രഹസ്യമായ കാര്യങ്ങള്‍..
പലരും പറയുന്നതു കേള്‍ക്കാറുണ്ട്. തന്റെ ജീവിതമൊരു തുറന്നപുസ്തകമാണ് മറ്റാര്‍ക്കും അറിയാത്തതായി ഒന്നും തന്നെ തന്റെ ജീവിതത്തിലുണ്ടായിട്ടില്ല എന്ന്‍. അക്ഷരാര്‍ത്ഥത്തില്‍ ഇത്രയും വലിയ ഒരു കള്ളം മറ്റൊന്നില്ല തന്നെ. ആരും തുറന്ന പുസ്തകങ്ങള്‍ അല്ല. പുറത്തുപറയാനാവാത്ത നൂറായിരം രഹസ്യങ്ങള്‍ ഉള്ളില്‍ പേറി നടക്കുന്ന പ്രഹേളികകളാണ് ഓരോ മനുഷ്യനും. ചില കാര്യങ്ങള്‍ നമുക്ക് പരസ്യപ്പെടുത്താനാവില്ലൊരിക്കലും. പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന ബിംബങ്ങള്‍ തകര്‍ന്നു തരിപ്പണമായിപ്പോകാവുന്ന രഹസ്യങ്ങള്‍ എങ്ങിനെയാണു മറ്റൊരാളുമായി പങ്കുവയ്ക്കാനാവുക. ചിലര്‍ പറയാറുണ്ട് ഒരാളിന്റെ ജീവിതത്തിലെ എല്ലാകാര്യങ്ങളും പങ്കു വയ്ക്കാനാവുന്നത് അയാളുടെ സുഹൃത്തുമായിട്ട് മാത്രമാണ് എന്ന്‍. സത്യത്തില്‍ ഇതുമൊരു സത്യസന്ധമായ പറച്ചിലല്ല. നൂറുശതമാനം ഉറപ്പിച്ചുപറയാം ആര്‍ക്കും അവരുടെ എല്ലാകാര്യങ്ങളും പൂര്‍ണ്ണമായും മറ്റൊരാളിനോട് പങ്കുവയ്ക്കാനാകില്ല. അത് സുഹൃത്തായാലും ഭാര്യയായാലും സ്വന്തം പ്രതിരൂപമായാലും ശരിതന്നെ. എല്ലാവരുടെ ജീവിതത്തിലും ചില രഹസ്യങ്ങള്‍ ഉണ്ടായിരിക്കും. ഒരുനാള്‍ മണ്ണിലേയ്ക്ക് അയാള്‍ ലയിച്ചുചേരുന്നതോടെ അയാളത്രയും കാലം കാത്തുസൂക്ഷിച്ചിരുന്ന രഹസ്യവും ആരുമാരുമറിയാതെ അപ്രത്യക്ഷമാകുന്നു. രഹസ്യങ്ങള്‍ രഹസ്യങ്ങളായിതന്നെ നിലനില്‍ക്കുന്നതാണുചിതം..
നവവിദ്യാര്‍ത്ഥികള്‍......
അധ്യാപിക വഴക്കുപറഞ്ഞു എന്ന കാരണത്താല്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ ആ അധ്യാപികയുടെ കുടുംബഫോട്ടോയില്‍ നിന്നും അവരുടെ ചിത്രം കട്ടുചെയ്തെടുത്ത് അത് ഒരു നഗ്നചിത്രവുമായി യോജിപ്പിച്ച് അധ്യാപികയുടേതെന്ന വ്യാജേന പ്രചരിപ്പിച്ചു. പത്രത്തില്‍ വന്ന ഈ വാര്‍ത്ത ഞെട്ടലോടുകൂടി മാത്രമാണു ഞാന്‍ വായിച്ചു തീര്‍ത്തതു. നാലക്ഷരം പഠിപ്പിച്ചുകൊടുക്കുന്ന അധ്യാപികയ്ക്ക് ഇതിനേക്കാള്‍ മികച്ച ഒരു ഗുരുദക്ഷിണ നല്‍കാനാവില്ലല്ലോ. താമസിയാതെ പെറ്റു പാലൂട്ടിവളര്‍ത്തിയ അമ്മയുടേയും ഒരേ ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും വന്ന കൂടെപ്പിറന്നവളുടേയും തുണിയില്ലാത്ത ചിത്രങ്ങള്‍ കൂടി ഈ ശിക്ഷ്യന്മാര്‍ പ്രസിദ്ധപ്പെടുത്തില്ല എന്നെങ്ങിനെയുറപ്പിക്കാം. എന്താണു നമ്മുടെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തില്‍ സംഭവിച്ചിരിക്കുന്നത്. ഗുരുനാഥരെ പൂജിച്ചിരുന്ന ഒരു തലമുറയുടെ പിന്തുടച്ചക്കാര്‍ എങ്ങിനെ ഈ വിധം അയി മാറുന്നു എന്നത് ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്. ഗുരുവിനെ ദൈവത്തെ പോലെ കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും വന്നവരാണു നാം എന്നത് ഇപ്പോള്‍ ആരൊടെങ്കിലും പറയുകയാണെങ്കില്‍ അവര്‍ ചിരിച്ചുതള്ളും. അറിവു പകര്‍ന്നുതരുന്നവനാണു ഗുരു. മനസ്സിലെ അന്ധതയെ അകറ്റുന്ന സാക്ഷാല്‍ ദൈവം. തങ്ങള്‍ പകര്‍ന്നു നല്‍കുന്ന അറിവ് യഥായോഗ്യം ശിക്ഷ്യര്‍ സ്വീകരിക്കുന്നുണ്ടോ എന്നറിയുവാനും അതിനവരെ പ്രാപ്തരാക്കുവാനും വേണ്ടി ചിലപ്പോള്‍ അല്‍പ്പം ശാസനയുടെ രൌദ്രഭാവം ഗുരുനാഥന്മാര്‍ കൈക്കൊണ്ടാല്‍ അത് തങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന്‍ മനസ്സിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇനിയുണ്ടാകുമോ.
സ്വഭാവരൂപീകരണം
ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ സാരമായ സ്വാധീനം ചെലുത്തുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. മാതാപിതാക്കളായിരിക്കണം കുട്ടികളുടെ വഴികാട്ടികളും മാതൃകകളും. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് അവരര്‍ഹിക്കുന്ന തരത്തിലുള്ള ഒരു പരിഗണനയും വീടുകളില്‍ നിന്നും ലഭിക്കുന്നില്ല. 4 മണിക്കൂറുണ്ടെങ്കില്‍ ഏഴുമണിക്കൂറും അലന്ന സീരിയലുകള്‍ക്ക് മുന്നിലിരുന്ന്‍ നെടുവീര്‍പ്പിടുന്ന അമ്മമാരും കിഴക്ക് വെള്ള കീറിയാലുടന്‍ തല പെരിപ്പിക്കാനുള്ള വഴികളന്യോഷിക്കുന്ന അച്ഛനും മക്കളുടെ ദൈന ദിനകാര്യങ്ങളില്‍ കരുതലും ശ്രദ്ധയും പുലര്‍ത്തുന്നതെങ്ങിനെ. മകളുടെ അല്ലെങ്കില്‍ മകന്റെ കൂട്ടുകാര്‍ ആരാണു,അവര്‍ എന്താണു ചെയ്യുന്നത്,കൃത്യമായി സ്കൂളുകളില്‍ എത്തുന്നുണ്ടോ,ആരോടൊക്കെയാണു അവര്‍ ഇടപഴകുന്നത്. ഇതൊക്കെ ആരും മൈന്‍ഡ് ചെയ്യുന്നില്ല. അനിയന്ത്രിതമായ സ്വാതന്ത്ര്യവും സൌകര്യങ്ങളും ലഭിക്കുന്ന കുട്ടികള്‍ ശരി തെറ്റുകള്‍ ഒന്നും കാണാന്‍ ശ്രമിക്കാതെ സുഖങ്ങള്‍ അന്യോഷിച്ചുപോകുന്നു. ഇന്നത് ചെയ്യരുത് ഇന്നത് ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നൊക്കെ അവരെ ഉപദേശിക്കുവാനും നേര്‍വഴി നടത്തുവാനും ആര്‍ക്കെവിടെ സമയം. ശുദ്ധികലശം ആരംഭിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നാണു. മകളോട് നീ ആരുടെ കൂടെ വേണമെങ്കിലും പുറത്തേയ്ക്കോ മറ്റോ പൊയ്ക്കോളൂ എന്നു പറയുന്ന മാതാപിതാക്കളല്ല മറിച്ച് അടങ്ങിയൊതുങ്ങി മര്യാദയ്ക്ക് വീട്ടിലിരിക്കണമെന്ന്‍ കര്‍ശനമായിപ്പറയുന്ന മാതാപിതാക്കളാണിന്നത്തെക്കാലത്താവശ്യം. പെണ്‍കുട്ടികളോട് മാന്യമല്ലാത്തരീതിയില്‍ പെരുമാറുന്ന മകനെ ശാസിച്ചും ശകാരിച്ചും ശിക്ഷിച്ചും നേര്‍വഴി നടത്തുന്ന, പരിധിയില്‍ കവിഞ്ഞ അടുപ്പം ആരോടും പുലര്‍ത്തരുതെന്നും,സ്വന്തം സുരക്ഷയില്‍ ബദ്ധശ്രദ്ധപുലര്‍ത്തണമെന്നും,എന്തു കാര്യവും മാതാപിതാക്കളെ അറിയിക്കുവാന്‍ മറക്കരുതെന്നും പെണ്മക്കളെയും ഉപദേശിക്കുന്ന, ആക്കാര്യങ്ങള്‍ ഗൌരവപൂര്‍ണ്ണമായ ശ്രദ്ധയോടുകൂടി നോക്കിക്കാണുന്ന മാതാപിതാക്കളെയാണിന്നത്തെ കാലഘട്ടത്തിനു വേണ്ടത്. ഒരു വ്യക്തി നന്നായാല്‍ കുടുംബവും കുടുംബം നന്നായാല്‍ സമൂഹവും സമൂഹം നന്നായാല്‍ രാജ്യവും നന്നാവും എന്നതു മറക്കണ്ട..
ഭ്രാന്തമ്മാരുടെ സ്വന്തം നാട്..
ദൈവത്തിന്റെ സ്വന്തം നാട് എന്ന്‍ നമ്മുടെ കേരളത്തെ വിശേഷിപ്പിച്ചിരുന്ന ആള്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും നൂറാവര്‍ത്തിയെങ്കിലും അയാള്‍ ആത്മഹത്യ ചെയ്യുമായിരുന്നു. നമ്മുടെ നാട് ദൈവത്തിന്റെയാണോ. അല്ലേയല്ല. നായരുടേയും ഈഴവന്റേയും കൃസ്ത്യാനിയുടേയും മുസ്ലീമിന്റേയും ദളിതരുടേയും നാട്. മനുഷ്യരായിട്ടാരുമില്ല. ജീവിതത്തിന്റെ സമസ്തമേഖലയിലും വിളയാടുന്നത് എന്റെ ജാതി എന്റെ മതം എന്ന ജല്‍പ്പനങ്ങള്‍ മാത്രം. ഒരു പൊതുസ്ഥലം അന്യ മതസ്തര്‍ക്ക് എന്തെങ്കിലും പരിപാടി നടത്തുവാന്‍ വേണ്ടി നല്‍കിയാല്‍ അതിന്റെ പേരില്‍ ബന്ദും ഹര്‍ത്താലും നടത്തുന്ന തരത്തിലേയ്ക്ക് അധഃപതിച്ച ദുഷിച്ചുനാറിയ മനസ്ഥിതിയുള്ളവരുടെ നാടായി മാറിയിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാടെന്ന്‍ പുകഴ്പ്പെറ്റ നമ്മുടെ നാട്. ഒരു സിനിമയിലെ കഥാപാത്രത്തിന്റെ ഒന്നോ രണ്ടോ വാചകങ്ങളാലോ ചില കാഴ്ചകളുടെ പ്രദര്‍ശനത്തിനാലോ തങ്ങളുടെ മതവും വിശ്വാസവും തകര്‍ന്ന്‍ തരിപ്പണമായിപ്പോയിയെന്നു പരിതപിച്ച് കമ്പും വടിയുമായി യുദ്ധത്തിനിറങ്ങുന്ന ജനതയായിരിക്കുന്നു നാം. നമ്മുടെ നാടിന്റെ പോക്കെങ്ങോട്ടേയ്ക്കാണെന്ന്‍ മനസ്സിലാകുന്നില്ല. പൊതുസ്ഥലങ്ങളും വിനോദോപാധികളും ഒക്കെ മത വേര്‍തിരിവിന്റെ കണ്ണോടു കൂടി കാണുന്ന ദുഷിച്ചു നാറിയവര്‍ നാളെ ശ്വസിക്കുന്ന വായുവിന്റെ പേരിലും കുടിയ്ക്കുന്ന വെള്ളത്തിന്റെ പേരിലും വരെ ജാതിതിരിച്ച് സമരങ്ങള്‍ നടത്തില്ല എന്നാരു കണ്ടു. ഈ വിധം കേരളീയരെ കൊണ്ടെത്തിച്ചവര്‍ക്ക് കാലം മാപ്പു നല്‍കില്ല...ത്ഫൂ...
ഭാര്യമാര്‍..
എന്റെ അഭിപ്രായത്തില്‍ സ്വാര്‍ത്ഥതയുടെ പൂര്‍ണ്ണതയാണു ഭാര്യമാര്‍. നാം എത്രതന്നെ സ്നേഹിച്ചാലും അവര്‍ പറയും. അല്ലേലും നിങ്ങള്‍ക്കെന്നോട് ഒരു സ്നേഹവുമില്ല. നിങ്ങള്‍ക്കിപ്പോഴും നിങ്ങളുടെ അമ്മയോടും സഹോദരരോടുമൊക്കെയാണു പ്രീയം. ഭര്‍ത്താവിന്റെ സ്നേഹത്തെ ഏതു അളവുകോലുകൊണ്ടാണു ഭാര്യമാര്‍ അളക്കുന്നതെന്നുചോദിച്ചാല്‍ സത്യത്തില്‍ കുഴങ്ങിപ്പോകും. എനിക്കു തോന്നുന്നു തന്റെ ഭര്‍ത്താവിനു തന്നോട് സ്നേഹമൊന്നുമില്ലെന്ന്‍ എപ്പോഴും പിറുപിറുക്കുന്ന, വീട്ടുകാര്യങ്ങള്‍ എങ്ങിനെയൊക്കെ നോക്കിയാലും ഒരു തൃപ്തിയില്ലായ്മ ഭാവിക്കുന്ന, മറ്റുള്ളവരോട് ഭര്‍ത്താവ് അടുപ്പം കാണിക്കുന്നതിനെ അല്‍പ്പവും ഇഷ്ടപ്പെടാത്ത,താനും തന്റെ ലോകവും മാത്രമാണു ഭര്‍ത്താവിനു ചുറ്റുമുണ്ടാവേണ്ടതെന്ന്‍ ആഗ്രഹിക്കുകയും എന്നാല്‍ ഭര്‍ത്താവിനെ സ്നേഹിച്ചു കൊല്ലുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസമത്രേ ഭാര്യമാര്‍.
മരണത്തിന്റെ സന്തോഷം
സത്യത്തില്‍ പലര്‍ക്കും വയസ്സായവരുടെ മരണമെന്നത് ഗൂഡസന്തോഷത്തിന്റെ സൌന്ദര്യം പേറുന്ന ഒന്നാണ്. വയ്യാതായിക്കിടക്കുന്ന ബന്ധുജനങ്ങള്‍ മരിക്കുമ്പോള്‍ പുറമേ കാണിക്കുന്നില്ലെങ്കിലും അകമേ സന്തോഷത്തിരയിളക്കത്തോടെ ഒരു വയ്യാവേലി ഒഴിഞ്ഞല്ലോ എന്നു ഭാവിക്കുന്നവരാണധികവും. മരണശേഷം മാത്രം ക്രയവിക്രയം ചെയ്യാവുന്ന രീതിയിലെഴുതിവച്ചിരിക്കുന്ന വസ്തുവഹകളുടെ നിയന്ത്രണാവകാശം കൈവശം വന്നുചേര്‍ന്നതില്‍ മറ്റൊരുകൂട്ടര്‍ ആഹ്ലാദിക്കുന്നു. തന്റെ വഴിയില്‍ തടസ്സമായിനിയിവന്‍ അല്ലെങ്കില്‍ ഇവള്‍ ഇല്ലല്ലോ എന്നോര്‍ത്ത് ചിലര്‍ സന്തോഷിക്കുന്നു. വല്ലപ്പോഴും ഇച്ചിരി കൊച്ചുവര്‍ത്തമാനം പറയുവാന്‍ ഇനി ആരുമില്ലല്ലോയെന്ന്‍ ചിലര്‍ പരിതപിക്കുന്നു. സത്യത്തില്‍ ആരെങ്കിലും സങ്കടപ്പെടുന്നുണ്ടോ. ഇല്ലേയില്ല. പുറമേ എഴുതിയൊട്ടിച്ചു മുഖത്തുപതിപ്പിച്ചുവച്ച സങ്കടലേബലുമായി ഉലാത്തുന്നവരാണു തൊണ്ണൂറ്റിയെട്ടുശതമാനവും. സത്യത്തില്‍ മരണം സങ്കടത്തോടെ നോക്കിക്കാണേണ്ടുന്ന ഒന്നല്ല തന്നെ. ജീവിച്ചിരുന്നപ്പോള്‍ അനുഭവിച്ചിരുന്ന എല്ലാ യാതനകളിലും നിന്നുള്ള ശാശ്വതരക്ഷപ്പെടല്‍ എന്ന അര്‍ത്ഥത്തില്‍ മരണം സന്തോഷകരമായ ഒന്നുതന്നെ.
ശരികളുടെ ന്യായീകരണം..
എല്ലാ ആള്‍ക്കാര്‍ക്കും തങ്ങളുടെ ഭാഗമാണ് ശരി എന്ന തോന്നല്‍ കൂടുതലാണു. സത്യത്തില്‍ ഇത്തരം ശരികള്‍ കൂടിക്കൂടിവരുന്നതുകൊണ്ടാണു ഒരുവിധമെല്ലാ അക്രമങ്ങളും ന്യായീകരിക്കപ്പെടുന്നത്. അസമയത്ത് ഒറ്റയ്ക്ക് പുറത്ത് കറങ്ങുവാന്‍ പോകുന്ന ഒരു യുവതിയ്ക്ക് സ്വന്തം പ്രവര്‍ത്തി ശരിയായാണു തോന്നുന്നത്. അവള്‍ അക്രമിക്കപ്പെട്ടാല്‍ അസമയത്തെന്തിനു ഒറ്റയ്ക്ക് പോയി എന്ന ചോദ്യത്താല്‍ പ്രസ്തുത അക്രമം ന്യായീകരിക്കപ്പെടും. ഒരു പെണ്‍കുട്ടി കാമുകനാലോ മറ്റോ ചതിക്കപ്പെട്ട വാര്‍ത്തയറിഞ്ഞാല്‍ മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നടന്നിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ എന്ന ആത്മഗതത്താല്‍ ആ ചതിയും അംഗീകരിക്കപ്പെടും. ആണിന്റേയും പെണ്ണിന്റേയും സമൂഹത്തിന്റേയും ഇത്തരം ശരിവയ്പ്പിന്റെ ന്യായീകരണങ്ങളാണ് സത്യത്തില്‍ അക്രമപ്രവര്‍ത്തികള്‍ക്കുള്ള യഥാര്‍ത്ഥവളം..
ശ്രീക്കുട്ടന്‍
ഹൈ ശ്രീക്കുട്ടാ ചെറുകുറിപ്പുകള്‍ ചിന്തോദ്വീപകമായി.
ReplyDeleteഓരോ കുറിപ്പും ഒന്നിനൊന്നിനു മെച്ചം. നാം ആഴത്തില്‍ ചിന്തിക്കേണ്ടവയാണ് പലതും.
ReplyDeleteമാതാ പിതാ ഗുരു ദൈവം!!!
ReplyDeleteകുട്ടികള്‍ക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കാന്‍ ഇപ്പൊ ആര്‍ക്കാ നേരം...
അപ്പൊ ഇങ്ങനെ ഒക്കെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും!!!
കൊള്ളാം മാഷെ കലക്കി...
ReplyDeleteപനിക്ക് കഴിക്കുന്ന Paracetamol ഗുളിക പോലെ ചവര്‍പ്പുള്ള ജീവിത യാധാര്‍ത്ഥ്യങ്ങള്‍
ശ്രീ കുട്ടന്‍റെ ബോധോദയം എന്ന തലകെട്ട് നല്‍കാമായിരുന്നു
ReplyDelete"പുറമേ എഴുതിയൊട്ടിച്ചു മുഖത്തുപതിപ്പിച്ചുവച്ച സങ്കടലേബലുമായി ഉലാത്തുന്നവരാണു തൊണ്ണൂറ്റിയെട്ടുശതമാനവും"...അങ്ങനെയും ആളുകള്‍ ഉണ്ടാകും എങ്കിലും ഭൂരിപക്ഷവും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വിഷമിക്കുന്നവര് തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം ..നല്ല ഒരു പോസ്റ്റ് ..
ReplyDeleteശരികളിലൂടെ ....ഒരു യാത്ര ..രഹസ്യമായ കാര്യങ്ങള്‍ ....നൂറു ശതമാനവും ശരിയെന്നും ....ആശംസകള്‍ ശ്രീ ...
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteഎല്ലാം സത്യം. നന്നായിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍ .......
ReplyDeleteഇത് ചെറു കുറിപ്പുകള്‍ അല്ല.... ഓരോ കുറിപ്പും ഓരോ ലേഖനങ്ങള്‍ക്ക് വഴിയൊരുക്കുന്നു.... ഓരോന്നിനെയും വിശദീകരിച്ചു ഓരോ സജഷന്സും നല്‍കി അവസാനിപ്പിക്കാമായിരുന്നു......
ReplyDeleteകുറഞ്ഞ വാക്കുകള്‍ക്കു കൂടുതല്‍ അര്‍ത്ഥങ്ങള്‍ പകരാന്‍ കഴിയുന്നു .
ReplyDeleteഅഭിനന്ദനാര്‍ഹം ,ചിന്തോദ്ദീപകം .......
ReplyDeleteശ്രീ.........കുട്ടന്‍
ReplyDeleteചിന്തനീയം... ഈ ചെറു കുറിപ്പുകള്‍
ReplyDeleteചെറുകുറിപ്പുകള്‍ നന്നായിരിക്കുന്നു. പക്ഷെ ഒരു വിയോജിപ്പുണ്ട്.. ആര്‍ക്കും തുറന്ന പുസ്തകമായി ജീവിക്കാന്‍ കഴിയില്ല എന്നു പറഞ്ഞതില്‍ .. എന്റെ ലിങ്ക് കുറെ തന്നാല്‍ ആ പ്രശ്നം പരിഹരിക്കപ്പെടും എന്ന് കരുതുന്നു. എനിക്കങ്ങനെ വലിയ രഹസ്യങ്ങള്‍ ഒന്നും ഇല്ലെന്നെ... എല്ലാം എല്ലാവര്‍ക്കും അറിയാം. ശ്രീയേട്ടന് എന്തെങ്കിലും അറിയണമെങ്കില്‍ ചോദിക്കാം..
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല കുറിപ്പുകള്‍.
ReplyDeleteപക്ഷെ കുറിപ്പുകള്‍ക്ക് പരസ്പര ബന്ധം ഇല്ല. ഓരോന്നും ഓരോ ലേഖനങ്ങളായി വികസിപ്പിച്ചെടുക്കാവുന്നതാണ്. ഇതില്‍ രണ്ടു കാര്യങ്ങളില്‍ വിയോജിപ്പുണ്ട്
കിടപ്പായി മരണം കാത്തു കഴിയുന്നവരെ ദൈവം അങ്ങ് വിളിക്കട്ടെ എന്ന് ചിലപ്പോള്‍ ആഗ്രഹിക്കും.അല്ലെങ്കില്‍ എഴുന്നേല്‍ക്കാനെങ്കില്‍ എഴുന്നേല്‍പ്പിച്ചു നടത്തണേ എന്നാണു സാധാരണ മനുഷ്യര്‍ കരുതുക. എത്ര വയസ്സായെങ്കിലും പ്രിയപ്പെട്ടവര്‍ അങ്ങ് ചത്തൊഴിയണം എന്നാണോ നമ്മള്‍ ആഗ്രഹിക്കുക...? യാതൊരു ആരോഗ്യ പ്രശ്നവും ഇല്ലാതിരിക്കെ 85 വയസ്സില്‍ മരിച്ച എന്റെ അച്ഛന്റെ മരണം അംഗീകരിക്കാന്‍ എത്ര കാലം എടുത്തു."പുറമേ എഴുതിയൊട്ടിച്ചു മുഖത്തുപതിപ്പിച്ചുവച്ച സങ്കടലേബല്‍" അല്ല പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ നമുക്കുണ്ടാകുന്നത്
ഭാര്യമാരെ അങ്ങനെ ജെനറലൈസ് ചെയ്തതില്‍ പ്രതിഷേധം ഉണ്ട്. അവളുടെ സ്നേഹവും കരുതലും അനുഭവിച്ചതിന്റെ ഒരു ഗുണവും പറയാനില്ലേ..? ആ സ്നേഹം എന്നെ സ്നേഹിച്ചു കൊല്ലുകയാണെന്ന് എന്ന് തോന്നാത്ത ഒരു നിമിഷവും കിട്ടിയിട്ടില്ലേ...?
ചേച്ചീ വായനയ്ക്കും അഭിപ്രായത്തിനും നന്ദി..
Deleteഞാന്‍ ആദ്യമേ പറഞ്ഞു. "പലര്‍ക്കും വയസ്സായവരുടെ മരണമെന്നത് ഗൂഡസന്തോഷത്തിന്റെ സൌന്ദര്യം പേറുന്ന ഒന്നാണ്" എന്ന്‍. ഇതില്‍ എല്ലാവര്‍ക്കും എന്നല്ല ഉദ്ദേശിച്ചിരിക്കുന്നത്. പ്രീയപ്പെട്ടവരുടെ മരണം ആത്മാര്‍ത്ഥമായും സങ്കടത്തിലാഴ്ത്തുന്നവര്‍ ഇല്ലാതില്ല. പക്ഷേ കണ്ടു പരിചയിച്ച പല മരണങ്ങളും അങ്ങിനെയല്ലായിരുന്നു എന്നു വിശ്വസിപ്പിക്കുന്നു.
പിന്നെ ഭാര്യമാരെ അധിക്ഷേപിച്ചതൊന്നുമല്ല. അവരുടെ സ്നേഹത്തിന്റെ ഭ്രാന്തതയെ ഒന്നു വെറുതേ നോക്കിക്കണ്ടെന്നുമാത്രം.
പിന്നെ ഈ ചിന്തകള്‍ പരസ്പ്പരബന്ധമൊന്നുമില്ലാതായിപ്പോയത് എന്റെ കുഴപ്പമാണു. കാരണം എന്റെ ചിന്തകള്‍ പലപ്പോഴും ചിതറിക്കിടക്കുന്നതാണ്. അവയെ കോര്‍ത്തിണക്കുക എന്നത് എന്നെക്കൊണ്ടാവുമെന്നു തോന്നുന്നില്ല.
ഇങ്ങനെയോരോന്ന് ചിന്തിച്ച് ചിന്തിച്ച് തലക്ക് വീജൃംഭനം പിടികൂടാതെ നോക്കണേ..
ReplyDeleteവായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാ പ്രീയ സ്നേഹിതര്‍ക്കും നന്ദി...
ReplyDeleteനല്ല ചിന്തകള്‍... നല്ല വരികള്‍.... ഭാവുകങ്ങള്‍.. :)
ReplyDeleteവീണ്ടും കൊച്ചു ചിന്തകള്‍ ,ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ ..
ReplyDeleteഅപ്പൊ, പേരില്‍ മാത്രമല്ല സാമ്യം, ഒരടുക്കും ചിട്ടയും ഇല്ലാത്ത ചിന്തകള്‍ എനിക്കുമുണ്ട്, അല്ലെങ്കിലും എല്ലാത്തിലും ഒരു അടുക്കും ചിട്ടയും വന്നാല്‍ പിന്നെ ഞാന്‍ ഞാന്‍ അല്ലാതെയാവില്ലേ.
ReplyDeleteകുറിപ്പുകള്‍ നന്നായിട്ടോ.
ചിതറി കിടക്കുന്ന ചിന്തകൾ വികസിപ്പിച്ചെടുത്തിരിക്കുന്നു അല്ലേ..
ReplyDeleteഅവ വായനക്കാരുമായി പങ്കു വെച്ചതിൽ സന്തോഷം..
ആശംസകൾ ട്ടൊ..!
പ്രിയാ ഒരു തവണയല്ല ഇത് പലതവണ വായിക്കപ്പെടണം,
ReplyDeleteഞാൻ ഒന്ന് കൂടി വായിക്കട്ടെ
നന്മയുടെ വെളിച്ചത്തിനായ് കത്തിച്ച തീപന്തമോ ഈ പോസ്റ്റ്
ശ്രീ ശ്രീ ശ്രീകുട്ടൻ.. എനിക്കിഷ്റ്റപ്പെട്ടു ഒരോ കുറിപ്പുകളും.. ആശംസകൾ..
ReplyDeleteബ്ലോഗിങ്ങിനിടയിലെ ബോധോദയം
ReplyDelete
ReplyDeleteഅർത്ഥവത്തായ കുറിപ്പുകൾ. പലരും എഴുതാൻ മടിക്കുന്നവ. അഭിനന്ദനങ്ങൾ
ഗൌരവമുള്ള ചിന്ത ആവശ്യപ്പെടുന്ന കുറിപ്പുകൾ!
ReplyDeleteകൊള്ളാം.
(പുളൂസ് അല്ലല്ലോ, അല്ലേ!?)
വെറും പുളുവില്‍ നിന്ന് ഗൌരവതരമായ ബ്ലോഗ്ഗ് എഴുത്തിലേക്ക് മാറികഴിഞ്ഞു കാലം കുറച്ചായല്ലോ ശ്രീ...
ReplyDeleteബ്ലോഗ്ഗിന്റെ പേര് ഒന്ന് മാറ്റി പിടിക്കണം എന്ന് തോന്നുന്നു. കുറിപ്പുകള്‍ നന്നായി എന്ന് പറയുന്നതോടൊപ്പം ചിലവയോട് തെല്ല് വിയോജിപ്പ് ഉണ്ടെന്നു കൂടി അറിയിക്കുന്നു....
എത്താന്‍ വൈകി ... തിരക്ക് എന്ന് എപ്പോഴും പറഞ്ഞാല്‍ ബോറടിക്കും. ആയതിനാല്‍ പറയുന്നില്ല