Tuesday, August 20, 2019

സ്ത്രീധനം


സത്യത്തില്‍ നമ്മള്‍ ഏറ്റവുംകൂടുതല്‍ ദുരഭിമാനം വച്ചുപുലര്‍ത്തുന്ന മേഖലകളാണ് വിവാഹം നടത്തല്‍, വീടുവയ്പ്പ് തുടങ്ങിയവ. എത്രതന്നെ സാമ്പത്തികബുദ്ധിമുട്ടുണ്ടായാലും ശരി ഇതു രണ്ടും അങ്ങേയറ്റം ആര്‍ഭാടമാക്കാനുള്ള‍ മത്സരമാണ് പലരും നടത്തുന്നത്. അയല്‍പക്കത്തുകാരന്‍ നിര്‍മ്മിച്ച വീടിനേക്കാളും വലിപ്പവും സൌകര്യവുമുള്ള വീട് തനിയ്ക്ക് വയ്ക്കണം, അവന്‍ മകള്‍ക്ക് 100 പവന്‍ സ്വര്‍ണ്ണം നല്‍കിയാല്‍ തന്റെ മകള്‍ക്ക് 125 പവനെങ്കിലും നല്‍കി വിവാഹം നടത്തണം എന്ന ചിന്താഗതിപേറുന്നവരാണ് ബഹുശതവും. സ്വന്തം വരുമാനവും ആസ്തിയും ഒന്നും തുലോം കാര്യമാക്കാതെ  കിട്ടാവുന്നിടത്തുനിന്നുമുഴുവന്‍ കടം വാങ്ങിയാണ് ഈ കോപ്രായങ്ങള്‍ പലരും കാണിക്കുന്നത്. ഒടുവില്‍ പലിശഭാരത്താല്‍ നടുവൊടിഞ്ഞ് ഉള്ളതുമുഴുവന്‍ വിറ്റുതുലയ്ക്കുകയോ ഒരു മുഴം കയറിലോ ഒരുനുള്ളു വിഷത്തിലോ ജീവനോടുക്കുകയും ചെയ്യും. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ പെണ്മക്കളെ സാധാരണക്കാരായ യുവാക്കള്‍ക്ക് കല്യാണം കഴിച്ചുകൊടുക്കാന്‍ ആഗ്രഹിക്കുകയില്ല. എല്ലാവര്‍ക്കും വേണ്ടത് ഗവണ്മെന്റ് ഉദ്യോഗസ്ഥരെ മാത്രം. അല്ലെങ്കില്‍ വന്‍സാമ്പത്തികമുള്ള പയ്യന്മാര്‍ മതി. സ്ത്രീധനം ഒന്നുംവേണ്ടാ മകളെ കല്യാണം കഴിപ്പിച്ചുതന്നാല്‍മതി അവളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നു പറഞ്ഞുവരുന്ന സാധാരണക്കാരായ ചെറുക്കനെയൊന്നും മിനിമം സാമ്പത്തികനിലയുള്ള പെണ്ണുവീട്ടുകാര്പോലും‍ അടുപ്പിക്കുകപോലുമില്ല എന്നതുറപ്പാണ്. പെണ്‍കുട്ടികളും അത്തരം പയ്യന്മാരെ ഇഷ്ടപ്പെടുകയില്ല. തന്റെ മകള്‍ക്ക് എഞ്ചിനീയറേയോ ബിസ്സിനസ്സുകാരനേയോ ഡോക്ടറേയോ നല്ല ഗവണ്മെന്റ് ജോലിക്കാരനേയോ കണ്ടെത്താനും അവര്‍ക്ക് കാറും ലക്ഷക്കണക്കിനു രൂപയും 100 പവനുമൊക്കെ സ്ത്രീധനമായി കൊടുക്കാന്‍ നെട്ടോട്ടമോടും മാതാപിതാക്കള്‍. ഇന്ന്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ പല അവിവാഹിതചെറുപ്പക്കാരുടേയും പ്രായം 32-35 കഴിഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടല്ല ഇപ്രകാരം പലരും അവിവാഹിതരായി നില്‍ക്കുന്നത്. പല പെണ്‍കുട്ടികളുടേയും ജീവിതത്തെ ദുരിതമയമാക്കുന്ന സ്ത്രീധനസമ്പ്രധായം പ്രോത്സാഹിപ്പിക്കുന്നതില്‍ നല്ലൊരുശതമാനവും പെണ്ണുവീട്ടുകാര്‍ തന്നെയാണെന്നതാണ് ഖേദകരമായ സംഗതിയും.

പെണ്‍കുട്ടിയും പെണ്‍വീട്ടുകാരും ഉയര്‍ന്ന സാമ്പത്തികമുള്ള, ഗവണ്മെന്റ് ജോലിയുള്ള യുവാക്കളെ വരനായി ആഗ്രഹിക്കുന്നതു സ്ത്രീധനംപോലെതന്നെ ഓമനപ്പേരിട്ട് വിളിക്കേണ്ടുന്ന പുരുഷധനം കണ്ണുവച്ചിട്ടാണ്. അത്തരം ചെറുപ്പക്കാരും അവരുടെ വീട്ടുകാരും ഈ കണ്ണുവയ്ക്കലിനു പകരമെന്നൊണം ആഗ്രഹിക്കുന്നതാണ് സ്ത്രീധനം. പെണ്ണുവീട്ടുകാര്‍ അതു നല്‍കാന്‍ തയ്യാറാകുന്നതും ഒരു പരസ്പ്പരകൈമാറ്റക്കച്ചവടക്കണ്ണുകണ്ടുകൊണ്ടുതന്നെയാണ്. ആണുങ്ങള്‍ മാത്രം വിചാരിച്ചാലോ ഒഴിവാക്കിയാലോ ഇല്ലാതാകുന്നതല്ല ഇത്തരം കച്ചവടങ്ങള്‍. നമ്മുടെ വിവാഹസംസ്ക്കാരത്തിലും ചിന്തകളിലും സമൂലം മാറ്റം വന്നാല്‍മാത്രമേ ഈ ധനവ്യവഹാരങ്ങള്‍ ഇല്ലാതാവുകയുള്ളൂ. സാധാരണക്കാരനായ ഒരു കൂലിത്തൊഴിലാളി പൊതുവേ ഉയര്‍ന്നസാമ്പത്തികമുള്ള ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിയെ വിവാഹമാലോചിച്ചുചെല്ലുകയില്ല. തങ്ങളുടെ നില എന്താണെന്നവര്‍ക്ക് നന്നായറിയാം. എന്നാല്‍ അതേ ജനുസ്സില്‍പ്പെട്ട പെണ്‍കുട്ടികളോ പെണ്‍വീട്ടുകാരോ അത്തരം യുവാക്കളെ ഒഴിവാക്കുന്നു എന്നിടത്താണ് യഥാര്‍ത്ഥപ്രശ്നം നിലകൊള്ളുന്നത്. ഡോക്ടറായ തന്റെ മകളെ കൂലിപ്പണിക്കാരനു കല്യാണം കഴിച്ചുകൊടുക്കാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാകണമെന്നല്ല പറഞ്ഞുവരുന്നത്.ഒരാള്‍ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ അയാളെ സാമൂഹികനിലയില്‍ അടയാളപ്പെടുത്തുന്ന അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം ഒരു മാറ്റവും നമ്മുടെ നാട്ടില്‍ ഉണ്ടാകുവാന്‍ പോകുന്നില്ല.

സ്വത്തും പണവുമൊക്കെനോക്കി കല്യാണം നോക്കുന്ന ചെറുപ്പക്കാര്‍ ഇന്നത്തെ കാലത്ത് കുറഞ്ഞുകുറഞ്ഞുവരുന്നു എന്നുവേണം പറയാന്‍.എന്നാല്‍ അവരുടെ മാതാപിതാക്കളും കാരണവന്മാരും അത് ഒഴിവാക്കുന്നില്ല. അവരുടെ യാഥാസ്ഥിതിക മനസ്സ്മൂലമാവുമത്. പഴയകാലഘട്ടത്തില്‍ ജീവിക്കുന്നവരാണവരിപ്പോഴും. പല ചെറുപ്പക്കാരും അച്ഛനമ്മമാരുടേയും ബന്ധുജനങ്ങളുടേയും മുന്നില്‍ ആ സമയത്ത് നിസ്സഹായരാകും. ആദര്‍ശമൊക്കെ അടുപ്പത്തുവയ്ക്കും. എന്നാല്‍ മാറിച്ചിന്തിക്കുന്നവരും ഒരുപാടുണ്ട്. അത്തരക്കാരുടെ എണ്ണം വര്‍ദ്ധിക്കണം. സ്ത്രീധനം ചോദിക്കുന്നതും വാങ്ങിക്കുന്നതും ഏറ്റവും മോശമായ കാര്യമാണെന്ന ചിന്ത ഓരോ ചെറുപ്പക്കാരനിലും ഉണരണം. ആ ചിന്ത വീട്ടിലുള്ള മുതിര്‍ന്നവരുടെ അടിസ്ഥാനചിന്താഗതിയെത്തിരുത്തുവാന്‍ പ്രാപതമാകുകയും വേണം. കടുത്ത ബോധവത്ക്കരണം ഇക്കാര്യത്തിലാവശ്യമാണ്‍.

സ്ത്രീധനമില്ലാതെ ഒരു വീട്ടില്‍ ചെന്നുകയറുന്ന പെണ്ണിനെ മാനസികമായി, വേണമെങ്കില്‍ ശാരീരികമായും പീഡിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആ വീട്ടിലെ സ്ത്രീ ആയിരിക്കും. അമ്മായിഅമ്മ. അതായത് സ്ത്രീക്ക് ഏറ്റവും വലിയ ശത്രു സ്ത്രീതന്നെയെന്നര്‍ത്ഥം. ആ സ്ത്രീയും സ്ത്രീധനത്തിന്റെ പേരില്‍ ചിലപ്പോള്‍ ഇരയായിട്ടുണ്ടാകാം. അതിന്റെ തിക്തത അറിഞ്ഞ അവര്‍ തന്റെ മരുമകളോട് അത് ആവര്‍ത്തിക്കുന്നതുപോലെ ഒരു വിരോധാഭാസം മറ്റെന്തുണ്ട്. സ്ത്രീധനമെന്ന ദുരാചാരം ഇല്ലാതാകണം. അതിനു സാധ്യമായ എല്ലാ മാര്‍ഗ്ഗവും അവലംബിക്കണം. സ്ത്രീധനമില്ലാതെ കേറിച്ചെല്ലുന്ന പെണ്ണ്‍ എന്തോ താഴ്ന്നതരം ജീവിയാണെന്നോ അതിന്റെ പേരിലുള്ള സകലപീഡനവും സഹിക്കാന്‍ ബാധ്യതപ്പെട്ടവളാണെന്നോ ഉള്ള പൊതുബോധത്തിനൊപ്പം ആ പെണ്ണും അതു വാരിപ്പുണര്‍ന്നാല്‍ പിന്നെ ഒന്നും ചെയ്യാനാകില്ല. അത്തരക്കാരുടെ മൌനങ്ങളാണ് ഈ ദുരാചാരത്തെ ഇത്ര തീവ്രമാക്കിയതും പലരേയും കണ്ണീരുകുടിപ്പിക്കുകയും ചെയ്തത്. സ്ത്രീധനം നല്‍കിയില്ലെങ്കില്‍ ശാപം കിട്ടുമെന്നൊക്കെ ചിന്തിക്കുന്ന ആളുകള്‍ ഉള്ളിടത്ത് ഈ ദുരാചാരം ഒരിക്കലും മാറാനും പോകുന്നില്ല.

കൊടുക്കുവാന്‍ ആളുള്ളതുകൊണ്ടാണ് വാങ്ങുവാന്‍ ആളുകള്‍ തയ്യാറാകുന്നത്. ചോദിച്ചാല്‍ തരില്ലാ എന്നു തറപ്പിച്ചുപറഞ്ഞാല്‍ കാലക്രമേണ ആ ചോദ്യങ്ങള്‍ ഇല്ലാതാകും. നിര്‍ഭാഗ്യവശാല്‍ ചോദിച്ചില്ലെങ്കിലും കൊടുക്കുക എന്ന കര്‍മ്മം നടത്താന്‍ ആളുകള്‍ തയ്യാറാകുമ്പോള്‍ എങ്ങനെയാണ് അതില്ലാതാവുക? ഗവണ്മെന്റ് ജോലിക്കാരനെ ഭര്‍ത്താവായിക്കിട്ടുവാന്‍ ലക്ഷങ്ങള്‍ മുടക്കുന്നവര്‍ സ്ത്രീധനമെന്ന ആചാരത്തെ വളമിട്ടുവളര്‍ത്തുക കൂടിയാണ് ചെയ്യുന്നത്. വിവാഹങ്ങള്‍ ലളിതമാകട്ടേ. ദുര്‍വ്യയങ്ങള്‍ മാക്സിമം ഒഴിവാക്കപ്പെടണം. എന്നാല്‍ മാത്രമേ ഈ സാമൂഹികവിപത്തിനു തടയിടാനാകൂ.

നമ്മുടെ വിവാഹസങ്കല്‍പ്പങ്ങള്‍ ഇന്നും തികച്ചും ഓര്‍ത്തഡോക്സ് ആണ്. ഒരു ചായ കൊണ്ടുകൊടുത്തപ്പോള്‍ മാത്രം കണ്ട ഒരു ആള്‍ ജീവിതത്തിന്റെ അമപതു അറുപതുവര്‍ഷങ്ങള്‍ ഒരുമിച്ചുഷെയര്‍ ചെയ്യുന്ന തികച്ചും യാഥാസ്ഥിതികമായ അറേഞ്ച്ഡ് മാര്യേജുകള്‍. വിവാഹം കഴിച്ചു ജീവിക്കേണ്ടവര്‍ക്ക് പരസ്പ്പരം മനസ്സിലാക്കാന്‍, സ്വഭാവരീതികള്‍ തിരിച്ചറിയാന്‍, ജീവിതം ഒരുമിച്ചുജീവിച്ചുതീര്‍ക്കാനാകുമോ എന്നുറപ്പിക്കാന്‍ നമ്മുടെ മാര്യേജ് സിസ്റ്റം അവസരമൊരുക്കാന്‍ തയ്യാറായാല്‍ കുറേയെറെ മാറ്റങ്ങള്‍ വരും. വിവാഹജീവിതം തീരുമാനിക്കുന്നതില്‍ ഏറ്റവും പ്രഥമപരിഗണന ആണിനും പെണ്ണിനും ആകണം.
സ്ത്രീധനമായാലും പുരുഷധനമായാലും രണ്ടും ഒരേപോലെ നിന്ദ്യമാണെന്ന പൊതുബോധമുണരണം.

ശ്രീ

2 comments:


  1. കൊടുക്കുവാന്‍ ആളുള്ളതുകൊണ്ടാണ് വാങ്ങുവാന്‍ ആളുകള്‍ തയ്യാറാകുന്നത്. ചോദിച്ചാല്‍ തരില്ലാ എന്നു തറപ്പിച്ചുപറഞ്ഞാല്‍ കാലക്രമേണ ആ ചോദ്യങ്ങള്‍ ഇല്ലാതാകും. നിര്‍ഭാഗ്യവശാല്‍ ചോദിച്ചില്ലെങ്കിലും കൊടുക്കുക എന്ന കര്‍മ്മം നടത്താന്‍ ആളുകള്‍ തയ്യാറാകുമ്പോള്‍ എങ്ങനെയാണ് അതില്ലാതാവുക? ഗവണ്മെന്റ് ജോലിക്കാരനെ ഭര്‍ത്താവായിക്കിട്ടുവാന്‍ ലക്ഷങ്ങള്‍ മുടക്കുന്നവര്‍ സ്ത്രീധനമെന്ന ആചാരത്തെ വളമിട്ടുവളര്‍ത്തുക കൂടിയാണ് ചെയ്യുന്നത്. വിവാഹങ്ങള്‍ ലളിതമാകട്ടേ. ദുര്‍വ്യയങ്ങള്‍ മാക്സിമം ഒഴിവാക്കപ്പെടണം. എന്നാല്‍ മാത്രമേ ഈ സാമൂഹികവിപത്തിനു തടയിടാനാകൂ.

    ReplyDelete