"എന്തുവാടീ.ഇന്നും ഈ ചവറുകറി മാത്രമേയൊള്ളോ.നല്ല മീനൊന്നും കിട്ടീല്ലാര്‍ന്നോ"
മോരുകറി ചോറിലേക്കൊഴിച്ചുകൊണ്ട് ശിവന്‍ ലതികയോട് ചോദിച്ചു. അതിരൂക്ഷമായൊരു നോട്ടമായിരുന്നു അതിനു മറുപടി.ശിവനത് കണ്ടില്ലെന്നു നടിച്ച് ഇടതുകൈകൊണ്ട് ഷര്‍ട്ടിന്റെ കോളര്‍ ഒന്നുപിടിച്ചു വലിച്ചിട്ട് ചോറുരുളയാക്കി വായിലേയ്ക്ക് നിക്ഷേപിച്ചു.അതൊന്നിറക്കിയിട്ട് കയ്യെത്തി വെള്ളമെടുത്തൊരു കവിള്‍ കുടിച്ചു.ലതികയാവട്ടെ ഭര്‍ത്താവിന്റെ തീറ്റയും നോക്കി വിഷണ്ണയായിരുന്നു.
"നല്ല ഇച്ചിരി മീന്‍ തിന്നിട്ട് കാലം കൊറേയായി.എന്നും ഈ കച്ചറ കഴിച്ചു കഴിച്ചു വായ്ക്ക് രുചിയെന്താന്നുപോലും അറിയാമ്പറ്റാണ്ടായിരിക്കുന്നു.നാളെയാട്ടെ.ഒരു തടിയന്‍ നെമ്മീന്‍ മേടിച്ചിട്ടു തന്നെ മേക്കാര്യം.എന്താ നീ കഴിക്കുന്നില്ലേ " ശിവന്‍ തീറ്റ നിര്‍ത്തി ഭാര്യയെ ഒന്നു നോക്കി.അവളുടെ മുഖം ദേക്ഷ്യം കൊണ്ടു തുടുത്തു.
"ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം.എന്റെ നാവിമ്മേ നല്ലതൊന്നും വരത്തില്ല കേട്ടല്ല്.നെമ്മീന്‍ മേടിക്കണം പോലും നെമ്മീന്‍. ആരു മേടിക്കും.. നിങ്ങളാ.ഈ വീടെങ്ങിനെ കഴിയുന്നെന്ന്‍ നിങ്ങക്കറിയണോ.അതിനെവിട്ന്ന്‍ നേരം.പത്തുമണിവരെ പോത്ത് കണക്കേ കെടന്നുറങ്ങീട്ട് പിന്നെ എണീറ്റ് പൂവ്വേല്ലേ.നിങ്ങടയീ നശിച്ച ചീട്ടുകളീം കുടീം എന്നു നിര്‍ത്തോ അന്നേ നിങ്ങള് കൊണം പിടിക്കൂ"
"എടീയെടീ നിര്‍ത്തെടീ..നീ വേലയ്ക്ക് പോയിട്ട് കൊണ്ടുവന്നെന്നെ അങ്ങ് നോക്കുവല്ലേ.ഞാന്‍ എന്താ നിന്റേന്നെന്തേലും പിടിച്ചുപറിക്കുന്നോ.ഞാന്‍ ചീട്ട് കളിക്കേം കുടിക്കേം ചെയ്യുന്നതെന്റെയിഷ്ടം. എന്റെ ശരീരമനങ്ങി ജോലി ചെയ്തൂടന്ന്‍ ഡോകടറുപറഞ്ഞതു നെനക്കറിഞ്ഞൂടേ"
"ഓ..പിന്നേ ശരീരമനങ്ങിക്കൂടാ.പണ്ടെങ്ങാണ്ട് ഒരു സൈക്കിള്‍ മേത്തുതട്ടീ കൊറച്ചു ചോര പോയെന്നും പറഞ്ഞ് എത്രകാലം ഇങ്ങനെ നിങ്ങളു നടക്കും.രണ്ടു പിള്ളേരും ഞാനും എങ്ങിനെ കഴിയുന്നതെന്ന്‍ നിങ്ങളൊരിക്കലെങ്കിലും ചിന്തിച്ചിട്ടൊണ്ടോ.പെണ്ണ്‍ വളര്‍ന്നുവരുവാ.നാളെയാരുടേങ്കിലും കൂടെ എറക്കിവിടണ്ടേ"
"എനിക്കു ചിന്തയില്ലെന്നാരു പറഞ്ഞു.നമ്മുടെ മോളെ കെട്ടിച്ചുവിടാനൊള്ള വകയൊക്കെ താനെയുണ്ടായിക്കൊള്ളും.ഞാന്‍ ഒരു ചിട്ടീ ചേര്‍ന്നിട്ടൊണ്ട്. ഈ മാസം അതു കിട്ടും. ആ പൈസ കൊണ്ട് നമുക്കൊരു വലിയ മാസ ചിട്ടീ ചേരാം.ഒരു ഒരു ലക്ഷത്തിന്റെ.പിന്നെ അതിന്റെയടവൊക്കെ അങ്ങ് തട്ടീം മുട്ടീം പൊയ്ക്കോളും.ഞാനും കൂടി ഇനി എന്തേലും ജോലിയ്ക്കൊക്കെ പോകാം.ഇതെപ്പോഴും പറേണപോലല്ല. ഒരാറുമാസം കഴീമ്പം ആ ചിട്ടിപിടിച്ച് ബാങ്കില് ഒരു പത്തുകൊല്ലത്തേയ്ക്ക് ഡെപ്പോസിറ്റിട്ടാ മോള്‍ട സമയമാവുമ്പം എടുത്തൂടെ"
"നിങ്ങളീപ്പറയുന്നത് സത്യം കാര്യം തന്നേണാ"
"നീയാണെ സത്യം.നീ ഒരിച്ചിരി കറികൂടെ ഇങ്ങോട്ടൊഴിച്ചേ" ഷര്‍ട്ടൊന്നുകൂടി വലിച്ചുപുറകോട്ടിട്ടുകൊണ്ട് ശിവന്‍ ഞെളിഞ്ഞിരുന്നു.ലതിക കുറച്ചുകൂടി ശിവന്റെയടുത്തേയ്ക്കു നീങ്ങിയിരുന്നിട്ട് കുറച്ചുചോറും കറീം അയാളുടെ പാത്രത്തിലേക്ക് പകര്‍ന്നു.അയാള്‍ ഒരുരുള ചോറുരുട്ടി ഭാര്യക്ക് നേരെ പ്രേമഭാവത്തോടെ നീട്ടി.ലജ്ജാവതിയെപ്പോലെ അവള്‍ ഒന്നു മുഖം തിരിച്ചെങ്കിലും പിന്നീട് അതു വാങ്ങിക്കഴിച്ചു.
"നിങ്ങള് പണിയ്ക്കു പോകുമെന്ന്‍ ഒള്ളതായിട്ടുതന്നെ പറഞ്ഞതാണോ"
രാത്രി പായില്‍ ശിവനോട് ചേര്‍ന്നുകിടന്നുകൊണ്ട് ലതിക ചോദിച്ചു.
"അതേന്നേ.ഞാന്‍ മാറാന്‍ തീരുമാനിച്ചു. നമ്മുടെ വിശ്വനാഥന്‍ മേസ്തിരിയുടെ കൂടെ നാളെമുതല്‍ പണിയ്ക്കു പോണം.പിന്നെ നീ രാവിലെ എന്നെ വിളിച്ചുണര്‍ത്തണം കേട്ടോ"
വലിച്ചുകൊണ്ടിരുന്ന ബീഡി കുത്തിക്കെടുത്തിയിട്ട് ശിവന്‍ ചിമ്മിനി ഊതിയണച്ചു.തന്നെ പൊതിയുന്ന കൈകളെ ലതിക അരുമയായി അമര്‍ത്തിപ്പിടിച്ചു.
.....................................................................................
പതിവില്ലാതെ രാവിലെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് ചായയും മറ്റുമൊക്കെ കുടിച്ച് പണിഡ്രെസ്സുമായി പടിയിറങ്ങിപ്പോകുന്ന ശിവനെ ലതിക അല്‍പ്പനേരം നോക്കി നിന്നു.എല്ലാം നന്നായിവരുവാന്‍ പോകുവാണെന്നവളുടെ മനസ്സു മന്ത്രിച്ചു. കണ്ണൊന്നടച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടവള്‍ ഡ്രെസ്സ് മാറി കശുവണ്ടിഫാക്ടറിയിലേയ്ക്കു നടന്നു.ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴും അവളുടെ മനസ്സ് അസ്സ്വസ്ഥമായിരുന്നു.ജോലി കഴിഞ്ഞതും അവള്‍ വേഗം മാര്‍ക്കറ്റിലേയ്ക്കു നടന്നു.നല്ല മീനൊന്നും കിട്ടിയില്ല.
കുറച്ചു മത്തിയും വാങ്ങി വീട്ടിചെന്നിട്ടവള്‍ വേഗം തന്നെ അത് നല്ല കൊടമ്പുളിയൊക്കെയിട്ടും കറിവയ്ക്കാനാരംഭിച്ചു.സന്ധ്യമയങ്ങിയിട്ടും ശിവനെക്കാണാതായപ്പോള്‍ അവളുടെ മനസ്സിലൊരാധി വളര്‍ന്നു.ഇരുട്ടില്‍ ഒരു ബീഡിക്കനലെരിഞ്ഞതുകണ്ടപ്പോള്‍ അവള്‍ ശ്രദ്ധിച്ചു. ശിവന്‍ തന്നെ.
തിണ്ണയിലേയ്ക്കു കയറിയ ശിവന്‍ കയ്യിലുണ്ടായിരുന്ന മുഷിഞ്ഞ തുണി കൈവരിയില്‍ വച്ചിട്ട് ഒരു പ്ലാസ്റ്റിക് കവര്‍ ലതികയുടെ നേരെ നീട്ടി.അതിനുള്ളില്‍ ഇടത്തരമൊരു നെന്മീനായിരുന്നു. പോക്കറ്റില്‍ നിന്നും നൂറ്റമ്പത് രൂപയെടുത്ത് അവളുടെ നേരെനീട്ടിയിട്ട് ശിവനിങ്ങനെ പറഞ്ഞു.
"ഇന്നു കിട്ടിയ കൂലീന്ന്‍ ഒരു മീനങ്ങ് മേടിച്ചു.ബാക്കിയിന്നാ.സൂക്ഷിച്ചുവച്ചോ.ഞാനൊന്നു കുളിക്കട്ടെ.എന്തൊരു ക്ഷീണം"
അത്ഭുതം കൊണ്ടു വിടര്‍ന്ന കണ്ണുകളോടെ അല്‍പ്പനേരം നിന്നിട്ട് ലതിക പെട്ടന്ന്‍ അടുക്കളയിലേയ്ക്ക് നടന്നു.ശിവന്‍ കുളി കഴിഞ്ഞുവന്നപ്പോള്‍ അവള്‍ മീനെല്ലാം വെട്ടിക്കഴുകി അടുപ്പിലാക്കിയിരുന്നു.ശിവന്‍ തന്റെ മക്കള്‍ പഠിക്കുന്നതും നോക്കിയിരുന്നുകൊണ്ട് ബീഡിവലിച്ചുപുകയൂതിവിട്ടുകൊണ്ടിരുന്നു.എത്രയെങ്കിലും നാളുകള്‍ക്കുശേഷം ആ വീട്ടില്‍ അന്നു സന്തോഷം നിറഞ്ഞുനിന്നു.
"എടീ ലതിയേ.ശിവന്‍ ജോലിക്കൊക്കെ പൂവാന്തോടങ്ങീന്ന്‍ കേട്ടതൊള്ളതാന്നോടീ"
രണ്ടുദെവസം കഴിഞ്ഞ് അയലുപക്കത്തെ മീനാക്ഷിയമ്മ വിളിച്ചുചോദിച്ചപ്പോ ലതിക അവരുടെ അടുത്തേയ്ക്ക് ചെന്നു.
"അതേ ചേച്ചീ.രണ്ടുദെവസോണ്ട് ജോലിക്ക് പോവുന്നൊണ്ട്.കിട്ടണകാശ് തരേം ചെയ്യുന്നുണ്ട്.ഇങ്ങനെയങ്ങ് പോയാ മത്യാര്‍ന്നു"
"ആള്‍ക്കാര്‍ക്ക് മാറ്റം വരാനെക്കൊണ്ട് വല്യ സമയ്യൊന്നും വേണ്ടടീ.എല്ലാം ഒടേതമ്പുരാന്റെ കളികളല്ല്യോ"കണ്ണുകളടച്ച് മേലോട്ട് നോക്കിക്കൊണ്ട് മീനാക്ഷിയമ്മ പറഞ്ഞു.
.....................................................................................
വൈകിട്ട് ജോലികഴിഞ്ഞുവന്ന ലതിക വാഴക്കൂമ്പ്കൊണ്ടൊരു തോരന്‍ വയ്ക്കാനാരംഭിച്ചു.ശിവന് നല്ലയിഷ്ടമാണാ തോരന്‍. ഇന്നു ചിട്ടിപൈസ കിട്ടുമെന്ന്‍ പറഞ്ഞിട്ടുണ്ട്.നാളെതന്നെ അതുകൊണ്ടുപോയി സംഘത്തിലിടണം. രാത്രി ഒരുപാടിരുട്ടിയിട്ടും ശിവന്‍ വരാതായപ്പോള്‍ ലതികയ്ക്ക് ആധികയറി.വഴിക്കണ്ണുമായി കാത്തുകാത്തിരുന്നവള്‍ ചുമരും ചാരിയിരുന്നുറങ്ങിപ്പോയി.
പണികഴിഞ്ഞു വരുന്ന വരവില്‍ ചിട്ടിപ്പൈസയും വാങ്ങി വീട്ടിലേയ്ക്കു വരവേ ശിവന്‍ ബാബുവിനെ കണ്ടുമുട്ടി.അവന്റെ നിര്‍ബന്ധം സഹിക്കാനാവാതെ ഒരു ഗ്ലാസ്സ് നാടന്‍ അടിച്ചതുമാത്രം ശിവനോര്‍മ്മയുണ്ടായിരുന്നു.വാശിയേറിയ പന്നിമലത്ത് നടക്കുമ്പോള്‍ ലഹരിയുടെ പിടുത്തത്തില്‍ ശിവനും മത്സരിച്ച് കാശ് വച്ചുകൊണ്ടിരുന്നു.ഒടുവില്‍ ലഹരിയുടെ കെട്ടിറങ്ങിത്തുടങ്ങുമ്പോള്‍ അവന്റെ പോക്കറ്റില്‍ കുറച്ചു ചില്ലറനാണയങ്ങളും രണ്ടു ബീഡിക്കുറ്റികളും പിന്നെ നാലഞ്ചു ചീട്ടുകളും മാത്രമുണ്ടായിരുന്നു. വീട്ടിലേയ്ക്കുള്ള പടവുകള്‍ കയറുമ്പോള്‍ അവന്റെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ലായിരുന്നു.കയ്യിലിരുന്ന മുഷിഞ്ഞ തുണി ഇറയത്ത് വലിച്ചെറിഞ്ഞിട്ട് അവന്‍ ലതികയെവിളിച്ചിങ്ങിനെ പറഞ്ഞു.
"എട്യേ..ഭയങ്കരഷീണം നീ ഒരു പായിങ്ങെടുത്തിട്ടേ."
ഒറക്കപ്രാന്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ലതിക പെട്ടന്ന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി.ഇറയത്ത് നീണ്ടുനിവര്‍ന്ന്‍ കിടക്കുന്ന ഭര്‍ത്താവിനെ അവളൊരു നിമിഷം നോക്കി.അയാളുടെ പോക്കറ്റില്‍ നിന്നും പുറത്തേയ്ക്കു തള്ളി നില്‍ക്കുന്ന ചീട്ടുകളിലൊരെണ്ണം ഒരു ജോക്കറായിരുന്നു.അത് തന്നെനോക്കിയാണു ചിരിക്കുന്നതെന്നവള്‍ക്കു തോന്നി.
ശ്രീക്കുട്ടന്‍
ജോക്കര്‍!
ReplyDeleteപാവം ലതിക.
ReplyDeleteശ്രീക്കുട്ടേട്ടാ, സ്ഥിരം കഥ എഴുതിയ സ്ലാങ്ങ് ഇഷ്ടായി. ആശംസകൾ
ReplyDelete"ആള്‍ക്കാര്‍ക്ക് മാറ്റം വരാനെക്കൊണ്ട് വല്യ സമയ്യൊന്നും വേണ്ടടീ"........
ReplyDeleteഓ.... മീനാക്ഷിഅമ്മയുടെ നാക്ക്.......
കൊള്ളാം
ReplyDeleteലതികയുടെ ഭര്‍ത്താവിനെ പരിചയപ്പെട്ട എല്ലാ പേര്‍ക്കും നന്ദി...
ReplyDeleteപാവം ജോക്കര്‍ :)
ReplyDeleteകഥയുടെ പേര് ജോക്കര്‍ എന്ന് ഇടാമായിരുന്നില്ലേ?.. ലതിക എന്ന് കേട്ടപ്പോള്‍ രാഷ്ട്രീയമായി ബന്ധമുള്ള വല്ലതുമാണെന്ന് കരുതി. നന്നായിട്ടുണ്ട്... ആശ്ംസകള്‍
ReplyDeleteഎഴുത്ത് ഇഷ്ട്ടപ്പെട്ടു... കഥയും.. എത്ര കുടുംബങ്ങളുടെ കഥയാണ് ഇത്.
ReplyDeleteഭര്താക്കന്മാരായാല്‍ ഇങ്ങനെ വേണം...
ReplyDeleteഅംബട പുളുസു ...
ReplyDeleteശിവനാരാ മോന്‍ അല്ലെ :)
ഇതുപോലുള്ള എത്ര ശിവന്മാര്‍ നമുക്കു ചുറ്റും ഉണ്ട് :(
കഷ്ടം ലതികയുടെ കാര്യം
വ്യത്യസ്ഥതയാർന്ന തീമോ ആശയമോ ഒന്നുമില്ലെങ്കിലും,
ReplyDeleteഉള്ളത് വളരെ ലളിതവും സുന്ദരവും ഒതുക്കവുമായി പറഞ്ഞു....
ഒഴുക്കുള്ള വായന!!! നന്ദി...
അമ്പട പുളൂസ്സാ ...
ReplyDeleteപറഞ്ഞു പഴകിയ വിഷയം വായ്നാസുഖം തരുന്ന രീതിയിൽ എഴുതി കേട്ടൊ.
രസായി ഈ പുളൂസ്.....
ReplyDeleteവളരെയേറേ പറഞ്ഞുപഴകിയ ഒരു വിഷയമാണെന്നെനിക്കറിയാം.പക്ഷേ..ചിലസമയങ്ങളില്‍ ചില ഓര്‍മ്മകള്‍ .......അതിന്റെ സങ്കടമാണീ എഴുത്ത്..............
ReplyDeleteവായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാപേര്‍ക്കും ഒരുപാട് നന്ദി.
പാവം ലതിക .... എന്തൊക്കെ പ്രതീക്ഷകളായിരുന്നു ...
ReplyDeleteപുതിയകുപ്പിയിലെ പഴയ വീഞ്ഞ് നന്നായി ....................സസ്നേഹം
ReplyDeleteഭാഷയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
ReplyDeleteകഥ പഴയതു തന്നെയെങ്കിലും, ശൈലി കൊള്ളാം.
ReplyDeleteജോക്കർമാരുടെ പാവം ഭാര്യമാർ!
നന്നായി കഥ.ആശംസകള്‍
ReplyDeleteകഥയെന്നു തോന്നിയില്ല.. ശരിക്കും ജീവിതം.. :) ഇഷ്ടപ്പെട്ടു എഴുത്ത്.. ആശംസകള്‍.
ReplyDeleteഎഴുത്ത് ഇഷ്ട്ടപ്പെട്ടു...
ReplyDelete