1. മരണം:
ഒരാളുടെ ജീവിതം മൊത്തത്തില്‍ നിരാശബാധിച്ചു പോയെങ്കില്‍ അയാള്‍ക്ക് അഭികാമ്യമായുള്ള എളുപ്പവഴി മരണത്തെ പുല്കുക എന്നതാണ്. എന്തിനാണു മറ്റുള്ളവരെകൂടി വിഷമിപ്പിച്ചുകൊണ്ടൊരു ജീവിതം നയിക്കുന്നത്.പ്രതീക്ഷകള്‍ നശിച്ചവന് ജീവിച്ചിരിക്കുന്നതുകൊണ്ടും ഉപയോഗമില്ല. ചിലര്‍ മരിക്കാന്‍ ശ്രമിക്കും. രക്ഷപ്പെടുവാനുള്ള എല്ലാ സാഹചര്യവുമൊരുക്കി വച്ചിട്ട്. മരിക്കണമെന്നുള്ളവര്‍ ഒരിക്കലും അത് മറ്റരെയുമറിയിക്കാതെ ചെയ്യുക. തികച്ചും ഗോപ്യമായി. മരിക്കുവാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും തങ്ങള്‍ ആ ശ്രമത്തില്‍ വിജയിക്കും എന്നതുറപ്പുവരുത്തേണ്ടതാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ മരുന്നുകളുടെ ഗന്ധവും വേദനകളുടേയും അമര്‍ത്തിയ ശബ്ദവും ഒക്കെപ്പേറി ആശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ കിടക്കേണ്ടി വന്നേയ്ക്കാം..
2. പ്രണയവിവാഹം:
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വീട്ടുകാരെ എതിര്‍ത്തുള്ള പ്രണയ വിവാഹങ്ങളെ ഞാന്‍ അനുകൂലിക്കുന്നില്ല. പത്തുപതിനെട്ട് വയസ്സുവരെ ഒരല്ലലുമറിയിക്കാതെ വളര്‍ത്തി വലുതാക്കുന്ന മകള്‍ കുറച്ചുദിവസം മുമ്പ് മാത്രം മുന്നേ കണ്ടുമുട്ടിയ ഒരുവനൊപ്പം ഒരുദിനം പടിയിറങ്ങിപ്പോകുമ്പം തകര്ന്നുതരിപ്പണമായിപ്പോകുന്ന മനസ്സുകളുടെ വേദനയ്ക്കൊപ്പം ഒരിക്കലും വരില്ല ആ പ്രണയം വേണ്ടന്ന് വയ്ക്കുമ്പോഴുണ്ടാകുന്ന സങ്കടം. നമ്മുടെ സ്വന്തം സന്തോഷത്തേക്കാള്‍ എത്രയോ വലുതാണ് നമ്മുടെ പ്രീയപ്പെട്ടര്ക്ക് സങ്കടമുണ്ടാക്കാതിരിക്കുകയെന്നത്.
3. മെഡിക്കല്‍ ചെക്കപ്പ്:
എന്റെ സുഹൃത്ത് ഇന്നലെ ആകെ മ്ലാനവദനനായിരുന്നു. ഞാന്‍ കാരണം ചിക്കിചിക്കിചോദിച്ചപ്പോള് മടിച്ചുമടിച്ച് ആശാന് മനസ്സു തുറന്നു. പുള്ളിക്കാരന് ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്തി പല അസുഖങ്ങളുടേയും കൂടാണെന്ന് തിര്ച്ചറിഞ്ഞത്രേ. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോല്‍ തുടങ്ങി ഒരുപിടി അസുഖങ്ങള്‍. ഫുള്‍ടൈം കളിച്ചുചിരിച്ച് ഇഷ്ടമുള്ളതെല്ലാം തിന്ന് കുടിച്ച് അര്‍മ്മാദിച്ചിരുന്ന മനുഷ്യന് ഒറ്റദിനം കൊണ്ട് പകുതി ചത്തതുപോലായി. സത്യത്തില്‍ എന്തിനാണു നമ്മള് ഇത്തരം ചെക്കപ്പുകള്‍ നടത്തുന്നത്. ജീവിച്ചിരിക്കുന്ന കാലം ശരിക്കും സന്തോഷവാനായി ഇഷ്ടമുള്ളതെല്ലാം തിന്നും കുടിച്ചും കഴിയുക. തനിക്കിന്നത് തിന്നാനാകില്ല,ഇന്നതു കുടിക്കാനാവില്ല,ഇന്നത് ചെയ്യാനാവില്ല എന്നെല്ലാം മുന്‍ കൂട്ടി അറിഞ്ഞ് മരിച്ചുമരിച്ച് ജീവിക്കുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളത്...
4. എഴുത്തിന്റെ രസതന്ത്രം:
എഴുത്ത് എന്നത് മറ്റുള്ളവരെ തൃപതിപ്പെടുത്താനല്ല മറിച്ച് സ്വയം തൃപ്തിയടയാനായുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ മനസ്സിലുള്ളത് ഞാന്‍ ഒരു പ്ലാറ്റ്ഫോമിലേയ്ക്ക് പകര്‍ത്തുമ്പോള്‍ അതെനിക്ക് നിറഞ്ഞ സംതൃപ്തി നല്കുന്നു. വായനക്കാരന് അതേത് വിധത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും വേവലാതിപ്പെടാറില്ല. ഒരു വായനക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെഴുതുവാന്‍ അല്ലെങ്കില്‍ കോമ്പ്രമൈസ് ചെയ്തെഴുതുവാന്‍ ഞാനിഷ്ടപ്പെടുന്നുമില്ല. എഴുത്ത് മോശമെങ്കില്‍ അത് തുറന്ന് പറയുവാന്‍ വേണമെങ്കില്‍ വായനക്കാരന് അവകാശമുണ്ട്. അതുപോലെ തന്നെ നല്ലതാണെങ്കിലും. പക്ഷെ അതൊരിക്കലും ഒരു നിര്‍ബന്ധമായി കാണാനാവില്ല. വായിക്കുന്നവന്റെ മാനസികാവസ്ഥയ്ക്കനുസരിച്ചായിരിക്കും അഭിപ്രായങ്ങള്‍ ഉണ്ടാവുക. ഞാനെഴുതുന്നതിനെ വിമര്‍ശിക്കുന്നവരേയും അഭിനന്ദിക്കുന്നവരേയും ഞാന്‍ ഒരുപോലിഷ്ടപ്പെടുന്നു. അവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം മറുപടികള്‍ പേരുവച്ച് കൊടുക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് എഴുത്തുകാരന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നുമില്ല. പക്ഷേ വായിക്കുന്ന ആള് പ്രകടിപ്പിക്കുന്ന ന്യായമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് എഴുത്തുകാരന് ചെയ്യുന്ന നീതികേടുമാണ്. ഒരു വായനക്കാരന് അഭിപ്രായം പറയുന്നത് തിരിച്ചുള്ള നന്ദിവാക്ക് കേള്ക്കുവാനുദ്ദേശിച്ചാണെങ്കില് ആ അഭിപ്രായത്തില്‍ എന്ത് സത്യസന്ധതയാണുണ്ടാവുക.
5. പുനര്‍ജ്ജന്മം:
കഴിഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടുകയാണെങ്കില്‍ നീ ഏതു കാലം മുതല്‍ ജീവിച്ചുതുടങ്ങാനായിരിക്കും ആഗ്രഹിക്കുക എന്നെന്റെ ഒരു അടുത്ത സുഹൃത്ത് ചോദിച്ചു. ഒരു നിമിഷമൊന്നന്ധാളിച്ചുപോയെങ്കിലും ഞാന്‍ ശാന്തമായൊന്നാലോചിച്ചുനോക്കിയപ്പോള് എന്റെ മനസ്സില്‍ ഒരുത്തരം തെളിഞ്ഞുവന്നു. ഒരുവേള ഇനിയെനിക്കൊരു ജീവിതമടക്കം കിട്ടുവാണെങ്കില്‍ അതെന്റെ ഇരുപതാമത്തെ വയസ്സുമുതല്‍ ജീവിച്ചു തുടങ്ങുവാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം നഷ്ടപ്പെടലുകള്‍ ആരംഭിച്ചത് ആ കാലം മുതലായിരുന്നു. ജീവിതത്തില്‍ ഞാന്‍ ഒരിക്കലും പിന്തുടരില്ല എന്നു കരുതിയ ദുശ്ശീലങ്ങളിലെയ്ക്കെല്ലാം കൂപ്പുകുത്തിയ കാലം,ഒരിക്കലും അമ്മയെ സങ്കടപ്പെടുത്തില്ല എന്നു കരുതിയിട്ട് ആ മിഴികള്‍ തോരാന്‍ സമ്മതിക്കാതിരുന്ന കാലഘട്ടം, ജീവിതത്തോട് ചേര്ത്തുനിര്ത്തണമെന്ന് അതിയായി കൊതിച്ചിരുന്നവള്‍ മഴവെള്ളം പോലെ എന്നില്‍ നിന്നും ഊര്‍ന്ന് മണ്ണിലേയ്ക്കപ്രത്യക്ഷമായ കാലം, വാത്സല്യത്തോടെ,സ്നേഹത്തോടെ മാത്രം കണ്ടിരുന്നവര്‍ പോലും മുഖം ചുളിക്കുവാന്‍ തുടങ്ങിയ കാലം, എന്റേതായ സകല സുഖങ്ങളും സന്തോഷവും എവിടെയൊക്കെയോ കൈമോശം വന്നുപോയ കാലം. അതെനിക്ക് തിരിച്ചുപിടിച്ചാല്‍ കൊള്ളാമെന്നുണ്ട്. നടക്കില്ലെന്നുറപ്പുണ്ടെങ്കിലും വെറുതെയൊന്നാഗ്രഹിക്കുന്നു...
6. ഡയറിക്കുറിപ്പുകള്‍::::
ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഡയറിയെഴുതുന്ന ശീലമെനിക്കുണ്ടായിരുന്നു. ഒരു ദിനം പോലും മുടങ്ങാതെയെഴുതുമായിരുന്നു. അന്നന്ന് ഭവിക്കുന്ന കൊച്ചുകാര്യങ്ങള്‍ വരെ കുറിച്ചുവയ്ക്കുമായിരുന്നു. പിന്നെയെപ്പൊഴോ ആ ശീലം കൈമോശം വന്നുപോയി. ആറേഴുകൊല്ലം മുമ്പ് ഞാന്‍ അലമാരയില്‍ നിന്നും അതെല്ലാമെടുത്ത് ഒന്നു കണ്ണോടിച്ചിരുന്നു. ആ കാലഘട്ടത്തിലേയ്ക്ക് ഒരിക്കല്‍ക്കൂടി പറന്നുചെല്ലാന്‍ കൊതി തോന്നിപ്പോയി. അവളാദ്യമായെന്നെ നോക്കി പുഞ്ചിരിച്ചതും, സൈക്കിളില്‍ നിന്നും വീണു കയ്യൊടിഞ്ഞതും, വിജയ്ന് മാമന്റെ മോളുടെ കല്യാണത്തിന്റെ ആഘോഷവും, അപ്പച്ചിയുടെ പശു കുത്താനോട്ടിച്ചതും, പൊന്മുടിയിലേയ്ക്കുള്ള ടൂറും ഒക്കെ വീണ്ടും എന്നില്‍ പീലി വിടര്‍ത്തിയാടാന്‍ തുടങ്ങി. എന്നാല്‍ എന്റെ ജീവിതത്തിന്റെ മധുരമൂറുന്ന ഒരു വസന്തകാലഘട്ടത്തിന്റെ മുഴുവന്‍ സ്പ്ന്ദനങ്ങളും നിറഞ്ഞ ആ ഡയറികളെല്ലാം എന്നെന്നേയ്ക്കുമായി നശിച്ചുപോയി. ഞാന്‍ പ്രവാസത്തിലായിരുന്ന സമയം അതിന്റെ പ്രാധാന്യമറിയാതിരുന്ന അമ്മയോ മറ്റോ അതെല്ലാം വാരി തട്ടിന്പുറത്തിടുകയും ചിതലുകള്‍ എന്റെ ഓര്‍മ്മകളെ നക്കിത്തുടയ്ക്കുകയും ചെയ്തു..
7. വാത്സല്യം:
എന്റെ മകനെ ആദ്യമായി ഞാന്‍ കാണുമ്പോള്‍ അവന് നല്ല ഉറക്കത്തിലായിരുന്നു. കയ്യൊക്കെ മടക്കിവച്ച് സുഖസുഷുപ്തിയില്‍. എന്റെ ജീവന്റെ നേര് ചിത്രത്തെ
കൊതിയോടെ നോക്കി ഞാനിരുന്നപ്പോള്‍ അവന് ഉറക്കത്തില്‍ നിന്നുമുണര്‍ന്ന് മുഖമൊക്കെ ഒന്നു ചുളിച്ചിട്ട് കയ്യൊക്കെയൊന്ന് കുടഞ്ഞ് എന്നെയൊന്നു നോക്കി. എന്നിട്ട് അവന് ആ മോണകാട്ടി ഒന്നു ചിരിച്ചു. ഈ മുപ്പത്തിനാലുവര്ഷകാലഘട്ടത്തില് ഞാന്‍ ഇത്രയേറെ കൊതിച്ചുപോയ മറ്റൊരു കാഴ്ച എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
8. സ്വപ്നം:
മന്ദമാരുതനേറ്റ് അവളുടെ അളകങ്ങള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ പ്രതിഫലിക്കുന്നതുമൂലം മുടിയിഴകള്‍ക്ക് സ്വര്‍ണ്ണവര്‍ണ്ണം. തുടുത്ത കവിളുകളില്‍ അരുണിമയുടെ ശോഭ. വിറയാര്‍ന്ന ചുണ്ടുകളില്‍ ചെറു നനവ് തങ്ങിനില്‍ക്കുന്നുവോ. അവളുടെ അടുത്തങ്ങിനെ ചേര്‍ന്ന് സ്വയം മറന്നാകടല്ക്കരയിലിരിക്കുമ്പോള് ഞാന്‍ അനുഭൂതികളുടെ മായാലോകത്ത് പാറിപ്പറക്കുകയായിരുന്നു. മണലില്‍ പതിഞ്ഞിരിക്കുന്ന അവളുടെ കൈവിരലുകള്‍ ഞാന്‍ എന്റെ കയ്യോട് ചേര്ത്തുകോര്ത്തുപിടിച്ചു. അസാധ്യമനോഹരമായൊരു പുഞ്ചിരിയോടെ അവളെന്നെ സാകൂതം നോക്കി. എത്ര സുന്ദരിയാണവള്‍. അവളെ കെട്ടിപ്പുണരുവാനെന്റെ മനം കൊതിച്ചു. പക്ഷേ പരിസരം എന്നെ അതില്‍ നിന്നും വിലക്കി. മുഖത്ത് മഴത്തുള്ളികള്‍ വീണപ്പോള്‍ അവളുടെ കയ്യും പിടിച്ച് ഞാന്‍ വേഗം കല്‍മണ്ഡപത്തിലേയ്ക്ക് നടന്നു. മഴ നനയാതെ ആള്ക്കാര് നിരവധിയവിടെ കയറി നില്ക്കുന്നു. ചെറുതായി നനഞ്ഞ പുടവകളോടെ അവളെന്റെ ശരീരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ ശരീരമാകെ തീപിടിക്കുന്നതുപോലെ തോന്നിയ ഞാന്‍ കണ്ണുകളടച്ചു. അപ്പോഴും മഴത്തുള്ളികള്‍ എന്നെ നനയിച്ചുകൊണ്ടിരുന്നു. കല്‍മണ്ഡപവും ചോരുന്നുവോ. മെല്ലെ കണ്ണുകള്‍ തുറന്ന ഞാന്‍ മഴ തോര്ന്നോ എന്നു നോക്കി. ഇല്ല തോര്‍ന്നിട്ടില്ല. ഒരു മൊന്ത വെള്ളവുമായി അവള് കട്ടിലിനടുത്തു തന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നില്‍പ്പുണ്ട്. അതു തലവഴി ഒഴിയ്ക്കുന്നതിനുമുന്നേ ഞാന്‍ പിടഞ്ഞെഴുന്നേറ്റ് അടുക്കളിയിലേയ്ക്ക് നടന്നു...
9. രക്ഷപ്പെടല്‍:
കഴിയുന്നത്ര വേഗതയിലോടുമ്പോഴും അവര്‍ക്ക് പിടികൊടുക്കരുത് എന്നേയുണ്ടായിരുന്നുള്ളൂ. അവരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ പൊടിപോലും ബാക്കിവച്ചേക്കില്ല. പുറകേ തന്നെയുണ്ടവര്. ആക്രോശങ്ങളും മറ്റുമൊക്കെ മുഴങ്ങുന്നുണ്ട്. ഇത് ഒരു ജീവന്മരണപോരാട്ടമാണ്. അതുകൊണ്ട് തന്നെ ആവതില്ലെങ്കിലും ശരീരം അതിന്റെ പരമാവധി ശ്രമിക്കുന്നു. അതിരുകള്‍ ചാടിക്കടന്ന് കുതിക്കുകയാണ്. കാലുകള്‍ ഭൂമിയില്‍ തൊടുന്നെന്നേയുള്ളൂ. ഒരു പുരയിടത്തിന്റെ അതിരില്‍ നിന്നും അടുത്ത പറമ്പിലേയ്ക്ക് ചാടിയപ്പോള്‍ കാലുകള്‍ നിലത്ത് തട്ടുന്നില്ല. ഒന്നുരണ്ടു നിമിഷം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഭൂമിക്കടിയിലേയ്ക്ക് അഗാധതയിലേയ്ക്ക് സഞ്ചരിക്കുകയാണ് താന്‍. വായില്‍ നിന്നും പുറപ്പെട്ട നിലവിളി വൃത്തച്ചുമരുകളില് തട്ടിമുഴങ്ങി. നിമിഷങ്ങള്‍ക്കകം തറയിലേയ്ക്ക് പതിച്ചപ്പോള്‍ ശരീരത്തിനു ഒരു മരവിപ്പ് മാത്രമായിരുന്നു. എവിടെയൊക്കെയോ ഒടിഞ്ഞു നുറുങ്ങുന്നു. എന്തോ ഒന്ന് ശരീരത്തിലെവിടെയോ തറച്ചുകയറുന്നു. കണ്ണിനകത്തേയ്ക്ക് കാഴ്ച മറച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന രക്തത്തിന്റെ നനവ്. അവരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടു .പക്ഷേ...
10 പുളിപ്പുള്ള മുന്തിരി:
സദാ ഗൌരവത്തിലിരിക്കുന്ന അവളെ ഞാന്‍ കൂടുതലായി എപ്പോഴാണു ശ്രദ്ധിച്ചുതുടങ്ങിയത്. അറിയില്ല. അവളുടെ ചലനങ്ങളും നോട്ടവും വാക്കുകളുമെല്ലാം എന്റെയുള്ളിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. മെയിലുകള്‍ വഴിയും കൊച്ചുകൊച്ചു സംസാരങ്ങള്‍ വഴിയും അവളെന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. ഫയലുകളും മറ്റുമൊക്കെ കൈമാറുമ്പോള്‍ വിരലുകള്‍ പരസ്പ്പരം സ്പര്‍ശിക്കുന്നതറിഞ്ഞ് ശരീരമാകെ തരിക്കുകയും മനം കൊതിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവിലൊരു ദിനം അടുത്താരുമില്ലാത്തൊരവസരത്തില് അവള്ക്കാദ്യ സ്നേഹചുംബനം നല്കിയതും എന്റെ കരണം പുകഞ്ഞതും ഞാനിന്നോര്ക്കാനാഗ്രഹിക്കുന്നില്ല. അല്ലെങ്കിലും സ്ത്രീകളെ സ്നേഹിക്കുവാന്‍ കൊള്ളില്ലന്നേ..
ശ്രീക്കുട്ടന്
Sunday, July 29, 2012
Wednesday, June 6, 2012
പാപിയായ ഒരുവന്
ബസ്സില്‍ നിന്നിറങ്ങിയിട്ട് അയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.പറയത്തക്ക വലിയ മാറ്റമൊന്നുംതന്നെയില്ല. സ്കൂളിനുചുറ്റും നല്ല പൊക്കത്തില്‍ മതിലു പണിഞ്ഞിട്ടുണ്ട്. വെയിറ്റിംഗ് ഷെഡ്ഡൊരെണ്ണം ഉയര്‍ന്നിരിക്കുന്നു. വയല്‍ നികത്തി രണ്ട് വീടുകള്‍ പണിഞ്ഞിട്ടുണ്ട്. വെയിറ്റിംഗ് ഷെഡ്ഡിനോട് ചേര്‍ന്ന് ഒരു തട്ടിക്കൂട്ട്പച്ചക്കറിക്കടകാണുന്നുണ്ട്. പൊളിഞ്ഞുവീഴാറായെന്നവണ്ണമുണ്ടായിരുന്ന പഴയ നാലഞ്ചുമുറിക്കടകള്ക്കു മാത്രം വലിയ മാറ്റമൊന്നുമില്ല. ഇച്ചിരു മെയിന്റനന്‍സ് വര്‍ക്ക് ഒക്കെ ചെയ്ത് ഓലമാറ്റി ഷീറ്റ് ഇട്ടുണ്ട് അത്രതന്നെ. അയാള്‍ പോക്കറ്റില്‍നിന്നൊരു സിഗററ്റെടുത്ത് കത്തിച്ചുപുകയെടുത്തിട്ട് മുന്നോട്ടുനടന്നു. ചായക്കടയിലെ ബെഞ്ചിലിരുന്ന് ഒരാള്‍ ചായ കുടിക്കുന്നുണ്ട്. ആരാണെന്നോര്മ്മകിട്ടുന്നില്ല.പലവ്യഞ്ജനക്കടയില്‍ സാധനം വാങ്ങാനായി ഒന്നുരണ്ടുപേര് നില്‍ക്കുന്നുമുണ്ട്. സിഗററ്റ് ആസ്വദിച്ചുവലിച്ചുകൊണ്ട് അയാള്‍ മെല്ലെ നടന്ന് പാടത്തിന്റെയടുത്തെത്തി. അസ്തമനസൂര്യന് പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്കു ഏകദേശം അടുത്തുകൊണ്ടിരുന്നതുകൊണ്ടുതന്നെ ആകാശത്തില്‍ മനോഹരമായ ചുവപ്പുനിറം പടര്‍ന്നിരുന്നു. ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അയാള്‍ കുറേനേരം ആകാശത്തിലേക്കു നോക്കിനിന്നു. സാമാന്യം വളര്ന്നുനില്ക്കുന്ന താടിയില്ത്തടവിക്കൊണ്ട് അല്‍പ്പസമയം ആ നില്‍പ്പുനിന്നിട്ട് വീണ്ടും സിഗററ്റ് വലിച്ചുകൊണ്ട് നീണ്ടുപരന്നുകിടക്കുന്ന പാടശേഖരത്തിനു നടുവിലൂടെയുള്ള ചെറിയ പാതയില്ക്കൂടിയാള് നടക്കാനാരംഭിച്ചു.
എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ വഴിയേ താന്‍ നടക്കുന്നത്?. പതിനഞ്ചോ അതോ ഇരുപതോ? അന്നത്തെ ചെറിയ തോട്ടുവരമ്പ് ഇപ്പോള്‍ ചെമ്മണ്പാതയായി മാറിയിരിക്കുന്നു. പാടങ്ങള്‍ പലത്തും നികത്തപ്പെട്ട് കപ്പയും വാഴയും നിറഞ്ഞിരിക്കുന്നു. ഭാഗ്യത്തിനു തോടിനുവലിയ രൂപമാറ്റമൊന്നുമില്ല. നിറഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ കുത്തിമറിയുന്ന കുട്ടികളെ കണ്ടപ്പോള്‍ അയാളുടെ ഉള്ളിലെ കുസൃതിക്കാരനായ കുട്ടിയുമുണരുന്നുണ്ടായിരുന്നു.വെള്ളത്തില്‍ക്കിടന്നു മറിയുന്ന രണ്ടുപേരെ നോക്കി ശുണ്ഠിയെടുത്ത് ഒച്ചവയ്ക്കുകയും കൈയിലിരിക്കുന്ന ചെറിയ കമ്പ് ഉയര്‍ത്തിക്കാണിച്ച് പേടിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖം അയാളുടെ ഉള്ളില്‍ ഒരു നിമിഷം മിന്നിത്തെളിഞ്ഞു. ആ വെള്ളത്തില്‍ അവര്‍ക്കൊപ്പം കരണംമറിയാനും നീന്തിത്തുടിയ്ക്കാനും മനസ്സാവേശം കൊണ്ടെങ്കിലും അതടക്കിക്കൊണ്ടയാള്‍ മുന്നോട്ടുനടന്നു.
"ഒന്നു നിന്നേ. ആ തീപ്പെട്ടിയൊന്നു തരുമോ?"
ആരോ പിന്നില്‍നിന്നു വിളിച്ചതായിത്തോന്നിയപ്പോള് അയാള്‍ ചിന്തകളിനിന്നുണര്ന്നു നടത്തം നിറുത്തിത്തിരിഞ്ഞുനോക്കി.പശുവിനെക്കെട്ടിയ കയര്‍ ഇടതുകൈയില്പ്പിടിച്ച് ഒരു ബീഡിയും കടിച്ചുപിടിച്ചുകൊണ്ട് പാടത്തുനിന്നു ചെമ്മണ് പാതയിലേക്കു കയറിവന്ന വൃദ്ധനെ അയാള്‍ സൂക്ഷിച്ചുനോക്കി. മൂന്നോനാലോ നിമിഷങ്ങള്‍ക്കകം ഓര്‍മ്മയുടെ കയത്തില്നിന്നൊരു രൂപം മനസ്സില്‍ തെളിഞ്ഞുവന്നു. പറമ്പത്തെ നാരായണേട്ടന്. പ്രായത്തിന്റെ അഴിച്ചുപണികള്‍ നാരായണേട്ടന്റെ ശരീരത്തില്‍ കുറച്ചധികം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പോക്കറ്റില്‍നിന്നു ലൈറ്ററെടുത്ത് നീട്ടിയിട്ട് അയാള്‍ നാരായണേട്ടനെത്തന്നെ നോക്കിനിന്നു.
"അല്ല മനസ്സിലായില്ലല്ലോ. ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ലാത്തതുപോലെ. എവിടെ പോകുവാനാ?"
ബീഡി കത്തിച്ചിട്ട് ലൈറ്റര്‍ തിരികെകൊടുത്തുകൊണ്ട് നാരായണേട്ടന് അയാളോട് ചോദിച്ചു.
"ഞാന്‍..അത്..പിന്നെ..."
വാക്കുകള്‍ കിട്ടാതെ ഉഴറിയ അയാള്‍ തൊണ്ടയില്‍ ഒന്നുപിടിച്ചു ചെറുതായൊന്നു ചുമച്ചു.
"ഞാന്‍ കൊറച്ചു ദൂരേന്നു വരുവാ."
ഒച്ച പതറിപ്പോകാതിരിക്കുവാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ മെല്ലെപ്പറഞ്ഞിട്ട് നടത്തമാരംഭിച്ചു.
"ആണോ. അതാ ഒരു പരിചയമില്ലാത്തേ. അല്ല ഇവിടെ ആരെ കാണാനാ?"
പശുവിനേയും പിടിച്ച് അയാള്‍ക്കൊപ്പം നടന്നുകൊണ്ട് നാരായണേട്ടന് വീണ്ടും ചോദിച്ചു.
"ഈ പാട്ട് കേള്‍ക്കുന്നത് ഏത് അമ്പലത്തീന്നാണ്?".
അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന ഭക്തിഗാനം കേട്ടിട്ട് വിഷയം മാറ്റാനെന്നവണ്ണം അയാള്‍ നാരായണേട്ടനോടു ചോദിച്ചു.
"അത് ശിവന്റമ്പലത്തീന്നാ. മംഗലത്തെ ശ്രീധരന് നായര്‍ കഴിഞ്ഞവര്‍ഷം ഒരു മൈക്ക്സെറ്റ് അമ്പലത്തിനു സംഭാവനയായി മേടിച്ചു നല്കി.അതോണ്ടു ഇത്തിരി പാട്ടും ഒച്ചേം കേക്കാം. അമ്പലം പുതുക്കിപ്പണിയാമ്പോവേണ്. നശിച്ചുനാറാണക്കല്ലായി അതു കെടക്കാന്‍ തൊടങ്ങീട്ട് കാലമെത്രയായി. അതാ ഈ നാടും ഒരു എഴുമ്പേറ്റമില്ലാതെ ഇങ്ങനെതന്നെ കിടക്കണത്. എന്തായാലും കമ്മറ്റിയൊക്കെ ഒണ്ടാക്കിക്കഴിഞ്ഞു".
വയലിലേയ്ക്കിറങ്ങാന് ശ്രമിച്ച പശുവിനെ കയറിമ്മേല്‍ പിടിച്ചുവലിച്ചു റോഡേകൂടി നടത്തിക്കൊണ്ട് നാരായണേട്ടന് വേഗം നടന്നു.
"ഒരു കാര്യം ചോദിച്ചോട്ടെ?".
ഒപ്പം നടന്നെത്തിയ അയാള്‍ നാരായണേട്ടന്റെ മുഖത്തേയ്ക്ക് നോക്കി.
"എന്താ?"
"അമ്പലത്തിന്റെയടുത്ത താമസിച്ചിരുന്ന ഒരു ദേവകിയില്ലേ. അവര്ക്കിപ്പോളെങ്ങിനെയുണ്ട്".
വളരെ ഒച്ചകുറച്ച് മടിച്ചുമടിച്ച് അയാള്‍ നാരായണേട്ടനോട് ചോദിച്ചു.
നടന്നുകൊണ്ടിരുന്ന നാരായണേട്ടന് പെട്ടന്നുനിന്നു.ചോദ്യഭാവത്തില്‍ അയാള്‍ ചെറുപ്പക്കാരനെ ഒന്നാപാദചൂഡം നോക്കി.
"നിങ്ങളാരാ..മനസ്സിലായില്ലല്ലോ..ദേവകിയുടെ വല്ല ബന്ധുവോ മറ്റോ ആണോ"
"ഞാന്‍..അത് പിന്നെ..ഒരു അകന്നബന്ധുവാ. കുറച്ചുവര്‍ഷങ്ങളായി ഞാന്‍ മറ്റൊരു നാട്ടിലായിരുന്നു. ഇപ്പോ ഒന്നു കാണണമെന്നുതോന്നി വന്നതാ"
ഉമിനീരിറക്കിക്കൊണ്ട് അയാള്‍ പറഞ്ഞു. ആ മുഖത്തപ്പോള്‍ ആത്മനിന്ദ നിഴലിച്ചിരുന്നു. പശു വയലിലേക്കു ചാടാതെ നോക്കിക്കൊണ്ടിരുന്നതിനാല്‍ നാരായണേട്ടനത് കാണാന്‍ കഴിഞ്ഞില്ല.
"ഒന്നും പറഞ്ഞില്ല"
വീണ്ടുമൊരു സിഗററ്റിനു തീപ്പിടിപ്പിച്ചുകൊണ്ട് ചെറുപ്പക്കാരന് ചോദിച്ചു.
"ഓ... അതു പരമകഷ്ടം എന്നല്ലാതെ എന്തു പറയാനാ. ഒരു മനുഷ്യനും തിരിഞ്ഞു നോക്കാനില്ലാതെ പട്ടിണിയും രോഗോമൊക്കെയായി നരകിച്ചു നരകിച്ചു ആ പെണ്ണുമ്പിള്ള മരിച്ചിട്ട് ഒന്നൊന്നരകൊല്ലായി. നാട്ടുകാരെല്ലാവരുംകൂടി പഞ്ചായത്തുമെമ്പറിന്റെ നേതൃത്വത്തില്‍ അവരെ ആ പറമ്പില്‍ അടക്കുവാരുന്നു. കര്‍മ്മങ്ങളു ചെയ്യാന്‍ പോലുമാരുമില്ലാതെ"
ഇടിവെട്ടേറ്റവനെപ്പോലെ ആ ചെറുപ്പക്കാരന് നടവരമ്പത്ത് തറച്ചുനിന്നു. അവന്റെ കൈയിലിരുന്ന സിഗററ്റ് ഊര്‍ന്ന് താഴേക്കുവീണു.
വെട്ടിച്ചോടാന്‍ തുടങ്ങുന്ന പശുവിനെ കയറില്‍പ്പിടിച്ച് അടക്കി നിറുത്തിക്കൊണ്ട് നാരായണേട്ടന് തുടര്‍ന്നു
"രണ്ടു മക്കളൊണ്ടായിരുന്നെന്ന്‍ പറഞ്ഞിട്ടെന്താ കാര്യം.അനാഥപ്രേതത്തിനെപ്പോലെ കുഴിച്ചിടുകയായിരുന്നു. ഒരു ആണ്‍ചെറുക്കനൊണ്ടായിരുന്നത് പത്തിരുപതു കൊല്ലംമുമ്പ് നാടുവിട്ടുപോയി. അവനിപ്പം ചത്തോ ജീവിച്ചിരിക്കുന്നോ എന്നുപോലും ആര്‍ക്കുമറിയില്ല.പിന്നെയൊള്ള മോള്. അത് പറയാതിരിക്കുകയാ ഭേദം. ഒരു കണക്കിനു മക്കളില്ലാണ്ടിരിക്കുന്നത് തന്നെയാ നല്ലത്. അല്ല നിങ്ങള്‍ക്ക് അവരുടെ മകനെവിടാണെന്നോ മറ്റോ വല്ല വിവരോമുണ്ടോ.ഒന്നുമില്ലേലും അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ആത്മാവിനെങ്കിലും ശാന്തി നല്കാമല്ലോ"
നടവഴിയില്‍ ഒരു പ്രതിമകണക്കേ നിശ്ചലംനിന്ന അയാളുടെ തോളില്‍പ്പിടിച്ചു കുലുക്കിക്കൊണ്ട് നാരായണേട്ടന് ചോദിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു.ഉവ്വെന്നോ ഇല്ലെന്നോ അര്ഥമാക്കാനാവാത്തവിധം അവന് വിലങ്ങനെ തലയൊന്നാട്ടി.കണ്ണുകളില്‍ ഉറഞ്ഞുകൂടിയ നീര്മണികള് നാരായണേട്ടന് കാണാതെ തുടച്ചുകൊണ്ടയാള്‍ മെല്ലെ നടത്തം തുടര്‍ന്നു.
"കാര്യം ദേവകി പെഴയൊക്കെതന്നേരുന്നു.രണ്ടു മക്കളേം ഒണ്ടാക്കിയിട്ട് കള്ളുകുടിച്ച് അടിയുമൊണ്ടാക്കിനടന്ന ദിവാകരന് വീട്ടുകാര്യം നോക്കാനെങ്ങാനും സമയോണ്ടാരുന്നോ.ഒടുവില്‍ പാടത്തിട്ട് ആരോ കുത്തിക്കൊല്ലുകാര്‍ന്നു.ആറേഴു കുത്തൊണ്ടായിരുന്നു മേത്ത്.മക്കളെ വളത്താനായി മറ്റൊരു വഴീമില്ലാണ്ടായപ്പോ ദേവകി പിഴച്ചു. അതിനവളെ കുറ്റം പറയാനൊക്കോ.പത്തു പതിനാലു വയസ്സുവരെ കഷ്ടപ്പെട്ട് വളര്‍ത്തിയപ്പോ ആ ചെക്കന് ഒരു ദെവസം വല്യ ബഹളമൊക്കെയൊണ്ടാക്കി. തള്ളേടെ തൊഴിലുമൂലം അവനു മാനക്കേട് സഹിക്കാന്‍ പറ്റണില്ലാത്രേ. അല്ല അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചെക്കന് വലുതായപ്പോ അവനു മനസ്സിലാവൂല്ലേ എല്ലാം. ഒടുവില്‍ ഒരീസം വീട്ടിലെ കലോം ചട്ടീമൊക്കെ വാരിവലിച്ചുപൊട്ടിച്ചിട്ട് ചെക്കനെങ്ങാണ്ടോടിപ്പോയി. പത്തുപതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മേം പെങ്ങളേം നോക്കിക്കൂടാരുന്നോ. അതുചെയ്യാതെ അവന് നാടു വിട്ടേക്കണ്. അതീപ്പിന്നെ ദേവകി അപ്പണി നിര്‍ത്തി. വീടുകളിലൊക്കെപ്പോയി കൊച്ചുകൊച്ചു ജോലിയൊക്കെചെയ്ത് ആ പെങ്കൊച്ചിനെ വളര്‍ത്തി.പറഞ്ഞിട്ടെന്താ കാര്യം തള്ളേടല്ലേ മോള്. അവളു ഒരുത്തന്റെകൂടെ അങ്ങെറങ്ങിപ്പോയി. ഹെയ്..ഹെ നില്ല് പശൂ. ഇതെവിടെ ഓടേണ്".
പെട്ടന്ന് കയറുംവലിച്ചുകൊണ്ട് വയലിലേയ്ക്കോടിയിറങ്ങിയ പശുവിന്റെ പിറകേ നാരായണേട്ടന് വയലിലേയ്ക്കെടുത്തുചാടി.
വയല്‍വരമ്പേ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ ബലം നഷ്ടപ്പെട്ടതുപൊലെ വിറയ്ക്കുന്നുണ്ടായിരുന്നു.എവിടെയെങ്കിലും ഒന്നിരിയ്ക്കാന്‍ അയാള്‍ കൊതിച്ചു.അമ്പലത്തിനടുത്തെ കൊച്ചു ചായക്കടയിലെ ബെഞ്ചില്‍ തളര്‍ന്നിരുന്ന അയാള്‍ ഒരു ചായ പറഞ്ഞശേഷം മേശമേലിരുന്ന ജഗ്ഗിലെ മുഴുവന്‍ വെള്ളവും കുടിച്ചുതീര്‍ത്തു.വിറയാര്‍ന്ന കൈകളാലൊരു സിഗററ്റെടുത്ത് ചുണ്ടില്‍വച്ചു കൊളുത്തിയശേഷം അയാള്‍ ചുറ്റുമൊന്നു നോക്കി.കടയിലിരിക്കുന്ന രണ്ടുമൂന്നുപേര് തന്നെത്തന്നെ ഉറ്റുനോക്കുന്നു.കടക്കാരന് നീട്ടിയ ചായമേടിച്ചുകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പശുവിനെ ഒരു തെങ്ങില്‍ കെട്ടിയിട്ട് നാരായണേട്ടനുമെത്തി.ചായ കുടിച്ചുകഴിഞ്ഞ് കാശും കൊടുത്തിട്ട് അയാള്‍ പെട്ടന്ന് അവിടെ നിന്നുമെഴുന്നേറ്റ് നടക്കാനാരംഭിച്ചു.
"അല്ല നിങ്ങട പേരെന്താണെന്നുപോലും പറഞ്ഞില്ലല്ലോ".
"എന്റെ പേരെല്ലാം നഷ്ടപ്പെട്ടിട്ടെത്രയോ കാലമായി നാരായണേട്ടാ. അത് മാത്രമല്ല എന്തെല്ലാം ഞാന്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു"
നാരായണേട്ടനെ നോക്കിപ്പറഞ്ഞിട്ടയാള് പാടവരമ്പേ തന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് നടന്നു.
"വാസ്വേ അതാരാണെന്ന് നിനക്ക് മനസ്സിലായോ?"
തന്റെ നേരേ നീട്ടിയ ചായ മേടിച്ചുകൊണ്ട് നാരായണേട്ടന് ചായക്കടക്കാരന് വാസുവിനെ നോക്കി.
"ആരാ ?
"എനിക്ക് സംശയമൊന്നുമില്ല..ഇതവന് തന്നെ..ഇത്രേം കൊല്ലം കഴിഞ്ഞപ്പോ ക്ഷേമമന്യോഷിച്ചു വന്നേക്കണൂ...ത്ഫൂ.."
ഒരാട്ടാട്ടിയിട്ട് അയാള്‍ ഒരുകവിള്‍ ചായകുടിച്ചിട്ട് ചായക്കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം സംസാരമാരംഭിച്ചു.
സന്ധ്യ മയങ്ങിത്തുടങ്ങിക്കഴിഞ്ഞിരുന്നു. വീതിയേറിയ ആ വരമ്പിന്റെ തലയ്ക്കല്‍ നിന്നുകൊണ്ട് അയാള്‍ പ്രേതഭവനം പോലെ വാഴപ്പണകള്‍ക്കിടയില്‍ നില്ക്കുന്ന ആ കൊച്ചുമാടത്തിലേയ്ക്കു സൂക്ഷിച്ചുനോക്കി. മെല്ലെ വരമ്പിലൂടെ നടന്നയാള്‍ ആ മുറ്റത്തെത്തി. ചിതലുകേറി ഏകദേശം നിലം പൊത്താറായിരിക്കുന്ന ആ കൂരയുടെ മുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ നിന്നു.മുറ്റം നിറയെ കാടുപിടിച്ചുകിടക്കുന്നു. ഇരുട്ടിനു കട്ടി കൂടിക്കൂടി വരുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ടുപോയ ഒരു സ്ത്രീയുടെ ദയനീയമായ തേങ്ങല്‍ അയാളുടെ കാതില്‍ അലയടിക്കുന്നുണ്ടായിരുന്നു.പൊട്ടിപ്പൊളിഞ്ഞ ആ തിണ്ണയില്‍ സന്ധ്യയെ സാക്ഷിയാക്കി അയാളിരുന്നു.
"എടാ ശിവാ മോളു വീഴാതെ പിടിച്ചോടാ"
വളരെയകലെനിന്നെങ്ങോ കേള്‍ക്കുന്നതുപോലെയുള്ള സ്വരംകേട്ട് ഒരു കുഞ്ഞികൈയില്‍ മുറുക്കെപിടിക്കാനെന്നവണ്ണം ഇരുളിലേയ്ക്ക് അയാള്‍ കൈകള്‍ നീട്ടി.
"പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ".
മുഴക്കമുള്ള വാചകങ്ങള്‍ അവന്റെയുള്ളിലേയ്ക്ക് അലയടിച്ചെത്തുകയാണു. പരിക്ഷീണനായ അയാള്‍ ആ അഴുക്കു നിറഞ്ഞ തറയില്‍ മലര്‍ന്നുകിടന്നു. ആ കവിളുകളിലൂടെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകാനാരംഭിച്ചു.എന്തിനായിരുന്നിരിയ്ക്കാം താനന്ന് ഓടിപ്പോയത്.അറിയില്ല.എന്നിട്ടു താനെന്തുനേടി.അതുമറിയില്ല.ഇപ്പോള്‍ ഇത്രയും കാലത്തിനുശേഷം താനെന്തിനായിട്ടാണ് തിരിച്ചു വന്നത്.തന്റെ പാവം അമ്മ പട്ടിണികിടന്ന് ആരും നോക്കാനില്ലാതെ നരകിച്ചു മരിച്ചവാര്‍ത്ത കേള്‍ക്കാനോ.അതോ അമ്മയുടെ വഴി സ്വീകരിച്ച് ആരുടേയോകൂടെ പോയ പെങ്ങളെക്കുറിച്ചറിയാനോ.താനന്ന് എന്തെലും കൂലിപ്പണിയ്ക്കൊക്കെപ്പോയി വീടു നോക്കിയിരുന്നെങ്കില്‍.ഇരുട്ടിലിരുന്ന് വിതുമ്പുന്ന ഒരു രൂപത്തിനുനേരെ കൈകളുയര്‍ത്തി കൂപ്പിക്കൊണ്ടയാള്‍ ഉറക്കെയുറക്കെ കരഞ്ഞു.അതിനൊട്ടും ശബ്ദമില്ലായിരുന്നു.നെഞ്ചിന് കൂടിനകത്ത് അതിശക്തമായൊരു വേദന ഉടലെടുത്തുവൊ.അയാള്‍ തന്റെ കണ്ണുകള്‍ മെല്ലെപൂട്ടി.ശുഷ്കിച്ച രണ്ടു കൈത്തലങ്ങള്‍ തന്റെ കവിളില്‍ തലോടി തന്നെയാശ്വസിപ്പിക്കുന്നതായി അയാള്‍ക്കു തോന്നി.കണ്ണുതുറക്കാതെ ആ തലോടലിന്റെ സുഖവും പേറി അയാള്‍ തന്റെ ഉറക്കമാരംഭിച്ചു. എല്ലാ സങ്കടങ്ങളില്‍ നിന്നും മുക്തിതേടിക്കൊണ്ടുള്ള ഉറക്കം..ഒരിക്കലും ഉണരാത്ത ഉറക്കം..
ശ്രീ....
Subscribe to:
Posts (Atom)