Sunday, June 22, 2014

കടലിനോട് കഥ പറയുന്നൊരാള്‍


കുറേയേറെ നാളുകളായ് കുറച്ചെഴുതി ഡ്രാഫ്റ്റിലിട്ടിരുന്ന ഒരു കഥ ചങ്ങാതിയായ ജോയ് ഗുരുവായൂര്‍ കൂടി സഹായിച്ച് വെളിച്ചം കാണിക്കുകയാണ്. ഇതിന്റെ പകുതി എനിക്ക് സ്വന്തവും പകുതി ജോയ്ച്ചനു സ്വന്തവുമാണ്. ഒരു പരീക്ഷണം..




തിരകൾ ഏതോ ആജ്ഞയാൽ സ്വയം ശക്തികുറഞ്ഞ ഓളങ്ങളായ് നിശ്ശബ്ദം തീരത്തു വന്നണഞ്ഞു കൊണ്ടിരിക്കുകയാണ്. അവ സ്നേഹപൂര്‍വ്വമെന്നോണം ദിവാകരന്റെ കാല്‍പ്പാദങ്ങളെ തഴുകുന്നുണ്ട്.

"ദിവാകരാ"

കടലമ്മയുടെ വിളികേട്ടെന്നവണ്ണം ദിവാകരന്‍ മുഖമുയര്‍ത്തി നോക്കി.

"മോനേ ദിവാകരാ.."

വീണ്ടും അവള്‍ വിളിക്കുകയാണ് . പെയ്യാൻ നില്‍ക്കുന്ന മേഘം പോലെ ദിവാകരന്റെ മുഖമൊന്നു വിങ്ങി. നെഞ്ചില്‍ നിന്നും ഒരു സങ്കടമിരമ്പിക്കയറിവന്നു. തന്നെ മാടിവിളിക്കുന്ന കടലിനു നേര്‍ക്ക് അയാള്‍ എഴുന്നേറ്റു ചെന്നു. തിരമാലകൈകളാല്‍ അവള്‍ ദിവാകരനെ തഴുകിത്തലോടിയാശ്വസിപ്പിച്ചു. ഒരു താരാട്ടുപോലെ. ആ സംഗീതത്തില്‍ സര്‍വ്വം മറന്നെന്നവണ്ണം ദിവാകരന്‍ മുങ്ങിത്താഴ്ന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്കെന്നവണ്ണം മെല്ലെ ചുരുണ്ടുകൂടി ശാന്തതയും ദയാവായ്പ്പും അനുഭവിച്ചറിഞ്ഞു..

......................................

അത്താഴം കഴിഞ്ഞു പായയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ വിജയന്റെ ചിന്ത ദിവാരേട്ടനിലേയ്ക്ക് വീണ്ടുമെത്തി.

"ഈ ഒടേതമ്പുരാനു കടല്‍ മുഴുവന്‍ ഉപ്പു നിറച്ച വെള്ളമാക്കിയ സമയത്ത് അങ്ങനെ ചെയ്യാതെ പകരം വല്ല സര്‍ബത്തോ നാരങ്ങാവെള്ളമോ പൈനാപ്പിള്‍ ജ്യൂസോ നിറഞ്ഞ ജലാശയമാക്കിക്കൂടായിരുന്നോ. അങ്ങനെയാണെങ്കില്‍ ഒന്നു ചാടി ചാവണമെന്നു തോന്നിയാലും പണ്ടാരമടങ്ങിയ ഉപ്പുവെള്ളം കുടിക്കാണ്ട് നല്ല മധുരമുള്ള സര്‍ബത്തോ ജ്യൂസോ കുടിച്ചു ചാവാമായിരുന്നു. അതെവിടെ പുള്ളിക്കാരനെല്ലാം വല്യ തമാശയല്യോ. ബാക്കിയുള്ളവരുടെ ബുദ്ധിമുട്ടും സങ്കടോമൊക്കെ മനസ്സിലാക്കാന്‍ അങ്ങേര്‍ക്കെവിടെ സമയം?"

കൈകൊണ്ട് കുറച്ച് മണല്‍ കോരി അലച്ചുവരുന്ന തിരമാലകള്‍ക്ക് മേലേക്കെറിഞ്ഞിട്ട് ദിവാകരേട്ടന്‍ ആര്‍ത്തൊന്നു ചിരിച്ചു.

"ന്റെ ദിവാരേട്ടാ നിങ്ങള്‍ക്ക് എങ്ങനെ ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നെപ്പോഴും?"

സിഗററ്റ് പുക ഊതിപ്പറപ്പിച്ചുകൊണ്ട് വിജയന്‍ മണലില്‍ നിന്നും എഴുന്നേറ്റിരുന്നു. സിഗററ്റ് കടിച്ചു പിടിച്ചുകൊണ്ട് കൈപ്പത്തികള്‍ തമ്മില്‍ തട്ടി മണല്‍ത്തരികള്‍ കളഞ്ഞശേഷം മുണ്ടില്‍ കൈകൊണ്ടൊന്നു തുടച്ചു.

"ഡാ വിജയാ. നിനക്കറിയോ. മറ്റുള്ളവരുടെ മുന്നില്‍ ചിരിച്ചു രസിച്ചു നടക്കുന്നവനാണ് ഏറ്റവും വലിയ സങ്കടം ഉള്ളില്‍ കൊണ്ടുനടക്കുന്നത്. തന്റെയുള്ളിലെ തുലാവര്‍ഷം മറ്റുള്ളവരറിയാതിരിക്കുവാനുള്ള അടവല്യോ ആ പൊട്ടിച്ചിരി"

"എനിക്ക് മനസ്സിലാകുന്നേയില്ല നിങ്ങളേ"

"എല്ലാ ആള്‍ക്കാരിലും മറ്റാര്‍ക്കും പിടികൊടുക്കാത്ത ഒരു അപരന്‍ ഒളിച്ചിരിപ്പുണ്ട്. പുറമേ വെളിവാക്കപ്പെടുന്ന സ്വഭാവഗുണങ്ങളുടെ നേര്‍ വിപരീതനായൊരാള്‍. എന്റെയുള്ളിലെ അപരന്‍ എനിക്കു പോലും പിടി തരുന്നില്ല വിജയാ. എനിക്കുപോലും എന്നെ മനസ്സിലാകുന്നില്ല"

"എന്തായി മകളുടെ കാര്യമൊക്കെ?. ഇപ്പോ വഴക്കും ബഹളവുമൊന്നുമുണ്ടാക്കാതെ അവന്‍ നോക്കുന്നുണ്ടോ.അതോ പഴയസ്വഭാവം തന്നാണോ?"

"ചിലര്‍ക്ക് ചില സങ്കടങ്ങള്‍ ആയുഷ്ക്കാലത്തേയ്ക്കാണു ദൈവം കനിഞ്ഞനുഗ്രഹിച്ചു കൊടുക്കുന്നത്. അതിനെയൊര്‍ത്ത് പിന്നെ പരിതപിച്ചിട്ട് കാര്യമില്ലെടാ. എല്ലാവരുടേയും ചോരയുടെ നിറം ചുവപ്പുതന്നെയാണെന്നും അതില്‍ ജാതിയും മതവുമൊന്നുമില്ലെന്നും ഒക്കെപ്പറഞ്ഞിറങ്ങിപ്പോകുന്നവള്‍ക്കങ്ങ് പോയാല്‍ മതി. പ്രതീക്ഷകളുടെ പറമ്പില്‍ ശവങ്ങളെപ്പോലെ ബാക്കിയാവുന്ന ചിലരുണ്ടെന്ന്‍ മനസ്സിലാക്കുവാന്‍ കാലം പിന്നേയും വേണമല്ലോ. അല്ലെങ്കിലും കോമാളികളാകാന്‍ വിധിക്കപ്പെട്ടവര്‍ക്ക് സങ്കടങ്ങള്‍ എന്നത് പുതമയേയല്ല. അധികമനുഭവിക്കാതെ മാധവിക്ക് രക്ഷ കിട്ടി. അവള്‍ ഭാഗ്യവതി. എനിക്കൊക്കെ എന്നാണൊരു വിടുതലുണ്ടാവുക"

"സങ്കടപ്പെടാതെ ദിവാരേട്ടാ. എല്ലാം ശരിയാവും എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം.എന്നാലും പറയുന്നു എല്ലാം ശരിയാവും.അല്ലാ. സമയം സന്ധ്യയാകാറാകുന്നു വീട്ടില്‍ പോണ്ടേ"

"വിജയാ. കടലിന്റെ ഒരു പ്രത്യേകത നിനക്കറിയുമോ?... ആര്‍ക്കുമറിയാത്ത ഒരുപാടൊരുപാട് രഹസ്യങ്ങള്‍ ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കൊന്നൊരു കള്ളിയാണവള്‍. എന്തെല്ലാമാണവള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്! എന്നിട്ടും മറ്റാര്‍ക്കും അത് മനസ്സിലാകാത്തവണ്ണം തിരമാലകളാള്‍ തീരത്തോട് കുശലം പറഞ്ഞു രസിച്ചു നടക്കുകയാണവള്‍. എനിക്ക് ഇവളോട് കുറേയേറെ വര്‍ത്തമാനം പറയാനുണ്ട്. ഒക്കുമെങ്കില്‍ അവളുടെ രഹസ്യങ്ങളൊക്കെയൊന്നറിയുവാന്‍ നോക്കണം. ഞാന്‍ അവളോട് വര്‍ത്തമാനം പറഞ്ഞുപറഞ്ഞ് ഒരു ദിവസം അവളെന്നോട് സംസാരിക്കാനാരംഭിക്കും. എന്തൊരു രസമായിരിക്കുമപ്പോള്‍. നീ അതേപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ എപ്പോഴേലും?"

കടല്‍ത്തിരകളിലേക്കിറങ്ങി ഒരു കൊച്ചു കുഞ്ഞെന്നവണ്ണം മുന്നോട്ടും പിന്നോട്ടും കാലുകള്‍ വച്ച് ഓടുകയും നില്‍ക്കുകയുമൊക്കെ ചെയ്യുന്ന ആ മനുഷ്യനെ നോക്കി നിന്നപ്പോള്‍ വിജയനു അത്ഭുതം തോന്നി. ഒരു സങ്കടക്കടല്‍ ഉള്ളിലൊതുക്കി ഒരാള്‍ക്കെങ്ങനെ ഈ വിധം പെരുമാറാനാവും?. ആകെയുണ്ടായിരുന്ന മകള്‍ രണ്ടുകൊല്ലം മുന്നേ ഒരന്യജാതിക്കാരനൊപ്പം ഇറങ്ങിപ്പോയി. ആദ്യത്തെ ആവേശമൊക്കെയടങ്ങിയപ്പോള്‍ പിന്നെ കുടിയും എന്നും വഴക്കും ബഹോളം മാത്രം. ഓമനിച്ചുവളര്‍ത്തിയിരുന്ന ഒറ്റമകള്‍ക്ക് വന്ന ദുര്യോഗത്തില്‍ സങ്കടപ്പെട്ട് ദിവാകരേട്ടനെ ഒറ്റയ്ക്കാക്കി മാധവ്യേടത്തി അങ്ങ് പോയി. സാധാരണ ഗതിയില്‍ ഒരു മനുഷ്യന്‍ ഭ്രാന്തനായിപ്പോയില്ലെങ്കിലേ അതിശയമുള്ളൂ.

"ദിവാരേട്ടാ. മതി. നമുക്ക് പോകാം. ഇന്നു നേരത്തേ ചെല്ലാമെന്ന്‍ ഞാന്‍ ബീനയോട് പറഞ്ഞിട്ടുണ്ട്. മോളുറങ്ങുന്നതിനുമുന്നേയങ്ങെത്തണം. അവള്‍ക്കൊരു ഉടുപ്പും മേടിക്കണം"

മണലില്‍ നിന്നുമെഴുന്നേറ്റുകൊണ്ട് വിജയന്‍ പറഞ്ഞു.

"എന്നാല്‍ പൊയ്ക്കളയാം."

ആര്‍ത്തലച്ചുവരുന്ന തിരമാലകളെ തല്‍ക്കാലത്തേക്ക് സ്വതന്ത്രമായി അലയാന്‍ വിട്ടെന്ന ഭാവത്തോടെ അയാള്‍ കടലില്‍ നിന്നും പിന്‍വാങ്ങി പേക്കറ്റില്‍ നിന്നും ഒരു സിഗരട്ടെടുത്തു കൊളുത്തിയിട്ട് വിജയനൊപ്പം നടത്തമാരംഭിച്ചു.

വിശ്വംഭരന്റെ ഷാപ്പില്‍ നിന്നും ഓരോ കുപ്പി അന്തിയും മോന്തിയിട്ട് അവര്‍ അങ്ങാടിയിലേക്ക് നടന്നു. തുണിക്കടയില്‍‍ നിന്നും വിജയന്‍റെ മകള്‍ക്കായി ഒരു ഫ്രോക്ക് തിരഞ്ഞെടുത്തത് ദിവാകരേട്ടനായിരുന്നു. നല്ല കിന്നരിയൊക്കെ പിടിപ്പിച്ച വെളുത്ത ഫ്രോക്ക്.

"ഡാ.. മണിക്കുട്ടിക്ക് ഈ ഉടുപ്പ് ദിവാകരന്‍ മാമേടെ വക."

പൈസ കൊടുക്കാന്‍ മുതിര്‍ന്ന വിജയനെ അയാള്‍ വിലക്കി, തന്‍റെ വരയന്‍ നിക്കറിന്റെ പോക്കറ്റിലെ പ്ലാസ്റ്റിക് കടലാസു പൊതിയില്‍ ചുരുട്ടി വച്ചിരുന്ന നോട്ടുകള്‍ എടുത്തു കടക്കാരനു നല്‍കി.

"അപ്പൊ ഇനി നാളെ വൈകീട്ട്."

തന്റെ വീട്ടിലേക്ക് തിരിയുന്ന വഴിയെത്തിയപ്പോള്‍ ദിവാകരന്‍ വിജയനോട് യാത്രപറഞ്ഞു പിരിഞ്ഞു. പരിചയപ്പെട്ടിട്ട് ഇന്നോളം ഒരു ജേഷ്ഠസ്ഥാനത്ത് താന്‍ കാണുന്ന മനുഷ്യന്‍. തന്നെയും വല്യകാര്യമാണ്. ജീവിതത്തില്‍ അവിചാരിതമായുണ്ടായ ഒറ്റപ്പെടലില്‍ ആ മനുഷ്യന്‍ തകര്‍ന്നുപോയിരിക്കുകയാണ്. അതു പുറമേ പ്രകടിപ്പിക്കാതെ അയാള്‍‍ അഭിനയിച്ചു ജീവിക്കുന്നു. തനിക്കും ബീനയ്ക്കും എന്തെല്ലാം സഹായങ്ങള്‍ ആ മനുഷ്യന്‍ ചെയ്തുതന്നിരിക്കുന്നു. എന്തെങ്കിലും ഒരു പ്രയാസമോ മാനസിക സംഘര്‍ഷമോ അനുഭവപ്പെട്ടാല്‍ തനിക്ക് ഓടിച്ചെല്ലാന്‍ ഒരേയൊരാശ്രയം ദിവാകരേട്ടനാണ്. ഏതു പ്രതിസന്ധിഘട്ടത്തേയും എത്ര ലളിതമായാണാ മനുഷ്യന്‍ നേരിടുന്നതും അതിനെ തരണം ചെയ്യുന്നതും. എന്നാല്‍ ഇപ്പോള്‍ ഒരു മഹാസാഗരം ഇരമ്പുന്ന ആ മനസ്സിലെ ഒരു തിരപോലും ശാന്തമാക്കാന്‍ തനിക്കാവുന്നില്ലല്ലോ എന്നോര്‍ത്ത് വിജയന്‍ ദീര്‍ഘനിശ്വാസം വിട്ടു.

"എന്താ ഇത്രയ്ക്ക വല്യ ഒരു ചിന്ത?"

അയാളുടെ മാറിലൂടെ വിരലോടിച്ചുകൊണ്ട് ബീന ഒച്ചതാഴ്ത്തിച്ചോദിച്ചു.

"ഒന്നുമില്ല. വെറുതേ ഓരോന്നാലോചിച്ചുപോയ്‍"

ആ കൈ നെഞ്ചോടുചേര്‍ത്തുപിടിച്ചുകൊണ്ട് വിജയന്‍ കണ്ണുകള്‍ അടച്ചു. ബീന കയ്യെത്തിച്ചു റാന്തലിന്റെ തിരി താഴ്ത്തി. മുറിയില്‍ അന്ധകാരം ഇരച്ചെത്തി.

------------------------------------------------

എല്ലാം തകര്‍ന്നവനെപ്പോലെയിരിക്കുന്ന ദിവാകരേട്ടനെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിജയന്‍ കുഴങ്ങി. ചുറ്റും കൂടിനില്‍ക്കുന്ന ആള്‍ക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറയുന്നുണ്ടായിരുന്നു. ഒന്നുരണ്ട് പോലീസുകാര്‍ അവിടെ നിന്ന ആള്‍ക്കാരൊട് ചില ചോദ്യങ്ങള്‍ ഒക്കെ ചോദിക്കുന്നു. മഹസ്സര്‍ എഴുത്തൊക്കെ കഴിഞ്ഞ് ശവശരീരം പോസ്റ്റ്മോര്‍ട്ടത്തിനുകൊണ്ടുപോകാന്‍വേണ്ടി വണ്ടിയിലേയ്ക്കെടുക്കവേ ദിവാകരേട്ടന്‍ ദയനീയമായ് ആ രൂപത്തിലേയ്ക്കൊന്ന്‍ മിഴിച്ചുനോക്കി.

പതിനേഴുവര്‍ഷക്കാലം തന്റെയും മാധവിയുടേയും വിരല്‍തുമ്പുകളില്‍ തൂങ്ങി നടന്നിരുന്നവള്‍. കുഞ്ഞരിപ്പല്ലുകള്‍ കാട്ടി മധുരച്ചിരി സമ്മാനിച്ചവള്‍. പിണങ്ങിപ്പിരിഞ്ഞ് മുഖവും വീര്‍പ്പിച്ച് വാതിലിനു മറവില്‍ പോയി ഒളിച്ചു നില്‍ക്കുന്നവള്‍. പട്ടുപാവാടയും ഉടുപ്പുമണിഞ്ഞ് വിരല്‍ത്തുമ്പില്‍ തൂങ്ങി അമ്പലത്തിലേയ്ക്ക് നടക്കുന്നവള്‍. ചോരയ്ക്ക് ജാതിയും മതവുമൊന്നുമില്ല ചുവപ്പുനിറം മാത്രമേയുള്ളുവെന്ന്‍ മുഖത്തുനോക്കി അലറിപ്പറഞ്ഞുകൊണ്ടിറങ്ങിപ്പോയവള്‍. ഇപ്പോഴിതാ പകുതിയിലേറെയും കത്തിക്കരിഞ്ഞ് ഇനിയൊരിക്കലും വരാനാവാത്തിടത്തേയ്ക്ക് യാത്രയായിരിക്കുന്നു. മറ്റെന്തിനെക്കാളും വലുതെന്ന്‍ വിശ്വസിച്ച് കൂടെക്കൂട്ടിയവന്‍ സമ്മാനിച്ച രണ്ട് വര്‍ഷജീവിതത്തിന്റെ ബാക്കിയായ് ഒടുങ്ങിപ്പോയ ജീവിതം.

അകന്നുപോകുന്ന വണ്ടിയെനോക്കി ദിവാകരേട്ടന്‍ ഒച്ചയില്ലാതെകരഞ്ഞു. വിജയന്‍ അയാളെ തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു. ആ ശരീരം വിറയ്ക്കുന്നത് വിജയനനുഭവപ്പെടുന്നുണ്ടായിരുന്നു.

......................................................

"ഡാ വിജയാ കടലിനിന്ന്‍ എന്നത്തേതിനേക്കാളും ഭംഗിയുണ്ടല്ലേ. കണ്ടില്ലേ പുഞ്ചിരിച്ചു കൊണ്ട് മാടിവിളിക്കുന്നത്?"

കയ്യിലിരുന്ന മണല്‍ താഴേയ്ക്ക് ചൊരിച്ചുകൊണ്ട് ദിവാകരേട്ടന്‍ ചോദ്യഭാവേന വിജയനെ നോക്കി.

"ആണെന്ന്‍ തോന്നുന്നു"

അല്‍പ്പം നിര്‍വ്വികാരതയൊടെ പറഞ്ഞിട്ട് വിജയന്‍ എവിടേയ്ക്കെന്നില്ലാതെ തന്റെ നോട്ടം തിരിച്ചു. ദിവാകരേട്ടന്‍ എഴുന്നേറ്റ് തിരമാലകള്‍ക്കടുത്തേയ്ക്ക് നടന്നു. അലയടിച്ചെത്തുന്ന തിരമാലകള്‍ കണ്ട് അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കൈകൊട്ടിച്ചിരിക്കുകയും കാല്‍ നനയാതിരിക്കാനെന്നവണ്ണം പുറകിലേയ്ക്കോടി മാറുകയും ചെയ്തു. തിരയിറങ്ങിക്കഴിയുമ്പോള്‍ വീണ്ടും ഉള്ളിലേയ്ക്കിറങ്ങിച്ചെല്ലും. ഈ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കേ വിജയന്‍ അത്ഭുതപ്പെടുകയായിരുന്നു. ഒരു മനുഷ്യനെങ്ങിനെ ഈ വിധം പെരുമാറാനാകുന്നു. സ്വന്തം മകള്‍ ദാരുണമായ് മരിച്ചിട്ട് മാസമൊന്നുകഴിഞ്ഞിട്ടില്ല. അവളെ തീവച്ചുകൊന്ന ഭര്‍ത്താവിനെ ഇതേവരെയും പോലീസിനു പിടിക്കാനുമായിട്ടില്ല. എന്നിട്ടും എങ്ങിനെ ഈ മനുഷ്യനു ഈ വിധം കഴിയുന്നു. മണിക്കുട്ടിയ്ക്ക് പനിപിടിച്ചതുമൂലം താന്‍ മൂന്നാലുദിവസമായി ആശുപത്രിയിലായിരുന്നു. മകള്‍ മരിച്ച ദുഖത്തിലായതുകൊണ്ടാവും ദിവാകരേട്ടന്‍ ആശുപത്രിയിലേയ്ക്ക് വന്നതേയില്ല. ഇന്നിപ്പോള്‍ നാലുദിവസത്തിനുശേഷമാണ് താന്‍ കാണുന്നത്. വീട്ടില്‍ ചെന്നപ്പോള്‍ കാണാത്തപ്പോഴേ ഉറപ്പായിരുന്നു കടപ്പുറത്തുകാണുമെന്ന്‍. സംശയം തെറ്റിയില്ല.

"നമുക്ക് പോകാം ദിവാകരേട്ടാ. മോള്‍ക്ക് നന്നായി കുറഞ്ഞിട്ടില്ല. അതുകൊണ്ട്....."

പാതിയില്‍ നിര്‍ത്തിക്കൊണ്ട് വിജയന്‍ കൈ തട്ടിക്കുടഞ്ഞെഴുന്നേറ്റു.

"എനിക്കിന്ന്‍ കുറേയേറെനേരം ഇവിടിരിക്കണം. എന്റെ മകള്‍ ഞങ്ങളുടെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ചിറങ്ങിപ്പോയപ്പോള്‍ ഞാനൊന്നു പകച്ചുപോയ്. അപ്പോഴത്തെ ദേഷ്യത്തിനു ഇനി ഇങ്ങിനെ ഒരു മകളില്ലെന്നു ധരിച്ചു. ഒരുവേള ഞാന്‍ അല്‍പ്പം കൂടി വിവേകത്തോടെ പെരുമാറിയിരുന്നെങ്കില്‍ അവളെനിക്ക് നഷ്ടമാകില്ലായിരുന്നു. അവള്‍ക്കൊരു തട്ടുകേട് വന്നപ്പോള്‍ ഞാന്‍ ഒപ്പം നിന്നില്ല. മരിച്ചുകൊണ്ടവളെന്നോട് മാപ്പു ചോദിച്ചു. പതിനേഴുവയസ്സുവരെ ഞാന്‍ പൊന്നുപോലെ നോക്കിയവളെ എന്നില്‍ നിന്നും തട്ടിയെടുത്തില്ലാതാക്കിയവനെ ഞാന്‍ ഇന്നലെയൊന്നു ശരിക്കു കണ്ടു. എന്റെ കുഞ്ഞിനൊരു ശല്യമുണ്ടായാല്‍ അതു ചോദിക്കേണ്ടതെന്റെ കടമയല്ലേ. ഇപ്പോള്‍ അവള്‍ക്ക് മനസ്സമാധാനമായിക്കാണും. ഉറപ്പ്. എന്നോടവള്‍ ക്ഷമിച്ചും കാണും."

ആ വാക്കുകള്‍ കേട്ട് വിജയന്‍ അമ്പരപ്പോടെ ദിവാകരേട്ടനെ നോക്കി.

"ദിവാകരേട്ടാ നിങ്ങള്‍...."

വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയപോലെ വിജയന്‍ വിഷമിച്ചു.

"നീ പൊയ്ക്കോ വിജയാ. മോള്‍ക്ക് സുഖമില്ലാത്തതല്ലേ. എനിക്ക് ഇന്നു ഒരുപാട് നേരം ഇവിടിരിക്കണം. എന്റെ കഥയും സങ്കടവുമൊക്കെ കേള്‍ക്കാനും അറിയാനും ദാ.. ഇവള്‍ മാത്രമല്ലേയുള്ളൂ. ഞാനവളോട് സംസാരിക്കട്ടെ"

കുറച്ചുസമയം കൂടി അവിടെ നിന്നിട്ട് വിജയന്‍ തിരിഞ്ഞുനടന്നു. ദിവാകരേട്ടനെഴുന്നേറ്റ് കടലിനെ പുല്‍കാനും.

പിറ്റേന്ന്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയവരില്‍ ആരോ ഒരാളാണ് ആ കാഴ്ചകണ്ടത്. മണലിനെ പുണര്‍ന്നെന്നവണ്ണം കമിഴ്ന്നുകിടക്കുന്ന ആ ശരീരം. വാര്‍ത്തയറിഞ്ഞ് വിജയന്‍ കടപ്പുറത്തേയ്ക്ക് കുതിച്ചെത്തി. ആ നിര്‍ജ്ജീവശരീരം കണ്ട് വിജയനു തല കറങ്ങുന്നതായി തോന്നി. സകലമാന ദുരിതങ്ങളില്‍ നിന്നും വിടുതല്‍നേടിക്കൊണ്ടുള്ള കിടപ്പ്. പതിയെ ആള്‍ക്കൂട്ടത്തിനു കനം വച്ച് തുടങ്ങി. അപ്പോഴും വിറങ്ങലിച്ച ആ കാല്‍പ്പാദങ്ങളില്‍
കടല്‍ത്തിരകള്‍ ഒന്നിനു പിറകേ മറ്റൊന്നായി വന്നു തഴുകിപ്പൊയ്ക്കൊണ്ടിരുന്നു.

എത്രയോ നാളുകളായി തന്നോട് ഇടതടവില്ലാതെ ചോദിച്ചു കൊണ്ടിരുന്ന എണ്ണമില്ലാത്ത ചോദ്യങ്ങള്‍ക്കും കഥകള്‍ക്കുമുള്ള മറുപടികള്‍ നല്‍കുകയായിരുന്നുവോ അവ അതോ തിരിച്ചൊരു കഥ ചൊല്ലിക്കേള്‍പ്പിക്കുകയായിരുന്നോ....????




ശ്രീക്കുട്ടന്‍

9 comments:

  1. നല്ല ഒഴുക്കുള്ള രചന .... ആശംസകള്‍ ..

    ReplyDelete
  2. കഥയുടെ ആദ്യം ചേര്‍ത്തിരിക്കുന്ന കുറിപ്പ് താഴേക്ക് മാറ്റിയാല്‍ നന്ന്.
    ഒന്നുകൂടി എഡിറ്റ്‌ ചെയ്ത് സുന്ദരമാക്കമായിരുന്നു. കഥ താഴെ നിന്ന് മുകളിലേക്ക് ഒന്ന് വായിച്ചു നോക്കിയേ...അതാ രസം.

    ReplyDelete
  3. “എല്ലാ ആള്‍ക്കാരിലും മറ്റാര്‍ക്കും പിടികൊടുക്കാത്ത ഒരു അപരന്‍ ഒളിച്ചിരിപ്പുണ്ട്“

    അപ്പോ ഇതാരുന്നു അല്ലേ ആ ഫേസ് ബുക്ക് സ്റ്റാറ്റസിന്റെ കഥ.

    ReplyDelete
  4. സകലമാന ദുരിതങ്ങളില്‍ നിന്നും വിടുതല്‍നേടിക്കൊണ്ടുള്ള കിടപ്പിൽ കഴിഞ്ഞില്ലെ എല്ലാം

    ReplyDelete
  5. നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  6. നന്നായി എഴുതി.....
    എങ്കിലും കൂടുതൽ നന്നാക്കാമായിരുന്നു എന്നു തോന്നി.....

    ReplyDelete
  7. നന്നായിട്ടുണ്ട്... എന്നാലും അവസാനം... എന്തോ പോലെ.... ഒരു സങ്കടമുണ്ടാക്കി എങ്കില്‍ പോലും..

    ReplyDelete
  8. എഴുത്ത് കൊള്ളാം

    ReplyDelete
  9. ആര്‍ക്കുമറിയാത്ത ഒരുപാടൊരുപാട് രഹസ്യങ്ങള്‍ ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കൊന്നൊരു കള്ളിയാണവള്‍...കൊള്ളാം .. മനസ്സില് തട്ടിയ വരി..
    ഒപ്പം ഇതിന്റെ രചയിതക്കള്യാ... 2 പേര്ക്കും അഭിനന്ദനങൾ .. നല്ല കഥ ... ജീവനുള്ള വാക്കുകൽ... വായിക്കുന്ന ആളെ കടല്കരയിലെക്കും .. ദിവകരനിലെക്കും വിജയനിലെക്കും കൊണ്ട് പോകുന്നു ...

    ReplyDelete