Monday, January 28, 2013

പരാജിതന്റെ നോവ്


സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. ഒരല്‍പ്പം പോലും ഉറങ്ങാതെ ഞാന്‍ അത്രയും നേരം ചിന്തിച്ചിരിക്കുകയായിരുന്നു. അല്ലെങ്കില്‍ തന്നെ ഉറക്കമെങ്ങിനെ വരാനാണു. നിത്യമായ ഉറക്കത്തിലാഴുവാന്‍ പോകുന്നവനു അല്‍പ്പനേരം ഉറക്കമിളച്ചാല്‍ എന്താണു നഷ്ടപ്പെടാനുള്ളത്. മുറിയിലൂടെ മൂന്നുനാലു ചാല്‍ നടന്ന ഞാന്‍ എല്ലാം തീരുമാനിച്ചുറച്ച മട്ടില്‍  ലൈറ്റിട്ട് ബെഡ്ഡൊക്കെ നന്നായി തട്ടിക്കുടഞ്ഞ് വിരിപ്പും നല്ല വൃത്തിയായി മടക്കിവച്ച ശേഷം ഒച്ചയുണ്ടാക്കാതെ കസേര മേശക്കരികിലേയ്ക്ക് വലിച്ചിട്ട് ഡയറിയില്‍ നിന്നും ഒരു താള്‍ ചീന്തിയെടുത്ത് എഴുതുവാനാരംഭിച്ചു.

"ഒടുവില്‍ ഞാന്‍ ഉറപ്പിച്ചു. ഇനിയെനിക്ക് വിജയം വരിക്കുവാന്‍ ഒരേയൊരിടം മാത്രമേയുള്ളൂ. ഇത്രയും നാള്‍ പല രൂപത്തില്‍ പരാജയങ്ങള്‍ എന്നെ വേട്ടയാടുകയായിരുന്നു. ഒരാവര്‍ത്തിയെങ്കിലും എനിക്ക് ജയിക്കണ്ടേ. വേണം. ഭാഗ്യഹീനര്‍ക്ക് പടപൊരുതുവാനുള്ളിടമല്ല ജീവിതമെന്ന സത്യം മനസ്സിലാക്കിയതുകൊണ്ട് ഞാന്‍ എന്റെയീ ഭാഗ്യപരീക്ഷണജീവിതമവസാനിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. എന്റെ മരണം. അതെന്റെ മാത്രം കയ്യാല്‍ സംഭവിക്കുവാന്‍ പോകുന്ന ഒന്നാണു. എന്റെയീ തീരുമാനത്തില്‍ മറ്റാര്‍‍ക്കും യാതൊരുവിധത്തിലുള്ളരു പങ്കുമില്ല. എനിക്ക് മരിക്കുവാന്‍ തോന്നുന്നു. എല്ലാവരേയും വിട്ടുപിരിഞ്ഞുപോകുവാന്‍. അല്ലെങ്കില്‍ തന്നെ ജീവിച്ചിരുന്നതുകൊണ്ട് യാതൊരുപയോഗവുമില്ലയെന്നെനിക്കറിയാമല്ലോ. വീണ്ടും പൊരുതാനും പരിശ്രമിക്കാനും..വയ്യ. ഞാന്‍ പോകുകയാണു. എനിക്കറിയാം ആരെയും എനിക്ക് തൃപതരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന്‍. എന്നാല്‍ കഴിയുന്നതല്ലേ എനിക്ക് നല്‍കുവാനാകൂ. എന്റെ അസാന്നിധ്യം നാളെയുടേ വിനാഴികകളില്‍ യാതൊരുവിധ മാറ്റവും വരുത്തുവാന്‍ പോകുന്നില്ലയെന്ന്‍ എനിക്ക് നന്നായറിയാം. ചിലപ്പോള്‍ ചില ഏങ്ങലടികള്‍ ഉണ്ടായേക്കാം. ഇത്രയും നാള്‍ എനിക്ക് നിങ്ങള്‍ തന്ന എല്ലാ കരുതലുകള്‍ക്കും സ്നേഹത്തിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കും...."

എഴുതിയതു ഒരാവര്‍ത്തി വായിച്ചു നോക്കിപ്പോള്‍ ഒരു തൃപ്തി വരായ്കപോലെ. സാഹിത്യഭംഗിയൊക്കെ പോയോ തന്റെ എഴുത്തുകളില്‍?. ശേഖരത്തിലുള്ള ഏതെങ്കിലും പുസ്തകങ്ങള്‍ പരതി അല്‍പ്പം കൂടി വാചകഭംഗിവരുത്തി മറ്റൊന്നെഴുതിയാലോ?. ഹൊ വേണ്ടാ. താന്‍ ചാകാന്‍ പോകുകയല്ലേ. മരിച്ചശേഷം ആരെങ്കിലും ഈ കത്ത് വായിച്ച് എത്ര മനോഹരമായ ഭാഷയിലാണവന്‍ എഴുതിയിരിക്കുന്നതെന്നെങ്ങാണും പറയുവാന്‍ പോകുന്നോ?. അഥവാ പറഞ്ഞാല്‍ തന്നെ താനെങ്ങിനെയത് കേള്‍ക്കുവാനാണ്?. അപ്പോള്‍ പിന്നെ ഇതൊക്കെത്തന്നെ ധാരാളം.ശേഷം ആ കടലാസ് കട്ടിലിന്റെ മധ്യഭാഗത്തായി വച്ചിട്ട് ലൈറ്റണച്ച് ഞാന്‍ മുറിയില്‍ നിന്നും പുറത്തുകടന്നു വാതില്‍ ചേര്‍ത്തു ചാരി. അപ്പച്ചിയും കുട്ടികളും അമ്മുമ്മയുമൊക്കെ സുഖനിദ്രയിലാണു. ഉറങ്ങട്ടേയെല്ലാവരും. ഉറക്കം അനുഗ്രഹമായി നേടിയിട്ടുള്ളവരായിരുന്നല്ലോ എല്ലായ്പ്പോഴുമവര്‍.

പോക്കറ്റിലുണ്ടായിരുന്ന സിഗററ്റ് പായ്ക്കറ്റില്‍ നിന്നും ഒരെണ്ണമെടുത്ത് തീപിടിപ്പിച്ചു വലിച്ചുകൊണ്ട് ഇടവഴിയിലേയ്ക്കിറങ്ങിയപ്പോള്‍ തണുത്ത കാറ്റൊന്ന്‍ വീശിയടിച്ചു. നേരേ നടന്ന്‍ വയല്‍ വരമ്പിലേക്കിറങ്ങി എന്റെ വീട്ടിലേയ്ക്ക് നടക്കവേ തണുപ്പേറ്റ് എന്റെ രോമകൂപങ്ങള്‍ എഴുന്നേറ്റു നിന്നു. രാവിലെ പതിവുപോലെ ചായകുടിക്കുവാന്‍ വിളിക്കാനായി വരുന്ന അപ്പച്ചി കത്തു കാണുന്നതും സ്തബ്ധയായി നില്‍ക്കുന്നതും പിന്നെ ചിലപ്പോള്‍ നിലവിളിക്കുന്നതുമൊക്കെ ഞാന്‍ മനക്കണ്ണില്‍ കണ്ടുനോക്കി. എല്ലാം മാത്രകള്‍ നീണ്ടുനില്‍ക്കുന്ന പ്രകടനങ്ങള്‍ മാത്രം. വീട്ടില്‍ നിന്നും ഓടിപ്പാഞ്ഞുവരുന്ന അമ്മയും അനുജത്തിയും അമ്മമ്മയുമൊക്കെ നെലോളിച്ചുപൊടിയ്ക്കണുണ്ടാവും.  ഇതിനും വേണ്ടി എന്തു പ്രശ്നായിരുന്നു ഉണ്ടായിരുന്നത്. ന്നാലും ഈ ചെക്കനിങ്ങിനെ ചെയ്യാന്‍ തോന്നീലോ എന്നൊക്കെ അയല്‍പക്കക്കാര്‍ പിറുപിറുക്കുന്നുണ്ടാവും. ഞാന്‍ മാത്രം എല്ലാം കണ്ട് രസിച്ചുകൊണ്ട് തൂങ്ങിയാടിക്കിടക്കുന്നുണ്ടാവും.


നീട്ടിവലിച്ചു നടന്ന ഞാന്‍ അല്‍പ്പസമയത്തിനകം എന്റെ വീട്ടിന്റെ നേരെയുള്ള വരമ്പ് കയറി. പടികള്‍ കയറി മുറ്റത്തെത്തിയ ഞാന്‍ നാലുപാടുമൊന്നു ശ്രദ്ധിച്ചു. സര്‍വ്വചരാചരങ്ങളും സുഷുപ്തിയില്‍ തന്നെ. പോക്കാച്ചിത്തവളകള്‍ വരെ ഒറക്കമായിരിക്കുന്നു. ചാണകം മെഴുകിയ തിണ്ണയില്‍ ഒരല്‍പ്പസമയം ഞാനിരുന്നു. മനസ്സിനൊരു ധൈര്യം നല്‍കാനായിട്ടെന്നവണ്ണം. ഭയം ചെറുതായി എന്റെ ശരീരത്തില്‍ ഇഴഞ്ഞു നടക്കാനാരംഭിച്ചുവോ?. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാ ഭയത്തേയും കീഴ്പ്പെടുത്തുവാന്‍ പോന്ന തരത്തില്‍ ഒരു ശക്തി എന്നില്‍ നിറഞ്ഞു. ഒരച്ചയനക്കവുമുണ്ടാക്കാതെ ഞാന്‍ പുറത്തെ അയയില്‍ നിന്നും കഴുകിയുണക്കാനിട്ടിരുന്ന ഒരു സാരിയെടുത്തു. നല്ല പോളിയസ്റ്റര്‍ സാരിയാണു. അമ്മ ഉടുക്കുന്നതു തന്നെ. നിറമല്‍പ്പം മങ്ങിത്തുടങ്ങിയത്. അല്‍പ്പം നല്ല കളര്‍ ഉള്ള ഒന്നായിരുന്നെങ്കില്‍ കുറച്ച് ചേലുണ്ടായിരുന്നേനെ. ഇരുട്ട് മൂടിക്കിടക്കുന്ന വീട്ടിനുനേരെ ഞാന്‍ ഒരാവര്‍ത്തി പാളിനോക്കി. എന്റെ പ്രീയപ്പെട്ടവര്‍ എല്ലാം അതിനുള്ളില്‍ നിദ്രയിലാണ്ടുകിടക്കുകയാണു. നാളെമുതല്‍ എനിക്കവരെ കാണാനാകില്ല. വേണ്ടായെന്നു കരുതിയിട്ടും അനാവശ്യമായി കണ്ണുകളില്‍ ഒരു നീര്‍മണി ഉറഞ്ഞുകൂടി.

ഞാന്‍ സാരിയുമായി തൊട്ടടുത്ത പുരയിടത്തിലെ മാവിന്‍ ചോട്ടിലേയ്ക്ക് നടന്നു. കോട്ടൂക്കോണന്‍ മാവാണത്. ധാരാളം മാങ്ങപിടിക്കുന്ന മാവ്. കാറ്റത്ത് ഞെട്ടറ്റ് വീഴുന്ന മാമ്പഴം പെറുക്കുവാന്‍ താനും അനുജത്തിയും കൂടി മത്സരമാണു. വളരെ വലിയ മാവായതുകൊണ്ട് അതില്‍ കയറി മാങ്ങാ പറിക്കാനുള്ള ധൈര്യമുണ്ടായിട്ടില്ല. മാത്രമല്ല ധാരാളം പുളിയുറുമ്പുമുണ്ടതില്‍. മേലാകെ കടിച്ചുപറിച്ചുകളയും. ഞാന്‍ സാരി എന്റെ അരയില്‍ ചുറ്റിക്കെട്ടിയിട്ട് മെല്ലെ അള്ളിപ്പിടിച്ച് മാവിലേക്ക് കയറാന്‍ തുടങ്ങി. മേത്ത് കടിക്കുന്ന ഉറുമ്പുകളെ ഒരു വിധം തട്ടിത്തെറിപ്പിച്ച് മുകള്‍ഈലേക്ക് കയറിയ ഞാന്‍ മാവിന്റെ ഒരു ശാഖയില്‍ കാല്‍ രണ്ടുവശത്തായുമിട്ട് ഇരിപ്പുറപ്പിച്ചു. തളര്‍ന്നുപോയിരുന്നു അപ്പോഴേയ്ക്കും ഞാന്‍. ഒരഞ്ചുമിനിട്ടിന്റെ വിശ്രമശേഷം അരയില്‍ നിന്നും സാരി അഴിച്ചെടുത്ത് അതിന്റെ ഒരഗ്രം മാവിന്‍കമ്പില്‍ കെട്ടി മറ്റേയഗ്രത്തില്‍ കുരുക്കുണ്ടാക്കി എന്റെ കഴുത്തിലുമിട്ടു. അങ്ങിനെ ഈ ജീവിതം അവസാനിക്കുവാന്‍ പോകുകയാണു. കണ്ണുകള്‍ അമിതമായി നീര്‍പൊഴിക്കുവാന്‍ തുടങ്ങി. മനസ്സിന്റെ തിരശ്ശീലയില്‍ ചലച്ചിത്രത്തിലെന്നവണ്ണം അന്നേവരെ എന്റെ ജീവിതത്തില്‍ നടന്ന പല കാര്യങ്ങളും മിന്നിമറയാന്‍ തുടങ്ങി. ഒരു നിമിഷം കഴിഞ്ഞ് ഞാന്‍ താഴേയ്ക്കെടുത്തുചാടി. കഴുത്തിലെ കുരുക്ക് അപകടകരമായ രീതിയില്‍ മുറുകി. പറഞ്ഞറിയിക്കാനാവാത്ത വെപ്രാളത്തോടെ ഞാന്‍ കുതറിപ്പിടഞ്ഞു. വായില്‍ നിന്നും ഒരൊച്ചയും പുറത്തേയ്ക്ക് വരുന്നില്ല. കണ്ണുകളില്‍ നിന്നും കാഴ്ചകള്‍ മറഞ്ഞുതുടങ്ങുകയാണു. മരണം എന്റെയരികിലേയ്ക്ക് പാഞ്ഞുവരുന്നു. കറുത്ത ഒരു സത്വം എന്റെ നേരെ പല്ലിളിച്ചുകൊണ്ട് പാഞ്ഞടുത്തു. ഞാന്‍ മരിച്ചു.

ഞാനിപ്പോള്‍ എവിടെയാണു. സ്വര്‍ഗ്ഗത്തിലെത്താനുള്ള സമയമായോ?. സ്വര്‍ഗ്ഗത്തിലും ഇരുട്ട് തന്നെയാണോ?. കണ്ണു നന്നായി തുറന്നുപിടിച്ചു ഞാന്‍ സൂക്ഷിച്ചു നോക്കി. അല്‍പ്പാല്‍പ്പം കാഴ്ചകള്‍ തെളിഞ്ഞുതെളിഞ്ഞു വരുന്നു. മാവിലകള്‍ക്കിടയിലൂടെ നക്ഷത്രങ്ങള്‍ ചെറുതായി മിന്നുന്നതു കാണുന്നുണ്ട്. അമ്പിളി അമ്മാവനും ചിരിപൊഴിച്ചു നില്‍പ്പുണ്ട്. ഒരുകുല മാങ്ങ തൂങ്ങിയാടുന്ന ദൃശ്യം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി. ഒന്നനങ്ങിയ ഞാന്‍ പെട്ടന്നു തിരിച്ചറിഞ്ഞു. ചരല്‍ക്കല്ലുകള്‍ക്ക് പുറത്താണു താന്‍ കിടക്കുന്നത്. കഴുത്തില്‍ സാരിയുടെ കുരുക്ക് അതേപോലെ തന്നുണ്ട്. അപ്പോള്‍ താന്‍ മരിച്ചില്ലേ. ഒന്നുരണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ ശക്തമായ രീതിയില്‍ ശ്വാസമെന്നെടുത്തുകൊണ്ട് ഞാന്‍ എഴുന്നേറ്റിരുന്നു. കഴുത്തിലാകെയൊരു പുകച്ചിലും നീറ്റലും. കൈമുട്ട് നല്ല നീറ്റല്‍. ഇടതുകൈകൊണ്ട് തപ്പിനോക്കിയപ്പോള്‍ നനവ്. കല്ലിന്റെ പുറത്ത് വീണപ്പോള്‍ ഉരഞ്ഞു തോലു പൊട്ടി ചോര വരുന്നതാണ്. മരണത്തെ സ്വാഗതം ചെയ്തു കുതറിപ്പിടയവേ പോളിയസ്റ്റര്‍ സാരി മരക്കൊമ്പില്‍ നിന്നും അഴിഞ്ഞൂര്‍ന്നുപോയി‍ തറയില്‍ പതിക്കുകയും പതിവുപോലെ ഒരു പ്രാവശ്യം കൂടി താന്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലായ ഞാന്‍ ആ ഇരുപ്പ് അല്‍പ്പനേരം കൂടി തുടര്‍ന്നു.

തറയില്‍ നിന്നെഴുന്നേറ്റ ഞാന്‍ സാരിയുമായി വീട്ടിലേയ്ക്ക് നടന്നു. കാലുകള്‍ക്ക് ബലക്കുറവു പോലെ. അല്‍പ്പം വിറയലുമുണ്ട്. കൈമുട്ടിലെ നീറ്റലാണെങ്കില്‍ അസഹനീയം തന്നെ. സാരിയുടെ കുറുക്കൊക്കെ അഴിച്ച് പഴയതുപോലെ അയയില്‍ ഇട്ടശേഷം വാതിലില്‍ മുട്ടി അമ്മയെ വിളിക്കാമെന്നു കരുതിയതാണ്. പിന്നീടാ ശ്രമം ഉപേക്ഷിച്ച് ഞാന്‍ പടവുകളിറങ്ങി വയല്‍ വരമ്പു വഴിയേ തിരിച്ചു നടക്കാനാരംഭിച്ചു. എവിടെയോ ഒരു പാതിരാക്കോഴിയുടെ കൂവല്‍ ഉയര്‍ന്നപ്പോള്‍ ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. സിഗററ്റൊന്നു വലിക്കണമെന്ന ആഗ്രഹം തോന്നിയെങ്കിലും അടക്കി. ആരെങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിനുമുന്നേ എന്റെ മുറിക്കകത്തുകയറി വാതിലടയ്ക്കണം. ഇല്ലെങ്കില്‍ എന്തുമാത്രം ചോദ്യങ്ങള്‍ക്കായിരിക്കും ഉത്തരം നല്‍കേണ്ടി വരിക?.ചാരിയിരുന്ന എന്റെ മുറിയുടെ വാതില്‍ തുറന്ന്‍ അകത്തേയ്ക്ക് കയറിയ ഞാന്‍ കതകടച്ചുകുറ്റിയിട്ടശേഷം ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് കട്ടിലിലേയ്ക്ക് മലര്‍ന്നുകിടന്നു. വീണ്ടുമൊരു തോല്‍വിയുടെ നാണക്കേടും പേറി എന്റെ മരണക്കുറിപ്പിന്റെ പുറത്തു നിവര്‍ന്നുകിടന്നുറങ്ങി. ഭയസ്വപ്നങ്ങള്‍ കണ്ടുകൊണ്ട്........

ശ്രീക്കുട്ടന്‍



27 comments:

  1. മറിക്കാന്‍ സമയമായാല്‍ മരിച്ചോളും . ഇമ്മാതിരി സാഹസം ഒന്നും വേണ്ട ശ്രീ അതിനു :) ആയുഷ്മാന്‍ ഭവ : :)

    ReplyDelete
    Replies
    1. മറിക്കാന്‍ അല്ല മരിക്കാന്‍ ...

      Delete
  2. പണി പാളിയല്ലേ. കോട്ടൺ സാരിയായിരുന്നു നല്ലത് ;)
    പിന്നെ, ഓരോന്നിനും ഒരോ കാലമുണ്ടല്ലോ! പൂ വിരിയാനൊരു കാലം,കായ പഴുക്കാനൊരു കാലം .....

    ആ വെപ്രാളം അങ്ങ് ആഴത്തിൽ പതിഞ്ഞില്ലെന്നു തോന്നി എന്റെ വായനയിൽ, ചെലപ്പഓ ആളു മരിക്കാത്തോണ്ടാരിക്കും ;)

    കഴുത്തിൽ കുരുക്കിട്ട് കൂടി നിൽകുന്ന കുട്ടിപട്ടാളത്തെക്കൊണ്ട് കൈയ്യടിപ്പിച്ച് മരിക്കുന്ന ഉത്സവപ്പിറ്റേന്നിലെ ആ അവസാന രംഗം, കുട്ടിയായിരുന്നപ്പോൾ കണ്ടതാണ് . ഇപ്പഴുമുണ്ട് അത് മനസ്സിൽ .


    ReplyDelete
  3. പോളിസ്റ്റര്‍ സാരി പറ്റിച്ചു, വീണ് തറ കേടായത് മിച്ചം... ഇനി ഇത് പോലെയുള്ള വീരകൃത്യങ്ങള്‍ ഒന്നും വേണ്ടാട്ടോ....

    ReplyDelete
  4. ആരും കാണാത്തത് കൊണ്ട് പേരുദോഷം ആയില്ല .ഇപ്പൊ ബ്ലോഗ്‌ ദോഷം ആയ്...ഇനി വേണ്ടാത്ത പണിക്ക് പോകണ്ട എന്ന് മനസിലായില്ലേ ...ചില സമയങ്ങളില്‍ മരിക്കാന്‍ ആഗ്രഹിക്കാത്തവരായ് ആരേലും ഉണ്ടാകുമോ ..? മരിക്കാനും വേണം യോഗം ..:).സമയം ആകുമ്പോള്‍ നാം പോലും അറിയാതെ അത് സംഭവിച്ച്കൊള്ളും..ശ്രീ ...വേണമെങ്കില്‍ ഒളിച്ചു വയ്ക്കാമായിരുന്ന ഒന്ന് തുറന്നു പറയാന്‍ കാണിച്ച ഈ മനസിന്‌ അഭിനന്ദനങ്ങള്‍........

    ReplyDelete
  5. പ്രതീക്ഷിച്ച അന്ത്യം തന്നെ.....,
    വിവരണത്തിൽ നല്ലൊരു കഥാകാരനുണ്ട്.കുറച്ചുകൂടി വൈവിധ്യം വിഷയസ്വീകരണത്തിൽ കൊണ്ടുവന്നിരുന്നെങ്കിൽ ഈ നല്ല ഭാഷകൊണ്ട് നല്ലൊരു കഥ മെനയാമായിരുന്നു എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവും.

    ReplyDelete
  6. അവതരണം തെറ്റില്ല എന്നുപറഞ്ഞാലും, പുതുമയില്ലാത്ത കഥ, മൊത്തം മനോഹാരിത നഷ്ടമാക്കി എന്ന് തോന്നി. ഒരു ''ശ്രീകുട്ടന്‍ കൈയ്യൊപ്പ്,'' മുഴുവനായി തെളിയുന്നില്ല.

    ഞാനറിയുന്ന കഥാകാരന്‍ മികച്ച എഴുത്തുകാരനാണ്‌...

    ReplyDelete
  7. അതിപ്പോ തോറ്റവന്റെ ദുഃഖം അവനെ അറിയൂ ..... :( എന്തായാലും എഴുത്ത് ഇഷ്ട്ടപെട്ടു.

    ReplyDelete
  8. എന്നാലും ഈ വേണ്ടാതീനത്തിനൊക്കെ പോകുമ്പോ കുറച്ചു നല്ലൊരു സാരി കൂടെ സംഘടിപ്പിക്കണ്ടേ..?
    നല്ല ഭാഷയും നല്ല ശൈലിയും.
    വിഷയവും അവതരണവും പഴയത്

    ReplyDelete
  9. തോറ്റ് പിന്മാറരുത് നായകാ, തോറ്റ് പിന്മാറരുത്

    ReplyDelete
  10. വിഷയത്തില്‍ വലിയ പുതുമ പറയാനില്ലെന്നാലും എഴുത്ത് വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.....

    ReplyDelete
  11. നെക്സ്റ്റ് ടൈം ഇതുപോലെ വീരസാഹസങ്ങള്‍ കാണിക്കുമ്പോള്‍ ഡയല്‍ ചെയ്യൂ 2255... ലൈവ് ആയി കാണാന്‍ ഞാനും വരാം.




    ReplyDelete
  12. പുതുമ തോന്നിയില്ല..

    ReplyDelete
  13. മരണത്തെ അടുത്ത് കണ്ട നിമിഷങ്ങളെ കുറച്ചു കൂടി അവതരിപ്പിക്കാമായിരുന്നു....
    വിഷയ സ്വീകരണം ഒരു വലിയ പ്രശ്നമായി എനിക്ക് തോന്നിയില്ല, നാം എത്ര മാത്രം പുതുമയോടെ അവതരിപ്പിക്കുന്നു എന്നതിലാണ് മേന്മ...
    അവതരണവും നന്ന്, എന്നാലും ഒരു impact ഉണ്ടാക്കാന്‍ കഴിയാതെ പോകുന്നു ഞങ്ങളില്‍.. അതാണ്‌ പറ്റിയ പോരായ്മ എന്ന് തോന്നുന്നു...
    ഇനിയും പുതു രചനകളുമായി വരൂ....

    ReplyDelete
  14. "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..." എന്നല്ലേ...

    ReplyDelete
  15. ആഹഹ... ഒറ്റയടിക്ക് വായിച്ച് തീർത്തു. നന്നായിരുന്നു ശ്രീ..

    ReplyDelete
  16. മരിക്കാന്‍ വേണ്ടി തൂങ്ങിയ ഒരാള്‍ കയര്‍ പൊട്ടി വീണു രക്ഷപ്പെട്ടു. അതിനു ശേഷം അയാളെ "അരത്തൂങ്ങി" എന്നാണു വിളിക്കുക എന്നൊരു കൂട്ടുകാരന്‍ പറഞ്ഞു കേട്ടിരുന്നു. ഇത് അതുപോലെ ഒരുത്തന്‍ ..
    നന്നായി പറഞ്ഞു ശ്രീകുട്ടാ. നല്ല അവതരണം. കുറച്ചു കൂടി ഇമോഷണല്‍ ആക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.

    ReplyDelete
  17. നമക്കിന്നി ഈ സാരി മാറ്റി ബെഡ് ഷീറ്റ് ഒന്ന് നോക്ക്യാലോ ... ഉം എന്ത്യേ :)

    ReplyDelete
  18. വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  19. ജീവിതത്തിനും മരണത്തിനുമിടയില്‍ ഉള്ള ആ നിമിഷങ്ങള്‍ കാണാന്‍ സാധിക്കുക അപൂര്‍വമായിരിക്കും !
    അത് തിരിച്ചറിഞ്ഞവര്‍ പിന്നെ ജീവിതത്തെ അത്ര നിസാരമായി കാണില്ലെന്ന് കേട്ടിട്ടുണ്ട് ...
    നമ്മുടെ നിരാശനായ-കൂലാശനായ നായകന്‍ ഇനിയുമൊരു സാഹസം കാട്ടാതിരിക്കെട്ടെ !! ആമേന്‍
    നല്ലൊരു വായന ശ്രീ...........
    ഞാന്‍ മുന്‍പ് ഇവിടെ വന്നിട്ടുണ്ടോ എന്ന് അറിയില്ല ...ഇല്ലെങ്കില്‍ വൈകിയതില്‍ ക്ഷമിക്കുക !
    ഓരോന്നിനും ഓരോ സമയമില്ലേ ദാസാ....

    ReplyDelete
  20. മരണം ഒരു അന്ത്യ ആശ്രയമാ പലരും അതിനെ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം എന്നൊക്കെ പറയും പക്ഷെ ആ മരണവും കൈ വെടിഞ്ഞാല്‍ പിന്നെ ഉള്ളത് ഉത്തരം നല്‍കാത്ത ഒരു ചോദ്യ ചിഹ്നം മാത്രം അല്ലെ ശ്രീ കുട്ടാ

    ReplyDelete
  21. ആ സാരി തന്നെയാ പ്രശ്നം ..ഇനി എല്ലാരും പറഞ്ഞപോലെ അതങ്ങ് മാറ്റി പരീക്ഷിക്കാം

    ReplyDelete
  22. എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ

    ReplyDelete
  23. പെട്ടന്ന് വായനക്കാര്‍ ഊഹിക്കാത്ത തലത്തിലേക്ക് ക്ലൈമാക്സില്‍ അല്പം വ്യത്യസ്തമായി എന്തെങ്കിലും ശ്രമിക്കാമായിരുന്നു.
    എഴുത്ത് നന്ന്.

    ReplyDelete
  24. പോളിസ്റ്റര്‍ സാരി പറ്റിച്ചു, വീണ് തറ കേടായത് മിച്ചം.

    ReplyDelete
  25. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല ,എന്നിരിന്നാലും ഗതികേടുകൊണ്ട് ഒന്ന് രണ്ടു തവണ ആത്മഹത്യ ചെയ്യുന്നത് കൊണ്ട് വലിയ കുഴപ്പമൊന്നും ഇല്ല

    ReplyDelete