Monday, June 13, 2011

കാമമോഹിതം

"അളിയാ ദേ നല്ല കലക്കന്‍ സാധനമൊന്നു കിട്ടിയിട്ടുണ്ട്.പുതിയത്. നമ്മുടെ കിച്ചു തന്നതാ. ഫുള്ള്‍ മലയാളമാ. കലക്കനെന്നാ അവന്‍ പറഞ്ഞത്".ഇടുപ്പില്‍ തിരുകിയിരുന്ന സിഡി പുറത്തെടുത്തുകൊണ്ട് ശ്യാം പറഞ്ഞു.

"പെട്ടന്നിടളിയാ. നല്ല ഒരെണ്ണം കണ്ടിട്ട് എത്ര ദിവസമായി".

കയ്യിലിരുന്ന ഗ്ലാസ്സിലെ സാധനം കാലിയാക്കി ചിറിതുടച്ചുകൊണ്ട് ഹരി സിഡി കാണുവാന്‍ റെഡിയായി.

"രവിയെവിടെ"

"ആ പിശാചു ബാത്രൂമിലാണു.അല്ലേലും ഒരു തൊണ്ണൂറടിച്ചാപ്പിന്നെ അവനെപ്പോഴും അവിടെത്തന്നെ".

"നീയിട്ടേ. അവന്‍ വരുമ്പോ വരട്ടെ" അക്ഷമയോടെ പറഞ്ഞുകൊണ്ട് സുമേഷ് നിറഞ്ഞിരുന്ന ഗ്ലാസ്സെടുത്തു.

ശ്യാം, രവി, സുമേഷ്, ഹരി. ഇവര്‍ നാലുപേരുമാണു ആ റൂമില്‍ താമസിക്കുന്നതു. വ്യാഴാഴ്ചകളില്‍ രാത്രിയില്‍ ഒരു ബോട്ടിലൊക്കെ വാങ്ങി കുറച്ചു ചീട്ടുകളിയും ചെലപ്പോള്‍ പാട്ടും ഡാന്‍സുമൊക്കെയായി അല്‍പ്പമൊന്നര്‍മ്മാദിച്ചു വെളുക്കുന്നതുവരെ പ്രവാസജീവിതത്തിന്റെ സങ്കടങ്ങള്‍ എല്ലാം മറന്നു കഴിയുക.പിന്നെ ഉച്ചവരെ ചത്ത ഉറക്കം. ആകെയുള്ള അവധിദിവസം ആഘോഷിച്ചശേഷം വീണ്ടും അടുത്ത അവധിക്കായി കാത്തിരിക്കുക. ഇതവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.നാലും അവിവാഹിതരാണു. വല്ലപ്പോഴും കിട്ടുന്ന ചൂടന്‍ സീഡിയിലെ തീപിടിപ്പിക്കുന്ന രംഗങ്ങള്‍ കണ്ട് നെടുവീര്‍പ്പിട്ട് ജീവിതമങ്ങനെ കഴിച്ചുകൂട്ടുന്നു.

"ഇതു ഒരു ക്ലിയറുമില്ലല്ലോടെ.തല്ലിപ്പൊളി സിഡി ആണെന്നു തോന്നുന്നു."

റ്റീ വിയില്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്ന ഹരി ദേക്ഷ്യപ്പെട്ടു.

"മിണ്ടാതിരിയെടാ". കയ്യിലിരുന്ന ഗ്ലാസ്സില്‍ തെരുപ്പിടിച്ചുകൊണ്ട് ശ്യാം വോളിയം അല്‍പ്പം കൂട്ടി. നല്ല ഏതോ മലയാളം സിനിമാപാട്ടാണ്.

തന്റെ ഗ്ലാസ്സ് കാലിയാക്കിക്കൊണ്ട് സുമേഷ് റ്റീ വിയിലേയ്ക്കു നോക്കി. കണ്ണുകള്‍ ചെറുതായി അടയുന്നുവോ.

"അളിയാ ഞാനൊന്നു കിടക്കട്ടെടാ. പിന്നീട് കാണാം.അല്ലെങ്കില്‍ നല്ല ഏതെങ്കിലും വരുവാണെങ്കില്‍ എന്നെ വിളിക്കണം കേട്ടോ". പറഞ്ഞുകൊണ്ടവന്‍ കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്നു. അല്‍പ്പസമയത്തിനുള്ളില്‍ ഉറക്കത്തിന്റെ അലകള്‍ അവനെ പൊതിഞ്ഞു.

കുന്നിന്‍പുറത്തെ തന്റെ വീടും വയലുകളും അമ്പലവും കൂട്ടുകാരുമെല്ലാം അവന്റെയുള്ളില്‍ അലയടിച്ചെത്തിക്കൊണ്ടിരുന്നു.അറിയാതെയൊരു പുഞ്ചിരിയവന്റെയധരങ്ങളില്‍ വിരിഞ്ഞു.

"അളിയാ എഴുന്നേറ്റേടാ. ദേ ഒരു വെടിക്കെട്ടു സാധനം".ഹരി തന്റെ ഗ്ലാസ്സെഡുത്തുകൊണ്ട് അവനെ കുലുക്കി വിളിച്ചുണര്‍ത്തി.

എഴുന്നേറ്റ് ചുമരിലേയ്ക്ക് ചാരിയിരുന്നുകൊണ്ട് കണ്ണുതിരുമ്മി സുമേഷ് റ്റീ വിയിലെയ്ക്കു നോക്കി. ഒന്നും വ്യക്തമാകുന്നില്ല. കണ്ണുകള്‍ നേരെയായിട്ടില്ല. അവന്‍ കുനിഞ്ഞ് താഴെയുണ്ടായിരുന്ന ഗ്ലാസ്സെടുത്ത് ഒരെണ്ണമൊഴിച്ചു ഒരു കവിള്‍ കുടിച്ചുകൊണ്ട് വീണ്ടും റ്റീ വി കാണാനാരംഭിച്ചു. നല്ല ഒരു സുന്ദരിപ്പെണ്ണാണു സ്ക്രീനില്‍. കൂടെയുള്ളവന്റെ കയ്യ് മാത്രം കാണാം. കാറിനുള്ളിലോ മറ്റോ വച്ചുള്ള പരിപാടിയാണു. തന്റെ ഗ്ലാസ്സ് കാലിയാക്കിയിട്ട് ഒരു സിഗററ്റെടുക്കുന്നതിനായി കുനിഞ്ഞ സുമേഷ് ഒന്നു ഞെട്ടി. പെട്ടന്നവന്‍ നിവര്‍ന്ന്‍ റ്റീ വിയിലേയ്ക്കു നോക്കി. ആ രൂപം..ചിരിച്ചു കുഴഞ്ഞുകൊണ്ട് തന്റെ യൂണിഫോം അഴിച്ചുമാറ്റുന്ന ആ പെണ്‍കുട്ടിയുടെ മുഖം ക്ലോസപ്പില്‍ കാണിച്ചപ്പോള്‍ തന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നതായി സുമേഷിനു തോന്നി. അത്...അത്..സുജയല്ലേ. വിശ്വസിക്കാനാവാത്തതുപോലെ അവന്‍ തന്റെ രണ്ടു കണ്ണുകളും ശക്തിയില്‍ തിരുമ്മിക്കൊണ്ട് വീണ്ടും സൂക്ഷിച്ചുനോക്കി. അതേ.. അവള്‍ തന്നെ അപ്പോള്‍..
തളര്‍ന്നുപോയ ശരീരത്തിനൊരു താങ്ങിനെന്നപോലെ അവന്‍ കട്ടിലിന്റെ കാലില്‍ മുറുക്കെപിടിച്ചു.

"എന്റമ്മോ എന്തൊരു സാധനം. പെമ്പിള്ളേരായാ ഇങ്ങിനെ വേണം. എന്താ ശുഷ്ക്കാന്തി".സിഗററ്റ് പുക ഊതിവിട്ടുകൊണ്ട് ഹരി പറഞ്ഞു.

"എവളുമാരെല്ലാം പഠിക്കാനെന്നും പറഞ്ഞ് വീട്ടീന്നെറങ്ങിയിട്ട് കഴപ്പു മൂത്തു കണ്ടവമ്മാരുമായി പോയി പരിപാടി നടത്തും.മോള് പഠിക്കാനെന്നും പറഞ്ഞ് വീട്ടീന്നെറങ്ങിയിട്ട് ഈ രീതിയിലാണ് കാട്ടുന്നതെന്ന്‍ വീട്ടിലിരിക്കുന്ന പാവം തന്തയും തള്ളയുമറിയുന്നുണ്ടോ.അല്ലെങ്കിലും അറിഞ്ഞിട്ടും ഒരു കാര്യവുമില്ല. എപ്പോഴെങ്കിലും ആരെങ്കിലും പിടിച്ചാല്‍ പിന്നെ വാണിഭം മാനഭംഗം തേങ്ങാക്കൊല. ത്ഫൂ...". എപ്പോഴോ ബാത്റൂമില്‍ നിന്നും മടങ്ങിവന്ന രവി അവജ്ഞ്ഞയോടെ പറഞ്ഞുകൊണ്ട് ഒരു സിഗററ്റ് കത്തിച്ചു പുകപറത്തിവിട്ടുകൊണ്ട് കട്ടിലിനടിയില്‍ നിന്നും മദ്യക്കുപ്പിയെടുത്ത് ഒരു ഗ്ലാസ്സിലേയ്ക്ക് കുറച്ചൊഴിച്ചു.

"ഹൊ മൊബൈലിലെടുത്തതുകൊണ്ടായിരിക്കും.അതാ അത്ര ക്ലിയറില്ലാത്തത്.എന്തായാലും പൊളപ്പന്‍ ഉരുപ്പടി തന്നെ.ശരിക്കുമൊരു കഴപ്പു മൂത്തവള്‍. എന്താ പ്രകടനം.നല്ലൊരു ഭാവിയൊണ്ട് പെങ്കൊച്ചിന്.നമ്മളുമൊക്കെ സ്കൂളിലും കോളേജിലും നെരങ്ങീട്ടൊണ്ട്.പറഞ്ഞിട്ടെന്താ ഫലം. അവന്റെയൊക്കെ സമയം".

തന്റെ കൂട്ടുകാരുടെ കമന്റുകള്‍ കേള്‍‍ക്കുവാന്‍ ശക്തിയില്ലാതെ സുമേഷ് എഴുന്നേറ്റു ഇടറുന്ന കാലുകളോടെ ബാത്റൂമിലേയ്ക്കു മെല്ലെ നടന്നു.

"ഇതൊന്നു മുഴുവന്‍ കണ്ടുതീര്‍ന്നിട്ടു പോയാപ്പോരെ മോനെ..".

അവരുടെ വാക്കുകള്‍ ഒന്നും അവന്‍ കേള്‍‍ക്കുന്നുണ്ടായിരുന്നില്ല. ബാത്റൂമിനുള്ളിലെ ചുമരില്‍ ചാരിനിന്നവന്‍ വിങ്ങിപ്പൊട്ടി.കഴിച്ച മദ്യമെല്ലാം ആവിയായിപ്പോയതുപോലെ. തന്റെ കയ്യും പിടിച്ച് തൊടിയിലെല്ലാം ഓടിച്ചാടി നടന്നിരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ സുന്ദരമായ മുഖം അവന്റെയുള്ളിലിരുന്നു പൊള്ളുകയായിരുന്നപ്പോള്‍. വൈകുന്നേരം സ്കൂളുവിട്ടുവരുന്ന മകളെയും കാത്ത് ഇടവഴിയിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന ഒരമ്മയുടെ രൂപവും അവന്റെയുള്ളില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. മുറിക്കുള്ളില്‍ നിന്നും കൂട്ടുകാരുടെ അശ്ലീല കമന്റുകള്‍ കേള്‍ക്കാനുള്ള ത്രാണിയില്ലാതെ അവന്‍ പൈപ്പ് മുഴുവനും തുറന്നു.പൈപ്പില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകുമ്പോള്‍ അവന്റെ കണ്ണുനീരും കൂടി അതില്‍ കലര്‍ന്നിരുന്നു.

ശ്രീക്കുട്ടന്‍

23 comments:

  1. അറിഞ്ഞുകൊണ്ട് കാട്ടിക്കൂട്ടുന്ന കൂത്തുകള്‍ തകര്‍ത്തുകളയുന്നതെത്രപേരെയാണ്.എവിടെയാണു പിഴയ്ക്കുന്നത്.ആരെയാണു കുറ്റം പറയേണ്ടത്....

    ReplyDelete
  2. എന്തിനാ ഇത്ര ധൃതി.. വിഷയം ആനുകാലികം. പലപ്പോഴും കേട്ട് അറിഞ്ഞ പൊള്ളുന്ന സത്യം. കുറച്ചു കൂടി സമയം എടുത്തു ഒന്ന് കൂടി തീവ്രത നല്‍കാമായിരുന്നു എന്ന് തോന്നുന്നു. ആശംസകള്‍ ശ്രീകുട്ട..

    ReplyDelete
  3. അതേ... സത്യം തന്നെ.. നമ്മൾ കാണുന്ന ചിത്രങ്ങളിലുള്ള സ്ത്രീ മുഖങ്ങൾക്ക് ഇതുപോലെ ബന്ധങ്ങൾ ഉണ്ട്... മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു. കുറച്ചുപേരെങ്കിലും ഇതൊന്നു വായിച്ചിരുന്നെങ്കിൽ..

    ReplyDelete
  4. "എവളുമാരെല്ലാം പഠിക്കാനെന്നും പറഞ്ഞ് വീട്ടീന്നെറങ്ങിയിട്ട് കഴപ്പു മൂത്തു കണ്ടവമ്മാരുമായി പോയി പരിപാടി നടത്തും. എപ്പോഴെങ്കിലും ആരെങ്കിലും പിടിച്ചാല്‍ പിന്നെ വാണിഭം മാനഭംഗം തേങ്ങാക്കൊല. ത്ഫൂ...".

    ആ പറഞ്ഞത് കരക്റ്റ്...

    സ്വന്തം ഭാര്യയോടൊത്ത് രമിക്കുന്നതും ക്യാമറയിലൂടെ കാണണം എന്ന് ആഗ്രഹിക്കുന്ന വൃത്തികെട്ട പ്രവണതയാണ് ഇത്തരം ക്ലിപ്പുകള്‍ക്ക് വളമാകുന്നത്. recovery software മൊബൈല്‍ കടക്കാരന്റെ കയ്യില്‍ ഉണ്ടെന്നറിഞ്ഞിട്ടും ഇത്തരം വീഡിയോ എടുക്കുന്നവരേയും, അതിന് നിന്നുകൊടുക്കന്നവരേയും മുക്കാലില്‍ കെട്ടിയിട്ട് അടിക്കണം.

    ചിന്തിക്കേണ്ട വിഷയം... ആശംസകള്‍

    ReplyDelete
  5. എന്താ പറയുക? എന്താ എഴുതുക ? കാഴ്ച്ചകൾക്ക് മേലെ കഴുകൻ പറക്കുന്നു.

    ReplyDelete
  6. നല്ല കഥ.നൊന്തു.

    ReplyDelete
  7. ഹും... അവസാനം എന്തോ..... ഉണ്ടായിരുന്ന ആ തീവ്രത അവസാന വരികളില്‍ ഇല്ലാണ്ടേ പോയി.

    പിന്നെ അങ്ങോട്ട്‌ വാ... ഒരു കോസ്റ്റ്യൂം ഡിസൈനിംഗ്! ഉണ്ട്.

    ReplyDelete
  8. ശരിയാണു അറിഞ്ഞു കൊണ്ട് കാട്ടിക്കൂട്ടുന്നത്.

    ReplyDelete
  9. വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ശീക്കുട്ടന്‍, 'വായിച്ചു'വെന്നു മാത്രം പറയുന്നു.

    ReplyDelete
  12. ഉം..നമുക്ക് ചുറ്റും നടമാടുന്ന സത്യങ്ങള്‍..

    ReplyDelete
  13. വായിച്ചു എന്ന് ഇവിടെ രേഖപെടുത്ഹുന്നു

    ReplyDelete
  14. ആരാന്റമ്മക്ക് പിരാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാ... സ്വന്തം അമ്മക്കാകുമ്പോള്‍ ആണ് പ്രശ്നം.. അതാണിന്നത്തെ സമൂഹത്തിന്റെയും പ്രശ്നം.
    നന്നായി.

    ReplyDelete
  15. നന്നായിട്ടോ..ആ ക്ലൈമാക്സ്‌ വല്ലാതെ വേദനിപ്പിച്ചു..ആശംസകള്‍.

    ReplyDelete
  16. ഹും
    സ്വന്തം പെങ്ങളാണെന്നറിഞ്ഞപ്പോള്‍ അവനു സങ്കടം
    അത് വരെ അവനും ആസ്വദിചില്ലേ?

    ReplyDelete
  17. ആര്‍ക്കും സംഭവിക്കാം എന്നത് പലപ്പോഴും മറക്കുമീ ജീവിതത്തില്‍ നമ്മള്‍.

    ReplyDelete
  18. Shahul Malayil enna FB friend ee ezhuthinu samaanamaaya oru kadhayezhuthiyirunnu. 2 um vazhi thettippokunna nammude penganmaarekurich. nannaayittund..vaayichu kondirunnappol manassil "sumeshinte" dayaneeyaavastha thelinju vannu...

    ReplyDelete
  19. ഇപ്പോള്‍‌ നാം കേട്ടു കൊണ്ടിരിക്കുന്ന വാര്‍ത്തകളിലെ ഒരു അദ്ധ്യായമയെ എനിക്ക് ഈ കഥ വായിച്ചപ്പോള്‍ തോന്നിയുള്ളൂ .കഥയുടെ അവസാനം എന്താകും എന്ന് തുടക്കത്തിലേ മനസ്സില്‍ തോന്നിയത് പോലെ തന്നെ കഥ അവസാനിച്ചു .സി ഡി കാണുവാനായി തിടുക്കം കൂട്ടുമ്പോള്‍ തന്നെ കാര്യം എനിക്ക് മനസ്സിലായി .പ്രവാസികളുടെ ഇടയില്‍ ഉണ്ടാകുന്ന പതിവു കാഴ്ചകള്‍ ഈ കഥയില്‍ വായിക്കുവാനായി .നല്ല സന്ദേശം നല്‍കുന്നുണ്ട് ഈ കഥ, താങ്കളുടെ ശ്രമത്തിന് അഭിനന്ദനങ്ങള്‍

    ReplyDelete
  20. എത്ര കിട്ട്യാലും പഠിക്കില്ലാന്നു വെച്ചാല്‍!...rr

    ReplyDelete