Saturday, August 24, 2019

നാം എന്തില്‍നിന്നാണു സ്വതന്ത്രരായത്?

നാം എന്തില്‍നിന്നാണു സ്വതന്ത്രരായത്?

1947 ജൂലൈ 4 നു ബ്രിട്ടീഷ്പ്രധാനമന്ത്രിയായിരുന്ന ക്ലമന്റ് ആറ്റ്ലി ബ്രിട്ടീഷ്പാര്‍ലന്റിനുമുന്നില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് അവതരിപ്പിച്ചു. ജോര്‍ജ് ആറാമന്‍ രാജാവ് ഈ ആക്റ്റ് അംഗീകരിക്കുകയും അതിന്‍പ്രകാരം ഭാരതത്തെ ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രണ്ടുരാജ്യങ്ങളായി വിഭജിക്കാമെന്നും 1947 ആഗസ്റ്റ് മാസം 15ആം തീയതി പൂര്‍‍ണ്ണസ്വാതന്ത്ര്യം നല്‍കാമെന്നു തീരുമാനമെടുക്കുകയും ചെയ്തു. രണ്ടാംലോകമഹായുദ്ധത്തില്‍ ജാപ്പനീസ് ഇമ്പീരിയല്‍ ആര്‍മ്മിക്കെതിരേ ബ്രിട്ടീഷ്സേന നേടിയ വിജയത്തിന്റെദിനമായ ആഗസ്റ്റ് 15 നെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ബ്രിട്ടീഷ്ഇന്ത്യയിലെ അവസാന വൈസ്രോയിയായിരുന്ന മൌണ്ട്ബാറ്റന്‍പ്രഭു തീരുമാനിക്കുകയായിരുന്നു.മൂന്നരനൂറ്റാണ്ടുപിന്നിട്ട ബ്രിട്ടീഷ് വൈദേശികാടിമത്വത്തില്‍നിന്നു ഭാരതം ഒരു പരമാധികാരസ്വതന്ത്രരാജ്യമായി ആഗസ്റ്റ് 14 അര്‍ദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ടു. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവത്യാഗങ്ങളും കൊടിയമര്‍ദ്ദനങ്ങളും ജയില്‍വാസങ്ങള്‍ക്കുമൊക്കെ സാക്ഷ്യം വഹിച്ച സമ്പൂര്‍ണ്ണസ്വാതന്ത്ര്യമെന്ന ലക്ഷ്യം അങ്ങനെ ഭാരതീയര്‍ നേടിയെടുത്തു.

സ്വാതന്ത്ര്യംനേടി എഴുപത്തിരണ്ടോളം കൊല്ലങ്ങള്‍ പിന്നിട്ടപ്പോള്‍ നമ്മുടെ രാജ്യം എവിടെയെത്തിനില്‍ക്കുന്നു എന്ന കാര്യം നോക്കിക്കണ്ടാല്‍ ചിലപ്പോള്‍ അഭിമാനത്തേക്കാളും സങ്കടമാവും തോന്നുക. വൈദേശികാടിമത്വത്തില്‍നിന്നു വിടുതല്‍ ലഭിച്ച് ജനാധിപത്യമെന്ന സമ്പൂര്‍ണസ്വാതന്ത്ര്യാവസ്ഥയിലേക്ക് രാജ്യം നടന്നുകയറി മുക്കാല്‍നൂറ്റാണ്ടാകാറായപ്പോഴും നമ്മുടെ രാജ്യമിന്നും കാസരോഗിയെപ്പോലെ ചുമച്ചുംകിതച്ചും മുട്ടിലിഴയുന്നതേയുള്ളൂ. ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും സമ്പന്നര്‍ കൂടുതല്‍കൂടുതല്‍ സമ്പന്നതയിലേക്കും കുതിച്ചുകൊണ്ടിരിക്കുന്ന അതി വിചിത്രമായ ഒരു സാമ്പത്തികാസമത്വമാണ് നമ്മുടെ നാട്ടില്‍ ഇന്നുനിലനില്‍ക്കുന്നത്. മനുഷ്യനെ മനുഷ്യനായിപ്പോലും കണക്കുകൂട്ടാത്ത ജാതിമതക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഭീതിദമായ അവസ്ഥയാണ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും കാണാനാകുക. വര്‍ത്തമാനകാലഇന്ത്യ നേരിടുന്ന ഏറ്റവും കൊടിയ വിപത്തായ ജാതിഭ്രാന്തിന്റെ മൂര്‍ദ്ധന്യമാണിന്നു നടമാടിക്കൊണ്ടിരിക്കുന്നത്.‍ മൃഗങ്ങള്‍ക്കുള്ള പരിഗണനപോലും മനുഷ്യനു ലഭിക്കാത്തവിധം നമ്മുടെ നാട് വര്‍ഗ്ഗീയക്കോമരങ്ങള്‍ക്ക് അടിയറവുപറഞ്ഞുകഴിഞ്ഞു. എന്തു തിന്നണം, എന്തു ധരിക്കണം, എന്തു സംസാരിക്കണം എന്നതൊക്കെ ചിലരാല്‍ നിയന്ത്രിക്കപ്പെടുന്ന ഭീകരാവസ്ഥയിലേക്കു നമ്മുടെ നാടും നടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചവഴിയില്‍ മനുഷ്യരെ തിരിച്ചറിയുവാന്‍ കഴിയാത്തവിധം ജാതിഭീകരത നടമാടുന്നു. ഇത് തന്നെയാണ് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്ന മറ്റൊന്നു ഭീകരവാദമാണ്. 132 കോടിയോളം വരുന്ന ജനങ്ങള്‍. ആയിരക്കണക്കിനു ഭാഷകളും സംസ്ക്കാരങ്ങളും വിചിത്രതരമായ ആചാരാനുഷ്ഠാനങ്ങളുമായി കഴിയുന്ന ഒരു ജനത. അവരിന്നു സ്ഥാപിതതാല്‍പ്പര്യക്കാരായ ഗൂഡശക്തികളുടെ സ്വാധീനങ്ങളില്‍പ്പെട്ട് വെറും ഹിന്ദുവും കൃസ്ത്യാനിയും മുസ്ലീങ്ങളും മറ്റു മതസ്ഥരുമൊക്കെയായി മാറിയിരിക്കുന്നു. ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗ്ഗീയകോമരങ്ങളെക്കൊണ്ട് സകലമാനജനങ്ങളും ഒരു അരക്ഷിതാവസ്ഥയുടെ പുറത്തുജീവിക്കേണ്ടിവരുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരുപറഞ്ഞ് നിരപരാധികളായ ജനങ്ങളെ തല്ലിക്കൊല്ലുന്ന ഭീകര‍ന്മാരും കഥകളില്‍ സൃഷ്ടിക്കപ്പെട്ട സ്വര്‍ഗ്ഗനരകങ്ങള്‍ പറഞ്ഞ് ഭയപ്പെടുത്തി ദൈവത്തിന്റെ പേരും പറഞ്ഞ് കൊല്ലാനും ചാകാനും അണികളെ പ്രാപ്തരാക്കുന്ന ഭീകരന്മാരും ഒക്കെക്കൂടി സന്തോഷത്തിലും സമാധാനത്തിലും കഴിയുവാനാഗ്രഹിക്കുന്ന ഒരു ജനതയുടെ ജീവിതം നരകസമാനമാക്കിക്കൊണ്ടിരിക്കുന്നു. വന്നുവന്ന്‍ തൊട്ടയല്‍പക്കത്ത് താമസിക്കുന്നത് ആരാണെന്ന്‍ തിരിച്ചറിയാനുംകൂടി സാധിക്കാത്തവിധം മതജീവികളായി മാറിയ നാം എന്തില്‍ നിന്നാണ് സത്യത്തില്‍ സ്വാതന്ത്ര്യം നേടിയത്?.

അഴിമതിയും സ്വജനപക്ഷപാതിത്വവും കെടുകാര്യസ്ഥതകളും നിറഞ്ഞ ഭരണക്രമവും ഒദ്യോഗസ്ഥദുഷ്പ്രഭുത്വങ്ങളും രാഷ്ട്രീയക്കോമരങ്ങളുമൊക്കെ നമ്മുടെ രാജ്യത്തിന്റെ തീരാശാപങ്ങളാണ്. വര്‍ഷങ്ങളായി താമസിക്കുന്ന സ്ഥലത്തിന്റെ കരമടയ്ക്കുവാന്‍ മാസങ്ങളോളം വില്ലേജാഫീസില്‍ കയറിയിറങ്ങി ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ നിസ്സഹായനായ മനുഷ്യന്‍ നമ്മുടെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ ഇരയാണ്. വെറുമൊരു ഊച്ചാളി രാഷ്ട്രീയക്കാരന്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍പോലും ഉത്സവംപോലെ കൊണ്ടാടുന്ന ജനത എങ്ങിനെയാണ് ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ തങ്ങളുടെ പങ്കു വഹിക്കുക?. ഭരണാധികാരികളുടെ താന്‍പോരിമയും അഹന്തയുമലസതയുംകൊണ്ട് ശ്വാസവായു കിട്ടാതെ പൊടിക്കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുന്ന ഒരു രാജ്യത്ത്, ജനസംഖ്യയുടെ എഴുപതുശതമാനത്തിനു മുകളില്‍ വരുന്ന ജനവിഭാഗങ്ങള്‍ ഇപ്പോഴും അടിസ്ഥാനസൌകര്യങ്ങള്‍ പോലുമില്ലാതെ കടത്തിണ്ണകളിലും ചേരികളിലും ചോര്‍ന്നൊലിക്കുന്ന ഭവനങ്ങളിലും രണ്ടുനേരം തികച്ചുണ്ണുവാന്‍ ശേഷിയില്ലാതെ കഴിയുന്ന ഒരു രാജ്യത്ത്, ദശലക്ഷങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കക്കൂസുകള്‍ പോലുമില്ലാത്ത ഒരു രാജ്യം എങ്ങിനെയാണ് തിളങ്ങുന്നു എന്നു പറയുക? ഏതു രീതിയിലാണ് മുന്നേറുകയാണെന്ന്‍ പറയുക? രാഷ്ട്രീയ വൈരങ്ങളുടെ പേരുംപറഞ്ഞ് പരസ്പ്പരം എണ്ണമിട്ട് കൊലപാതകങ്ങള്‍ നടത്താന്‍ മത്സരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും ഓരോ കൊലകളേയും ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ ഉറ്റവര്‍ നഷ്ടപ്പെട്ട നിസ്സഹായരുടെ നിലവിളികള്‍ ബധിരകര്‍ണങ്ങളില്‍ മാത്രം പതിക്കപ്പെടുന്ന ഒരുനാട് ഏതു രീതിയിലാണ് വികസിതമാണ് എന്ന്‍ പറയുക?.

ദശലക്ഷക്കണക്കിനു കോടികളുടെ അഴിമതികള്‍ നടത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളും പാര്‍ട്ടികളും, പതിനായിരക്കണക്കിനു കോടിയുടെ വെട്ടിപ്പുകള്‍ നടത്തി നിയമനീതിന്യാവ്യവസ്ഥകളെ മുഴുവന്‍ നോക്കിപല്ലിളിച്ചുകൊണ്ട് സുഖസുഭിക്ഷമായി കഴിയുന്ന കോര്‍പ്പറേറ്റ് കോടീശ്വരന്മാരും വാഴുന്ന ഒരു രാജ്യത്ത് നിയമനീതിന്യായവ്യവസ്ഥകളും ഭരണാധികാരികളും സുഖസൌകര്യങ്ങളുമെല്ലാം അവര്‍ക്കായി മാത്രം നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. തൊണ്ണൂറുശതമാ​‍നത്തില്‍ കൂടുതല്‍ അന്ധകാരനൂഴിയില്‍ കിടക്കുന്ന ഒരു രാജ്യം ചന്ദ്രനില്‍ നിലയം സ്ഥാപിച്ചതുകൊണ്ടോ ചൊവ്വയില്‍ പര്യവേഷണം നടത്തിയതുകൊണ്ടോ ശതകോടികള്‍ നടത്തി കായികമാമാങ്കങ്ങള്‍ നടത്തിയതുകൊണ്ടോ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാനാവില്ല. ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കി അവരുടെ ദൈനംദിനജീവിതം സുഖകരമാക്കുവാന്‍ കഴിയുന്നതെല്ലാം ചെയ്തുകൊടുക്കുകയും നിയമനീതിന്യായ വ്യവസ്ഥിതികള്‍ എല്ലാവരേയും തുല്യരായിക്കണ്ട് നീതിയും സംരക്ഷണവും ഉറപ്പുവരുത്തുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് രാജ്യത്തോടും ഭരണാധികാരികളോടും മതിപ്പും ബഹുമാനവും ഉടലെടുക്കുകയും ചെയ്യും. അപ്പോഴാണ് ഏതൊരു രാജ്യവും തിളക്കമുള്ളതാകുന്നത്.

അനിയന്ത്രിതമായ സ്വാതന്ത്ര്യം ലഭ്യമാക്കിയതാണ് വര്‍ത്തമാനകാലഇന്ത്യ നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം. രാഷ്ട്രീയം പറഞ്ഞ് ഒരു ഊച്ചാളിക്കുപോലും ഒരു ജനതയെ മുഴുവന്‍ ദുരിതത്തിലാക്കുവാന്‍ കഴിയുന്ന ഇന്നിന്റെ രാഷ്ട്രീയമാണ് ഈ നാടിന്റെ ശാപം. അവര്‍ണനെന്നും ദരിദ്രനെന്നും പറഞ്ഞ് മനുഷ്യജീവനുകള്‍ക്ക് പട്ടിയുടെ വിലപോലും കല്‍പ്പിക്കാത്ത വൃത്തികെട്ട ജാത്യബോധമാണ് ഇന്ത്യന്‍ ജനത നേരിടുന്ന ഭീകരമായ ദുരന്തം. മനുഷ്യനെ പച്ചയ്ക്കു തല്ലിക്കൊല്ലുന്ന മരമന്ദബുദ്ധികളായ വിശ്വാസരോഗികളാണ് ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അനുനിമിഷം തലകുനിപ്പിക്കുന്നത്. നീതി നടപ്പാക്കേണ്ട നിയമനീതിന്യായ സംവിധാനങ്ങള്‍ പണക്കാര്‍ക്കും സ്വാധീനങ്ങള്‍ക്കും മുന്നില്‍ ഓച്ഛാനിച്ചു തലകുനിച്ചുനില്‍ക്കുമ്പോള്‍ നീതിനടപ്പിലാക്കുവാന്‍ ഓരോ പൌരനും സ്വയം തുനിയേണ്ടിവരുന്നിടത്താണ് നമ്മുടെ നിയമനീതിന്യായവ്യവസ്ഥകളുടെ ദുര്‍ബലതയും വെളിപ്പെടുന്നത്. 132 കോടി ജനങ്ങളില്‍ പകുതിയിലേറെയും രണ്ടുനേരം വയറു നിറച്ചുണ്ണുവാന്‍ ശേഷിയില്ലാത്ത ഒരു രാജ്യത്ത്, കോടിക്കണക്കിനു ജനങ്ങള്‍ തെരുവുകളിലും ചേരികളിലും തലചായ്ക്കുന്ന ഒരു രാജ്യത്ത്, ആയിരക്കണക്കിനുകോടികള്‍ അഴിമതി നടത്തുകയും വെട്ടിപ്പും തട്ടിപ്പും നടത്തുകയും ചെയ്തവര്‍ ആരെയും പേടിക്കാതെ യാതൊരു കുഴപ്പവുമില്ലാതെ സുഖലോലുപരായി ജീവിക്കുകയും അയ്യായിരമോ അമ്പതിനായിരമോ ലോണെടുത്തവന്‍ അതു മുടങ്ങിയതിന്റെ പേരില്‍ ജപ്തിനടപടികള്‍ക്ക് വിധേയനായി ആത്മഹത്യകളില്‍‍ അഭയം തേടുകയും ചെയ്യുന്ന ഒരു രാജ്യത്ത് സ്വാതന്ത്ര്യം സമത്വം എന്നീ വാക്കുകള്‍ക്കൊക്കെയുള്ള പ്രസക്തിയെന്താണ്? നാം സത്യത്തില്‍ എന്തില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിയത്? ഇന്നും നാം പലകാര്യങ്ങളിലും അടിമത്വത്തില്‍ തന്നെയാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യസമരം ഇനിയാണുണ്ടാകേണ്ടത്

നമ്മുടെ രാജ്യവും തിളങ്ങണം. അതിനു മുന്‍കൈയെടുക്കേണ്ടത് നമ്മള്‍ തന്നെയാണ്. വൈദേശിക കൊള്ളക്കാരില്‍നിന്നു സ്വദേശക്കൊള്ളക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയെന്നുപറയുന്നത് വെറുതേയാണ്. നാം ഇനിയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യസമരം നടത്തേണ്ടത്. മതവെറിയുടെ കിരാതന്മാരില്‍ നിന്നുള്ള രക്ഷയ്ക്കായി, എന്തുകഴിക്കണം എന്തു ധരിക്കണം എന്തു ചെയ്യണം എന്നൊക്കെ തിട്ടൂരമിറക്കുന്ന ഫാസിസ്റ്റ് കേന്ദ്രങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നുള്ള മോചനത്തിനായി, തൊട്ടടുത്ത് താമസിക്കുന്ന സുമനസ്സുകളെക്കൂടി തമ്മിലടിപ്പിച്ച് നരകം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ജാതിമതഭ്രാന്തന്മാരില്‍ നിന്നുള്ള രക്ഷപ്പെടലിനായി, ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കോമരങ്ങളുടെ സ്വാധീനത്തില്‍നിന്നു പുറത്തുവരാനായി ഒക്കെയാണ് നാം ഒറ്റക്കെട്ടായി നിലയുറപ്പിക്കേണ്ടത്. നമ്മുടെ സ്വാതന്ത്ര്യസമരം നല്ലൊരിന്ത്യക്ക് വേണ്ടിയാവട്ടേ. സകലരേയും ഏകസമഭാവേന കാണുന്ന, എല്ലാ ജാതിമതസ്ഥര്‍ക്കും സ്വസ്ഥസമാധാനപൂര്‍ണജീവിതം സാധ്യമാക്കുന്ന, പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചുനീക്കപ്പെട്ട എല്ലാരീതിയിലും വികസിതമായി തിളങ്ങുന്ന സംസ്ക്കാരസമ്പനമായ ഒരിന്ത്യയെന്ന സ്വപ്നത്തിനായി ജാതിമതഭേദമേതും മറന്ന്‍ നമുക്കൊരുമിച്ചു കൈകോര്‍ക്കാം.

ഇന്നിന്റെ എല്ലാ അസമത്വങ്ങളിലും ഖിന്നനാണെങ്കിലും ഭാരതം എന്റെ വികാരമാണ്. ഞരമ്പുകളെ ത്രസിപ്പിച്ചുകൊണ്ടൊഴുകുന്ന വികാരം

"ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തഃരംഗം"



ശ്രീ

4 comments:

  1. നമ്മുടെ രാജ്യവും തിളങ്ങണം. അതിനു മുന്‍കൈയെടുക്കേണ്ടത് നമ്മള്‍ തന്നെയാണ്. വൈദേശിക കൊള്ളക്കാരില്‍നിന്നു സ്വദേശക്കൊള്ളക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയെന്നുപറയുന്നത് വെറുതേയാണ്. നാം ഇനിയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യസമരം നടത്തേണ്ടത്.

    ReplyDelete