ഈ എഴുത്തിന്റെ കാരണഭൂതര്‍ പാലാരിവട്ടം ശശി, സച്ചിന് കെ എസ് എന്നിവരാണു. പാലാരിവട്ടം ശശിയുടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് പോസ്റ്റും അതിന്റെ കമന്റുകളും ഭംഗിയായ് അടുക്കിപ്പെറുക്കിവച്ച് സച്ചിന് കെ എസ് ഒരു പിഡി എഫ് ഫയല്‍ ഉണ്ടാക്കുകയുണ്ടായി. അംഗങ്ങളുടെ കമന്റുകളുടെ രീതിയിലുണ്ടായിരുന്ന ആ പിഡി എഫ് ഫയലിനെ ഒന്ന് മാറ്റിയെടുത്ത് അല്‍പ്പം കുറച്ച് വിവരങ്ങള്‍ ഗൂഗിളില്‍ നിന്നും പിന്നെ ചില സുഹൃത്തുക്കളില്‍ നിന്നും ചില വാചകങ്ങള്‍ സ്വന്തമായിട്ടും എഴുതിയതാണിത്. ചിത്രങ്ങള്‍ എല്ലാം കടം കൊണ്ടതു തന്നെ. സര്‍വ്വ വിനാശകാരിയായ് മാറിയ രണ്ടാം ലോകമഹായുദ്ധത്തിനെക്കുറിച്ച് ആര്‍ക്കെങ്കിലും കൂടുതലായി അറിയാമെങ്കില്‍ ദയവു ചെയ്ത് പങ്കുവയ്ക്കുക.
രണ്ടാം ലോകമഹായുദ്ധം (1939 -1945)
നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ മഹായുദ്ധത്തിൽ 72 ദശലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. അതിലുമെത്രയോ അധികം പേര് അംഗഭംഗം നേരിട്ടവരായി. എഴുപതിലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി പരസ്പ്പരം പോരടിച്ചു. സര്‍വ്വവിനാശകാരിയായ അണുബോംബ് വര്‍ഷിക്കപ്പെട്ട് ജപ്പാന് എന്ന രാജ്യം ഒരു കുരുതിക്കളമായ് മാറി. അമേരിക്ക എന്ന ലോകശക്തന്‍ പിറവികൊണ്ടു. ഹിറ്റ്ലര്‍, മുസ്സോളിനി തുടങ്ങിയ ഏകാധിപത്യസ്വേച്ഛാദിപതികള്‍ കൊല്ലപ്പെട്ടു. പല രാജ്യങ്ങളും സാമ്പത്തികമായ് തകര്‍ന്നടിഞ്ഞു. പുതിയ സാമ്പത്തിക ശക്തികള്‍ ഉദയം ചെയ്തു. എണ്ണിയാലൊടുങ്ങാത്ത പുതിയ പുതിയ ആയുധങ്ങള്‍ കണ്ടെത്തി. ചുരുക്കിപ്പറഞ്ഞാല്‍ ലോകഗതിയെ സമൂലപരിവര്‍ത്തനം നടത്തിയ ഒരു മഹാപ്രളയമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ഈ മഹായുദ്ധത്തിനുണ്ടായ കാരണങ്ങള്‍ എന്തായിരുന്നു? അല്ലെങ്കില്‍ എങ്ങിനെയാണു ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഈ മഹാമാരിയിലേക്ക് വലിച്ചിഴക്കപ്പെട്ടത്? ആരായിരുന്നു ഇതിനുത്തരവാദികള്‍? ഒരന്വോഷണം.
ഒന്നാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ജര്‍മ്മനി 20 വര്‍ഷം കൊണ്ട് ഒരു മഹാശക്തിയായ് പുനരവതാരമെടുക്കുകയും ഹിറ്റ്ലര്‍ എന്ന അവരുടെ സ്വേച്ഛാതിപതിയായ നേതാവിന്റെ ചെയ്തികളാലുമാണ് ലോകത്തെ മുഴുവന്‍ ദുരിതത്തിന്റെ കയത്തിലേയ്ക്ക് തള്ളിവിട്ട രണ്ടാം ലോകമഹായുദ്ധമെന്ന മഹാമാരി സംഭവിക്കുവാനിടയായത്. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മറ്റൊരു മഹായുദ്ധത്തിനുള്ള മണിമുഴക്കം പലയിടത്തുനിന്നും ഉയര്‍ന്നുകേട്ടിരുന്നു. അതുകൊണ്ട് തന്നെ പല രാജ്യങ്ങളും തങ്ങളുടെ സ്ഥിതി അപകടം കൂടാതെ സംരക്ഷിക്കുന്നതിനായ് മറ്റു പ്രബല രാജ്യങ്ങളുമായ് സഖ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ ഉത്സാഹിച്ചിരുന്നു. ഇപ്രകാരം യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും പരസ്പ്പരം സഖ്യങ്ങളിലേര്‍പ്പെടുകയും ഏതെങ്കിലും ഒരു കാരണവശാല്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തെ കടന്നാക്രമിച്ചാല്‍ ആ രാജ്യത്തെ സഹായിക്കുവാന്‍ ബാധ്യസ്ഥരായി മാറുകയും ചെയ്തു. ഇപ്രകാരം പരസ്പ്പരമുള്ള സഖ്യങ്ങള്‍ ഒരു ചങ്ങലപോലെ ഒട്ടുമിക്ക രാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ചു.
1939 സെപ്തംബര്‍ 1 നു ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുന്നതോടെയാണ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ രണ്ടാം ലോകമഹായുദ്ധം ഔദ്യോഗികമായ് ആരംഭിക്കുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലോകരാജ്യങ്ങള്‍ മുമ്പുണ്ടാക്കപ്പെട്ട സഖ്യങ്ങളനുസരിച്ച് രണ്ട് ചേരിയായ് തിരിയപ്പെട്ടു. സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളുമായിരുന്നു ഈ രണ്ട് ചേരികള്‍.
ബ്രിട്ടണ്, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്, ചൈന, അമേരിക്ക എന്നിവരായിരുന്നു സഖ്യകക്ഷികളിലെ പ്രബലര്‍.
ജര്‍മ്മനി, ജപ്പന്, ഇറ്റലി എന്നിവര്‍ അച്ചുതണ്ട് ശക്തികളും.
ലോകത്തെ മുഴുവന്‍ ഒരു മഹായുദ്ധത്തിലേയ്ക്ക് തള്ളിവിടപ്പെട്ടതിന്റെ കാരണങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാന ഉത്തരവാദികള്‍ മൂന്നു രാജ്യങ്ങളും അവയുടെ നേതാക്കളുമായിരുന്നു. അവ ജര്‍മ്മനി- ഹിറ്റ്ലര്‍, ഇറ്റലി - മുസ്സോളിനി , ജപ്പാന് - ഹിരോഹിതോ ചക്രവര്‍ത്തി എന്നിവരായിരുന്നു.
കൂടുതലും യൂറോപ്യന്‍ വന്‍ കര കേന്ദ്രമാക്കി നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 1919 ല്‍ പാരീസില്‍ വച്ച് ഒപ്പിട്ട വെഴ്സായ്സ് ഉടമ്പടിപ്രകാരം ഒന്നാം ലോകമഹായുദ്ധത്തിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ ജര്‍മ്മനിയും കൂട്ടുരാജ്യങ്ങളുമാണെന്ന് സ്ഥാപിക്കപ്പെട്ടു. ഉടമ്പടിപ്രകാരം ജര്‍മ്മനി ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങള്‍ തിരിച്ചു നല്‍കാനും സമ്പൂര്‍ണ്ണ നിരായുധീകരണം നടപ്പിലാക്കുവാനും സഖ്യകക്ഷികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കുവാന് ബാധ്യസ്ഥരായി തീരുകയും ചെയ്തു. ലക്ഷക്കണക്കിന് ജര്‍മ്മന്‍ പടയാളികളും ജനങ്ങളും മരിച്ചുവീഴുകയും സാമ്പത്തികമായ് താറുമാറാവുകയും ലോകരാജ്യങ്ങളുടെ മുന്നില്‍ തലകുമ്പിട്ട് നില്‍ക്കേണ്ടിവരികയും ചെയ്ത ജര്‍മ്മനിയുടെ ഗതികേടാണ് ലോകത്തെ വീണ്ടുമൊരു മഹായുദ്ധത്തിലേയ്ക്ക് തള്ളിവിടാനിടയാക്കിയത്. കനത്ത നാശനഷ്ടങ്ങളും അപമാനവും സഹിക്കേണ്ടിവന്ന ജര്‍മ്മന്‍ ജനതയ്ക്കുള്ളില്‍ ഒരസംതൃപ്തി പുകയുന്നതിനിടയിലാണ് യുദ്ധം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം സാക്ഷാല്‍ അഡോല്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസി പാര്‍ട്ടി ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്നത്. തികച്ച് പത്തുവര്‍ഷമെടുക്കുന്നതിനുമുന്നേ തന്നെ ജര്‍മ്മനിയെ ലോകത്തിലെ എണ്ണം പറഞ്ഞ ഒരു ശക്തിയായ് ഹിറ്റ്ലര്‍ മാറ്റിയെടുത്തു.
അഡോള്‍ഫ് ഹിറ്റ്ലര്‍
രണ്ടാം ലോകമഹായുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ ഏറ്റവും മുന്‍ നിരയിലെത്തുന്ന പേര് അഡോള്‍ഫ് ഹിറ്റ്ലറിന്റേതാണ്. ജര്‍മ്മനിയെ എങ്ങനെയാണു ഒരു ലോകശക്തിയും റഷ്യ,ബ്രിട്ടന്,അമേരിക്ക എന്നീ വന്‍ ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ തക്ക കഴിവുമുള്ളതാക്കി വളര്‍ത്തിയത് എന്നത് കൊതുകകരമാണ്. ഹിറ്റ്ലര്‍ ശരിക്കും ഒരു ജർമ്മൻ പൌരനല്ലായിരുന്നു. ആസ്ട്രിയായിൽ ആണ് ഹിറ്റ്ലര്‍ ജനിച്ചത്. യാതനകള്‍ നിറഞ്ഞ ബാല്യം. അമ്മയോട് മാത്രമാണ് അടുപ്പം ഉണ്ടായിരുന്നത്. അച്ഛന് ക്രൂരനും മുരടനും ആയിരുന്നു. ഒരു ചിത്രകാരന് ആവാനാഗ്രഹിച്ച ഹിറ്റ്ലര്‍ പക്ഷെ പട്ടാളക്കാരനായി തീരുകയാണുണ്ടായത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ നിരയില്‍ ഒരു സൈനികനായി സേവനമനുഷ്ടിച്ച ഹിറ്റ്ലര്‍ തന്റെ രാജ്യത്തിനു നേരിട്ട പരാജയത്തില്‍ ദുഃഖിതനായിരുന്നു. യുദ്ധത്തിൽ പങ്കെടുത്തു കഴിഞ്ഞു ഒരു ജോലിയൊന്നുമില്ലാതെ കുറെക്കാലം നടന്ന ഹിറ്റ്ലര്‍ പട്ടാളത്തിന്റെ പ്രസ് ആൻഡ് ന്യൂസ് ബ്യൂറോയിൽ ചേർന്നു. അവിടെ വെച്ച് തന്റെ പ്രസംഗ വൈദഗ്ധ്യവും ജൂത വിരോധവും കാരണം പതുക്കെ ഉയരാൻ തുടങ്ങുകയും, പൊതു പ്രസംഗങ്ങൾ നടത്താനും തുടങ്ങി.തുടര്‍ന്ന് ഇന്റലിജെന്‍സ് ഓഫീസറായി നിയമിക്കപ്പെട്ട ഹിറ്റ്ലര്‍ ജർമ്മൻ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അതിന്റെ സ്ഥാപകരിൽ ഒരാള്‍ ആയ ടെക്സലറുടെ ജൂത, കമ്യൂണിസ്റ്റ് വിരോധവും തീവ്ര ദേശീയതയും ഹിറ്റ്ലറെ വല്ലാതെ ആകര്‍ഷിച്ചു. താമസിയാതെ ഹിറ്റ്ലര്‍ പാര്‍ട്ടിയുടെ ചീഫ് പ്രോപ്പഗാണ്ട ഓഫീസർ ആയിമാറി. പാര്‍ട്ടിയുടെ പേര് മാറ്റി നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വര്‍ക്കേഴ്സ് പാര്‍ട്ടി (നാസി) എന്നാക്കി. ഹിറ്റ്ലര്‍ തന്നെയാണ് സ്വസ്തിക പാര്‍ട്ടിയുടെ ചിഹ്നമാക്കിയതും.
1923 ല്‍ ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ ഒരു പട്ടാള അട്ടിമറി ശ്രമം ജര്‍മ്മനിയില്‍ നടക്കുകയുണ്ടായി. എന്നാല്‍ ബീർ ഹാൾ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്ലര്‍ തടവറയ്ക്കുള്ളിലായി. ആ തടവുകാലത്തിനിടയിലാണ് ഹിറ്റ്ലര്‍ തന്റെ പ്രസിദ്ധമായ മെയിന്‍ കാംഫ്(എന്റെ പോരാട്ടങ്ങള്‍) എന്ന ആത്മകഥയെഴുതുന്നത്. ജയിലലടയ്ക്കപ്പെട്ട സമയത്തുതന്നെ ഹിറ്റലര്‍ക്ക് സാമാന്യം നല്ല ജനപിന്തുണയുണ്ടായിരുന്നു. ചടുലമായ പ്രഭാഷണങ്ങളിലൂടെയും ജര്‍മ്മന്‍ ദേശീയതയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഹിറ്റ്ലര്‍ ആരാധ്യനായ് മാറുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മോചിതനായ ഹിറ്റലര്‍ തന്റെ പ്രഭാഷണങ്ങളിലൂടെ ജര്‍മ്മന്‍ ജനതയുടെ നേതാവായ് വളര്‍ന്നു.നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി എന്ന നാസി പാര്‍ട്ടിയെ പരമാവധി ശക്തിപ്പെടുത്തിയ ഹിറ്റ്ലര്‍ രാജ്യത്തിന്റെ സാമ്പത്തികവും സൈനികവുമായ പോരായ്മകള്‍ ഇല്ലാതാക്കുവാന്‍ കഠിനശ്രമങ്ങളാരംഭിച്ചു.
ജർമ്മൻ ദേശീയത,കമ്യൂണിസ്റ്റ് വിരുദ്ധത,ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഹിറ്റ്ലർ തന്റെ ജനപ്രീതി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. യൂറോപ്യൻ വർകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജർമ്മൻ ജനതക്ക് വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യം അദ്ദേഹത്തിന്റെ ദേശീയ, പ്രാദേശിക നയങ്ങളിലുണ്ടായിരുന്നു. 20 വർഷം മുൻപ് വെഴ്സായ്സ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും, ലോകത്തിൽ ശുദ്ധരക്തത്തിന് ഏക ഉടമകളെന്ന് ഹിറ്റ്ലർ അവകാശപ്പെട്ടിരുന്ന ആര്യന്മാരുടെ സമ്പൂർണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു.
ഹിറ്റ്ലര്‍ നല്ലൊരു ചിത്രകാരന് കൂടിയായിരുന്നു. മരണശേഷം ഹിറ്റ്ലറുടെ ചിത്രങ്ങള്‍ വന്‍ വിലയ്ക്കാണ് ലേലത്തില്‍ പോയത്. ഹിറ്റ്ലര്‍ വരച്ച ഒരു ചിത്രം.
സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചിലരും ചില ധനിക ജൂതകച്ചവടക്കാരും ചേര്‍ന്ന് ഒന്നാം ലോകമഹായുദ്ധസമയത്തും മറ്റും നടത്തിയ കൈക്കൂലിയുടെയും കൊള്ളലാഭത്തിന്റെയും വിവരങ്ങൾമാടങ്ങിയ ഒരു കുംഭകോണവാര്‍ത്ത (ബാര്‍മത് കുംഭകോണം) ഈ സമയത്ത് പുറത്തുവന്നു. അന്ധമായ ജൂതവിരോധം വച്ചുപുലര്‍ത്തിയിരുന്ന ഹിറ്റ്ലര്‍ ഈ അവസരം ശരിക്കും മുതലെടുത്തു. യുദ്ധത്തിന്റെ ഇടയിൽ പോലും ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളും ജൂതന്മാരും എന്ന് പ്രചരിപ്പിക്കാൻ ഹിറ്റ്ലറെ ഇത് സഹായിച്ചു.
ഇതോടെ നാസി പാര്‍ട്ടിയുടെ വളര്‍ച്ച ത്വരിതവേഗത്തിലായി എങ്കിലും തിരഞ്ഞെടുപ്പുകളിൽ കാര്യമായ പ്രകടനം കാഴ്ച വെക്കാൻ അവര്‍ക്ക് കഴിഞ്ഞില്ല. താമസിയാതെ നാസി പാര്‍ട്ടിക്കാരും കമ്മ്യൂണിസ്ടുകളും തമ്മിലുള്ള ലഹളകള്‍ സ്ഥിരമായി ഉണ്ടാകാൻ തുടങ്ങി. അതോടെ നാസികൾക്ക് പല പല എതിര്‍പ്പുകളും സർക്കാരിൽ നിന്നും നേരിട്ട് തുടങ്ങി. എങ്കിലും പാര്‍ട്ടിയുടെ ജന സമ്മതി വളര്‍ന്നു കൊണ്ടിരുന്നു. ഹിറ്റ്ലറെ ഒരു രക്ഷകൻ ആയി ജനങ്ങള്‍ കാണാൻ തുടങ്ങി. പതുക്കെ പതുക്കെ നാസികള്‍ ജൂതന്മാരെ പരസ്യമായി ആക്രമിക്കാൻ തുടങ്ങി. ചില കൊലപാതകങ്ങൾ കാരണം പല നാസി പാര്‍ട്ടി നേതാക്കളുടെയും പരസ്യ പ്രസംഗം നിരോധിച്ചെങ്കിലും ഗീബല്സിനെപ്പോലെയുള്ളവരുടെ പ്രസംഗങ്ങൾ റിക്കോര്‍ഡ് ചെയ്തു ആള്‍ക്കാരെ കേള്‍പ്പിക്കാൻ തുടങ്ങി. ഹിറ്റ്ലര്‍ യൂത്ത്, എസ എസ എന്നിവ ബാൻ ചെയ്യപ്പെട്ടു. പക്ഷെ അധികം കഴിയുന്നതിനു മുന്‍പ് നിരോധനം പിന്‍വലിക്കപ്പെട്ടു. ഭരണ കക്ഷിയിൽ പോലും നാസികളുടെ തീവ്ര ദേശീയതയും ജൂത വിരോധവും ഉളവാക്കാൻ കഴിഞ്ഞത് കൊണ്ടായിരുന്നു അത്. തിരഞ്ഞെടുപ്പുകളിൽ നാസി പാര്‍ട്ടി ശക്തി കാണിക്കാൻ തുടങ്ങുകയും ഒരു കൂട്ട് കക്ഷി സംവിധാനത്തിലൂടെ ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ ചാൻസലർ ആകുകയും ചെയ്തു.
കൂട്ട് കക്ഷി ഭരണത്തിൽ സംതൃപ്തനല്ലാതിരുന്ന ഹിറ്റ്ലർ ഗവണ്മെന്റ് പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ സമയത്താണ് കുപ്രസിദ്ധമായ പാര്‍ലമെന്റ് മന്ദിരം കത്തിക്കൽ നടന്നത്. ഹിറ്റ്ലറുടെ ആൾക്കാർ പാര്‍ലമെന്റ് മന്ദിരം കത്തിക്കുകയും അതിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്ടുകളുടെ തലയിലിടുകയുമാണുണ്ടായത്. ഇതിനെ തുടർന്ന് കമ്മ്യൂണിസ്റ്റുകൾ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും ചെയ്തു. ജനങ്ങളിൽ കമ്യൂണിസ്റ്റ് വിരോധം കൂട്ടുകയും ഇത്തരം ദേശ ദ്രോഹികളിൽ നിന്നുള്ള രക്ഷക്ക് ശക്തനായ ഭരണാധികാരി ഹിറ്റ്ലർ മാത്രം എന്ന ചിന്തക്ക് ആക്കം കൂട്ടുകയും ചെയ്തു. പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ലാതെ തന്നെ ചാൻസലർ ആയ ഹിറ്റ്ലറിനു നിയമങ്ങള്‍ പാസാക്കാനുള്ള അധികാരം കിട്ടുന്നതിനായ് പുതിയൊരു ആക്റ്റ് കൊണ്ടു വന്നു. ഈ നിയമത്തിന്റെ മറപറ്റി പ്രതിപക്ഷ പാര്‍ട്ടികളിലെ ഒട്ടുമിക്കപേരെയും തടവിലടച്ചു. കൂടുതല്‍ അധികാരം കിട്ടിയ ഹിറ്റ്ലര്‍ തന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. കമ്യൂണിറ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു.ട്രേഡ് യൂണിയനുകൾ പിരിച്ചുവിടപ്പെട്ടു. കമ്മ്യൂണിസ്റ്റ് ജൂത ആശയങ്ങള്‍ അടങ്ങിയ മുഴുവന്‍ പുസ്തകങ്ങളും ചുട്ടെരിക്കപ്പെട്ടു. ഒന്നൊന്നായ് ചെറു രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം നിരോധിപ്പിച്ചു. വിമത ശബ്ദം ഉയര്‍ത്തിയ കുറേപ്പേരെ തിരഞ്ഞു പിടിച്ചു വെടി വെച്ച് കൊല്ലുകയും ചെയ്തു. പ്രസിഡന്റിന്റെ മരണശേഷം മുഴുവന്‍ അധികാരങ്ങളും ചാന്‍സലറായ ഹിറ്റ്ലറില്‍ വന്നു ചേരുമെന്ന തരത്തില്‍ പുതിയൊരു നിയമം പാസ്സാക്കപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെ പ്രസിഡന്റ് മരണമടയുകയുണ്ടായി. അദ്ദേഹത്തെ കൊന്നതാണെന്നും പറയുന്നു.
ദേശ ദ്രോഹബന്ധം ആരോപിച്ചു കമ്മുണിസ്റ്റ്, ജൂത ആശയങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ കത്തിക്കുന്ന നാസികള്‍.
പട്ടാളക്കാരുടെ രാജ്യത്തോട് കൂറ് കാട്ടും എന്നുള്ള പ്രതിജ്ഞയെ മാറ്റി ഹിറ്റലറിനോദ് കൂറ് കാണിക്കും എന്നാക്കിമാറ്റിപ്പിച്ചു. യുദ്ധത്തിനായി തയ്യാറെടുക്കാൻ പറഞ്ഞതിനെ എതിര്‍ത്ത പ്രതിരോധ മന്ത്രിയെ രാജി വയ്പ്പിച്ചു. പല കമാന്‍ഡര്‍ മാരെയും പുറത്താക്കി. സൈന്യത്തിൽ ഒരു ശുദ്ധീകരണം ആരംഭിക്കുകയും നാസി താല്പര്യങ്ങൾ പുലര്‍ത്താത്ത ഓഫീസര്‍മാരെ ഒഴിവാക്കുകയും ചെയ്തു. എന്തായാലും ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജര്‍മ്മനിയെ തന്നെ മാറ്റി മറിച്ചു. ഇതിനൊക്കെ പ്രധാനമായും പണം കണ്ടെത്തിയത് ദേശ വിരുദ്ധർ എന്ന് മുദ്ര കുത്തിയവരുടെ സ്വത്തുക്കൾ കണ്ടു കെട്ടിയാണ്. തൊഴിലില്ലായ്മ ഒറ്റയടിക്ക് അറുപതു ലക്ഷത്തിൽ നിന്നും പത്തു ലക്ഷമായി കുറഞ്ഞു.
ഹിറ്റ്ലറെ അഭിസംബോധന ചെയ്യുന്ന നാസി പട്ടാളം
വെഴ്സായ്സ് ഉടമ്പടിപ്രകാരം ഉണ്ടായിരുന്ന നിരായുധീകരണ വ്യവസ്ഥയെ കാറ്റില്‍ പറത്തിക്കൊണ്ട് ഹിറ്റ്ലര്‍ വീണ്ടും വായൂ സേന രൂപവത്ക്കരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലുഫ്റ്റ് വാഫെ എന്ന ജര്‍മ്മന്‍ വായു സേന പൂര്‍വ്വാധികം ഭംഗി ആയി പുനസംഘടിക്കപ്പെട്ടു. ഏറ്റവും പുതിയ ടെക്നോളജി ഒത്തു ചേര്‍ന്ന ഇവ അന്ന് നിലവിലുണ്ടായിരുന്ന ഏതൊരു വ്യോമ സേനയെക്കാളും മികച്ചു നില്ക്കുന്ന ഒന്നായിരുന്നു. ധാരാളമായി ആയുധങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ടു. തോക്കുകളും ടാങ്കുകളും എന്ന് വേണ്ട ജര്‍മ്മന്‍ നിര്‍മ്മിത വസ്തുക്കളെല്ലാം മേന്മയുടെയും സാങ്കേതിക തികവിന്റെയും ഉദാഹരണങ്ങളായിരുന്നു.ഇതിനെ തുടർന്ന് ജര്‍മ്മനി ലീഗ് ഓഫ് നേഷനിൽ നിന്നും പുറത്തു വന്നു. പക്ഷെ ഈ ആയുധ സംഭരണം ജർമ്മൻ സാമ്പത്തികസ്ഥിതിയെ ബാധിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് ഒരു ചതുര് വത്സര പദ്ധതി കൊണ്ട് വരപ്പെട്ടു. ജൂത-കമ്യൂണിസ്റ്റ് ശക്തികള്‍ക്കെതിരെ ജർമ്മൻ ദേശീയത എന്നതായിരുന്നു ഇതിന്റെ നയം. ഹിറ്റ്ലറിന്റെ ആദ്യ താല്പര്യം ഒരു ജർമ്മൻ ബ്രിട്ടണ് സഖ്യത്തിനായിരുന്നെങ്കിലും ആ താല്പര്യം ഉപേക്ഷിക്കുകയും, ഇറ്റലിയോടും ജപ്പാനോടും ചേര്‍ന്ന് ആക്സിസ് പവേഴ്സ് എന്ന സഖ്യം രൂപവൽക്കരിക്കുകയും ചെയ്തു. ജര്‍മ്മനിയുടെ ധന സ്ഥിതി മോശമാവുകയാല്‍ ഓസ്ട്രിയയേയും ചെക്കൊസ്ലാവാക്യയേയും ആക്രമിച്ചു കീഴടക്കി അവിടുത്തെ സമ്പത്ത് എടുക്കാം എന്ന് ഹിറ്റലര്‍ തീരുമാനിച്ചു.
ജൂത വിരോധം കാണിക്കുന്ന ജര്‍മ്മനിയിലെ ഒരു പോസ്റ്റര്‍.
ജര്‍മ്മനിയില്‍ ജൂത വിരോധം കേവലം ഹിറ്റ്ലർ മാത്രം കൊണ്ട് വന്നതല്ല. പൊതുവിൽ യൂറോപ്പിനു ജൂതരോട് പ്രതിപത്തി ഇല്ലായിരുന്നു. വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും പലിശക്കാരുമൊക്കെയായ ജൂതരെ എല്ലാവരും വെറുത്തിരുന്നു. ജര്‍മ്മന്‍ ജനതയ്ക്കുണ്ടായിരുന്ന ജൂത വിരോധം ഹിറ്റ്ലർ ആളിക്കത്തിച്ചു. അത് കൊണ്ട് തന്നെ ജൂതർ കൂടുതലും കമ്മ്യൂണിസ്റ്റു ചേരിയില്‍ അഭയം പ്രാപിച്ചു. അതോടെ ജർമ്മനിയിൽ വളര്‍ന്നു വന്നിരുന്ന ദേശിയ ബോധം ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഒരു ചുഴലിയുടെ രൂപം പ്രാപിക്കുകയായിരുന്നു.
രണ്ടാം ഭാഗം വായിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2
ശ്രീക്കുട്ടന്
പഠിച്ചിരുന്ന കാലത്ത് ഏറ്റവും ബോറായി തോന്നിയ വിഷയമായിരുന്നു ചരിത്രം. ഇന്ന് എല്ലാ മനുഷ്യരും പഠിക്കേണ്ട ഒന്നായി തോന്നുന്നതും
ReplyDeleteമിക്കതും പുതിയ അറിവുകളാണ്. ഞാൻ ശിക്ഷ്യപ്പെടുന്നു.
kollaam
ReplyDeleteതുടരട്ടെ .....!!! വിവരിക്കാന്‍ പറ്റാത്ത അത്രവലിയ ദുരന്തമാണ് രണ്ടാം ലോകമഹായുദ്ധം !!
ReplyDeleteതുടരുക ,,യുദ്ധത്തെക്കുറിച്ചുള്ള അറിവുകള്‍ അതിനെ എതിരെ ലോക മനസ്സാക്ഷിയേ ഉണര്ത്തട്ടെ,,യുദ്ധം നശിക്കട്ടെ ..സമാധനം പുലരട്ടെ
ReplyDeletethank u so much... ക്രെഡിറ്റ് ഒന്നും വേണ്ടായിരുന്നു. ചരിത്രം കഴിയുന്ന അത്ര പേരെ കൊണ്ട് വായിപ്പിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം.
ReplyDeleteതുടരട്ടെ...
ReplyDeleteഅന്ന് തന്നെ പി ഡി എഫ് സൂക്ഷിച്ചു വച്ചിട്ടുണ്ട് ഞാന്‍ :)
ReplyDeleteപടിച്ചതെന്തൊക്കെയോ ഓര്മ വരുന്നു,,,
ReplyDeleteഇതൊരു പഠനം ആയി ശ്രീകുട്ടാ താങ്ക്സ്
ReplyDeleteകലക്കൻ പോസ്റ്റ്. പ്രമാണ പ്രധാനം ശ്രീ.
ReplyDeleteകലക്കൻ പോസ്റ്റ്. പ്രമാണ പ്രധാനം ശ്രീ.
ReplyDeleteപള്ളിക്കൂടത്തില്‍ പഠിച്ചതിനെക്കാള്‍ ഏറെ രണ്ടാം ലോകയുദ്ധത്തെപ്പറ്റി അറിഞ്ഞത് പുസ്തകങ്ങള്‍ വായിച്ചും സിനിമ കണ്ടും ആണ്. നടുക്കുന്ന ഓര്‍മ്മകളാണ് അവ. ഒരുപക്ഷെ ഇങ്ങനെ വായിച്ചാല്‍ അതിന്റെ ആഴവും ക്രൂരതയും അത്രയ്ക്കങ്ങ് മനസ്സില്‍ പതിഞ്ഞുവെന്നും വരില്ല. എന്നാലും ഒരോര്മ്മപ്പെടുത്തലിനുതകും.
ReplyDeleteവളരെ നല്ല വിവരണം.
ReplyDeleteഎല്ലാ അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും എല്ലാവരൊടും നിറഞ്ഞ നന്ദി..
ReplyDeletenjan ithonnu orma puthukkanam ennuorthappol
ReplyDeleteee post..thanks....
സ്കൂളില്‍ അത്യാവശ്യം നന്നായി ചരിത്രം പഠിച്ചിരുന്നുവെങ്കിലും , കൂടുതലും പുതിയ അറിവായിരുന്നു കേട്ടോ..
ReplyDeleteതുടരൂ... ഇടയ്ക്കിടയ്ക്ക് വരാം....
ചരിത്രങ്ങൾ ചികഞ്ഞ് നോക്കി , ഇതുപോൽ ആയതിന്റെയൊക്കെ
ReplyDeleteഉള്ളുകള്ളികൾ പലതും പറഞ്ഞ് തരുന്നതിൽ ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ
ശ്രീകുട്ടാ.. പ്രത്യേകിച്ച് ഏറ്റവുമധികം മനുഷ്യ രാശിക്ക് നാശം വിതച്ച ഈ സെക്കന്റ് വേൾഡ് വാർ..!
പഠിക്കുന്ന കാലത്ത് ചരിത്രമായിരുന്നു എന്റെ ഇഷ്ടവിഷയം. പഠിപ്പിക്കുന്ന വിഷയം ഗണിതശാസ്ത്രമാണെങ്കിലും ചരിത്രകാരന്മാരുടെ രചനകളും, സെമിനാറുകളും ഒഴിവാക്കാതെ ചരിത്രത്തോടൊപ്പം നടക്കുന്നു. ഒരു ഫെയിസ് ബുക്കി ഗ്രൂപ്പിൽ രണ്ടാംലോകമഹായുദ്ധത്തെക്കുറിച്ച് ചർച്ച നടന്നപ്പോൾ ശ്രദ്ധിച്ചിരുന്നു. ആ ചർച്ച ക്രോഡീകരിച്ച് പി.ഡി.എഫ് രൂപത്തിൽ ലഭിച്ചപ്പോൾ അതൊരു മുതൽക്കൂട്ടായി.....
ReplyDeleteബ്ലോഗുകളിൽ ചരിത്രം കാണാറില്ല. ഒരു പ്രദേശിക ചരിത്രം തുടർലേഖനമായി ബ്ലോഗിലിട്ട് വായനക്കാരെ ലഭിക്കാതെ പോയ അനുഭവം എനിക്കുണ്ട്. അതോടെ ആ ചരിത്രമെഴുത്ത് നിർത്തിയ ആളാണ് ഞാൻ. ഇവിടെ വായനക്കാരെ കാണുന്നത് സന്തോഷം തരുന്നു.
തുടരുക - ഭാവുകങ്ങൾ
തികച്ചും പുതുമയാര്‍ന്ന , അറിവുപകരുന്ന ലേഖനം
ReplyDeleteകൊതുകകരമാണ്. പോലെ ചില അക്ഷരപിശാചിനെ ഒഴിച്ച് നിര്‍ത്തിയാല്‍ നല്ല പോസ്റ്റ്...അറിവുകള്‍ പങ്കു വക്കപ്പെട്ടു
ReplyDeleteഅക്ഷരതെറ്റുകള്‍ ചൂണ്ടിക്കാണിക്കൂ ഇക്കാ. എഡിറ്റ് ചെയ്ത് ശരിയാക്കാം.
Deleteനല്ല ആധികാരികത ഉണ്ട് എഴുത്തിൽ.
ReplyDeleteചരിത്രം ഇപ്പോഴാണ് ശരിക്കും പഠിച്ചത് എന്ന് തോന്നുന്നു. നല്ല പോസ്റ്റ് ശ്രീ :)
ReplyDeleteGood Job ! കടപ്പാട് വച്ചതിനു നന്ദി , ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല .അറിവുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുന്ന ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ .
ReplyDelete