എന്റെ പ്രീയപ്പെട്ട അച്ഛനു സ്വന്തം മകള്‍ ആമി എഴുതുന്നതു,
സ്വന്തം മകള്‍ എന്നെഴുതിയതിന് അച്ഛനെന്നോട് ക്ഷമിക്കണം.അച്ഛനൊരിക്കലും എന്നെയങ്ങനെ കണ്ടിരുന്നില്ലെന്നു എനിക്കറിയാം.എന്നാലും എനിക്കു എന്റെ സ്വന്തം അച്ഛന്‍ അല്ലാതാകില്ലല്ലോ.ദേക്ഷ്യം പിടിച്ച് അച്ഛന്‍ ഈ കത്തു വായിക്കാതെ കീറിക്കളയരുതേ.അത്രയ്ക്കെങ്കിലുമുള്ള ദയ എന്നോടു കാട്ടണം.അച്ഛനോടു നേരിട്ടു പറയുവാനുള്ള ധൈര്യമില്ലാതിരുന്നതുകൊണ്ടാണ് ഈ സാഹസത്തിനു മുതിരുന്നത്.മുമ്പ് നിരവധി പ്രാവശ്യം ഞാന്‍ ഇതേപോലെ എഴുതുവാന്‍ ശ്രമിച്ചിട്ടുള്ളതാണ്.ഓരോ പ്രാവശ്യവും ഒന്നു രണ്ടുവരികളെഴുതുമ്പോള്‍ എന്റെ മുമ്പിലുള്ള കാഴ്ചകള്‍ മറഞ്ഞുപോകുമായിരുന്നു.എത്ര പേപ്പറുകളില്‍ ഞാന്‍ മഷിപടര്‍ത്തിക്കളഞ്ഞിരിക്കുന്നു. ഇന്നെനിക്കിത് പറയാതെ വയ്യന്നായിരിക്കുന്നു.അച്ഛനെന്നോട് ക്ഷമിക്കണേ..
എനിക്കറിയാം അച്ഛനൊരിക്കലുമെന്നെ ഇഷ്ടപ്പെട്ടിരുന്നില്ല.അച്ഛനെന്നെ കാണുന്നതുപോലും വെറുപ്പായിരുന്നു.അതിനുമാത്രം എന്തു തെറ്റാണു ഞാന്‍ ചെയ്തതു.കുഞ്ഞിലേ അമ്മയുടെ മാറില്‍ പറ്റിച്ചേര്‍ന്നിരിക്കുമ്പോള്‍ ആ കണ്ണുകളില്‍ നിന്നും മഴവെള്ളം പോലെ കണ്ണുനീരൊഴുകുന്നത് എന്തിന്നാണെന്ന്‍ എനിക്കറിയില്ലായിരുന്നു.പലപ്പോഴും അമ്മെയെന്നെ കെട്ടിപ്പിടിച്ചുമ്മകള്‍ വയ്ക്കുമ്പോള്‍ ആ ചുംബനങ്ങള്‍ക്ക് ഉപ്പുരസമായിരുന്നു.അന്നൊന്നും അച്ഛനെന്നെയൊന്നെടുക്കുകയോ എന്നെ നോക്കുകയോ പോലും ചെയ്തിട്ടില്ല. ഇതെന്റെ കൊച്ചല്ല ആര്‍ക്ക് പെഴച്ചുണ്ടായതാടീ എന്നെല്ലാം ആക്രോശിച്ചുകൊണ്ട് അച്ഛന്‍ അമ്മയെ തല്ലിയിരുന്നത് മനസ്സിലാക്കുവാന്‍ അപ്പോളെനിക്കാവുമായിരുന്നില്ലല്ലോ. പിന്നീടൊരിക്കല്‍ വീട്ടിലൊരുപാടുപേര്‍ കൂട്ടംകൂടിനില്‍ക്കുന്നതുംമെന്നെപ്പോലെ തന്നെ ആരെല്ലാമോ കരയുന്നതും എന്തിനായിരുന്നുവെന്ന്‍ ഞാന്‍ മനസ്സിലാക്കിയത് എത്രയോ നാളുകള്‍ കഴിഞ്ഞാണ്.ഏതോ വല്യമ്മയുടെ മടിയിലിരുന്നു വിശന്നു വലഞ്ഞു കരയുന്ന എന്നെ ഒന്നെടുക്കുവാന്‍ പോലും വരാതെ തറയില്‍ മൂടിപ്പുതച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന അമ്മയെ കണ്ടപ്പോള്‍ അമ്മയ്ക്കും എന്നെ വേണ്ടാതായോ എന്നോര്‍ത്തു എന്റെ കുഞ്ഞുമനസ്സ് എന്തു മാത്രം വേദനിച്ചു.ആ കിടപ്പെന്തിനായിരുന്നുവെന്നും എനിക്ക് നഷ്ടപ്പെട്ടതെത്രമാത്രം വലുതായിരുന്നുവെന്നും ഞാന്‍ അറിഞ്ഞത് എത്രയോ നാളുകള്‍ക്കുശേഷമായിരുന്നു.അപ്പോഴൊന്നും അച്ഛനെന്നെ ഒന്നു നോക്കുക കൂടി ചെയ്യുമായിരുന്നില്ല..
ഈശ്വരന്‍ എന്നെ എന്തിനായി സ്രൃഷ്ടിച്ചു എന്നെനിക്കറിയില്ല.എല്ലാം എന്റെ വിധി എന്നു കരുതി ഞാന്‍ ഈ കൂരയില്‍ ഒരു നായ്ക്കുട്ടിയേക്കാളും ദയനീയമായി ജീവിക്കുവാന്‍ ശീലിച്ചുപോയി.പാവമെന്റെ വല്ല്യമ്മയില്ലായിരുന്നുവെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു. അച്ഛന്‍ കുടിച്ചുമറിഞ്ഞുവരുന്ന രാത്രികളില്‍ എന്നെയും മാറോടടക്കിപ്പിടിച്ചുകൊണ്ട് തൊടിയിലെവിടെയെങ്കിലും പമ്മിയിരിക്കുന്ന വല്യമ്മയോട് ഞാനെന്തേലും ചോദിക്കാനാഞ്ഞാല്‍ എന്റെ വായ അവര്‍ പൊത്തിപ്പിടിക്കുമായിരുന്നു.കഴിവതും എന്നെ അച്ഛന്റെ മുമ്പിലൊന്നും കാണിയ്ക്കാതെ വല്യമ്മ മറച്ചുപിടിച്ചു നടന്നിരുന്നതെന്തിനായിരുന്നു.എനിക്കറിയില്ല.ഒരു ദിനം അവരും ഉമ്മറത്ത് മൂടിപ്പുതച്ച് നിശ്ശബ്ദം നീണ്ടുനിവര്‍ന്ന്‍ കിടക്കുന്നത് കണ്ടപ്പോള്‍ എന്തുകൊണ്ടോ എന്റെ കണ്ണുകള്‍ നിറയുകയുണ്ടായില്ല.എങ്ങിനെയൊക്കെയോ ഞാന്‍ ദിനങ്ങള്‍ കടത്തിവിട്ടു.എന്നിട്ടും അഞ്ചാം ക്ലാസ്സില്‍ വച്ചെന്റെ പഠിത്തം നിര്‍ത്തിയപ്പോള്‍..എന്റെ കൂട്ടുകാരെല്ലാം പുത്തന്‍ കുപ്പായങ്ങളണിഞ്ഞ് ചിരിച്ചുല്ലസിച്ച് സ്കൂളിലേക്കു പോകുമ്പോള്‍ ഞാന്‍ ഇവിടെ കീറിപ്പറിഞ്ഞതുടുത്ത്.....എനിക്കു സഹിക്കുവാന്‍ കഴിയുമായിരുന്നില്ല.
പിന്നെ ഈ പതിമൂന്നുവയസ്സിന്നുള്ളില്‍ എന്തെല്ലാം ......
എന്തുകൊണ്ടായിരുന്നച്ഛാ എന്നെ ഇത്രത്തോളം അച്ഛന്‍ വെറുത്തത്.സത്യത്തില്‍ ഞാന്‍ അച്ഛന്റെ മകളായിരുന്നില്ലെ. അച്ഛനെന്നെയൊന്നു സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുവാനും ഒരുമ്മ തരുവാനും എന്നെ വാത്സല്യത്തോടെ മോളേ എന്ന്‍ ഒരിക്കലെങ്കിലും വിളിക്കുവാനും ഞാന്‍ എന്തുമാത്രം കൊതിച്ചിരുന്നു എന്ന്‍ അച്ഛനറിയാമായിരുന്നുവോ.......നശിച്ച പ്രകൃതിവിധി എന്നില്‍ സ്ത്രീയുടെ പൂര്‍ണ്ണത എഴുതിച്ചേര്‍ത്തപ്പോള്‍ അയല്‍പക്കങ്ങളിലുള്ള ചിലരുടെയെങ്കിലും മുഖങ്ങളിലുണ്ടായ ഭാവമാറ്റമെന്തിനായിരുന്നുവെന്ന്‍ എനിക്ക് അപ്പോള്‍ മനസ്സിലായിരുന്നില്ല.
എന്നിട്ടും ഇത്രയും നാള്‍ ഞാന്‍ എല്ലാം സഹിച്ചു.പക്ഷേ ഇപ്പോള്‍.. മദ്യപിച്ചു യാതൊരു ബോധവുമില്ലാതെ ആരെങ്കിലും വീട്ടില്‍ കൊണ്ടുവന്ന്‍ തള്ളുമ്പോള്‍ അച്ഛനറിയുന്നില്ലേ ഒരു പ്രായമായ മകള്‍ വീട്ടിലുണ്ടെന്ന്‍.അവരുടെ കഴുകന്‍ കണ്ണുകള്‍ ആരെയാണു കൊത്തിവലിക്കുന്നതെന്ന്‍ അച്ഛനറിയുന്നുണ്ടായിരുന്നില്ലെ...എത്ര തന്നെ തള്ളിപ്പറഞ്ഞാലും അച്ഛന്റെ ചോരയില്‍ തന്നെ ജനിച്ച ഒരു മകളുടെ സങ്കടങ്ങളും വേദനയും എന്തേ കാണാതെ പോയി.എന്നെങ്കിലുമൊരുനാള്‍ എല്ലാം ശരിയാവും എന്നു മനസ്സില്‍ പറഞ്ഞ് പറഞ്ഞ് ഞാന്‍ ഒതുങ്ങിക്കഴിയുകയായിരുന്നില്ലേ...
ഇന്നലെ സന്ധ്യക്ക് ആദ്യമായി അച്ഛന്‍ എന്നെ സ്നേഹത്തോടെ നോക്കിയപ്പോള്‍, എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ടു മതിമറന്നുപോയി.അച്ഛന്റെ കരവലയത്തില്‍ ഞാന്‍ ലോകം കീഴടക്കിയതുപോലെ നില്‍ക്കുമ്പോള്‍..വേണ്ടച്ഛാ..അത്തരമൊരു സ്നേഹം..ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ആ സ്നേഹം അത്..അത്..അതെനിക്ക് വേണ്ട. ഇപ്പോള്‍ മദ്യം അച്ഛനെ വല്ലാതെ കീഴടക്കിയിരിക്കുന്നു.സ്വന്തം മകളെപോലും തിരിച്ചറിയാന്‍ വയ്യാത്തവനാക്കിയിരിക്കുന്നു.എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍.....
ഒന്നു ഞാന്‍ തീരുമാനിച്ചു.ഈ ലോകത്ത് ആര്‍ക്ക് വേണ്ടെങ്കിലും എന്റെ അമ്മയ്ക്ക് എന്നെ വേണ്ടാതെ വരില്ല. എന്റെ അമ്മ എന്നെ കാത്തിരിക്കുകയാണ്. നിറഞ്ഞ സ്നേഹം വഴിഞ്ഞുകൊണ്ട് അമ്മയെന്നെ മാടിവിളിയ്ക്കുന്നത് ഞാന്‍ കേള്‍ക്കുന്നു.എനിക്കു തരുവാന്‍ കഴിയാതെ പോയ മുഴുവന്‍ സ്നേഹവുമായി മാലാഖമാരുടെ നാട്ടില്‍ കാത്തിരിക്കുന്ന എന്റമ്മയുടെ അടുത്തേയ്ക്ക് ഞാന്‍ പോകുകയാണ്. അച്ഛന്റെ മോള്‍ പോകുകയാണ്.ഈ കത്ത് വായിക്കുമ്പോഴെങ്കിലും ........
എന്നോടു പൊറുക്കണം.......
ഞാനച്ഛന്റെ സ്വന്തം മകള്‍ തന്നെയായിരുന്നു.....
എന്നു അഭിരാമി
(ആമി)
ശ്രീക്കുട്ടന്
ആമിയുടെ സങ്കടങ്ങള്‍ എന്നെ എപ്പോഴുമലട്ടുന്നു...
ReplyDeleteഇതും എന്റെയൊരു പഴയസൃഷ്ടിയായിരുന്നു.ഇപ്പോള്‍ ചില മിനുക്കുപണികള്‍ ചെയ്തിട്ടുണ്ടെന്നേയുള്ളു...
ഹും.... ഇത് പോലെ ഒരു മിനിക്കഥ ഞാനും എഴുതിയിരുന്നു. എന്റെ ആദ്യത്തെ മിനിക്കഥ. അത് ഒരു യഥാര്‍ത്ഥ സംഭവമായിരുന്നു.!
ReplyDeleteആമി എന്ന് കണ്ടപ്പോള്‍ മാധവിക്കുട്ടിയെ പറ്റി ആണെന്ന് കരുതി. എന്തായാലും നന്നായിട്ടുണ്ട്.
ReplyDeleteശ്രീകുട്ടാ ആമി എന്റെയും സങ്കടമായി മാറിയല്ലൊ.. ആശംസകൾ..
ReplyDeleteആളവന്താൻ പറഞ്ഞതുപോലെ, പലരും എഴുതി പരീക്ഷിച്ച ഒരു തീം ആണിത്. അത് തന്നെ ശ്രീക്കുട്ടനും പയറ്റിയെന്ന് കേൾക്കുമ്പോൾ എന്തോ!!!! ആരും കൈവയ്ക്കാത്ത മേഖലകളെ തേടിപ്പിടിച്ച് അവതരിപ്പിക്കുക എന്നതാണ് ഒരു കഥാകൃത്തിന്റെ യഥാർത്ഥ വിജയം.
ReplyDeleteനേരത്തെ വായിച്ചിരുന്നു
ReplyDeleteഞാൻ ഇതു മുൻപ് വായിച്ചിട്ടില്ലായിരുന്നു..അതിനാൽ തന്നെ ആമി എന്നെ വേദനിപ്പിച്ചു
ReplyDeleteമാധവിക്കുട്ടി സ്വന്തം അച്ഛന്‍ എഴുതിയതാണെന്ന് കരുതി, തുടക്കം മുതല്‍ ഓര്‍ക്കായിരുന്നു ആ അച്ഛനെ കുറിച്ച് അവര്‍ ഇങ്ങനെ എവിടേം പരാമര്‍ശിച്ചതായി വായിച്ചിട്ടില്ലല്ലോ എന്ന്, മറിച്ച് ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്തിരുന്ന ഒരച്ഛനായിരുന്നു അദ്ദേഹം..
ReplyDeleteതെറ്റിദ്ധാരണ ഒടുവില്‍ മാറി കിട്ടി, പക്ഷേ നൊമ്പരമുണര്‍ത്തി..
കൊള്ളാട്ടോ .. നന്നായിരിക്കുന്നു സമയം കിട്ടുമ്പോള്‍ എന്റെ ഇ ചെറിയ ബ്ലോഗിലെ കൊച്ചു കൊച്ചു മണ്ടത്തരങ്ങള്‍ വായിക്കാന്‍ ശ്രമിക്കണേ ..
ReplyDeletehttp://apnaapnamrk.blogspot.com/
ബൈ റഷീദ് എം ആര്‍ കെ
ഓസ്ട്രിയയിലെ ജോസെഫ് ഫ്രിട്സല്‍ എന്നാ കാമ വെറിയന്‍ സ്വന്തം മകളെ വര്‍ഷങ്ങളായി പീഡിപ്പിച്ചതിന്റെ കഥ ലോകം അറിഞ്ഞു ഞെട്ടല്‍ മാറും മുന്‍പേ...ഭാരതത്തില്‍ നിന്നും അതുപോലുള്ള കഥകള്‍ പൊങ്ങാന്‍ തുടങ്ങി. താങ്കളുടെ കഥ വായിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ വാര്‍ത്തകളും ഓര്‍മ്മ വന്നു. നല്ല കഥ കേട്ടോ. ഇഷ്ട്ടപ്പെട്ടു.
ReplyDeleteആമി വേദനിപ്പിക്കുന്നു. നമുക്ക് ചുറ്റും എത്രയെത്ര ആമിമാർ. :((
ReplyDeleteകഥ നന്നായി ശ്രീക്കുട്ടേട്ടാ.