Saturday, July 26, 2014

പാപികളുടെ ലോകം

ആള്‍ക്കാര്‍ വെപ്രാളപ്പെട്ടെന്നവണ്ണം ഓടുന്നത് കണ്ട് ദേവന്‍ ഒരു നിമിഷം അമ്പരന്നു. എന്തു പറ്റിയതായിരിക്കും ആരെങ്കിലും മരിച്ചുവോ. അതോ എന്തെങ്കിലും വലിയ അപകടമോ മറ്റോ നടന്നോ. ഒന്നും മനസ്സിലാകാതെ നിന്ന ദേവന്‍ പാഞ്ഞുപോവുകയായിരുന്ന സുനിലിനെ തടഞ്ഞുനിര്‍ത്തി.

"എന്താടാ അളിയാ. എങ്ങോട്ടാ ഈ പറപറക്കുന്നത്. എന്താ പ്രശ്നം"

"അപ്പോ നീയറിഞ്ഞില്ലേ. ആ വിജയന്‍ ശാരദേച്ചിയുടെ മകളുടെ കൊച്ചിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു. നഴ്സറീലെ ചേച്ചി കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. അവരു നെലവിളിച്ചപ്പോഴേയ്ക്കും ആ കള്ള നായീന്റമോന്‍ ഓടിക്കളഞ്ഞെന്നു."

കിതച്ചുകൊണ്ട് സുനില്‍ പറഞ്ഞു.

"ങ്ഹേ ഏതു വിജയന്‍?"

ഒരു ഞെട്ടലോടെ ദേവന്‍ ചോദിച്ചു

"തല്ലുകൊള്ളി വിജയന്‍ തന്നെ. അല്ലാതാരാ ഇതൊക്കെ ചെയ്യണേ. നീ വരുന്നെങ്കില്‍ വാ. ഞാനങ്ങോട്ടു പോകുവാ. കയ്യിക്കിട്ടുവാണെങ്കില്‍ അവന്റെ കൂമ്പു വാട്ടണം" പറഞ്ഞുതീര്‍ന്നതും അവന്‍ ഓട്ടമാരംഭിച്ചു.

ഒരു നിമിഷം എന്തൊ ആലോചിച്ചുനിന്ന ദേവന്‍ ധൃതിയില്‍ ശാരദചേച്ചിയുടെ വീട്ടിലേയ്ക്ക് നടക്കുവാനാരംഭിച്ചു. നടത്തത്തിനിടയില്‍ അവന്റെ മനസ്സില്‍ വലിയ സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. താനങ്ങോട്ടു പോകണമോ?.വിജയനെ പിടിച്ചാല്‍ താനവനെ ശിക്ഷിക്കുന്നതില്‍ പങ്കാളിയാകാമോ.? അതിനു തനിയ്ക്കു കഴിയുമോ.? പഴയ ചില ഓര്‍മ്മകള്‍ അവന്റെ മനസ്സില്‍ കുത്തിയലച്ചുവന്നുകൊണ്ടിരുന്നു. അതോര്‍ത്തപ്പോള്‍ തന്നെ അവന്‍ ഒന്നു നടുങ്ങി. കാലുകള്‍ക്ക് വേഗത കുറഞ്ഞുവോ. എന്നിട്ടും മറ്റെന്തോ ഒന്നു നയിക്കുന്നതുപോലെ അവന്‍ മുന്നോട്ട് തന്നെ നടന്നു.

ശാരദേച്ചിയുടെ വീട്ടുമുറ്റത്ത് നല്ലൊരാള്‍‍ക്കൂട്ടം കൂടിയിട്ടുണ്ടായിരുന്നു. അകത്തുനിന്നും ശാരദേച്ചിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കുന്നുണ്ട്. പുറത്ത് ആള്‍ക്കാരുടെ പിറുപിറുക്കലുകള്‍. ദിവാകരന്‍ തലയ്ക്കു കയ്യും കൊടുത്തു തിണ്ണയില്‍ ഇരിപ്പുണ്ട്.

"ഈ നായിന്റമോനെക്കൊണ്ട് വല്യ ശല്യായല്ലോ. മുമ്പ് ഒളിച്ചുനോട്ടോം കമന്റടീം മാത്രമേ ഒണ്ടായിരുന്നൊള്ളു. ഇപ്പം ദേ ഇതും. അതും ഒരു ഇത്തിരിപ്പോന്ന പാക്കാന്തക്കൊച്ചിനോട്. ഇവന്റെ ആ സാധനം വെട്ടിയെടുത്ത് മൊളകു തേയ്ക്കണം"

രോഷത്തോടെ ഉറക്കെപ്പറഞ്ഞ ആളിനെ ദേവന്‍ സൂക്ഷിച്ചുനോക്കി. സുദേവന്‍ മാമനാണു.

"എന്നാലും ഈ നാലുവയസ്സൊള്ള കൊച്ചിനോടിവനിങ്ങിനെ ചെയ്യാന്‍ തോന്നീലോ ദൈവമേ. ഇന്നത്തെക്കാലത്ത് പത്തോ നൂറോ കൊടുത്താ എത്രയെണ്ണത്തിനെ വേണോലും കിട്ടൂലോ. എന്നിട്ടും?"

ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകൊണ്ട് ഭാസ്ക്കരപിള്ള തലചൊറിഞ്ഞു.

"ആ സുനന്ദപ്പെണ്ണ് കണ്ടില്ലാര്‍ന്നെങ്കി കൊച്ചിനെ അവന്‍ കൊന്നേനെ. മൂത്രമൊഴിക്കാന്‍ വേണ്ടി പൊറത്തേയ്ക്കു പോയ കൊച്ചിനെ കൊറച്ചു നേരമായിട്ടും കാണാത്തോണ്ട് അവള്‍ പൊറകുവശത്തുവന്നു നോക്കിയപ്പോളല്ലേ സംഭവം കണ്ടത്. ഭാഗ്യത്തിനു ഒന്നും ചെയ്യാമ്പറ്റീല്ല. അവളു ബഹളം വച്ചപ്പോ അവന്‍ ഒറ്റയോട്ടം". നാണുപിള്ള കുറുപ്പിനോടായിപ്പറഞ്ഞു.

"ഇക്കണക്കിനു കൊച്ചുങ്ങളെയൊക്കെ എങ്ങിനെ വിശ്വസിച്ച് നഴ്സറീലും സ്കൂളിലും ഒക്കെ അയക്കും. എന്തൊക്കെ കണ്ടാ കാലം കഴിയണമെന്റെ തമ്പുരാനെ. കലികാലം തന്നെ"

കുറുപ്പ് ആരോടെന്നില്ലാതെ പറഞ്ഞു.

"നല്ല പസ്റ്റ്ക്ലാസ് അടികിട്ടാത്തതിന്റെ കൊഴപ്പമാണവനു"

"എത്ര കിട്ടീതാ പിള്ളേച്ചാ. എന്നിട്ടും വല്ല ഉപയോഗവുമുണ്ടോ .ഈ തലതെറിച്ചോനെക്കാരണം ആ പാവം പ്രഭാകരന്‍ കവലേലോട്ടുപോലും എറങ്ങാറില്ല. എത്രാന്നുവച്ചാ ആള്‍ക്കാരോടു സമാനം പറേണത്. ഈ ഒരുത്തന്‍ മൂലം എന്തോരം ബാധ്യതകളാ അയാള്‍ താങ്ങണത്. എത്രയാന്നു വച്ചാ നാണം കെടുന്നത്"

"തന്തയ്ക്കു മുമ്പൊണ്ടായത് എന്നൊക്കെ കേട്ടിട്ടേയൊള്ളു".

സംസാരങ്ങളെല്ലാം കേട്ടുകൊണ്ടു നിന്ന ദേവന്‍ ആകെ വല്ലാത്തൊരവസ്ഥയിലായിരുന്നു. അവന്റെ മനസ്സില്‍ ചില ഓര്‍മ്മകള്‍ തികട്ടിവന്നുകൊണ്ടിരുന്നു. രാത്രിയുടെ ഇരുട്ടില്‍ ഒരു കാളസര്‍പ്പം പോലെ ഒരു കൊച്ചു ദേഹത്തേയ്ക്കു പതിയെ അണയുന്നതും എവിടെയൊക്കെയോ എന്തെല്ലാമോ പൊട്ടിത്തകരുന്നതും പിന്നെ തിരമാലയടങ്ങിയ കടലുപോലെ നിശ്ചലമാകുന്നതും ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് മലര്‍ന്നുകിടക്കുമ്പോള്‍ ഒന്നു മറിയാതെ ചരിഞ്ഞുകിടന്നുറങ്ങുന്ന ചെറുരൂപവുമെല്ലാം ഒരു തിരശ്ശീലയിലെന്നവണ്ണം മിഴിവാര്‍ന്നു വന്നുകൊണ്ടിരുന്നു. മറ്റാരുടേയും ശ്രദ്ധയില്‍പ്പെടാതെ അവന്‍ അല്‍പ്പം താഴേക്ക് മാറിനിന്ന്‍ ഒരു സിഗററ്റെടുത്ത് കൊളുത്തിവലിക്കാനാരംഭിച്ചു. ശരീരവും മനസ്സും ഒക്കെ അകാരണമായ് പുകയുന്നതുപോലേ.

അകലെ നിന്നും ഒരു ബഹളം കേട്ട് ദേവന്‍ അങ്ങോട്ട് നോക്കി. കുറേ ചെറുപ്പക്കാരുടെ മധ്യത്തിലായി കൈകള്‍ ബന്ധിക്കപ്പെട്ട് തലയും കുനിച്ച് നടന്നുവരുന്ന വിജയന്‍. ഒരു കൈലിമാത്രമാണു വേഷം. ചെറുപ്പക്കാര്‍ ആര്‍പ്പുവിളിക്കുന്നുണ്ട്. കൂട്ടത്തില്‍ സുനിലുമുണ്ട്. ശാരദേച്ചിയുടെ വീട്ടുമുറ്റത്ത് അവരെത്തിയപ്പോള്‍ അവിടെ നിന്നവരെല്ലാം കൂടി വിജയനു ചുറ്റും കൂടി. പലരുടേയും കണ്ണില്‍ അഗ്നിയെരിയുന്നുണ്ടായിരുന്നു. ചകിതമായ കണ്ണുകളോടെ എല്ലാവരെയും നോക്കിയ വിജയന്‍ തലകുനിച്ചു നിന്നു.

"കടന്നുകളയാനൊള്ള ശ്രമമായിരുന്നു. പക്ഷേ ഞങ്ങള് വിടോ".

നെറ്റിയിലെ വിയര്‍പ്പ് വടിച്ചുകളഞ്ഞുകൊണ്ട് സുനില്‍ പറഞ്ഞു.

"കള്ള പന്നീടമോന്റെ നിപ്പ് കണ്ടില്ലേ".

പറഞ്ഞുതീര്‍ന്നതും സുദേവന്‍ തന്റെ പരുക്കന്‍ കൈകളാല്‍ അവന്റെ കരണക്കുറ്റിയ്ക്ക് ഒന്നുകൊടുത്തതും ഒരുമിച്ചായിരുന്നു. പെട്ടന്ന്‍ ഒരു കടലിളകിയതുപോലെ പലപല കൈകള്‍ ഉയര്‍ന്നു പൊങ്ങി. വിജയന്റെ ദീനരോദനം കലിപിടിച്ച ആള്‍ക്കാരുടെ അലര്‍ച്ചയില്‍ മുങ്ങി. ഒരു വെട്ടുകത്തിയുമായി അലറിക്കൊണ്ട് ഓടിവന്ന ദിവാകരേട്ടനെ ഇതിനിടയില്‍ ആരോ പിടിച്ചു തടഞ്ഞു തിരിച്ചുകൊണ്ടുപോയി.

"മതി മതി ഇനി തല്യാ അവന്‍ ചത്തുപോവും. പോലീസിനെ വിളിക്കാം. അവരു ബാക്കി തീരുമാനിക്കും"

ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് പഞ്ചായത്തുമെംബര്‍ മനോഹരന്‍ എല്ലാവരേയും തടഞ്ഞു നിര്‍ത്തി. ചെന്നിയിലൂടെയും മറ്റും ചോര കിനിഞ്ഞിറങ്ങിയ രൂപവുമായി വിജയന്‍ തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു.

തന്റെ കൈകളിലേയ്ക്കു സൂക്ഷിച്ചു നോക്കിയ ദേവനു ‍തലകറങ്ങി. കൈകളില്‍ പറ്റിയിരുന്ന ചോര അവന്‍ തന്റെ മുണ്ടില്‍ പെട്ടന്ന്‍ തുടച്ചു. ഏതോ നിമിഷത്തില്‍ താനും വിജയനെ തല്ലിയിരിക്കുന്നു. അതെ താനും കൂടിയിരിക്കുന്നു. ആ രംഗത്തുനിന്നും എവിടേയ്ക്കെങ്കിലും ഓടിയൊളിക്കുവാന്‍ അവന്റെയുള്ളം വെമ്പി. ഇനിയുമവിടെ നിന്നാല്‍ തനിയ്ക്കു ഭ്രാന്തുപിടിയ്ക്കുമെന്നവനു തോന്നി. ഭ്രാന്തമായ ചലനങ്ങളോടെയവന്‍ കാലുകള്‍ നീട്ടിവലിച്ചു നടന്നു.

അലറിക്കുതിച്ചെത്തുന്ന കടല്‍ത്തിരകളെ നോക്കി ആ പാറക്കെട്ടിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ദേവന്റെയുള്ളിലും ഒരു മഹാസമുദ്രം ഇളകിമറിയുന്നുണ്ടായിരുന്നു. താന്‍ ശരിയാണൊ? തനിക്ക് വിജയനെ തല്ലുവാന്‍ എന്തു യോഗ്യതയാണുണ്ടായിരുന്നത്? താനും അതേ തെറ്റു ചെയ്തവനല്ലേ? തനിക്ക് ആ പരിസരത്ത് നില്‍ക്കുവാനെങ്കിലുമുള്ള യോഗ്യത ഉണ്ടായിരുന്നോ? താന്‍ നല്ലവനാണോ??

ആ ചോദ്യമവന്‍ നൂറാവര്‍ത്തി സ്വയം ചോദിച്ചു. ഇല്ല...ഇല്ല...ഇല്ല. അശരീരി എന്നെന്നവണ്ണം ഉത്തരം അന്തരീക്ഷത്തില്‍ക്കൂടി തനിക്കു ചുറ്റും വന്നുനിറയുകയാണ്....തെറ്റുചെയ്തവനെ ശിക്ഷിക്കുവാന്‍ തനിക്കവകാശമില്ല. കാരണം താനും ......

കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി അവന്‍ വായിലേയ്ക്കു കമിഴ്ത്തിപ്പിടിച്ചു. അന്നനാളവും കുടലുമെല്ലാം കത്തിയെരിയുന്നതുപോലെ ആ ദ്രാവകം അവന്റെയുള്ളിലേയ്ക്കിറങ്ങിപ്പോയി. കത്തട്ടെ. ശരീരവും മനസ്സും കത്തിയെരിയട്ടെ. കണ്ണടച്ചവന്‍ അല്‍പ്പനേരം പാറക്കെട്ടില്‍ മലര്‍ന്നുകിടന്നു. കൂരിരുട്ടില്‍ ആകാശത്തു ചന്ദ്രനോ നക്ഷത്രങ്ങളൊ ഒന്നും തന്നെയില്ല. പാപിയായ തനിയ്ക്കു മുമ്പില്‍ നിന്നവര്‍ ഓടിയൊളിച്ചതായിരിക്കുമോ. ഒരാറുവയസ്സുകാരിയുടെ ഓമനത്തം തുളുമ്പുന്ന രൂപം മനസ്സില്‍ വന്നലച്ചുകൊണ്ടിരിക്കുന്നു. ആ നശിച്ച രാത്രിയില്‍...ച്ഛേ..താന്‍ എപ്പോഴാണൊരു പിശാശായി മാറിയത്. അറിവില്ലായ്മയെന്നോ പ്രായത്തിന്റെ ചാപല്യമെന്നോ വിളിയ്ക്കാമോ അതിനെ. ഇല്ല. തന്റെ കാടത്തരത്തിന്റെ ഇരയായിട്ടും ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ആരൂപം പിന്നീട് പലപ്പോഴും തന്നെ അലട്ടിയിട്ടൊണ്ട്. ഇപ്പോളവള്‍ തന്റെ മുമ്പില്‍ എത്തുമ്പോള്‍ ആ മുഖത്തേയ്ക്കൊന്നു നോക്കുവാന്‍ ശക്തിയില്ലാതെ താന്‍ പലപ്പോഴും തല കുമ്പിട്ടു മാറിപ്പോയിട്ടുണ്ട്. ഇപ്പോള്‍ ചേട്ടാ എന്നു സ്നേഹത്തോടെ വിളിച്ചുകൊണ്ട് കുശലം പറയാനൊക്കെ വരുന്ന അവള്‍ ഇതറിയുകയാണെങ്കില്‍‍....

ഇല്ല.അതുണ്ടാവരുത്. ഇതുവരെയാരുമതറിഞ്ഞിട്ടില്ല. താന്‍ ചെയ്തുപോയ മഹാപാപം തന്നോടുകൂടിയതവസാനിക്കട്ടെ. എന്തോ തീരുമാനിച്ചപോലെ ദേവന്‍ എഴുന്നേറ്റു. കുപ്പിയിലവശേഷിച്ചിരുന്ന ബാക്കി മദ്യവും അവന്‍ ഒരു ധൈര്യത്തിനെന്നവണ്ണം വായിലേയ്ക്കു കമിഴ്ത്തി. തിരമാലകള്‍ തന്നെ അണയുവാനായി വെമ്പുന്നുന്നുവോ. എല്ലാ മാലിന്യങ്ങളേയും പേറുന്ന കടലമ്മ അടുത്തതിനായെന്നവണ്ണം അവന്റെയടുത്തേയ്ക്കു തന്റെ മക്കളാകുന്ന തിരമാലകളെയയച്ചു. സംഹാരരൂപത്തോടെയടുത്ത ആ തിരമാലകളുടെ താഡനത്തിനവന്‍ വെമ്പിക്കൊണ്ട് ചെയ്തുപോയ മഹാപാതകത്തിനു ശിക്ഷയേറ്റുവാങ്ങാനെന്നവണ്ണം പാറക്കെട്ടില്‍ നിന്നും മുമ്പോട്ടു നടന്നു. സര്‍വ്വതിനും സാക്ഷിയായി ആ ഒഴിഞ്ഞ മദ്യക്കുപ്പി അവിടെത്തന്നെ കിടന്നു.

ശ്രീക്കുട്ടന്‍

23 comments:

  1. ഒരു നെടുവീര്‍പ്പ് ബാക്കിയാക്കി കഥ കടന്നു പോയി .

    ReplyDelete
  2. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തം.
    അത് മതിയായിരുന്നു.

    ReplyDelete
  3. സത്യമുള്ള കഥ ഇങ്ങനെ എത്ര ദേവൻമാർ നമ്മുടെ സമൂഹത്തിൽ കാണും .....

    പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തം. (പ്രായശ്ചിത്തം. .. സ്വയം കണ്ടെത്തിയതിൽ തെറ്റില്ല ....)

    ReplyDelete
  4. അതെ അജിത്തേട്ടന്‍ പറഞ്ഞതാ ശരി. ഒരു പോസിറ്റീവ് അപ്രോച്ച് ആകാമായിരുന്നു. ആശംസകള്‍.

    ReplyDelete
  5. പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് കുറ്റവാളി ആകുന്നത്. പിടിക്കപ്പെടാതെ കൂട്ടത്തില്‍ നിങ്ങുന്നവര്‍ എത്രയോ. കഥയില്‍ സൂചിപ്പിച്ചത് പോലെ ശിക്ഷിക്കാന്‍ അര്‍ഹത ഇല്ലാത്തവര്‍ സ്വയം വിമര്‍ശനത്തിനു തയ്യാറാകണം എന്ന മെസേജ് നന്നായിരിക്കുന്നു.
    കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  6. നന്നായി ശ്രീകുട്ടാ. ഏച്ചു കെട്ടൽ ഇല്ലാതെ പറഞ്ഞു.

    ReplyDelete
  7. നല്ല എഴുത്ത്. ഒരു പാപിയെ തല്ലിയപ്പോൾ മാത്രം പശ്ചാത്താപം തോന്നി എന്ന കാര്യത്തിൽ സംശയം ബാക്കി.
    ആശംസകൾ.

    ReplyDelete
  8. അവനെയും തല്ലികൊല്ലണ മായിരുന്നു..
    ഇതിപ്പോ സ്വയം ചത്തല്ലോ..

    ആശംസകൾ ശ്രീ..

    ReplyDelete
  9. അതെ, ശിക്ഷിയ്ക്കാന്‍ അവരവര്‍ക്ക് അര്‍ഹത ഉണ്ടോ എന്ന് സ്വയം ചോദിയ്ക്കേണ്ടിയിരിയ്ക്കുന്നു

    ReplyDelete
  10. ഇത്രയും ദുർബലനായ ഒരു മനുഷ്യന് മുമ്പൊന്നും തോന്നാതിരുന്ന പാപബോധവും, കുറ്റബോധവും, ആത്മഹത്യാചിന്തയുമൊക്കെ ഉണരാൻ ഒരു പ്രത്യേക സംഭവം കാരണമായി എന്നത് കഥയിലെ കല്ലുകടിയായി തുടരുന്നു.....

    ReplyDelete
  11. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ!
    ആശംസകള്‍

    ReplyDelete
  12. നെഗറ്റീവായിപോയല്ലൊ അവസാനം ശ്രീകുട്ടാ

    ReplyDelete
  13. നല്ല കഥ തന്നെ.എഴുത്ത് ശൈലി പതിവ് പോലെ ഹൃദയം. "സ്വന്തം മന സാക്ഷിക്കു നേരെയുള്ള ഒരു തിരിഞ്ഞു നോട്ടം ..." അത് എല്ലാവര്‍ക്കും വേണ്ടതാണെന്ന സന്ദേശം തരുന്ന കഥ.
    കഥ നന്നായിരിക്കുന്നു. ശ്രീ കുട്ടന്‍ ചേട്ടനില്‍ നിന്നും ഇതിലും മികച്ചവ പ്രതീക്ഷിച്ചു കൊണ്ട്...

    സസ്നേഹം
    വൃന്ദ

    ReplyDelete
  14. ചിലരില്‍ കുറ്റബോധവും പച്ഛാത്താപവുമൊക്കെ ഉടലെടുക്കുന്നത് ചിലപ്പോള്‍ മാത്ര നേരം കൊണ്ടായിരിക്കും.


    ഈ ചെറിയ കഥ വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാ പ്രീയ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  15. ഇത്രയും ദുർബലനായ ഒരു മനുഷ്യന് മുമ്പൊന്നും തോന്നാതിരുന്ന പാപബോധവും, കുറ്റബോധവും, ആത്മഹത്യാചിന്തയുമൊക്കെ ഉണരാൻ ഒരു പ്രത്യേക സംഭവം കാരണമായി എന്നത് കഥയിലെ കല്ലുകടിയായി തുടരുന്നു...

    ReplyDelete
  16. ശിക്ഷിക്കാൻ അർഹതയില്ലാത്തവർ...
    കുറ്റം പിടിക്കപ്പെട്ടവർക്കുമാത്രം ശിക്ഷ.
    മറ്റുള്ളവർക്കൊ ? മനസ്സിൽ കുറ്റവുമായി നടക്കുന്നവർക്കോ ?

    ReplyDelete
  17. Kadha vaayichu kazhinjappol vallathoru maanasikaabastha... Kadhaakaaranu ellaaavidha bhaavukangalum....

    ReplyDelete
  18. പാപബോധം പേറി ജീവിക്കുന്നതില്‍ ഭേദം മരണം തന്നെ

    ReplyDelete