Sunday, November 17, 2013

ആതി

ഏകദേശം രണ്ടര കിലോമീറ്ററോളം നീളത്തില്‍ നീണ്ട് നിവര്‍ന്നുകിടക്കുന്ന വയലേലകള്‍. വയലിന്റെ ഇരുകരകളിലുമായി നൂറുകണക്കിനു കുടുംബങ്ങള്‍. ഒട്ടുമുക്കാല്‍ പേരും ദരിദ്രര്‍. എന്നാല്‍ മുഴുപ്പട്ടിണിക്കാരെന്നും പറഞ്ഞുകൂടാ. വയലില്‍ പണിയെടുക്കുന്നവരും കൂലിപ്പണിക്ക് പോകുന്നവരും പശുവിനെ വളര്‍ത്തുന്നവരും ഒക്കെയായി കഴിയുകയാണവര്‍. വയലിനെ രണ്ടായി പകുത്തുകൊണ്ട് ഒരു കൊച്ചു തോടൊഴുകുന്നുണ്ട്. നല്ല വേനല്‍കാലത്തുമാത്രം വെള്ളം വറ്റിപ്പോകും. അല്ലാത്തപ്പോഴെല്ലാം വെള്ളമുണ്ടാകും. വര്‍ഷകാലത്ത് തോട് കുലം കുത്തിയൊഴുകും. കരയിലുള്ള ഒട്ടുമിക്ക ആള്‍ക്കാരുടേയും കുളിയും നനയും തുണിയലക്കലും ഒക്കെ ഈ തോട്ടില്‍ നിന്നു തന്നെ. വയലുകള്‍ ആരംഭിക്കുന്ന തെക്കു മുകള്‍ ഭാഗത്ത് ഒരിക്കലും വറ്റാത്ത ഉറവയുള്ള ഒരു കുളമുണ്ട്. പുറമ്പോക്ക് ഭൂമിയിലാണാ കുളം. അതില്‍ നിന്നും നിറഞ്ഞൊഴുകുന്ന വെള്ളമാണ് ആദ്യമൊരു അരുതോടായും പിന്നെ ചെറുതോടായും മാറി വയലേലകള്‍ക്ക് നടുവിലൂടെ ഒഴുകി അങ്ങ് താഴെയുള്ള ഒരു വലിയ ചിറയില്‍ ചെന്നു ചേരുന്നത്. നാലഞ്ചേക്കര്‍ വിസ്തൃതിയില്‍ കിടക്കുകയാണീ ചിറ. ഇതിലെ വെള്ളം വീണ്ടും താഴേക്കൊഴുകി ഒരു നദിയില്‍ ചെന്നു ചേരുന്നു.

ഈ ചിറയില്‍ ധാരാളം മീനുകള്‍ ഉണ്ട്. നദിയില്‍ നിന്നും ഒഴുക്കിനെതിരേ നീന്തിക്കയറിവന്ന്‍ ചിറയില്‍ കുടിയേറിപാര്‍ത്തവരാണിവര്‍. മഴക്കാലത്ത് തോട്ടിലൂടെ വെള്ളം കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുമ്പോള്‍ ചിറയില്‍ നിന്നും മീനുകള്‍ തോട്ടിലൂടെ മുകളിലേക്ക് കയറിവരും. രാത്രിയില്‍ ടോര്‍ച്ചുകളും പന്തങ്ങളും ഒക്കെയായി കാത്തിരിക്കുന്ന കരക്കാരുടെ കൈകളിലെത്തിച്ചേരാനായാണാ യാത്ര. ക്രോം ക്രോം വിളിക്കുന്ന മാക്കുക്കുണ്ടമ്മാരും ചീവീടുകളും പിന്നെ പേരറിയാത്ത നിരവധി ഒച്ചകളും വിളികളുമൊക്കെയായി അന്തരീക്ഷം മുഖരിതമാകും. ഓരോ മഴക്കാലവും നാട്ടുകാര്‍ക്ക് ഉത്സവങ്ങള്‍ പോലാണ്.

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകള്‍ നിറയെ ആദ്യം ഹരിതനിറവും പിന്നെ പഴുത്തുലഞ്ഞ സ്വര്‍ണ്ണവര്‍ണ്ണവും ആയി നില്‍ക്കുന്നത് കാഴ്ചയ്ക്ക് തന്നെ എത്ര ഹൃദ്യമായിരുന്നു. തന്നെ പ്രതീക്ഷിച്ച് വിത്തിറക്കി പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളോടെ നോക്കിയിരിക്കുന്നവര്‍ക്ക് അധ്വാനത്തിന്റെ പതിഫലമെന്നോണം കതിര്‍ക്കുലകള്‍ ധാരാളമായി വിളയിച്ചു മറിയിച്ചുകൊടുക്കുന്ന ഭൂമി. ആള്‍ക്കാരിഷ്ടപ്പെട്ടിരുന്നു അവളെ. പരിപാലിച്ചിരുന്നു അവളെ. പുലര്‍ച്ചെ അമ്പലത്തിലെ സുപ്രഭാത കീര്‍ത്തനം മുഴങ്ങുന്നതിനുമുന്നേ വയലുകളില്‍ കൊയ്ത്തുകാരുടെ കലപില ഉയരുമായിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ് കൂലിയായ് കിട്ടിയ നെല്ലുമായി അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ വയലില്‍ അരിച്ചുപെറുക്കാനിറങ്ങും. കൊയ്ത്ത് സമയത്ത് പൊഴിഞ്ഞടര്‍ന്നുവീണ നെല്‍ക്കതിര്‍ക്കുലകള്‍ പെറുക്കിയെടുക്കാനാണാ പരതല്‍. പിന്നെ ദിനങ്ങള്‍ പലതുകഴിയുമ്പോള്‍ ഉണങ്ങിവരണ്ട് കളിസ്ഥലമായി മാറും അവിടം. കുട്ടികളുടെ സാമ്രാജ്യം.

മണല്‍നാടുകളില്‍ വിയര്‍പ്പൊഴുക്കി കീശനിറയെ കാശുമായി വന്ന ഒരാള്‍ പാടത്തു നിന്നും ചെളിയും പുരണ്ട് കയറിവന്ന പിതാവിനെ മുഖം ചുളിപ്പിച്ചുനോക്കി. കഷ്ടപ്പെടുന്ന കാശ് കൊണ്ട് വയലില്‍ തള്ളുന്നതില്‍ അമര്‍ഷം പൂണ്ടു. കാശത്രയുമിറക്കിയിട്ട് എന്തു ലാഭമാണുണ്ടാകുന്നതെന്ന്‍ പറഞ്ഞ് ദേക്ഷ്യപ്പെട്ടു. വീണ്ടും മണല്‍ക്കാടിലേക്ക് പോകുന്നതിനുമുന്നേ ആദ്യമായി വയലുകളിലൊന്നിനെ മണ്ണിട്ട് പകുതി നികത്തി അവളുടെ മാറില്‍ മുറിവേല്‍പ്പിച്ചു. അധ്വാനിച്ച് നടുവൊടിഞ്ഞ് സമ്പാദിച്ചവന്‍ സ്വന്തം നാട്ടിലെ അധ്വാനത്തിന് വില കല്‍പ്പിച്ചില്ല. അതൊരു തുടക്കമായിരുന്നു. മുറിവുകള്‍ കൂടിക്കൂടി വന്നു. പച്ചപ്പിന്റെ വ്യാസം കുറയാനാരംഭിച്ചു. മണല്‍ഭൂവില്‍ നിന്നുള്ള ധനമൊഴുക്ക് കൂടിയപ്പോള്‍ വയലില്‍ നിന്നും ശരീരത്തില്‍ ചെളിപറ്റുന്നത് വൃത്തികേടായി പലര്‍ക്കുമനുഭവപ്പെട്ട് തുടങ്ങി. ചാലുകീറാതെയും വിത വിതയ്ക്കാതെയും മണ് വെട്ടി വീഴാതെയും വയലുകള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. കളകള്‍ നിറഞ്ഞ് തരിശുകളായി മരിക്കാന്‍ തുടങ്ങിയ വയലുകല്‍ ആര്‍ത്തു നിലവിളിച്ചുകൊണ്ടിരുന്നു. ശബ്ദമില്ലാത്ത അവയുടെ നിലവിളികള്‍ ആരുകേള്‍ക്കാന്‍. തവളകലുടേയും ചീവീടുകളുടേയും ശബ്ദങ്ങള്‍ പതിയെപതിയെ ഇല്ലാതായിത്തുടങ്ങി. പുറമ്പോക്കി ഭൂമി ആരോ സ്വന്താമാക്കുകയും ആ കുളം മണ്ണിട്ട് മൂടുകയും ചെയ്തതൊടെ തോടിന്റെ ശവക്കുഴിയും തോണ്ടപ്പെട്ടു. കലങ്ങിമറിഞ്ഞുവരുന്ന വെള്ളത്തില്‍ നീന്തിക്കയറിവരാനാകാതെ മീനുകള്‍ സങ്കടപ്പെട്ടു. കളിസ്ഥലങ്ങള്‍ അപ്രത്യക്ഷമായി അവിടേ വാഴയും തെങ്ങും മരിച്ചീനിയുമൊക്കെ നില്‍ക്കുന്നതുകണ്ട കുട്ടികളും സങ്കടപ്പെട്ടു. ഒടുവില്‍ അവയുമൊക്കെ അപ്രത്യക്ഷമായി റബ്ബര്‍ തൈകള്‍ നിറയാന്‍ തുടങ്ങി. ഒരിക്കലും വറ്റാതിരുന്ന കിണറുകളില്‍ പലതും ഉണങ്ങിവരണ്ടു. അപൂര്‍വ്വം ചില കിണറുകളില്‍ ഉണ്ടായിരുന്ന വെള്ളത്തിനായി ആള്‍ക്കാര്‍ ആ വീട്ടുകാരോട് യാചിച്ചു ക്യൂ നിന്നു. വല്ലപ്പോഴും മാത്രം പൈപ്പിലൂടെ വരുന്ന പൊടിയും അഴുക്കും നിറഞ്ഞ വെള്ളം പിടിക്കാനായി ഉന്തും തള്ളും വഴക്കുമായി. കുത്തരിച്ചോറുണ്ണുക എന്നത് സങ്കല്‍പ്പം മാത്രമായി. പാവം പഴമനസ്സുകള്‍ മാത്രം മരണമടഞ്ഞ വയലേലകള്‍ക്ക് മുന്നില്‍ "ആധി"യെരിയുന്ന മനസ്സുമായി ഇനിയെന്തെന്ന ചോദ്യവുമായി നിന്നു. ഇരുകൂട്ടരും കരയുകയായിരുന്നു. ആര്‍ത്തലച്ച് ഒച്ചയൊട്ടുമില്ലാതെ.......

വികസനമെന്ന പേരിട്ട് ഒരു സംസ്കൃതിയെ മൊത്തം ഉന്മൂലനാശനം ചെയ്യുന്ന നവസംസ്ക്കാരത്തിന്റെ പിണിയാളുകളും അവയുടെ ബലിയാടുകളും ചേര്‍ന്നതാണ് "ആതി". വന്‍ കിട കയ്യേറ്റങ്ങള്‍ എപ്രകാരം ഒരു വലിയ വിഭാഗം ജനങ്ങളെ വഴിയാധാരമാക്കുന്നുവെന്ന്‍ ആതി തുറന്നുകാട്ടുന്നു. സമൃദ്ധവും ശുദ്ധവുമായ ജലത്തില്‍ തങ്ങളുടേ അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തി സന്തോഷസമേതം ജീവിച്ചിരുന്ന ഒരു ജനവിഭാഗം. കഥാരാവുകളും സ്വന്തം ആചാരാനുഷ്ടാനങ്ങളും വിശ്വാസപ്രമാണങ്ങളുമായി അവരങ്ങിനെ കഴിയുകയാണ്. പരസ്പ്പരം ബഹുമാനിച്ച് അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി. നഗരകാപഠ്യങ്ങളൊന്നും അലോസരപ്പെടുത്താതെ മീന്‍ പിടുത്തവും കൃഷിയും ഒക്കെയായി കഴിയുന്ന അവര്‍ക്ക് അതിമോഹങ്ങള്‍ ഇല്ലായിരുന്നു. തെളിനീരാര്‍ന്ന ജലദേവത അവരുടെ ഇടയില്‍ വസിച്ചിരുന്നു. ഏതൊരു പൊയ്കയും അശുദ്ധമാക്കാന്‍ ഒരു ചെളിത്തുണ്ട് മതിയാവുമെന്ന്‍ പറയുന്നതുപോലെ ഒരുനാള്‍ കുമാരന്‍ ആതിയില്‍ അവതരിക്കുകയാണ്. പാരമ്പര്യകൃഷിയും മറ്റുമൊക്കെ കെട്ടിപ്പിടിച്ചിരുന്ന്‍ ജീവിതം തുലയ്ക്കുന്നതില്‍ അമര്‍ഷം പൂണ്ട് അതിരുകാണാ ആകാശം വെട്ടിപ്പിടിക്കുവാന്‍ ആതിയില്‍ നിന്നും ഒരിക്കല്‍ ഓടിപ്പോയ അതേ കുമാരന്‍. ഇന്ന്‍ അവന്‍ മടങ്ങിവന്നിരിക്കുന്നത് സര്‍വ്വശക്തനായാണ്. ആതിയുടെ നാശവും ആതിവാസികളുടെ "ആധിയും" അവിടെ തുടങ്ങുന്നു.

ആതിയുടെ സ്വത്ത് ജലമായിരുന്നു. ആതിവാസികള്‍ക്ക് സര്‍വ്വവും നല്‍കുന്ന ജലം. ആതി പറയുന്നത് ഒരു ജലയുദ്ധവും. മുമ്പ ആതിവാസി ആയിരുന്ന, ഇപ്പോള്‍ മുതലാളിയായിതീര്‍ന്ന കുമാരന്‍ ആദ്യം കൈവയ്ക്കുന്നതും ജലത്തെതന്നെയാണ്. ആതിയെ സമ്പന്നമാക്കിയിരുന്ന ജലപ്രയാണത്തിനു തടയിട്ട്കൊണ്ട് അവര്‍ കൃഷിചെയ്തിരുന്ന ഒരു വലിയ പാടശേഖരം അതിന്റെ ഉടമയില്‍ നിന്നും വിലകൊടുത്തുവാങ്ങി അത് മണ്ണിട്ട് നികത്തുന്നു. തന്റെ ഒഴുക്ക് നഷ്ടപ്പെടുത്തിയിടത്ത് വന്ന്‍ തലതല്ലിക്കരയുന്ന ജലത്തെക്കണ്ട് കണ്ണ്‍ നിറഞ്ഞന്തം വിട്ടിരിക്കുന്ന കുഞ്ഞിമാതുവിനെപ്പോലെ വായനക്കാരനും അന്തം വിട്ടുപോകും. പഴഞ്ചന്‍ രീതികള്‍ പിന്തുടരുന്ന ആതിയെ സ്വര്‍ഗ്ഗസമാനമായ നഗരമാക്കിമാറ്റുവാനാണ് കുമാരന്‍ അവതരിച്ചിരിക്കുന്നത്. ആതിയിലെ ജനങ്ങളെ രണ്ടായി വിഭജിക്കുവാനും അവരില്‍ പകുതിയെ ഒപ്പം നിര്‍ത്തുവാനും കഴിയുന്നിടത്ത് കുമാരന്‍ വിജയം തുടങ്ങുകയാണ്. നഗരമാലിന്യങ്ങളുടെ ശ്മശാനഭൂമിയായ് ആതി മാറുവാന്‍ സമയമേതുമെടുക്കുന്നില്ല. ആതിയിലെ ജലത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്, കണ്ടല്‍ക്കാടുകളെ നശിപ്പിച്ചുകൊണ്ട്, മീനുകളുടെ ആവസവ്യവസ്ഥയെ തകര്‍ത്തെറിഞ്ഞുകൊണ്ട് വികസനം വരികയാണ്. പണമുള്ളവ്നൊപ്പം മാത്രം നില്‍ക്കുന്ന ഭരണനിയമവ്യവസ്ഥകളുടേ സഹായത്തൊടെ. എതിര്‍പ്പിന്റെ സ്വരമായ് വരുന്ന ദിനകരന്മാരൊക്കെ സത്യത്തില്‍ ആര്‍ക്കും വേണ്ടാത്തവരാണ്. ആസന്നമരണമടഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിക്കുപോലും വേണ്ടാത്തവര്‍. അവള്‍ സര്‍വ്വം സഹിക്കാന്‍ ശീലിച്ചിരി‍ക്കുന്നു.

വളരെ വലിയ വായനയും ചര്‍ച്ചയും ആകേണ്ടുന്ന ഒന്നാണ് ശ്രീമതി സാറാ ജോസെഫ് എഴുതിയ ഈ നോവല്‍. അനിയന്ത്രിതമായ രീതിയില്‍ നമ്മുടെ പരിസ്ഥിതിയേയും ജൈവവിവിധ്യങ്ങളേയും കൊള്ളയടിക്കുകയും ഒരു സംസ്കൃതിയെ മുഴുവന്‍ നാശോന്മുഖമാക്കിതീര്‍ക്കുകയും ചെയ്യുന്ന വികസനം എന്താണു നമ്മുടെ നാടിനു സമ്മാനിക്കുന്നത്. ഹരിതവര്‍ണ്ണം നിറഞ്ഞു നിന്നിരുന്ന, കാറ്റും മഴയും സുലഭമായിരുന്ന, തെളിനീരൊഴുക്കിയൊഴുകിയിരുന്ന എണ്ണമറ്റ നദികള്‍ ഉണ്ടായിരുന്ന, കണ്ണെത്താദൂരത്തോളം വയലേലകള്‍ നിറഞ്ഞുനിന്നിരുന്ന, തുമ്പയും തെച്ചിയും തൊട്ടാവാടിയും ശലഭങ്ങളും മിന്നാമിനുങ്ങുകളും ഒക്കെ ഉണ്ടായിരുന്ന തൊടികളും ഒക്കെ ഇന്നെവിടെയാണ്. ഏതു പാതാളദേശത്തേക്കാണിവര്‍ എന്നെന്നേയ്ക്കുമായെന്നവണ്ണം അപ്രത്യക്ഷമായത്. മലിനമല്ലാത്ത ഒരു ജലാശയം നമുക്കിന്ന്‍ കണ്ടെത്തുവാന്‍ കഴിയില്ല. എവിടെനോക്കിയാലും ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ മാത്രം. ഇതാണോ വിഭാവനം ചെയ്യപ്പെട്ട വികസനം. ഹരിത നിബിഡഭൂമിയെ കോണ്‍ഗ്രീറ്റ് കാടുകളായി രൂപാന്തിരപ്പെടുത്തുന്ന വികസനം.


ആതി ഒരടയാളപ്പെടുത്തലാണ്. സമീപഭാവിയില്‍ തന്നെ വരാന്‍ പോകുന്ന ഒരു ജലയുദ്ധത്തിന്റെ അടയാളപ്പെടുത്തല്‍.

ഭൂമി എല്ലാം സഹിക്കുവാനും പൊറുക്കുവാനും പഠിച്ചിരിക്കുന്നു. അവള്‍ക്കറിയാം ദുരമൂത്തവര്‍ കെട്ടിപ്പൊക്കിയുയര്‍ത്തുന്ന മണിമാളികകളുടെ ആയുസ്സെത്രയാണെന്ന്‍. തന്നോട് ചെയ്യുന്നതിന്റെ ഫലമനുഭവിപ്പിക്കാതെ അവള്‍ ആരെയും വിടുമെന്ന്‍ പ്രതീക്ഷിക്കുകയേ വേണ്ട. നാലുവശവും വെള്ളം നിറഞ്ഞ ഭൂമിയില്‍ നിന്നുകൊണ്ട് ഒരു തുള്ളി ശുദ്ധവെള്ളം കുടിയ്ക്കുവാനായി കേണുവിളിക്കുന്നവരുടെ തലമുറകളുടെ ദയനീയത ഓര്‍ത്തവള്‍ പൊട്ടിച്ചിരിക്കും. ഒടുവില്‍ വെള്ളം കുടിയ്ക്കാനാവാതെ തൊണ്ടപൊട്ടി മരിച്ച് മാസംവും മലവും പ്ലാസ്റ്റിക്കും ചപ്പുചവറുകളും നിറഞ്ഞ് കറുത്ത് കൊഴുത്തു അസഹ്യനാറ്റവും പ്രസരിപ്പിച്ച് കുത്തിയൊഴുകി നടക്കുന്നവളുടെ മടിത്തട്ടില്‍ പുതഞ്ഞ് കമിഴ്ന്നും മലര്‍ന്നും കിടക്കുന്നവരെ അമ്മാനമാടി അവള്‍ രസിക്കും. പ്രതികാരദാഹിയെപ്പോലെ

ആതി വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സു വിങ്ങിപ്പോയി. ആതിദേശക്കാരുടെ സങ്കടം എന്റേതുകൂടിയല്ലേ. ഈ എഴുത്തില്‍ ആദ്യമെഴുതിയിട്ടിരിക്കുന്നത് എന്റെ സ്വന്തം ഗ്രാമവും അതിന്റെ ഇന്നത്തെ അവസ്ഥയുമാണ്. ആരോ പറഞ്ഞിട്ടുള്ളതുപോലെ അവസാനത്തെ മരവും മുറിച്ചുനീക്കിയിട്ട്, അവസാനകൃഷിഭൂമിയും മണ്ണിട്ടുമൂടിയിട്ട്, അവസാനതുള്ളിവെള്ളവും മലിനമാക്കിതീര്‍ത്തിട്ട് മനുഷ്യന്‍ മനസ്സിലാക്കും. പച്ചനോട്ടുകെട്ടുകള്‍ തിന്നുതീര്‍ത്താല്‍ മാത്രം വയറുനിറയത്തില്ലെന്ന്‍..ആതി എന്റെ സങ്കടമാണ്..എല്ലാവരുടേയും സങ്കടമാണ്..വരാനുള്ള തലമുറയ്ക്കായ് കരുതിവച്ചിരിക്കുന്ന ദുരന്തത്തിന്റെ പതിപ്പാണ്. നാം ഇനിയെങ്കിലും ഉണരണം..ഇല്ലെങ്കില്‍..........

ശ്രീക്കുട്ടന്‍


21 comments:

  1. ആതി വായിച്ചിട്ടില്ല .കൈയെത്തും ദൂരെ ഇരിക്കുന്നുണ്ട്‌ .ആതി പകരുന്ന വായനാനുഭവം നല്‍ക്കുമെന്നു ഉറപ്പുതരുന്നു ഈ കുറിപ്പ്.എഴുത്തുക്കാരില്‍ നിന്നും തിരിച്ചറിവുകള്‍ നല്‍കുന്ന രചനകള്‍ ഇനിയും പിറക്കട്ടെ.

    ReplyDelete
  2. എന്‍റെ നാട്ടിലും ഇതാണ് സ്ഥിതി....

    ReplyDelete
  3. പശ്ചിമഘട്ട സംരക്ഷണം കൊടുമ്പിരികൊണ്ടുനില്‍ക്കുന്ന ഈ അവസരത്തില്‍ 'ആതി' നല്‍കുന്ന വായന ചിലരെയെങ്കിലും നന്മയിലേക്ക് നയിക്കട്ടെ !!!

    ReplyDelete
  4. കൊയ്ത്തും മെതിയും കഴിഞ്ഞ് കൂലിയായ് കിട്ടിയ നെല്ലുമായി അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ വയലില്‍ അരിച്ചുപെറുക്കാനിറങ്ങും. കൊയ്ത്ത് സമയത്ത് പൊഴിഞ്ഞടര്‍ന്നുവീണ നെല്‍ക്കതിര്‍ക്കുലകള്‍ പെറുക്കിയെടുക്കാനാണാ പരതല്‍.
    ഞാന്‍ എന്റെ ഗ്രാമത്തിലെ കണ്ടു മറന്ന കാഴ്ചകളിലേക്ക് പോയി ശ്രീക്കുട്ടാ.
    ആതി ഞാന്‍ വായിച്ചിട്ടില്ല .വായിക്കണം.

    ReplyDelete
  5. ആതിയെക്കുറിച്ച് നല്ലൊരു വിവരണം.

    ReplyDelete

  6. ആതിയിലേക്ക്‌ കയറിപ്പോകുന്തോറും അതിശയക്കാഴ്ചയുടെ അധികങ്ങളാണു നമ്മെ സ്വാഗതം ചെയ്യുന്നത്‌. പോകെപ്പോകെ ആതിയൊരു നടുക്കമായ്‌ ദുരന്തമായ്‌ നമ്മെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഇടക്കൊക്കെയും ആർദ്രമായ ചിലതിനെ ആവശ്യപ്പെടുകയും പരീക്ഷിച്ചറിയുകയും ചെയ്യുന്ന ജീവിതാനുഭവങ്ങൾ ആതിയെ കൂടുതൽ സ്വന്തത്തിലേക്ക്‌ ചേർക്കുകയും ചെയ്യുന്നു.

    ആതി സാധ്യമോ എന്ന ചോദ്യം ഒരു ദോഷൈക ദൃക്കിന്റെ കുശുമ്പ്‌ മാത്രമായി കാണാനാൺ എനിക്കിഷ്ടം. കാരണം, ആതി പല ഗ്രാമ്യ ജീവിതാവസ്ഥകളെയും ഒരുമിച്ച്‌ ചേർത്ത്‌ ഒരു വീടകമാക്കി മാറ്റുകയാണു ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ ആതി നമ്മിൽ നിന്നൊഴിവല്ല.

    പലഹാര വണ്ടികളെ ചതുപ്പിലേക്ക്‌ മറിച്ചിട്ടുകൊണ്ട്‌, കുട്ടികളോട്‌ ചതുപ്പ്‌ വേണോ പലഹാരങ്ങൾ വേണോ എന്ന് ചോദിക്കുന്ന മാജിക്കുകാരൻ നമ്മുടെയൊക്കെയും വീടകങ്ങളിലേക്ക്‌ നമ്മുടെയാരുടെയും അനുവാദം കൂടാതെ കയറി വരുന്ന പരസ്യക്കാരാണെന്ന തിരിച്ചറിവ്‌ മുതലാളിത്തത്തിന്റെ പ്രലോഭന തന്ത്രങ്ങളെ കരുതിയിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്‌.

    ഭക്ത ജനങ്ങളുടെ നിഷകളങ്കതയെ ചൂഷണം ചെയ്ത്‌ സമ്പന്ന വർഗ്ഗത്തിന്റെ കച്ചവടതാത്പര്യത്തിനനുസൃതമായി അവരുടെ മനസ്സിനെയും പരിസരങ്ങളെയും ഒരുക്കികൊടുത്ത്‌ കൂട്ടുകൃഷിക്കൊരുങ്ങുന്ന പുരോഹിത വർഗ്ഗവും ലോകത്തിന്റെ എല്ലാഭാഗത്തും കാണുന്ന മുതലാളിത്തത്തിന്റെ പങ്കുകാരെയാൺ കാണിക്കുന്നത്‌.

    നഗരങ്ങൾ ഗ്രാമങ്ങളിലേക്ക്‌ വലുതാകുന്ന വിധം ആതിയിലൂടെ കാണുമ്പോൾ അന്യാധിനിവേശങ്ങൾ എത്ര എളുപ്പത്തിലൂടെയാൺ സാധ്യമാകുന്നതെന്ന് ബോദ്ധ്യം വരും.

    അറിയുന്തോറും ആധി ഏറിയേറി വരുന്ന ഒരു വായനാനുഭവമാൺ ആതി. തലതിരിഞ്ഞ വികസന നയങ്ങളിലൂടെ പ്രകൃതിയെ നശിപ്പിക്കുകയും ജീവിതം ദു:സഹമാക്കി തീർക്കുകയും ചെയ്യുന്ന ദ്രോഹ നടപടികളിൽ നിന്നും സർക്കാരുകൾ പിന്തിരിയേണ്ടതിന്റെയും ഒരു ബദൽ രാഷ്ട്രീയവും വികസന പരിപാടികളും ഉയർന്നു വരേണ്ടുന്നതിന്റെ ആവശ്യകതയും ആതി മുന്നോട്ട്‌ വെക്കുന്നുണ്ട്‌. അതുതന്നെയാൺ ഇതിന്റെ വായനയെ നിർബന്ധിക്കുന്നതിന്റെ ഘടകവും.

    ReplyDelete
  7. ഒരു പുസ്തകം തന്നെ/ അത് കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ തര്‍ക്കമേതുമില്ലാതിരിക്കുമ്പോഴും അതിലെ പ്രശ്നത്തെ പ്രശ്നവത്കരിക്കുന്നതിലും കാരണത്തെ അന്വേഷിക്കുന്നതിലും കാണിക്കുന്ന വ്യത്യസ്ത സമീപന രീതികള്‍ വായനയിലെ ജനകീയാസ്വാദനത്തെയാണ് ഉയര്‍ത്തുന്നത്.

    ഇവിടെ ഇതാ ... നമ്മുടെ പ്രിയ സുഹൃത്ത് ശ്രീക്കുട്ടന്‍ അദ്ദേഹത്തിന്റേതായ സൗമ്യഭാഷയില്‍ ആതി വായിക്കുമ്പോള്‍ മറ്റൊരുദാഹരണം പോലും ആവശ്യമില്ലാത്ത വിധം അത് വെളിവാകുന്നു. ആതി ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ അഭിപ്രായൈക്യം ഉണ്ടാകുമ്പോഴും അതിന്റെ വിശദാംശങ്ങളില്‍ ഞങ്ങള്‍ രണ്ടഭിപ്രായക്കാരാകുന്നത് അതുകൊണ്ടാണ്.

    വായനാശംസകള്‍.

    ReplyDelete
  8. നല്ലൊരു അവലോകനമായി 'ആതി'യെക്കുറിച്ച്..
    ആശംസകള്‍

    ReplyDelete
  9. എതിരെ നില്‍ക്കുന്നവന്‍ തീവ്രവാദി
    ഭരണക്കാരുടെ ഇപ്പോഴത്തെ പല്ലവിയാണ്
    ഇന്ന് രാവിലെയും കേട്ടു.
    ആ‍ധിയേറുന്ന കാലം!

    ReplyDelete
  10. നന്നായിട്ടുണ്ട് ശ്രീയേട്ടാ, ആശംസകള്‍

    ReplyDelete
  11. ആതി വായിക്കണം.

    ReplyDelete
  12. അപ്പോൾ ‘ആതി’ഒട്ടും ആധിയില്ലാതെ വായിക്കാൻ പറ്റില്ല ..അല്ലേ
    നന്നായി അവലോകനം നടത്തിയ അസ്സൽ പരിചയപ്പെടുട്ടൽ ... !

    ReplyDelete
  13. കൊള്ളാം ശ്രീയേട്ടാ ......

    ReplyDelete
  14. ആധിയെറ്റീടുമോ ഈ ആതി!! വായിച്ചിട്ടില്ല -വായിക്കണം എന്ന് ഈ കുറിപ്പ് പറയുന്നു. നന്ദി മാഷെ

    ReplyDelete
  15. ആതി വായിച്ച് ആധിയായവനാണു ഞാൻ.. ഒരിക്കൽ കൂടെ വായിക്കണം..വായിച്ചേ പറ്റൂ..

    ReplyDelete
  16. ഇത് സർവ്വ സംഹാരിയാകും മുമ്പെ കുഴിയിലേക്കെടുത്താൽ മതിയായിരുന്നു..

    വായിച്ചു.. നല്ല എഴുത്ത്, വല്ലാത്ത നോവ്

    ReplyDelete
  17. വായിച്ചിട്ടില്ല.,
    വായിക്കണം..

    ReplyDelete
  18. വളരെ നല്ലൊരു അവലോകനം...ആതി വായിച്ചിട്ടില്ല...വായിക്കണം....

    ReplyDelete
  19. പുസ്തകം വായിച്ചിട്ടില്ല. അവലോകനം ഇഷ്ടമായി.
    വരികളിലെ ലാളിത്യം അല്ലെങ്കില്‍ മിതത്വം എന്നൊക്കെ പറയാവും വിധമുള്ള ഈ എഴുത്ത് തന്നെ വായന സുഖകരമാക്കി.

    ReplyDelete
  20. വായിച്ച് എനിക്കും ആധിയായി. നല്ല എഴുത്ത്..

    ReplyDelete
  21. സാറാ ജോസെഫിന്റെ ആതി - എനിയ്ക്ക് ഏറെ ആധി നല്കിയ പുസ്തകം ... മനുഷ്യനും മണ്ണിനും പ്രകൃതിയ്ക്കും അതിലെ മറ്റു സസ്യജീവജാലങ്ങൾക്കുമായി ഒരു പ്രാർത്ഥന.....വായിച്ചവയിൽ മറക്കാതിരിയ്ക്കാൻ പകർത്തിയ വരികൾ താഴെ പകര്ത്തുന്നു

    ആതിയിൽ നമ്മളെല്ലാവരും അറിയേണ്ട ജലപാഠങ്ങൾ അനവധി ഉണ്ടെങ്കിലും ഇന്നലെ വീണ്ടും എന്റെ മനസ്സിലേയ്ക്ക് ഓടിവന്ന പച്ചവള എന്ന പാഠത്തെ താഴെ പകർത്തുന്നു.

    വെള്ളം ഷൈലജയോട് പറഞ്ഞത്:

    വെള്ളം എന്തൊക്കെ കൊണ്ടു വന്നു? ഷൈലജ അറപ്പോടെ ഓർത്തു. അടുക്കളയോട് ചേർന്ന് പോകുന്ന വള്ളച്ചാല് കവിഞ്ഞ് വെള്ളം അടുക്കളവാതില്ക്കലെത്തി. കറുത്ത് കുറുകിയ വെള്ളം കണ്ട് അവൾക്കു ഓക്കാനം വന്നു. ചീഞ്ഞു പൊന്തിയ മാംസാവിഷ്ടങ്ങളുടെ ഒരു തുരുത്ത് ഓളങ്ങളിൽക്കിടന്ന് കളിയാടി. അസഹ്യമായ ദുര്ഗന്ധം പൊന്തി. വെള്ളത്തിന്‌ ഒഴുക്കുണ്ടായിരുന്നില്ല! ചില ദിവസങ്ങളിൽ വെള്ളം കുറച്ചൊന്നിറങ്ങി നിന്നു. അന്ന് മുറ്റം മുഴുവൻ കറുത്ത് കുറുകിയ ചളി കെട്ടിക്കിടന്നു.അടുക്കളവാതിൽ തുറക്കാൻ വയ്യെന്നായി. കണ്ണിനുമുന്നിൽ അസുഖകരമായ കാഴ്ചകൾ മാത്രമായി.

    പനമ്പുതട്ടിയുടെ കിളിവാതിൽ പൊക്കിവെച്ച്, അവൾ വെള്ളച്ചാലിലേയ്ക്ക് നോക്കിയിരിയ്ക്കും. കണ്ണാടി പോലെ തെളിഞ്ഞ വെള്ളവും വെയിലും പച്ചയും നിറഞ്ഞു നിന്ന ഒരു ലോകം ഉണ്ടായിരുന്നു. ആകാശവിതാനം താഴേയ്ക്കിറങ്ങി വരാൻ കൊതിച്ചിരുന്ന ഒരു ലോകം. തെളിവെള്ളത്തിൽ മേഘങ്ങളായ മേഘങ്ങളൊക്കെയും പ്രതിബിംബിച്ചു കിടന്നു. ഷൈലജയുടെ പാദസരങ്ങൾ വള്ളച്ചാലിനെ എപ്പോഴും പൊട്ടിച്ചിരിപ്പിച്ചു. കാശപ്പുല്ലുകൾ കാറ്റിലാടി ഷൈലജയുടെ സ്വപ്നങ്ങള്ക്ക് ചിറകുകൊടുത്തു. പൂപ്പരത്തികളുടെ ഇളംമഞ്ഞപ്പൂക്കൾ വെള്ളത്തിൽ വീണ് ഒഴുകിപ്പോയി.

    ഇപ്പോൾ ജീവിതം ഷൈലജയ്ക്കു ആകെ അറപ്പായി. അച്ഛൻ എവിടെ നിന്നോ വലിയ കല്ലുകൾ താങ്ങിപ്പിടിച്ചു കൊണ്ടുവന്ന് മുറ്റത്തിട്ടുകൊടുത്തു.കല്ലുകൾക്ക് മീതെയും പെരുവിരൽ കുത്തിയാണ് ഷൈലജ നടന്നത്. അവഗണിതയും അപമാനിതയുമായി, വെള്ളം, കല്ലുകൾക്ക് ചുറ്റും കറുത്ത് പതഞ്ഞു കിടന്നു. ഷൈലജാ നീരോട്ടങ്ങളെപ്പറ്റി തീരെ അറിവില്ലാത്തവളെപ്പോലെ നീ പെരുമാറുന്നു.

    വെള്ളം അവളോട്‌ പറഞ്ഞു. എന്നാൽ വിരൽത്തുമ്പുപോലും വെള്ളത്തിൽ തട്ടാതിരിയ്ക്കാൻ സൂക്ഷിച്ചുകൊണ്ട്‌ ഷൈലജ നടന്നു. വെള്ളം പിന്നാലെ ചെന്നു. " നിന്റെ ഹൃദയത്തോട് ചോദിയ്ക്ക്. ഞരമ്പുകളോട് ചോദിയ്ക്ക്. ഉദരത്തോടും ശ്വാസകോശങ്ങളോടും ചോദിയ്ക്ക്. അകത്തും പുറത്തും നിന്നെ കഴുകി വെടുപ്പാക്കിക്കൊണ്ട് സദാ ചുറ്റിത്തിരിയുന്നത് ആരാണെന്ന്!

    ഷൈലജയ്ക്കതറിയാം. അവൾക്കതിന് നന്ദിയുണ്ട്. " എനിയ്ക്ക് അറച്ചിട്ടു വയ്യ. " അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു. എന്നെ എന്തിനറയ്ക്കുന്നു? ഞാൻ സ്വയം അഴുക്കല്ലെന്ന് നിനക്കറിയാമല്ലോ? ഞാൻ അഴുക്കുകളെ ഒഴുക്കിക്കൊണ്ടുപോകുന്നു. തോട്ടിയും തൂപ്പുകാരിയെയും പോലെ.

    എന്നെ തടഞ്ഞുനിര്ത്തിയതെന്തിന് ? എന്റെ വഴിമുടക്കിയതെന്തിന്? പോകുന്ന പോക്കിൽ പുല്ലുപുഷ്പാദികളെ നനച്ചും പോഷിപ്പിച്ചും കഴുകി വെടുപ്പാക്കിയും ഞാനങ്ങനെ ചുറ്റിത്തിരിഞ്ഞേനെ!

    മണ്ണിൽ നിന്ന് മാനത്തേയ്ക്ക്. മാനത്തുനിന്ന് താഴത്തേയ്ക്ക്. മണ്ണിലൂടരിച്ചിറങ്ങി ഭൂഗർഭത്തിലേയ്ക്ക്. വേരിലൂടെ പിടിച്ചുകേറി ഇലകളുടെ തുമ്പിലേയ്ക്ക്...കൈക്കുമ്പിളിലെടുത്ത് നീ കുടിയ്ക്കുമ്പോൾ നിന്നിലേയ്ക്ക്.നിന്നിൽനിന്ന് പിന്നെയും മണ്ണിലേയ്ക്ക്.

    സഞ്ചാരീ, ഒരു നിമിഷം ഒന്നിളവേൽക്കൂ. കാറ്റ് എന്നോട് പറയാറുണ്ട്‌. ഞാനെങ്ങനെ ഇളവേൽക്കും? പ്രാണസഞ്ചാരമല്ലേ ഞാൻ? ഞാനൊഴുക്ക് നിർത്തിയാൽ പ്രാണൻ നിലയ്ക്കും. നിനക്കതറിയാമല്ലോ ഷൈലജാ? ഷൈലജയ്ക്ക് കാലിടറി.

    അച്ഛൻ കൊണ്ട് വന്നിട്ട കല്ലിന്മേൽ നിന്ന് തെന്നി അവൾ മലിനജലത്തിൽ കാൽ കുത്തി. അവൾക്കൊരു കറുത്ത പാദസരം കിട്ടി.

    ReplyDelete