Sunday, August 18, 2019

ശീലാവതിയുടെ ശാപം

അണിമാണ്ഡവ്യന്‍ എന്ന മുനി ഒരിക്കല്‍ തന്റെ ആശ്രമത്തില്‍ മൗനവ്രതമനുഷ്ഠിച്ചുകഴിയവേ ആ വഴിവന്ന കുറെക്കള്ളന്മാര്‍ രാജകിങ്കരന്മാരെക്കണ്ടു ഭയന്നു തങ്ങളുടെ മോഷണവസ്തുക്കള്‍ ആശ്രമപരിസരത്തുള്ള ഒരു ഒഴിഞ്ഞമൂലയില്‍ നിക്ഷേപിച്ചു സ്ഥലംവിട്ടു. കള്ളന്മാരുടെ പിന്നാലെയെത്തിയ രാജകിങ്കരന്മാര്‍ ആശ്രമത്തില്‍നിന്നു മോഷണമുതല്‍ കണ്ടെടുക്കുകയും മുനിയാണു കള്ളന്മാരുടെ നേതാവെന്നുധരിച്ച് അദ്ദേഹത്തെ പിടിച്ചുകെട്ടി കൊട്ടാരത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു. മുഴുവന്‍ കള്ളന്മാരേയും പിടികൂടുകയും അവരേയും അവരുടെ നേതാവെന്നു ധരിച്ച് മുനിയേയും ശൂലത്തിലേറ്റി വധിക്കാന്‍ രാജാവ് കല്‍പിച്ചതിന്‍പടി കിങ്കരന്മാര്‍ ഒരു കുന്നിന്റെപുറത്ത് ശൂലംനാട്ടി കള്ളന്മാരേയും ഒപ്പം അണിമാണ്ഡവ്യനേയും അതിന്റെ മുനയിലിരുത്തി ശൂലത്തില്‍ക്കോര്‍ത്തിട്ടു. പ്രാണവേദനകൊണ്ടു പിടഞ്ഞുപിടഞ്ഞ് മുനി ശൂലത്തില്‍കിടന്നു. കള്ളന്മാരെല്ലാവരും പെട്ടന്നുകൊല്ലപ്പെട്ടെങ്കിലും മഹര്‍ഷി മാത്രം ജീവന്‍ പോകാതെ ആ ശൂലത്തില്‍ വേദനസഹിച്ചുകിടന്നു.

അത്രിമുനിയുടെ പുത്രനായ ഉഗ്രശ്രവസ്സിന്റെ ഭാര്യയായിരുന്നു ശീലാവതി. ഭര്‍തൃശുശ്രൂഷ തന്റെ ജീവിതവ്രതമായിക്കരുതിയിരുന്ന ശീലാവതി തന്റെ ഭര്‍ത്താവിന്റെ കുത്തുവാക്കുകളൊന്നും കാര്യമാക്കാതെ, ഒരനിഷ്ടവുംകാട്ടാതെ ഭക്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കര്‍മ്മങ്ങളുടെ പാപമേറ്റതുകൊണ്ടെന്നവണ്ണം ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. എന്നിട്ടും ശീലാവതി തന്റെ ഭര്‍ത്താവിന്റെ ഒരു കാര്യങ്ങള്‍ക്കും ഒരു കുറവും വരുത്താതെ അയാളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. തികഞ്ഞ കാമാസക്തന്‍ കൂടിയായിരുന്ന ഉഗ്രശ്രവസ്സിനു രോഗിയായതോടുകൂടി വേശ്യാഗൃഹങ്ങളില്‍പ്പോകാന്‍ സാധിക്കാതെവരികയും ഒരദിവസം ശീലാവതിയോട് തന്നെ ഒരു വേശ്യാഗൃഹത്തില്‍ എത്രയും പെട്ടന്നെത്തിയ്ക്കാനാവശ്യപ്പെടുകയും ചെയ്തു. ഭര്‍ത്താവിന്റെ ഒരു വാക്കും നിഷേധിക്കാതിരുന്ന ശീലാവതി ഉഗ്രശ്രവസ്സിനെ ചുമലിലേറ്റി വേശ്യാഗൃഹത്തിലേയ്ക്കുപുറപ്പെട്ടു. അവര്‍ യാത്രചെയ്തുകൊണ്ടിരുന്ന വഴിയിലാണ് അണിമാണ്ഡവ്യനെ ശൂലത്തില്‍ത്തറച്ചിട്ടിരുന്നത്. ശൂലാഗ്രത്തില്‍ വേദനയാല്‍ പിടഞ്ഞുകിടക്കുമ്പോള്‍ ഭര്‍ത്താവിനേയും ചുമലിലേറ്റി നടന്നുവരുന്ന ശീലാവതിയെക്കണ്ടപ്പോള്‍ അലിവുതോന്നിയ അണിമാണ്ഡവ്യന്‍ അവളോട് വിവരം തിരക്കി. ശീലാവതി മടിച്ചുമടിച്ച് താന്‍ യാത്രചെയ്യുന്നതിന്റെ കാരണം പറഞ്ഞു. സ്വന്തംഭാര്യയുടെ ചുമലിലേറി വേശ്യാഗൃഹസന്ദര്‍ശനം നടത്തുന്ന ക്രൂരനും വിടനുമായ ഉഗ്രശ്രവസ്സിനോട് മുനിക്കു കോപം കലശലായി തോന്നുകയും

”നാളെ സൂര്യോദയത്തിന് മുമ്പായി ഈ കാമാസക്തന്‍ ശിരസ്സുപിളര്‍ന്നു കൊല്ലപ്പെടട്ടെ"

എന്ന്‍ ശപിക്കുകയും ചെയ്തു. ശാപവാക്കുകള്‍ കേട്ടു പരിഭ്രാന്തയായ ശീലാവതി

"അങ്ങിനെയെങ്കില്‍ നാളെ സൂര്യനുദിക്കാതെ പോകട്ടെ"

എന്നു പ്രതിശാപം ചെയ്തു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ വാക്കുകള്‍ പാഴായില്ല. അടുത്തദിവസം സൂര്യനുദിച്ചില്ല. ലോകകാര്യങ്ങളെല്ലാം താറുമാറായി. പരിഭ്രാന്തരായ ദേവന്മാര്‍‍ ബ്രഹ്മാവിനെ അഭയം പ്രാപിച്ചെങ്കിലും അദ്ദേഹത്തിനു ഒന്നുംചെയ്യാന്‍ കഴിയാതെ എല്ലാവരുംകൂടി കൈലാസത്തെത്തി ശ്രീപരമേശ്വരനെ വിവരം ധരിപ്പിച്ചു. എന്നാല്‍ അവിടെയും പ്രശ്നം തീര്‍ക്കാനാവാതെ സകലമാനപേരും കൂടി വൈകുണ്ഠനാഥന്റെയടുത്തെത്തി. ശേഷം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ മൂവരുംകൂടി ശീലാവതിയുടെ മുന്നിലെത്തുകയും ശാപം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ ത്രിമൂര്‍ത്തികളുടെ ആവശ്യം ശീലാവതി ചെവികൊണ്ടില്ല. അവര്‍ ശീലാവതിയുടെ കൂട്ടുകാരിയും അത്രിമഹര്‍ഷിയുടെ പത്നിയുമായ അനസൂയയെ സമീപിച്ചു കാര്യങ്ങള്‍ ധരിപ്പിക്കുകയും അനസൂയ ശീലാവതിയെ സന്ദര്‍ശിച്ച് അനുനയവാക്കുകള്‍ പറയുകയും ശീലാവതിയുടെ ഭര്‍ത്താവിനെ രക്ഷിയ്ക്കാമെന്നുറപ്പുനല്‍കുകയും ചെയ്തതുകൊണ്ട് അവള്‍ ശാപം പിന്‍വലിച്ചു. തുടര്‍ന്ന് അടുത്തദിവസം സൂര്യനുദിക്കുകയും, ലോകകാര്യങ്ങളെല്ലാം പഴയനിലയിലാക്കുകയും ചെയ്തു. സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അനസൂയയോട് എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. തനിക്കു പ്രത്യേകമായി വരങ്ങളൊന്നും ആവശ്യമില്ലെന്നും ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി അവതരിക്കാന്‍ ആഗ്രഹമുണ്ടെന്നും ദേവി പറഞ്ഞു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും മഹേശ്വരന്‍ ദുര്‍വ്വാസാവ് എന്ന പേരിലും അനസൂയയുടെ സന്താനങ്ങളായി പിറന്നു.

അണിമാണ്ഡവ്യന്‍ മരണമടഞ്ഞ് യമലോകത്തെത്തിയപ്പോള്‍ അറിഞ്ഞുകൊണ്ട് ഒരു പാപവും ചെയ്യാതിരുന്ന തനിക്ക് ശൂലാഗ്രത്തില്‍ കോര്‍ത്തുള്ള ദാരുണമരണം കിട്ടുവാന്‍ തക്ക എന്തു പാപമാണുണ്ടായിരുനതെന്ന്‍ യമരാജനോടാരാഞ്ഞു. കുട്ടിക്കാലത്ത് ഒരു തുമ്പിയെ പിടികൂടി അതിന്റെ പുറകില്‍‍ ദര്‍ഭപുല്ലുകൊണ്ടു കുത്തിനോവിച്ചതുകൊണ്ടാണ് മുനിക്ക് ഇപ്രകാരമൊരു കഠിനശിക്ഷ അനുഭവിക്കേണ്ടിവന്നതെന്ന്‍ യമരാജന്‍ മറുപടി നല്‍കി. എന്നാല് 12 വയസ്സില്‍ത്താഴെയുള്ള‍ കുട്ടികള്‍ ചെയ്യുന്ന വികൃതികളുംമറ്റും പാപങ്ങളായി കണക്കാക്കാറില്ലെന്നും അറിവില്ലാത്ത പ്രായത്തില്‍ ചെയ്തുപോയ ഒരു വികൃതിയുടെ പേരില്‍ തന്നെ ഈ വിധം ക്രൂരശിക്ഷാവിധിക്കിരയാക്കുകയും ചെയ്ത യമരാജാവിനെ മാണ്ഡവ്യന്‍ ശൂദ്രയോനിയില്‍പ്പിറക്കാനിടയാകട്ടേ എന്നു ശപിക്കുകയും ചെയ്തു. ആ ശാപഫലമായി പില്‍ക്കാലത്ത് ‍ ഒരു ശൂദ്രശ്ത്രീയുടെ മകനായിപ്പിറന്ന വിദൂരര്‍ എന്ന പേരില്‍ യമന്‍ ഭൂമിയില്‍പ്പിറവിയെടുത്തു. സാക്ഷാല്‍ വേദവ്യാസനായിരുന്നു വിദൂരരുടെ പിതാവ്. 

പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് പുരാണങ്ങളും ഇതിഹാസങ്ങളും അതുപോലുള്ള സാഹിത്യസൃഷ്ടികളൊക്കെയും. പൌരാണികകാലംമുതല്തന്നെ പുരുഷാധിപത്യവും അവരുടെ മേല്‍ക്കോയ്മയും നിലനിന്നിരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവര്‍ കല്‍പ്പിച്ചുനല്‍കിയിരുന്ന ഒരു പ്രത്യേകസ്ഥാനമുണ്ടായിരുന്നു. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാന്യരായിക്കണക്കാക്കുന്നുവെന്ന പുറംമോടികളവതരിപ്പിക്കുമ്പോഴും സ്ത്രീകള്‍ പുരുഷനു അടിപ്പെട്ട ജീവിക്കണമെന്നും പുരുഷന്‍ എന്തുതന്നെ ചെയ്താലും സ്ത്രീകള്‍ അവയൊക്കെയും ഒരെതിര്‍പ്പും കൂടാതെ അനുസരിച്ചുകൊള്ളണമെന്നുമുള്ള  സാമൂഹ്യബോധമാണ് എല്ലായിടത്തും‍ നിലനിന്നിരുന്നത്. ആ കാഴ്ചപ്പാടിന്റെ ഭംഗിയാര്‍ന്ന മൂടുപടമിട്ട ഒരു സങ്കല്‍പ്പമായിരുന്നു പാതിവ്രത്യം,പതിവ്രത എന്നതൊക്കെ. അത്തരം സങ്കല്‍പ്പങ്ങളുടെ ഉപോത്പന്നങ്ങളാണ് ശീലാവതിയേയും പാക്കനാരുടെ ഭാര്യയേയും പോലുള്ള കഥാപാത്രങ്ങളുടെ ഭര്‍തൃശിശ്രൂഷകളും പാതിവ്രത്യപുരാണങ്ങളും അടയാളപ്പെടുത്തുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും വിലപിടിയാസ്വത്തായി സമൂഹമധ്യത്തില്‍ അവരോധിക്കപ്പെട്ടിരുന്ന ഈ സങ്കല്‍പ്പം അവള്‍ക്കു സമ്മാനിച്ചിരുന്ന കെട്ടുപാടുകള്‍ കുറച്ചൊന്നുമായിരുന്നില്ല. നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞിട്ടും ഇന്നുമതേ കാഴ്ചപ്പാട് തന്നെയാണ് നമ്മുടെ സമൂഹം പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ആരാണ് പതിവ്രത? ഭര്‍ത്താവ് പറയുന്നത് ഒരെതിര്‍പ്പും കൂടാതെ അതേപടിയനുസരിക്കുന്ന ഒരു ചലനയന്ത്രമാണോ പതിവ്രത അതോ ഭര്‍ത്താവു ചെയ്യുന്ന ഏതൊരു കാര്യത്തിലേയും ഗുണദോഷവശങ്ങള്‍ ധരിപ്പിച്ച് നല്ലതുമാത്രം തിരഞ്ഞെടുക്കാനും യുക്തമായതു ചെയ്യുവാനും ഭര്‍ത്താവിനൊപ്പം നിന്ന്‍ സഹായിക്കുന്നവളാണോ പതിവ്രത? നിര്‍വ്വചനങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടട്ടേ

ശ്രീ

1 comment:


  1. പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് പുരാണങ്ങളും ഇതിഹാസങ്ങളും അതുപോലുള്ള സാഹിത്യസൃഷ്ടികളൊക്കെയും. പൌരാണികകാലംമുതല്തന്നെ പുരുഷാധിപത്യവും അവരുടെ മേല്‍ക്കോയ്മയും നിലനിന്നിരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവര്‍ കല്‍പ്പിച്ചുനല്‍കിയിരുന്ന ഒരു പ്രത്യേകസ്ഥാനമുണ്ടായിരുന്നു. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാന്യരായിക്കണക്കാക്കുന്നുവെന്ന പുറംമോടികളവതരിപ്പിക്കുമ്പോഴും സ്ത്രീകള്‍ പുരുഷനു അടിപ്പെട്ട ജീവിക്കണമെന്നും പുരുഷന്‍ എന്തുതന്നെ ചെയ്താലും സ്ത്രീകള്‍ അവയൊക്കെയും ഒരെതിര്‍പ്പും കൂടാതെ അനുസരിച്ചുകൊള്ളണമെന്നുമുള്ള സാമൂഹ്യബോധമാണ് എല്ലായിടത്തും‍ നിലനിന്നിരുന്നത്.

    ReplyDelete