കുരുക്ഷേത്രയുദ്ധത്തിന്റെ നാള്‍വഴികളിലൂടെ ഒരു ചെറിയ സഞ്ചാരമാണിത്. പലയിടത്തുനിന്നായി വായിച്ചറിഞ്ഞതുവച്ചു തയ്യാറാക്കുന്നതാണീ ചെറുകുറിപ്പുകള്‍. കൂടുതലായി അറിവുള്ളവര്‍ കമന്റുകളായി വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ ഉപകാരമായിരിക്കും. ദൈര്‍ഘ്യമുള്ളതിനാല്‍ രണ്ടുമൂന്ന്‍ ഭാഗങ്ങളായിട്ടായിരിക്കും ഇത് പോസ്റ്റ് ചെയ്യുക.
12 വര്‍ഷത്തെ വനവാസവും ഒരുകൊല്ലത്തെ അജ്ഞാതവാസവും പൂര്‍ത്തിയാക്കിവന്ന പാണ്ഡവര്‍ വിരാടത്തിനടുത്തുള്ള ഉപപ്ലാവ്യത്തില്‍ തങ്ങിക്കൊണ്ട് ഭാവിപരിപാടികളെപ്പറ്റിയാലോചിച്ചു. പാണ്ഡവര്‍ ഉപപ്ലാവ്യത്തില്‍ താമസിക്കുന്ന വിവരമറിഞ്ഞ സത്യവതി തന്റെ മകനായ വേദവ്യാസനെ വിളിച്ചുവരുത്തുകയും വ്യാസനോട് ഹസ്തിനപുരിയില്‍ച്ചെന്ന്‍ പാണ്ഡവര്‍ക്കുവേണ്ടി സംസാരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് വ്യേദവ്യാസന്‍ ഹസ്തിനപുരത്തിലെത്തുകയും വനവാസവും അജ്ഞാതവാസവും പൂര്‍ത്തിയാക്കിവന്ന പാണ്ഡവര്‍ക്ക് അവര്‍ക്കവകാശപ്പെട്ട അര്‍ദ്ധരാജ്യം നല്‍കുവാന്‍ ധൃതരാഷ്ട്രരോട് ആവശ്യപ്പെട്ടുവെങ്കിലും അന്ധമായ പുത്രസ്നേഹത്തിലാണ്ടിരുന്ന രാജാവ് അതിനു വലിയ വിലകല്‍പ്പിച്ചില്ല. മാത്രമല്ല അദ്ദേഹത്തിനു ദുര്യോധനനെ മറികടന്ന്‍ ഒരു തീരുമാനമെടുക്കാനുമാകുമായിരുന്നില്ല. ദുര്യോധനനാകട്ടേ പാണ്ഡവര്‍ക്ക് ഒരുകാരണവശാലും രാജ്യം നല്‍കില്ല എന്ന കടുത്തതീരുമാനത്തിലുമായിരുന്നു. ഭീഷ്മരും നിരവധി വട്ടം ദുര്യോധനനെ ഉപദേശിച്ചുവെങ്കിലും ഒരു ഫലവുമുണ്ടായില്ല.
ദുര്യോധനന്‍ സഞ്ജയനെ ഒരു ദൂതനാക്കി ഉപപ്ലാവ്യത്തിലേക്കയച്ചിട്ട് പാണ്ഡവരോട് തങ്ങളുടെ തീരുമാനമറിയിച്ചു. ദുര്യോധനനാണ് അയച്ചെതെങ്കിലും രാജാവായ ധൃതരാഷ്ട്രരുടെ ദൂതനെന്നോണമാണ് സഞ്ജയന്‍ ഉപപ്ലാവ്യത്തിലെത്തിയത്. രാജ്യം ഒരു കാരണവശാലും വിട്ടുനല്‍കാനാവില്ല എന്നതാണ് കൌരവതീരുമാനമെന്നു ഖേദത്തോടെതന്നെ സഞ്ജയന് പാണ്ഡവരെ അറിയിച്ചു. ആസന്നമായ യുദ്ധം വരുത്തിവയ്ക്കാവുന്ന ഭീകരതയുടെ ഫലങ്ങള്‍ കനത്തതായിരിക്കുമെന്ന്‍ മടങ്ങിയെത്തിയ സഞ്ജയന്‍ മഹാരാജാവിനെ നേരിട്ടുകണ്ട് ഉണര്‍ത്തിച്ചെങ്കിലും അതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ല. എന്നാല്‍ സഞ്ജയന്റെ ഉപദേശം ധൃതരാഷ്ട്രരെ അല്‍പ്പം ഭയപ്പെടുത്തി.ഒരാശ്വാസത്തിനെന്നവണ്ണം വിദൂരരെ വിളിപ്പിച്ച മഹാരാജാവ് അദ്ദേഹത്തിനോട് ഉപദേശമാരായുകയും വിദൂരര്‍ കൌരവരുടെ രക്ഷയ്ക്കായും ആപത്തൊഴിയാനുമായി പല കഥകള്‍ പറഞ്ഞ് ധൃതരാഷ്ട്രരെ സാഹചര്യത്തിന്റെ തീഷ്ണത ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഹസ്തിനപുരത്തിലെത്തിയ സനല്‍ക്കുമാരമഹര്‍ഷിയും ദുര്യോധനാദികളെ ഉപദേശിച്ചെങ്കിലും അവരതൊന്നുംതന്നെ ചെവിക്കൊണ്ടില്ല.
യുദ്ധം വരുത്തിവയ്ക്കുന്നത് സര്‍വ്വനാശമായിരിക്കുമെന്ന്‍ മനസ്സിലാക്കിയ യുധിഷ്ഠിരന്‍ ബന്ധുജനങ്ങളുമായി ഒരു യുദ്ധമുണ്ടാകുന്നത് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നുദ്ദേശിച്ചു കൃഷ്ണസഹായമഭ്യര്‍ത്തിച്ചു. അങ്ങനെ സാക്ഷാല്‍ ശ്രീകൃഷ്ണന്‍തന്നെ കൌരവസഭയില്‍ പാണ്ഡവര്‍ക്കായി ദൂതനായെത്തി. കൃഷ്ണന്‍ പാണ്ഡവര്‍ക്ക് അര്‍ദ്ധരാജ്യം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ദുര്യോധനനോടും കൂട്ടരൊടും വിശദമാക്കിയെങ്കിലും അവരതു ചെവിക്കൊണ്ടതേയില്ല. അതോടെ പാണ്ഡവർക്കായി അഞ്ചു ചെറിയരാജ്യങ്ങളോ അല്ലെങ്കിൽ അഞ്ചുദേശങ്ങളോ അതുമല്ലെങ്കിൽ അഞ്ചു ഭവനങ്ങളോ അതുമല്ലെങ്കില്‍ അഞ്ചുപേർക്കുമായി താമസിക്കാൻ ഒരു ഭവനമെങ്കിലും കൊടുക്കണം എന്ന് കൃഷ്ണന്‍ സഭയില്‍ എല്ലാവരോടുമായി അപേക്ഷിച്ചു. പക്ഷേ ആ അപേക്ഷ ദുര്യോധനനും ധൃതരാഷ്ട്രരും ചെവിക്കൊണ്ടില്ല. അങ്ങനെ കൃഷ്ണദൂതും പരാജയമായതോടെ യുദ്ധം അനിവാര്യമായി മാറി.
യുദ്ധമുറപ്പായതോടെ പാണ്ഡവരും കൌരവരും അയല്‍രാജ്യങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടു അവിടേയ്ക്കെല്ലാം ദൂതന്മാരെ അയച്ചു. നിലവില രാജ്യഭരണാധികാരിയായിരിക്കുന്ന ദുരോധനപക്ഷത്തൊടൊപ്പം നില്‍ക്കുവാനാണ് പല പ്രബലരാജ്യങ്ങളും തീരുമാനിച്ചത്. അംഗരാജ്യം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം തുടങ്ങിയ മിക്ക രാജ്യങ്ങളും കൌരവപക്ഷത്തു അണിനിരന്നപ്പോള്‍ വിരാടം, പാഞ്ചാലം,കാശി, ചേദി,പാണ്ഡ്യം, മഗധ തുടങ്ങിയവര്‍ പാണ്ഡവര്‍ക്കു പിന്നില്‍ അണിനിരന്നു. കൃഷ്ണനും ദ്വാരകാസൈന്യവും ആരുടെകൂടെ നില്‍ക്കുമെന്നത് വലിയ പ്രാധാന്യമുള്ള ഒന്നായിമാറി. ദ്വാരകയിലേയ്ക്ക് സഹായാഭ്യര്‍ത്ഥനയുമായി കൌരവപക്ഷത്തുനിന്നു ദുര്യോധനനും പാണ്ഡവപക്ഷത്തുനിന്നു അര്‍ജ്ജുനനുമായിരുന്നു ചെന്നത്. ഒരേസമയം ദ്വാരകയിലെത്തിയ ഇരുവരും കൃഷ്ണനെക്കണ്ട് തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കാനുറച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന കൃഷ്ണന്റെ തലഭാഗത്തായി ദുര്യോധനനും അർജ്ജുനൻ കാൽക്കലും കൃഷ്ണൻ ഉണരുന്നതും കാത്ത് ഇരിപ്പുറപ്പിച്ചു. കുറച്ചുനേരംകഴിഞ്ഞ് ഉറക്കമുണര്‍ന്ന കൃഷ്ണന്‍ ആദ്യംകണ്ടത് തന്റെ കാല്‍ക്കലായിരിക്കുന്ന അര്‍ജ്ജുനനെയാണ്. അര്‍ജ്ജുനനോട് കുശലം ചോദിച്ചിട്ട് വന്ന കാര്യമെന്തെന്ന്‍ ചോദിക്കുമ്പോള്‍ ദുര്യോധനനേയും കണ്ടു. ഇരുവരും വന്നിരിക്കുന്നത് യുദ്ധത്തില്‍ പക്ഷ്ംചേരുവാന്‍ അഭ്യര്‍ത്ഥിക്കുവാനാണെന്ന്‍ മനസ്സിലായ കൃഷ്ണന്‍ ഇരുവര്‍ക്കും മുന്നിലായിട്ട് ഒരു നിര്‍ദ്ദേശം വച്ചു. താനൊരിക്കലും ആയുധമെടുക്കാത്ത നിരായുധനായി യുദ്ധത്തില്‍ നിലകൊള്ളുമെന്നും തന്റെ സൈന്യമായ നാരായണീ സൈന്യം യുദ്ധത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ച കൃഷ്ണന്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാന്‍ ഇരുവരോടും പറഞ്ഞു. യുദ്ധത്തില്‍ ആയുധമെടുക്കാതെ നില്‍ക്കുന്ന കൃഷ്ണനെക്കൊണ്ടെന്തുഗുണമെന്ന്‍ ചിന്തിച്ച ദുര്യോധനന്‍ സന്തോഷപൂര്‍വ്വം തനിക്ക് നാരായണീ സൈന്യം മതിയെന്നറിയിച്ചു. കൃഷ്ണന്‍ തങ്ങള്‍ക്കൊപ്പം മതിയെന്ന്‍ അര്‍ജ്ജുനനും തീരുമാനിച്ചു.
അങ്ങനെ അഞ്ചോളം തലമുറകളിലെ ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്കആള്‍ക്കാരും അണിനിരന്ന മഹാഭാരതയുദ്ധം ആസന്നമായി. യുദ്ധത്തില്‍ പങ്കെടുക്കുവാനായി ഇരുകൂട്ടരുടേയും നേതൃത്വത്തില്‍ അണിനിരന്നത് പതിനെട്ട് അക്ഷൌഹിണിപ്പടകളായിരുന്നു. ഒരു അക്ഷൌഹിണിപ്പട എന്നു വച്ചാല്‍.
ഒരു ആന, ഒരു രഥം, മൂന്നു കുതിര, അഞ്ച് കാലാൾ- ഒരു പത്തി
മൂന്നു പത്തി - ഒരു സേനാമുഖം.
മൂന്ന്‍ സേനാമുഖം - ഒരു ഗുല്മം
മൂന്നു ഗുല്മം - ഒരു ഗണം
മൂന്നു ഗണം - ഒരു വാഹിനി
മൂന്നു വാഹിനി - ഒരു പൃതന
മൂന്നു പൃതന - ഒരു ചമു
മൂന്നു ചമു - അനീകിനി
പത്ത് അനീകിനി - ഒരു അക്ഷൌഹിണി.
അതായത് മൊത്തം 21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാൾപ്പട എന്നിവര്‍ ചേര്‍ന്നതാണ് ഒരു അക്ഷൌഹിണിപ്പട. ഇപ്രകാരം പാണ്ഡവര്‍ക്ക് കീഴില്‍ 7 അക്ഷൌഹിണിപ്പടയും കൌരവര്‍ക്ക് കീഴില്‍ 11 അക്ഷൌഹിണിപ്പടയുമാണ് യുദ്ധത്തിനായി അണിനിരന്നത്.
യുദ്ധമാരംഭിക്കുന്നതിനുമുന്നേ ഇരുപക്ഷത്തേയും പ്രമുഖര്‍ ചേര്‍ന്ന്‍ ചിലതീരുമാനങ്ങളെടുക്കുകയും ചിലനിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്തു. അവ പ്രധാനമായും താഴെപ്പറയുന്നവയൊക്കെയായിരുന്നു.
1. യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.
2. ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.
3. ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.
4. രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, യുദ്ധം ദീര്‍ഘനേരം നില്‍ക്കുകയാണെങ്കില്‍ ഉപയോഗിക്കുന്ന ആയുധങ്ങളും വാഹനവും ഒരേപോലെയുള്ളവയാകണം.
5. ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.
6. യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.
7. നിരായുധനെ ആക്രമിക്കരുത്.
8. അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.
9. യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.
10.പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.
11.സ്ത്രീകളെ ആക്രമിക്കരുത്.
12.ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏര്‍പ്പെടേണ്ടത്.
13.ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്
കൌരവപക്ഷത്തിന്റെ സര്‍വ്വസൈന്യാധിപത്യം വഹിച്ചത് ഭീഷ്മരായിരുന്നു. പതിനൊന്ന്‍ അക്ഷൌഹിണിപ്പടയേയും പതിനൊന്നു ഉപവിഭാഗങ്ങളായി തിരിച്ച ഭീഷ്മര്‍ ഓരോ വിഭാഗത്തിനും ഓരോ ഉപസൈന്യാധിപനെവീതം നിയമിച്ചു. തലേദിവസംനടന്ന ചര്‍ച്ചയ്ക്കിടയില്‍ ഭീഷ്മരും കര്‍ണനും തമ്മില്‍നടന്ന വാഗ്വാദത്തെത്തുടര്‍ന്ന്‍ ഭീഷ്മര്‍ നായകനായിരിക്കുന്നിടത്തോളം താന്‍ ഭീഷ്മരുമൊത്ത് യുദ്ധത്തില്‍ പങ്കെടുക്കില്ല എന്ന്‍ കര്‍ണ്ണന്‍ പ്രതിജ്ഞയെടുത്തു. അന്നെദിവസംതന്നെ ഹസ്തിനപുരം കൊട്ടാരത്തിലെത്തിയ വ്യാസന്‍ ധൃതരാഷ്ട്രസജിവനായ സഞ്ജയനു യുദ്ധരംഗത്ത് നടക്കുന്ന മുഴുവന്‍ വസ്തുതകളും മനക്കണ്ണാല്‍ ദര്‍ശിക്കുവാന്‍ കഴിയുമെന്ന അനുഗ്രഹം നല്‍കി. യുദ്ധത്തിന്റെ ഗതിവിഗതികള്‍ മഹാരാജാവായ ധൃതരാഷ്ട്രര്‍ക്ക് യഥാസമയം വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയാണ് വ്യാസന്‍ ഈ അനുഗ്രഹം സഞ്ജയനു നല്‍കിയത്.
പാണ്ഡവപക്ഷത്തിന്റെ സര്‍വ്വസൈന്യാധിപനായത് ദ്രുപദപുത്രനായ ധൃഷ്ടദ്യുമ്നൻ ആയിരുന്നു. തങ്ങളുടെ ഒപ്പംചേര്‍ന്ന ഏഴു അക്ഷൌഹിണിപ്പടകളെ ഏഴു സേനാവിഭാഗങ്ങളായിത്തിരിച്ചു വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരെ അവയുടെ സേനാധിപന്മാരാക്കി. ഏഴു സേനയുടേയും ഉപനായകനായി അര്‍ജ്ജുനനേയും അവരോധിച്ചു. യുദ്ധാരംഭത്തിനുമുന്നേ ഭീമപുത്രനായ ഘടോത്കജന്‍ പാണ്ഡവരോടൊപ്പം ചേര്‍ന്നു. എന്നാല്‍ അര്‍ജ്ജുനപുത്രനായ ഇരാവനെ യുദ്ധത്തില്‍ ഒപ്പം ചേര്‍ക്കുവാന്‍ കൃഷ്ണന്‍ അനുവദിച്ചില്ല.
ദുര്യോധനന്റെ അഭ്യർത്ഥനയിൽ പാണ്ഡവനായ സഹദേവൻ കുറിച്ചുകൊടുത്ത മുഹൂര്‍ത്തത്തില്‍ കാര്‍ത്തികമാസത്തിലെ വെളുത്ത ത്രയോദശിനാളില്‍ സരസ്വതിനദിയുടെയും ദൃഷദ്വതിയുടെയും ഇടയ്ക്കുള്ള ഭൂപ്രദേശമായ കുരുക്ഷേത്രത്തില്‍വച്ചാണ് അഞ്ചോളംതലമുറകളിലെ ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്കആള്‍ക്കാരും പതിനെട്ട് അക്ഷൌഹിണിപ്പടയും നശിച്ചുനാമാവശേഷമായ ആ മഹായുദ്ധമാരംഭിച്ചത്
തുടരും
ശ്രീ
മഹാഭാരതം റീലോഡഡ് നന്നാവുന്നുണ്ട് ...!
ReplyDelete"""The Fifth Ark opens test.>> Both iOS / Android"""
ReplyDelete