Tuesday, February 7, 2012

ഒരു പ്രവാസിയുടെ കഥ - 10% പുളുസ്

ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായിപ്പറഞ്ഞാല്‍ 2005 ഡിസംബര്‍ മാസം 31 ആം തീയതി ഉച്ചയ്ക്ക് ഒരുമണിയോടടുപ്പിച്ച് ദുബൈ എന്ന ഈ സ്വപ്ന ഭൂവില്‍ കാലുകുത്തിയപ്പോള്‍ ആദ്യം മനസ്സില്‍ വെറും നിസ്സംഗതയായിരുന്നു...പ്രീയപ്പെട്ടവരെയും പ്രീയപ്പെട്ടവയേയുമെല്ലാം അങ്ങകലെയുപേക്ഷിച്ച് അതിജീവനത്തിനായി പടവെട്ടുവാന്‍ ആയിരക്കണക്കിനു മൈലുകള്‍ക്കകലെ ഒറ്റയ്ക്ക്...മനസ്സെങ്ങിനെ ശാന്തമാകും.കൂടെയുള്ള പത്തുപതിനെട്ട് കൂട്ടരുമായി വണ്ടി മെല്ലെ ചലിച്ചുതുടങ്ങിയപ്പോള്‍ മനസ്സിലെ നീറ്റലൊതുക്കി ഞാന്‍ ഒള്ളയിടത്ത് ഞെരുങ്ങിച്ചാരിയിരുന്നു.ആകാശം മുട്ടിനില്‍ക്കുന്ന കെട്ടിടങ്ങളേയും പിന്തള്ളി ഞാനുള്‍പ്പെടെയുള്ളവര്‍ കയറിയ വാഹനം പാഞ്ഞുകൊണ്ടിരുന്നു.അതിവിശാലമായ റോഡിലൂടെ ഒഴുകുന്ന പതിനായിരക്കണക്കിനു വാഹനങ്ങള്‍ക്കിടയിലൂടെ..പുറത്തെക്കാഴ്ചകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ താല്‍ക്കാലികമായി മനസ്സിലെ ഭാരം കുറഞ്ഞപോലെ.എവിടെയായിരിക്കും താമസം..എങ്ങിനെയായിരിക്കും പണിയുടെ സ്വഭാവം.. ഒന്നുമൊന്നുമറിയില്ല..എന്തായാലും വേഷം കെട്ടാന്‍ തീരുമാനിച്ചു..വരുന്നതുപോലെ വരട്ടെ..

രാത്രിയില്‍ അക്കോമഡേഷനില്‍ എന്റെ ബെഡ്ഡില്‍ കിടക്കവേ എന്തുകൊണ്ടോ ഉറക്കം എന്നെ അനുഗ്രഹിച്ചു.ഭാഗ്യം എല്ലാം മറന്നുറങ്ങി..ആറേഴുദിവസം കഴിഞ്ഞാണ് ജോലിയ്ക്ക് കയറിയത്.ഈ ദിവസങ്ങളിലെല്ലാം എന്തുകൊണ്ടോ പ്രത്യേകിച്ച് മനസ്സിനൊരസ്വസ്ഥതയുമുണ്ടായിരുന്നില്ല.എന്നെപ്പോലെതന്നെ പ്രതീക്ഷകളുടെ കൂമ്പാരവും പേറിവന്നിരിക്കുന്ന പത്തുപതിനെട്ട് പേര്‍..അവരോടൊത്തുള്ള വര്‍ത്തമാനവും മറ്റുമൊക്കെയായി ദിനങ്ങള്‍ നിയന്ത്രണമില്ലാതെ കടന്നുപൊയ്ക്കൊണ്ടിരുന്നു.ആദ്യമായി ജോലി കഴിഞ്ഞ് മടങ്ങിവന്ന ദിവസം എങ്ങിനെ മറക്കാനാണ്.അന്നു രാത്രി ഒരുപോളക്കണ്ണടച്ചിട്ടില്ല.ശബ്ദം പുറത്തുവരാതെ മറ്റാരും കേള്‍ക്കാതെ കണ്ണുനീരൊട്ടുമൊഴുകാതെ ആര്‍ത്തലച്ചു കരഞ്ഞു.ഞാന്‍ മാത്രമായിരുന്നില്ല..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ അമ്മയും അനുജത്തിയും അവളുടെ കുട്ടികളും പാടവും മാറൂടമ്പലവും ബാബുവണ്ണന്റെ ചായക്കടയും എന്തിനു ഏലാപ്പുറത്തെ ഓരോ മുഖവും മാറിമാറി മനസ്സില്‍ തെളിഞ്ഞുകൊണ്ടിരുന്നു.

ദിവസങ്ങള്‍ കടന്നുപോകവേ എങ്ങിനെയെങ്കിലും നാട്ടിലേയ്ക്ക് മടങ്ങിയാല്‍ മതിയെന്നായി. സഹമുറിയമ്മാരായ ഭദ്രേണ്ണനും ഓമനക്കുട്ടനും ദീപുവും ഹരീഷും ഇനുസത്യനും അജിയും എല്ലാം ആകെ തൂങ്ങിപ്പിടിച്ചുതന്നെയായിരുന്നു നടന്നിരുന്നത്. ഇതില്‍ ഭദ്രേണ്ണന്‍ മാത്രമേ മുമ്പ് ഗള്‍ഫ് ജീവിതം നയിച്ചിട്ടുള്ളൂ..അതുകൊണ്ടുതന്നെ ആശാനു വലിയ ചാഞ്ചാട്ടമില്ലായിരുന്നു.ഓരോ ദിവസവും കണ്ണുകളില്‍ ഉറക്കത്തിന്റെ പടപുറപ്പാടുണ്ടാകുന്നതിനുമുമ്പായി മനസ്സില്‍ ഒരു നിമിഷം വീട്ടിന്റെ അവസ്ഥ തെളിയിച്ചു നിര്‍ത്തും. അമ്മയുടെ മുഖം തെളിയുമ്പോല്‍ എല്ലാ വിഷമങ്ങളും ചുരുട്ടിക്കൂട്ടി കച്ചറയിലെറിഞ്ഞിട്ട് തലവഴി പുതപ്പുമൂടിയുറങ്ങും..എല്ലാം മറന്നു നല്ല ഒരുദിവസം വരുമെന്നുള്ള പ്രതീക്ഷയോടെ ശാന്തമായുള്ളയുറക്കം...


ജീവിതത്തില്‍ പലതും പ്രതീക്ഷിക്കാത്തതാണല്ലോ നടക്കുന്നത്..അതേ എന്റെ ജീവിതം മുഴുവന്‍ മാറിമറിയുകയായിരുന്നു.ഞാനൊരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള മാറ്റം.പതിയെപ്പതിയെ എന്റെ സ്വപ്നങ്ങളില്‍ നിന്നും സങ്കടങ്ങളുടെ പ്രതിരൂപങ്ങള്‍ മായ്ഞ്ഞുതുടങ്ങി.എനിക്ക് മുന്നില്‍ വാതില്‍ മലര്‍ക്കെതുറന്ന്‍ കടന്നുവന്ന പ്രതീക്ഷാ നിര്‍ഭരമായ ഒരു നല്ല നാളെയുടെ ഭാഗഭാക്കായിക്കൊണ്ട് ഞാന്‍ അവിരാമമൊഴുകുവാന്‍ തുടങ്ങി.പ്രാര്‍ഥനകള്‍ മാത്രമായിരുന്നു മനസ്സില്‍..പ്രതീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്ത ദുരിതപൂര്‍ണ്ണജീവിതത്തില്‍ നിന്നും മെച്ചപ്പെട്ട സൌകര്യങ്ങളിലേയ്ക്കുള്ള കൂടുമാറ്റം.പഠിച്ചിട്ടില്ലാത്ത പലപല പുതിയകാര്യങ്ങളും ആവേശത്തോടെ ഹൃദിസ്ഥമാക്കിക്കൊണ്ടിരുന്നു.ജീവിതത്തില്‍ വസന്തത്തിന്റെ പൂക്കളം തീര്‍ക്കുകയാണ്..

എന്നിരുന്നാലും അപൂര്‍വ്വം ചില രാത്രികളില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ മനസ്സില്‍ നഷ്ടപ്പെടലുകളുടെ ഓര്‍മ്മപുതുക്കലുകള്‍ നടന്നുകൊണ്ടിരുന്നു.കൂട്ടുകാരോടൊത്ത് വിശാലമായ പാടവര്‍മ്പത്ത് വച്ച് രഹസ്യമായടിയ്ക്കുന്ന നാടനും പണകളില്‍ നിന്നുള്ള കരിക്കുമോഷണവും പിന്നെ അമ്പലത്തില്‍ തൊഴാന്‍ വരുന്ന സുന്ദരിമണികളുടെ കടാക്ഷമേള്‍ക്കുവാനായുള്ള കാത്തുനില്‍പ്പും ഉത്സവങ്ങളും കല്യാണങ്ങളും കരയോഗ മീറ്റിംഗുകളും സിനിമ കാണലുകളും ഓണവും വിഷുവും എല്ലാം എന്നാണിനി വീണ്ടുമുണ്ടാവുക.ഉത്സവങ്ങള്‍ സത്യത്തില്‍ എനിക്ക് ഭ്രാന്തായിരുന്നു.ഓര്‍മ്മവച്ച കാലം മുതലേ മുടക്കാത്ത മാറൂട് ക്ഷേത്രത്തിലെ ഉത്സവക്കാഴ്ചകള്‍, സുബ്രമണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവവും കാവടിയും പിന്നെ മുള്ളിയങ്കാവ്,ഭജനമഠം,ശാര്‍ക്കര,മാടന്നട,തെക്കതില്‍ ഗണപതിക്ഷേത്രം,രാമരച്ചം വിള..അങ്ങിനെയെത്രയെത്ര അമ്പലങ്ങളിലെ ഉത്സവങ്ങള്‍... .....

ലീവിനു നാട്ടില്‍ പോകുമ്പോള്‍ എന്തായാലും ഏതെങ്കിലും ഒരമ്പലത്തിലെയെങ്കിലും ഉത്സവത്തിനു കൂടുന്ന തരത്തിലാവണമെന്ന്‍ മനസ്സില്‍ നിശ്ചയിച്ചുറപ്പിച്ചു.മൂന്നുകൊല്ലം കഴിഞ്ഞശേഷമായിരുന്നു നാട്ടിലേയ്ക്കുള്ള ആദ്യ മടക്കം.എന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഉത്സവസീസണിലായിരുന്നില്ല നാട്ടില്‍ പോകാനായത്.സത്യത്തില്‍ ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ ലീവിനായി ശ്രമിച്ചതാണ്.പക്ഷേ കമ്പനിയില്‍ നിന്നും ആ സമയത്ത് പോകാന്‍ പറ്റിയില്ല.പിന്നെ ഒക്ടോബര്‍‍ മാസത്തിലായിരുന്നു യാത്രയായത്. ആ സമയം ഏത് അമ്പലത്തിലാണുത്സവമുള്ളത്..പിന്നെ ശബരിമലയില്‍ ഒന്നു പോയി സകല പാപങ്ങളും തീര്‍ക്കണേയെന്നു ഹരിഹരസുതനോട് ആത്മാര്‍ത്ഥമായിത്തന്നെ പ്രാര്‍ത്ഥിച്ചു...

ഇതിനിടയില്‍ എന്റെ ജീവിതത്തിന്റെ ഷെയര്‍ ഹോള്‍ഡറായി ഒരു ലലനാമണി കടന്നുവന്നിരുന്നു..തോന്നക്കല്‍ പഞ്ചായത്തിലെ ഒരംഗം.എന്റെ പിതാശ്രീയുടെ സഹോദരിയുടെ മകളായിരുന്നു പ്രസ്തുത നാരി.അതായത് എന്റെ മുറപ്പെണ്ണ്‍ തന്നെ.വിവാഹമൊക്കെക്കഴിഞ്ഞ് ഒരുമാസം നാട്ടില്‍ നിന്നു. ദിവസങ്ങള്‍ കടന്നുപോകവേ എന്റെ ഉറക്കത്തില്‍ ദുബായ് തെളിഞ്ഞുതെളിഞ്ഞുവരുവാന്‍ തുടങ്ങി.അതെ എന്നെ മാടിവിളിക്കുകയാണ്..ഏലാപ്പുറത്തിനോടും സകലമാന ഉരുപ്പടികളോടും സലാം പറഞ്ഞ് എത്രയും പെട്ടന്ന്‍ അവിടേയ്ക്കെത്തുവാന്‍ എന്റെ മനം വെമ്പല്‍ കൊള്ളുവാന്‍ തുടങ്ങി..എന്തായാലും ഉത്സവങ്ങളൊന്നും കാണാന്‍ പറ്റിയില്ല എന്റെ സ്വന്തം കല്യാണമല്ലാതെ മറ്റൊരു കല്യാണത്തിനും ദൈവം സഹായിച്ച് പങ്കെടുക്കുവാനും കഴിഞ്ഞില്ല. കരയോഗത്തിന്റെ ഒരു മീറ്റിംഗില്‍ കൂടി..കെളവമ്മരുടെ ബഹളത്തിനു കാതോര്‍ക്കാതെ ഇടയ്ക്കിറങ്ങിപ്പോന്നു.മരണാനന്തര ചടങ്ങുകളും തഥൈവ..കരിക്കടപ്പും വയലിന്റെ മധ്യത്തിലിരുന്നുള്ള നാടനടിയുമൊന്നും നടന്നില്ല.പത്തും പതിനാലും വയസ്സായ പിള്ളാര്‍ വരെ അടിച്ചുകിറുങ്ങിയാടിയാടിവന്ന്‍ അണ്ണാ പാര്‍ട്ടി ഇതേവരെ നടത്തിയില്ല എന്നോര്‍മ്മിപ്പിക്കുമ്പോള്‍ എത്രയും പെട്ടന്ന്‍ വിമാനം കയറാന്‍ എന്റെ കൈകാലുകള്‍ കൊതിച്ചു.

ദുബായില്‍ തിരിച്ചു കാലുകുത്തിയപ്പോഴാണ് മനസ്സൊന്നു ശാന്തമായത്.ആരുടെ പ്രാര്‍ഥനയാലാണോ ആവോ കുറച്ചുകൂടി നല്ല ജോലിയും നല്ല ശമ്പളവും സ്വയം തേടിവന്നു..ഹെഡ്ഡോഫീസിലേയ്ക്ക് മാറ്റവും.ബൂലോകമെന്ന വിശാലലോകത്തേയ്ക്കുള്ള എന്‍ട്രി.ജി മെയില്‍..യാഹൂ. ബ്ലോഗുകള്‍..ഫേസ്ബുക്ക്..എനിക്കൊന്നുമറിയില്ല ദൈവമേ..ഞാന്‍ തികഞ്ഞൊരഹങ്കാരിയായിമാറുകയായിരുന്നു.ചുമ്മാതില്ലത്ത നുണകളും പുളുകളുമൊക്കെ ചവറുകണക്കെഴുതി ലോകവായനയ്ക്കായി സമര്‍പ്പിച്ചു. നല്ല കുറച്ച് കൂട്ടുകാരേം സമ്പാദിച്ചു.ജീവിതമങ്ങിനെയര്‍മ്മാദിച്ചടിച്ചുപൊളിച്ച് പോകവേ വീണ്ടും ഒരവധിക്കാലം കടന്നുവരുന്നു.ഇതിനിടയ്ക്ക് ഒരു തവണ നാട്ടില്‍ പോയി.ഒരോണക്കാലത്ത്..വിവാഹം കഴിഞ്ഞുള്ള ആദ്യയാത്ര..അതില്‍ നിന്നും ഒരു കാര്യം പഠിച്ചു. ഒരു കാരണവശാലും ആഘോഷനാളുകളില്‍ അവധിക്കായി നാട്ടില്‍ പോകരുത്.പോകുവാണെങ്കില്‍ നല്ല ദമ്പിടി കയ്യില്‍ കരുതണം..ഇല്ലേല്‍ വിവരമറിയും..പറഞ്ഞുവന്നതെന്താന്നു വച്ചാല്‍ അവധിക്കാലം..

ഈ അവധിയ്ക്ക് എന്തായാലും ഒരുത്സവം കണ്ട് നിര്‍വൃതിയടഞ്ഞിട്ടേ മറ്റെന്തുമുള്ളൂ..മാറുവീട് ശിവക്ഷേത്രത്തില്‍ ശിവരാത്രിക്കാണുത്സവം.ശ്രീമതിയുടെ നാട്ടിലെ ഇടയാവണത്ത് ക്ഷേത്രത്തിലും അതിനടുത്തായിട്ടാണുത്സവം. അപ്പോള്‍ രണ്ടിടത്തേയും ഉത്സവം കണ്ടു കൊതിതീര്‍ക്കാം.ലീവ് ആപ്ലിക്കേഷന്‍ കൊടുക്കുന്നതിനുമുമ്പേ ഭാര്യയെ വിളിച്ചു.


"പ്രീയേ..ഞാന്‍ ലീവിനു വരുന്ന കാര്യം പറഞ്ഞായിരുന്നല്ലോ.മുമ്പ് പറഞ്ഞിരുന്നതുപോലെ ഉത്സവം കണക്കാക്കിയാണു വരുന്നത്. ഇടയാണത്ത് എന്നാണ് ഉത്സവം"

"ചേട്ടാ മാര്‍ച്ചിലാണുത്സവം"

ഭാര്യ കാതരയായി മൊഴിഞ്ഞു.

"കൃത്യദിവസമെന്നാനെന്ന്‍ നീയൊന്ന്‍ അമ്മയോട് ചോദിച്ച് പറയണം"

എന്റെ പറച്ചില്‍ കേട്ട വാമഭാഗം തറപ്പിച്ചുപറഞ്ഞു ശിവരാത്രിക്ക് തന്നെയാണുത്സവം.പത്തിരുപത്തിരണ്ട് വര്‍ഷമായി മുടങ്ങാതെ ശിവരാത്രിയ്ക്ക് അവള്‍ കാണുന്നതല്ലേ.തെറ്റില്ല.മാര്‍ച്ച് ഏഴിനാത്രേ ശിവരാത്രി.

എനിക്കും സമാധാനമായി.മാര്‍ച്ച് അഞ്ചിന് പോകുന്ന തരത്തില്‍ ലീവിനപേക്ഷിക്കാം.അപ്പോഴാകുമ്പോള്‍ കയ്യിലും വല്ലതും കാണും.ഡിസംബറില്‍ തന്നെ ലീവിനപേക്ഷിച്ചു.ഓഫീസിലാളില്ല.മാര്‍ച്ചില്‍ പോകാന്‍ പറ്റില്ല എന്നൊക്കെപ്പറഞ്ഞ് എന്നെ നിരാശനാക്കാന്‍ ശ്രമിച്ച ബോസിന്റെ കയ്യും കാലുമൊക്കെപ്പിടിച്ച് ലീവ് ഒരു വിധത്തില്‍ തരപ്പെടുത്തിയെടുത്തു.ടിക്കറ്റെല്ലാം ബുക്ക് ചെയ്തു.ചെറിയ രീതിയില്‍ ഷോപ്പിംഗും തുടങ്ങി.

രണ്ടാഴ്ച മുന്നേ ഒരു പകല്‍...ഓഫീസിലെ തിരക്കില്‍ പൂണ്ടിരിക്കവേ മൊബൈല്‍ ചിലയ്ക്കുന്നു.ഭാര്യയാണ്.

എന്നെ ചീത്തവിളിക്കരുതേ എന്ന മുഖവുരകേട്ട് ഞാന്‍ സംശയാലുവായ്.എന്താണിവളിപ്പോഴൊപ്പിച്ചത്.

"ഇല്ല മോളേ ധൈര്യമായിപ്പറഞ്ഞോ എന്താ കാര്യം"

"ചേട്ടനു ലീവ് മാറ്റുവാന്‍ പറ്റുമോ"

"ങ്..ഹേ..എന്താ എന്തുപറ്റി..ഞാന്‍ ആകാംഷാഭരിതനായി"

"അത് ചേട്ടാ ഉത്സവം ശിവരാത്രിക്ക് തന്നെ. പക്ഷേ മാര്‍ച്ച് 7 നല്ല. ഇക്കൊല്ലം ഫെബ്രുവരിയിലാണുത്സവം.ഞാന്‍ നോക്കിപ്പറഞ്ഞ കലണ്ടര്‍ പഴയവര്‍ഷത്തെയായിരുന്നു"

പണ്ട് രാമൂന്റെ കാലത്തെ ഏതോ കലണ്ടറില്‍ നോക്കി ഈ വര്‍ഷത്തെ ശിവരാത്രി ഇന്നദിവസമാണെന്ന്‍ പറഞ്ഞുതന്ന എന്റെ പ്രീയപത്നിയെ എന്തുചെയ്യണമെന്നാലോചിച്ച് ഞാന്‍ തലപുകച്ചിരിക്കുമ്പോള്‍ അവള്‍ ഫോണിലൂടെ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു...

വാല്‍: ചുരുക്കിപ്പറഞ്ഞാല്‍ ഇക്കൊല്ലവും എന്റെ ഉത്സവക്കാഴ്ച ഗോപിയായെന്നര്‍ഥം.മാര്‍ച്ചിലെ കൊടും ചൂടില്‍ ഞാനിനി അവിടെപ്പോയെന്നാ ചെയ്യാനാ.ലീവ് മാറ്റി. മെയ് മാസത്തില്‍ പോകാമെന്ന്‍ കരുതുന്നു. ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത വകയില്‍ കൊറച്ച് പൈസ നമ്മുടെ ശമ്പളത്തീന്നു കട്ടുചെയ്യുമെന്ന മെയില്‍ ഞാന്‍ നോക്കിക്കൊണ്ടിരിക്കുവാണ്.

എല്ലാവരും പ്രാര്‍ത്ഥിക്കണം. ഏതേലുമമ്പലത്തില്‍ നടക്കാതെപോയ ഉത്സവം മേയ് മാസത്തില്‍ നടക്കണേയെന്ന്‍.സംഭവ്യമല്ലെങ്കിലും ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ..

സ്നേഹത്തോടെ

ശ്രീക്കുട്ടന്‍..

19 comments:

  1. പ്രവാസിയായ ഒരു ചെറുപ്പക്കാരന്റെ-അതെ തികച്ചും സത്യസന്ധനായ ഒരു ചെറുപ്പക്കാരന്റെ-പ്രവാസകഥ...ആര്‍ക്കും വായിക്കാം അഭിപ്രായങ്ങള്‍ പറയാം.യാതൊരുവിധ വിലക്കുകളുമില്ല...

    ReplyDelete
  2. വായിച്ചു...ട്ടാ...
    ആശംസകള്‍...

    ReplyDelete
  3. നല്ല എഴുത്ത്
    പ്രവാസം അതാണ് പ്രയാസവും വിരഹവും എല്ലാം

    ReplyDelete
  4. ഒരു തമാശയിൽ ആണ്‌ അവസാനിപ്പിചതെങ്കിലും മനസ്സിനുള്ളിലെ വേദന കാണാൻ കഴിയുന്നു ശ്രീകുട്ടാ. നമ്മളെല്ലാം ഒരേ തൂവൽ പക്ഷികൾ അല്ലെ. അവതരണവും നന്നായി..

    ReplyDelete
  5. Hi Sree,
    I wanted wish you all the best for your Writing. I look forward more from you .
    P. Chandu

    ReplyDelete
  6. ശ്രീകുട്ടാ.. കഴിഞ്ഞ ആഴ്ച ഷാര്‍ജയിയിലെ ഫ്ലാറ്റിലെ അന്തിചര്‍ച്ചയില്‍ ഈ ഉത്സവക്കാര്യം പറഞ്ഞിരുന്നല്ലോ. "ബിരിയാണി കൊടുക്കട്ടെ" എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.. :) എന്തായാലും സ്വാഭാവികമായി നര്‍മ്മം അവതരിപ്പിക്കാന്‍ ഉള്ള ആ കഴിവിന് അഭിനന്ദനംസ്..:!

    ReplyDelete
  7. കഴിഞ്ഞ ആഴ്ച നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞ ഈ കഥ കേട്ട് അന്ന് കുറെ ചിരിച്ചിരുന്നു

    ReplyDelete
  8. പ്രവാസികള്‍ ആയ ഒരുപാട് ചെറുപ്പക്കാരുടെ കഥ ..അതല്ലേ ശരി ?

    ReplyDelete
  9. ഉത്സവവും പെരുന്നാളുമൊന്നുമില്ലാതെ എന്തോന്ന് അവധിക്കാലം, അല്ലേ

    ReplyDelete
  10. ഒരു തമാശയിൽ ആണ്‌ അവസാനിപ്പിചതെങ്കിലും മനസ്സിനുള്ളിലെ വേദന കാണാൻ കഴിയുന്നു ശ്രീകുട്ടാ. നമ്മളെല്ലാം ഒരേ തൂവൽ പക്ഷികൾ അല്ലെ. അവതരണവും നന്നായി.. (കടപ്പാട് : ജെഫു ജൈലാഫ്‌ )

    ReplyDelete
  11. ശ്രീ കുട്ടാ കണ്ണ് മുറുക്കെ അടച്ചു നെഞ്ചില്‍ കൈവെച്ചു കാതോര്‍ത്ത് കിടക്കു
    കാണാം ദീപാരാധന ഉഷ പൂജ പഞാരിമേളം പട്ട അടി അങ്ങനെ പ്രവാസി കാണാവൂ ഉത്സവങ്ങളെ

    ReplyDelete
  12. Ninte anubhavangal enteeyum, alla nammaludeeyum

    ReplyDelete
  13. ഞാനിന്ന് വായിക്കുന്ന ആദ്യ പോസ്റ്റാ. ഭയങ്കര റഷാ ഗ്രൂപ്പിൽ, പതിവില്ലാതെ. സോ രണ്ട് വട്ടം വായിച്ചു. പിന്നെ സാധാരണ എല്ലാർക്കും നാടിനെ പറ്റി ഓർക്കുമ്പഴാ ഓർമ്മകളോടി കളിക്കുക. ങ്ങൾക്ക് ദുഫായീനെ കുറിച്ചോർക്കുമ്പഴാ ന്ന് പറഞ്ഞത് ഞാൻ വിശ്വസിക്കൂല. പിന്നെ ങ്ങൾക്ക് നല്ല ജൊലികയറ്റം കിട്ട്യേത് ആ പുതുതായി വന്ന മുറപ്പെണ്ണിന്റെ ഭാഗ്യാ ട്ടോ മറക്കണ്ട. അവരുടെ പ്രാർത്ഥനയാ, സംശയല്ല്യാ. പിന്നെ ഒരു സംശയം ഇതിലെവിടെയാ പുളൂസ് ? പത്ത് ശതമാനം ഉണ്ട് ന്ന് പറഞ്ഞ് ഞാൻ കുറേ തപ്പ്യോക്കീ. പക്ഷെ കണ്ടില്ല. അപ്പൊ പുളൂസാ പത്ത് ശത്മാനം ന്ന് പറഞ്ഞത് പുളൂസാണല്ലേ ? ആശംസകൾ.

    ReplyDelete
  14. ഇത് മുന്നേ ശ്രീകുട്ടന്‍ പ്രൊഫൈല്‍ പോസ്റ്റ്‌ ഇട്ടപ്പോള്‍ വായിച്ചിരുന്നു.

    ഇത് കളിയായി പറഞ്ഞതാണോ എന്നറിയില്ല പക്ഷെ ഇത് സംഭാവിക്കാവുന്നത് തന്നെയാണ് .
    പ്രൊഫൈല്‍ പോസ്റ്റിനു ഇട്ട കമന്റില്‍ പറഞ്ഞ പോലെ ഇനി നാട്ടില്‍ ചെന്ന് ഉത്സവത്തെ കുറിച്ച് അവരോടു ഒരു സംഷിപ്ത്ത വിവരണം വാങ്ങിക്കുക. പ്രവ്വാസികളുടെ ഉത്സവങ്ങള്‍ ഇങ്ങിനെയാണ് സുഹൃത്തെ ..

    ReplyDelete
  15. ചേട്ടാ..... ചേച്ചിക്ക് ഒരു കലണ്ടർ വാങ്ങിക്കൊടുക്ക്.. ഇല്ലെങ്കിൽ ചിലപ്പോ ഇനിയും ഡേറ്റ് തെറ്റും

    ReplyDelete
  16. നാട്ടിലെ അമ്പലത്തിലെ ഉത്സവം നോക്കി അവധിയെടുത്തു വരുന്ന ചങ്ങാതിമാരെ കണ്ടിട്ടുണ്ട്... അതൊരു നൊസ്റ്റാള്‍ജിയ തന്ന്യാണെ....

    ReplyDelete