Wednesday, February 6, 2013

പാപമോചനത്തിനുള്ള വഴി

പാപമോചനത്തിനുള്ള വഴി - പുരാണകഥകള്‍

ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ഇല്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ആളായിരുന്നു ശങ്കരന്‍. മനയ്ക്കലുള്ള അസംഖ്യം കന്നുകാലികളെ തീറ്റുന്നതും കുളിപ്പിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ശങ്കരനാണ്‍ ചെയ്തുകൊണ്ടിരുന്നത്. പ്രായേണ മൂഢബുദ്ധിയായിരുന്ന ശങ്കരന്‍ ഒരുദിവസം ഒരു കന്നുകാലി എന്തോ കുറുമ്പ് കാട്ടിയതിന് ഒരു വടിയെടുത്ത് അതി്യൊന്നു തല്ലുകയുണ്ടായി. അടി മര്‍മ്മസ്ഥാനത്തുകൊണ്ടിട്ടോ മറ്റോ ആ കന്നുകാലി അപ്പോള്‍ത്തന്നെ മറിഞ്ഞുവീണു അല്‍പ്പനേരത്തെ പിടച്ചിലോടെ മരണമടയുകയുണ്ടായി. ആ അടികൊണ്ടസ്ഥലം നോക്കിവച്ചിരുന്ന ശങ്കരന്‍ പിന്നീട് ഏതെങ്കിലും കന്നുകാലികള്‍ അനുസരണക്കേടുകാട്ടിയാലുടനേ വടിയെടുത്ത് മുമ്പ് നോക്കിവച്ചിരുന്ന മര്‍മ്മസ്ഥാനംനോക്കി ഒരു വീക്കു വച്ചുകൊടുക്കുക പതിവായി. എന്തിനേറെപറയുന്നു അല്‍പ്പകാലംകൊണ്ട് കന്നുകാലികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിത്തീര്‍ന്നു. പലപ്പോഴും ദേശാന്തരവാസത്തിലും മറ്റുമൊക്കെയായിരുന്ന തമ്പ്രാക്കള്‍ ഈ സ്ഥിതിയൊന്നുമറിഞ്ഞിരുന്നുമില്ല.

ഒരു ദിവസം ദേശാന്തരവാസമെല്ലാംകഴിഞ്ഞ് സ്വഭവനത്തില്‍ മടങ്ങിയെത്തിയ തമ്പ്രാക്കള്‍ തന്റെ കന്നുകാലികളെങ്ങിനെയിരിക്കുന്നു എന്നറിയാനായി തൊഴുത്തിലേയ്ക്കുചെന്നു. എല്ലുകളെഴുന്നുനില്‍ക്കുന്ന നാമമാത്രമായ കാലിക്കൂട്ടത്തെക്കണ്ട് അന്ധാളിച്ചുപോയ തമ്പ്രാക്കള്‍ ഉടന്‍തന്നെ ശങ്കരനെ വരുത്തി വിവരമാരാഞ്ഞു. പറഞ്ഞാല്‍ കേള്‍ക്കാത്ത കാലികള്‍ക്ക് താന്‍ നല്ല വീക്കു വച്ചുകൊടുത്തുവെന്നും അപ്പോള്‍ അവ മറിഞ്ഞുവീണ് ചത്തുപോയിയെന്നുമുള്ള ശങ്കരന്റെ പറച്ചില്‍ കേട്ട് തമ്പ്രാക്കള്‍ തലയില്‍ കൈവച്ചിരുന്നുപോയി. ഗോവധമെന്ന മഹാപാതകം ചെയ്തു നില്‍ക്കുന്ന ശങ്കരനെ പ്രാകിക്കൊണ്ട് അവന്‍ ചെയ്ത കൊടുംപാപത്തിന്റെ ഫലം താനും തന്റെ കുടുംബവും കൂടി അനുഭവിക്കേണ്ടി വരുമല്ലോ എന്നു വിലപിച്ചുകൊണ്ട് തമ്പ്രാക്കള്‍ പരിതപിക്കവേ ശങ്കരനും ആകെ സങ്കടത്തിലായി. പാപപുണ്യങ്ങളെപ്പറ്റിയൊന്നും ഗ്രാഹ്യമില്ലാതിരുന്ന അവന്‍ തമ്പ്രാക്കളൊട് അതേകുറിച്ചൊക്കെ പിന്നീട് ചോദിച്ചറിയുകയും താന്‍ ചെയ്ത മഹാപാപം തീരുവാനെന്താണു ചെയ്യേണ്ടതെന്ന്‍ അദ്ദേഹത്തോട് ചോദിക്കുകയുമുണ്ടായി.

കാശിയില്‍പ്പോയി ഗംഗാസ്നാനം നടത്തുകയും വിശ്വനാഥദര്‍ശനം നടത്തുകയും ചെയ്താല്‍ തീരാത്ത ഒരു പാപവും ലോകത്തിലില്ല, അവനു മോക്ഷം ലഭിക്കും എന്ന്‍ തമ്പ്രാക്കള്‍ പറഞ്ഞതുകേട്ട് തന്റെ പാപം തീര്‍ത്തിട്ടേ ഇനിയെന്തുമുള്ളു എന്നുറപ്പിച്ചു അന്നുതന്നെ ശങ്കരന്‍ കാശിയിലേയ്ക്ക് യാത്രതിരിച്ചു.

ഒരിക്കല്‍ സംസാരമധ്യേ ശ്രീപാര്‍വ്വതി പരമശിവനോട് ഇങ്ങനെ ചോദിക്കുകയുണ്ടായി.

"അല്ലയോ ഭഗവാനേ ഗംഗാസ്നാനം ചെയ്യുന്നവരെല്ലാംതന്നെ പാപമോചിതരായി മോക്ഷം പ്രാപിക്കാറുണ്ടോ?"

ദേവിയുടെ ചോദ്യംകേട്ടു മന്ദസ്മിതം പൊഴിച്ചുകൊണ്ട് ഭഗവാന്‍ ഇപ്രകാരം പറഞ്ഞു.

"ഇല്ല ദേവീ ഒരിക്കലുമില്ല. ഭക്തിയും വിശ്വാസവുമാണു പ്രധാനം. ഒപ്പം പച്ഛാത്താപവിവശമായമനസ്സും വേണം. അതില്ലാത്തവര്‍ക്ക് ഗംഗാസ്നാനംകൊണ്ടു യാതൊരുഗുണവും ലഭിക്കില്ല. ഇത് വേണമെങ്കില്‍ നാളെ നാം ഭവതിക്ക് ബോധ്യപ്പെടുത്തിത്തരാം"

ഇപ്രകാരം ഉമാമഹേശ്വരന്മാര്‍ തമ്മിലുള്ള സംഭാഷണം നടന്നതിന്റെ തൊട്ടടുത്തദിവസമാണു നമ്മുടെ ശങ്കരന്‍ കാശിയിലെത്തിച്ചേര്‍ന്നത്. തന്റെ പാപം മാറണമെന്ന ആഗ്രഹത്തോടെ അസംഖ്യം ആളുകളോടൊപ്പം ശങ്കരനും ഗംഗയില്‍ കുളിക്കാനായിറങ്ങി. ഈ സമയം ശ്രീപാര്‍വ്വതിയും പരമശിവനും രണ്ടു വൃദ്ധബ്രാഹ്മണരുടെ വേഷംധരിച്ച് അവിടെയെത്തിചേരുകയും ജനക്കൂട്ടത്തോടൊപ്പം നദിയില്‍ സ്നാനത്തിനായി ഇറങ്ങുകയും ചെയ്തു. പെട്ടന്ന്‍ വൃദ്ധബ്രാഹ്മണന്‍ ചുഴിയില്‍ പെട്ടെന്നവണ്ണം മുങ്ങിത്താഴാന്‍ തുടങ്ങി. മരണവെപ്രാളത്തോടുകൂടി വെള്ളത്തില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന ഭര്‍ത്താവിനെക്കണ്ട് ബ്രാഹ്മണസ്ത്രീ

"എന്റെ ഭര്‍ത്താവിനു നീന്താനറിയത്തില്ല. അദ്ദേഹം വെള്ളം കുടിച്ചു മരിക്കുവാന്‍ പോകുന്നു. ദയവു ചെയ്ത് ആരെങ്കിലും അദ്ദേഹത്തെ രക്ഷിക്കണേ"

എന്നു പറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിക്കാനാരംഭിച്ചു. നിലവിളികേട്ട് ആളുകള്‍‍ അടുത്തുകൂടിയപ്പോള്‍ ബ്രാഹ്മണസ്ത്രീ  വീണ്ടും ഇപ്രകാരം വിളിച്ചു പറഞ്ഞു.

"നിങ്ങളില്‍ പാപം തീരാത്തവരാരും എന്റെ ഭര്‍ത്താവിനെ തൊടരുതേ. പാപമുള്ളവര്‍ തൊട്ടാല്‍ അദ്ദേഹം അപ്പോള്‍ത്തന്നെ മരിച്ചുപോകും"

ഈ വാക്കുകള്‍ കേട്ടതോടെ വൃദ്ധബ്രാഹ്മണനെ രക്ഷിക്കുവാനായി അടുത്തവര്‍  തങ്ങളുടെ പാപം തീര്‍ന്നുകാണുമോ,ഇല്ലെങ്കില്‍ തങ്ങള്‍ മൂലം ഒരു ബ്രാഹ്മണന്‍ മരണമടയേണ്ടിവരുമല്ലോ എന്നോര്‍ത്ത് അവിടെത്തന്നെ ശങ്കിച്ചു നില്‍പ്പായി. എന്നാല്‍ ഗംഗാസ്നാനം ചെയ്താല്‍ തന്റെ സകലപാപങ്ങളും ഇല്ലാണ്ടാകുമെന്ന്‍ തമ്പ്രാക്കള്‍ പറഞ്ഞിരുന്നത് മനസ്സിലോര്‍ത്ത ശങ്കരന്‍ തന്റെ പാപമെല്ലാം തീര്‍ന്നുവല്ലോ എന്നുറപ്പിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തില്‍നിന്നു മുന്നോട്ടുവന്ന്‍ വൃദ്ധബ്രാഹ്മണനെ കൈപിടിച്ചു വെള്ളത്തില്‍നിന്നു കരകയറ്റി. ബ്രാഹ്മണവേഷധാരികളായിരുന്ന പരമേശനും പാര്‍വ്വതിയും കരയ്ക്കുകയറി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുമറഞ്ഞതോടെ ശങ്കരന്‍ ഭഗവാനെ തൊഴുന്നതിനായി പോകുകയും ചെയ്തു.

"ഇന്നു ഗംഗയില്‍ സ്നാനംനടത്തിയവരില്‍ എന്നെ കൈപിടിച്ചുകയറ്റിയ ആ ഒരുവനു മാത്രമാണു പാപമോചനമുണ്ടായത്. കറകളഞ്ഞ വിശ്വാസമുണ്ടായിരുന്ന അവനു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ"

പതിവു സല്ലാപങ്ങളുമായിരിക്കവേ ഭഗവാന്‍ ദേവിയോട് പറഞ്ഞു. ദേവിയത് തലകുലുക്കി സമ്മതിക്കുകയും ചെയ്തു.

സത്യത്തില്‍ ജീവിതകാലം മുഴുവന്‍ പലവിധ ക്രൂരതകളും ദുഷ്ക്കര്‍മ്മങ്ങളും ചെയ്തു മദിച്ചുപുളച്ചു നടന്നശേഷം മനഃശാന്തിക്കും പാപമോചനത്തിനുമായി പുണ്യതീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും കയറിയിറങ്ങുന്നവര്‍ തിരിച്ചറിയേണ്ടുന്ന യാഥാര്‍ത്ഥ്യമെന്തെന്നുവച്ചാല്‍ ഒരു പുണ്യസ്ഥലങ്ങളുടെ സന്ദര്‍ശനം മൂലവും നിങ്ങള്‍ ചെയ്തുകൂട്ടിയ ദുഷ്പ്രവൃത്തികള്‍ ഇല്ലാതാകുകയില്ല. ഏതു പുണ്യനദിയില്‍ മുങ്ങി നിവര്‍ന്നാലും ആ പാപങ്ങള്‍ക്ക് പരിഹാരകര്‍മ്മവുമാകുകയില്ല. ഭക്തിയും വിശ്വാസവും നമ്മെ രക്ഷിക്കുമെന്നും പറഞ്ഞ് എന്തും ആവോളം ചെയ്തുകൂട്ടുവാന്‍ മനസ്സിലാക്കേണ്ടുന്ന ഒന്നും ഇതുതന്നെയാണ്. ഓരോരുത്തരും ചെയ്തുപോയ എല്ലാ പ്രവര്‍ത്തികളുടേയും ഫലങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അനുഭവിക്കുകതന്നെവേണം. അതു നന്മയായാലും തിന്മയായാലും. ജീവിച്ചിരിക്കുന്ന കാലത്തോളം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുക. കഴിവതും മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക. മനസ്സില്‍ നന്മയുടെ വിളക്ക് കെടാതെ സൂക്ഷിക്കുക. സഹജീവികളുടെ വേദന നമ്മുടേതുകൂടിയാണെന്ന്‍ തിരിച്ചറിയുക.

അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുകൂടി സുഖത്തിനായ് വരട്ടെ


ശ്രീ.....‍




19 comments:

  1. ആദ്യമായി കേള്‍ക്കുന്നു ഈ കഥ . നന്നായി ശ്രീ. കൂട്ടത്തില്‍ നന്ദി കൂടി പറയട്ടെ അറിയാത്ത കുറെ പുതിയ അറിവുകള്‍ സംമാനിക്കുന്നതിനു .ഇതുപോലുള്ള കഥകള്‍ ഇനിയും പോസ്റ്റ്‌ ചെയ്യൂ :)

    ReplyDelete
  2. അറിവ് പകരുന്ന ഈ കഥ വീണ്ടും വായിക്കാനായതില്‍ സന്തോഷം! ഇനിയും ഇത്തരം കഥകളുമായി വരൂ...

    ReplyDelete
  3. കഴിവതും മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക. മനസ്സില്‍ നന്മയുടെ വിളക്ക് കെടാതെ സൂക്ഷിക്കുക. സഹജീവികളുടെ വേദന നമ്മുടേതുകൂടിയാണെന്ന്‍ തിരിച്ചറിയുക.
    gud 1 sree congrats....

    ReplyDelete
  4. നല്ല അര്‍ത്ഥവത്തായ കഥ .. നന്നായി എഴുതി...ലളിതമായ ഭാഷയാണ് വായനയെ കൂടുതല്‍ ആസ്വദനീയമാക്കുന്നതു . ഐതിഹ്യ മാല വായിച്ചതായി ഓര്‍ക്കുന്നു പോലുമില്ല..ഇനിയെപ്പോഴെങ്കിലും കിട്ടിയാല്‍ വായിക്കണം എന്ന് തോന്നിപ്പോയി ഇത് വായിച്ചപ്പോള്‍ ... വിശ്വാസ ശുദ്ധി തന്നെയാണ് എല്ലാത്തിന്റെയും ആധാരം .. എനിക്ക് പണ്ട് വായിച്ച ഒരു കഥ ഓര്മ വരുന്നു ...

    പണ്ട് പാക്കനാര്‍ ദൈവത്തെ കുറിച്ച് തമ്പ്രാനോട് ചോദിച്ചപ്പോള്‍ തമ്പ്രാന്‍ പറഞ്ഞത്രേ ദൈവം പോത്ത് രൂപത്തില്‍ ആണെന്ന് .. തമ്പ്രാന്‍ തന്നെ പരിഹസിച്ചതാണ് എന്നറിയാതെ പാക്കനാര്‍ ദൈവത്തെ പോത്തിന്റെ രൂപത്തില്‍ മനസ്സില്‍ കാണുകയും ഏകാഗ്രമായി പ്രാര്‍ഥികയും ചെയ്തു . ആ വിശ്വാസ ശുദ്ധിയുടെ ഭാഗമായി ദൈവം പോത്തായി പക്കാനരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്രെ ..അന്ന് മുതല്‍ ആ പോത്ത് പാക്കനാരുടെ കൂടെ എവിടെ പോകുന്നുവെങ്കിലും ചെല്ലുമായിരുന്നു . ഒരിക്കല്‍ അമ്പലത്തില്‍ തൊഴുകാന്‍ കയറിയ തമ്പ്രാന്‍ പാക്കനാരെ അകത്തേക്ക് ക്ഷണിക്കുകയുണ്ടായി. പാക്കാനാരുടെ കൂടെ പോത്തും അകത്തോട്ടു കയറാന്‍ ശ്രമിക്കവേ പോത്തിന്റെ കൊമ്പു വാതില്‍ കട്ടിലയില്‍ തടഞ്ഞു. അതില്‍ നിന്ന് പോത്തിനെ സഹായിക്കാനായി പാക്കനാര്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്ന സമയം തമ്പ്രാന്‍ പാക്കനരോട് " താനെന്താടോ അവിടെ ഈ കാണിക്കുന്നത് " എന്ന് ചോദിച്ചത്രേ " .. പാക്കനാര്‍ സംഭവം പറഞ്ഞിട്ടും അങ്ങേര്‍ക്കു അത് വിശ്വസിക്കാനായതുമില്ല . ഒടുക്കം പാക്കനാരെ തൊട്ടു കൊണ്ട് അമ്പലത്തിനു പുറത്തേക്ക് നോക്കിയപ്പോള്‍ വാതിക്കല്‍ നിന്നിരുന്ന പോത്തിനെ കണ്ടു തമ്പ്രാന്‍ അതിശയിച്ചു പോയി എന്നാണു ഐതിഹ്യം. പാക്കനാരെ പരിഹാസിക്കാന്‍ വേണ്ടി തമ്പ്രാന്‍ ചെയ്ത കാര്യം പാക്കനാര്‍ വിശ്വാസത്തോടെയാണ് കണ്ടത് ...

    ReplyDelete
  5. അറിവ് പകരുന്ന കഥ ആശംസകള്‍ ...

    ReplyDelete
  6. മനസ്സില്‍ നന്മയുടെ വിളക്ക് കെടാതെ സൂക്ഷിക്കുക. സഹജീവികളുടെ വേദന നമ്മുടേതുകൂടിയാണെന്ന്‍ തിരിച്ചറിയുക. ഇത്പോലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ നന്ന്.

    ReplyDelete
  7. കഥ കൊള്ളാം. ആശംസകള്‍ .....

    ReplyDelete
  8. വീണ്ടും കണ്ടെത്തലുകള്‍..........

    ReplyDelete
  9. ഐതിഹ്യങ്ങള്‍

    ReplyDelete
  10. ആദ്യമായി ആണ് ഈ കഥ കേള്‍ക്കുന്നത് ..ശരിക്കും ഒരുപാടു അര്‍ഥവത്തായ ഒരു കഥ ..വെറുതെ പുണ്യസ്ഥലങ്ങള്‍ കേറി ഇറങ്ങി നടക്കുന്നവര്‍ക് ഒരു കൊട്ട് ,ഇനിം പോരട്ടെ പുതിയ ഐതിഹ്യ മാല കഥകളും ആയി....

    ReplyDelete
  11. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  12. ഈ കാലഘട്ടത്തില്‍ അനിവാര്യമായ ചിന്ത
    പ്രവീണ്‍ ശേഖര്‍ നെ പോലെ ഞാനും ഒരു കഥ ഓര്‍ക്കുന്നു..
    ഒരു നാട്ടില്‍ മഴയ്ക്ക് വേണ്ടി ഒരാഴ്ച നീണ്ട പ്രാര്‍ത്ഥന
    അവസാന ദിനം മഴ പെയ്യും എന്നാണു വിശ്വാസം
    അവസാന ദിനം എത്തി ..പ്രാര്‍ത്ഥന തീര്‍ന്നു
    കനത്ത മഴ
    എല്ലാരും പള്ളിയില്‍ അകപ്പെട്ടു..ആരും കുട എടുത്തില്ല
    ഒരു വൃദ്ധന്‍ മാത്രം തന്റെ കുട എടുത്തു യാത്ര ആയി..
    "താങ്കള്‍ എന്താ കുട കരുതിയെ?"
    "എനിക്കുറപ്പായിരുന്നു..ഇന്ന് മഴ പെയ്യും"
    പുരോഹിതന്‍ പറഞ്ഞു..
    "ആ വൃദ്ധനു മാത്രമായിരുന്നു ഉറച്ച വിശ്വാസം..
    ആ പ്രാര്‍ത്ഥന കേട്ടാണ് ദൈവം കനിഞ്ഞത്..
    അല്ലാതെ നിങ്ങളുടെ പ്രാര്‍ത്ഥന കെട്ടല്ല.."

    ReplyDelete
  13. നല്ല കഥ.
    നന്നായി അവതരിപ്പിക്കുകയും ചെയ്യുകയും ചെയ്തു

    ReplyDelete
  14. പുരാണങ്ങളും, ഇതിഹാസങ്ങളും, ഐതീഹ്യങ്ങളും പൊടിതട്ടിയെടുത്ത് മനുഷ്യന്റെ ജീവിതാവസ്ഥയോട് ചേർത്ത് വെക്കുന്നത് നല്ല വായനാനുഭവമാണ്.....

    ReplyDelete
  15. Thanks for sharing this...!

    ( Enne pole papamonnum cheyyathavarkku kuzappamillallo alle ...! hihihihi :) )

    ReplyDelete
  16. നന്മയുള്ള നല്ല രചന. വന്നതും വായിച്ചതും വെറുതെയായില്ല..

    ReplyDelete
  17. നന്ദി ശ്രീ... കഥകള്‍ പറഞ്ഞു തന്നിരുന്നവരെ ഓര്‍ക്കാറുണ്ടായിരുന്നെങ്കിലും കഥകള്‍ മറന്നു തുടങ്ങിയിരുന്നു...

    ReplyDelete
  18. കഥയിൽ ചോദ്യമില്ല. ഇഷ്ടമായി ആഖ്യാനം. ഇനിയും എഴുതുമല്ലോ

    ReplyDelete