Wednesday, March 19, 2014

ചില ചെറിയ അറിവുകള്‍

പ്രീയരേ,

മുമ്പൊരിക്കല്‍ ഇതേപോലെ ഒരു ശ്രമം നടത്തിയതാണ്. അല്‍പ്പം കൂടി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ കുറിപ്പുകളോട് കൂടി ഒരിക്കല്‍ കൂടി വരികയാണ്. ഈ ഒരു പോസ്റ്റിലുള്ള എല്ലാ കാര്യവും ഒരുവിധമെല്ലാവര്‍ക്കും അറിവുള്ളതുതന്നെയെന്നറിയാം. പലയിടത്തായി ചിതറിക്കിടക്കുന്ന ഇവ ഒരു പേജില്‍ ഒരുമിപ്പിക്കുക എന്ന്‍ മാത്രമേ ഈ ശ്രമം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഇത് പൂര്‍ണ്ണമായ ഒന്നല്ല, പുതുതായി ഉള്ളതുമല്ല. മുമ്പ് കേട്ടും വായിച്ചും പരിചയിച്ചിട്ടുള്ളതും ഗൂഗിളില്‍ നിന്നും പിന്നെ ചില കൂട്ടുകാരില്‍ നിന്നും ശേഖരിച്ചതുമായ കാര്യങ്ങളാണിവ.ഇതേപോലെയുള്ളവ അറിയാവുന്ന കൂട്ടുകാര്‍ ഉണ്ടെങ്കില്‍ അവ പങ്കു വയ്ക്കുകയാണെങ്കില്‍ നന്നായിരിക്കും.

സ്ത്രൈണരൂപത്തിലുള്ള പരമാത്മാവായ് ഉദയം കൊണ്ട ആദിപരാശക്തിയില്‍ നിന്നും ഉരുവാക്കപ്പെട്ടവരായിരുന്നു ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍. പരാശക്തിയുടെ മൂര്‍ത്തിഭേദങ്ങളായിരിക്കുമ്പോള്‍ തന്നെ മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളപൊട്ടിയ താമരയില്‍ ബ്രഹ്മാവ് ഉത്ഭവിക്കുകയും ബ്രഹ്മാവില്‍ നിന്നും രുദ്രന്‍(ശിവന്‍) അവതരിക്കുകയും ചെയ്തെന്ന്‍ പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. ഇവര്‍ മൂവരും ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നു.

ത്രിമൂര്‍ത്തികള്‍

1. ബ്രഹ്മാവ്
2. വിഷ്ണു
3. മഹേശ്വരന്‍

ഹൈന്ദവിശ്വാസപ്രകാരം സകലചരാചരങ്ങളേയും സൃഷ്ടിക്കുന്നത് ബ്രഹ്മദേവനും അവയെ സംരക്ഷിച്ചു പരിപാലിക്കുന്നത് വിഷ്ണുവും കൃത്യമായി സംഹരിക്കുന്നത് മഹേശ്വരനു(ശിവന്‍)മാണെന്നാണ്. സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആരാധിക്കുന്നതും ഭയപ്പെടുന്നതും പരമശിവനെയായത്. മഹാക്ഷേത്രങ്ങളെടുത്താല്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ശിവക്ഷേത്രങ്ങളാണെന്ന്‍ കാണാം. സൃഷ്ടിയും സ്ഥിതിയും സംഹാരവും കൃത്യമായ് നടപ്പാക്കി ത്രിമൂര്‍ത്തികള്‍ ലോകസംതുലിതാവസ്ഥ പരിപാലിച്ചുപോരുന്നു.

ചതുര്‍ യുഗങ്ങള്‍

1. കൃതയുഗം(സത്യയുഗം)
2. ത്രേതായുഗം
3. ദ്വാപരയുഗം
4. കലിയുഗം

കൃതയുഗം 4800 ദേവവര്‍ഷവും, ത്രേതായുഗം 3600 ദേവവര്‍ഷം, ദ്വാപരയുഗം 2400 ദേവവര്‍ഷവും, കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ്. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000 ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനു‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.

ചാതുര്‍ വര്‍ണ്യങ്ങള്‍

1. ബ്രാഹ്മണന്‍
2. ക്ഷത്രിയന്‍
3. വൈശ്യന്‍
4. ശൂദ്രര്‍

ഭാരതത്തില്‍ പൌരാണിക കാലത്തുടലെടുത്ത ജാതിവ്യവസ്ഥയുടെ വകഭേദങ്ങളായിരുന്നു ചാതുര്‍വര്‍ണ്യം എന്നറിയപ്പെട്ടത്. അവ യഥാക്രമം ബ്രാഹ്മണ,ക്ഷത്രിയ,വൈശ്യ,ശൂദ്രര്‍ എന്നായിരുന്നു.ബ്രാഹ്മണര്‍ ആയിരുന്നു സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുണ്ടായിരുന്നത്. ദേവപൂജയും നെടുനായകത്വവും അവര്‍ അലങ്കരിച്ചിരുന്നു. ക്ഷത്രിയര്‍ രാജ്യഭരണവും പരിപാലനവും വൈശ്യര്‍ കച്ചവടവും ശൂദ്രര്‍ കൃഷിയും മറ്റു തൊഴിലുകളും പിന്തുടര്‍ന്നു. ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത ഈ വ്യവസ്ഥിതിയാണ് സവര്‍ണ്ണനേയും അവര്‍ണ്ണനേയും സമ്പന്നനേയും ദരിദ്രനേയും സൃഷ്ടിച്ചെടുത്തത്. ഒരു പരിധിവരെ ഇന്നും ഈ സമ്പ്രദായം നാം പിന്തുടരുന്നു.

ചതുര്‍ വേദങ്ങള്‍

1. ഋഗ്വേദം
2. യജുര്‍വേദം
3. സാമവേദം
4. അഥര്‍വ്വവേദം

വൈദികസംസ്കൃതത്തില്‍ രചിക്കപ്പെട്ട സൂക്തങ്ങളായ വേദങ്ങള്‍ മനുഷ്യരാശിക്ക് പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങള്‍ ആയി അറിയപ്പെടുന്നു. ഹിന്ദുക്കളുടെ ആധികാരികപ്രമാണങ്ങളാണ് വേദങ്ങള്‍. വേദവ്യാസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. പ്രാചീനകാലത്ത് വേദപഠനം ബ്രാഹ്മണര്‍ക്ക് മാത്രമായ് ക്ലിപ്തപ്പെടുത്തിയിരുന്നു. വേദം കേള്‍ക്കാനിടയാകുന്ന അബ്രാഹ്മണന്റെ കാതില്‍ ഈയം ഉരുക്കിയൊഴിക്കുകപോലുമക്കാലത്തുണ്ടായിട്ടുണ്ട്.

പ്രധാനപ്പെട്ട ദിവ്യാസ്ത്രങ്ങള്‍

1. ബ്രഹ്മാസ്ത്രം
2. വരുണാസ്ത്രം
3. പാശുപതാസ്ത്രം
4. ആഗ്നേയാസ്ത്രം

പുരാണേതിഹാസങ്ങളിലെ ചില ദിവ്യാസ്ത്രങ്ങളാണിവ. മഹാരഥന്മാരില്‍ പലരും കഠിനതപസ്സിലൂടെ ഈ മഹാസ്ത്രങ്ങള്‍ നേടിയെടുക്കുകയുണ്ടായി. അര്‍ജ്ജുനന്‍ ഈ ദിവ്യാസ്ത്രങ്ങള്‍ എല്ലാം കരസ്ഥമാക്കുകയുണ്ടായി. കുരുക്ഷേത്രയുദ്ധാവസാനദിനം അശ്വത്ഥാത്മാവ് പാണ്ഡവകുടീരങ്ങളില്‍ കടന്ന്‍ സര്‍വ്വരേയും കൊന്നൊടുക്കിയതില്‍ കലിപൂണ്ട് അശ്വത്ഥാത്മാവുമായി യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ അര്‍ജ്ജുനനുനേരേ അശ്വത്ഥാത്മാവ് ബ്രഹ്മാസ്ത്രം പ്രയോഗിക്കുകയുണ്ടായി. അര്‍ജ്ജുനനും അതേ അസ്ത്രം പ്രയോഗിച്ചു. രണ്ട് ബ്രഹ്മാസ്ത്രങ്ങളും കൂട്ടിമുട്ടിയാല്‍ സര്‍വ്വനാശമായിരിക്കും ഫലമെന്ന്‍ മനസ്സിലാക്കിയ കൃഷ്ണന്‍ ഇരുവരോടും അസ്ത്രത്തെ പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ടു. അര്‍ജ്ജുനന്‍ അസ്ത്രം പിന്‍വലിച്ചെങ്കിലും അശ്വത്ഥാത്മാവ് അസ്ത്രത്തെ പിന്‍വലിക്കാന്‍ തയ്യാറായില്ല. ആ അസ്ത്രം ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ വധിച്ചു. അതുകൊണ്ടുതന്നെ അശ്വത്ഥാത്മാവ് കൊടിയ ശാപങ്ങളേറ്റ് ശരീരം മുഴുവന്‍ വ്രണങ്ങളുമായ് കല്‍പ്പാന്തകാലത്തോളം അലഞ്ഞുതിരിയേണ്ടിവന്നു.

പഞ്ചഭൂതങ്ങള്‍

1. ആകാശം
2. ജലം
3. വായു
4. അഗ്നി
5. ഭൂമി

പ്രത്യക്ഷലോകം മുഴുവൻ പഞ്ചഭൂതങ്ങളെക്കൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നാണ് ഹൈന്ദവവിശ്വാസം. ഭൂമിയുടെ ഗുണം ഗന്ധമാണ്. ജലം ശീതസ്പർശമുള്ളതാണ്. വായു രൂപരഹിതവും സ്പർശാധാരവുമാണ്. അഗ്നി ചൂടുളവാക്കുന്നതാണ്. ആകാശം ഏകവും നിത്യവുമാണ്

പഞ്ചബാണങ്ങള്‍

1. അശോകം
2. അരവിന്ദം
3. ചൂതം
4. നവമാലികം
5. നീലോല്‍പ്പലം

ആരെയും വികാരപരവശരാക്കുന്നതായിരുന്നു മന്മഥന്റെ ഈ മലരമ്പുകള്‍. സതീദേവി നഷ്ടപ്പെട്ട ദു:ഖത്തില്‍ തപസ്സുചെയ്യുകയായിരുന്ന പരമശിവനെ മറ്റുദേവകളുടെ ആവശ്യപ്രകാരം കാമദേവന്‍ ഈ പുഷ്പബാണങ്ങള്‍ എയ്തു പരവശനാക്കി ഉണര്‍ത്തുകയുണ്ടായി. കോപിഷ്ടനായ ഭഗവാന്റെ ദൃഷ്ടിയാല്‍ കാമദേവന്‍ ഭസ്മമായിപ്പോവുകയാണുണ്ടായത്. മന്മഥ പത്നിയായ രതീദേവിയുടെ വിലാപങ്ങള്‍ക്കൊടുവില്‍ ശിവന്‍ അനുഗ്രഹിക്കുകയും കാമദേവന്‍ മനുഷ്യകുലത്തില്‍ ജന്മമെടുക്കുകയും ചെയ്തത്രേ. അതാണ് പ്രദ്യുമ്നന്‍. ഈ അഞ്ചുബാണങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥാവിശേഷങ്ങള്‍ യഥാക്രമം ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്നിങ്ങനെയാണ്.

പഞ്ചമാതാക്കള്‍

1. രാജപത്നി
2. ഗുരുപത്നി
3. ജ്യേഷ്ഠപത്നി
4. പത്നിമാതാ
5. സ്വയം മാതാ

ഈ അഞ്ചുമാതാക്കളേയും ശ്രേഷ്ടരായിക്കണ്ട് അങ്ങേയറ്റം ബഹുമാനിക്കേണ്ടതാണ്.

പഞ്ചപാണ്ഡവര്‍

1. യുധിഷ്ടിരന്‍
2. ഭീമന്‍
3. അര്‍ജ്ജുനന്‍
4. നകുലന്‍
5. സഹദേവന്‍

ദുര്‍വ്വാസാവ് മഹര്‍ഷിയുടെ അനുഗ്രഹത്താല്‍ കുന്തിയ്ക്ക് ലഭിച്ച വിശിഷ്ടവരത്തിന്റെ പ്രത്യേകതയാല്‍ കുന്തിക്ക് വിവിധ ദേവന്മാരില്‍ നിന്നും ഉണ്ടായ 3 പുത്രന്മാരും മാദ്രിക്ക് പകര്‍ന്ന്‍ നല്‍കിയ മന്ത്രത്തിനാല്‍ ജനിച്ച രണ്ട് പേരും ചേര്‍ന്നാണ് പഞ്ചപാണ്ഡവര്‍ എന്നറിയപ്പെടുന്നത്. യുധിഷ്ടിരന്‍ യമദേവനില്‍ നിന്നും ഭീമന്‍ വായുദേവനില്‍ നിന്നും അര്‍ജ്ജുനന്‍ ഇന്ദ്രനില്‍ നിന്നും ജന്മം കൊണ്ടവരാണ്. തന്റെ സപത്നിയായിരുന്ന മാദ്രിയ്ക്ക് കുന്തി തനിക്കറിയാമായിരുന്ന പ്രത്യേകമന്ത്രം ഉപദേശിച്ചുകൊടുക്കുകയും അവര്‍ അത് അശ്വിനീ ദേവന്മാരെ മനസ്സിലോര്‍ത്ത് ചൊല്ലുകയും ചെയ്യുകയും തല്‍ഫലമായി ജനിച്ച രണ്ടു പുത്രന്മാരാണ് നകുലസഹദേവന്മാര്‍. ഇവര്‍ പഞ്ചപാണ്ഡവര്‍ എന്നറിയപ്പെടുന്നു. കുന്തിയുടെ ആദ്യ പുത്രനായിരുന്നു കര്‍ണ്ണന്‍. സൂര്യനില്‍ നിന്നും ഗര്‍ഭം ധരിച്ചു ജനിച്ചത്. എന്നാല്‍ ആ കുഞ്ഞിനെ കുന്തിയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പില്‍ക്കാലത്ത് കര്‍ണ്ണന്‍ പാണ്ഡവരുടെ എതിര്‍ചേരിയോട് ചേര്‍ന്ന്‍ അവരോട് പടവെട്ടുകയും അര്‍ജ്ജുനന്റെ കയ്യാല്‍ കൊല്ലപ്പെടുകയും ചെയ്തു.

ഷഡ്ക്കാലങ്ങള്‍

1. വസന്തം
2. ഗ്രീഷ്മം
3. വര്‍ഷം
4. ശരത്
5. ഹേമന്ദം
6. ശിശിരം

ഭാരതീയ ദിനദര്‍ശികാടിസ്ഥാനത്തില്‍ ആറു ഋതുക്കളാണുള്ളത്. അവ ഷഡ്ക്കാലങ്ങള്‍ എന്നാണറിയപ്പെടുന്നത്.

കഥകളിയിലെ ആറു വേഷങ്ങള്‍

1. പച്ച
2. കത്തി
3. കരി
4. താടി
5. മിനുക്ക്
6. പഴുപ്പ്

പച്ച ഇതിഹാസങ്ങളിലെ വീരനായകരും കത്തി രാജസ്വഭാവകഥാപാത്രങ്ങളും കരി വനചാരികളും താടി അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ദുഷ്ടകഥാപാത്രങ്ങളും മിനുക്ക് മുനിമാരും സ്ത്രീകഥാപാത്രങ്ങളും പഴുപ്പ് ദേവകഥാപാത്രങ്ങളും ഉപയോഗിക്കുന്നു.

സപ്തര്‍ഷികള്‍

1.അത്രി
2.അംഗിരസ്സ്‌
3.വസിഷ്ഠന്‍
4.പുലഹന്‍
5.പുലസ്ത്യന്‍
6.ക്രതു
7.മരീചി

പുരാണങ്ങളില്‍ സര്‍വ്വഥാ നിറഞ്ഞു നില്‍ക്കുന്ന പ്രമുഖമഹര്‍ഷീ വര്യന്മാരാണ് സപ്തര്‍ഷികള്‍. സൂര്യവംശത്തിന്റെ ഗുരുവായ വസിഷ്ഠനും ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സും മറ്റൊരു മാനസപുത്രനായ പുലഹനും
വിശ്രവസ്സിന്റെ പിതാവായ പുലസ്ത്യനും ഒക്കെയടങ്ങുന്ന സപ്തര്‍ഷിക്കൂട്ടം മാനവര്‍ക്കും ദാനവര്‍ക്കും ദേവഗണങ്ങള്‍ക്കും സര്‍വ്വഥാ ബഹുമാന്യരായിരുന്നു. പല മന്വന്തരങ്ങളിലും വെവ്വേറേ സപ്തര്‍ഷികള്‍ ആണുള്ളതെന്ന്‍ പറയപ്പെടുന്നു. അഗസ്ത്യമുനിയേയും ഒരു മന്വന്തരത്തില്‍ സപ്തര്‍ഷിയായ് വിവരിക്കുന്നുണ്ട്. എന്നാല്‍ ആദ്യം നല്‍കിയ ഏഴുപേരെയാണ് പ്രായേണ സപ്തര്‍ഷികളായ് പരക്കെ അംഗീകരിച്ചിട്ടുള്ളത്. ദ്വാരക സന്ദര്‍ശിച്ച സപ്തര്‍ഷികളെ ഒന്നു കളിയാക്കാനായ് സ്ത്രീവേഷം കെട്ടിയ കൃഷ്ണപുത്രനായ സാംബനേയുമൊത്ത് വന്ന്‍ ഈ സ്ത്രീ പ്രസവിക്കുന്നത് ആണോ പെണ്ണോ എന്ന്‍ യാദവയുവാക്കള്‍ ചോദിച്ചതില്‍ കോപാകുലരായ സപ്തര്‍ഷികളുടെ ശാപം മൂലം സാംബന്‍ ഒരു ഇരുമ്പുലക്ക പ്രസവിക്കുകയും ആ ഇരുമ്പുലക്ക യാദവവംശത്തിന്റെ അന്ത്യത്തിനു കാരണമാവുകയും ചെയ്തു.

തിരുപ്പതിയിലെ ഏഴു മലകള്‍

1. ശേഷാദ്രി
2. നീലാദ്രി
3. ഗരുഡാദ്രി
4. അഞ്ജനാദ്രി
5. ഋഷഭാദ്രി
6. നാരായണാദ്രി
7. വെങ്കിടാദ്രി

ഏഴുമലകളുടെ സംഗമമാണ് തിരുപ്പതി.ആ മലകള്‍ ഭഗവാന്‍ മഹാ വിഷ്ണു ശയനം ചെയ്യുന്ന പോലെയാണ് നില കൊള്ളുന്നത്‌. അതുകൊണ്ട് തന്നെ തിരുപ്പതിയെ വൈകുണ്ഡം എന്നും വിളിക്കുന്നുണ്ട്.

സപ്തനദികള്‍

1. ഗംഗ
2. യമുന
3. ഗോദാവരി
4. സരസ്വതി
5. നര്‍മ്മദ
6. സിന്ധു
7. കാവേരി.

ഹൈന്ദവ വിശ്വാസ പ്രകാരം ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. രാമായണത്തിലും, മഹാഭാരതത്തിലും, എല്ലാപുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ . ഗോദാവരി, നർമദ, സിന്ധു, കാവേരി എന്നിവ യഥാക്രമം ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു

സപ്ത ദ്വീപുകള്‍

1. ജംബുദ്വീപ്
2. പ്ലക്സദ്വീപ്
3. സത്മലി ദ്വീപ്
4. കൂശദ്വീപ്
5. ക്രൌഞ്ച ദ്വീപ്
6. ശകദ്വീപ്
7. പുഷ്കരദ്വീപ്‍

പദ്മപുരാണം, വിഷ്ണുപുരാണം എന്നീ പുരാണങ്ങൽ പ്രകാരം ഏഴു ദ്വീപുകൾ അഥവാ ഏഴുഖണ്ഡങ്ങളായാണ്‌ ലോകം വിഭജിച്ചിരിക്കുന്നത്.ഇവ സപ്തദ്വീപുകള്‍ എന്നറിയപ്പെടുന്നു. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ്‌ ഭാരതം ഈ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്. ലോകം സപ്തദ്വീപുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്നും അവയ്ക്കിടയിൽ സപ്തസാഗരങ്ങൾ ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്.

സപ്തചിരഞ്ജീവികൾ

1. അശ്വത്ഥാമാവ്
2. മഹാബലി
3. കൃപർ
4. വിഭീഷണൻ
5. വേദവ്യാസൻ
6. ഹനുമാൻ
7. പരശുരാമൻ

ദ്രോണാചാര്യർക്ക് കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അശ്വത്തെ പോലെ ബലമുള്ളവൻ എന്നാ അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൌരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൌപദീ പുത്രന്മാരെയടക്കം പാ‍ണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കൊലപ്പെടുത്തിയതിനാല്‍ ശാപഗ്രസ്തനായി കല്‍പ്പാന്തകാലത്തോള്‍ആം വ്രണശരീരനായ് അലയേണ്ടിവന്നു.
അസുരരാജാവായിരുന്ന മഹാബലിയുടെ ജനപ്രീതിയിലും വളര്‍ച്ചയിലും പരിഭ്രാന്തരായ ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ചു സഹായമഭ്യര്‍ത്ഥിക്കുകയും മഹാവിഷ്ണു ബ്രാഹ്മണ ബാലനായ വാമനരൂപത്തില്‍ വന്ന്‍ തന്ത്രപൂര്‍വ്വം മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുകയും ചെയ്തു. വര്‍ഷത്തില്‍ ഒരു പ്രാവശ്യം തന്റെ പ്രജകളെ വന്നുകാണാനനുവദിക്കണമെന്ന ബലിയുടെ ആഗ്രഹം അനുവദിച്ചുകൊടുക്കപ്പെട്ടു.
ഹസ്തിനപുര രാജസഭയിലെ പ്രധാനപുരോഹിതനാണ് കൃപാചാര്യർ എന്നറിയപ്പെടുന്ന കൃപർ. ശാരദ്വൻ, ജനപദി എന്നിവരുടെ മകനായ കൃപർ, ദ്രോണരുടെ മാതുലനാണ്. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്തുനിന്ന് കൃപർ യുദ്ധം ചെയ്തു. പിൽക്കാലത്ത് ഇദ്ദേഹം അർജുനന്റെ പൗത്രനായ പരീക്ഷിത്തിന്റെ ഗുരുവായി നിയമിക്കപ്പെട്ടു.
രാവണന്റെ ഇളയ സഹോദരനായിരുന്നു വിഭീഷണന്‍. അസുര രാജാവായ രാ‍വണന്റെ സഹോദരനായിട്ടൂം, വിഭീഷണൻ വളരെ സൌമ്യസ്വഭാവമുള്ള ഒരു ശ്രേഷ്ഠനായിരുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ രാ‍മന് വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു.രാമൻ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചതിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിച്ചു.
മഹാഭാരതത്തിന്റെ രചയിതാവാണ് വേദവ്യാസന്‍. കൃഷ്ണദ്വൈപായനൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. വേദത്തെ നാലാക്കി പകുത്തതിനാല്‍ വേദവ്യാസന്‍ എന്നറിയപ്പെട്ടു.
അചഞ്ചലമായ ഭക്തിയുടെ പ്രതീകമായിരുന്നു ഹനുമാന്‍. വായൂപുത്രനായ ഇദ്ദേഹം സീതാന്വോഷണവേളയില്‍ ശ്രീരാമനെ സാഹായിച്ചു. തികഞ്ഞ രാമഭക്തനായിരുന്നു ഹനുമാന്‍
ദശാവതാരങ്ങളില്‍ ഒരാളും പരശു ആയുധവുമാക്കിയ ആളുമാണ് ഭാര്‍ഗ്ഗവപുത്രനായ പരശുരാമന്‍. കേരളോത്പത്തി പരശുരാമനാലാണെന്ന്‍ പുരാണങ്ങള്‍ പറയുന്നു.

(തുടരും............)

ശ്രീക്കുട്ടന്‍

18 comments:

  1. പുരാതന ലോകാത്ഭുതങ്ങൾ

    1 ഗിസയിലെ പിരമിഡ്
    2 ബാബിലോണിലെ തൂക്കുപൂന്തോട്ടം
    3 എഫേസസ്സിലെ ഡയാന (ആർട്ടിമീസ്) ക്ഷേത്രം
    4 ഒളിമ്പിയയിലെ സിയൂസ് പ്രതിമ
    5 ഹെലിക്കർനാസസ്സിലെ സ്മാരകസ്തംഭം
    6 റോഡ്സിലെ കൊലോസസ്
    7 അലക്സാസാൻഡ്രിയയിലെ ഫാരോസ് (ദ്വീപസ്തംഭം)

    ReplyDelete
  2. മധ്യകാലഘട്ടത്തിലെ ലോകാത്ഭുതങ്ങൾ

    1 സ്റ്റോൺ ഹെഞ്ജ്
    2 കൊളോസിയം
    3 അലക്സാണ്ട്രിയയിലെ ഭൂഗർഭ ഗുഹകൾ
    4 ഹേജിയ സോഫിയ
    5 പോർസലൈൻ ടവർ
    6 ചൈനയിലെ വന്മതിൽ
    7 പിസയിലെ ചരിഞ്ഞ ഗോപുരം

    ReplyDelete
  3. ആധുനിക കാലത്തെ ലോകാത്ഭുതങ്ങൾ

    1 ചിച്ചന്‍ ഇറ്റ്സാ
    2 ക്രൈസ്റ്റ് ദ റിഡീമര്‍
    3 കൊളോസിയം
    4 താജ്മഹൽ
    5 ചൈനയിലെ വന്മതില്‍
    6 മാച്ചു പിച്ചു
    7 പെട്രാ
    1 ചിച്ചന്‍ ഇറ്റ്സാ
    മായന്‍ സംസ്ക്കാരകാലഘട്ടത്തില്‍ സ്ഥാപിതമായ ഒരു ചരിത്രനഗരമാണ് ചിച്ചന്‍ ഇറ്റ്സ. യുനെസ്ക്കോയുടെ ലോകപൈതൃകപട്ടികയില്‍ ഇടം നേടിയിട്ടുള്ള ഈ നഗരം ഇപ്പോഴത്തെ മെക്സിക്കോയില്‍ സ്ഥിതി ചെയ്യുന്നു.
    2 ക്രൈസ്റ്റ് ദ റിഡീമര്‍
    ബ്രസീലിലെ ഡിയോ റി ജനീറോയില്‍ സ്ഥിതി ചെയ്യുന്ന ഭീമാകാരനായ ഒരു ക്രിസ്തുപ്രതിമയാണ് ക്രൈസ്റ്റ് ദ റിഡീമര്‍. 30 മീറ്റര്‍ വീതിയും 38 മീറ്റര്‍ ഉയരവും 650 ടണ്‍ ഭാരവുമുള്ള ഈ പ്രതിമ ലോകത്തിലെ തന്നെ വലിയ പ്രതിമകളില്‍ ഒന്നാണ്.
    3 കൊളോസിയം
    പുരാതന റോമാസാമ്രാജ്യത്തിലെ ഏറ്റവും വലിയ പൊതുവിനോദകേന്ദ്രങ്ങളിലൊന്നായിരുന്നു കൊളോസിയം.
    4 താജ്മഹൽ
    മുഗള്‍ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ ഭാര്യയായ മുംതാസ് മഹളിന്റെ ഓര്‍മ്മക്കായ് വെണ്ണക്കല്ലില്‍ പണികഴിപ്പിച്ച അനശ്വരപ്രണയസ്മാരകം.
    5 ചൈനയിലെ വന്മതില്‍
    6325 കിലോമീറ്റര്‍ നീളമുള്ള ഈ വന്മതില്‍ മനുഷ്യനിര്‍മ്മിതമായ ലോകത്തെ ഏറ്റവും വലിയ നിര്‍മ്മിതിയാണ്.
    6 മാച്ചു പിച്ചു
    സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പുരാതന നഗരമാണ് മാച്ചുപിച്ചു. ഇന്‍കാസാമ്രാജ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണിത്.പെറുവില്‍ ആണിത് ഉള്ളത്.
    7 പെട്രാ
    ചരിത്രാതീത കാലത്ത് കല്ലില്‍ കൊത്തിയെടുത്ത ഒരു പുരാതനജോര്‍ദ്ദാനിയന്‍ നഗരമാണ് പെട്രാ. ലോക പൈതൃകപട്ടികയില്‍ ഇതും ഇടം നേടിയിട്ടുണ്ട്.

    ReplyDelete
  4. അറിവുകളെ ഒരു സ്ഥലത്ത് ഏകോപിപ്പിക്കാനുള്ള ഈ ശ്രമം അഭിനന്ദനാർഹം.....

    സംസ്കൃതഭാഷയോടും, സനാതനമൂല്യങ്ങളോടുമൊപ്പം ലോകായത പോലുള്ള നാസ്തിക ദർശനങ്ങളും, ഭാരതീയതയുടെ ഭാഗമായി ഇവിടെ ഉണ്ടായിരുന്നു.....

    ReplyDelete
  5. ശ്രീക്കുട്ടന്റെ രചന വിജ്ഞാനപ്രദമാണ്..
    ഒരു സമഗ്ര വിജ്ഞാന കോശമായി ഇത് വികസിക്കട്ടെ ..
    അഭിനന്ദനങ്ങള്‍ ..
    ആശംസകള്‍

    ReplyDelete
  6. അഭിനന്ദനീയമായ ഇത്തരം നല്ല ശ്രമങ്ങള്‍ക്ക്‌ എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  7. ശ്രീക്കുട്ടന്റെ രചന വിജ്ഞാനപ്രദമാണ്.നിയും തുടരുക.അനുവേലം

    ReplyDelete
  8. പലതും പുതിയ അറിവുകളാണ്. അഭിനന്ദനങ്ങൾ

    പഞ്ചബാണങ്ങൾ അഞ്ച് പൂക്കൾ കൊണ്ട് ഉണ്ടാക്കിയവാണെന്ന് കേട്ടിട്ടുണ്ട്. അശോകം, നീലോല്പലം എന്നൊക്കെ കേൾക്കുമ്പോൾ അതൊക്കെ ശരിയായിരുന്നു എന്ന് മനസ്സിലാവുന്നു. ഇതിലുള്ള എല്ലാ പൂക്കളുടെയും മലയാളം പേരുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

    ശൂദ്രനു കൃഷിപ്പണിയായിരുന്നോ ജോലി ? കേട്ടിരിക്കുന്നത് മറ്റ് മൂന്നു വിഭാഗക്കാരുടെയും ദാസ്യവേല എന്നാണ്.

    ReplyDelete
    Replies
    1. കൃഷി പൊതുവേ ശൂദ്രവിഭാഗത്തില്‍ പെട്ടവര്‍ ആയിരുന്നു നടത്തിയിരുന്നത്. അതിനവര്‍ തങ്ങളെക്കാലും താഴ്ന്ന അവര്‍ണ്ണവിഭാഗങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നു. മറ്റു മൂന്നു വിഭാഗങ്ങളെ വച്ചുനോക്കുകയാണെങ്കില്‍ ശൂദ്രര്‍ക്ക് ദാസ്യവേല തന്നെ ആയിരുന്നു എന്നു പറയാം. കൃഷി അതിനൊപ്പം വരുന്ന ഒന്നായിരുന്നുവെന്ന്‍ മാത്രം.

      Delete
  9. വന്‍മതില്‍ ആണ് ഞാന്‍ വിസ്മയിക്കുന്ന ഒരു ലോകാദ്ഭുതം!

    ReplyDelete
  10. ശ്രമം നന്ന്, ആശംസകള്‍ ശ്രീ .

    ReplyDelete
  11. നന്മകൾ നേരുനു, ഇത് വളരെ നല്ലതാണ്, ഒന്ന് ഇരുന്ന് വായിച്ച് മനസ്സിലാക്കണം ഇത്

    ആശംസകൾ ശ്രീ

    ReplyDelete
  12. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നിറഞ്ഞ നന്ദി..

    ReplyDelete
  13. വിജ്ഞാനപ്രദം. ഈ ശ്രമത്തിന്‌ അഭിനന്ദനങ്ങൾ.

    ReplyDelete
  14. കേട്ടിരിക്കുന്നു എന്നല്ലാതെ വലിയ അറിവുകള്‍ ഒന്നും ഇല്ലായിരുന്നു...

    ReplyDelete
  15. I wonder at the great wall of China. Really wonderful

    ReplyDelete
  16. നല്ലൊരു ശ്രമം ..കൂടുതല്‍ അറിവുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്യുക .
    കുറെ കേട്ടറിവുകള്‍ ഇതില്‍ ഉണ്ടെങ്കിലും അറിഞ്ഞിട്ടും അറിയാതെ പോയതാണ് വളരെ കൂടുതല്‍ !
    നല്ല ആശംസകളോടെ ..
    @srus..

    ReplyDelete
  17. ബൂലോകത്തെ ഒരു എൻസൈക്ലോപീഡിയയായി
    മാറിക്കൊണ്ടിരിക്കുകയാണല്ലോ ഈ ഹരീന്ദ്രം
    അഭിനന്ദനങ്ങൾ കേട്ടൊ ശ്രീകുട്ടാ

    ReplyDelete