്‍ ഉയര്‍ന്നുപൊങ്ങിയത് അലര്‍ച്ചയോടൊപ്പം പച്ചച്ചോരയുമായിരുന്നു.മുഖത്ത് തെറിച്ച ഒരു തുള്ളി രുചിച്ചു നോക്കിയിട്ട് പിടയുന്ന ആ മുഖത്തേയ്ക്ക് കാറിത്തുപ്പി.വൃത്തികെട്ട രുചി.
ചിന്തകളെ തകര്‍ത്തുകൊണ്ട് മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അയാള്‍ പെട്ടന്ന് അതെടുത്തോണാക്കി.
"അതേ..ഞാനിവിടെതന്നെയുണ്ട്..ശരി..എല്ലാം പറഞ്ഞപോലെ.."
ഒരു ചെറുചിരിയോടെ മൊബൈല്‍ ഓഫ് ചെയ്തിട്ടയാള്‍ മറ്റൊരു സിഗററ്റിനു തീപിടിപ്പിച്ചു.അടുത്തതിനുള്ള നേരമായിരിക്കുന്നു.അങ്ങകാശത്ത് വിളറി നില്‍ക്കുന്ന ചന്ദ്രനെ നോക്കിയപ്പോള്‍ അയാള്‍ക്കു ചിരിപൊട്ടി.പാവം തന്നെ പേടിച്ചിട്ടെന്നവണ്ണം ചെറുപ്രകാശം മാത്രം പൊഴിക്കുന്നു.ആരുടേയോ സംസാരം കേട്ടപോലെ.തനിയ്ക്കുള്ള ഇരയേയും കൊണ്ടു വന്നതാവണം.മങ്ങിയ വെളിച്ചത്തില്‍ ഒരാള്‍ അവന്റെ അടുത്തേയ്ക്കു വന്നു.സുഹൃത്താണു.
"ദേ നല്ല പിടുത്തമാണു.ആ പാറപ്പുറത്തിരുത്തിയിട്ടൊണ്ട് മണ്ടന്‍ കൊണാപ്പനെ.ചാവാനായി കൂടെ വന്ന ..ന്‍"
വായില്‍ വന്ന തെറി വിഴുങ്ങിക്കൊണ്ട് സുഹൃത്ത് അരയില്‍ നിന്നും ഒരു മദ്യക്കുപ്പിയെടുത്ത് അടപ്പ് കടിച്ചുതുറന്നുകൊണ്ട് വായിലേയ്ക്ക് കമിഴ്ത്തിയിട്ട് പാറമേലിരുന്നു.
"അളിയാ തന്നെക്കാള്‍ കൂടുതല്‍ ആരെയും വളരാനനുവദിക്കരുത്.അതു നമ്മെ കൊല്ലുന്നതിനു തുല്യമാണു"
പറഞ്ഞുകൊണ്ട് അവന്‍ പാറമേല്‍ മലര്‍ന്നുകിടന്നു ചെറുതായി ശബ്ദമില്ലാതെ ചിരിച്ചു.ഒരു നിമിഷം അവനെ നോക്കി നിന്നിട്ട് അയാള്‍ തലയൊന്നാട്ടിയിട്ട് തന്റെ ഇരയുടെ അടുത്തേയ്ക്കു നടന്നു.എന്തിനാണീ കൊല എന്നുപോലും തനിയ്ക്കറിയില്ല.അല്ലെങ്കിലും ആവശ്യമില്ലാത്തതൊന്നും താന്‍ തിരക്കാറുമില്ല.ഏറ്റെടുക്കുന്നതൊന്നും പിഴച്ച ചരിത്രവുമില്ല.മങ്ങിയ വെളിച്ചത്തില്‍ പാറമേലിരിയ്ക്കുന്ന രൂപം ലക്ഷ്യമാക്കി അയാള്‍ നടന്നു. അന്തരീക്ഷത്തിനാകെ ഒരു മുറുക്കം വന്നതുപോലെ.പ്രതിയോഗിയുടെ അടുത്തെത്തി ഒരു നിമിഷം നിന്നിട്ട് അയാള്‍ ഇടുപ്പില്‍ നിന്നും തന്റെ ആയുധമെടുത്തു.തലകുമ്പിട്ടിരുന്ന രൂപം പെട്ടന്ന് എഴുന്നേറ്റു നിവര്‍ന്നു നിന്നു.ആ കയ്യില്‍ ഒരു ആയുധം പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.പെട്ടന്നു തനിയ്ക്കു കുറ്റും ചില അനക്കങ്ങള്‍ ഉടലെടുത്തതയാളറിഞ്ഞു.താനകപ്പെട്ടിരിയ്ക്കുന്നു.അല്‍പം മുമ്പു തന്റെ സുഹൃത്ത് പറഞ്ഞ വാചകം അയാളുടെ മനസ്സിലേയ്ക്കോടിയെത്തി.അപ്പോള്‍ എല്ലാം കരുതിക്കൂട്ടിയാണു.അല്ലെങ്കിലും അവന്‍ കൂട്ടിക്കൊണ്ടുവരുന്ന ഒരുത്തനെ തീര്‍ക്കാന്‍ തന്നെ സമീപിച്ചപ്പോഴെങ്കിലും ...മനസ്സു പതറാതെ അയാല്‍ തനെ കയ്യിലെ ആയുധത്തില്‍ പിടിമുറുക്കി.നാലഞ്ചു വാളുകള്‍ ഒരേ സമയമാണു അന്തരീക്ഷത്തെ കീറിമുറിച്ചുകൊണ്ട് ഉയര്‍ന്നുതാഴ്ന്നത്.ഒരു മഴ്വില്ലിന്റെ രൂപത്തില്‍ രക്തത്തുള്ളികള്‍ ചീറ്റിത്തെറിച്ചു.അലര്‍ച്ചകള്‍..അതുമുയരുകയാണു.ഒരഞ്ചുമിനിട്ടിനുശേഷം എല്ലാമൊന്നുശാന്തമായപ്പോള്‍ പാറമേല്‍ കിടന്നിരുന്നവന്‍ മെല്ലെയെഴുന്നേറ്റു അവിടേയ്ക്കുവന്നു.മൂന്നുപേര്‍ തറയില്‍ കിടപ്പുണ്ട്.നീണ്ടുനിവര്‍ന്നുകിടക്കുന്ന പാറമേല്‍ കമിഴ്ന്നുകിടന്ന രൂപത്തെ അവന്‍ കാലുകള്‍ കൊണ്ടു മലര്‍ത്തിയിട്ടു.തന്നെ തന്നെ തുറുച്ചുനോക്കുന്ന കണ്ണുകളെ നോക്കി ഒരു പരിഹാസചിരി ചിരിച്ചിട്ട് അവന്‍ താഴേയ്ക്കു നടന്നു.പാറയില്‍കൂടി ഒലിച്ചിറങ്ങിവന്ന രക്തം പകുതി അറ്റുപോയ ചുണ്ടിലൂടെ അയാളുടെ വായ്ക്കുള്ളിലേയ്ക്കു കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു..ഇന്നു ഞാന്‍ നാളെ നീ എന്ന ലോകതത്വത്തിനു കീഴടങ്ങി ആ ജന്മമൊടുങ്ങിയിരുന്നതിനാലയാള്‍ക്ക് സ്വന്തം രക്തത്തിന്റെ രുചിയറിയുവാന്‍ കഴിഞ്ഞില്ല.
ശ്രീക്കുട്ടന്‍
ഇതെന്താ ഒരു ആക്ഷന്‍ സിനിമയുടെ അന്ത്യമോ?
ReplyDeleteവാളെടുത്തവന്‍ വാളാല്‍ .....
ReplyDeleteനന്നായിട്ടുണ്ട്..
ചുമ്മാ ഒരു അക്രമിയെ ഉണ്ടാക്കി ചുമ്മാ അച്ഛനേയും അമ്മയേയും കൊന്നു. ലാസ്റ്റ് അങ്ങേരേയും ആരോക്കയോ കൊന്നു.
ReplyDeleteപക്ഷേ ഇതൊക്കെ എന്തിന് വേണ്ടി??
എന്താ സംഭവം?
കൊട്ടേഷന്‍ പണി ആണല്ലേ? കഥ പറച്ചിലിന് ഒരു ഒതുക്കം തോന്നിയില്ല. ചില പ്രയോഗങ്ങളൊക്കെ ഇനിയും കൂടുതല്‍ ഭംഗിയാക്കണമെന്നു തോന്നി.
ReplyDeleteആശംസകള്‍.