Saturday, August 24, 2019

അഭിപ്രായങ്ങളോടുള്ള സമീപനം



സോഷ്യല്മീഡിയാ പ്ലാറ്റുഫോമുകള്‍ മനുഷ്യരുടെ ജീവിതത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുന്ന ഘടകമായിമാറിയിട്ട് വളരെത്തുച്ഛമായ കാലഘട്ടമേ ആയിട്ടുള്ളൂ. മുമ്പ കുറച്ചാളുകള്‍ക്കുമാത്രം സാധ്യമായ ഒന്നായിരുന്നു തങ്ങളുടെ കഴിവുകള്‍ (അഭിനയമാകട്ടെ, എഴുത്താകട്ടെ, ചിത്രരചനയാകട്ടെ, പാട്ടുപാടലാവട്ടേ) ലോകസമക്ഷം അവതരിപ്പിക്കാനാകുകയെന്നത്. ഇന്നത്തെപ്പോലെ ദൃശ്യശ്രവ്യമാധ്യമങ്ങള്‍ ഒന്നുമില്ലാതിരുന്ന ആകാലഘട്ടത്തില്‍ അവ എല്ലാവരാലും സാധ്യവുമായിരുന്നില്ല. പലരും തങ്ങളുടെകഴിവുകള്‍ നിര്‍ഭയം മറ്റുള്ളവര്‍ക്കായി പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറായത് സോഷ്യല്‍ മീഡിയാപ്ലാറ്റുഫോമുകളുടെ വരവോടുകൂടിയായിരുന്നു. അതില്‍ത്തന്നെ ഏറ്റവുംവലിയ ശ്രദ്ധനേടിയതാണ് ഫേസ്ബുക്കെന്ന മാധ്യമം. ഇതു ആളുകള്‍ക്കുമുന്നില്‍ തുറന്നിട്ടത് അനന്തസാധ്യതകളായിരുന്നു. പലരും തങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കഴിവുകള്‍ ഫേസ്ബുക്കുവഴി പുറംലോകത്തെ അറിയിച്ചുതുടങ്ങി. കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ എഴുതിപോസ്റ്റുചെയ്യുവാന്‍ തുടങ്ങി. മുമ്പ് ചിലര്‍ക്കുമാത്രം സാധ്യമായിരുന്നതായിരുന്നു അച്ചടിമാധ്യമങ്ങളിലൂടെ തങ്ങളുടെ അക്ഷരങ്ങള്‍ വെളിച്ചം കാണുന്നത്. ഫേസ്ബുക്കിന്റെയൊക്കെ വരവോടെ ആ കുത്തക തകര്‍ന്നുവീണു. അച്ചടിമാധ്യമങ്ങളില്‍ മാത്രം അഭിമാനം കൊണ്ടിരുന്ന പലരും ഓണലൈന്‍ എഴുത്തുകളെ അവജ്ഞയോടെ നോക്കിക്കണ്ടത് അസൂയകൊണ്ടുകൂടിയായിരുന്നു. പലപ്പോഴും അച്ചടിമാധ്യമങ്ങളില്‍ വരുന്നതിനേക്കാളും മികച്ച നിലവാരമുള്ള രചനകള്‍ ഫേസ്ബുക്കിലും മറ്റും വന്നുതുടങ്ങിയത് അത്തരക്കാരെ വെകിളിപിടിപ്പിക്കുകയും ചെയ്തു. ഓണ്‍ലൈന്‍സാഹിത്യം കക്കൂസ്സാഹിത്യമാണെന്നുവരെ ചില പുലമ്പലുകളുമുണ്ടായി. അവയൊക്കെയും തികഞ്ഞ അസൂയയുടെ പുറത്തുണ്ടായ പുലമ്പലുകളായിമാത്രം കാണാവുന്നതാണ്‍.

ഫേസ്ബുക്കില്‍ സാഹിത്യത്തേയും മറ്റും പ്രോത്സാഹിപ്പിക്കുന്ന‍ നിരവധി ഗ്രൂപ്പുകളുണ്ട്. ഇത്തരം ഗ്രൂപ്പുകളില്‍ക്കൂടി ദിനവും ആയിരക്കണക്കിനു രചനകള്‍ വായനയ്ക്കായി സമര്‍പ്പിക്കപ്പെടുന്നുണ്ട്.ഓരോ ഗ്രൂപ്പുകളിലും വരുന്നത് വിഭിന്നാഭിരുചിക്കാരായ ആളുകളാണ്. ചിലര്‍ തങ്ങളുടെ രചനകള്‍ കൂടുതല്‍ വായന നേടിയെടുക്കുവാനായും സ്വീകരിക്കപ്പെടുത്തുന്നതിനായും ശ്രമിക്കുമ്പോള്‍ ചിലര്‍ കൂടുതല്‍ മികവുറ്റതാക്കാനായുള്ള മാര്‍ഗ്ഗമായും അതിനെ കാണുന്നു. ചിലരാകട്ടെ വായന എന്ന രസത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുവാനായി വരുകയും രചനകള്‍ വായിച്ച് രസിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കുകയും ചെയ്യുന്നു. ഇനി ചിലര്‍ വെറും സൌഹൃദങ്ങളുണ്ടാക്കുവാനും അവരൊടൊക്കെ സംസാരിച്ചിരിക്കുവാനും മാത്രം തല്‍പ്പരരാകുന്നു. ഇത്തരം വിഭിന്നാഭിരുചിക്കാരെ ഏകോപിപ്പിച്ചുകൊണ്ട് പോകുക എന്നത് ദുഷ്ക്കരമായ കാര്യംതന്നെയാണു.

നമുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ രചനകളിലേക്കും അവയെ വായനക്കാരന്‍ സമീപിക്കുന്നതിലേക്കും ആ സമീപനങ്ങളില്‍ എഴുത്തുകാരന്റെ നയം എന്താണെന്നതിലേക്കും ഒരു ചെറിയ നോട്ടം നോക്കാം. പൊതുവേ മിക്ക ഗ്രൂപ്പുകളിലും കൂടുതല്‍ അംഗങ്ങളും തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരികുവാനും അവ വായിക്കപ്പെട്ട് അഭിപ്രായങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുവാനും ഉത്സുകരാകുന്നതാണു കാഴ്ച. ഓരോ രചനയും അവ ആവശ്യപ്പെടുന്ന തരത്തില്‍ വായിക്കപ്പെടുകയും ചിലപ്പോള്‍ രചയിതാവ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ അളവില്‍ പ്രശംസക്ക് പാത്രമാകുന്നതും കാണാം. എല്ലാ രചനകളും ആരെക്കൊണ്ടും മഹാസംഭവങ്ങളാക്കിമാറ്റുവാന്‍ ഒരിക്കലും സാധിക്കില്ല. ചില രചനകള്‍ അതിപ്രശസ്തമാകും. ചിലവ ചവറ്റുകുട്ടയിലേയ്ക്കെറിയപ്പെടും. ഇവ സംഭവിക്കുന്നത് വായനക്കാരന്‍ എന്ന പരമാധികാരിയുടെ കാഴ്ചപ്പാടുകല്‍ കൊണ്ടാണു.ലോകമറിഞ്ഞ പല മഹാന്മാരായ എഴുത്തുകാരുടെ രചനകളും ഇത്തരം ഉയര്‍ച്ചതാഴ്ചകള്‍ക്കു വിധേയരായിട്ടുണ്ട്. ഒരു പുസ്തകം, അല്ലെങ്കില്‍ ഒരു കവിത, ഒരു ലേഖനം ഇവയൊക്കെ സ്വീകരിക്കപ്പെടുന്നത് വായനക്കാരന്റെ അഭിരുചിയെ അവ സ്വാധീനിക്കുകയോ ഇഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോഴാണു. അതായത് ഒരു വായനക്കാരന്‍ ഇല്ലാതെ എഴുത്തുകാരനു നിലനില്‍പ്പില്ല എന്ന്‍ ചുരുക്കം. ഒരു എഴുത്തുകാരന്റെ നിലനില്‍പ്പും ഊര്‍ജ്ജവും വായനക്കാര്‍ ആണെന്നതാണ് പരമമായ യാഥാര്‍ത്ഥ്യം.

വായനക്കാര്‍ പല തരത്തിലുള്ളവരാണ്. ചിലര്‍ക്ക് നര്‍മ്മമായിരിക്കും ഇഷ്ടമാകുക. ചിലര്‍ക്ക് ശുഭാന്ത്യമുള്ളവ, മറ്റുചിലര്‍ക്ക് ദുഃഖസാന്ദ്രമായവ, ഇനി ചിലര്‍ക്ക് രാഷ്ട്രീയപരമായത് അങ്ങിനെയങ്ങിനെ വായനക്കാരന്റെ ഇഷ്ടങ്ങള്‍ക്ക് അന്തമില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സംഭവ്യമായ ഒന്നേയല്ല. വായനക്കാരന് ഇഷ്ടപ്പെടാത്തത് അവന്‍ തുറന്ന്‍ പ്രകടിപ്പിക്കും. മുമ്പ് ഇന്നത്തെപ്പോലെ ബ്ലോഗോ, ഫേസ് ബുക്ക് ഗ്രൂപ്പുകളോ, സോഷ്യല്‍ മീഡിയാ സൈറ്റുകളോ ഒന്നും പ്രചാരത്തിലില്ലാതിരുന്നതുകൊണ്ട് വായനക്കാരന്റെ ഇഷ്ടക്കേടുകളോ രസങ്ങളോ ഒക്കെ തപാല്‍മാര്‍ഗ്ഗേണ ആഴ്ചകള്‍ സഞ്ചരിച്ചാണ് എഴുത്തുകാരനിലെത്തിയിരുന്നത്. ഇന്നു വിരല്‍തുമ്പില്‍ വിസ്മയം വിരിയുന്നതുകൊണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ എഴുത്തുകാരന് തന്റെ വായനക്കാരന്റെ മനോഗതമറിയുവാന്‍ സാധിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചകൊണ്ടുണ്ടായ ഗുണമാണത്. മുമ്പ് ഒരു നല്ല പുസ്തകം ധാരാളം വായനക്കാരിലെത്തിച്ചേര്‍ന്നിരുന്നത് വര്‍ഷങ്ങള്‍ എടുത്തുകൊണ്ടായിരുന്നുവെങ്കില്‍ ഇന്നത് നൊടിയിട നേരംകൊണ്ട് സംഭവിക്കുന്നു. എഴുത്തുകള്‍ കൂടുതല്‍ വായിക്കപ്പെടുന്നു, വിലയിരുത്തപ്പെടുന്നു,വിമര്‍ശിക്കപ്പെടുന്നു.

അഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാനുള്ള വിവേകമാണ് ഏതൊരെഴുത്തുകാരനുണ്ടായിരിക്കേണ്ട പരമപ്രധാനമായഗുണം. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ പല എഴുത്തുകാരും ഇക്കാര്യത്തില്‍ തികഞ്ഞ അസഹിഷ്ണുക്കളാണ്. പല എഴുത്തുകാരും അല്‍പ്പംപോലും ഇഷ്ടപ്പെടാത്ത ഒന്നാണ് വിമര്‍ശനങ്ങള്‍. എല്ലായ്പ്പോഴും പോസിറ്റീവായ അഭിപ്രായങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന ചിലര്‍. ഒരു രചന പൊതുവായനയ്ക്ക് വയ്ക്കുമ്പോള്‍ അതിനെ വായിക്കുന്ന ഭിന്നാഭിരുചിക്കാരായ വായനക്കാര്‍ എല്ലാവരും ഒരേപോലെ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്ന്‍ ശഠിക്കുന്ന ഒരെഴുത്തുകാരന് സത്യത്തില്‍ എഴുത്തിന്റെ ഒരു മേഖലയിലും ഔന്നത്യത്തിലെത്തുവാന്‍ പോകുന്നില്ല. ഓരോ ആളും ഒരുരചനയെ സമീപിക്കുന്നത് അവരുടേതായ കാഴ്ചപ്പാടിലായിരിക്കും. ആ കാഴ്ചപ്പാടാണ് അവര്‍ അഭിപ്രായങ്ങളായി അവതരിപ്പിക്കുന്നത്. പല "പ്രമുഖഎഴുത്തുകാരും" വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ ചവറ്റുകുട്ടയിലേക്ക് തള്ളിയെറിയുകയും തന്നെ സുഖിപ്പിക്കുന്ന തരത്തിലെഴുതിയിരിക്കുന്നത് നിലനിറുത്തി അതുകണ്ട് ആത്മനിര്‍വൃതിയടയുകയും ചെയ്യുന്നവരായുണ്ട്. അത്തരം എഴുത്തുകാര്‍ ജീവിക്കുന്നത് ഒരു മൂഡസ്വര്‍ഗ്ഗത്തിലാണ്.

അഭിപ്രായങ്ങളിലെ സത്യസന്ധതയെ തിരിച്ചറിയുന്നവനാകണം ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍. ഒരെഴുത്തുകാരനെ സംബന്ധിച്ച് ഏതൊരുകാലത്തും നല്ല വിമര്‍ശനങ്ങളാണ് വഴികാട്ടികളാകുന്നത്. വിമര്‍ശിക്കുന്നവര്‍ പറയുന്നതിലെ "കാര്യം" മാത്രം ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഒരെഴുത്തുകാരനുണ്ടാകണം. വിമര്‍ശ്നാത്മകമായ കമന്റുകളിടുന്നവരൊട് പലരും പറയുന്നതുകാണാറുണ്ട് ആരും എഴുത്തുകാരായല്ല ജനിച്ചുവീഴുന്നത്, മുളയിലേ നുള്ളിക്കളയരുത്, കൂമ്പ് വാട്ടിക്കളയരുത്, കല്ലെറിയരുതെന്നൊക്കെ. കേണ്ടത്. ആരും തന്നെ മഹാന്മാരായ എഴുത്തുകാരായി ജനിക്കുന്നില്ല എന്ന ന്യായം പറഞ്ഞാല്‍ത്തന്നെ മഹാന്മാരായ എഴുത്തുകാരായവരാരുംതന്നെ  പൂമാലകളാല്‍ മാത്രം സ്വീകരിക്കപ്പെട്ടവരായിരുന്നില്ല എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. പൊതുവായനയ്ക്ക് വയ്ക്കുന്ന ഒന്നില്‍ വിരുദ്ധാഭിപ്രായങ്ങള്‍ വരുന്നതില്‍ അസഹിഷ്ണുത പുലര്ത്തുന്നവര് ഒരിക്കലും ഒരു നല്ല എഴുത്തുകാരന്‍ എന്ന പറച്ചിലിനേ അര്‍ഹനല്ല. മാന്യമായ ഒരു വിമര്ശനമുള്ക്കൊള്ളാനാവാത്ത ഒരെഴുത്തുകാരന് ഇതിഹാസമെഴുതിയാലും അതുകൊണ്ടെന്തു ഗുണമാണുള്ളത്?. വായനക്കാര് എന്നത് വിഭിന്ന രുചിക്കാരായിരിക്കുമെന്ന സാമാന്യബോധം എപ്പോഴും ഒരു എഴുത്തുകാരനുണ്ടായിരിക്കണം. വിമര്ശനങ്ങളിലെ നല്ല ഭാഗം സ്വീകരിച്ചാല് അത് അടുത്തരചനയുടെ പാകപ്പിഴവുകള് തീര്ക്കാനുതകുമെന്നെങ്കിലും മനസ്സിലാക്കാതെ അവയെ ചവറ്റുകുട്ടയിലെറിയുകയല്ല വേണ്ടത്.

വായനക്കാരന്‍ പരമാധികാരിയാണെന്നുവച്ച് എന്തും പറയുവാന്‍ അവകാശമില്ലതന്നെ. വായനക്കാരനാണു ഒരെഴുത്തുകാരനെ നിലനിറു‍ത്തുന്നത്, വളര്‍ത്തുന്നത് ഒപ്പം തളര്‍ത്തുന്നതും. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും വായനക്കാരന്‍ സത്യസന്ധമായി രചനകളെ സമീപിക്കാറില്ല. അഭിപ്രായങ്ങള്‍ പലപ്പോഴും എഴുതിയ ആളിന്റെ പേരോ സുന്ദരമായ പ്രൊഫൈല്‍ചിത്രമോ നോക്കിമാത്രം നല്‍കപ്പെടുന്ന ഒരു ദുഷിച്ച പ്രവണത പലയാളുകളും വച്ചുപുലര്‍ത്തുന്നുണ്ട്. പലപ്പോഴും എഴുത്തുകള്‍ വായിച്ചുപോലും നോക്കാതെ അതിസുന്ദരമായിരിക്കുന്നു സൂപ്പര്‍ എന്നൊക്കെ കളവാരന്ന്‍ അഭിപ്രായങ്ങള്‍ അവര്‍ വാരിച്ചൊരിയും. ഈ കള്ളങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത് സത്യത്തില്‍ എഴുത്തുകാരന്റെ യഥാര്‍ത്ഥ കഴിവിനെയാണ്. മുഖസ്തുതികളെന്നോണം മാത്രം നല്‍കപ്പെടുന്ന ഇത്തരം പറച്ചിലുകളില്‍ ആണ്‍റ്റുപോകുന്ന എഴുത്തുകാരന് ഒരിക്കലും തന്റെ രചനയുടെ പോരായ്മകള്‍ തിരിച്ചറിയുവാനോ അവയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാനോ കഴിയാതെയാകുന്നു. പലപ്പോഴും അഭിപ്രായങ്ങള്‍ ആദ്യമെഴുതിയ ആളിന്റെ സ്വീകാര്യതയ്ക്കനുസരിച്ച് കോമ്പ്രമൈസ് ചെയ്യപ്പെടുന്നുണ്ട്. ഗ്രൂപ്പില്‍ സാമാന്യം സ്വീകാര്യനായ ഒരാള്‍ ആദ്യത്തെ കമന്റിടുകയും അയാള്‍ നല്ല കിടിലന്‍ എഴുത്ത് എന്ന അര്‍ത്ഥത്തിലാണ് അതിടുകയും ചെയ്തതെങ്കില്‍  പിന്നീടുവരുന്ന കമന്റുകള്‍ ബഹുഭൂരിപക്ഷവും അതേ ജനുസ്സിലായിരിക്കും. ഇനി അത്ര പോരാ എന്നര്‍ത്ഥത്തിലുള്ളതാണെങ്കില്‍ ബാക്കിയുള്ളവ അതേപോലെയും. ഒരു ഫാന്‍സ് അസോസിയേഷന്റെ രീതിയിലാണ് പലപ്പോഴും അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. രചനകള്‍ വായിച്ച് വസ്തുനിഷ്ഠമായി തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരേയോ തിരുത്തലുകള്‍ പറയുന്നവരേയോ രചനകളെ വിമര്‍ശിക്കുന്നവരേയോ പലര്‍ക്കും ഇഷ്ടപ്പെടുകയില്ല. അവരത് പ്രകടമാക്കുകയും തങ്ങളുടെ ആരാധകവൃന്ദങ്ങളെ വിളിച്ചുവരുത്തി എതിരഭിപ്രായമിട്ട ആളിന്റെ വധം പൂര്‍ത്തിയാക്കുകയും ചെയ്യും. ഒണ്‍ ലൈന്‍ ഇടങ്ങളിലെ എഴുത്തുകളിലെ ഏറ്റവും വലിയ അശ്ലീലവും ഇതുതന്നെയാണ്.

വായനയും അഭിപ്രായങ്ങളും എല്ലായ്പ്പോഴും സത്യസന്ധമായിരിക്കണം. വിമര്‍ശകര്‍ അല്‍പ്പംകൂടി അവധാനതയോടെ കാര്യങ്ങളെ സമീപിക്കണം. വിമര്‍ശനങ്ങള്‍ വ്യക്ത്യാധിഷ്ടിതമായ അധിക്ഷേപങ്ങളായിമാറരുത്. എഴുത്തിലെ പോരായ്മകള്‍, തെറ്റുകള്‍ ഒക്കെയും ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റിലല്‍. എന്നാല്‍ അത് മാന്യമായ ഭാഷയിലാകണമെന്നുമാത്രം. എഴുതിയ ആളിനെ മോശം പദങ്ങളാല്‍ അധിക്ഷേപിച്ചുകൊണ്ടുമാകരുത്. അക്ഷരങ്ങള് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൂടിയാണ്. സൃഷ്ടിച്ചവനും ഉപയോഗിച്ചവനുമൊക്കെ മുറിവേള്‍ക്കുന്ന ഇരുതലമൂര്‍ച്ചയുള്ള ആയുധം. ഒരെഴുത്തുകാരനോട് വായനക്കാരനു ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത പൊള്ളയായ മുഖസ്തുതിപറച്ചിലുകളാണ്. ആ പരമമായ സത്യം മനസ്സിലാക്കി മുഖസ്തുതികളില്‍ മയങ്ങിപ്പോകാനുള്ളതല്ല താനെന്ന തിരിച്ചറിവ് എഴുത്തുകാരനു എന്നുണ്ടാകുന്നുവോ അന്ന്‍ മഹത്തായ രചനകളുടെ സൃഷ്ടിയും വ്യാപനവും നടക്കും. മുഖ്യധാരാ എഴുത്തിടങ്ങളെ വച്ചുനോക്കുമ്പോള്‍ ബ്ലോഗിലും അനുബന്ധഎഴുത്തിടങ്ങളിലും വിരിയുന്നത് കക്കൂസ് സാഹിത്യമാണെന്ന പുലമ്പലുകള്‍‍ ഉണ്ടാകുന്നതിനു കാരണക്കാര്‍ നാം തന്നെയാണെന്ന്‍ ബോധ്യം നമുക്കുണ്ടാകണം. നല്ല എഴുത്തുകളും അവയ്ക്കൊത്ത വായനയും വിളയുന്ന വസന്തകാലം എല്ലായ്പ്പോഴുമുണ്ടാകട്ടേ..

ശ്രീ

4 comments:

  1. അഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാനുള്ള വിവേകമാണ് ഏതൊരെഴുത്തുകാരനുണ്ടായിരിക്കേണ്ട പരമപ്രധാനമായഗുണം. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ പല എഴുത്തുകാരും ഇക്കാര്യത്തില്‍ തികഞ്ഞ അസഹിഷ്ണുക്കളാണ്. പല എഴുത്തുകാരും അല്‍പ്പംപോലും ഇഷ്ടപ്പെടാത്ത ഒന്നാണ് വിമര്‍ശനങ്ങള്‍. എല്ലായ്പ്പോഴും പോസിറ്റീവായ അഭിപ്രായങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന ചിലര്‍. ഒരു രചന പൊതുവായനയ്ക്ക് വയ്ക്കുമ്പോള്‍ അതിനെ വായിക്കുന്ന ഭിന്നാഭിരുചിക്കാരായ വായനക്കാര്‍ എല്ലാവരും ഒരേപോലെ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്ന്‍ ശഠിക്കുന്ന ഒരെഴുത്തുകാരന് സത്യത്തില്‍ എഴുത്തിന്റെ ഒരു മേഖലയിലും ഔന്നത്യത്തിലെത്തുവാന്‍ പോകുന്നില്ല. ഓരോ ആളും ഒരുരചനയെ സമീപിക്കുന്നത് അവരുടേതായ കാഴ്ചപ്പാടിലായിരിക്കും. ആ കാഴ്ചപ്പാടാണ് അവര്‍ അഭിപ്രായങ്ങളായി അവതരിപ്പിക്കുന്നത്. പല "പ്രമുഖഎഴുത്തുകാരും" വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ ചവറ്റുകുട്ടയിലേക്ക് തള്ളിയെറിയുകയും തന്നെ സുഖിപ്പിക്കുന്ന തരത്തിലെഴുതിയിരിക്കുന്നത് നിലനിറുത്തി അതുകണ്ട് ആത്മനിര്‍വൃതിയടയുകയും ചെയ്യുന്നവരായുണ്ട്. അത്തരം എഴുത്തുകാര്‍ ജീവിക്കുന്നത് ഒരു മൂഡസ്വര്‍ഗ്ഗത്തിലാണ്.

    ReplyDelete