Thursday, June 9, 2011

തനിയാവര്‍ത്തനം

ബസ്സിലിരിക്കുമ്പോല്‍ അവന്റെ മനസ്സാകെ ചിന്താകുഴപ്പത്തിലായിരുന്നു.ഇനിയെത്ര സമയമെടുക്കുമോ ആവോ. ബാലന്‍ മാമ സീറ്റില്‍ ചാരിയിരുന്ന്‍ നല്ല ഉറക്കമാണ്.വണ്ടിയുടെ കുലുക്കത്തിനനുസരിച്ച് ആ ശരീരവുമിളകുന്നുണ്ട്.അവന്‍ പുറത്തെക്കാഴ്ചകളിലേയ്ക്ക് കണ്ണോടിച്ചു.ഇരുട്ടില്‍ പുറകിലേയ്ക്കോടി മറയുന്ന മരങ്ങളും കെട്ടിടങ്ങളും വിളക്കുകാലുകളും..കാറ്റേറ്റ് അവന്റെ മുടിയിഴകള്‍ പാറിപ്പറന്നു.അവനത് കൈകൊണ്ട് മാടിയൊതുക്കുവാന്‍ ശ്രമിച്ചെങ്കിലും കാറ്റതിന്റെ കുസൃതി തുടര്‍ന്നുകൊണ്ടിരുന്നു.മന‍സ്സിനുള്ളില്‍ ഒരു കടലിരമ്പുകയാണ്.അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നം അത്ര നിസ്സാരമല്ലല്ലോ.തനിക്ക് സ്വയം നിയന്ത്രിക്കാനാവുമോ..അവന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് സീറ്റിലേയ്ക്കു തലചാരി.

"അടുത്ത ബസ്റ്റോപ്പെത്തുമ്പം നമുക്കിറങ്ങണം"

മുമ്പിലത്തെ സീറ്റിലിരുന്ന കുമാര്‍ തലപുറകിലേയ്ക്ക് കാട്ടി വിളിച്ചുപറഞ്ഞു. സുധി പെട്ടന്ന്‍ തന്നെ ബാലമ്മാമനെ കുലുക്കി വിളിച്ചുണര്‍ത്തി.

"എന്താ മോനേ സ്ഥലമെത്തിയോ"

"ആവാറായിരിക്കണു"

ബാലമ്മാമ സീറ്റിലൊന്നു നിവര്‍ന്നിരുന്നു.എത്ര നേരമായിരിക്കുവാണു.ബസ്സ് നിര്‍ത്തിയപ്പോള്‍ മുമ്പിലിരുന്ന കുമാറും ഷിബുവും എഴുന്നേറ്റത് കണ്ട് ബാലമ്മാമയും സുധിയുമെഴുന്നേറ്റു പുറത്തിറങ്ങി. കുറ്റാക്കൂരിരുട്ട്.സമയം പുലര്‍ച്ചെ നാലുകഴിഞ്ഞതേയുള്ളു.അടുത്തെങ്ങും കടകളൊന്നുമുള്ള ലക്ഷണമില്ല.തണുപ്പ് അല്‍പ്പം കൂടുതലാണു.ബാലമ്മാമ ചോദ്യഭാവത്തില്‍ കുമാറിനെ നോക്കി.

"കുറച്ചുദൂരം പോയാല്‍ ഒരു ചായക്കടയുണ്ട്.അതിപ്പോള്‍ തുറന്നുകാണും.പിന്നെ നമുക്ക് പോകേണ്ടസ്ഥലത്തേയ്ക്ക് ഇനി അഞ്ചുമണിക്ക് ശേഷമേ ബസ്സ് കിട്ടൂ"

"ഇതേതു നശിച്ച സ്ഥലത്താണെന്റെ ശിവനേ"

പ്രാകിക്കൊണ്ട് അയാള്‍ അവരുടെ കൂടെ നടക്കാനാരംഭിച്ചു.കൂടെ സുധിയും.കുറച്ചുദൂരം നടന്നപ്പോള്‍ ഒരു ചെറിയ വെട്ടം കാണായി.ചായക്കടയിലേതാണെന്നു തോന്നുന്നു.അവര്‍ വേഗത്തില്‍ നടന്നു.അകത്തുകയറി അവിടെക്കിടന്ന ബെഞ്ചിലിരുന്നുകൊണ്ട് ബാലമ്മാമ നാലു ചായപറഞ്ഞു.കടക്കാരന്‍ അവരെയൊന്നു സൂക്ഷിച്ചുനോക്കിക്കൊണ്ട് ചായയടിക്കാന്‍ തുടങ്ങി.

"അല്ല എവിടേയ്ക്കാ.മുമ്പിവിടെയെങ്ങും കണ്ടിട്ടില്ലാലോ".
ചായ കൊണ്ടുവച്ച ശേഷം തലചൊറിഞ്ഞുകൊണ്ട് കടക്കാരന്‍ ചോദിച്ചു.

"...ടേയ്ക്ക് പോകാനായി വന്നതാ.അങ്ങ് തെക്കൂന്നാ.ഒരു മരണം കൂടാനാ.പിന്നെ ഒരു രണ്ട് സിറേറ്റിങ്ങെടുത്തേ" ഷിബു കടക്കാരനോടായിപ്പറഞ്ഞിട്ട് സുധിയേയും ബാലമ്മാമയേയും നോക്കി കണ്ണടച്ചുകാണിച്ചു.

"അല്ല അവിടെ ആരാ മരിച്ചേ..എപ്പോ..ഞാനറിഞ്ഞില്ലല്ലോ" സിഗററ്റെടുത്ത് കൊടുത്തുകൊണ്ട് കടക്കാരന്‍ വീണ്ടും സംശയാലുവായി.

"അതങ്ങുള്ളിലാ.നിങ്ങക്കറിയുകേലാ"അല്‍പ്പം സ്വരം കടുപ്പിച്ച് പറഞ്ഞിട്ട് ഷിബു സിഗററ്റിനു തീപ്പിടിപ്പിച്ചു.കൂടെ കുമാറും.എന്നിട്ടവര്‍ കടയ്ക്കു പുറത്തേയ്ക്കിറങ്ങി. കാശ് കൊടുത്തിട്ട് സുധിയും ബാലമ്മാമയും അവര്‍ക്കൊപ്പമിറങ്ങി നടക്കാനാരംഭിച്ചു.പുലരിയുടെ തണുപ്പ് രോമകൂപങ്ങളില്‍ അരിച്ചു കയറുന്നു.നടന്നുനടന്നവര്‍ ഒരു ബസ്റ്റോപ്പിനുമുമ്പിലെത്തി അര്‍ദ്ധപ്രാണന്‍ വലിയ്ക്കുന്നതുപോലെ തൂങ്ങിക്കത്തിക്കൊണ്ടിരിക്കുന്ന വിളക്കുകാലിനുമുമ്പില്‍ അവര്‍ ബസ്സിനേയും പ്രതീക്ഷിച്ചു നിന്നു.

വീണ്ടും ബസ്സിലിരിക്കുമ്പോള്‍ സുധി ആകെ അസ്വസ്ഥനായിരുന്നു.ഇനി ഏതാനും നിമിഷം കഴിയുമ്പോള്‍ താന്‍ അവളുടെയടുത്തെത്തും.എന്തായിരിക്കുമവളുടെ പ്രതികരണം.താനെങ്ങിനെയാണത് നേരിടേണ്ടത്.തനിക്ക് നിയന്ത്രണം കൈമോശം വരുമോ.അവന്‍ തന്റെ കണ്ണുകള്‍ ചേര്‍ത്തടച്ചു.കുസൃതിക്കുടുക്കയായൊരു പെണ്‍കുട്ടി ചിരിച്ചുകളിച്ചുല്ലസിച്ചുകൊണ്ട് ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പാറിനടക്കുന്നത് അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു.തോളില്‍ കയ്യിട്ട് തന്നോട് തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഒരു യുവാവിന്റെ മുഖവും ...

ബസ്സിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോള്‍ സുധിയുടെ കൈകളില്‍ ബാലമ്മാമ അമര്‍ത്തിയൊന്നു പിടിച്ചു.തന്റെ നേരെ നോക്കുന്ന ആ കണ്ണുകളില്‍ നിന്നും നിരവധി കാര്യങ്ങളവന്‍ വായിച്ചെടുത്തു.എന്തെല്ലാമോ മനസ്സിലായമട്ടില്‍ സുധി തല മെല്ലെ ചലിപ്പിച്ചിട്ട് നടത്തം തുടര്‍ന്നു.കുറച്ചുദൂരം നടന്നശേഷം അവര്‍ ഒരു ഓട്മേഞ്ഞ വീടിനുമുമ്പില്‍ നിന്നു.പുലരിയുടെ കിരണങ്ങള്‍ വന്നുതുടങ്ങുന്നതേയുള്ളു.

"മനോരേട്ടാ...മനോരേട്ടാ...ഞാനാ..ഷിബു.ഒന്നെണീറ്റേ" മുന്‍ വശത്തെ വാതിലില്‍ തട്ടിയിട്ട് ഷിബു അല്‍പ്പം ഉറക്കെവിളിച്ചുപറഞ്ഞു.

വാതില്‍ തുറന്ന്‍ പുറത്തിറങ്ങിയ മധ്യവയസ്ക്കന്‍ എല്ലാവരേയുമൊന്ന്‍ മാറിമാറി നോക്കിയിട്ട് ഷിബുവിനെ വിളിച്ചു മാറ്റി നിര്‍ത്തി എന്തോ ചോദിച്ചു.തലകുലുക്കി എന്തെല്ലാമോ സംസാരിച്ചശേഷം അയാള്‍ അകത്തേയ്ക്കുപോയി.അല്‍പ്പസമയത്തിനുള്ളില്‍ അകത്തുനിന്നും രണ്ടുകസേരകളുമായി പുറത്തിറങ്ങിവന്നിട്ടയാള്‍ ബാലമ്മാമയോടും സുധിയോടുമിരിക്കാനായിപ്പറഞ്ഞു.അല്‍പ്പം മാറിനിന്നു കുമാറും ഷിബുവും കൂടി ബീഡിയോ മറ്റോ വലിയ്ക്കാന്‍ തുടങ്ങി.

"ഇനിയെന്താ പരിപാടി".മനോഹരന്‍ ആകാംഷയോടെ ബാലമ്മാമയുടെ മുഖത്തേയ്ക്കു നോക്കി.ബാലമ്മാമ സുധിയേയും.അവനാകട്ടെ അകലേയ്ക്ക് തന്റെ ദൃഷ്ടി നീട്ടി.

"പുള്ളാര് എന്തായാലും കുരുത്തക്കേടൊപ്പിച്ചു.പിന്നെ ചത്തുകളയും എന്നൊക്കെപ്പറഞ്ഞ് വന്നതുകൊണ്ടാ ഇവിടെപ്പിടിച്ചു നിര്‍ത്തീത്.എന്തു ചെയ്യാന്‍.ഞാനെന്തായാലും സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കീട്ട് നിങ്ങളെയറിയിച്ചു.ഇനി നിങ്ങള് തീരുമാനിക്കീം"

ബീഡിപ്പുക ആഞ്ഞുവലിച്ചുകയറ്റിക്കൊണ്ട് മനോഹരന്‍ വീണ്ടുമവരെ നോക്കി.

"എന്തായാലും തീരുമാനിക്കാം.ആദ്യം അവളെയൊന്നുവിളിക്ക്"

ബാലമ്മാമ അയാളോട് പറഞ്ഞു.മനോഹരന്‍ ഷിബുവിനേയും കുമാറിനേയും ഒന്നു നോക്കിയിട്ട് വീട്ടിനകത്തേയ്ക്ക് കയറി.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പുറത്തേയ്ക്കിറങ്ങിവന്ന ശ്രുതിയേയും വിനയനേയും കണ്ടപ്പോള്‍ സുധി മുഞ്ഞോട്ടൊന്നാഞ്ഞു. അവളാകട്ടെ അവരിരിക്കുന്ന ഭാഗത്തേയ്ക്കൊന്നു നോക്കുകകൂടിച്ചെയ്യാതെ അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടിയിട്ട് കിണറ്റിങ്കരയിലേയ്ക്കു നടന്നു.കൂടെ വിനയനും.ബാലമ്മാമ സുധിയുടെ കയ്യില്‍ മുറുകെ പ്പിടിച്ചു.കിണറ്റിന്‍ കരയില്‍ നിന്നും തന്നെ ഒളികണ്ണിട്ട് നോക്കുന്ന പഴയ ആത്മാര്‍ഥസ്നേഹിതനെ കനലെരിയുന്ന കണ്ണുകളോടെ സുധി നോക്കിനിന്നു.അവരുടെ അടുത്തേയ്ക്ക് ചെന്ന മനോഹരന്‍ എന്തെല്ലാമോ സംസാരിച്ച ശേഷം തിരിച്ചുവന്ന്‍ ഒരു ബീഡികൂടി കത്തിച്ചു.

"അവളെമാത്രം കൊണ്ട് പോകാനായിട്ടാണു വന്നതെങ്കില്‍ അതു നടപ്പില്ലെന്നാണ് പെണ്ണ് പറയുന്നത്.അവളവന്റെ കൂടെ ജീവിച്ചുകൊള്ളാമെന്നു"

ദേക്ഷ്യത്തോടെ ബാലമ്മാമ ഉച്ചത്തില്‍ എന്തെല്ലാമോ വിളിച്ചുപറയാനാരംഭിച്ചു.ഈ സമയം കിണറ്റിന്‍ കരയില്‍ നിന്നും ശ്രുതി അവിടേയ്ക്ക് വന്നു.കൂടെ വിനയനും

"എന്റെ കാര്യം നോക്കാനെനിക്കറിയാം.ഞാനാരുടെകൂടെ ജീവിക്കണമെന്ന്‍ ഞാനാ തീരുമാനിക്കുന്നത്.ഞങ്ങളെങ്ങിനെയെങ്കിലും ജീവിച്ചുകൊള്ളാം.ശല്യപ്പെടുത്താതിരുന്നാല്‍ മതി"

തന്റെ അനന്തിരവള്‍ ദേക്ഷ്യത്തോട്കൂടി തന്നോട് പറഞ്ഞത് കേട്ട് അയാള്‍ പെട്ടന്ന്‍ തന്റെ തലകുനിച്ചു.പത്തിരുപത്തിമൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മുഖത്തുനോക്കി ഇതേപോലെ പറഞ്ഞ തന്റെ സഹോദരിയുടെ രൂപം ആ മനസ്സില്‍ ഓടിയെത്തി.അന്നമ്മ പറഞ്ഞു.ഇന്നു.മകളും..വേദനയോടെ അയാള്‍ എഴുന്നേറ്റു.ഈ സമയം മുഞ്ഞോട്ടാഞ്ഞ സുധി അവളുടെ കരണത്ത് ആഞ്ഞൊന്നടിച്ചു.

"നിന്നോട് ദേക്ഷ്യവും വെറുപ്പുമൊക്കെയുണ്ടായിരുന്നെങ്കിലും കൂട്ടിക്കൊണ്ട് തിരിച്ചുപോകണമെന്നു തന്നെ കരുതിയതാണു.എന്റെ ആത്മാര്‍ത്ഥസ്നേഹിതനായി നടിച്ചിട്ട് ഈ ചതിചെയ്ത ഇവനോടും ഞാന്‍ പൊറുക്കാന്‍ തയ്യാറായിരുന്നു.പക്ഷേ..ഇനിവേണ്ട..പണ്ടു ചെയ്തുപോയ മണ്ടത്തരം മൂലം എല്ലാം നഷ്ടപ്പെട്ട് നീറിനീറി മരിച്ച എന്റമ്മ ചിലപ്പോല്‍ സഹിക്കില്ലിത്.ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ എന്നോടു പൊറുക്കുകയുമില്ലവര്‍"

കവിള്‍ത്തടം പൊത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്ന പെങ്ങളേയും മറ്റുള്ളവരെയെല്ലാമൊരിക്കല്‍കൂടി നോക്കിയിട്ട് സുധി ബാലമ്മാമയുടെ കൈപിടിച്ചുകൊണ്ട് ഇടവഴിയിലൂടെ തിരിഞ്ഞുനടക്കാനാരംഭിച്ചു.പ്രാണനായിരുന്നൊന്നിനെ ഉപേക്ഷിച്ചു എന്നു നടിച്ചുകൊണ്ട്......


ശ്രീക്കുട്ടന്‍

14 comments:

  1. പൈങ്കിളി..പൂങ്കിളി എന്നൊന്നും പറഞ്ഞെന്നെയാരും ക്രൂശിക്കരുതേ..ഞാന്‍ അറിഞ്ഞ, സാക്ഷിയായ ഒരു യഥാര്‍ഥസംഭവത്തിന്റെ അവതരണം.അത്രമാത്രം.എന്റെ കഴിവുകേടുകൊണ്ട് ചിലപ്പോള്‍ പൈങ്കിളിവത്ക്കരിക്കപ്പെട്ടുപോയിട്ടുണ്ടാവാം...സോറി....എന്നെക്കൊണ്ടൊക്കുന്നതല്ലേ എനിക്ക് ചെയ്യാനാവൂ...

    ReplyDelete
  2. വായനക്കാരനെ സസ്പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്താനായി കഥാകാരന്. ഓരോ വരിയിലും എന്താണ് പ്രശനം എന്നറിയാനുള്ള ഒരു ആവേശം ഉണ്ടായിരുന്നു. ഒരുപാട് പ്രതീക്ഷിച്ചതുകൊണ്ടാണോ എന്നറിയില്ല ക്ലൈമാക്സ് പ്രതീക്ഷക്കൊത്ത് വനില്ല. ഒരു ചെറിയ പ്രശ്നമായേ തോന്നിയുള്ളൂ...

    നന്നായി... ആശംസകള്‍

    ReplyDelete
  3. ഉം കഥ നന്നായിട്ടുണ്ട്. വളരെ പ്രതീക്ഷയൊടെ വളര്‍ത്തിക്കൊണ്ട് വരുന്നവര്‍ ഇങ്ങനെ ഓരോന്നിലേക്ക് എടുത്ത് ചാടുന്നത് സര്‍വ്വസാധാരണമാണിപ്പോള്‍. സ്വന്തം കാര്യം മാത്രാണു എല്ലാരും ചിന്തിക്കുന്നത്.
    വളരെ നന്നായി പറഞ്ഞു കേട്ടോ.ആശംസകള്‍.

    ReplyDelete
  4. മുഴുനീളെ സസ്പന്‍സ് .. ചുറ്റുപാടുകളില്‍ സംഭവിക്കുന്ന ഒരു സത്യം.. ആരെ ന്യായീകരിക്കും.. ആശംസകള്‍..

    ReplyDelete
  5. ഇവിടെ ആരോടൊപ്പം നില്‍ക്കും നില്‍ക്കില്ല എന്ന കണ്ഫ്യൂഷന്‍ ആയിപ്പോയി. പഴയതില്‍ നിന്നൊക്കെ എഴുത്ത്‌ നന്നായി‌ മുന്നേറിയിട്ടുണ്ട് ശ്രീക്കുട്ടാ.
    കഥ കൊള്ളാം.

    ReplyDelete
  6. വളരെ നന്നായിരിയ്ക്കുന്നൂ ട്ടൊ...ഇഷ്ടായി.

    ReplyDelete
  7. സത്യായിട്ടും ഇത് പുളൂസ് അല്ല ശ്രീക്കുട്ടാ ..ആദ്യമൊക്കെ ചില എം ടി കഥാപാത്രങ്ങള്‍ ഗ്രാമത്തിലേക്ക് ഇറങ്ങി വന്നത് പോലെ ....കൊള്ളാം

    ReplyDelete
  8. ശ്വാസമടക്കിപ്പിച്ചാണ് വായിച്ചത്,ആദ്യന്തം.അനുഭവങ്ങള്‍ തന്നെയല്ലേ കഥയും കവിതയുമൊക്കെയാവുക.നന്നായി..ഇഷ്ടമായി.ഇനിയും പ്രതീക്ഷിക്കുന്നു നല്ല നല്ല രചനകള്‍.നന്ദി

    ReplyDelete
  9. നല്ല അനുഭവങ്ങള്‍ നല്ല കഥകളായി ഇനിയും വരട്ടെ.....
    ആശംസകള്‍.......

    ReplyDelete
  10. നല്ല കഥ ...
    മുഴുനീളെ സസ്പന്‍സ് ..
    നന്നായിട്ടുണ്ട് ..

    ReplyDelete
  11. ശ്രീക്കുട്ടാ നന്നായിടുണ്ട്........സസ്നേഹം

    ReplyDelete
  12. എന്റെ കഥ വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  13. സസ്പെൻസൊന്നും തോന്നിയില്ല, പക്ഷെ കഥയുടെ അവതരണം കൊണ്ട് കഥ ഇഷ്ടപ്പെട്ടു. ആശംസകൾ

    ReplyDelete
  14. kazhivund .......... ath kalayaruth.....

    ReplyDelete